എരുമേലിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരു മരണം, മൂന്ന് പേരുടെ നില ​​ഗുരുതരം

എരുമേലിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരു മരണം, മൂന്ന് പേരുടെ നില ​​ഗുരുതരം

കോട്ടയം: എരുമേലിക്ക് സമീപം പമ്പാവാലി കണമലയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. പരിക്കേറ്റവരെ എരുമേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില അതീവ ​ഗുരുതരമാണ്. കർണാടകയിൽ നിന്നുള്ള തീർഥാടകരാണ് ബസിൽ ഉണ്ടായിരുന്നത്.

ബസിൽ 33 പേരാണ് ഉണ്ടായിരുന്നത്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. അപകടം നടന്ന അട്ടിവളവ് സ്ഥിരം അപകട മേഖലയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.

കണമല ഇറക്കത്തില്‍ അട്ടിമല വളവില്‍ വെച്ച് തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് ക്രാഷ് ബാരിയര്‍ തകര്‍ത്ത് മറിയുകയായിരുന്നു. വാഹനം മറിഞ്ഞെങ്കിലും സമീപത്തെ മരത്തില്‍ തടഞ്ഞു നിന്നതിനാല്‍ വലിയ അപകടം ഒഴിവായി. ബസ് ഉയർത്താനുള്ള ശ്രമം നടന്നു വരികയാണ്.

കൊല്ലം പൂരം കുടമാറ്റത്തില്‍ ആര്‍എസ്എസ് നേതാവിന്റെ ചിത്രവും; പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

കൊല്ലം പൂരം കുടമാറ്റത്തില്‍ ആര്‍എസ്എസ് നേതാവിന്റെ ചിത്രവും; പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

കൊല്ലം: കൊല്ലം പൂരത്തില്‍ ആര്‍എസ്എസ് നേതാവിന്റെ ചിത്രം ഉയര്‍ത്തിയത് വിവാദത്തില്‍. പൂരത്തിന്റെ ഭാഗമായുള്ള കുടമാറ്റത്തില്‍ നവോത്ഥാന നായകരുടെ ചിത്രത്തിനൊപ്പമാണ് ആര്‍എസ്എസ് സ്ഥാപകനേതാവ് ഹെഗ്‌ഡേവാറിന്റെ ചിത്രവും ഉയര്‍ത്തിയത്. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ആര്‍എസ്എസ് നേതാവിന്റെ ചിത്രം ഉയര്‍ത്തിയത് ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.

ക്ഷേത്ര ആചാരങ്ങളിലും ഉത്സവങ്ങളിലും രാഷ്ട്രീയം കലര്‍ത്തുന്ന നടപടിയാണ് ഉണ്ടായിട്ടുള്ളത്. തുടര്‍ച്ചയായി ക്ഷേത്രാചാരങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുവാനാണ് സിപിഎമ്മും ബിജെപിയും മത്സരിക്കുന്നത്. ഇത് വളരെ അപകടകരമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത് എന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ഉത്സവങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് ഹൈക്കോടതി അടുത്തിടെ നിര്‍ദേശിച്ചിരുന്നു.

കുടമാറ്റത്തില്‍ നവോത്ഥാന നായകരായ ശ്രീനാരായണ ഗുരു, ബി ആര്‍ അംബേദ്ക്കര്‍, സുഭാഷ് ചന്ദ്ര ബോസ്, സ്വാമി വിവേകാനന്ദന്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഉയര്‍ത്തിയതിനോടൊപ്പമാണ് ഹെഗ്‌ഡെ വാറിന്റെ ചിത്രവും ഉയര്‍ത്തിയത്. ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് കൊല്ലം പൂരം നടക്കാറുള്ളത്. പുതിയകാവ് ക്ഷേത്രം അണിനിരത്തിയ കുടമാറ്റത്തിലാണ് ഹെഗ്‌ഡേവാറിന്റെ ചിത്രവും ഉള്‍പ്പെടുത്തിയത്.

