ഒറ്റയടിക്ക് 1240 രൂപ കുറഞ്ഞു; സ്വര്‍ണവില 1,06,000ല്‍ താഴെ

ഒറ്റയടിക്ക് 1240 രൂപ കുറഞ്ഞു; സ്വര്‍ണവില 1,06,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് ഒറ്റയടിക്ക് 1240 രൂപ കുറഞ്ഞതോടെ വീണ്ടും 1,06,000ല്‍ താഴെ എത്തി നില്‍ക്കുകയാണ് സ്വര്‍ണവില. 1,05,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 155 രൂപയാണ് കുറഞ്ഞത്. 13,215 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തിന് അയവ് വന്നതോടെ എണ്ണവില കുറഞ്ഞത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ഉടന്‍ തന്നെ പലിശനിരക്ക് വര്‍ധിപ്പിക്കില്ലെങ്കിലും സമീപഭാവിയില്‍ തന്നെ വീണ്ടും പലിശനിരക്ക് വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് അമേരിക്കന്‍ കേന്ദ്ര ബാങ്ക് ആലോചിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവില കുറയാന്‍ കാരണം. ഇതിന് പുറമേ ഡോളര്‍ ശക്തിയാര്‍ജിച്ചതും സ്വര്‍ണവില ഇടിയാന്‍ ഇടയാക്കിയതായി വിപണി വിദഗ്ധര്‍ പറയുന്നു.

വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ആറ്റിങ്ങലിൽ ഓണാഘോഷം സംഘാടക സമിതി രൂപീകരണം വ്യാഴാഴ്ച

ആറ്റിങ്ങലിൽ ഓണാഘോഷം സംഘാടക സമിതി രൂപീകരണം വ്യാഴാഴ്ച

ആറ്റിങ്ങൽ: നഗരസഭയും പൗരാവലിയും സംയുക്തമായി സംഘടിപ്പിച്ചു വരുന്ന ഓണാഘോഷവും ആറ്റിങ്ങൽ ഫെസ്റ്റും സംസ്ഥാന ടൂറിസം വാരാഘോഷവും ഈ വർഷവും ജനപങ്കാളിത്തത്തോടുകൂടി സംഘടിപ്പിക്കുന്നതിന് നഗരസഭ തീരുമാനിച്ചു. സംഘാടക സമിതി രൂപീകരണ യോഗം വ്യാഴം ഉച്ചയ്ക്കുശേഷം 3 ന് നഗരസഭ ലൈബ്രറി ഹാളിൽ നടക്കും.

സപ്ലൈകോ ഓണം ഫെയറുകൾ ആഗസ്റ്റ് 8 മുതൽ

സപ്ലൈകോ ഓണം ഫെയറുകൾ ആഗസ്റ്റ് 8 മുതൽ

ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിച്ച് ജനങ്ങൾക്ക് അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി സിവിൽ സപ്ലൈസ് വകുപ്പ് വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചതായി ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. സപ്ലൈകോയുടെ ഓണം ട്രേഡ് ഫെയറുകൾ ആഗസ്റ്റ് 8ന് ആരംഭിക്കും. എറണാകുളത്ത് അന്നേദിവസം വൈകിട്ട് 4.30ന് മുഖ്യമന്ത്രി വി ഡി സതീശൻ ട്രേഡ് ഫെയർ ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് ഓണം മെഗാ ട്രേഡ് ഫെയറുകൾ സംഘടിപ്പിക്കുന്നത്. ഇതിന് പുറമെ 11 ജില്ലകളിൽ ആഗസ്റ്റ് 16 മുതൽ 25 വരെ ജില്ലാ ഫെയറുകളും, 126 നിയമസഭാ മണ്ഡലങ്ങളിൽ ഓണം മാർക്കറ്റുകളും സംഘടിപ്പിക്കും. ഓണത്തിന് മുന്നോടിയായുള്ള അവസാന ആറു ദിവസങ്ങളിൽ എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രത്യേക ഫെയറുകളും നടക്കും. ജനങ്ങൾക്ക് ന്യായവിലയിൽ പച്ചക്കറികൾ ലഭ്യമാക്കുന്നതിനായി ഹോർട്ടികോർപ്പിന്റെ സ്റ്റാളുകളും ഫെയറുകളുടെ ഭാഗമാകും.

