‘KL 07 DG 0007’…കേരളത്തിലെ ഏറ്റവും വിലയേറിയ വാഹന നമ്പര്‍, വീശിയെറിഞ്ഞത് 46.24 ലക്ഷം രൂപ

‘KL 07 DG 0007’…കേരളത്തിലെ ഏറ്റവും വിലയേറിയ വാഹന നമ്പര്‍, വീശിയെറിഞ്ഞത് 46.24 ലക്ഷം രൂപ

കൊച്ചി: കെഎല്‍ 07 ഡിജി 0007 ഇനി ഇതാണ് കേരളത്തിലെ ഏറ്റവും വിലയേറിയ വാഹന നമ്പര്‍. 46.24 ലക്ഷം രൂപ. ജയിംസ് ബോണ്ട് കഥാപാത്രങ്ങളുടെ കോഡ് നമ്പറിനോട് (007) ചേര്‍ന്നു നില്‍ക്കുന്ന നമ്പര്‍ ലേലത്തില്‍ സ്വന്തമാക്കിയത് ലിറ്റ്മസ് 7 സിസ്റ്റം കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി.

4 കോടിയിലേറെ രൂപ വിലവരുന്ന ലംബോര്‍ഗിനി ഉറുസ് എസ് യുവിക്ക് വേണ്ടിയാണ് കമ്പനി മോഹവില നല്‍കി ഈ നമ്പര്‍ സ്വന്തമാക്കിയത്. ഫാന്‍സി നമ്പര്‍ ലേലത്തിനായി 5 പേരാണ് എറണാകുളം ആര്‍ടി ഓഫീസില്‍ 25,000 രൂപ ഫീസ് അടച്ചു ബുക്ക് ചെയ്തിരുന്നത്.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലെ ലേലത്തില്‍ തുക കുതിച്ചുകയറുന്നതുകൊണ്ട് 3 പേര്‍ ഇടയ്ക്കുവെച്ച് പിന്‍മാറി. ശേഷിച്ച മറ്റൊരാള്‍ 44.84 ലക്ഷം വരെ വിളിച്ചിരുന്നു.

കെഎല്‍ 07 ഡിജി 0001 എന്ന നമ്പര്‍ 25.52 ലക്ഷം രൂപയ്ക്ക് പിറവം സ്വദേശി തോംസണ്‍ ബാബു സ്വന്തമാക്കി. കേരളത്തില്‍ 31 ലക്ഷം രൂപയാണ് ഇതിന് മുമ്പ് ഫാന്‍സി നമ്പറിന് ലഭിച്ച ഏറ്റവും ഉയര്‍ന്ന് വില. ജോയിന്റ് ആര്‍ടിഒ സിഡി അരുണിന്റെ നേതൃത്വത്തിലായിരുന്നു ലേലം.

അപേക്ഷിച്ചിട്ടും പാതിരാത്രി പെട്രോൾ പമ്പിലെ ശുചിമുറി തുറന്ന് നൽകിയില്ല, പമ്പിന് 1,65,000 രൂപ പിഴ

അപേക്ഷിച്ചിട്ടും പാതിരാത്രി പെട്രോൾ പമ്പിലെ ശുചിമുറി തുറന്ന് നൽകിയില്ല, പമ്പിന് 1,65,000 രൂപ പിഴ

പത്തനംതിട്ട: പെട്രോൾ പമ്പിൽ ശുചുമുറി തുറന്നു നൽകാത്തതിന് പമ്പ് ഉടമക്കെതിരെ 1,65,000 രൂപ പിഴ വിധിച്ച് ഉപഭോക്തൃ തർക്കപരിഹാര കോടതി. ഏഴകുളം സ്വദേശിനിയും അധ്യാപികയുമായ ജയകുമാരിയുടെ പരാതിയിലാണ് നടപടി. കോഴിക്കോട്‌ പയ്യോളിയിലുളള തെനംകാലില്‍ പെട്രോള്‍ പമ്പ്‌ ഉടമ ഫാത്തിമ ഹന്നയ്ക്കെതിരെയാണ് കമ്മീഷൻ ഉത്തരവിട്ടത്.

