by Midhun HP News | Jul 28, 2026 | Latest News, കേരളം
തിരുവനന്തപുരം: അമിതവേഗവും അപകടങ്ങളും നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ദേശീയപാതകളില്‍ 24 മണിക്കൂറും വാഹന പരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍. ഇതിനായി കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയെ ഏകദേശം നൂറ് കിലോമീറ്റര്‍ വീതമുള്ള ആറ് എന്‍ഫോഴ്‌സ്‌മെന്റ് മേഖലകളായി വിഭജിച്ച് ഓരോ മേഖലയിലും പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് സംഘങ്ങളെ വിന്യസിക്കും. അമിതവേഗം തടയല്‍, അപകടങ്ങള്‍ കുറയ്ക്കല്‍, ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തല്‍, ദേശീയപാതകളിലെ ദൃശ്യ സാന്നിധ്യം വര്‍ധിപ്പിക്കല്‍ എന്നിവയാണ് നടപടിയുടെ പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
റോഡപകടങ്ങളില്‍ പ്രധാന കാരണം അമിതവേഗമാണെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി. ദേശീയപാതകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് സംഘങ്ങളെ മുഴുവന്‍ സമയവും വിന്യസിച്ച് നിയമലംഘനങ്ങള്‍ തടയുന്നതിനൊപ്പം അപകട മരണങ്ങള്‍ കുറയ്ക്കുന്നതിനും ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി.
ദേശീയപാതയെ ദക്ഷിണം, മധ്യം, വടക്ക് എന്നിങ്ങനെ ആറ് പ്രവര്‍ത്തന മേഖലകളായി വിഭജിക്കും. തിരുവനന്തപുരം ഡെപ്യൂട്ടി ഗതാഗത കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ രണ്ട് ദക്ഷിണ മേഖലകളും, തൃശൂര്‍, എറണാകുളം ഡെപ്യൂട്ടി ഗതാഗത കമ്മിഷണര്‍മാരുടെ മേല്‍നോട്ടത്തില്‍ ഓരോ മധ്യമേഖല വീതവും, കോഴിക്കോട് ഡെപ്യൂട്ടി ഗതാഗത കമ്മിഷണറുടെ നിയന്ത്രണത്തില്‍ രണ്ട് വടക്കന്‍ മേഖലകളും പ്രവര്‍ത്തിക്കും. ഓരോ മേഖലയുടെയും കൃത്യമായ ആരംഭ-അവസാന കിലോമീറ്റര്‍ പരിധി ബന്ധപ്പെട്ട ഡെപ്യൂട്ടി ഗതാഗത കമ്മിഷണര്‍മാര്‍ പ്രത്യേകം നിശ്ചയിക്കും.
ഓരോ മേഖലയിലും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഓഫിസുകള്‍, ആര്‍ടിഒ ഓഫിസുകള്‍, സബ് ആര്‍ടിഒ ഓഫിസുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് സംഘങ്ങള്‍ രൂപീകരിക്കും. മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍മാര്‍, അസിസ്റ്റന്റ് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍മാര്‍, ഡ്രൈവര്‍മാര്‍, ആവശ്യമായ പരിശോധനാ ഉപകരണങ്ങളുള്ള വകുപ്പ് വാഹനങ്ങള്‍ എന്നിവ സംഘത്തിന്റെ ഭാഗമാകും. വിവിധ ഓഫിസുകളിലെ ഉദ്യോഗസ്ഥരെ മാറിമാറി നിയോഗിക്കുകയും പകല്‍, വൈകിട്ട്, രാത്രി ഡ്യൂട്ടികള്‍ തുല്യമായി വിതരണം ചെയ്യുകയും ഓഫിസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകാതിരിക്കുകയും വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും സി പി ജോണ്‍ പറഞ്ഞു.
അമിതവേഗം, അപകടകരമായ ഡ്രൈവിങ്, മദ്യപിച്ച് വാഹനമോടിക്കല്‍, വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍, സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ഉപയോഗിക്കാത്തത്, അമിതഭാരം കയറ്റിയ ചരക്ക് വാഹനങ്ങള്‍, അനധികൃത വാഹന രൂപമാറ്റം, ഫിറ്റ്‌നസ്, പെര്‍മിറ്റ്, ഇന്‍ഷുറന്‍സ്, നികുതി ലംഘനങ്ങള്‍, അനധികൃത യാത്രാ ഗതാഗതം എന്നിവ കണ്ടെത്തുന്നതിനാണ് പ്രധാന മുന്‍ഗണന. വലിയ അപകടങ്ങള്‍ ഉണ്ടായാല്‍ അടിയന്തര ഇടപെടല്‍ നടത്തുകയും അപകടത്തില്‍പ്പെട്ടതോ ഗതാഗത തടസ്സം സൃഷ്ടിക്കുന്നതോ ആയ വാഹനങ്ങള്‍ പൊലീസിന്റെയും ദേശീയപാത അതോറിറ്റിയുടെയും സഹായത്തോടെ നീക്കം ചെയ്യുകയും അപകടസാധ്യതയേറിയ ഭാഗങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുകയും വേണമെന്നും മന്ത്രി നിര്‍ദേശിച്ചു.
