by Midhun HP News | Apr 10, 2025 | Latest News, കേരളം
കൊച്ചി: കൊച്ചിക്ക് ഇനി വികസന വസന്തം. ആഗോള സമുദ്ര വാണിജ്യ ഭീമന്മാര്‍ക്ക് വേണ്ടി കൂറ്റന്‍ എണ്ണ ടാങ്കറുകളും കണ്ടെയ്‌നര്‍ ഷിപ്പുകളും കാര്‍ഗോ കപ്പലുകളും ഇനി കൊച്ചിയില്‍ നിര്‍മ്മിക്കും. കപ്പല്‍ നിര്‍മാണ മേഖലയിലെ ആഗോള ഭീമന്മാര്‍ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കും. പതിനായിരക്കണക്കിന് കോടിയുടെ നിക്ഷേപം കൊച്ചിയെ സമ്പന്നയാക്കും. ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.
ആഗോള സമുദ്ര വാണിജ്യ, തുറമുഖ ടെര്‍മിനല്‍ നടത്തിപ്പുകാരായ ദുബായ് പോര്‍ട്ട് വേള്‍ഡിന്റെ ഉപസ്ഥാപനമായ ഡ്രൈഡോക്‌സ് വേള്‍ഡുമായി കൊച്ചി ഷിപ്‌യാര്‍ഡ് ചൊവ്വാഴ്ച ഒപ്പിട്ട ധാരണാപത്രം കൊച്ചിയെ അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രമായി വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്. 2024 ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഇന്റര്‍നാഷണല്‍ ഷിപ് റിപ്പയര്‍ ഫെസിലിറ്റി (ISRF) വികസിപ്പിച്ചു വമ്പന്‍ കപ്പലുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നടത്തുന്ന ഷിപ് റിപ്പയര്‍ കേന്ദ്രം സ്ഥാപിക്കാനാണ് കൊച്ചി കപ്പല്‍ശാല ഡ്രൈ ഡോക്‌സ് വേള്‍ഡുമായി കരാര്‍ ഒപ്പിട്ടത്. ദുബായ് രാജകുമാരനും യുഎഇ ഉപ പ്രധാനമന്ത്രിയുമായ ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂമിന്റെയും കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയലിന്റെയും സാന്നിധ്യത്തില്‍ ആയിരുന്നു കരാര്‍ ഒപ്പിട്ടത്.
കൊച്ചി കപ്പല്‍ശാലയില്‍ നിലവിലുള്ള അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തിയും ആഗോള കപ്പല്‍ നിര്‍മാണ വ്യവസായത്തിലെ ആധുനിക സാങ്കേതികത ലഭ്യമാക്കിയും കൊച്ചിയെ അന്താരാഷ്ട്ര നിലവാരത്തിലുള്ള കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രമാക്കാനാണ് കരാര്‍ ലക്ഷ്യമിടുന്നത്.
കൊച്ചി പോര്‍ട്ട് അതോറിറ്റിയില്‍ നിന്ന് പാട്ടത്തിനെടുത്ത വില്ലിങ്ടണ്‍ ദ്വീപിലെ ഭൂമിയില്‍ സ്ഥാപിച്ച അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രത്തില്‍ കൊച്ചി കപ്പല്‍ശാല ആറു വര്‍ക്ക് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ സ്ഥാപിച്ചിട്ടുള്ള ഷിപ് ലിഫ്റ്റിന് 6000 ടണ്‍ ഭാരവും 135 മീറ്റര്‍ നീളവും 25 വീതിയും ഉള്ള കപ്പലുകള്‍ ഉയര്‍ത്താന്‍ സാധിക്കും. മറ്റു കപ്പല്‍ ശാലകളുമായി ചേര്‍ന്ന് ഓഫ്‌ഷോര്‍ ഫാബ്രിക്കേഷന്‍ സംവിധാനം നിര്‍മിക്കാനും കൊച്ചി കപ്പല്‍ ശാലയ്ക്ക് പദ്ധതിയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 25000 കോടി രൂപയുടെ മാരിടൈം വികസന ഫണ്ട് ഉപയോഗപ്പെടുത്തി അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നു.
by Midhun HP News | Apr 10, 2025 | Latest News, കേരളം
എംപുരാന് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നോബഡി എന്നു പേരിട്ടിക്കുന്ന സിനിമയുടെ സംവിധാനം നിസാം ബഷീർ ആണ്. കൊച്ചി വില്ലിങ്ടൺ ഐലൻഡിൽ വച്ച് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു. മമ്മൂട്ടി നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രം റോഷാക്കിനു ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഇ4 എന്റർടെയ്ൻമെന്റ്സും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് നിര്‍മാണം. സമീർ അബ്ദുൾ തിരക്കഥ ഒരുക്കുന്നു.