ഓണക്കാലത്ത് വിവിധ പദ്ധതികളിലൂടെ 1,29,078.302 മെട്രിക് ടൺ അരിയും 24,506.291 മെട്രിക് ടൺ ഗോതമ്പും വിപണിയിൽ എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സെപ്റ്റംബർ മാസത്തെ സബ്സിഡി ഉൽപ്പന്നങ്ങൾ ആവശ്യമുള്ളവർക്ക് ആഗസ്റ്റിൽ തന്നെ മുൻകൂറായി വാങ്ങുന്നതിനുള്ള സൗകര്യവും ഒരുക്കും. നീല റേഷൻ കാർഡുടമകൾക്ക് സാധാരണ വിഹിതത്തിന് പുറമെ മൂന്ന് കിലോ അരിയും രണ്ട് കിലോ ഗോതമ്പും അധികമായി വിതരണം ചെയ്യും. എൻപിഎസ്, എൻപിഎൻഎസ് ഉൾപ്പെടെയുള്ള എല്ലാ വിഭാഗം കാർഡുടമകൾക്കും ഗോതമ്പ് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

എഎവൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്കുള്ള 16 ഇനം ഉൽപ്പന്നങ്ങൾ അടങ്ങിയ സൗജന്യ ഓണക്കിറ്റ് വിതരണം ആഗസ്റ്റ് ആദ്യവാരം ആരംഭിക്കും. ആഗസ്റ്റ് 25 നകം വിതരണം പൂർത്തിയാക്കും. എഎവൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമായി സൗജന്യ ഓണക്കിറ്റ് വിതരണത്തിനായി 53 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വിപണിയിലെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാൻ ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് ആഗസ്റ്റ് മുതൽ പരിശോധന ശക്തമാക്കും. വിലനിലവാരം നിരീക്ഷിക്കുന്ന പ്രൈസ് മോണിറ്ററിങ് സെല്ലിന്റെ പ്രവർത്തനവും കൂടുതൽ കാര്യക്ഷമമാക്കും. ഓണക്കിറ്റ് വിതരണം, വിപണി ഇടപെടൽ, നെല്ല് സംഭരണം എന്നിവയ്ക്കായി കഴിഞ്ഞ രണ്ട് മാസത്തിനിടെ 448.05 കോടി രൂപ സർക്കാർ അനുവദിച്ചതായും മന്ത്രി പറഞ്ഞു.

സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി 50,000 മുൻഗണനാ റേഷൻ കാർഡുകൾ നൽകാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇതിനകം 73,024 അപേക്ഷകൾ അംഗീകരിച്ച് പുതിയ കാർഡുകൾ അനുവദിക്കാനായതായി മന്ത്രി അറിയിച്ചു. പുതിയ കാർഡുകളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം ആഗസ്റ്റ് 3ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. 30 ഉന്നതികളിൽ കൂടി സഞ്ചരിക്കുന്ന റേഷൻ കടകൾ പുതുതായി ആരംഭിക്കുമെന്നും ഇതിന്റെ ഉദ്ഘാടനം ആഗസ്റ്റ് 7ന് കാസർകോട് ജില്ലയിൽ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

നെല്ല് സംഭരണവുമായി ബന്ധപ്പെട്ടിരുന്ന മുൻകാല പ്രതിസന്ധികൾ വലിയൊരളവിൽ പരിഹരിച്ചതായി മന്ത്രി പറഞ്ഞു. ബാങ്കുകളുടെ കൺസോർഷ്യം വഴിയുള്ള വായ്പാ പരിധി 1,600 കോടി രൂപയായി വർധിപ്പിച്ചിട്ടുണ്ട്. അടുത്ത നെല്ല് സംഭരണ സീസണിന് മുമ്പ് കർഷകരുടെ രജിസ്ട്രേഷൻ കൃഷി വകുപ്പുമായി സഹകരിച്ച് പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സപ്ലൈകോയിൽ സാമ്പത്തിക സ്വയംപര്യാപ്തത നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഓണത്തിന് ശേഷം പുതിയ മാർക്കറ്റിങ് പദ്ധതി നടപ്പാക്കും. പരസ്യവരുമാനം, എഫ് എം സി ജി ഉൽപ്പന്നങ്ങളുടെ വിപണനം, പെട്രോൾ പമ്പുകൾ എന്നിവയിലൂടെ അധിക വരുമാനം കണ്ടെത്താനാണ് പദ്ധതി. ഇതിലൂടെ ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് സപ്ലൈകോയുടെ 13 സബ്സിഡി ഉൽപ്പന്നങ്ങളുടെ വിതരണം കൂടുതൽ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.

