‘അസ്മ പുറത്തിറങ്ങുന്നത് കുട്ടികളെ സ്‌കൂളിലയയ്ക്കാന്‍ മാത്രം; മരണത്തില്‍ അടിമുടി ദുരൂഹത

‘അസ്മ പുറത്തിറങ്ങുന്നത് കുട്ടികളെ സ്‌കൂളിലയയ്ക്കാന്‍ മാത്രം; മരണത്തില്‍ അടിമുടി ദുരൂഹത

കൊച്ചി: പെരുമ്പാവൂര്‍ സ്വദേശിയായ യുവതി മലപ്പുറത്തെ വാടക വീട്ടില്‍ പ്രസവത്തിനിടെ മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മുപ്പത്തിയഞ്ചുകാരിയായ അസ്മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടികളിലേക്ക് കടക്കും. മതിയായ ചികിത്സ ലഭിക്കാത്തിനാലാണ് യുവതി മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി.

അതേസമയം അസ്മയുടെ മരണത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. സിറാജുദ്ദീനും അസ്മയും അക്യുപംക്ചര്‍ ചികിത്സയില്‍ ബിരുദം നേടിയവരാണ്. അക്യുപംക്ചര്‍ ചികിത്സയിലൂടെ പ്രസവമെടുക്കുമ്പോഴായിരുന്നോ മരണം എന്നതടക്കം പൊലീസ് അന്വേഷിക്കുമെന്നാണ് വിവരം. മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടില്‍ കുടുംബം ഒന്നര വര്‍ഷമായി താമസിക്കുന്നുണ്ടെങ്കിലും അയല്‍വാസികളുമായി സിറാജുദ്ദീനും അസ്മയ്ക്കും സൗഹൃദം ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. സിറാജുദ്ദീന്റെ പേരും വീട്ടില്‍ എത്ര കുട്ടികളുണ്ടെന്നതും ഇന്നലെ വാര്‍ത്ത വരുമ്പോഴാണു തൊട്ടടുത്ത അയല്‍വാസികള്‍ പോലും അറിയുന്നത്.

കാസര്‍കോട്ട് മതാധ്യാപകനാണെന്നാണു സിറാജുദ്ദീന്‍ താമസത്തിനു വന്ന സമയത്തു പറഞ്ഞിരുന്നത്. പ്രഭാഷണത്തിനും പോകാറുണ്ട്. ‘മടവൂര്‍ കാഫില’യെന്ന പേരില്‍ 63,500 പേര്‍ സബ്‌സ്‌ക്രൈബ് ചെയ്ത യുട്യൂബ് ചാനല്‍ നടത്തിപ്പുകാരന്‍ കൂടിയാണ് സിറാജുദ്ദീന്‍. അസ്മ കുട്ടികളെ സ്‌കൂളിലയയ്ക്കാന്‍ മാത്രമാണു പുറത്തിറങ്ങുന്നതെന്നും അയല്‍വാസികള്‍ പറയുന്നു.

ജനുവരിയില്‍ ആശാവര്‍ക്കര്‍ വീട്ടിലെത്തി, ഗര്‍ഭിണിയാണോയെന്ന് അസ്മയോട് അന്വേഷിച്ചിരുന്നു. വീട്ടില്‍നിന്നു പുറത്തിറങ്ങാതെ, ജനലിലൂടെ അല്ലെന്നു മറുപടി നല്‍കി. എന്നാല്‍, കഴിഞ്ഞ ദിവസം അയല്‍വാസികള്‍ അന്വേഷിച്ചപ്പോള്‍ ഗര്‍ഭിണിയാണെന്നും 8 മാസമായെന്നും പറഞ്ഞിരുന്നു.

