by Midhun HP News | Apr 5, 2025 | Latest News, കേരളം
കണ്ണൂർ: തളിപ്പറമ്പിൽ 12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്. കഴിഞ്ഞ മാസം അറസ്റ്റിലായ സ്നേഹ മെർലിനെതിരായാണ് തളിപ്പറമ്പ പൊലീസ് വീണ്ടും കേസെടുത്തിരിക്കുന്നത്. അതിജീവിതയായ 12കാരിയുടെ സഹോദരനെയും സ്നേഹ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കണ്ടെത്തൽ.
നിർബന്ധിച്ച് ലൈംഗികമായി ഉപയോഗിച്ചെന്ന് പെൺകുട്ടിയുടെ സഹോദരനായ 15കാരൻ മൊഴി നൽകി. വിവരം കുട്ടി തന്നെയാണ് വീട്ടുകാരോട് തുറന്നു പറഞ്ഞത്. തുടർന്ന് വീട്ടുകാർ ചൈൽഡ് ലൈനെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ആദ്യ ഘട്ടത്തിൽ പൊലീസിന് സംശയം ഉണ്ടായിരുന്നുവെങ്കിലും കുടുംബം പരാതി പറയാതിരുന്നതിനെ തുടർന്ന് പൊലീസ് കേസെടുത്തിരുന്നില്ല. പൊലീസ് 15കാരന്റെ മൊഴി രേഖപ്പെടുത്തി. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ മാസമാണ് 23 കാരിയായ സ്നേഹയെ പൊലീസ് അറസ്റ്റ് ചെയ്തത്.
by Midhun HP News | Apr 5, 2025 | Latest News, കേരളം
കണ്ണൂര്‍: തീര്‍ത്ഥാടനവിനോദ സഞ്ചാര കേന്ദ്രമായ പറശിനിക്കടവിന് സമീപത്തെ കോള്‍ മൊട്ടയിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി നാലുപേര്‍ പിടിയില്‍. മട്ടന്നൂര്‍ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് വളപട്ടണം സ്വദേശി മുഹമ്മദ് ജെംഷില്‍ (37) ഇരിക്കൂര്‍ സ്വദേശിനി റഫീന (24) കണ്ണൂര്‍ സ്വദേശിനി ജസീന (22) എന്നിവരെ പിടികൂടിയത്. ഇവരില്‍നിന്ന് 490 മില്ലി ഗ്രാം എംഡിഎംഎയും ഉപയോഗിക്കാനുള്ള സാധനങ്ങളും പിടികൂടി. തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിജില്‍കുമാറിന്റെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന.
പെരുന്നാള്‍ ദിവസം സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് വിട്ടില്‍ നിന്നും ഇറങ്ങിയ യുവതികള്‍ സുഹൃത്തുക്കൾക്കൊപ്പം പലസ്ഥലങ്ങളില്‍ മുറി എടുത്ത് മയക്കുമരുന്നു ഉപയോഗിച്ച് വരികയായിരുന്നു. വീട്ടില്‍ നിന്നും വിളിക്കുമ്പോള്‍ കൂട്ടുകാരികള്‍ ഫോണ്‍ പരസ്പരം കൈമാറി വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു വരികയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു. പിടികൂടിയപ്പോള്‍ മാത്രമാണ് വീട്ടുകാര്‍ ലോഡ്ജിലാണെന്ന് മനസിലാക്കിയത്. ഇവര്‍ക്ക് ലഹരി മരുന്ന് നല്‍കിയവരെ കുറിച്ചും എക്സൈസ് അന്വേഷിച്ചുവരികയാണ്.