മൊബൈല്‍ പട്രോളിങ്; മിന്നല്‍ പരിശോധന
ഒരിടത്ത് ദീര്‍ഘസമയം പരിശോധന നടത്തുന്നതിനുപകരം ദേശീയപാതയിലൂടെ തുടര്‍ച്ചയായി സഞ്ചരിച്ചുകൊണ്ടുള്ള പരിശോധനാ മാതൃകയാണ് സ്വീകരിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. വിവിധ സ്ഥലങ്ങളില്‍ മിന്നല്‍ പരിശോധന, ആവശ്യമെങ്കില്‍ പൊലീസുമായി സംയുക്ത പരിശോധന, കാമറകളും ഡിജിറ്റല്‍ ഉപകരണങ്ങളും ഉപയോഗിച്ചുള്ള സാങ്കേതിക നിരീക്ഷണം, ദേശീയപാത അതോറിറ്റിയുടെ കാമറ ദൃശ്യങ്ങള്‍ ഉപയോഗിച്ചുള്ള നിയമനടപടി, അവധി ദിവസങ്ങളിലും ഉത്സവകാലങ്ങളിലും പ്രത്യേക നിരീക്ഷണം എന്നിവയും നടപ്പാക്കും.
ഓരോ മേഖലയിലെയും എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ഡെപ്യൂട്ടി ഗതാഗത കമ്മിഷണര്‍മാര്‍ നേരിട്ട് മേല്‍നോട്ടം വഹിക്കും. മിന്നല്‍ പരിശോധനകള്‍ നടത്തുക, ജിപിഎസ് വിവരങ്ങള്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥരുടെ വിന്യാസം പരിശോധിക്കുക, പ്രതിദിന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക, അപകടസാധ്യതയേറിയ ഭാഗങ്ങളില്‍ കൂടുതല്‍ പരിശോധന ഉറപ്പാക്കുക, ആര്‍ടിഒമാരുമായും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുമായും പ്രതിവാര അവലോകന യോഗം ചേരുക, ജില്ലാ പൊലീസ് മേധാവിമാര്‍, ദേശീയപാത അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് എന്നിവരുമായി ഏകോപനം ഉറപ്പാക്കുക തുടങ്ങിയ ചുമതലകളും നിര്‍ദേശിച്ചിട്ടുണ്ട്.
രാത്രി പരിശോധനയില്‍ സുരക്ഷയ്ക്ക് മുന്‍ഗണന
ഉദ്യോഗസ്ഥര്‍ യൂണിഫോമും പ്രതിഫലന സുരക്ഷാ ജാക്കറ്റും നിര്‍ബന്ധമായും ധരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ലഭ്യമായിടത്ത് ബോഡി കാമറ, വേഗം കണ്ടെത്തുന്ന ഉപകരണങ്ങള്‍, ഡിജിറ്റല്‍ എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തണം. രാത്രികാല പരിശോധനയില്‍ ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് പരമ പ്രാധാന്യം നല്‍കണമെന്നും ആവശ്യമായ വാഹനങ്ങളും ആശയവിനിമയ സംവിധാനങ്ങളും മറ്റ് സൗകര്യങ്ങളും ഡെപ്യൂട്ടി ഗതാഗത കമ്മിഷണര്‍മാര്‍ ഉറപ്പാക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു. എന്‍ഫോഴ്‌സ്‌മെന്റ് സംഘങ്ങളുടെ രൂപീകരണം, ഡ്യൂട്ടി പട്ടിക, തുടര്‍ച്ചയായ വിന്യാസം, മേല്‍നോട്ടം എന്നിവയില്‍ വീഴ്ചയുണ്ടായാല്‍ അത് ഗൗരവമായി കാണുമെന്നും മന്ത്രി സി പി ജോണ്‍ മുന്നറിയിപ്പ് നല്‍കി.

by Midhun HP News | Jul 28, 2026 | Latest News, കേരളം
തൃശൂർ: ചാലക്കുടി അതിരപ്പിള്ളി പഞ്ചായത്തിലെ വെട്ടിക്കുഴിയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. വെട്ടിക്കുഴിയിൽ റോയ് ചക്കാലക്കലിൻ്റെ വീട്ടിലെ പറമ്പിലാണ് കൂട് സ്ഥാപിച്ചത്. ജൂണിൽ ഇവിടെ പല തവണ പുലിയെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്.