2024 മെയ്‌ 8 നാണ് സംഭവം. പരാതിക്കാരി കാസര്‍കോട്‌ നിന്ന് വരവെ രാത്രി 11 മണിക്ക്‌ പെട്രോള്‍ പമ്പില്‍ കയറി വാഹനത്തിൽ പെട്രോള്‍ അടിച്ച ശേഷം ശുചിമുറിയിൽ പോയി. എന്നാൽ ശുചിമുറി പൂട്ടിക്കിടക്കുകയായിരുന്നു. പമ്പിലെ ജീവനക്കാരോട് താക്കോൽ ആവശ്യപ്പെട്ടപ്പോള്‍ പരുഷമായി സംസാരിക്കുകയും താക്കോൽ മാനേജരുടെ കൈവശമാണെന്നും അദ്ദേഹം വീട്ടില്‍ പോയിരിക്കുകയാണെന്നും അറിയിച്ചു. മാത്രമല്ല ശുചിമുറി ഉപയോഗശൂന്യമാണെന്ന് പറഞ്ഞ് തുറന്നു കൊടുക്കാൻ തയ്യാറായില്ല. അധ്യാപിക പയ്യോളി സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ്‌ സ്ഥലത്തെത്തി ഒടുവിൽ ടോയ്ലറ്റ്‌ തുറന്ന്‌ കൊടുക്കുകയായിരുന്നു. ശുചിമുറി ഉപയോഗുശുന്യമാണെന്ന് ജീവനക്കാർ പറഞ്ഞെങ്കിലും പൊലീസ്‌ തുറന്നപ്പോൾ ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലായിരുന്നു.

പിന്നാലെ, സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ അപമാനിക്കുകയും ശുചിമുറി തുറന്നു നല്‍കാന്‍ തയ്യാറാകാതെ തന്റെ അവകാശം നിഷേധിക്കുകയും ചെയ്തതിനെതിരെ അധ്യാപിക ഉപഭോക്തൃ കമ്മീഷനില്‍ പരാതി നൽകിയത്‌. പെട്രോള്‍ പമ്പ്‌ അനുവദിക്കുമ്പോള്‍ ശുചിമുറി സൗകര്യങ്ങൾ ആവശ്യമാണെന്നിരിക്കെ അതൊന്നും ഇല്ലാതെയാണ്‌ പെട്രോള്‍ പമ്പ്‌ പ്രവര്‍ത്തിച്ചു വരുന്നതെന്ന്‌ കമ്മീഷന്‍ വിലയിരുത്തി. ഒരു സ്ത്രീക്ക്‌ രാത്രി 11 മണിക്കുണ്ടായ അനുഭവം മാനസികമായി ഒരുപാട്‌ ബുദ്ധിമുട്ടുണ്ടായതിന്റെ അടിസ്ഥാനത്തില്‍ 1,50,000 രൂപ പമ്പ്‌ ഉടമ നഷ്ടപരിഹാരം നല്‍കാനും കോടതി ചിലവിലേക്കായി 15,000 രൂപയും ചേര്‍ത്ത്‌ 1,65,000 രൂപ പരാതിക്കാരിക്ക് നൽകണമെന്നും കമ്മീഷന്‍ ഉത്തരവിടുകയായിരുന്നു.

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രതിയല്ല; ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രതിയല്ല; ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു

കൊച്ചി: ആലപ്പുഴയില്‍ 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പിന്‍വലിച്ചു. കേസില്‍ എക്‌സൈസ് വകുപ്പ് നടനെ പ്രതി ചേര്‍ക്കാത്തതിനാലാണ് ഹര്‍ജി പിന്‍വലിച്ചത്. നേരത്തേ, ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് എക്‌സൈസിനോടു നിര്‍ദേശിച്ചിരുന്നു. ഈ മാസം 22ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ശ്രീനാഥ് ഭാസി ഹര്‍ജി പിന്‍വലിച്ചത്.

മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായി തസ്‌ലിമ സുല്‍ത്താന എന്ന ക്രിസ്റ്റീനയും കെ ഫിറോസ് എന്നയാളും ഈ മാസമാദ്യം പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍, ശ്രീനാഥ് ഭാസി അടക്കം സിനിമാ മേഖലയിലെ ചിലര്‍ക്ക് ലഹരിമരുന്ന് എത്തിച്ചിരുന്നെന്നു വിവരം ലഭിച്ചിരുന്നു. തസ്‌ലിമയുടെ ഫോണില്‍ ഇതിനു തെളിവുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ശ്രീനാഥ് ഭാസി ഉള്‍പ്പെടെ ഉള്ളവരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് നടന്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ തന്നെ പ്രതിയാക്കി അറസ്റ്റു ചെയ്യുമെന്ന പേടിയുണ്ടെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണം എന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. താന്‍ നിരപരാധിയാണെന്നും അറസ്റ്റിലായാല്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിങ് മുടങ്ങുമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

താന്‍ ലഹരി വില്‍ക്കുകയോ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടില്ലെന്നു ശ്രീനാഥ് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. നായകനായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങ് എറണാകുളത്ത് നടക്കുന്നുണ്ട്. അറസ്റ്റിലായാല്‍ ഷൂട്ടിങ് മുടങ്ങും. തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാനും സാധ്യതയുണ്ട്. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജിലെ ആവശ്യം.