ശനിയാഴ്ച വൈകീട്ട് കുഞ്ഞ് ജനിച്ചതായി സിറാജുദ്ദീന്‍ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ഇട്ടിരുന്നു. വൈകുന്നേരം വീടിനു സമീപം ഇയാളെ കണ്ടവരുണ്ട്. വാടകയ്ക്കു താമസിക്കുന്ന വീട്ടിലേക്കു കാര്‍ വരാനുള്ള വഴിയില്ലാത്തതിനാല്‍ സമീപത്തെ വീട്ടിലാണു നിര്‍ത്തിയിടുന്നത്. എട്ടു മണിയോടെ സിറാജുദ്ദീന്‍ കാര്‍ എടുത്തിരുന്നതായി വീട്ടുകാര്‍ പറയുന്നു. എന്നാല്‍, ആംബുലന്‍സ് വിളിച്ചതും മൃതദേഹം അതിലേക്കു കയറ്റിയതും എപ്പോഴാണെന്നു വ്യക്തമല്ല. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവര്‍ മറ്റു സ്ഥലങ്ങളില്‍ നിന്നുള്ളവരാണ്. ഭാര്യയ്ക്കു ശ്വാസതടസ്സമാണെന്നാണു ആംബുലന്‍സ് ഡ്രൈവറോട് പറഞ്ഞിരുന്നത്.

പ്രസവത്തെത്തുടര്‍ന്നു രക്തസ്രാവമുണ്ടായെന്നും വൈദ്യസഹായം തേടാന്‍ ഭര്‍ത്താവ് തയാറായില്ലെന്നുമാണു യുവതിയുടെ വീട്ടുകാരുടെ പരാതി. പ്രസവ ശുശ്രൂഷയില്‍ പരിചയമുള്ള സ്ത്രീയുടെ സഹായം തേടിയിരുന്നതായി സിറാജുദ്ദീന്‍ യുവതിയുടെ ബന്ധുക്കളോട് പറയുന്നുണ്ട്. ഇക്കാര്യം പൊലീസ് അന്വേഷിക്കും.

‘മകന്‍ രക്തം വാര്‍ന്നു കിടക്കുകയാണ്, ഓടി വായോ മക്കളേ’; നഷ്ടമായത് കുടുംബത്തിന്റെ അത്താണി

‘മകന്‍ രക്തം വാര്‍ന്നു കിടക്കുകയാണ്, ഓടി വായോ മക്കളേ’; നഷ്ടമായത് കുടുംബത്തിന്റെ അത്താണി

പാലക്കാട്: ‘അലന്‍ രക്തം വാര്‍ന്നു കിടക്കുകയാണ്, ഓടി വായോ മക്കളേ’- കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് കിടന്ന മകനെ രക്ഷിക്കാന്‍ കൂട്ടുകാരെ ഫോണ്‍ വിളിക്കുമ്പോഴും അമ്മയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു അലന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്ന്. എന്നാല്‍ പ്രതീക്ഷകള്‍ ബാക്കിയാക്കി അലന്‍ വിട പറഞ്ഞപ്പോള്‍ അത് നാടിന് മുഴുവന്‍ നൊമ്പരമായി. ഇന്നലെ രാത്രിയാണ് അലനെയും അമ്മയെയും കാട്ടാന ആക്രമിച്ചത്.

മുണ്ടൂരിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാനകള്‍. ഇതേ കാട്ടാനക്കൂട്ടത്തിന് മുന്നിലാണ് അലനും അമ്മ വിജിയും ഇന്നലെ പെട്ടത്. വൈകീട്ട് കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു കാട്ടാനയുടെ ആക്രമണം. മുന്നില്‍പെട്ട അലനെ ആന തുമ്പിക്കൈകൊണ്ട് തട്ടി കാല്‍കൊണ്ട് തൊഴിച്ചു. പിന്നാലെയുണ്ടായിരുന്ന അമ്മയെയും ആനക്കൂട്ടം ആക്രമിച്ചു. പരിക്കേറ്റ വിജി കയ്യിലുണ്ടായിരുന്ന ഫോണില്‍ വിവരമറിയിച്ചതോടെയാണ് നാട്ടുകാരെത്തിയത്.

നിറകണ്ണുകളുമായാണ് അലന്റെ സുഹൃത്തുക്കളും നാട്ടുകാരും ജില്ലാ ആശുപത്രിയിലെത്തിയത്. ചേച്ചിയുടെ വീട്ടില്‍ പോയി വരാമെന്നു പറഞ്ഞു പോയ അലന്‍ ജീവനറ്റ് കിടക്കുന്നത് കൂട്ടുകാര്‍ക്ക് കണ്ടുനില്‍ക്കാനായില്ല. വാക്കുകള്‍ ഇടറിയാണ് എന്താണു സംഭവിച്ചതെന്ന് സുഹൃത്തുക്കള്‍ വിശദീകരിച്ചത്. സംഭവമറിഞ്ഞ് സുഹൃത്തുക്കളും നാട്ടുകാരും രാഷ്ട്രീയ പ്രതിനിധികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് ജില്ലാ ആശുപത്രിയില്‍ തടിച്ചുകൂടിയത്.

