by Midhun HP News | Apr 9, 2025 | Latest News, കേരളം
കൊച്ചി: അഞ്ചുദിവസത്തിനിടെ 2680 രൂപ ഇടിഞ്ഞ് 66,000ല്‍ താഴെയെത്തിയ സ്വര്‍ണവില വീണ്ടും തിരിച്ചുകയറി. പവന് ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 66000ന് മുകളില്‍ എത്തി. ഇന്ന് 66,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ അമേരിക്ക പകരച്ചുങ്കം ഏര്‍പ്പെടുത്തിയതോടെ ആഗോള തലത്തില്‍ സൃഷ്ടിച്ച അനിശ്ചിതാവസ്ഥയില്‍ സുരക്ഷിത നിക്ഷേപം തേടി ആളുകള്‍ കൂടുതലായി സ്വര്‍ണത്തിലേക്ക് ഒഴുകിയെത്തിയതാണ് വില കൂടാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില മുന്നേറുന്ന കാഴ്ചയാണ് കഴിഞ്ഞ ആഴ്ച വരെ കണ്ടത്. വ്യാഴാഴ്ച 68,480 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിക്കുകയും ചെയ്തു. എന്നാല്‍ വെള്ളിയാഴ്ച മുതല്‍ സ്വര്‍ണവില ഇടിയാന്‍ തുടങ്ങി. അഞ്ചുദിവസത്തിനിടെ 2680 രൂപ കുറഞ്ഞ ശേഷമാണ് ഇന്നത്തെ തിരിച്ചുവരവ്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.
by Midhun HP News | Apr 9, 2025 | Latest News, കേരളം
വീട്ടിലെ പ്രസവം ഉള്‍പ്പെടെ അശാസ്ത്രീയ മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന പ്രവണത സംസ്ഥാനത്ത് വ്യാപകമെന്ന് റിപ്പോര്‍ട്ടുകള്‍. മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച യുവതി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം സംഘങ്ങളെ കുറിച്ചുള്ള ചര്‍ച്ച സജീവമാകുന്നത്. വീട്ടില്‍ പ്രസവിച്ചവരെ ആദരിക്കുന്ന ചടങ്ങുള്‍പ്പെടെ സംഘടിപ്പിച്ചും കൂടുതല്‍ പേരെ ഈ രീതിയിലേക്ക് ആകര്‍ഷിക്കുന്ന സാഹചര്യം പോലും നിലവിലുണ്ട്. മലപ്പുറത്ത് സംഘടിപ്പിച്ച ചടങ്ങ് എന്ന പേരില്‍അടുത്ത കാലത്തായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു വീഡിയോ യുവതിയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും സജീവമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. വീട്ടില്‍ പ്രസവിച്ചവര്‍ക്ക് ആദരിക്കുകയും പുരസ്‌കാരം നല്‍കുന്നതിന്റെയും ചടങ്ങാണ് വീഡിയോയുടെ ഉള്ളടക്കം.
വീട്ടില്‍ അക്യുമാസ്റ്റര്‍മാരുടെ സഹായത്തോടെ പ്രസവം നടത്തിയവരെ ധീര വനിതകള്‍ എന്നാണ് വിഡിയോയില്‍ ഒന്നില്‍ വിശേഷിപ്പിക്കുന്നത്. മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ സ്വാഭാവികമായി നടക്കുന്ന പ്രസവങ്ങളെ എന്തോ വലിയ റിസ്‌കുള്ള കാര്യമെന്ന് പറഞ്ഞ് പേടിപ്പിച്ച് ആശുപത്രിയില്‍ കൊണ്ടുപോയി പ്രസവിപ്പിക്കുന്നു എന്നുള്‍പ്പെടെയുള്ള പരാമര്‍ശങ്ങളോടെയാണ് ഇത്തരം വിഡിയോകള്‍ അശാസ്ത്രീയത പ്രോത്സാഹിപ്പിക്കുന്നത്.
