by Midhun HP News | Apr 5, 2025 | Latest News, കേരളം
കോഴിക്കോട്: കോഴിക്കോട് കക്കാടം പൊയിലിലെ റിസോര്‍ട്ടിലെ കുളത്തില്‍ വീണ് ഏഴുവയസ്സുകാരന്‍ മരിച്ചു. മലപ്പുറം കൂട്ടിലങ്ങാടി പഴമള്ളൂര്‍ മീനാര്‍കുഴിയില്‍ കവുംങ്ങുംതൊടി കെടി മുഹമ്മദാലിയുടെ മകന്‍ അഷ്മില്‍ ആണ് മരിച്ചത്. കക്കാടംപൊയിലിലെ ഏദന്‍സ് ഗാര്‍ഡന്‍ റിസോര്‍ട്ടിലാണ് അപകടം ഉണ്ടയാത്. ഉടന്‍ തന്നെ കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ രാത്രിയിലാണ് സംഭവം.
കുട്ടിയുടെ മാതാപിതാക്കള്‍ പ്രാര്‍ഥിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഈ സമയത്ത് കുട്ടി പൂളിനടുത്തേക്ക് പോയപ്പോള്‍ കാല്‍ വഴുതി വീഴുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അവധിക്കാലം ആഘോഷിക്കാനാണ് ഇവര്‍ കക്കാടംപൊയിലിലെ വിനോദ സഞ്ചാരകേന്ദ്രത്തിലെത്തിയത്.
by Midhun HP News | Apr 4, 2025 | Latest News, കേരളം
കൊച്ചി: പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന തുടരുകയാണ്. കേരളത്തിലും തമിഴ്നാട്ടിലുമായി 5 ഇടങ്ങളിലാണ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്. ചെന്നൈ കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തിലും പരിശോധന നടക്കുന്നുണ്ട്. കോഴിക്കോട് അരയിടത്ത് പാലത്തുള്ള ഗോകുലം ഗ്രാൻഡ് കോർപ്പറേറ്റ് ഓഫീസിലും ഗോകുലം ഗ്രാൻ്റ് ഹോട്ടലിലുമാണ് പരിശോധന നടക്കുന്നത്. ഗോകുലത്തിന്റെ സ്ഥാപനങ്ങളിൽ തുടരുന്ന പരിശോധന ഫെമ, പിഎംഎൽഎ ചട്ടലംഘനങ്ങളിലെന്ന് ഇഡി വ്യക്തമാക്കുന്നു. 1000 കോടിയുടെ വിദേശ വിനിമയ ചട്ടലംഘനമെന്നാണ് പ്രാഥമിക വിവരം.
ഗോകുലം ചിറ്റ് ഫണ്ടുമായി ബന്ധപ്പെട്ട വഞ്ചന കേസുകളിലും പിഎംഎൽഎ അന്വേഷണം നടക്കുന്നുണ്ട്. രാജ്യത്തിന് പുറത്തുനിന്നുളള സാമ്പത്തിക ഇടപാടുകളാണ് ഫെമ നിയമപരിധിയിൽ ഉളളത്. ഗോകുലം ഗോപാലൻ ഡയറക്ടർ ആയ കമ്പനികൾ നിക്ഷേപം നടത്തിയ മറ്റു ചില സ്ഥലങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം ഉണ്ടാകും. കടലാസ് കമ്പനികൾ ഉണ്ടോയെന്നും പരിശോധിക്കും.
by Midhun HP News | Apr 4, 2025 | Latest News, കേരളം
മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ ഒരു നിമിഷം വൈകാതെ പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ഇക്കാര്യം അടിയന്തമായി തീരുമാനിക്കണം. 10 വര്‍ഷം വരെ തടവ് കിട്ടുന്ന കുറ്റമാണിത്. തെളിവുകളെ അതിജീവിക്കാന്‍ മുഖ്യമന്ത്രിക്കോ മകള്‍ക്കോ സാധിക്കില്ല. പണം വാങ്ങിയവര്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിച്ചേ തീരൂ. പലനാള്‍ കട്ടാല്‍ ഒരു നാള്‍ പിടിക്കപ്പെടും എന്നതാണ് യാഥാര്‍ത്ഥ്യം.
കേരള ഹൗസില്‍ മുഖ്യമന്ത്രി ഗവര്‍ണറേയും കൂട്ടി കേന്ദ്രധനമന്ത്രിയെ കണ്ടത് ഈ കേസില്‍ നിന്നു രക്ഷപ്പെടാനായിരുന്നു. അവിടെ നടന്ന ചര്‍ച്ച എന്തായിരുന്നുവെന്ന് മുഖ്യമന്ത്രി ഇതുവരെ പുറത്തുവിട്ടിട്ടില്ല. സത്യസന്ധരായ ഉദ്യോഗസ്ഥരുടെ നിശ്ചയദാര്‍ഢ്യം കൊണ്ട് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.
