ഉത്സവകാല തിരക്ക്: എറണാകുളത്തു നിന്ന് ഡല്‍ഹിയിലേക്ക് സ്‌പെഷല്‍ ട്രെയിന്‍; റിസര്‍വേഷന്‍ ആരംഭിച്ചു

ഉത്സവകാല തിരക്ക്: എറണാകുളത്തു നിന്ന് ഡല്‍ഹിയിലേക്ക് സ്‌പെഷല്‍ ട്രെയിന്‍; റിസര്‍വേഷന്‍ ആരംഭിച്ചു

കൊച്ചി: ഉത്സവകാലത്തെ യാത്രാതിരക്ക് പരിഗണിച്ച് എറണാകുളത്തു നിന്നും ഡല്‍ഹി ഹസ്രത് നിസാമുദ്ദീനിലേക്ക് പ്രത്യേക ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. എറണാകുളം ജങ്ഷന്‍ – ഹസ്രത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷല്‍ ട്രെയിനാണ് അനുവദിച്ചത്.

എറണാകുളം ജങ്ഷന്‍ സ്റ്റേഷനില്‍ നിന്ന് ബുധനാഴ്ച ( ഏപ്രില്‍ 16) വൈകീട്ട് 6.05 ന് ട്രെയിന്‍ പുറപ്പെടും. ഏപ്രില്‍ 18 ന് രാത്രി 8.35 ന് ട്രെയിന്‍ ഹസ്രത് നിസാമുദ്ദീനില്‍ എത്തിച്ചേരും.

20 സെക്കന്‍ഡ് ക്ലാസ് സ്ലീപ്പര്‍ കോച്ചുകള്‍, രണ്ട് സെക്കന്‍ഡ് ക്ലാസ് ജനറല്‍ കോച്ചുകള്‍ എന്നിവയാണ് ഉണ്ടാവുക. റിസര്‍വേഷന്‍ തിങ്കളാഴ്ച വൈകീട്ട് ആരംഭിച്ചു.

ആലുവ, തൃശൂര്‍, പാലക്കാട്, പോത്തനൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട, കാട്പാഡി, റെനിഗുണ്ട, ഗുഡൂര്‍, ഓന്‍ഗോലെ, വിജയവാഡ, വാറങ്കല്‍, ബല്‍ഹര്‍ഷ, നാഗ്പുര്‍, ഇറ്റാര്‍സി, ഭോപ്പാല്‍, ബിന, ജാന്‍സി, ഗ്വാളിയോര്‍, ആഗ്ര, മഥുര എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

മദ്യപിച്ച് ശല്യം ചെയ്തതിന് പരാതിപ്പെട്ടു; കാസര്‍കോട് കടയ്ക്കുള്ളിലിട്ട് തീ കൊളുത്തിയ യുവതി മരിച്ചു

മദ്യപിച്ച് ശല്യം ചെയ്തതിന് പരാതിപ്പെട്ടു; കാസര്‍കോട് കടയ്ക്കുള്ളിലിട്ട് തീ കൊളുത്തിയ യുവതി മരിച്ചു

കാസര്‍കോട്: ബേഡകത്ത് കടയ്ക്കുള്ളില്‍ ടിന്നര്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. ബേഡകത്ത് പലചരക്കുകട നടത്തുന്ന രമിതയാണ് മരിച്ചത്. 32 വയസ്സായിരുന്നു. മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

കര്‍ണാടക സ്വദേശി രാമാമൃതമാണ് ആക്രമിച്ചത്.കാസര്‍ഗോഡ് ഹോട്ടല്‍ രമിതയുടെ കടയ്ക്ക് സമീപത്താണ് രാമാമൃതത്തിന്റെ ഫര്‍ണിച്ചര്‍ കടയുള്ളത്. ഒരു വര്‍ഷമായി ഇയാള്‍ ഇവിടെ ഫര്‍ണിച്ചര്‍ കട നടത്തിവരുന്നു. രാമാമൃതം മദ്യപിച്ച് നിരന്തരം തന്റെ കടയില്‍ വന്ന് പ്രശ്നമുണ്ടാക്കിയിരുന്നതായി രമിത കടയുടമയോട് പരാതി പറഞ്ഞിരുന്നു.തുടര്‍ന്ന് കടമുറി ഒഴിയാന്‍ രാമാമൃതത്തോട് കടയുടമ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായത്.

സംഭവത്തില്‍ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ മാസം എട്ടിനായിരുന്നു രമിതക്ക് നേരെ ആക്രമണം ഉണ്ടായത്.

വീണ്ടും ജീവനെടുത്ത് കാട്ടാന; അതിരപ്പിളളിയില്‍ രണ്ടുപേരെ ചവിട്ടിക്കൊന്നു

വീണ്ടും ജീവനെടുത്ത് കാട്ടാന; അതിരപ്പിളളിയില്‍ രണ്ടുപേരെ ചവിട്ടിക്കൊന്നു

തൃശൂര്‍: അതിരപ്പിള്ളിയില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ രണ്ട് ആദിവാസികളെ കാട്ടാന ചവിട്ടിക്കൊന്നു. വാഴച്ചാല്‍ ശാസ്താപൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്.