ആസിഫ് അലി നായകനായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രമാണ് നിസാം ബഷീർ ആദ്യം സംവിധാനം ചെയ്ത ചിത്രം. ഇബിലീസ്, റോഷാക്ക്, അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ എന്നീ സിനിമകൾക്ക് തിരക്കഥയൊരുക്കിയ ആളാണ് സമീർ അബ്ദുൾ. പാർവതി തിരുവോത്ത് ആണ് ‘നോബഡി’യിൽ പൃഥ്വിരാജിന്റെ നായിക.
‘എന്ന് നിന്റെ മൊയ്തീൻ’, ‘കൂടെ’, ‘മൈ ലവ് സ്റ്റോറി’ എന്നീ സിനിമകൾക്കു ശേഷം ഇരുവരും വീണ്ടും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. അശോകൻ, മധുപാൽ, ഹക്കിം ഷാജഹാൻ, ലുക്മാൻ അവറാൻ, ഗണപതി, വിനയ് ഫോർട്ട് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം ദിനേശ് പുരുഷോത്തമൻ. സംഗീതം ഹർഷവർധൻ. മോഹൻലാൽ നായകനായെത്തിയ എംപുരാൻ ആണ് പൃഥ്വിരാജിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.
by Midhun HP News | Apr 10, 2025 | Latest News, കേരളം
സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കെസിബിസി. മയക്കുമരുന്നുകളുടെ മറവില്‍ മദ്യഷാപ്പുകളെ മാന്യവല്‍ക്കരിക്കുന്നുവെന്നും, എരിതീയില്‍ എണ്ണയൊഴിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റെത് എന്നുമാണ് വിമര്‍ശനം. ലഹരിക്കെതിരെയുള്ള ചര്‍ച്ചകളില്‍ നിന്നും കെസിബിസിയെ മാറ്റി നിര്‍ത്തുന്നുവെന്നും കെസിബിസി മദ്യവിരുദ്ധ സമിതി പറയുന്നു.
സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ കടുത്ത വിമര്‍ശനവുമായാണ് കെസിബിസി രംഗത്ത് എത്തിയിരിക്കുന്നത്. മാരക രാസ-മയക്കുമരുന്നുകളുടെ മറവില്‍ മദ്യശാലകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിക്കുകയും മാന്യവത്ക്കരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നയത്തെ അംഗീകരിച്ചുകൊടുക്കാനാവില്ലെന്നാണ് കെസിബിസി മദ്യ-ലഹരിവിരുദ്ധ സമിതി പ്രസ്താവനയില്‍ പറയുന്നത്. എരിതീയില്‍ എണ്ണയൊഴിക്കുന്ന മദ്യനയമാണ് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത് – കെസിബിസി വിമര്‍ശിക്കുന്നു.
ലഹരിയുടെ പട്ടികയില്‍ നിന്നും മദ്യത്തെ ലളിതവത്ക്കരിക്കുന്നത് നികുതി വരുമാനം ലക്ഷ്യംവച്ചാണെന്നും ഡ്രൈ ഡേ പൂര്‍ണ്ണമായും പിന്‍വലിക്കുന്നതിനുള്ള ‘ടെസ്റ്റ് ഡോസ്’ ആണ് ത്രീ സ്റ്റാറിന് മുകളിലുള്ള ബാറുകള്‍ക്കുള്ള ഇളവുകള്‍ എന്നും വ്യക്തമാക്കുന്നുണ്ട്.
ഒരു വശത്ത് ലഹരിക്ക് എതിരാണെന്ന് പ്രചരിപ്പിക്കുകയും മറുവശത്ത് മദ്യലഹരിയെ ഉദാരവല്‍ക്കരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നയം ഇരട്ടത്താപ്പാണെന്നും പ്രസ്താവനയില്‍ പറയുന്നു. സര്‍ക്കാര്‍ മദ്യ നയത്തിനെതിരെ പ്രതിഷേധം തീര്‍ക്കാനാണ് കെ സി ബി സിയുടെ തീരുമാനം. കൂടാതെ ലഹരിക്കെതിരെയുള്ള സര്‍ക്കാരിന്റെ ചര്‍ച്ചകളില്‍ നിന്നും കെസിബിസിയെ ഒഴിവാക്കുന്നുവെന്നും കെ സി ബിസിസി മദ്യ ലഹരി വിരുദ്ധ സമിതി ആരോപിക്കുന്നു.
by Midhun HP News | Apr 10, 2025 | Latest News, കേരളം
തൃശൂര്‍: ജാതി വിവേചനത്തിന് പിന്നാലെ കഴകക്കാരന്‍ രാജിവച്ച ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിലേക്ക് പുതിയ നിയമനം നടത്താന്‍ നടപടി തുടങ്ങി. ഇത്തവണയും ഈഴവ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥിക്കാണ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അഡ്വൈസ് മെമ്മോ അയച്ചിരിക്കുന്നത്. ജാതി വിവേചനത്തെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി ബി എ ബാലു രാജിവെച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. പട്ടികയിലെ അടുത്ത ഊഴക്കാരനായ ചേര്‍ത്തല സ്വദേശി കെ എസ് അനുരാഗിനാണ് അഡ്വൈസ് മെമ്മോ അയച്ചത്.
