‘അവസാനത്തെ കളി’യെന്ന് ഭീഷണി; സിഐ എടുത്തുമാറ്റിയ കൊടിമരം നാട്ടി ബിജെപി പ്രവര്‍ത്തകര്‍

‘അവസാനത്തെ കളി’യെന്ന് ഭീഷണി; സിഐ എടുത്തുമാറ്റിയ കൊടിമരം നാട്ടി ബിജെപി പ്രവര്‍ത്തകര്‍

കണ്ണൂര്‍: കണ്ണൂര്‍ കണ്ണപുരത്ത് കൊടിമരം പിഴുതുമാറ്റിയതിന്റെ പേരില്‍ പൊലീസിനെതിരെ ഭീഷണി മുദ്രാവാക്യവുമായി ബിജെപി പ്രവര്‍ത്തകര്‍. കണ്ണപുരം സിഐ സാബുമോനെതിരെ പൊലീസ് സ്റ്റേഷനു മുന്‍പില്‍ എത്തിയാണ് ബിജെപി പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയത്. പൊലീസ് എടുത്തുമാറ്റിയ കൊടിമരം ബിജെപി പുനസ്ഥാപിച്ചു.

ബിജെപി സ്ഥാപക ദിനത്തിന്റെ ഭാഗമായി കണ്ണപുരം ചൈന ക്ലേ റോഡില്‍ നാട്ടിയ കൊടിമരം ഞായറാഴ്ച രാത്രി പൊലീസ് എടുത്തുമാറ്റിയിരുന്നു. എന്നാല്‍ പൊതുസ്ഥലത്ത് കൊടികള്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് നടപടി. അപ്പോള്‍ത്തന്നെ ഭവിഷത്ത് നേരിടേണ്ടി വരുമെന്ന് ബിജെപി പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയിരുന്നു.

പൊലീസ് നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഇന്നലെ രാത്രി കണ്ണപുരത്ത് ബിജെപി നടത്തിയത്. ഒപ്പം പൊലീസിനെ വെല്ലുവിളിച്ച് പൊലീസ് പറിച്ചെടുത്ത അതേ സ്ഥലത്ത് ബിജെപി നേതാക്കള്‍ കൊടിമരം നാട്ടുകയും ചെയ്തു.കൊടിമരം മുറിച്ചുമാറ്റിയ സിഐ സാബുമോനെ കൈകാര്യം ചെയ്യുമെന്ന വിധത്തില്‍ പ്രവര്‍ത്തകര്‍ ഭീഷണിയും മുഴക്കി. ബിജെപിക്ക് നേരെ വന്നാല്‍ ആ കളി അവസാനത്തെ കളിയാകും എന്നാണ് ഭീഷണി.

അധികാരത്തിന്റെ തണലില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം എന്നാണ് ബിജെപി നിലപാട്. എന്നാല്‍ , ഞായറാഴ്ച രാത്രി ബിജെപി കൊടിമരം മാത്രമല്ല, സിപിഎമ്മിന്റെതുള്‍പ്പെടെ പതാകകള്‍ നീക്കം ചെയ്തിരുന്നു എന്നാണ് പൊലീസ് മറുപടി.

സ്വര്‍ണവില 66,000ല്‍ താഴെ; അഞ്ചുദിവസത്തിനിടെ ഇടിഞ്ഞത് 2700 രൂപ

സ്വര്‍ണവില 66,000ല്‍ താഴെ; അഞ്ചുദിവസത്തിനിടെ ഇടിഞ്ഞത് 2700 രൂപ

കൊച്ചി: സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഇന്ന് 480 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 66,000ല്‍ താഴെയെത്തി. 65,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് കുറഞ്ഞത്. 8225 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില മുന്നേറുന്ന കാഴ്ചയാണ് കഴിഞ്ഞ ആഴ്ച വരെ കണ്ടത്. വ്യാഴാഴ്ച 68,480 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിക്കുകയും ചെയ്തു. എന്നാല്‍ വെള്ളിയാഴ്ച മുതല്‍ സ്വര്‍ണവില ഇടിയാന്‍ തുടങ്ങി. അഞ്ചുദിവസത്തിനിടെ സ്വര്‍ണവിലയില്‍ ഉണ്ടായ ഇടിവ് 2,680 രൂപയാണ്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയുടെ പകരച്ചുങ്കം ആഗോള വിപണിയില്‍ വ്യാപാര യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ചിന്തയും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.