തീവ്ര ന്യൂനമര്‍ദ്ദം: മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഏഴ് ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തീവ്ര ന്യൂനമര്‍ദ്ദം: മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഏഴ് ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പ്രവചിച്ചിരുന്നത്. എന്നാല്‍ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഏഴു ജില്ലകളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന വടക്കന്‍ ഒഡിഷ – പശ്ചിമ ബംഗാള്‍ തീരപ്രദേശങ്ങളിലും സ്ഥിതി ചെയ്തിരുന്ന ന്യൂനമര്‍ദമാണ് തീവ്രമായത്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും മണിക്കൂറുകളില്‍ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുന്ന തീവ്ര ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി മാറാനും സാധ്യതയുണ്ട്. തുടര്‍ന്ന് ഇന്ന് വടക്കന്‍ ഒഡീഷ – പശ്ചിമ ബംഗാള്‍ തീരത്ത് പാരദ്വീപിനും സാഗര്‍ ദ്വീപിനും ഇടയിലായി കരയില്‍ പ്രവേശിക്കാനും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശക്തമായ മഴ പ്രവചിക്കുന്നത്. ചൊവ്വാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഗുരുവായൂര്‍ ദേവസ്വം ഓഡിറ്റില്‍ ഗുരുതര പോരായ്‌മെന്ന് ഹൈക്കോടതി; 43 വര്‍ഷമായി വാര്‍ഷിക പരിശോധന നടന്നിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

ഗുരുവായൂര്‍ ദേവസ്വം ഓഡിറ്റില്‍ ഗുരുതര പോരായ്‌മെന്ന് ഹൈക്കോടതി; 43 വര്‍ഷമായി വാര്‍ഷിക പരിശോധന നടന്നിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

കൊച്ചി: ഗുരുവായൂര്‍ ദേവസ്വം ഓഡിറ്റില്‍ ഗുരുതര പോരായ്മയെന്ന് ഹൈക്കോടതി. സാമ്പത്തിക ഇടപാടുകളില്‍ സുതാര്യത ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഓണ്‍ലൈന്‍ വഴിപാട്, ഡിജിറ്റല്‍ ഇടപാടുകളിലുമാണ് കോടതിയുടെ വിമര്‍ശനം. സംസ്ഥാന ഓഡിറ്റ് വിഭാഗത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ നാളെ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി, ഇതുവരെയുള്ള കണ്ടെത്തലുകള്‍ അറിയിക്കാന്‍ നിര്‍ദേശിച്ചു.

അവിടത്തെ പ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ആവശ്യമായ വിവരങ്ങള്‍ ദേവസ്വം കൈമാറിയില്ലെന്ന് ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചിരുന്നു. 43 വര്‍ഷമായിട്ടും ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വാര്‍ഷിക പരിശോധന നടത്തിയിട്ടില്ല. കണ്‍കറന്റ് ഓഡിറ്റ് നടത്തണമെന്നാണ് ചട്ടം. എന്നാല്‍ ഓഡിറ്റ് വിഭാഗം ആവശ്യപ്പെടുന്ന രേഖകള്‍ നല്‍കാന്‍ പല തടസ്സവാദങ്ങളും ഉന്നയിക്കുകയാണെന്നും ഓഡിറ്റ് വിഭാഗം അറിയിച്ചു.

