കണ്ണനെ കണ്‍നിറയെ കണ്ടു തൊഴുത് ഗവര്‍ണറും പത്‌നിയും

കണ്ണനെ കണ്‍നിറയെ കണ്ടു തൊഴുത് ഗവര്‍ണറും പത്‌നിയും

ഗുരുവായൂര്‍: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. രാവിലെ ഏഴു മണിയോടെയാണ് ഗവര്‍ണര്‍ പത്‌നി അനഘ ആര്‍ലേക്കര്‍ക്കൊപ്പം ദര്‍ശനത്തിനെത്തിയത്. ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍ എന്നിവര്‍ ചേര്‍ന്ന് ഗവര്‍ണറെ സ്വീകരിച്ചു.

ദേവസ്വം ചെയര്‍മാന്‍ ഗവര്‍ണ്ണറെ പൊന്നാടയണിയിച്ചാണ് വരവേറ്റത്. തുടര്‍ന്ന് അദ്ദേഹത്തെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. ആദ്യം കൊടിമര ചുവട്ടില്‍ നിന്ന് ഗുരുവായൂരപ്പനെ തൊഴുതു. തുടര്‍ന്ന് നാലമ്പലത്തിലെത്തി പ്രാര്‍ത്ഥിച്ചു. ഗുരുവായൂരപ്പനെ കണ്‍നിറയെ കണ്ട ഗവര്‍ണര്‍ കാണിക്കയുമര്‍പ്പിച്ചു. ശ്രീലകത്തു നിന്ന് പ്രസാദം ഏറ്റുവാങ്ങി. ദര്‍ശന ശേഷം ചുറ്റമ്പലത്തിലെത്തി ഗവര്‍ണര്‍ പ്രദക്ഷിണം വെച്ചു തൊഴുതു.

കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയുമടങ്ങുന്ന ഗുരുവായൂരപ്പന്റെ പ്രസാദങ്ങള്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ ഗവര്‍ണര്‍ക്കും പത്‌നിക്കും നല്‍കി. തുടര്‍ന്ന് ഏഴരയോടെ ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തി അല്‍പ നേരം വിശ്രമിച്ച ശേഷമാണ് ഗവര്‍ണര്‍ മടങ്ങിയത്. ദേവസ്വത്തിന്റെ ഉപഹാരമായി ഭഗവാന്‍ ശ്രീകൃഷ്ണനും രുക്മിണി ദേവീയുമൊത്തുള്ള ചുമര്‍ചിത്രവും നിലവിളക്കും ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ സമ്മാനിച്ചു. വരവേല്‍പ്പിന് നന്ദി പറഞ്ഞ ഗവര്‍ണര്‍ ദേവസ്വം ചെയര്‍മാനെയും മറ്റും രാജ്ഭവനിലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടാണ് മടങ്ങിയത്.ഗവര്‍ണറായി ചുമതലയേറ്റശേഷം ഇതാദ്യമായാണ് രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഗുരുവായൂരിലെത്തുന്നത്.

സര്‍ക്കാര്‍ നഴ്‌സിങ് കോളജിലെ റാഗിങ്: പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് കോടതി

സര്‍ക്കാര്‍ നഴ്‌സിങ് കോളജിലെ റാഗിങ്: പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് കോടതി

കോട്ടയം: കോട്ടയം സര്‍ക്കാര്‍ നഴ്‌സിങ് കോളജിലെ റാഗിങ് കേസ് പ്രതികള്‍ക്ക് ജാമ്യം. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനവദിച്ചത്. സ്റ്റുഡന്റ് നഴ്‌സസ് അസോസിയേഷന്‍ (കെജിഎസ്എന്‍എ) സംസ്ഥാന സെക്രട്ടറി മലപ്പുറം വണ്ടൂര്‍ കരുമാറപ്പറ്റ കെ.പി.രാഹുല്‍ രാജ് (22), മൂന്നിലവ് വാളകം കരയില്‍ കീരിപ്ലാക്കല്‍ വീട്ടില്‍ സാമുവല്‍ ജോണ്‍സണ്‍ (20), വയനാട് നടവയലില്‍ പുല്‍പ്പള്ളി ഞാവലത്ത് എന്‍.എസ്.ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി വീട്ടില്‍ സി.റിജില്‍ ജിത്ത് (20), കോരിത്തോട് മടുക്ക നെടുങ്ങാട്ട് എന്‍.വി.വിവേക് (21) എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. പ്രതികളുടെ പ്രായവും മുന്‍പ് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടില്ലെന്നതും കണക്കിലെടുത്താണ് ജാമ്യം.

