കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, ഒറ്റയടിക്ക് കുറഞ്ഞത് 1280 രൂപ; 68,000ല്‍ താഴെ

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, ഒറ്റയടിക്ക് കുറഞ്ഞത് 1280 രൂപ; 68,000ല്‍ താഴെ

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. പവന് ഒറ്റയടിക്ക് 1280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,000ല്‍ താഴെയെത്തി. 67,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഗ്രാമിന് ആനുപാതികമായി 160 രൂപയാണ് കുറഞ്ഞത്. 8400 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ 68,480 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. ഏപ്രില്‍ ഒന്നിനാണ് സ്വര്‍ണവില ആദ്യമായി 68000 കടന്നത്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില മുന്നേറുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം വരെ കണ്ടത്. എന്നാല്‍ ഇന്ന് സ്വര്‍ണവിലയില്‍ കനത്ത ഇടിവ് നേരിടുകയായിരുന്നു. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.

വഖഫ് ബിൽ പാസാക്കിയത് നല്ലത്, നിയമഭേദ​ഗതി പാവപ്പെട്ട മുസ്‍ലിംകൾക്ക് എതിരല്ല: വെള്ളാപ്പള്ളി നടേശൻ

വഖഫ് ബിൽ പാസാക്കിയത് നല്ലത്, നിയമഭേദ​ഗതി പാവപ്പെട്ട മുസ്‍ലിംകൾക്ക് എതിരല്ല: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: വഖഫ് ബിൽ പാസാക്കിയത് നല്ലതെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിൽ മുസ്‌ലിംകൾക്ക് എതിരല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു പറയുന്നുണ്ട്. വർഷങ്ങളായി താമസിക്കുന്ന മുനമ്പത്തെ ജനങ്ങളെ അവരുടെ ഭൂമിയിൽ നിന്നും ഇറക്കി വിടുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഈ ബിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ മുസ്‍ലിംകൾക്ക് എത്ര ശക്തിയുണ്ടെന്ന് തെളിയിച്ചു. അതിനെ ചെറുതായി കാണരുത്. നിയമഭേദ​ഗതി പാവപ്പെട്ട മുസ്‍ലിംകൾക്ക് എതിരല്ല. മുനമ്പത്ത് പോയി പ്രസംഗിച്ചവരും ബില്ലിനെ എതിർത്തു വോട്ടു ചെയ്തത് വിരോധാഭാസമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ജനാധിപത്യത്തിൽ ജനങ്ങൾ ഒപ്പം നിൽക്കുന്നതാണ് പ്രധാനം. അവരെ സേവിക്കുന്നവർക്കൊപ്പം നിൽക്കും. സിപിഎമ്മും കോൺഗ്രസും ചെയ്തത് എന്താണെന്ന് പാർലമെന്റിൽ കണ്ടതാണ്. ഞങ്ങൾക്ക് ചെയ്യാനുള്ളത് ഞങ്ങൾ ചെയ്യുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ.

പ്രകാശത്തെ പ്രതിഫലിപ്പിക്കും! ​മുള കൊണ്ടു നിർമിക്കുന്ന ‘കണ്ണാടിപ്പായ’യ്ക്ക് ഭൗമ സൂചികാ പദവി

പ്രകാശത്തെ പ്രതിഫലിപ്പിക്കും! ​മുള കൊണ്ടു നിർമിക്കുന്ന ‘കണ്ണാടിപ്പായ’യ്ക്ക് ഭൗമ സൂചികാ പദവി

രൂപകൽപ്പനയിലെ കൗതുകം കൊണ്ടു ശ്രദ്ധേയമായ മുള കൊണ്ടു നിർമിക്കുന്ന കണ്ണാടിപ്പായയ്ക്ക് ഭൗമ സൂചികാ പദവി (ജിഐ). ഇടുക്കിയിലെ ആദിവാസി കരകൗശല വിദ​ഗ്ധർ നിർമിക്കുന്ന ഏറെ സവിശേഷതകളുള്ളവയാണ് കണ്ണാടിപ്പായ. കണ്ണാടി പോലെ പ്രകാശത്തെ പ്രതിഫലിപ്പിക്കാനുള്ള കഴിവാണ് ഈ പായയുടെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്. തൃശൂരിലെ പീച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെഎഫ്ആർഐ) നടത്തിയ ശ്രമമാണ് പായയ്ക്ക് ഭൗമ സൂചികാ പദവി ലഭിക്കാൻ കാരണമായത്.

കേരളത്തിൽ നിന്നു ഈ പദവി ലഭിക്കുന്ന കൈകൊണ്ടു നിർമിച്ച ഒരേയൊരു ഉത്പന്നവും കണ്ണാടിപ്പായയാണ്. പരമ്പരാ​ഗത കരകൗശല വസ്തുക്കളുടെ ദുരുപയോ​ഗം തടയുന്നതിനൊപ്പം പായകൾ നിർമിക്കുന്ന ​ഗോത്ര സമൂഹങ്ങളുടെ ഉപജീവന മാർ​ഗം മെച്ചപ്പെടുത്താൻ ഈ അം​ഗീകാരം സഹായിക്കുമെന്ന പ്രതീക്ഷയാണ് കെഎഫ്ആർഐ അധികൃതർ പ്രതീക്ഷിക്കുന്നത്. ഒപ്പം പരമ്പരാ​ഗത അറിവുകളുടെ സംരക്ഷണവും ഇതുവഴി നടക്കും.