‘പണ്ട് കാലത്ത് നടന്നത് പോലെ പുതു ജീവനെ ഏറ്റെടുക്കുന്ന സുന്ദര മുഹൂര്‍ത്തത്തിന് കാരണക്കാരയവര്‍’ എന്ന് പറഞ്ഞാണ് യുവതികളെ പരിചയപ്പെടുത്തുന്നത്. ചടങ്ങില്‍ അക്യു മാസ്റ്റര്‍ എന്ന് പേരിലും ചിലരെ പരിചയപ്പെടുത്തുന്നു. പെണ്‍കുട്ടികളില്‍ ചിലര്‍ മുഖം മറച്ചാണ് ചടങ്ങിനെത്തിയത് എന്നതും ശ്രദ്ധേയമാണ്. സമയമെത്തിയാല്‍ വീട്ടിലായാലും ആശുപത്രിയിലായാലും മരിക്കും. വീടുകളിലെ പ്രസവം വരെ സേഫ് ആണ്. അതിനാല്‍ വീട്ടില്‍ പ്രസവിക്കുന്നവരുടെ എണ്ണം കൂടണം എന്നും വീഡിയോയില്‍ പറയുന്നുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടില്‍ പ്രസവിച്ച പെരുമ്പാവൂര്‍ സ്വദേശി അസ്മ മരിച്ച. സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ചാം തീയതി വൈകീട്ടാണ് യുവതിയുടെ പ്രസവം നടന്നത് രാത്രിയോടെ മരണം സംഭവിച്ചു. അമിത രക്തസ്രാവമാണെന്നാണ് മരണത്തിന് കാരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. വൈദ്യസഹായം യഥാസമയം ലഭിക്കാത്തതിനാല്‍ രക്തം വാര്‍ന്നാണു മരണമെന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണു വ്യക്തമായത്. വൈകീട്ട് 6 നു പ്രസവിച്ച അസ്മ രാത്രി ഒന്‍പതിനാണു മരിച്ചത്. 3 മണിക്കൂറോളം രക്തസ്രാവമുണ്ടായി. ഇതു നിയന്ത്രിക്കാന്‍ വൈദ്യസഹായം ലഭ്യമാക്കിയില്ലെന്നുമാണ് വിലയിരുത്തല്‍.
by Midhun HP News | Apr 9, 2025 | Latest News, കേരളം
കോഴിക്കോട് : കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള റോപ് വേ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. കോഴിക്കോട് മുതല്‍ വയനാട് വരെയുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്നതിനൊപ്പം മേഖലയിലെ സാഹസിക ടൂറിസത്തിന് ഉത്തേജനം നല്‍കാനും ലക്ഷ്യമിട്ടുള്ളതാണ് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച റോപ്പ്‌വേ പദ്ധതി.
കോഴിക്കോട് അടിവാരം മുതല്‍ വയനാട്ടിലെ ലക്കിടി വരെ ബന്ധിപ്പിക്കുന്ന 3.67 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള, 200 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കെഎസ്‌ഐഡിസിക്ക് (കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍) അടുത്തിടെ അനുമതി നല്‍കിയിരുന്നു.
അടിവാരത്തെ ആദ്യത്തെ ഹെയര്‍പിന്‍ വളവില്‍ നിന്ന് ആരംഭിച്ച് മുകളിലുള്ള ലക്കിടിയില്‍ അവസാനിക്കും. 68 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന 40 എസി കേബിള്‍ കാറുകള്‍ റോപ്പ്‌വേയില്‍ ഉണ്ടായിരിക്കും. അടിവാരത്തിനും ലക്കിടിക്കും ഇടയില്‍ റോപ്പ്‌വേയ്ക്കായി 40 ടവറുകള്‍ നിര്‍മ്മിക്കേണ്ടതുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ വയനാട്ടില്‍ നിന്ന് അടിവാരത്തേക്ക് രോഗികളെ കൊണ്ടുപോകുന്നതിന് ഒരു ആംബുലന്‍സ് കേബിള്‍ കാര്‍ സൗകര്യവുമുണ്ടാകും.
നിലവില്‍ സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ വയനാട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ ഒമ്പത് ഹെയര്‍പിന്‍ വളവുകളുള്ള താമരശ്ശേരി ചുരം റോഡിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. കനത്ത ഗതാഗതക്കുരുക്ക് മൂലം പലപ്പോഴും ആളുകള്‍ മണിക്കൂറുകളോളം റോഡില്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ്.