by Midhun HP News | Jul 28, 2026 | Latest News, കേരളം
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്റെ പേരിൽ സൈബർ തട്ടിപ്പ് നടത്തിയെന്ന് പരാതി. ഇന്‍ഷുറന്‍സ് ക്ലെയിമെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയത്. വടക്കേക്കര സ്വദേശി ഡെയിൻ ഫ്രാൻസിന് 2499 രൂപയാണ് നഷ്ടമായത്. ധൻ ധൻ യോജന പദ്ധതി എന്ന പേരിൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കുമെന്ന വ്യാജേനെയാണ് പണം തട്ടിയത്. കുടുംബത്തിലെ ഓരോ അംഗത്തിനും 5000 രൂപ വീതം ലഭിക്കും എന്നായിരുന്നു വാഗ്ദാനം. ഇൻസ്റ്റഗ്രാം വഴിയാണ് പ്രചാരണം നടത്തിയത്. സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

by Midhun HP News | Jul 28, 2026 | Latest News, കേരളം
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അദ്ദേഹത്തിന്റെ അമ്മയേയും നവ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍ മണിക്കെതിരെ കേസെടുത്തു. കോഴിക്കോട് സൈബര്‍ പൊലീസ് ആണ് കേസടുത്തത്. മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നവ്യാ ഹരിദാസ് നല്‍കിയ പരാതിയിലാണ് നടപടി. ഇന്നലെ കേരളത്തിലെ മുഴുവന്‍ പൊലീസ് സ്‌റ്റേഷനുകളിലും പരാതി നല്‍കാന്‍ മഹിളാ മോര്‍ച്ച തീരുമാനമെടുത്തിരുന്നു.
ഇന്നലെയാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ഷൗക്കത്തലിക്ക് നവ്യ ഹരിദാസ് പരാതി നല്‍കിയത്. പ്രധാനമന്ത്രിയെ ജാന്‍മണി അപമാനിച്ചതായി നവ്യ ഹരിദാസ് ആരോപിച്ചിരുന്നു. പരാമര്‍ശത്തിന് പിന്നില്‍ ഭാഷാ പരിമിതി അല്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ജാന്‍മണിയുടെ മാപ്പ് പറച്ചില്‍ അംഗീകരിക്കുന്നില്ലെന്നും തെറ്റ് ചെയ്തതിനുശേഷം മാപ്പ് പറഞ്ഞാല്‍ തീരില്ലെന്നുമായിരുന്നു മഹിളാ മോര്‍ച്ചയുടെ നിലപാട്. നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടും മറ്റ് പൊലീസ് സ്റ്റേഷനുകളിലും മഹിളാ മോര്‍ച്ച പരാതി നല്‍കിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം.

by Midhun HP News | Jul 28, 2026 | Latest News, കേരളം
സംവിധായകന്‍ സിബി മലയിലെ അപമാനിച്ചുവെന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി പേളി മാണി. സിബി മലയിലിന്റെ മകന്‍ ജോ സിബി മലയില്‍ ആണ് പേളി സിബിയെ പരാജയപ്പെട്ട സംവിധായകന്‍ എന്ന് വിളിച്ചതായി ആരോപിച്ചത്. എന്നാല്‍ താന്‍ സിബി മലയിലിനെ അപമാനിച്ചിട്ടില്ലെന്നും മറുപടി നല്‍കിയത് അദ്ദേഹത്തിന്റെ മകനാണെന്നുമാണ് പേളി പറയുന്നത്.
ഞാന്‍ ഒരിക്കലും സിബി മലയില്‍ സാറിനെ അങ്ങനെ പറയില്ല. കാരണം അദ്ദേഹം മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ്. അദ്ദേഹം ഇത് കാണുന്നുണ്ടെങ്കില്‍, ഐ ലവ് യു. ഞാന്‍ നിങ്ങളുടെ വലിയൊരു ആരാധികയാണെന്നും വിഡിയോയില്‍ പേളി പറയുന്നു. ആ വാക്കുകളിലേക്ക്:
ഞാന്‍ എഴുതിയ ഒരു കാര്യം വലിയ തെറ്റായിരുന്നു. നിമിഷങ്ങള്‍ക്ക് ശേഷം ഞാനത് ഡിലീറ്റ് ചെയ്തു. അത് തെറ്റാണെന്ന് എനിക്കറിയാം. സ്‌ക്രീന്‍ ഷോട്ട് പോകുമെന്നും എനിക്കറിയാമായിരുന്നു. പക്ഷെ എനിക്ക് തന്നെ അതിനോട് യോജിപ്പില്ല. അതിനാല്‍ ഡിലീറ്റ് ചെയ്തിരുന്നു. അതില്‍ ഞാന്‍ ആ പോസ്റ്റിട്ടയാളെ പരാജയപ്പെട്ട സംവിധായകന്‍ എന്ന് വിളിച്ചിരുന്നു. അത് വളരെ വലിയ തെറ്റാണ്. നമ്മള്‍ ആരേയും അങ്ങനെ വിളിക്കാന്‍ പാടില്ല. അങ്ങനെ അല്ല എന്റെ മാതാപിതാക്കള്‍ എന്നെ വളര്‍ത്തിയത്. അദ്ദേഹത്തോട് ഈ അവസരത്തില്‍ ഞാന്‍ മാപ്പ് ചോദിക്കുകയാണ്. നിങ്ങളെ അങ്ങനെ വിളിക്കാന്‍ പാടില്ലായിരുന്നു. അയാം സോറി.
