by Midhun HP News | Apr 6, 2025 | Latest News, കേരളം
കൊച്ചി: മോഹന്‍ലാല്‍ ചിത്രം എംപുരാന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും ആദായനികുതി നോട്ടീസ്. ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നി സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി പെരുമ്പാവൂരിന് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയത്. മുന്‍പ് നടത്തിയ റെയ്ഡിന്റെ തുടര്‍നടപടിയുടെ ഭാഗമായാണ് നോട്ടീസ് എന്നാണ് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. എംപുരാന്‍ സിനിമാ വിവാദവുമായി നടപടികള്‍ക്ക് ബന്ധമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
2022ല്‍ കേരളത്തിലെ സിനിമ നിര്‍മ്മാതാക്കളുടെ ഓഫീസുകളിലും വീടുകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. അന്ന് പ്രധാനമായി ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീര്‍വാദ് ഫിലിംസ് അടക്കമുള്ള അഞ്ച് നിര്‍മ്മാണ കമ്പനികളിലാണ് റെയ്ഡ് നടന്നത്. 2019 മുതല്‍ 2022 വരെയുള്ള ഈ കമ്പനികളുടെ സാമ്പത്തിക ഇടപാടുകളാണ് പ്രധാനമായി പരിശോധിച്ചത്. തുടര്‍നടപടികളുടെ ഭാഗമായാണ് ആന്റണി പെരുമ്പാവൂരിന് ഇപ്പോള്‍ നോട്ടീസ് ലഭിച്ചത്.
തങ്ങള്‍ക്ക് കിട്ടിയ കണക്കുകളും റിപ്പോര്‍ട്ടുകളും ആദായനികുതി അന്വേഷണ വിഭാഗം ആദായനികുതി അസസ്‌മെന്റ് വിഭാഗത്തിന് കൈമാറിയിരുന്നു. ആദായനികുതി അസസ്‌മെന്റ് വിഭാഗമാണ് മാര്‍ച്ച് അവസാന ആഴ്ച ആന്റണി പെരുമ്പാവൂരിന് നോട്ടീസ് നല്‍കിയത്. എംപുരാന്‍ സിനിമയുടെ സംവിധായകനും നടനുമായ പൃഥ്വിരാജിന് നോട്ടീസ് നല്‍കിയ അതേസമയത്ത് തന്നെയാണ് ആന്റണി പെരുമ്പാവൂരിനും നോട്ടീസ് നല്‍കിയിരിക്കുന്നത്.
ചില ഓവര്‍സീസ് ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് പ്രധാനമായി ആന്റണി പെരുമ്പാവൂരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2022ല്‍ ദുബായില്‍ വച്ച് ആന്റണി പെരുമ്പാവൂര്‍ രണ്ടര കോടി രൂപ മോഹന്‍ലാലിന് കൈമാറിയിട്ടുണ്ട്. അതില്‍ വ്യക്തത വരുത്തണമെന്നാണ് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം അവസാനത്തോടെ ആന്റണി പെരുമ്പാവൂര്‍ ഇതില്‍ വ്യക്തത വരുത്തണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഓവര്‍സീസ് റൈറ്റിന്റെ പേരില്‍ വലിയ തോതില്‍ നികുതി വെട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് ആദായനികുതി വൃത്തങ്ങള്‍ ആരോപിക്കുന്നത്.
by Midhun HP News | Apr 5, 2025 | Latest News, കേരളം
കൊച്ചി: വിദേശത്ത് നിന്നും 592.54 കോടി രൂപ നധികൃതമായി സ്വീകരിച്ചതുള്‍പ്പെടെ ശ്രീ ഗോകുലം ചിറ്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി ലിമിറ്റഡ് ഫെമ ചട്ടങ്ങള്‍ ലംഘിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ശ്രീ ഗോകുലം ഗ്രൂപ്പിന്റെ ഓഫീസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ 1.5 കോടി രൂപ കണ്ടുകെട്ടിയെന്ന അറിച്ചുകൊണ്ടുള്ള പത്രകുറിപ്പിലാണ് ഇ ഡി ക്രമക്കേടുകള്‍ വിവരിക്കുന്നത്. എംപുരാന്‍ വിവാദങ്ങള്‍ക്കിടെയാണ് സഹ നിര്‍മാതാവ് ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില്‍ വെള്ളി, ശനി ദിവസങ്ങളിലെ ഇ ഡി പരിശോധന.
