by Midhun HP News | Sep 18, 2026 | Latest News, കേരളം
വടക്കാഞ്ചേരി: മുണ്ടൂരിൽ നിന്ന് കാണാതായ പിക്കപ്പ് വാൻ ഡ്രൈവറായ മധ്യവയസ്കൻറെ മൃതദേഹം വടക്കാഞ്ചേരിയിലെ വനത്തിനുള്ളിൽ ക്രൂരമായി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കിള്ളിമംഗലം മഞ്ഞക്കാട്ടിൽ തൊടിവീട്ടിൽ ബാബു (52) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് കാടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തെത്തിയ ബന്ധുക്കൾ മൃതദേഹം ബാബുവിന്റേതാണെന്ന് തിരിച്ചറിഞ്ഞു. ഒരു കരാറുകാരന്റെ കീഴിൽ പിക്കപ്പ് വാൻ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ബാബു.

മുണ്ടൂരിൽ കരാറുകാരന്റെ നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന സ്ഥലത്തുനിന്നാണ് വ്യാഴാഴ്ച മുതൽ ബാബുവിനെ ദുരൂഹ സാഹചര്യത്തിൽ കാണാതാകുന്നത്. തുടർന്ന് ബന്ധുക്കൾ പേരാമംഗലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിലും അന്വേഷണത്തിലുമാണ് ബാബു സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ വട്ടായി വനമേഖലയോട് ചേർന്ന് അനാഥമായി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് വടക്കാഞ്ചേരി പോലീസും പേരാമംഗലം പോലീസും നാട്ടുകാരും സഹപ്രവർത്തകരും ബന്ധുക്കളും ചേർന്ന് കാടിനുള്ളിലേക്ക് തിരച്ചിൽ വ്യാപിപ്പിക്കുകയായിരുന്നു.

വിപുലമായ തിരച്ചിലിനൊടുവിൽ വാഹനത്തിന് സമീപത്തെ വനത്തിനുള്ളിൽ ബാബുവിന്റെ മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി തെളിവുകൾ ശേഖരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.


by Midhun HP News | Sep 18, 2026 | Latest News, കേരളം
കോട്ടയം: മണിമലയിൽ റബർ തോട്ടത്തിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ പ്രാദേശിക പഞ്ചായത്തംഗം ഉൾപ്പെടെ ആറുപേരെ മണിമല പൊലീസ് അറസ്റ്റ് ചെയ്തു. മണിമല കരിക്കാട്ടൂർ സ്വദേശി ഷിബു ഖാൻ (48) ആണ് മരിച്ചത്. മണിമല ഗ്രാമപഞ്ചായത്ത് അംഗമായ ജോജി ജോൺ, കൂട്ടാളികളായ ഷിബിൻ സാം, അമൽ രാജ്, ജോബിൻ രാജൻ, കിരൺ, നിഖിൽ അയ്യപ്പൻ എന്നിവരെയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിനും നിർണ്ണായക തെളിവുകൾ ശേഖരിച്ചതിനും ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പൊലീസ് നൽകുന്ന വിവരമനുസരിച്ച്, കഴിഞ്ഞ ചൊവ്വാഴ്ച ഷിബു ഖാനും സുഹൃത്തും ചേർന്ന് പഞ്ചായത്തംഗമായ ജോജി ജോണിന്റെ വീട്ടിൽ അതിക്രമിച്ചുകയറിയിരുന്നു. തുടർന്ന് മാനസിക വെല്ലുവിളി നേരിടുന്ന ജോജിയുടെ മാതാവിനെ ഇവർ ഉപദ്രവിച്ചതായും ആരോപണമുണ്ട്. ഈ വിവരമറിഞ്ഞ ജോജിയും സുഹൃത്തുക്കളും സംഘടിച്ചെത്തി ഷിബു ഖാനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