ജെഡിയു നേതാവ് ദീപക്കിന്റെ കൊലപാതകം; അഞ്ച് ആര്‍എസ്എസ് നേതാക്കള്‍ക്ക് ജീവപര്യന്തം

ജെഡിയു നേതാവ് ദീപക്കിന്റെ കൊലപാതകം; അഞ്ച് ആര്‍എസ്എസ് നേതാക്കള്‍ക്ക് ജീവപര്യന്തം

കൊച്ചി: നാട്ടികയിലെ ജനതാദള്‍ (യു) നേതാവ് ദീപക്കിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെതാണ് ശിക്ഷാവിധി. വിചാരണക്കോടതി വെറുതെ വിട്ട പ്രതികളെയാണ് ശിക്ഷിച്ചത്.

പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഋഷികേശ്, നിജിന്‍, പ്രശാന്ത്, രസന്ത്, ബ്രവ്‌നേഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 2015ലാണ് ജനതാദള്‍ (യു) നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റും സംസ്ഥാന കൗണ്‍സില്‍ അംഗവുമായിരുന്ന ദീപക് കൊല്ലപ്പെട്ടത്. പത്ത് പ്രതികളെയാണ് വിചാരണക്കോടതി വെറുതെവിട്ടത്. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്.

അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തും: മുഖ്യമന്ത്രി

അതിഥി തൊഴിലാളികളുടെ വാസസ്ഥലം സന്ദർശിച്ച് മുഴുവൻ കുട്ടികളുടെയും സ്കൂൾ പ്രവേശനം ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പയിൻ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെയ് മാസമാണ് ക്യാമ്പയിന്‍ നടത്തുക. അതിഥി തൊഴിലാളികളുടെ കുട്ടികള്‍ വിദ്യാഭ്യാസ രംഗത്ത് പുറകോട്ട് പോകുന്നത് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് തിരുമാനം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, വാസസ്ഥലത്തോട് ചേർന്ന് നിൽക്കുന്ന വിദ്യാലയങ്ങളിലെ അദ്ധ്യാപകർ, രക്ഷാകർതൃ സമിതി ഭാരവാഹികൾ മുതലായവരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും. മെയ് 7ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക പരിപാടിയിൽ അതിഥി തൊഴിലാളികളുടെ കുട്ടികൾക്കായുള്ള സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ പ്രഖ്യാപനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതിഥി തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാനായി ആവിഷ്കരിച്ച റോഷ്നി പദ്ധതി, ഇടുക്കി, കണ്ണൂർ ജില്ലകളിൽ നടപ്പിലാക്കിവരുന്ന സമാന പദ്ധതികൾ എന്നിവയുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ എസ്.സി.ഇ. ആർ.ടി സമഗ്ര വിദ്യാഭ്യാസ പരിപാടി ഏപ്രിൽ 30നകം തയ്യാറാക്കും.

മെയ് ആദ്യവാരം പൊതുവിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, തൊഴിൽ, സാമൂഹ്യ നീതി, വനിത ശിശുക്ഷേമം, ആരോഗ്യം മുതലായ വകുപ്പുകളുടെ യോഗം വിളിച്ച് എസ്. സി. ഇ. ആർ ടി തയ്യാറാക്കിയ പ്രവർത്തനരൂപരേഖ അന്തിമമാക്കും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്കൂൾ പ്രവേശനം സംബന്ധിച്ച രജിസ്റ്റർ സൂക്ഷിക്കണം. ആറ് മാസത്തിൽ ഒരിക്കൽ രജിസ്റ്റർ പരിഷ്കരിക്കണം. അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം സംബന്ധിച്ച ഡാറ്റ ഈ രജിസ്റ്ററിൽ പ്രത്യേകം സൂക്ഷിക്കണം.

സീസണൽ മൈഗ്രേഷന്റെ ഭാഗമായി ഓരോ പ്രദേശത്തും വന്ന് പോകുന്ന അതിഥി തൊഴിലാളി കുടുംബങ്ങളിലെ കുട്ടികൾക്ക് മാറിപ്പോകുന്ന പ്രദേശത്ത് രജിസ്ട്രേഷൻ സംവിധാനം ഏർപ്പെടുത്തി പഠനത്തുടർച്ച ഉറപ്പാക്കണം.
കുട്ടികൾക്കും രക്ഷിതാക്കൾക്കും ആരോഗ്യ പരിശോധന സംവിധാനവും ആവശ്യമെങ്കില്‍ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കണം. ശുചിത്വം, ലഹരി ഉപയോഗം, ആരോഗ്യ ശീലങ്ങൾ മുതലായ കാര്യങ്ങളിൽ ബോധവൽക്കരണം നടത്തണം.