പ്രധാനപ്പെട്ട വഴിപാട് രസീതികള്‍ ഉള്‍പ്പെടെ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ അത് കൃത്യമായി ഓഡിറ്റ് ചെയ്യുന്നതിന് അതിന്റെ ലോഗിനും പാസ് വേര്‍ഡും നല്‍കുന്നില്ല. ക്ഷേത്രത്തിലെ സ്വര്‍ണം, വെങ്കല പാത്രങ്ങള്‍, കുങ്കുമ പൂവ് തുടങ്ങി വിലിടിപ്പുള്ള ഭൗതിക വസ്തുക്കള്‍, വഴിപാടായി ലഭിക്കുന്ന വസ്തുക്കള്‍ തുടങ്ങി പലതിന്റെയും രജിസ്റ്റര്‍ കൃത്യമായിട്ടില്ലെന്നും ഓഡിറ്റ് വിഭാഗം അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വിശദമായ പരിശോധന വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്.

ഓണത്തിരക്ക് പരിഹരിക്കാന്‍ സ്വകാര്യ ബസുകള്‍ വാടകയ്ക്കെടുക്കാന്‍ കെഎസ്ആര്‍ടിസി

ഓണത്തിരക്ക് പരിഹരിക്കാന്‍ സ്വകാര്യ ബസുകള്‍ വാടകയ്ക്കെടുക്കാന്‍ കെഎസ്ആര്‍ടിസി

കണ്ണൂര്‍: ഓണക്കാലത്തെ യാത്രാതിരക്ക് പരിഹരിക്കാന്‍ സ്വകാര്യ ബസുകള്‍ വാടകയ്ക്കെടുക്കാന്‍ കെഎസ്ആര്‍ടിസി ആലോചിക്കുന്നതായി ഗതാഗത മന്ത്രി സിപി ജോണ്‍. കെഎസ്ആര്‍ടിസിക്ക് സ്വന്തമായുള്ള ബസുകളുടെ കുറവ് മൂലമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങുന്നതെന്ന് കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ വാങ്ങിയിട്ടില്ലെന്നും നിലവില്‍ സര്‍വീസ് നടത്തുന്ന പല ബസുകളും പഴക്കമേറിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതിനാല്‍ ഉത്സവകാലത്ത് ആവശ്യത്തിന് സര്‍വീസുകള്‍ നടത്താന്‍ പ്രയാസമാണ്. കേരളത്തിന് പുറത്ത് പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പതിനായിരക്കണക്കിന് ആളുകളാണ് ഓണത്തിന് നാട്ടിലേക്ക് മടങ്ങുന്നത്. ഈ സമയം സ്വകാര്യ മേഖലയില്‍ ടിക്കറ്റ് നിരക്ക് രണ്ട് മുതല്‍ മൂന്ന് ഇരട്ടി വരെ ഉയര്‍ത്താറുണ്ട്. 1,500 രൂപയുള്ള ടിക്കറ്റുകള്‍ക്ക് 3,000 മുതല്‍ 4,000 രൂപ വരെ ഈടാക്കുന്നതിനാല്‍ സാധാരണക്കാര്‍ക്ക് എസി ബസുകളിലെ യാത്ര ബുദ്ധിമുട്ടാകുന്നു.

മികച്ച നിലയിലുള്ള ബസുകള്‍ വാടകയ്ക്ക് ലഭ്യമാക്കാന്‍ സ്വകാര്യ ബസ് ഉടമകളോട് മന്ത്രി അഭ്യര്‍ഥിച്ചു. നല്ല രീതിയില്‍ പരിപാലിക്കപ്പെടുന്ന ബസുകള്‍ നല്‍കുന്ന ഉടമകള്‍ക്ക് അന്നന്നത്തെ വരുമാനം പങ്കുവെക്കാന്‍ കെഎസ്ആര്‍ടിസി തയ്യാറാണ്. കെഎസ്ആര്‍ടിസി നിലവില്‍ സാമ്പത്തിക സ്ഥിരത കൈവരിച്ചിട്ടുണ്ടെന്നും നിലവിലെ ബാധ്യതകള്‍ കൃത്യമായി നിറവേറ്റുന്നുണ്ടെന്നും അതിനാല്‍ ബസ് ഉടമകള്‍ സഹകരിക്കാന്‍ മടിക്കരുതെന്നും മന്ത്രി വ്യക്തമാക്കി.