കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസ്: ഡ്രൈവര്‍ക്ക് ജീവപര്യന്തം

കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസ്: ഡ്രൈവര്‍ക്ക് ജീവപര്യന്തം

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു.

2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.

അടൂരില്‍നിന്നും പന്തളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു ആക്രമണം. പ്രതി പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതിന് കരുതിക്കൂട്ടി ശ്രമിക്കുകയായിരുന്നു. അക്രമം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 19 വയസായിരുന്നു പ്രായം. യാത്രാ റൂട്ട് മാറ്റി ആറന്മുളയിലെ ആളൊഴിഞ്ഞ ഗ്രൗണ്ടിലെത്തിച്ചു പീഡിപ്പിച്ചു എന്നതാണ് കേസ്. കോവിഡ് മൂലം അവശയായിരുന്ന പെണ്‍കുട്ടി പീഡനത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായി. കേസിനാവശ്യമായ തെളിവുകള്‍ മൊബൈല്‍ ഫോണിലൂടെ ശേഖരിച്ചാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.

അനധികൃത സ്വത്ത് സമ്പാദനം; കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവ്

അനധികൃത സ്വത്ത് സമ്പാദനം; കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: മുന്‍ ചീഫ് സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ എം എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. കൊച്ചി സിബിഐ യൂണിറ്റിനാണ് അന്വേഷണ ചുമതല. ജോമോന്‍ പുത്തന്‍ പുരക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 2018 ലാണ് ജോമോന്‍ പുത്തന്‍ പുരക്കല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കഴിഞ്ഞ ഒരുവര്‍ഷക്കാലമായി കേസില്‍ വാദം തുടരുകയായിരുന്നു. ശമ്പളത്തെക്കാള്‍ കൂടുതല്‍ തുക എല്ലാ മാസവും ലോണ്‍ അടയ്ക്കുന്നത് എങ്ങനെയെന്നു മറുപടി പറയാന്‍ കെഎം എബ്രഹാമിനോട് ജസ്റ്റിസ് കെ ബാബു വാദത്തിനിടയില്‍ ആവശ്യപ്പെട്ടിരുന്നു. കോളജ് പ്രൊഫസര്‍മാരായിരുന്ന അച്ഛന്റെയും അമ്മയുടെയും പെന്‍ഷന്‍ കിട്ടുന്ന രൂപയുടെ സഹായത്താലാണ് ലോണ്‍ അടയ്ക്കുന്നതെന്നായിരുന്നു മറുപടി. അതേസമയം കെഎം എബ്രഹാമിന്റെ അച്ഛനും അമ്മയും വര്‍ഷങ്ങള്‍ക്ക് മുന്‍പേ മരിച്ചു പോയിട്ടും അത് മറച്ചുവയ്ക്കുകയും കോടതിയില്‍ കള്ളം പറഞ്ഞെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

സംസ്ഥാന വിജിലന്‍സ് കെഎം എബ്രഹാമിനെതിരായ പരാതി അന്വേഷിച്ച് തള്ളിയിരുന്നു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് അന്വേഷണം നടന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് കെഎം എബ്രഹാമിന്റെ വീട് അളന്നതും ചോദ്യം ചെയ്തതും വിവാദമായിരുന്നു.

‘കുട്ടി വനത്തില്‍’ പള്ളിവേട്ട; ആറാട്ട് ഇന്ന്

‘കുട്ടി വനത്തില്‍’ പള്ളിവേട്ട; ആറാട്ട് ഇന്ന്

പത്തനംതിട്ട: ശബരിമലയില്‍ പൈങ്കുനി ഉത്ര ഉത്സവത്തിന് സമാപനം കുറിച്ച് ഇന്നു (വെള്ളിയാഴ്ച) പകല്‍ 11ന് പമ്പയില്‍ ആറാട്ട് നടക്കും. ആറാട്ടിനായി രാവിലെ 9ന് പമ്പയിലേക്ക് പുറപ്പെടും. ഘോഷയാത്ര 11ന് പമ്പ ഗണപതി കോവിലില്‍ എത്തും. തിടമ്പ് ആനപ്പുറത്തുനിന്ന് ഇറക്കി ആറാട്ടുകടവിലേക്ക് എഴുന്നള്ളിക്കും.

തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ മുഖ്യകാര്‍മികത്വത്തിലാണ് ആറാട്ട്. ആറാട്ടിന് ശേഷം ദേവനെ പമ്പാ ഗണപതി കോവിലില്‍ എഴുന്നള്ളിച്ചിരുത്തും. വൈകീട്ട് നാലിനാണ് പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ആറാട്ട് മടക്കഘോഷയാത്ര. സന്നിധാനത്ത് എത്തിയ ശേഷം ഉത്സവത്തിന് സമാപനം കുറിച്ച് കൊടിയിറക്കും. പിന്നീട് ദേവനെ അകത്തേയ്ക്ക് എഴുന്നള്ളിക്കും. അതിന് ശേഷമാണ് ഭക്തര്‍ക്ക് ദര്‍ശനം.

അതിനിടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്ന അയ്യപ്പസ്വാമിയുടെ പള്ളിവേട്ടയ്ക്ക് ആയിരങ്ങള്‍ സാക്ഷിയായി. ശ്രീഭൂതബലി വിളക്കെഴുന്നള്ളിപ്പ് പൂര്‍ത്തിയാക്കിയാണ് പള്ളിവേട്ടയ്ക്കായി പതിനെട്ടാംപടി ഇറങ്ങിയത്. ശരംകുത്തിയില്‍ പ്രത്യേകം തയ്യാര്‍ ചെയ്ത ‘കുട്ടി വനത്തില്‍’ ആയിരുന്നു പള്ളിവേട്ട. വാളും പരിചയുമേന്തി കുറുപ്പും അമ്പും വില്ലുമേന്തി വേട്ടക്കുറുപ്പും ഒപ്പം നീങ്ങി. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാര്‍മികത്വത്തിലായിരുന്നു പള്ളിവേട്ട. വാദ്യമേളത്തോടെ ആഘോഷമായിട്ടായിരുന്നു മടക്കയാത്ര. പള്ളിവേട്ട കഴിഞ്ഞതിനാല്‍ അശുദ്ധമായി എന്ന സങ്കല്‍പ്പത്തില്‍ രാത്രി ശ്രീകോവിലിന് പുറത്താണ് ദേവന്‍ പള്ളിയുറങ്ങിയത്.

യുവാവും പെണ്‍സുഹൃത്തും ചേര്‍ന്ന് ഭാര്യയെ മര്‍ദ്ദിച്ചു, കിണറ്റില്‍ തള്ളിയിട്ടു

യുവാവും പെണ്‍സുഹൃത്തും ചേര്‍ന്ന് ഭാര്യയെ മര്‍ദ്ദിച്ചു, കിണറ്റില്‍ തള്ളിയിട്ടു

കോട്ടയം: ഏറ്റുമാനൂരില്‍ യുവാവും പെണ്‍സുഹൃത്തും ചേര്‍ന്നു ഭാര്യയെ മര്‍ദിച്ചു കിണറ്റില്‍ തള്ളിയിട്ടതായി പരാതി. പിന്നാലെ കിണറ്റില്‍ ചാടിയ യുവാവ് കിണറ്റിനുള്ളില്‍ വച്ചു വീണ്ടും മര്‍ദിച്ചെന്നും ഭാര്യ പരാതിയില്‍ പറയുന്നു. ഏറ്റുമാനൂര്‍ പൊലീസും അഗ്‌നിരക്ഷാസേനയുമെത്തി ഭാര്യയെയും ഭര്‍ത്താവിനെയും കിണറ്റില്‍നിന്നു കയറ്റി. ഏറ്റുമാനൂര്‍ പുന്നത്തുറയില്‍ വാടകയ്ക്കു താമസിക്കുന്ന 37 വയസ്സുള്ള യുവാവിനെതിരെയാണ് 35 വയസ്സുള്ള ഭാര്യ പരാതി നല്‍കിയത്.

കിണറ്റില്‍ വീണ് കാലിനും കൈയ്ക്കും പരിക്കേറ്റ ഭാര്യയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിനും പരിക്കുണ്ട്. ദമ്പതികള്‍ തമ്മില്‍ വര്‍ഷങ്ങളായി വഴക്കും കുടുംബപ്രശ്‌നങ്ങളുമുണ്ടെന്ന് പൊലീസ് പറയുന്നു. മദ്യപിച്ചെത്തി ഭര്‍ത്താവ് തന്നെ മര്‍ദിക്കുന്നതായി യുവതി ഏറ്റുമാനൂര്‍ പൊലീസിലും വനിതാ സെല്ലിലും മുന്‍പേ തന്നെ പരാതി കൊടുത്തിട്ടുണ്ട്.