വാർഡ് / തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ അവധി ദിവസങ്ങളിൽ കലാ-കായിക, സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് പൊതു ഇടങ്ങൾ സൃഷ്ടിച്ച് തദ്ദേശീയരായ കുട്ടികളുമായി ചേർന്ന് സാംസ്കാരിക വിനിമയത്തിന് അവസരമൊരുക്കണം. അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ നടത്തണമെന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ആധാർ അധിഷ്ഠിത രജിസട്രേഷൻ നടത്താൻ പ്രത്യേക പോർട്ടലും മൊബൈൽ അപ്ലിക്കേഷനും വികസിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതിൽ കുട്ടികളുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് സഹായകമായ മൊഡ്യൂളുകൾ കൂടി ചേര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, തൊഴില്‍ വകുപ്പ് സെക്രട്ടറി കെ വാസുകി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ ഷാനവാസ്, ലേബര്‍ കമ്മീഷണര്‍ സഫ്ന നസറുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൊല്ലം ആയൂരിൽ വാഹനാപകടത്തിൽ നവവധു മരിച്ചു

കൊല്ലം ആയൂരിൽ വാഹനാപകടത്തിൽ നവവധു മരിച്ചു

കൊല്ലം: കൊല്ലം ആയൂരിൽ വാഹനാപകടത്തിൽ നവവധു മരിച്ചു. അടൂർ സ്വദേശിനി സാന്ദ്ര വിൽസൺ (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ഭർത്താവ് ആയൂർ സ്വദേശി ജിതിൻ ജോയിക്കൊപ്പം ബുള്ളറ്റിൽ സഞ്ചരിക്കുമ്പോൾ അപകടമുണ്ടായത്. ഇരുചക്ര വാഹനവും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ബന്ധു വീട്ടിൽ പോയി മടങ്ങും വഴിയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ജിതിൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അസ്മയുടെ മൃതദേഹം കൊണ്ടുവന്നത് പുല്‍പായയില്‍ പൊതിഞ്ഞ്, മരണകാരണം അമിത രക്തസ്രാവം

അസ്മയുടെ മൃതദേഹം കൊണ്ടുവന്നത് പുല്‍പായയില്‍ പൊതിഞ്ഞ്, മരണകാരണം അമിത രക്തസ്രാവം

മലപ്പുറം: മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ പെരുമ്പാവൂര്‍ സ്വദേശി അസ്മ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം ചുമത്തി. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് അറസ്റ്റ് ചെയ്ത സിറാജുദ്ദീനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തിരുന്നതെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നരഹത്യയടക്കമുള്ള വകുപ്പുകള്‍ ചുമത്തിയത്.

അതിനിടെ മരണത്തിന് കാരണം അമിത രക്തസ്രാവമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. വൈദ്യസഹായം യഥാസമയം ലഭിക്കാത്തതിനാല്‍ രക്തം വാര്‍ന്നാണു മരണമെന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണു വ്യക്തമായത്. വൈകീട്ട് 6നു പ്രസവിച്ച അസ്മ രാത്രി ഒന്‍പതിനാണു മരിച്ചത്. 3 മണിക്കൂറോളം രക്തസ്രാവമുണ്ടായി. ഇതു നിയന്ത്രിക്കാന്‍ വൈദ്യസഹായം ലഭ്യമാക്കിയില്ല. യുവതി മരിച്ചതോടെ മൃതദേഹവുമായി ഭര്‍ത്താവ് സിറാജുദീന്‍ പെരുമ്പാവൂരിലേക്കു വരികയായിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയുടെ ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത ആരോപിച്ചത്.

അസ്മയുടെ മരണവിവരം സഹോദരങ്ങളെയുള്‍പ്പെടെ അറിയിക്കാതെ സിറാജുദ്ദീന്‍ മറച്ചുവച്ചതില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി അസ്മയുടെ മാതൃസഹോദരന്‍ ടി കെ മുഹമ്മദ് കുഞ്ഞ് രംഗത്തെത്തി. അസ്മയുടെ മൃതദേഹത്തോടുപോലും അനാദരവുണ്ടായതായും പുല്‍പായയില്‍ പൊതിഞ്ഞരീതിയില്‍ മൃതദേഹം വീട്ടിലെത്തിച്ചതിനെ തുടര്‍ന്നാണു സിറാജുദീന്റെ ഒപ്പമെത്തിയവരും അസ്മയുടെ ബന്ധുക്കളും തമ്മില്‍ സംഘര്‍ഷമുണ്ടായതെന്നും മുഹമ്മദ്കുഞ്ഞ് പറയുന്നു. പൊലീസിനു പരാതി നല്‍കിയത് എഴുപത്തിയൊന്നുകാരനായ മുഹമ്മദ് കുഞ്ഞാണ്.