50 ദിവസത്തിലേറെയായി ജയിലില്‍ കിടക്കുന്ന വിദ്യാര്‍ഥികളുടെ പ്രായമടക്കം പരിഗണിച്ച് ജാമ്യം നല്‍കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കഴിഞ്ഞ നവംബര്‍ 4 മുതലായിരുന്നു കോട്ടയം സര്‍ക്കാര്‍ നഴ്‌സിങ് കോളജ് ഹോസ്റ്റലില്‍ 6 ജൂനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂര റാഗിങ്ങിനു ഇരയായത്. സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് മദ്യപിക്കാന്‍ പണം നല്‍കാത്തവരെ റാഗ് ചെയ്യുകയായിരുന്നു.

ഫ്രെബ്രുവരി 11 നാണ് പ്രതികള്‍ അറസ്റ്റിലായത്. പ്രതികള്‍ക്കെതിരെ ഭാരത നിയമ സംഹിതയിലെ 118ാം വകുപ്പ് (ആയുധം ഉപയോഗിച്ചുള്ള ദേഹോപദ്രവം), 308 (2) (ഭീഷണിപ്പെടുത്തി പണമോ വിലപിടിപ്പുള്ളതോ അപഹരിക്കുക), 351 (1) (കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുക) എന്നിവയും റാഗിങ് നിരോധന നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് പൊലീസ് കേസ് എടുത്തത്.

കേസില്‍ ഗാന്ധിനഗര്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കോളജിന്റെ ഭാഗത്തുനിന്നു ഗുരുതര വീഴ്ച സംഭവിച്ചിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. റാഗിങ്ങുമായി ബന്ധപ്പെട്ട് കോളജ് പ്രിന്‍സിപ്പല്‍ , ഹോസ്റ്റല്‍ വാര്‍ഡന്‍ എന്നിവര്‍ക്കെതിരെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

‘മനുഷ്യക്കടത്തിലെ പ്രതി’; പൊലീസ് ചമഞ്ഞ് വിര്‍ച്വല്‍ അറസ്റ്റ്, കോഴിക്കോട് വയോധികനില്‍നിന്ന് 8.80 ലക്ഷം രൂപ തട്ടി

‘മനുഷ്യക്കടത്തിലെ പ്രതി’; പൊലീസ് ചമഞ്ഞ് വിര്‍ച്വല്‍ അറസ്റ്റ്, കോഴിക്കോട് വയോധികനില്‍നിന്ന് 8.80 ലക്ഷം രൂപ തട്ടി

കോഴിക്കോട്: കോഴിക്കോട് വിര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പിലൂടെ വയോധികനില്‍ പണം തട്ടി. എലത്തൂര്‍ സ്വദേശിയായ ചാക്കുണ്ണി നമ്പ്യാര്‍ക്ക് 8.80 ലക്ഷം രൂപയാണ് നഷ്ടമായത്. മുംബൈയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന് പറഞ്ഞാണ് പണം തട്ടിയത്. ജോലി ചെയ്തിരുന്ന കാലത്ത് മനുഷ്യക്കടത്ത് നടത്തിയെന്ന പേരിലാണ് തട്ടിപ്പ് സംഘം വയോധികനെ ബന്ധപ്പെട്ടത്.

കേസിന് ആവശ്യമാ ബാങ്ക് രേഖകള്‍ അയച്ചു നല്‍കാനും ബാങ്ക് രേഖകള്‍ കൈക്കാലാക്കിയ സംഘം അക്കൗണ്ടില്‍ നിന്ന് പണം തട്ടുകയായിരുന്നു. ജനുവരിയിലാണ് തട്ടിപ്പ് നടന്നത്. മുംബൈയില്‍ ജലസേചന വകുപ്പില്‍ ജോലി ചെയ്തിരുന്ന സമയത്ത് വയോധികന് മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. ഡെപ്യൂട്ടി പൊലീസ് കമ്മീഷണറെന്ന പേരിലായിരുന്നു സന്ദേശം. കേസില്‍ നിന്നും ഒഴിവാക്കണമെങ്കില്‍ ബാങ്ക് രേഖകള്‍ അയച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ അയച്ചുനല്‍കിയതോടെയാണ് പണം നഷ്ടമായത്.