ശ്രീ ഗോകുലം ചിറ്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി ലിമിറ്റഡിന്റെ കോഴിക്കോടുള്ള ഓഫീസിലും ചെന്നൈയിലെ രണ്ട് ഓഫീസുകളിലുമായിരുന്നു പരിശോധന നടന്നത്. 1999 ലെ ഫെമ നിമയത്തിന്റെ ലംഘനം നടത്തിയതിന് 1.50 കോടി രൂപയും രേഖകളും പിടിച്ചെടുത്തു എന്ന് അന്വേഷണ ഏജന്‍സി എക്സില്‍ അറിയിച്ചു. പിടിച്ചെടുത്ത പണത്തിന്റെ ചിത്രം ഉള്‍പ്പെടെയാണ് ഇ ഡി വിവരങ്ങള്‍ പങ്കുവച്ചത്.
ഇതിന് പുറമെ ശ്രീ ഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സ് കമ്പനി ഇന്ത്യയ്ക്ക് പുറത്തുള്ളവരില്‍ നിന്ന് 592.54 കോടി രൂപ സ്വരൂപിച്ചെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു. 371.80 കോടി രൂപ പണമായും 220.74 കോടി രൂപ ചെക്കായും കമ്പനിയിലേക്ക് എത്തി. ഇത്തരത്തില്‍ ഇന്ത്യയ്ക്ക് പുറത്തുള്ളവരില്‍ നിന്നും ഗണ്യമായ തുക സ്വീകരിക്കുന്നത് 1999 ലെ ഫെമ നിയമത്തിന്റെ സെക്ഷന്‍ 3(ബി)യുടെ ലംഘനമാണെന്നും ഇ ഇ ഡി പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
ഗോകുലം ചിട്ടി ഇടപാടുകളുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് ഇ ഡിയുടെ പരിശോധനയെന്നായിരുന്നു വിശദീകരണം. 2022ല്‍ കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണമെന്നും ഇ ഡി വൃത്തങ്ങള്‍ അറിയിച്ചു. എംപുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി റെയ്ഡിനെ ബന്ധിപ്പിക്കരുതെന്നും ഗോകുലം ഗ്രൂപ്പിന്റെ ഇടപാടുകള്‍ മൂന്ന് മാസമായി നിരീക്ഷണത്തിലാണെന്നും അന്വേഷണസംഘം വ്യക്തമാക്കി. എംപുരാന്‍ സിനിമ രാഷ്ട്രീയ വിവാദമായ പശ്ചാത്തലത്തിലാണ് റെയ്ഡ് എന്ന് വ്യാപക പ്രചാരണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇ ഡിയുടെ വിശദീകരണം.
by Midhun HP News | Apr 5, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ആറ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം,വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
നാളെ നാല് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മഴുയടെ ശക്തി കുറയുമെന്നുമാണ് പ്രവചനം. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനമാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് പുറത്തുവിട്ടത്.
കൊല്ലം ജില്ലയില്‍ (ആലപ്പാട്ട് മുതല്‍ ഇടവ വരെ) ഇന്ന് (05/04/2025) ഉച്ചയ്ക്ക് 02.30 മുതല്‍ നാളെ (06/04/2025) രാവിലെ 11.30 വരെ 0.9 മുതല്‍ 1.0 മീറ്റര്‍ വരെയും കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം ജില്ലയില്‍ (കാപ്പില്‍ മുതല്‍ പൂവാര്‍ വരെ) നാളെ (06/04/2025) രാവിലെ 11.30 വരെ 0.9 മുതല്‍ 1.1 മീറ്റര്‍ വരെയും, കന്യാകുമാരി തീരത്ത് നാളെ (06/04/2025) രാവിലെ 11. 30 വരെ 1.1 മുതല്‍ 1.2 മീറ്റര്‍ വരെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
by Midhun HP News | Apr 5, 2025 | Latest News, കേരളം
ഹൃദയമിടിപ്പിന്റെ സ്വഭാവിക താളം ക്രമീകരിക്കാൻ ഉപയോഗിക്കുന്ന മെഡിക്കൽ ഡിവൈസ് ആണ് പേസ്മേക്കർ. പേസ്മേക്കര്‍ സാധരണഗതിയില്‍ വലിപ്പമുള്ളതാണ്. മാത്രമല്ല, ഇവ ഘടിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയ സങ്കീര്‍ണമാണ്. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിപ്പം കുറഞ്ഞ പേസ്‌മേക്കര്‍ വികസിപ്പിച്ചിരിക്കുകയാണ് അമേരിക്കയിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാല ഗവേഷകര്‍.