രണ്ട് ഹെക്ടര്‍ വനഭൂമിയിലൂടെ കടന്നുപോകുന്ന റോപ്പ്‌വേ, അടിവാരത്തിനും ലക്കിടിക്കും ഇടയിലുള്ള യാത്രാ സമയം വെറും 15 മിനിറ്റായി കുറയ്ക്കും. സമയം ലാഭിക്കുന്നതിനൊപ്പം, താമരശ്ശേരി ചുരത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാനും റോപ്പ്‌വേ യാത്ര ആളുകള്‍ക്ക് അവസരമൊരുക്കുന്നു.
പൊതുസ്വകാര്യ പങ്കാളിത്ത (പിപിപി) രീതിയില്‍ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ് പറഞ്ഞു. വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തിലുള്ള പശ്ചിമഘട്ട വികസന ലിമിറ്റഡുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിക്ക് വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്, അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു. അടിവാരത്തെ ആദ്യത്തെ ഹെയര്‍പിന്‍ വളവിന് സമീപം റോപ്പ്‌വേ ആരംഭിച്ച് ഒമ്പതാം വളവിന് ശേഷം ലക്കിടിയില്‍ അവസാനിക്കും. റോപ്പ്‌വേ കടന്നുപോകുന്ന വനഭൂമിക്ക് പകരമായി നൂല്‍പ്പുഴയില്‍ അഞ്ച് ഏക്കര്‍ ഭൂമി വനം വകുപ്പിന് കൈമാറിയിട്ടുണ്ട്.
by Midhun HP News | Apr 9, 2025 | Latest News, കേരളം
തൃശൂര്‍: കസ്റ്റഡിയില്‍ നിന്ന് വിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ മൂന്ന് സംസ്ഥാനങ്ങളിലൂടെ ഒന്‍പത് ദിവസം പിന്തുടര്‍ന്ന് പിടികൂടി. കര്‍ണാടകയില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നു വിലങ്ങുമായി രക്ഷപ്പെട്ട രാസലഹരിക്കേസ് പ്രതിയെയാണ് വിപുലമായ അന്വേഷണത്തിന് ഒടുവില്‍ അറസ്റ്റ് ചെയ്തത്. മനക്കൊടി ചെറുവത്തൂര്‍ ആല്‍വിനാണ് (21) അറസറ്റിലായത്.
ബംഗളൂരുവിലെത്തിച്ച് 29നു തെളിവെടുപ്പു നടത്തിയ ശേഷം ഹൊസൂരിലെ ഹോട്ടലിലാണു പൊലീസ് സംഘം ആല്‍വിനുമായി രാത്രി തങ്ങിയത്. കാലില്‍ വിലങ്ങണിയിച്ചു കട്ടിലിനോടു ബന്ധിച്ചിരുന്നു. 11 മണിയോടെ പൊലീസുകാര്‍ ഉറക്കമായെന്നുറപ്പിച്ച ശേഷം ആല്‍വിന്‍ കട്ടിലിന്റെ കാല്‍ ശബ്ദമുണ്ടാക്കാതെ ഉയര്‍ത്തി വിലങ്ങ് പുറത്തെടുത്ത ശേഷം മൂന്നാംനിലയില്‍ നിന്നു പൈപ്പ് വഴി ഊര്‍ന്നിറങ്ങുകയായിരുന്നു.
സമീപത്തെ കോളനിയില്‍ ഒന്നരമണിക്കൂര്‍ ഒളിച്ചിരുന്ന ശേഷം ഇതുവഴിയെത്തിയ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കെആര്‍ പുരത്തെത്തി. അപകടത്തില്‍പ്പെട്ടതാണെന്നും വീട്ടിലറിയിക്കാന്‍ സഹായിക്കണമെന്നും വിശ്വസിപ്പിച്ചു വഴിയാത്രക്കാരന്റെ കയ്യില്‍ നിന്നു ഫോണ്‍ വാങ്ങി അമ്മയെയും സഹോദരനെയും വിളിച്ചു. സഹോദരന്‍ ആഞ്ജലോയും ബന്ധു സാവിയോയും ചേര്‍ന്ന് ഉടന്‍ ബൈക്കിലും കാറിലുമായി ബെംഗളൂരുവിലേക്കു പുറപ്പെടുകയായിരുന്നു. സാവിയോയുടെ സഹോദരന്‍ ഗോഡ്വിന്‍ ബെംഗളൂരുവിലുണ്ടായിരുന്നതിനാല്‍ ഇയാള്‍ വശം ആല്‍വിനു ചെലവിനു പണം എത്തിച്ചു.