അസി. എക്സൈസ് ഇന്‍സ്‌പെക്ടര്‍ മാരായ വി.വി.ഷാജി, അഷ്റഫ് മലപ്പട്ടം, പ്രിവവെന്റ്‌റീവ് ഓഫീസര്‍മരായ നികേഷ് , ഫെമിന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിജിത്ത്, കലേഷ്, സനെഷ്, പി. വി. വിനോദ് വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സുജിത എന്നിവരും പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നു. പിടിയിലായവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് എക്‌സൈസ് പറഞ്ഞു. ഇവര്‍ക്ക് മയക്കുമരുന്ന് എവിടെ നിന്നാണ് കിട്ടുന്നതെന്ന് അന്വേഷിച്ചു വരികയാണ്. നേരത്തെ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി തളിപ്പറമ്പ് മേഖലയില്‍ ലോഡ്ജില്‍ മുറിയെടുത്ത് ഡി.ജെ. പാര്‍ട്ടി നടത്തിയ യുവതി – യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു.
by Midhun HP News | Apr 5, 2025 | Latest News, കേരളം
കൊച്ചി: ‘എനിക്കുള്ള 25,000 എപ്പോൾ കിട്ടും’ എന്ന ക്യാപ്ഷനോടെ, കായലിലേക്ക് മാലിന്യം വലിച്ചെറിയുന്ന വിഡിയോ പോസ്റ്റ് ചെയ്ത നസീമിന്റെ അക്കൗണ്ടിലേക്ക് പാരിതോഷികം എത്തി. 25,000 രൂപ മുഴുവാനായും കിട്ടിയില്ലെങ്കിലും 2500 രൂപ പാരിതോഷികം കിട്ടിയതിന്റെ സന്തോഷത്തിലാണ് നസീം. ഗായകൻ എം ജി ശ്രീകുമാറിന്റെ വീട്ടിൽ നിന്ന് കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിയുന്ന വിഡിയോ പകർത്തി പരാതി നൽകിയതിനുള്ള പാരിതോഷികമാണ് നസീമിന് ലഭിച്ചത്.
മുളവുകാട് പഞ്ചായത്തിന്റെ എസ്ബിഐ അക്കൗണ്ടിൽ നിന്നും വെള്ളിയാഴ്ചയാണ് നസീമിന് 2,500 രൂപ ലഭിച്ചത്. ഈടാക്കുന്ന പിഴത്തുകയുടെ 25 ശതമാനം അല്ലെങ്കിൽ പരമാവധി 2,500 രൂപയാണ് സംഭവം റിപ്പോർട്ട് ചെയ്യുന്നവർക്ക് ലഭിക്കുക. മാസങ്ങൾക്ക് മുൻപ് തിരുവനന്തപുരം സ്വദേശിയായ നസീം വേമ്പനാട്ടു കായലിലൂടെ ബോട്ടിൽ സഞ്ചരിക്കുമ്പോൾ പകർത്തിയ വിഡിയോയാണ് മാർച്ച് 27 ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
വിഡിയോയിൽ മന്ത്രി എംബി രാജേഷിനെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് മന്ത്രിയുടെ നിർദേശപ്രകാരം മുളവുകാട് പഞ്ചായത്ത് അധികൃതർ നടത്തിയ പരിശോധനയിലാണ് സംഭവം നടന്നതാണെന്ന് ബോധ്യപ്പെട്ടത്. അന്നുതന്നെ വീട്ടുടമയായ എംജി ശ്രീകുമാറിന് 25,000 രൂപ പിഴചുമത്തി നോട്ടീസ് നൽകിയതായി മന്ത്രി പോസ്റ്റിനു താഴെ മറുപടിയിൽ അറിയിക്കുകയും ചെയ്തു.
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട് പരാതികൾ അറിയിക്കുന്നതിനുള്ള വാട്‌സാപ്പ് നമ്പറിനെ പറ്റിയും പാരിതോഷികത്തെക്കുറിച്ചും ഒരു അഭിമുഖത്തിനിടെ മന്ത്രി എംബി രാജേഷ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. അത് കണ്ടതോടെയാണ് വിഡിയോ സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്യാൻ തീരുമാനിച്ചതെന്നും നസീം പറഞ്ഞു.
by Midhun HP News | Apr 5, 2025 | Latest News, കേരളം
കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയെ സമീപിക്കും. ഇന്നലെ ചേര്‍ന്ന മുസ്ലീം ലീഗ് ദേശീയ നേതൃയോഗത്തിന്റെതാണ് തീരുമാനം. ബില്ലിന്റെ ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുക. ഇതിന്റെ ഭാഗമായി ഏപ്രില്‍ 16ന് കോഴിക്കോട് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിക്കും.