അതിരപ്പിള്ളിയില്‍ നാളെ ഹര്‍ത്താല്‍

അതിരപ്പിള്ളിയില്‍ നാളെ ഹര്‍ത്താല്‍

തൃശൂര്‍: നിരന്തരമായി ഉണ്ടാകുന്ന കാട്ടാന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് അതിരപ്പിള്ളിയില്‍ നാളെ ജനകീയ ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കാട്ടാനയാക്രമണത്തിന് സ്ഥിരപരിഹാരം ആവശ്യമാണെന്ന് പഞ്ചായത്ത് വ്യക്തമാക്കി. ഹര്‍ത്താലിന് എല്ലാ രാഷ്ട്രീയ കക്ഷികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ രണ്ട് ആദിവാസികള്‍ ഇന്നലെ രാത്രി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. വാഴച്ചാല്‍ ശാസ്താപൂവം ഊരിലെ സതീഷും അംബികയുമാണ് കൊല്ലപ്പെട്ടത്. തേന്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയ സംഘം കാട്ടാനക്കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു. ഒരാഴ്ച മുന്‍പാണ് സതീശന്‍ ഭാര്യ രമ, രമയുടെ ചേച്ചി അംബിക ഭര്‍ത്താവ് രവി എന്നിവര്‍ തേന്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുകള്‍ഭാഗത്ത് വനത്തില്‍ വഞ്ചിക്കടവില്‍ കുടില്‍ കെട്ടി താമസിക്കുകയായിരുന്നു ഇവര്‍.

ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. കാട്ടാനക്കൂട്ടം പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നെന്നാണ് വിവരം. ഇവര്‍ക്കു പുറമേ ബന്ധുക്കളായ രമ, രവി എന്നിവരും സംഘത്തിലുണ്ടായിരുന്നു. കാട്ടാന ആക്രമിക്കാനെത്തിയപ്പോള്‍ നാലുപേരും ചിതറിയോടി. അംബികയുടെ മൃതദേഹം പുഴയില്‍നിന്നും സതീഷിന്റേത് പാറപ്പുറത്തു നിന്നുമാണ് കണ്ടെത്തിയത്. സതീഷിനെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പുഴയില്‍ ചാടിയ രമയും രവിയും സുരക്ഷിതരാണ്.

മദപ്പാടിലുള്ള മഞ്ഞക്കൊമ്പന്‍ എന്ന ആനയാണ് ആക്രമിച്ചതെന്നാണ് വിവരം. വനംവകുപ്പ് സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ സംഭവസ്ഥലത്ത് തന്നെ ഇന്‍ക്വസ്റ്റ് നടത്തിയശേഷം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ മന്ത്രി എകെ ശശീന്ദ്രന്‍ വനംവകുപ്പ് മേധാവിയോട് റിപ്പോര്‍ട്ട് തേടി. ഇതേ മേഖലയില്‍ മൂന്നുപേരുടെ ജീവനാണ് രണ്ടു ദിവസത്തിനിടെ കാട്ടാന ആക്രമണത്തില്‍ പൊലിഞ്ഞത്. മലക്കപ്പാറയില്‍ ഇന്നലെ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു.

നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ കുടുങ്ങി

നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ കുടുങ്ങി

തൊടുപുഴ: നേര്യമംഗലം മണിയമ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ഒരു പെണ്‍കുട്ടി വാഹനത്തിന് അടിയില്‍ കുടുങ്ങി.

രാവിലെ പതിനൊന്നുമണിയോടെയാണ് അപകടം ഉണ്ടായത്. കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടം അറിഞ്ഞ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

മാസപ്പടി കേസ്: എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് കൈമാറാന്‍ കോടതി നിര്‍ദേശം

മാസപ്പടി കേസ്: എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് കൈമാറാന്‍ കോടതി നിര്‍ദേശം

കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ പ്രതിയായ സിഎംആര്‍എല്‍ മാസപ്പടി കേസില്‍ എസ്എഫ്‌ഐഒയുടെ കുറ്റപത്രം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറാന്‍ നിര്‍ദേശം. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നിര്‍ദേശം. എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് തേടി ഇഡി നേരത്തെ അപേക്ഷ നല്‍കിയിരുന്നു.