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ അംബാസഡറാകാന്‍ എം ജി ശ്രീകുമാര്‍

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ അംബാസഡറാകാന്‍ എം ജി ശ്രീകുമാര്‍

കൊച്ചി: സംസ്ഥാന തദ്ദേശ ഭരണ വകുപ്പിന്റെ സ്വപ്നപദ്ധതിയായ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ അംബാസഡറാകാന്‍ സന്നദ്ധത അറിയിച്ച് ഗായകന്‍ എം ജി ശ്രീകുമാര്‍. തദ്ദേശ വകുപ്പു മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 9 മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കുന്ന ‘വൃത്തി 2025’ ദേശീയ കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ എം ജി ശ്രീകുമാറിനെയും ക്ഷണിച്ചെന്ന് മന്ത്രി പറഞ്ഞു.

എംജി ശ്രീകുമാറുമായി താന്‍ സംസാരിച്ചിരുന്നെന്ന് എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. അന്ന് നടന്ന സംഭവം അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഇക്കാര്യത്തില്‍ മാതൃകയെന്ന നിലയില്‍ മാലിന്യമുക്ത നവകേരളം പദ്ധതിയുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം അറിയിച്ചെന്ന് മന്ത്രി പറഞ്ഞു. തുടര്‍ന്നാണ് അദ്ദേഹത്തെ വൃത്തി കോണ്‍ക്ലേവിലേക്ക് ക്ഷണിച്ചത്.

എം ജി ശ്രീകുമാറിന്റെ കൊച്ചി ബോള്‍ഗാട്ടിയിലുള്ള വീട്ടില്‍ നിന്ന് കായലിലേക്ക് മാലിന്യം വലിച്ചെറിയുന്ന ദൃശ്യം പുറത്തു വരികയും തുടര്‍ന്ന് ഗായകന്‍ ഇതിന്റെ പിഴയായി 25,000 രൂപ അടയ്ക്കുകയും ചെയ്തിരുന്നു. തന്റെ വീട്ടിലെ ജോലിക്കാരി മുറ്റത്തു വീണു കിടന്ന മാമ്പഴത്തിന്റെ അവശിഷ്ടങ്ങളാണ് ഇത്തരത്തില്‍ കായലില്‍ ഇട്ടതെന്നും അത് തെറ്റാണെന്ന് ബോധ്യപ്പെട്ടതിനാലാണ് പിഴ അടച്ചതെന്നും എം ജി ശ്രീകുമാര്‍ പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു. മാലിന്യം കായലിലേക്കു വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയയാളെയും കോണ്‍ക്ലേവിലേക്കു ക്ഷണിച്ചിട്ടുണ്ട്.

ഏപ്രില്‍ 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. 12നുള്ള സമാപന സമ്മേളനം സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറാണ് ഉദ്ഘാടനം ചെയ്യുന്നത്. രണ്ടു ചടങ്ങുകളിലും മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും.

കണ്‍വിന്‍സിങ് ചങ്കുകള്‍ ജാഗ്രതൈ!; കുറഞ്ഞ വിലയ്ക്ക് ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍; പരസ്യത്തില്‍ വീഴരുതെന്ന് മുന്നറിയിപ്പ്

കണ്‍വിന്‍സിങ് ചങ്കുകള്‍ ജാഗ്രതൈ!; കുറഞ്ഞ വിലയ്ക്ക് ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍; പരസ്യത്തില്‍ വീഴരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: പ്രമുഖ ഇ-കോമേഴ്സ് സൈറ്റുകളുടെ പേര് ഉപയോഗിച്ച് ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം നല്‍കുന്ന വ്യാജ ഷോപ്പിങ് സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ്. കുറഞ്ഞ വിലയ്ക്ക് ബ്രാന്‍ഡഡ് ആയ ഇലക്ട്രോണിക്സ്, മറ്റു ഉത്പന്നങ്ങള്‍ എന്നിവ നല്‍കുന്നു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യങ്ങള്‍ നല്‍കിയാണ് ഇവര്‍ തട്ടിപ്പുകള്‍ നടത്തുന്നത്. ഒറ്റ നോട്ടത്തില്‍ യഥാര്‍ഥ സൈറ്റ് പോലെ തോന്നിക്കുന്ന ഈ സൈറ്റുകളില്‍ കയറി ഓര്‍ഡര്‍ ചെയ്ത് പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. ഇത്തരം വ്യാജ സൈറ്റുകള്‍ തിരിച്ചറിയുന്നതിന് അവയുടെ വെബ്സൈറ്റ് അഡ്രസ്സ് സൂക്ഷ്മമായി പരിശോധിച്ചാല്‍ മതിയാകും. ഉപയോക്താക്കള്‍ ഇത്തരം തട്ടിപ്പിനെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കേരള പൊലീസ് ഫെയ്‌സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി.