ഒരു സിറിഞ്ചിന്റെ അഗ്രത്തിനുള്ളില്‍ കടക്കാന്‍ മാത്രം വലിപ്പമുള്ള പേസ്മേക്കര്‍ കുത്തിവെക്കലിലൂടെ ശരീരത്തില്‍ ഘടിപ്പിക്കാനും കഴിയുന്ന തരത്തിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. നവജാത ശിശുക്കള്‍ക്ക് വേണ്ടി പ്രത്യേകം രൂപപ്പെടുത്തിയതാണ് ഈ കുഞ്ഞന്‍ പേസ്‌മേക്കര്‍. 1.8 മില്ലിമീറ്റര്‍ മാത്രം വീതിയും 3.5 മില്ലിമീറ്റര്‍ നീളവും ഒരു മില്ലിമീറ്റര്‍ കനവുമാണ് പേസ്മേക്കറിനുള്ളത്.
നിലവിലെ പേസ്മേക്കര്‍ ശരീരത്തില്‍ ഘടിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയ വളരെ സങ്കീര്‍ണമാണ്. മാത്രമല്ല, കാലാവധി കഴിഞ്ഞാലോ, അല്ലെങ്കില്‍ ഉപയോഗം ആവശ്യമില്ലാതെ വന്നാലോ പേസ്മേക്കര്‍ നീക്കം ചെയ്യാന്‍ മറ്റൊരു ശസ്ത്രക്രിയയ്ക്ക് വിധേയരാകേണ്ടി വരും. എന്നാല്‍ പുതിയതായി വികസിപ്പിച്ച പേസ്മേക്കര്‍ ഒരിക്കല്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ അത് നിശ്ചിത കാലത്തിന് ശേഷം ശരീരത്തില്‍ തനിയെ അലിഞ്ഞുചേരുമെന്നതാണ് പ്രത്യേകത
ലോകത്ത് ഒരു ശതമാനം കുഞ്ഞുങ്ങള്‍ ജന്മനാ ഹൃദയ വൈകല്യങ്ങളോടെയാണ് ജനിക്കുന്നത്. എന്നാൽ ഇവര്‍ക്ക് താൽക്കാലിക പേസിങ് മാത്രമേ ആവശ്യമായി വരൂ. ചിലപ്പോള്‍ ദിവസങ്ങള്‍ മാത്രമേ പേസ്മേക്കറുടെ സഹായം ആവശ്യമുണ്ടാകൂ. ഒരു അരിമണിയെക്കാള്‍ വലിപ്പം കുറഞ്ഞ പേസ്‌മേക്കറിന് നിലവില്‍ ഉപയോഗിക്കുന്ന വലിപ്പമുള്ള പേസ്‌മേക്കറിന്റെ അതേ ഗുണങ്ങള്‍ ഉണ്ടാകുമെന്നും ഗവേഷകര്‍ നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
by Midhun HP News | Apr 5, 2025 | Latest News, കേരളം
കോഴിക്കോട്: വഖഫ് ബില്ലിന് പിന്നാലെ ചര്‍ച്ച് ബില്ല് വരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വഖഫ് ബില്ല് പാസാക്കിയതുകൊണ്ട മുനമ്പത്തെ വിഷയം തീരില്ലെന്നും കേരളത്തിലെ ക്രൈസ്തവരെ പ്രീണിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ആട്ടിന്‍ തോലിട്ട ചെന്നായകളെ ക്രിസ്ത്യന്‍ സമൂഹം തിരിച്ചറിയുമെന്നും വിഡി സതീശന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
വഖഫ് ബില്ലിനെ ചിലര്‍ മുനമ്പം വിഷയവുമായി കൂട്ടിക്കെട്ടാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഇതിന് മുനമ്പവുമായി യാതൊരു ബന്ധവും ഇല്ല- സതീശന്‍ പറഞ്ഞു. മുനമ്പം വിഷയം സംസ്ഥാന സര്‍ക്കാരിനും സംസ്ഥാനത്തെ വഖഫ് ബോര്‍ഡിനും പത്തുമിനിറ്റുകൊണ്ട് തീര്‍ക്കാവുന്ന വിഷയമേ ഉളളൂ.