ഡല്‍ഹിയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പ്രക്ഷോഭങ്ങളുടെ തീയതി പിന്നീട് പ്രഖ്യാപിക്കും. മതസ്വാതന്ത്ര്യത്തിന്റെ നഗ്‌നമായ ലംഘനമാണ് ബില്ലിലൂടെ സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് യോഗം വിലയിരുത്തി. സുപ്രീംകോടതിയെ സമീപിക്കാന്‍ ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയെയും ലീഗ് എംപിമാരെയും ചുമതലപ്പെടുത്തി.
മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമൊടുവില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബില്‍ ലോക്‌സഭ പാസാക്കിയത്. പിന്നാലെ രാജ്യസഭയും പാസാക്കി. ലോക്‌സഭയില്‍ 520 അംഗങ്ങളില്‍ 288 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേര്‍ എതിര്‍ത്തു. കേരളത്തില്‍നിന്ന് സുരേഷ് ഗോപി ഒഴികെ 18 അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു. പ്രിയങ്ക ഗാന്ധി വിദേശത്തായിരുന്നതിനാല്‍ ഹാജരായില്ല. രാജ്യസഭയില്‍ 128 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 95 പേര്‍ എതിര്‍ത്തു.
1995ലെ വഖഫ് നിയമത്തിലാണ് ഭേദഗതി. ഓഗസ്റ്റില്‍ ബില്‍ അവതരിപ്പിച്ച ശേഷം സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്ക്കു വിട്ടിരുന്നു. ജെപിസിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പരിഷ്‌കരിച്ച ബില്‍ ആണ് ലോക്‌സഭയും പിന്നാലെ രാജ്യസഭയും പാസാക്കിയത്. കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജുവാണ് ബില്‍ അവതരിപ്പിച്ചത്.
by Midhun HP News | Apr 5, 2025 | Latest News, കേരളം
കോഴിക്കോട്: നിപ സംശയത്തില്‍ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുറ്റിപ്പുറം സ്വദേശിനിയായ നാല്‍പ്പതുകാരിയാണ് ചികിത്സ തേടിയത്.
കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ അവിടെ നിന്നും വൈകിട്ടോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ഗുരുതരാവസ്ഥയിലായതിനാല്‍ വെന്റിലേറ്ററിലേക്കു മാറ്റി.
by Midhun HP News | Apr 5, 2025 | Latest News, കേരളം
തിരുവനന്തപും: തെക്കു കിഴക്കന്‍ അറബിക്കടലിനു മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, വയനാട് ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.ചക്രവാതച്ചുഴിയില്‍ നിന്നും തെക്കന്‍ കേരളത്തിന് മുകളില്‍ വരെ ന്യുനമര്‍ദ്ദ പാത്തി രൂപപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം അറബിക്കടലില്‍ നിന്നും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും വരുന്ന കാറ്റിന്റെ സംയോജനവുമാണ് മഴയ്ക്ക് കാരണമാകുന്നതെന്നും കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നു.
കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
ഇടിമിന്നലോടുകൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഞായറാഴ്ച വരെ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
തിരുവനന്തപുരം ജില്ലയിൽ (കാപ്പിൽ മുതൽ പൂവാർ വരെ) ശനിയാഴ്ച രാവിലെ 11.30 മുതൽ ഞായർ രാവിലെ 11.30 വരെ 0.9 മുതൽ 1.1 മീറ്റർ വരെയും, കൊല്ലം ജില്ലയിൽ (ആലപ്പാട്ട് മുതൽ ഇടവ വരെ) ശനിയാഴ്ച ഉച്ചയ്‌ക്ക് 02.30 മുതൽ ഞായർ രാവിലെ 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെയും കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കന്യാകുമാരി തീരത്ത് ഇന്ന് രാവിലെ 11.30 മുതൽ നാളെ രാവിലെ 11. 30 വരെ 1.1 മുതൽ 1.2 മീറ്റർ വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
Recent Comments