വീട്ടിലെത്താന്‍ നൂറു മീറ്റര്‍ മാത്രം ബാക്കിനില്‍ക്കെയാണ് അലന്റെ ജീവന്‍ കാട്ടാനയെടുത്തത്. പ്രദേശത്ത് ഇന്നലെ വൈകിട്ട് ശക്തമായ മഴയുണ്ടായിരുന്നു. വഴിവിളക്കിന്റെ അരണ്ടവെളിച്ചം മാത്രമാണുണ്ടായിരുന്നത്. നടന്നുവരികയായിരുന്ന അലനും അമ്മയ്ക്കും നേരെ പാഞ്ഞടുത്ത കാട്ടാനയെ അവര്‍ കണ്ടില്ല. ആന തട്ടിയപ്പോഴാണ് ഇവര്‍ തിരിച്ചറിഞ്ഞത്. ആക്രമണത്തില്‍ പരുക്കുപറ്റിയിരുന്നെങ്കിലും മകനെ രക്ഷിക്കുന്നതിനു വേണ്ടി അമ്മ വിജി കൂട്ടുകാരെ ഫോണ്‍ വിളിച്ചു.”അലന്‍ രക്തം വാര്‍ന്നു കിടക്കുകയാണ്, ഓടി വായോ മക്കളേ” എന്നു പറഞ്ഞാണ് അവര്‍ ഫോണ്‍ വിളിച്ചത്. പിന്നാലെയാണ് അലന്റെ സുഹൃത്തുക്കളും പ്രദേശവാസികളും വിവരമറിഞ്ഞത്. രണ്ടു ദിവസമായി പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു.

കുടുംബത്തിന്റെ അത്താണിയാണ് അലന്റെ വിയോഗത്തിലൂടെ നഷ്ടമായത്. അച്ഛന്‍ ജോസഫിനു കൂലിപ്പണിയാണ്. കെട്ടിടം പണിക്ക് പോകുന്ന ജോസഫിനു വല്ലപ്പോഴും മാത്രമാണു പണി ഉണ്ടാകാറ്. അലന്‍ കുടുംബം നോക്കാന്‍ തുടങ്ങിയപ്പോഴാണ് ജോസഫിനു വലിയ ആശ്വാസമായത്. കൊല്ലം ലുലു മാളില്‍ ജോലിക്കു കയറിയിട്ട് കുറച്ചു മാസങ്ങള്‍ ആയതേയുള്ളൂ.

സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്; നാലുദിവസത്തിനിടെ കുറഞ്ഞത് 2200 രൂപ

സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്; നാലുദിവസത്തിനിടെ കുറഞ്ഞത് 2200 രൂപ

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 66,280 രൂപയായി. നാലുദിവസത്തിനിടെ സ്വര്‍ണവിലയില്‍ 2200 രൂപയാണ് കുറഞ്ഞത്.

ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 8285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില മുന്നേറുന്ന കാഴ്ചയാണ് കഴിഞ്ഞ ആഴ്ച വരെ കണ്ടത്. വ്യാഴാഴ്ച 68,480 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിക്കുകയും ചെയ്തു. എന്നാല്‍ വെള്ളിയാഴ്ച മുതല്‍ സ്വര്‍ണവില ഇടിയുന്ന കാഴ്ചയാണ് കണ്ടത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയുടെ പകരച്ചുങ്കം ആഗോള വിപണിയില്‍ വ്യാപാര യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ചിന്തയും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.