കേരളത്തിലെ മുഴുവന്‍ മുസ്ലീം സംഘടനകളും ക്രൈസ്തവ സംഘടനകളും അവിടെയുള്ളവരെ അവിടെ നിന്ന് ഇറക്കിവിടരുതെന്നാണ് അഭ്യര്‍ഥിച്ചത്. അത് സംബന്ധിച്ച് ഒരു തര്‍ക്കവും കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഇടയിലും ഒരു മതസംഘടനകളുടെ ഇടയിലും ഇല്ല. അതിന്റെ മറവില്‍ വഖഫ് ബില്‍ പാസാക്കാനുള്ള ശ്രമം നടത്തി. വഖഫ് ബില്‍ പാസാക്കിയതുകൊണ്ട് മുനമ്പത്തെ വിഷയം തീരുമോ?. ബിജെപി അത് രാഷ്ട്രീയ മുതലെടുപ്പ് നടത്തി ക്രൈസ്തവരെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് സതീശന്‍ പറഞ്ഞു.
‘ആര്‍എസ്എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറില്‍ വന്ന ലേഖനത്തില്‍ പറയുന്നത് സര്‍ക്കാര്‍ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഭൂമി കൈവശം വച്ചിരിക്കുന്നത് കത്തോലിക്ക് ചര്‍ച്ച് ആണെന്നാണ്. 17.29കോടി ഏക്കര്‍ ഭുമിയുടെ ഉടമകളാണെന്നും അത് അനധികൃതമായി ബ്രീട്ടിഷുകാരില്‍ നിന്ന് വാടകയ്ക്ക് എടുത്ത് കൈവശം വച്ചിരിക്കുകയാണെന്നും അത് തിരിച്ചുപിടിക്കണമെന്നുമാണ് ലേഖനത്തില്‍ പറയുന്നത്. ആര്‍എസ്എസിന്റെതല്ലാത്ത അഭിപ്രായം ഓര്‍ഗനൈസറില്‍ വരുമോ?. വഖഫ് ബില്‍ പാസാക്കിയ ദിവസമാണ് ആ ലേഖനം വന്നത്. ക്രൈസ്തവ ദേവലായങ്ങളില്‍ രത്‌നകീരിടവുമായി പോകുന്നതിന്റെയും ഈസ്റ്റര്‍ ദിവസം ക്രൈസ്തവ വീടുകളില്‍ കേക്കുമായി പോകുന്നതിന്റെയും രഹസ്യം മനസിലായല്ലോ?. തൃശൂരില്‍ ജില്ലയില്‍ നിന്നുള്ള വൈദികനാണ് ജബല്‍പൂരില്‍ ക്രൂരമായി മര്‍ദനത്തിന് ഇരയായത്. ക്രൈസ്തവരെ രാജ്യത്തുടനീളം ആക്രമിക്കുകയാണ് അവര്‍ ചെയ്യുന്നത്. എന്നിട്ട് കേരളത്തില്‍ വന്നിട്ട് നിങ്ങള്‍ക്ക് വേണ്ടിയാണ് വഖഫ് ബില്‍ എന്നുപറയുന്നത്. ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ ക്രിസ്ത്യന്‍ സമൂഹം തിരിച്ചറിയും’ – സതീശന്‍ പറഞ്ഞു.
അശ വര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖരന്റെ നിലപാട് കോണ്‍ഗ്രസ് ഗൗരവമായി പരിശോധിക്കും. അത് പാര്‍ട്ടിയുടെ നിലപാടല്ല. കമ്മീഷന്‍ വച്ച് സമരം അവസാനിപ്പിക്കണമെന്ന നിലപാട് കോണ്‍ഗ്രസിനോ യുഡിഎഫിനോ ഇല്ല. അതിന് വ്യത്യസ്തമായി അഭിപ്രായം പറഞ്ഞാല്‍ അത് പാര്‍ട്ടി പരിശോധിക്കുമെന്ന് സതീശന്‍ പറഞ്ഞു. ഒരു സിനിമയെടുത്തതിന്റെ പേരില്‍ അതിന്റെ സംവിധായകനെയും നിര്‍മാതാവിനെയും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുകയാണ്. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ ദേശവിരദ്ധരാണെന്നാണ് പറയുന്നത്. ഇത് നടപ്പിലാകില്ല, മുനമ്പത്ത് നേരത്തെ ബിജെപിയിലുള്ളവര്‍ തന്നെയാണ് ആ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.