മധുരയില്‍ നടക്കുന്ന സുപ്രധാനമായ പാര്‍ട്ടി കോണ്‍ഗ്രസ് പതിവുപോലെ മുഖ്യമന്ത്രിയെ സംരക്ഷിക്കാനാണ് നീക്കമെങ്കില്‍ സിപിഎമ്മിന്റെ അന്ത്യത്തിന് അവിടെ നിന്ന് തുടക്കം കുറിക്കും. പാര്‍ട്ടി കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ സത്യസന്ധമായ നിലപാട് സ്വീകരിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.
by Midhun HP News | Apr 4, 2025 | Latest News, കേരളം
കൊച്ചി: കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞത് ഗായകൻ എംജി ശ്രീകുമാർ അല്ലെന്ന് മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വിഎസ് അക്ബർ. ഗായകൻ വീട്ടിലുണ്ടായിരുന്നില്ല. ജോലിക്കാരി മാങ്ങ ഭക്ഷിച്ച ശേഷം ബാക്കി കടലാസിൽ പൊതിഞ്ഞ് കായലിലേക്ക് എറിയുകയായിരുന്നുവെന്ന് പഞ്ചായത്ത് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു.
നോട്ടീസ് നൽകിയതോടെ തർക്കം ഉന്നയിക്കാതെ ഗായകൻ പിഴയൊടുക്കുകയായിരുന്നു. അതേസമയം കായലിലേക്ക് ജോലിക്കാരിയാണ് ചീഞ്ഞ മാങ്ങയുടെ അവശിഷ്ടം വലിച്ചെറിഞ്ഞതെന്ന് എംജി ശ്രീകുമാറും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. “ഞാൻ അന്ന് വീട്ടിൽ ഇല്ലായിരുന്നു. കായൽ തീരത്ത് ഒരു മാവ് നിൽപ്പുണ്ട്. അതിൽ നിന്ന് ഒരു മാങ്ങാ പഴുത്തത് നിലത്ത് വീണ് ചിതറി.
അതിന്റെ മാങ്ങാണ്ടി പേപ്പറിൽ പൊതിഞ്ഞ് ജോലിക്കാരി വെള്ളത്തിലേക്ക് എറിഞ്ഞതാണ്. അത് തെളിയിക്കാനും ഞാൻ തയ്യാറാണ്. പക്ഷേ അങ്ങനെ ചെയ്തത് തെറ്റാണ്. സത്യത്തിൽ അവരത് അറിയാതെ ചെയ്തതാണെന്നും” എംജി ശ്രീകുമാർ പ്രതികരിച്ചിരുന്നു.കഴിഞ്ഞ ദിവസമാണ് എംജി ശ്രീകുമാറിന്റെ വീട്ടിൽ നിന്ന് മാലിന്യം കായലിലേക്ക് എറിയുന്നത് ഒരു വിനോദ സഞ്ചാരി വിഡിയോയിൽ പകർത്തി മന്ത്രി എംബി രാജേഷിനെ ടാഗ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ മുളവുകാട് പഞ്ചായത്ത് അധികൃതർ അദ്ദേഹത്തിന് 25,000 രൂപ പിഴ ചുമത്തുകയായിരുന്നു.
by Midhun HP News | Apr 4, 2025 | Latest News, കേരളം
കൊല്ലം: കടയ്ക്കല്‍ ദേവി ക്ഷേത്രത്തിലെ വിപ്ലവ ഗാനാലാപനത്തില്‍ ആസ്വാദകര്‍ പറഞ്ഞ ഗാനമാണ് താന്‍ പാടിയതെന്ന് ഗായകന്‍ അലോഷി ആദം. ആസ്വാദകരുടെ ആവശ്യപ്രകാരമാണ് പാടിയത്. തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും അദ്ദേഹം പയ്യന്നൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ഞാന്‍ അന്ന് അവിടെ ഒരുപാട് പാട്ടുകള്‍ പാടിയിരുന്നുവെന്നും അതെല്ലാം ആസ്വാദകര്‍ പറഞ്ഞ പാട്ടായിരുന്നു. എല്ലാ പരിപാടിയിലും ആസ്വാദകരുടെ ഇഷ്ടത്തിനാണ് പാട്ടുകള്‍ പാടുന്നത്. ഹൈക്കോടതി എനിക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്.