ബന്ധുക്കളടക്കം വിവരം അറിഞ്ഞപ്പോഴാണ് താന്‍ തട്ടിപ്പിന് ഇരയായെന്ന് മനസിലാക്കുന്നത്. തുടര്‍ന്ന് എലത്തൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം ലഭിച്ച പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭച്ചിട്ടുണ്ട്. തെലങ്കാനയിലെ അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

സർവീസ് ചാർജ് വാങ്ങിയിട്ടും ഫോൺ തകരാർ പരിഹരിച്ചില്ല; നഷ്ടപരിഹാരത്തിന് ഉത്തരവ്

സർവീസ് ചാർജ് വാങ്ങിയിട്ടും ഫോൺ തകരാർ പരിഹരിച്ചില്ല; നഷ്ടപരിഹാരത്തിന് ഉത്തരവ്

കൊച്ചി: സർവീസ് ചാർജ് ഈടാക്കിയിട്ടും ഫോൺ ശരിയാക്കി നൽകുന്നതിൽ വീഴ്ച വരുത്തിയ മൊബൈൽ റിപ്പയറിങ് സ്ഥാപനം ഉപഭോക്താവിന് തകരാർ പരിഹരിച്ച് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. കോടതി ചെലവ് നൽകണമെന്നും കമ്മിഷൻ ഉത്തരവിട്ടു.

പെന്റാ മേനകയിൽ പ്രവർത്തിക്കുന്ന സ്പീഡ് സർവീസസ് ആൻഡ് റിപ്പയറിങ് എന്ന സ്ഥാപനത്തിനെതിരെ എറണാകുളം അമ്പലമുകൾ സ്വദേശി കുര്യാക്കോസ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 2022 ഡിസംബറിലാണ് രണ്ട് ഐഫോണുകൾ നന്നാക്കുന്നതിന് പരാതിക്കാരൻ സ്ഥാപനത്തെ സമീപിച്ചത്. ആകെ 13,700 രൂപയും നൽകി. എന്നാൽ ഫോൺ ശരിയാക്കി നൽകാനോ തുക തിരികെ നൽകാനോ സ്ഥാപനം തയ്യാറായില്ല.

30 ദിവസത്തിനകം ഫോൺ റിപ്പയർ ചെയ്ത് പരാതിക്കാരന് നൽകണം. അതിന് കഴിയുന്നില്ലെങ്കിൽ പരാതിക്കാരനോട് സർവീസ് ചാർജായി വാങ്ങിയ തുക തിരികെ നൽകണം. പരാതിക്കാരൻ അനുഭവിച്ച മാനസിക ക്ലേശത്തിന് 5000 രൂപയും കേസ് നടത്തിപ്പിന്റെ ചെലവിലേക്കായി 3000 രൂപയും 45 ദിവസത്തിനകം നൽകാനും നിർദേശിച്ചിട്ടുണ്ട്. ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അം​ഗങ്ങളുമായ ബെ‍ഞ്ചിന്റേതാണ് ഉത്തരവ്.

ജാർഖണ്ഡ് സ്വദേശികളായഅച്ഛനമ്മമാർ ഐസിയുവിൽ ഉപേക്ഷിച്ചു പോയ കുഞ്ഞ് ഇനി കേരളത്തിന്റെ നിധി

ജാർഖണ്ഡ് സ്വദേശികളായഅച്ഛനമ്മമാർ ഐസിയുവിൽ ഉപേക്ഷിച്ചു പോയ കുഞ്ഞ് ഇനി കേരളത്തിന്റെ നിധി

ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാര്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച്‌ പോയ മൂന്നാഴ്ച മാത്രം പ്രായമായ പെണ്‍കുഞ്ഞിപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പൂര്‍ണ ആരോഗ്യവതിയാണ്.

ഒന്നര മാസത്തെ ചികിത്സയ്‌ക്ക് ശേഷം നാളെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും. ആശുപത്രി സൂപ്രണ്ടിന്റെ അഭ്യര്‍ത്ഥന മാനിച്ച്‌ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കുഞ്ഞിന് ‘നിധി’ എന്ന് പേരിട്ടു. ഓരോ കുഞ്ഞും അമൂല്യ സമ്ബത്താണ്, ഈ മകളും. അതുകൊണ്ടുതന്നെയാണ് ‘നിധി’ എന്ന പേരിട്ടത്.

കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്ബതികള്‍, പ്രസവത്തിനായി നാട്ടിലേക്ക് പോകുന്ന സമയത്താണ് ട്രെയിനില്‍ വച്ച്‌ ഭാര്യയ്‌ക്ക് അസ്വസ്ഥതകളുണ്ടായത്. തുടര്‍ന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഒരു കിലോയില്‍ താഴെ മാത്രം ഭാരമുള്ളതിനാല്‍ വിദഗ്ധ ചികിത്സയ്‌ക്കായി കുഞ്ഞിനെ അവര്‍ സ്വകാര്യ ആശുപത്രിയിലെ എന്‍ഐസിയുവിലേയ്‌ക്ക് മാറ്റി.