നിയമപ്രകാരം അടുത്ത ഊഴവും ഈഴവ ഉദ്യോഗാര്‍ത്ഥിയുടേതാണ് അഡ്വൈസ് മെമ്മോ പ്രകാരം നിയമിക്കേണ്ടത് കൂടല്‍മാണിക്യം ദേവസ്വമാണ്. വിവാദ വിഷയമായതിനാല്‍ പ്രതിഷേധം ഉള്‍പ്പെടെ ഒഴിവാക്കാന്‍ ദേവസ്വം ഭരണസമിതിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തേക്കും.
അതേസമയം, കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തന്ത്രിമാര്‍ ആവശ്യപ്പെടുന്ന ജാതി പരിഗണന അംഗീകരിക്കില്ലെന്ന് വ്യക്തമാക്കുകയാണ് ദേവസ്വം ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ്. ഓപ്പണ്‍ കാറ്റഗറി പ്രകാരമാണ് ബാലുവിന് നിയമനം നല്‍കിയത്. അടുത്തത് കമ്മ്യൂണിറ്റി നിയമനമാണ്. ഇതിലാണ് അനുരാഗിന് അഡ്വൈസ് മെമ്മോ നല്‍കിയിരിക്കുന്നത്. അപ്പോയ്‌മെന്റ് ഓര്‍ഡര്‍ ദേവസ്വം ബോര്‍ഡ് വേഗത്തില്‍ തന്നെ കൊടുക്കേണ്ടതാണ് അതിനു കാലതാമസം വരുമെന്ന് കരുതുന്നില്ലെന്നും മോഹന്‍ദാസ് പ്രതികരിച്ചു.
by Midhun HP News | Apr 10, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഒറ്റയടിക്ക് 2160 രൂപ വര്‍ധിച്ചതോടെ പവന്‍ വില വീണ്ടും 66,480 ല്‍ എത്തി. ഗ്രാമിന് 270 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 8560 രൂപയാണ്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം തേടി ആളുകള്‍ കൂടുതലായി സ്വര്‍ണത്തിലേക്ക് ഒഴുകിയെത്തിയതാണ് വില കൂടാന്‍ കാരണം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ അമേരിക്ക പകരച്ചുങ്കം ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് വിപണിയിലെ മാറ്റം.
തുടര്‍ച്ചയായ അഞ്ച് ദിവസത്തെ വിലയിടിവിന് ശേഷം ഇത് രണ്ടാം ദിവസമാണ് സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടാകുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.
by Midhun HP News | Apr 10, 2025 | Latest News, കേരളം
പത്തനംതിട്ടയിൽ കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരൻ. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. കായംകുളം സ്വദേശി നൗഫൽ ആണ് പ്രതി.
2020 സെപ്റ്റംബർ അഞ്ചിനാണ് കോവിഡ് കെയർ സെന്ററിലേക്ക് കൊണ്ടുപോകും വഴി ആറന്മുളയിലെ മൈതാനത്ത് വെച്ച് ആംബുലൻസിൽ ഇയാൾ രോഗിയെ പീഡിപ്പിക്കുന്നത്. വരും ദിവസങ്ങളിലായി പ്രതിയുടെ ശിക്ഷ വിധിക്കും. പൊലീസിന്റെ പ്രാഥമിക കണ്ടെത്തലിൽ തന്നെ പ്രതിക്കെതിരായ തെളിവുകൾ കണ്ടെത്തിയിരുന്നു. നീണ്ടകാലത്തെ വാദ പ്രതിവാദങ്ങൾക്കൊടുവിലാണ് പ്രതി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. പ്രതി നൗഫലിന് മാതൃകാപരമായ ശിക്ഷ നൽകണമെന്നാണ് പ്രോസിക്യുഷന്റെ ആവശ്യം.
കനിവ് 108 ആംബുലൻസ് ഡ്രൈവറായിരുന്നു നൗഫൽ. പത്തനംതിട്ട നഗരത്തില്‍ നിന്ന് കോഴഞ്ചേരിയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടയിലായിരുന്നു പീഡനം. ആംബുലന്‍സില്‍ രണ്ടു യുവതികള്‍ ഉണ്ടായിരുന്നു. ഒരാളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇറക്കാനാണ് നിര്‍ദേശം നല്‍കിയിരുന്നത്. ഇതുപ്രകാരം ഒരു യുവതിയെ ആശുപത്രിയിലിറക്കി. തുടർന്ന് പീഡനത്തിനിരയായ 20 കാരിയുമായി ഇയാള്‍ കോവിഡ് കെയർ സെന്ററിലേക്ക് യാത്ര തുടര്‍ന്നു. യാത്രാമധ്യേ വിജനമായ സ്ഥലത്തെത്തിയപ്പോൾ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ആശുപത്രിയിലെത്തിയ ഉടനെ പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തി. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുകയും ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.
Recent Comments