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെയും മക്കളെയും ഉപേക്ഷിച്ചു പോയെന്നും പിന്നീട് വാര്‍ഡ് കൗണ്‍സിലര്‍ ഇടപെട്ടു തനിക്കും മക്കള്‍ക്കുമായി വാടകവീട് എടുത്തു നല്‍കിയെന്നും യുവതി പറയുന്നു. പ്രശ്‌നങ്ങള്‍ പറഞ്ഞ് അവസാനിപ്പിച്ച് യുവാവ് വീണ്ടും കുടുംബത്തോടൊപ്പം താമസം തുടങ്ങിയെങ്കിലും പ്രശ്‌നങ്ങള്‍ വീണ്ടും തുടര്‍ന്നതായി പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് പെണ്‍ സുഹൃത്തിനെയും കൂട്ടിയെത്തി കിണറ്റില്‍ തള്ളിയിട്ടതെന്നും യുവതി പറഞ്ഞു. യുവതിയുടെ മൊഴി രേഖപ്പെടുത്തുമെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഏറ്റുമാനൂര്‍ പൊലീസ് അറിയിച്ചു.

റിയാലിറ്റി ഷോ വിജയി മരിച്ചെന്ന വ്യാജ വാര്‍ത്ത; സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞെന്ന് പൊലീസ്, അന്വേഷണം

റിയാലിറ്റി ഷോ വിജയി മരിച്ചെന്ന വ്യാജ വാര്‍ത്ത; സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞെന്ന് പൊലീസ്, അന്വേഷണം

കൊച്ചി: റിയാലിറ്റി ഷോയിലെ വിജയിയായ എട്ടു വയസ്സുകാരനായ ഗായകന്‍ അവിര്‍ഭാവ് മരിച്ചതായി വ്യാജ വാര്‍ത്ത പ്രചരിച്ചതില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അവിര്‍ഭാവിന്റെ പിതാവ് കെ എസ് സജിമോന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഓണ്‍ലൈനിലാണ് വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നത്.

ഇടുക്കി സ്വദേശിയായ എട്ടു വയസ്സുകാരന്‍ എസ് ആവിര്‍ഭാവ് നിലവില്‍ അങ്കമാലിക്ക് സമീപം നായത്തോട് കുടുംബസമേതം താമസിച്ചു വരികയാണ്. ആവിര്‍ഭാവ് മരിച്ചതായുള്ള ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടെയുള്ള വ്യാജ വാര്‍ത്തകള്‍ മാര്‍ച്ച് അവസാന വാരത്തിലാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നത്.

വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച നിരവധി ഫെയ്‌സ്ബുക്ക് പേജുകളും യൂട്യൂബ് ചാനലുകളും തിരിച്ചറിഞ്ഞിട്ടുണ്ട്. ഉള്ളടക്കം നീക്കം ചെയ്യാന്‍ ഫെയ്‌സ്ബുക്കിനും യൂട്യൂബിനും അറിയിപ്പ് നല്‍കിയിട്ടുണ്ട് എന്നും പൊലീസ് അറിയിച്ചു. വഞ്ചിക്കുകയെന്ന ഉദ്ദേശ്യത്തോടെ വ്യാജരേഖ ചമച്ചതിന് ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 336(4) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ജാമ്യമില്ലാ കുറ്റമാണിത്.

കൂടാതെ ആശയവിനിമയ മാധ്യമങ്ങളിലൂടെ ശല്യമുണ്ടാക്കിയതിന് കേരള പൊലീസ് ആക്ടിലെ സെക്ഷന്‍ 120(o) പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതായി തിരിച്ചറിഞ്ഞ എഫ്ബി പേജുകളും ചാനലുകളും കൈകാര്യം ചെയ്യുന്നവരെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കാനും പൊലീസ് ആലോചിക്കുന്നു.

ഓണ്‍ലൈന്‍ ട്രാഫിക്കും പരസ്യ വരുമാനവും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യാജ പോസ്റ്റുകള്‍ സൃഷ്ടിച്ചതെന്ന് കരുതുന്നതായി ആവിര്‍ഭാവിന്റെ പിതാവ് സജിമോന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. മാര്‍ച്ച് 20 ന് ശേഷമാണ് വ്യാജ വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. വാര്‍ത്ത ആദ്യം പോസ്റ്റ് ചെയ്ത ചാനലിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സജിമോന്‍ കൂട്ടിച്ചേര്‍ത്തു.2023 ല്‍ ഒരു പ്രമുഖ ടിവി ചാനലില്‍ സംപ്രേഷണം ചെയ്ത ദേശീയ തലത്തിലുള്ള റിയാലിറ്റി ഷോയിലാണ് ആവിര്‍ഭാവ് വിജയിച്ചത്. ക്ലാസിക് ഹിന്ദി ഗാനങ്ങളുടെ ശ്രദ്ധേയമായ ആലാപനത്തിലൂടെ റിയാലിറ്റി ഷോയില്‍ വിജയിയാകുമ്പോള്‍ ആവിര്‍ഭാവിന് വെറും ഏഴ് വയസ്സായിരുന്നു പ്രായം. ആവിര്‍ഭാവിന്റെ സഹോദരിക്കും സംഗീത പശ്ചാത്തലമുണ്ട്, 2018 ല്‍ ഒരു തെലുങ്ക് റിയാലിറ്റി ഷോയില്‍ രണ്ടാം സ്ഥാനക്കാരിയായിരുന്നു.