പിന്നീട് അച്ഛനേയും അമ്മയേയും കാണാതെയായി. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി വീണാ ജോര്‍ജ് കുഞ്ഞിന്റെ സംരക്ഷണവും ചികിത്സയും ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച്‌ വിദഗ്ധ പരിചരണം ഉറപ്പാക്കി. കുഞ്ഞിന്റെ ചികിത്സയ്‌ക്ക് സ്വകാര്യ ആശുപത്രിയില്‍ ചെലവായ തുക ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിശ്ചയിക്കുന്ന പ്രകാരം വനിത ശിശുവികസന വകുപ്പിന്റെ ബാലനിധിയിലൂടെ അനുവദിക്കാനും തീരുമാനിച്ചു.

എറണാകുളം ജനറല്‍ ആശുപത്രിയിലെ സ്‌പെഷ്യല്‍ ന്യൂ ബോണ്‍ കെയര്‍ യൂണിറ്റിലെ എല്ലാവരുടേയും പൊന്നോമനയാണ് ‘നിധി’ ഇന്ന്. ഇവിടെ എത്തിക്കുമ്പോൾ 950 ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികിത്സ ഏകോപിപ്പിച്ചത്. ഒരാഴ്ചയോളം കുഞ്ഞിന് ഓക്‌സിജന്‍ നല്‍കിയിരുന്നു. അനീമിയ ഉണ്ടായിരുന്നതിനാല്‍ രണ്ട് പ്രാവശ്യം രക്തം നല്‍കി. ആശുപത്രിയിലെ മില്‍ക്ക് ബാങ്കില്‍ നിന്നും കുഞ്ഞിനാവശ്യമായ മുലപ്പാല്‍ നല്‍കുന്നുണ്ട്. പൂര്‍ണ ആരോഗ്യവതിയായ കുഞ്ഞിനിപ്പോള്‍ മള്‍ട്ടി വിറ്റാമിനും അയണ്‍ ഡ്രോപ്‌സും മാത്രമാണ് നല്‍കുന്നത്. ഇപ്പോള്‍ കുഞ്ഞിന് 37 ആഴ്ച പ്രായവും രണ്ടര കിലോ തൂക്കവുമണ്ട്. സാധാരണ കുട്ടികളെ പോലെ പാല്‍ കുടിക്കാന്‍ കഴിയുന്ന അവസ്ഥയിലാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയ്‌ക്ക് കൈമാറുന്നത്.

ആശുപത്രി സൂപ്രണ്ട് ഡോ. ഷഹിര്‍ഷായുടെ ഏകോപനത്തില്‍ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. വിനീത, സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. വിജിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ ടീം എന്നിവരാണ് കുഞ്ഞിനെ ചികിത്സിച്ചത്. ബന്ധുക്കളാരും ഇല്ലാത്തതിനാല്‍ കുഞ്ഞിന്റെ പ്രത്യേക പരിചരണം നടത്തിയത് ന്യൂബോണ്‍ കെയറിലെ നഴ്‌സുമാരാണ്. വനിതാ ശിശു വികസന വകുപ്പ് ജീവനക്കാരുടെ പിന്തുണയുമുണ്ടായിരുന്നു. കുഞ്ഞിന് മികച്ച പരിചരണവും ചികിത്സയും ഉറപ്പാക്കിയ എറണാകുളം ജനറല്‍ ആശുപത്രിയിലെ മുഴുവന്‍ ടീം അംഗങ്ങളേയും മന്ത്രി അഭിനന്ദിച്ചു.

വര്‍ക്കലയില്‍ വിനോദ സഞ്ചാരികളെ ആക്രമിച്ച കൊല്ലം സ്വദേശികള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ വിനോദ സഞ്ചാരികളെ ആക്രമിച്ച കൊല്ലം സ്വദേശികള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ വിനോദ സഞ്ചാരികളെ ആക്രമിച്ച കൊല്ലം സ്വദേശികള്‍ അറസ്റ്റില്‍. കൊല്ലം പേരയം സ്വദേശി ജോമോന്‍, പടപ്പക്കര സ്വദേശി വയസുള്ള കെവിന്‍ എന്നിവരാണ് പിടിയിലായത്.

ഹെലിപ്പാടില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം. കുടുംബാംഗങ്ങളോടൊപ്പം ഹെലിപാടില്‍ ജന്മദിനം ആഘോഷിക്കുന്നതിനിടയിൽ മദ്യലഹരിയിലെത്തിയ പ്രതികൾ സ്ത്രീയോട് അപമര്യാദയായി സംസാരിക്കുകയും അത് ചോദ്യം ചെയ്ത ഭര്‍ത്താവിനെയും ബന്ധുവിനെയും മര്‍ദിക്കുകയുമായിരുന്നു. വർക്കല ഹെലിപാടിലുള്ള പൊലീസ് എയ്ഡ് പോസ്റ്റിന് സമീപമായിരുന്നു സംഭവം. രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ടൂറിസം പൊലീസും, വർക്കല പോലീസും ചേർന്ന് പ്രതികളെ പിടികൂടി. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.