കുറിപ്പ്:

കണ്‍വിന്‍സിങ് ചങ്കുകള്‍ ജാഗ്രതൈ??

പ്രമുഖ ഇ-കോമേഴ്സ് സൈറ്റുകളുടെ പേര് ഉപയോഗിച്ച് ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം നല്‍കുന്ന വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക. കുറഞ്ഞ വിലയ്ക്ക് ബ്രാന്‍ഡഡ് ആയ ഇലക്ട്രോണിക്സ്, മറ്റു ഉത്പന്നങ്ങള്‍ എന്നിവ നല്‍കുന്നു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യങ്ങള്‍ നല്‍കിയാണ് ഇവര്‍ തട്ടിപ്പുകള്‍ നടത്തുന്നത്. ഒറ്റ നോട്ടത്തില്‍ യഥാര്‍ഥ സൈറ്റ് പോലെ തോന്നിക്കുന്ന ഈ സൈറ്റുകളില്‍ കയറി ഓര്‍ഡര്‍ ചെയ്ത് പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്.

ഇത്തരം വ്യാജ സൈറ്റുകള്‍ തിരിച്ചറിയുന്നതിന് അവയുടെ വെബ്സൈറ്റ് അഡ്രസ്സ് സൂക്ഷ്മമായി പരിശോധിച്ചാല്‍ മതിയാകും. ഉപയോക്താക്കള്‍ ഇത്തരം തട്ടിപ്പിനെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തുക.

ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

‘തൃശൂരുകാര്‍ അനുഭവിക്കുമെന്ന് പറഞ്ഞത് ശരിയായി, സുരേഷ് ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങള്‍’

‘തൃശൂരുകാര്‍ അനുഭവിക്കുമെന്ന് പറഞ്ഞത് ശരിയായി, സുരേഷ് ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങള്‍’

പാലക്കാട്:സുരേഷ് ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങളാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. കമ്മീഷണര്‍ സിനിമ ഇറങ്ങിയ ശേഷം കാറിന് പിന്നില്‍ എസ്പിയുടെ തൊപ്പി വച്ചയാളാണ് സുരേഷ് ഗോപി. തെരഞ്ഞെടുപ്പിന് മുന്‍പ് തൃശൂരുകാര്‍ അനുഭവിക്കുമെന്ന് പറഞ്ഞിരുന്നു. അതുശരിയായെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

‘അദ്ദേഹത്തിനല്ല കുഴപ്പം തെരഞ്ഞെടുത്ത തൃശൂരുകാര്‍ക്കാണ് കുഴപ്പം പറ്റിയത്. അതില്‍ കൂടുതല്‍ എന്തുപറയാനാണ് ഞാന്‍?. ഏതായാലും തൃശൂരുകാര്‍ക്ക് എന്തെങ്കിലുമൊക്കെ ഉപകാരമുണ്ടാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇദ്ദേഹം ഭരത് ചന്ദ്രനായി അഭിനയിച്ച ശേഷം കാറിന്റെ പുറകില്‍ എപ്പോഴും ഒരു തൊപ്പിയുണ്ടായിരിക്കും. പണ്ട് സാധാരണ എസ്പിമാരൊക്കെ പോകുമ്പോള്‍ അവരുടെ തൊപ്പി അഴിച്ചുവച്ച് കാറിന്റെ സിറ്റില്‍ വച്ചിരിക്കും. ഞാന്‍ തമാശ പറഞ്ഞതല്ല, ഇദ്ദേഹത്തിന്റ കാറിന് പിറകില്‍ കുറെക്കാലം ഐപിഎഎസ് എന്നെഴുതിയ തൊപ്പി വച്ചിട്ടുണ്ടായിരുന്നു. അത്രയേ പറയാനുള്ളൂ’.

‘ആക്ഷനൊക്കെ അവരവരുടെ ഇഷ്ടമാണ്. ഞാന്‍ സംവിധായകനലല്ലോ കട്ട് പറയാന്‍. ആക്ഷനും റിയാക്ഷനുമൊക്കെ അവരവരുടെ ഇഷ്ടമാണ്. കട്ട് പറയേണ്ട സംവിധായകര്‍ പറയും. അത് ജനങ്ങളാണ്’ ഗണേഷ് കുമാര്‍ പറഞ്ഞു.