ഇവര്‍ മൂന്നു പേരും ചേര്‍ന്നാണ് ആല്‍വിനെ തമിഴ്‌നാട് രജിസ്‌ട്രേഷന്‍ സ്‌പോര്‍ട്‌സ് ബൈക്കില്‍ അതിവേഗം കേരളത്തിലെത്തിച്ചത്. മുറ്റിച്ചൂര്‍, തളിക്കുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം പൊലീസ് പിടിക്കുമെന്നു മനസിലാക്കി പൊന്നാനിയിലേക്കു കടന്ന ആല്‍വിന്‍ ട്രെയിന്‍ മാര്‍ഗം സംസ്ഥാനം വിടാന്‍ ആസൂത്രണം ചെയ്യുന്നതിനിടെയാണ് അറസ്റ്റിലായത്.
70 ഗ്രാം രാസലഹരിയും 4 കിലോഗ്രാം കഞ്ചാവും വിറ്റ കേസിലാണ് ആല്‍വിനും പ്രായപൂര്‍ത്തിയാകാത്ത 3 സുഹൃത്തുക്കളും പിടിക്കപ്പെട്ടത്. കസ്റ്റഡിയില്‍ നിന്നു കടന്നുകളഞ്ഞ കേസ് ഹൊസൂര്‍ പൊലീസാണു റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചവരെ നെടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു ഹൊസൂര്‍ പൊലീസിനു കൈമാറും.
by Midhun HP News | Apr 9, 2025 | Latest News, കേരളം
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത നാലു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് ശക്തി പ്രാപിച്ചത്.
വരുംമണിക്കൂറുകളില്‍ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം തുടര്‍ന്നുള്ള 24 മണിക്കൂറില്‍ വടക്കു -വടക്കു കിഴക്ക് ദിശയില്‍ സഞ്ചരിച്ചു ശക്തി കുറയാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതിനിടെ സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.
പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും താപനില ഉയരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
by Midhun HP News | Apr 8, 2025 | Latest News, കേരളം
മലപ്പുറം: മഞ്ചേരിയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കൃഷ്ണപ്രിയയുടെ അച്ഛന്‍ മരിച്ചു. ചാരങ്കാവ് തെക്കെ വീട്ടില്‍ ശങ്കരനാരായണനാണ് മരിച്ചത്. 77 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മകളെ കൊലപ്പെടുത്തി കേസിലെ പ്രതിയെ വെടിവച്ചുകൊലപ്പെടുത്തിയ കേസില്‍ ശങ്കരനാരായണനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
2001 ഫെബ്രുവരി ഒന്‍പതിന് സ്‌കൂള്‍ വിട്ടുവരുന്ന വഴി കൃഷ്ണപ്രിയയെ അയല്‍വാസിയായ എളങ്കൂര്‍ ചാരങ്കാവ് കുന്നുമ്മല്‍ മുഹമ്മദ് കോയ (24) പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പിടിയിലായ പ്രതിയെ കോടതി ശിക്ഷിച്ചു. പക്ഷേ, ജാമ്യത്തിലിറങ്ങിയ പ്രതിയെ 2002 ജൂലായ് 27ന് കൃഷ്ണപ്രിയയുടെ പിതാവ് ശങ്കരനാരായണന്‍ വെടിവച്ചുകൊലപ്പെടുത്തി.
മഞ്ചേരി സെഷന്‍സ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ടു പേരെയും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചെങ്കിലും 2006 മെയ് മാസം തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി വെറുതെ വിട്ടു. മൃതശരീരം വീണ്ടെടുക്കുന്നതില്‍ പൊലീസിനു വീഴ്ച പറ്റി, ക്രിമിനല്‍ സ്വഭാവമുള്ള പ്രതിയ്ക്ക് മറ്റുശത്രുക്കളും ഉണ്ടാകുമെന്ന് കാണിച്ചാണ് കോടതി ശങ്കരനാരായണനെ വെറുതെ വിട്ടത്.
Recent Comments