ഉണങ്ങിയ ഇലകള്‍ കത്തിക്കുന്നതിന് നിരോധനം; ജൈവ വളമാക്കി റാന്നി പഞ്ചായത്ത്, സംസ്ഥാനത്ത് ആദ്യം

ഉണങ്ങിയ ഇലകള്‍ കത്തിക്കുന്നതിന് നിരോധനം; ജൈവ വളമാക്കി റാന്നി പഞ്ചായത്ത്, സംസ്ഥാനത്ത് ആദ്യം

പത്തനംതിട്ട: പരിസ്ഥിതി സംരക്ഷണത്തില്‍ പുത്തന്‍ ചുവടുവെയ്പാകുകയാണ് പത്തനംതിട്ട ജില്ലയിലെ റാന്നി ഗ്രാമപഞ്ചായത്ത്. ഉണങ്ങിയ ഇലകള്‍ കത്തിക്കുന്നത് നിരോധിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. പകരം ഉണങ്ങിയ ഇലകള്‍ ജൈവവളമാക്കി മാറ്റും.

വായു മലിനീകരണം കുറയ്ക്കുന്നതിനും സുസ്ഥിര രീതികള്‍ പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വീടുതോറും കയറി പ്ലാസ്റ്റിക്, മറ്റ് അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്ന ഹരിത കര്‍മ്മ സേന അംഗങ്ങളെ ഉണങ്ങിയ ഇലകള്‍ ചാക്കുകളില്‍ ശേഖരിക്കാന്‍ പഞ്ചായത്ത് ചുമതലപ്പെടുത്തി.

ഉണങ്ങിയ ഇലകള്‍ ശേഖരിക്കുന്നതിനായി പഞ്ചായത്ത് ഇതിനോടകം 1,000ത്തിലധികം പ്രത്യേകം ചാക്കുകള്‍ വിതരണം ചെയ്തു. ശേഖരിച്ചു കഴിഞ്ഞാല്‍, ഇലകള്‍ വളമാക്കി മാറ്റുന്ന യൂണിറ്റിന് കൈമാറുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ പ്രകാശ് പറഞ്ഞു.

ഉണങ്ങിയ ഇലകള്‍ കത്തിക്കുന്നത് മൂലമുണ്ടാകുന്ന വിഷാംശം, അവ പതിവായി കത്തിക്കുന്ന സ്ഥലത്തെ ഈര്‍പ്പം നഷ്ടപ്പെടല്‍, മണ്ണിന്റെ ഘടനയിലെ മാറ്റങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ ഘടകങ്ങള്‍ പരിഗണിച്ച ശേഷമാണ് പഞ്ചായത്ത് ഈ സംരംഭം നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഉണങ്ങിയ ഇലകള്‍ കത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം അറിയിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്താനും ആലോചിക്കുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

കൊക്കോപീറ്റ് കമ്പോസ്റ്റിന് പകരം

റാന്നിയില്‍ വളപ്രയോഗ യൂണിറ്റ് നടത്തുന്ന കര്‍ഷകനായ സജി എബ്രഹാമിനെയാണ് ഉണങ്ങിയ ഇലകളില്‍ നിന്ന് വളം നിര്‍മ്മിക്കാനുള്ള ചുമതല പഞ്ചായത്ത് ഏല്‍പ്പിച്ചിരിക്കുന്നത്. ഉണങ്ങിയ ഇലകള്‍ക്കൊപ്പം മത്സ്യ മാലിന്യങ്ങളും പ്രാദേശികമായി ലഭിക്കുന്ന മറ്റ് വസ്തുക്കളും ഉപയോഗിച്ചാണ് ഴല നിര്‍മ്മാണം.

ഉണങ്ങിയ ഇലകള്‍ കൊണ്ടുള്ള വളം മണ്ണിനെ മൃദുവാക്കുന്നതായും, കൊക്കോപീറ്റ് കമ്പോസ്റ്റിന് തുല്യമായ ഗുണനിലവാരമുള്ളതാണെന്നും പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. ‘ഉണങ്ങിയ ഇല കൊണ്ടുള്ള വളം ‘സക്‌സസ്’ എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്തിട്ടുണ്ട്. ചക്ക അവശിഷ്ടം മുതല്‍ കോഴി വേസ്റ്റ്, ചാണകം എന്നിവയെല്ലാം വളത്തിനായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.