അയ്യപ്പ സ്വാമിയുടെ സ്വര്‍ണ ലോക്കറ്റ് വിഷുവിന്; വ്യാജനെ തടയാന്‍ ഹോളോഗ്രാം

അയ്യപ്പ സ്വാമിയുടെ സ്വര്‍ണ ലോക്കറ്റ് വിഷുവിന്; വ്യാജനെ തടയാന്‍ ഹോളോഗ്രാം

ശബരിമല: അയ്യപ്പ സ്വാമിയുടെ സ്വര്‍ണ ലോക്കറ്റ് വിഷുവിന് സന്നിധാനത്ത് പുറത്തിറക്കും. ഇതിനായി പ്രമുഖ സ്വര്‍ണ വ്യാപാര സ്ഥാപനങ്ങളായ ജിആര്‍ടി ജ്വല്ലേഴ്‌സ്(തമിഴ്‌നാട്), കല്യാണ്‍ എന്നിവര്‍ ദേവസ്വം ബോര്‍ഡുമായി കരാര്‍ ഒപ്പിട്ടു. 1,2,4,6,8 ഗ്രാം തൂക്കമുള്ള 916 അയ്യപ്പന്‍ ലോക്കറ്റുകളാണ് പുറത്തിറക്കുന്നത്. ഇതിന്റെ വ്യാജന്‍ ഇറങ്ങാതിരിക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ ഹോളോഗ്രാം പതിക്കും.

മഴ മുന്നറിയിപ്പിൽ മാറ്റം, ഏഴു ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം, ഏഴു ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ഏഴു ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ പ്രവചനത്തിൽ പറയുന്നു. നേരത്തെ നാലു ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. ജാ​ഗ്രതയുടെ ഭാ​ഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലർട്ട് കൊണ്ട് അർത്ഥമാക്കുന്നത്.

ഇന്നും നാളെയും മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ജോലി സമ്മര്‍ദം താങ്ങാനാവുന്നില്ലെന്ന് വിഡിയോ; യുവാവ് ഫ്‌ളാറ്റില്‍ നിന്നും ചാടി ജീവനൊടുക്കി

ജോലി സമ്മര്‍ദം താങ്ങാനാവുന്നില്ലെന്ന് വിഡിയോ; യുവാവ് ഫ്‌ളാറ്റില്‍ നിന്നും ചാടി ജീവനൊടുക്കി

കോട്ടയം: ഐടി സ്ഥാപനത്തിലെ ജോലിസമ്മര്‍ദ്ദം മൂലം യുവാവ് ജീവനൊടുക്കി. കോട്ടയം കഞ്ഞിക്കുഴിയില്‍ താമസിക്കുന്ന ജേക്കബ് തോമസ്(23)താമസക്കുന്ന ഫ്‌ളാറ്റില്‍ നിന്നും ചാടുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം.

കാക്കനാട് പ്രവര്‍ത്തിക്കുന്ന ലിന്‍വേയ്‌സ് ടെക്‌നോളജീസ് എന്ന കമ്പനിയിലെ കമ്പ്യൂട്ടര്‍ എന്‍ജിനീയറാണ് ജേക്കബ് തോമസ്. ജോലിസമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്ന് ജേക്കബ് മാതാപിതാക്കളോട് പലതവണ പറഞ്ഞിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് ഇതുമായി ബന്ധപ്പെട്ട വിഡിയോ സന്ദേശം ജേക്കബ് മാതാവിന് അയക്കുകയും ചെയ്തു. ജോലിസമ്മര്‍ദ്ദം താങ്ങാന്‍ ആകുന്നില്ലെന്നാണ് ഈ വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് ആത്മഹത്യ.

ഡിഗ്രി പഠനത്തിന് ശേഷം കഴിഞ്ഞ ഡിസംബറിലാണ് ജേക്കബ് സോഫ്റ്റ്വെയര്‍ എന്‍ജിനിയറായി ജോലിയില്‍ പ്രവേശിക്കുന്നത്. ജോലിയില്‍ പ്രവേശിച്ച് നാല് മാസം കഴിയുമ്പോഴാണ് യുവാവിന്റെ ആത്മഹത്യ. ഉറങ്ങാന്‍ പോലും സാധിക്കാത്ത രീതിയില്‍ ജോലി സമ്മര്‍ദ്ദം ജേക്കബ് നേരിട്ടിരുന്നതായാണ് കുടുംബം പറയുന്നത്. കുടുംബം പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.