മർദ്ദനം നടന്ന് അടുത്ത ദിവസമായ ബുധനാഴ്ചയാണ് ഷിബു ഖാനെ മണിമലയിലെ ഒരു റബർ തോട്ടത്തിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുൻപ് മർദ്ദനമേറ്റ കാര്യം അറിയാമായിരുന്ന നാട്ടുകാർ മരണത്തിൽ അസ്വാഭാവികതയും ബാഹ്യ ഇടപെടലുകളും ആരോപിച്ച് തുടക്കത്തിലേ രംഗത്തെത്തിയിരുന്നു.
വ്യാഴാഴ്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് നടത്തിയ വിശദമായ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് മരണത്തിന്റെ യഥാർത്ഥ കാരണം വെളിപ്പെട്ടത്. ഷിബു ഖാന്റെ ശരീരത്തിനേറ്റ ക്രൂരമായ മർദ്ദനത്തിൽ ആന്തരികാവയവങ്ങൾക്ക് സംഭവിച്ച ഗുരുതരമായ ക്ഷതമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടം കണ്ടെത്തലുകൾ പുറത്തുവന്നതോടെ മണിമല പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയും പഞ്ചായത്തംഗം ഉൾപ്പെടെയുള്ള ആറുപേരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അറസ്റ്റിലായ മുഴുവൻ പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.


by Midhun HP News | Sep 18, 2026 | Latest News, കേരളം
തിരുവനന്തപുരം: വർക്കലയിൽ വീട്ടിൽ നിന്ന് സ്വർണമോതിരം മോഷ്ടിച്ചെന്ന പരാതിയിൽ രണ്ടുപേരെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുന്നിയൂർ സ്വദേശി ബൈഷി, ശിവഗിരി സ്വദേശി ഷൈൻ എന്നിവരാണ് അറസ്റ്റിലായത്.

വർക്കല നടയറ പണയിൽ വീട്ടിൽ ഷെമിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഷെമിന്റെ സുഹൃത്താണ് അറസ്റ്റിലായ ബൈഷി. ഇയാൾ സ്ഥിരമായി ഷെമിനിന്റെ വീട്ടിൽ സന്ദർശിക്കാറുണ്ടായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.
ഷെമിനിന്റെ വീട്ടിലെ കിടപ്പുമുറിയിലെ തടി അലമാരയിൽ സൂക്ഷിച്ചിരുന്ന 7.9 ഗ്രാം തൂക്കമുള്ള സ്വർണമോതിരം ബൈഷി മോഷ്ടിക്കുകയും തുടർന്ന് സുഹൃത്തായ ഷൈൻ മുഖേന പണയം വയ്ക്കുകയും ചെയ്തതായാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

അറസ്റ്റിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കി. വിശ്വാസവഞ്ചന നടത്തി പണം തട്ടിയെന്ന പരാതികൾ ബൈഷിക്കെതിരെ വർക്കല, കല്ലമ്പലം പൊലീസ് സ്റ്റേഷനുകളിലും നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.


by Midhun HP News | Sep 18, 2026 | Latest News, കേരളം
കൊച്ചി: കൊച്ചിയില്‍ ഇതരസംസ്ഥാനക്കാരായ സ്ത്രീകളെ വിവസ്ത്രരാക്കി വന്‍ കവര്‍ച്ച. പാലാരിവട്ടം സംസ്കാര ജങ്ഷനുസമീപമുള്ള വാടകവീട്ടില്‍ താമസിക്കുന്ന ബംഗാള്‍, അസം സ്വദേശികളെ ഭീഷണിപ്പെടുത്തിയാണ് പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നത്.

അഞ്ചുപേരടങ്ങുന്ന സംഘമാണ് ഇന്നലെ പുലര്‍ച്ചെ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന വീട്ടില്‍ അതിക്രമിച്ചുകയറി കവര്‍ച്ച നടത്തിയത്. പണവും സ്വര്‍ണാഭരണങ്ങളും മൊബൈല്‍ഫോണുകളും അടക്കം 6.05 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് ഇതരസംസ്ഥാനക്കാരാണ് വാടകവീട്ടില്‍ കഴിഞ്ഞിരുന്നത്. നഗരത്തില്‍ ഹോട്ടലുകളില്‍ ജോലി ചെയ്ത് ജീവിക്കുന്നവരാണ്. മാരകായുധങ്ങളുമായി പ്രതികള്‍ അതിക്രമിച്ച് കടന്നശേഷം കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു.
തൊഴിലാളിളില് നിന്ന് 1,20,000 രൂപ, 3,05,000 വിലവരുന്ന പത്ത് മൊബെല്‍ ഫോണുകള്‍, തിരിച്ചറിയല്‍ കാര്‍ഡ്, എടിഎം കാര്‍ഡ് എന്നിവ കവര്‍ന്നു. തൊഴിലാളികളില്‍ ഒരാളെ ഭീഷണിപ്പെടുത്തി ഓണ്‍ലൈനിലൂടെ 12,000 രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. തുടര്‍ന്ന് സ്ത്രീകളെ വിവസ്ത്രരാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്.