ഈ പോസ്റ്റ് ഇട്ട സമയത്ത് അദ്ദേഹം വേറൊരു സ്‌റ്റോറിയില്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അച്ഛനെയാണ് ഞാന്‍ പറഞ്ഞതെന്നാണ്. അദ്ദേഹത്തിന്റെ അച്ഛന്‍ ഒരേയൊരു സിബി മലയിലാണ്. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധികയാണ്, മലയാളികളെല്ലാം. ഇതാണ് എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത്. ഞാന്‍ സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത കാര്യമായിരുന്നു എഴുതിയത്. വാര്‍ത്താ മാധ്യമങ്ങള്‍ അത് ക്ലാരിഫൈ ചെയ്യാതെ എടുത്തിടുകയാണ്. ഞാന്‍ പോസ്റ്റിട്ടത് എന്നെക്കുറിച്ച് പത്ത് പേജ് എഴുതിയ ആള്‍ക്കെതിരെയാണ്. അതില്‍ സിബി മലയില്‍ സാര്‍ എങ്ങനെ വന്നു? ഇത് ഞാന്‍ എങ്ങനെ തിരുത്തും? എന്നെനിക്ക് മനസിലാകുന്നില്ല. ഞാന്‍ ഇനി ഒന്നും ഇടുന്നില്ലെന്ന് കരുതി മിണ്ടാതിരുന്നു. സത്യം അറിയിക്കാനാണ് ഈ വിഡിയോ.
ഞാന്‍ ഒരിക്കലും സിബി മലയില്‍ സാറിനെ അങ്ങനെ പറയില്ല. കാരണം അദ്ദേഹം മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ്. അദ്ദേഹം ഇത് കാണുന്നുണ്ടെങ്കില്‍, ഐ ലവ് യു. ഞാന്‍ നിങ്ങളുടെ വലിയൊരു ആരാധികയാണ്.

by Midhun HP News | Jul 28, 2026 | Latest News, കേരളം
കണ്ണൂർ: കണ്ണൂർ ജില്ലയിലെ പ്രമുഖ സാംസ്കാരിക, സാഹിത്യ പ്രവർത്തകൻ പി. വിജയൻ കൂടാളി (66) നിര്യാതനായി. കണ്ണൂരിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ പതിറ്റാണ്ടുകളോളം സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. പുരോഗമന കലാസാഹിത്യ സംഘം (പു.ക.സ) മുൻ സംസ്ഥാന സമിതി അംഗമായിരുന്ന അദ്ദേഹം, കെ.എസ്.ഡബ്ല്യു.എഫ് കൂടാളി വില്ലേജ് പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ കൂടാളി വില്ലേജ് പ്രസിഡന്റ്, ബാലസംഘം വില്ലേജ് സെക്രട്ടറി, മട്ടന്നൂർ കോളേജ് യൂണിയൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കൂടാളി ആർട്സ് കോളേജ് അധ്യാപകൻ, കൂടാളി ക്ഷീര വ്യവസായ സഹകരണ സംഘം സെക്രട്ടറി, കൂടാളി വായനശാല പ്രസിഡന്റ്, ദേശാഭിമാനി ഏജന്റ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകൻ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചു.
കണ്ണൂരിലെ എം.എൻ. വിജയൻ സ്മാരക ഗ്രന്ഥാലയത്തിന്റെ രൂപീകരണത്തിലും പ്രവർത്തനങ്ങളിലും മുൻനിരയിലുണ്ടായിരുന്നു. ഗീതയാണ് ഭാര്യ. മക്കൾ: അനൂപ് (അസി. എഞ്ചിനീയർ, ആയിക്കര ഹാർബർ), ഡോ. ആതിര. മരുമക്കൾ: ഹർഷ് (കതിരൂർ), അനുഷ (എറണാകുളം). സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കണ്ണൂർ പയ്യാമ്പലം ശ്മശാനത്തിൽ നടക്കും.

Recent Comments