അതിരിപ്പിള്ളി വഞ്ചിക്കടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാനായി ഇവര്‍ കുടില്‍ കെട്ടി താമസിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. ആക്രമണം ഉണ്ടായതോടെ ഇവര്‍ ചിതറി ഓടുകയായിരുന്നു. ഗ്രാമവാസികള്‍ നടത്തിയ തിരിച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സ്ഥലത്തെത്തിയിട്ടുണ്ട്.

ഇന്നാലെ അതിരപ്പിള്ളി മലക്കപ്പാറയില്‍ ഒരാളെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. തേന്‍ ശേഖരിക്കാന്‍ പോയപ്പോള്‍ കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു.

നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി; സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍

നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി; സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍

കൊല്ലം : വിദേശരാജ്യങ്ങളില്‍ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍. കോട്ടയം പാമ്പാടി സ്വദേശിനി ജോളി വര്‍ഗീസിനെയാണ് കൊല്ലത്ത് നിന്നും അഞ്ചല്‍ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശിയായ പാസ്റ്റര്‍ തോമസ് രാജന്‍ ഇതേ കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. രണ്ടു പ്രതികള്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

മണ്ണൂര്‍ സ്വദേശികളായ മൂന്നുപേരുടെ പരാതിയിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോതമംഗലത്തുള്ള റിക്രൂട്ടിംഗ് ഏജന്‍സിയുടെ പേരിലായിരുന്നു പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നത്. നിരവധി പേരാണ് തട്ടിപ്പിനിരയായത്.

മാളയില്‍ മദ്യപിച്ച് വാഹനം ഓടിച്ച് അപകടം: പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

മാളയില്‍ മദ്യപിച്ച് വാഹനം ഓടിച്ച് അപകടം: പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

തൃശൂര്‍: മാളയില്‍ മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവറായ അനുരാജ് പി പിയെയാണ് സസ്പെന്‍ഡ് ചെയ്തത്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാര്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

ഇന്നലെ (ഞായറാഴ്ച) രാത്രിയാണ് അനുരാജ് മദ്യലഹരിയില്‍ കാറോടിച്ച് അപകടമുണ്ടാക്കിയത്. കാര്‍ സ്‌കൂട്ടറിലും മറ്റൊരു കാറിലും ഇടിച്ചെങ്കിലും നിര്‍ത്താന്‍ കൂട്ടാക്കിയില്ല. പിന്നാലെ മേലടൂരില്‍ വെച്ച് കാര്‍ പോസ്റ്റില്‍ ഇടിച്ച് തല കീഴായി മറിയുകയായിരുന്നു.

തുടര്‍ന്ന് നാട്ടുകാര്‍ അനുരാജിനെ തടഞ്ഞുവെച്ച് മാള പൊലീസിനെ ഏല്‍പ്പിച്ചു. കാറില്‍ നിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തു. ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ അനുരാജ് മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.

പൊറോട്ടയില്‍ പൊതിഞ്ഞ പന്നിപ്പടക്കം കടിച്ചു, പശുവിന്റെ വായ പൊട്ടിത്തെറിച്ചു; അന്വേഷണം

പൊറോട്ടയില്‍ പൊതിഞ്ഞ പന്നിപ്പടക്കം കടിച്ചു, പശുവിന്റെ വായ പൊട്ടിത്തെറിച്ചു; അന്വേഷണം

പാലക്കാട്: പുതുനഗരത്തില്‍ പന്നിപ്പടക്കം കടിച്ച് പശുവിന്റെ വായ പൊട്ടിത്തെറിച്ചു. പുതുനഗരം സ്വദേശിയായ സതീശന്റെ പശുവിനാണ് പരിക്ക് പറ്റിയത്.

കാട്ടുപന്നിയെ തടയാന്‍ പൊറോട്ടയില്‍ പൊതിഞ്ഞുവെച്ച പടക്കമാണ് പശു കടിച്ചത്. മേയാന്‍ വിട്ട പശു പടക്കത്തില്‍ കടിക്കുകയായിരുന്നുവെന്നാണ് വിവരം. പുതുനഗരം പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൊയ്ത് കഴിഞ്ഞ പാടത്താണ് പടക്കം വെച്ചിരുന്നത്. മേഞ്ഞ് നടക്കുന്നതിനിടെ പശു ഇത് കടിക്കുകയായിരുന്നു. ഒരുലക്ഷം രൂപ വിലയുള്ള പശു പ്രസവിച്ചിട്ട് വെറും ഇരുപത് ദിവസം മാത്രമേ ആയിരുന്നുള്ളൂ.