മാസപ്പടി കേസില്‍ ആദായനികുതി വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇഡി അന്വേഷണം തുടങ്ങിയിരുന്നു. സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. അതിനിടെയാണ്, കേസില്‍ അന്വേഷണം നടത്തിയ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി 7 ല്‍ വീണ വിജയനെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

ഇതിന്റെ പകര്‍പ്പ് വേണമെന്ന ഇഡിയുടെ അപേക്ഷ കോടതി പരിഗണിക്കുകയും, പകര്‍പ്പ് നല്‍കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. എസ്എഫ്‌ഐഒയുടെ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇന്നു തന്നെ ഇഡിക്ക് കൈമാറിയേക്കും. എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് കൂടി ലഭിക്കുന്നതോടെ, അതു കൂടി പരിശോധിച്ച് തുടര്‍ നടപടികളിലേക്ക് പോകാനാണ് ഇഡിയുടെ തീരുമാനം.

കൊല്ലത്ത് 10 രൂപയ്ക്ക് പ്രഭാത ഭക്ഷണം കഴിക്കാം; ഇഡ്‌ലി,ദോശ,അപ്പം, ഇടിയപ്പം എല്ലാം റെഡി

കൊല്ലത്ത് 10 രൂപയ്ക്ക് പ്രഭാത ഭക്ഷണം കഴിക്കാം; ഇഡ്‌ലി,ദോശ,അപ്പം, ഇടിയപ്പം എല്ലാം റെഡി

കൊല്ലം: 10 രൂപ നല്‍കിയാല്‍ വയറ് നിറയെ പ്രഭാത ഭക്ഷണം കഴിച്ച് മടങ്ങാം. കൊല്ലം, ചിന്നക്കട ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം പ്രത്യേക കൗണ്ടറിലാണ് ഇത്തരത്തില്‍ കുറഞ്ഞ നിരക്കില്‍ ഭഷണം ലഭ്യമാകുന്നത്. വിഷുക്കൈനീട്ടമായി കൊല്ലം കോര്‍പറേഷനാണ് പദ്ധതി നടപ്പിലാക്കിയത്. ഇഡ്‌ലിയും ദോശയും അപ്പവും ഇടിയപ്പവുമെല്ലാം കറിയും കൂട്ടി 10 രൂപക്ക് കഴിച്ചു മടങ്ങാം.

ഗുഡ്‌മോര്‍ണിങ് കൊല്ലം എന്ന പേരിലുള്ള പ്രഭാതഭക്ഷണ പദ്ധതി മന്ത്രി ജെ ചിഞ്ചു റാണിയാണ് ഉദ്ഘാടനം ചെയ്തത്. നഗരത്തിലെത്തുന്ന പാവപ്പെട്ടവരുടെ വിശപ്പകറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തെ ദാരിദ്ര്യമുക്തമാക്കാന്‍ സര്‍ക്കാര്‍ ഒരുക്കിയത് മികവുറ്റ പദ്ധതികളാണെന്നും ഈ വര്‍ഷംതന്നെ ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. പൊതുവിതരണ സംവിധാനങ്ങള്‍ വഴിയും കുറഞ്ഞ നിരക്കില്‍ ഉല്‍പന്നങ്ങള്‍ കൃത്യമായി നല്‍കുന്നതിനാല്‍ പട്ടിണിയില്ലാതെ ജീവിക്കാനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ട്. നവംബറോടെ കേരളത്തില്‍ അതിദരിദ്രരില്ലാതാവുമെന്നും ഇതിന് കോര്‍പറേഷന്റെ പദ്ധതി ഏറെ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.

ആദ്യഘട്ടത്തില്‍ 300 പേര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. കൂടുതല്‍ ആവശ്യക്കാരുണ്ടെങ്കില്‍ വിപുലീകരിക്കും. ആശ്രാമത്തെ ‘സ്നേഹിത’ കുടുംബശ്രീ യൂണിറ്റിലെ സംരംഭക രജിതയാണ് രുചിക്കൂട്ടുകള്‍ ഒരുക്കുക. 2015 മുതല്‍ വിദ്യാലയങ്ങളില്‍ കുട്ടികളുടെ വിശപ്പകറ്റാന്‍ നടപ്പാക്കിവരുന്ന ‘അമ്മമനസ്സ്’ പദ്ധതിയുടെയും കോവിഡ് കാലത്ത് നടപ്പാക്കിത്തുടങ്ങിയ ജനകീയ ഹോട്ടലുകളുടെയും തുടര്‍ച്ചയാണിതെന്ന് മേയര്‍ ഹണി പറഞ്ഞു.