അരഞ്ഞാണവും മറ്റും ധരിച്ചിരുന്നോയെന്നറിയാനാണ് സ്ത്രീകളുടെ വസ്ത്രം അഴിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. 1,20,000 രൂപ വിലവരുന്ന സ്വര്‍ണമാലയും 60,000 രൂപ വിലവരുന്ന ഒരു ജോഡി സ്വര്‍ണക്കമ്മലും കവര്‍ന്നു. അര്മാന് അലി (23), രാജ ബാബു (26), ഇന്ദേജര്‍ (25), ഫിസ്ദുള്‍ ഹഖ് എന്നിവരാണ് സ്ത്രീകള്‍ക്ക് പുറമേ കവര്‍ച്ചക്കിരയായവര്‍. ഫിസ്ദുള്‍ ഹഖിന്റെ പരാതിയില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തു. കവര്‍ച്ചാസംഘത്തിലുള്ള രണ്ടുപേര്‍ ഒഴികെയുള്ളവര്‍ മലയാളികളാണെന്നാണ് സൂചന.


by Midhun HP News | Sep 18, 2026 | Latest News, കേരളം
കല്‍പ്പറ്റ: അബ്കാരി കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന് ജാമ്യമില്ല. ബത്തേരി കോടതിയാണ് ജാമ്യം നിഷേധിച്ചത്. ഇതോടെ ആന്റോ അഗസ്റ്റിന് മാനന്തവാടി ജില്ലാ ജയിലില്‍ തന്നെ തുടരും.
ജാമ്യം നിഷേധിച്ചതോടെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനായിരിക്കും എക്സൈ് നീക്കം. വിശദമായ ചോദ്യം ചെയ്യലിലാകും അളവില്‍ കവിഞ്ഞ മദ്യം കണ്ടെത്തിയതില്‍ ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുക.തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തര്‍ക്കങ്ങളുണ്ടെന്നും ആന്റോ അഗസ്റ്റിന് ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരുന്നു. വീട് തന്റെ പേരിലല്ലെന്നും, കേസില്‍പ്പെട്ടു കിടക്കുന്നതാണെന്നും, കോടതി അറ്റ്ച്ച്മെന്റിന്റെ പരിഗണനയിലുള്ളതിനാല്‍ തന്റെ പേരില്‍ കേസെടുക്കാനാകില്ലെന്നും ആന്റോ വാദിച്ചിരുന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ നികുതി അടച്ചതു പ്രകാരം ആ വീട് ഇപ്പോഴും ആന്റോയുടെ പേരില്‍ തന്നെയാണെന്നാണ് പ്രോസിക്യൂഷന് വാദിച്ചത്.


ആന്റോയുടെ വീട്ടില്‍ എക്സൈസ് നടത്തിയ റെയ്ഡില്‍, 138 കുപ്പികളിലായി അനധികൃതമായി സൂക്ഷിച്ച 67 ലിറ്റര്‍ മദ്യമാണ് പിടിച്ചെടുത്തത്. പിടികൂടിയ മദ്യത്തില്‍ 12.75 ലിറ്റര്‍ വ്യാജമദ്യമാണെന്നും എക്സൈസ് കോടതിയെ അറിയിച്ചു. എന്നാല്‍ അത് വ്യാജമദ്യമല്ലെന്നും, ഹോം മെയ്ഡ് വൈനാണെന്നും ആന്റോ അഗസ്റ്റില്‍ കോടതിയില്‍ വാദിച്ചു. ശാസ്ത്രീയ പരിശോധന നടത്താതെ, വ്യാജമദ്യമാണെന്ന് പറയുന്നത് തനിക്കെതിരായ ഗൂഢാലോചനയുടെ ഫലമാണെന്നും ആന്റോ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.


by Midhun HP News | Sep 18, 2026 | Latest News, കേരളം
തിരുവനന്തപുരം: തായ്ലൻ്റിന് സമീപം കടലിൽ ന്യൂനമർദം രൂപപ്പെടുന്ന സാഹചര്യത്തിൽ ദക്ഷിണേന്ത്യയിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകർ. സംസ്ഥാനത്ത് 20 മുതൽ 26 വരെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. 25 ന് ശേഷം ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയും പ്രതീക്ഷിക്കാം.




Recent Comments