by Midhun HP News | Apr 5, 2025 | Latest News, കേരളം
കൊച്ചി: വിരമിച്ച ഹൈക്കോടതി ജഡ്ജിയില്‍ നിന്നും ഓണ്‍ലൈനായി 90 ലക്ഷം തട്ടിയെടുത്ത കേസില്‍ പ്രതികളെ കൊച്ചി സൈബര്‍ പൊലീസ് പിടികൂടി. കോഴിക്കോട് വടകര സ്വദേശികളായ മിര്‍ഷാദ്, മുഹമ്മദ് ഷര്‍ജില്‍ എന്നിവരാണ് പിടിയിലായത്. തൃപ്പൂണിത്തുറ എരൂര്‍ അമൃത ലെയ്ന്‍ സ്വപ്നത്തില്‍ ശശിധരന്‍ നമ്പ്യാര്‍ക്കാണ് പണം നഷ്ടമായത്. ഓണ്‍ലൈന്‍ ട്രേഡിങ് വഴി 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
പ്രതികള്‍ക്ക് കംബോഡിയ, ചൈന കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പ് സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ ആറ് പ്രതികളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഈ സംഘങ്ങളില്‍ നിന്ന് പ്രതിഫലമായി 30 ലക്ഷം രൂപ ഇവര്‍ക്ക് കിട്ടിയതായും പൊലീസ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംസ്ഥാനത്ത് ഇവരാണ് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്
ആദിത്യ ബിര്‍ള ഇക്വിറ്റി ലേണിങ് എന്ന പേരിലുള്ള ഓഹരിവിപണി സംബന്ധിച്ച വാട്‌സാപ്പ് ഗ്രൂപ്പില്‍ റിട്ട. ജഡ്ജിയെ അംഗമാക്കിയിരുന്നു. തുടര്‍ന്ന് പണം നിക്ഷേപിച്ചാല്‍ 850 ശതമാനം ലാഭം ലഭിക്കുമെന്ന വാഗ്ദാനമുണ്ടായി. ഗ്രൂപ്പില്‍ തന്നെ പങ്കുവെച്ച ലിങ്കിലേക്ക് ജഡ്ജി പണം കൈമാറുകയും ചെയ്തു. ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിനും 30-നും ഇടയ്ക്ക് ജഡ്ജിയുടെ പല അക്കൗണ്ടുകളില്‍ നിന്നായി 90 ലക്ഷം രൂപ തട്ടിപ്പുകാര്‍ കൈക്കലാക്കി. എന്നാല്‍, വാഗ്ദാനം ചെയ്ത ലാഭവിഹിതമോ, നല്‍കിയ പണമോ തിരികെ ലഭിച്ചില്ല. തുടര്‍ന്ന് തൃപ്പൂണിത്തുറ ഹില്‍പ്പാലസ്പൊലീസ് സ്റ്റേഷനില്‍ ഈ മാസം അഞ്ചിന് പരാതി നല്‍കി. തുടര്‍ന്ന് കേസ് സൈബര്‍ പൊലീസിന് കൈമാറുകയായിരുന്നു.
സാമൂഹിക മാധ്യമങ്ങളിലൂടെ വലയിലാക്കുന്നവരെ വ്യാജ വെബ്സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപം നടത്താന്‍ ആവശ്യപ്പെടുന്നു. തുടക്കത്തില്‍ ചെറിയ തുക നിക്ഷേപിക്കുന്നവര്‍ക്കുപോലും തട്ടിപ്പുകാര്‍ അമിത ലാഭം നല്‍കും. നിക്ഷേപിച്ചതിനെക്കാള്‍ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി സ്‌ക്രീന്‍ഷോട്ട് നല്‍കും. ഒടുവില്‍ പണം പിന്‍വലിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ജിഎസ്ടിയുടെയും നികുതിയുടെയും മറവില്‍ കൂടുതല്‍ പണം തട്ടിയെടുക്കുന്നു.
നിങ്ങള്‍ക്ക് ലഭിച്ചതായി കാണിക്കുന്ന വന്‍ തുക സ്‌ക്രീനില്‍ മാത്രമേ കാണാന്‍ കഴിയൂ. ഒരിക്കലും ആ തുക നിങ്ങള്‍ക്ക് പിന്‍വലിക്കാന്‍ കഴിയില്ല. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനകംതന്നെ വിവരം 1930 എന്ന നമ്പറില്‍ ബന്ധപ്പെട്ട് സൈബര്‍ പൊലീസിനെ അറിയിക്കണമെന്ന് പൊലീസ് വ്യക്തമാക്കുന്നു.
Recent Comments