അതുകൊണ്ടുതന്നെ ഈ കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ല. ആസ്വാദകരുടെ ആവശ്യപ്രകാരം പാടിയ പാട്ട് തെറ്റായി വ്യാഖാനിക്കപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ആ സമയത്ത് ഇതുമായി ബന്ധപ്പെട്ട് മറ്റു പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അവര്‍ക്ക് പാട്ട് കേള്‍ക്കണം. അവര്‍ അത് ആവശ്യപ്പെട്ടു. അങ്ങനെ ഒരുപാട് പാട്ടുകള്‍ പാടിയിട്ടുണ്ട്. ചില പാട്ടുകള്‍ പരിപാടിയില്‍ വന്നിരുന്നോ എന്ന് അവര്‍ക്ക് അറിയില്ല. അത് പിന്നീട് പരാതിയായി ഉന്നയിക്കാന്‍ തോന്നി. അങ്ങനെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. കേസിന്റെ വിശദാംശങ്ങളെ കുറിച്ച് അറിയില്ല. വകുപ്പുകളെ കുറിച്ച് അറിയില്ല. എഫ്‌ഐആറിന്റെ വിശദാംശങ്ങള്‍ അറിയില്ല. അറിഞ്ഞശേഷം ബാക്കി പ്രതികരിക്കാം.’- അലോഷി ആദം പറഞ്ഞു.
ക്ഷേത്രപരിസരത്ത് വിപ്ലവഗാനം പാടാന്‍ പാടില്ല എന്ന യാതൊരു വിധത്തിലുള്ള നിര്‍ദേശങ്ങളും ക്ഷേത്ര കമ്മിറ്റിയും നല്‍കിയിരുന്നില്ല. പരിപാടി നടന്നത് ക്ഷേത്രത്തിനകത്തല്ലായിരുന്നുവെന്നും ക്ഷേത്രമതില്‍ക്കെട്ടിന് പുറത്തായിരുന്നുവെന്നും അലോഷി വ്യക്തമാക്കി. കേസിനെ കുറിച്ചുള്ള വിവരങ്ങള്‍ തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അതേസമയം ഈ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ ഡിജിപിക്ക് പരാതി നല്‍കി. ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍, ദേവസ്വം ബോര്‍ഡ് സബ് ഗ്രൂപ്പ് ഓഫീസര്‍ എന്നിവരെ കൂടി പ്രതി ചേര്‍ക്കണം എന്നാവശ്യപ്പെട്ടാണ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 10ന് ദേവീ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന ഈ പരിപാടിയില്‍ പ്രചരണ ഗാനങ്ങള്‍ക്കൊപ്പം സ്റ്റേജിലെ എല്‍ഇഡി വാളില്‍ ഡിവൈഎഫ്ഐയുടെ കൊടിയും സിപിഎമ്മിന്റെ ചിഹ്നവുമുണ്ടായിരുന്നു. ഗാനം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇത് വഴിവെച്ചത്.
by Midhun HP News | Apr 4, 2025 | Latest News, കേരളം
മൂന്നാര്‍: കാട്ടുക്കൊമ്പന്‍ പടയപ്പ മൂന്നാര്‍ ടൗണിലിറങ്ങിയത് പരിഭ്രാന്തി പരത്തി. ഇന്ന് പുലര്‍ച്ചെ ടൗണില്‍ ഇറങ്ങിയ പടയപ്പ വഴിയോര കച്ചവടശാലകള്‍ തകര്‍ത്ത് നാശം വിതച്ചു.
മൂന്നാര്‍ ആര്‍ ഒ ജങ്ഷനിലാണ് പുലര്‍ച്ചെ പടയപ്പ എത്തിയത്. ടൗണിലിറങ്ങിയ ആന വഴിയോര കച്ചവട സ്ഥാപനങ്ങള്‍ തകര്‍ത്തുകയായിരുന്നു. പഴയ മൂന്നാര്‍ ടൗണിന് സമീപത്തെ പാര്‍ക്കിലും ആന നാശം വരുത്തി. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ബഹളം വെച്ച് ആനയെ തുരത്തുകയായിരുന്നു. വിനോദ സഞ്ചാര സീസണ്‍ ആരംഭിയ്ക്കുന്ന സാഹചര്യത്തില്‍ ആന ജനവാസ മേഖലയിലേയ്ക്ക് ഇറങ്ങുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ പടയപ്പ മദപ്പാടിലായിരുന്നു. ഈ സമയം ജനവാസ മേഖലയിലിറങ്ങി വലിയ തോതില്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ടൗണിലേക്കും ആന എത്തിയത്.
Recent Comments