ഊരാളി, മന്നൻ, മുതുവാൻ ഗോത്ര വിഭാഗങ്ങളാണ് ഈ പായ നിർമിക്കുന്നത്. പ്രകാശത്തെ പ്രതിഫലിപ്പിക്കാനുള്ള കഴിവു കൊണ്ടാണ് ഇതിനു കണ്ണാടിപ്പായ എന്ന പേര് വരാൻ കാരണമെന്നു കെഎഫ്ആർഐ ഗവേഷണ ശാസ്ത്രജ്ഞൻ എവി രഘു ടിഎൻഐഇയോട് പറഞ്ഞു. അസംസ്കൃത വസ്തുക്കൾ ശേഖരിക്കുന്നതിനും നിർമിക്കുന്നതിനുമൊക്കെ കഠിനാധ്വാനം വേണം. എന്നാൽ പായയ്ക്ക് ആവശ്യക്കാർ കുറവാണെന്നും വിപണി വരുമാനം കുറവാണെന്നും കെ‌എഫ്‌ആർ‌ഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഇടുക്കിയിലെ ​ഗോത്ര സമൂഹങ്ങൾ പണ്ട് രാജാക്കൻമാർക്കും മറ്റു പ്രമുഖർക്കും വിശേഷ അവസരങ്ങളിൽ സമ്മാനമായി ഈ പായകൾ നൽകാറുണ്ടായിരുന്നു. 1976ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ​ഗാന്ധി ഇടുക്കി അണക്കെട്ട് സന്ദർശിച്ചപ്പോൾ ഈ പായ സമ്മാനിച്ചിരുന്നു.

ഒരു കണ്ണാടിപ്പായ നിർമിക്കാൻ ഒരു മാസത്തിലധികം സമയം എടുക്കും. മുള ശേഖരിക്കുന്നത് ഒരു ചടങ്ങാണ്. കാട്ടിലേക്കു പോകുന്നതും തിരിച്ചുമുള്ള യാത്ര ഒരു പകലും രാത്രിയും നീണ്ടു നിൽക്കുമെന്നു പായ നിർമിക്കുന്ന കുമാരിയമ്മ പറയുന്നു.

കണ്ണാടിപ്പായ നിർമാണം ആധുനികവത്കരിക്കുന്നതിനായി വെണ്മണിയിലെ ആദിവാസി കരകൗശല വിദ​ഗ്ധർക്കു യന്ത്രങ്ങളും ഉപകരണങ്ങളും നൽകിയിട്ടുണ്ട്. അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനായി ഇവ നിർമിക്കുന്ന മുള സംരക്ഷിക്കാനുള്ള പദ്ധതിയും കെഎഫ്ആർഐ ആരംഭിച്ചിട്ടുണ്ട്.

സാമൂതിരി കെ സി ഉണ്ണിയനുജൻ രാജ അന്തരിച്ചു

സാമൂതിരി കെ സി ഉണ്ണിയനുജൻ രാജ അന്തരിച്ചു

കോഴിക്കോട്: കോഴിക്കോട് സാമൂതിരി കെ സി ഉണ്ണിയനുജൻ രാജ ( ശ്രീ മാനവേദൻരാജ- 99) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ട് 5.15 ന് ആയിരുന്നു അന്ത്യം. ആശുപത്രിയിലുള്ള ഭൗതിക ശരീരം വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതൽ 11 മണി വരെ കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനത്തിന് വയ്ക്കും.

തുടർന്ന് ജന്മഗൃഹമായ കോട്ടക്കൽ കിഴക്കേ കോവിലകത്തേക്ക് കൊണ്ടുപോകും. കോവിലകം ശ്മശാനത്തിൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് സംസ്കാര ചടങ്ങുകൾ നടക്കും. 2014 ഏപ്രിലിൽ പി കെ ചെറിയ അനുജൻ രാജ (ശ്രീ മാനവിക്രമൻരാജ) അന്തരിച്ചതിനെ തുടർന്നാണ് ഉണ്ണിയനുജൻ രാജ സാമൂതിരിയായി ചുമതലയേറ്റത്.

അഴകപ്ര കുബേരൻ നമ്പൂതിരിയുടെയും കോട്ടക്കൽ കിഴക്കേ കോവിലകം കുഞ്ഞിമ്പാട്ടി തമ്പുരാട്ടിയുടെയും മകനായി 1925 ൽ ജനിച്ച കെ സി ഉണ്ണി അനുജൻ രാജ സാമൂതിരി കോളജിൽ ഇന്റർമീഡിയറ്റും ചെമ്പൂർ മദ്രാസ് എൻജിനീയറിങ് കോളജിൽ എൻജിനീയറിങ്ങും പൂർത്തിയാക്കി. പെരമ്പൂരിൽ ഇന്ത്യൻ റെയിൽവേയിൽ എൻജിനീയറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് ജംഷഡ്പൂരിൽ ടാറ്റയിൽ ജോലി ചെയ്തു. എറണാകുളത്തെ എച്ച്എംടിയിൽ നിന്ന് പ്ലാനിങ് എൻജിനീയറായി വിരമിച്ചു. മാലതി നേത്യാർ ആണ് ഭാര്യ. മക്കൾ: സരസിജ, ശാന്തിലത, മായാദേവി.

നിറവും വലുപ്പവും; തലനാടൻ ​ഗ്രാമ്പൂവിന് ഭൗമസൂചികാ പദവി

നിറവും വലുപ്പവും; തലനാടൻ ​ഗ്രാമ്പൂവിന് ഭൗമസൂചികാ പദവി

കോട്ടയം: കോട്ടയം ജില്ലയിലെ തലനാടൻ ഗ്രാമ്പൂവിന് ഭൗമസൂചികാ പദവി. കേരള കാർഷിക സർവകലാശാല ബൗദ്ധിക സ്വത്തവകാശ സെന്റർ, കൃഷിവകുപ്പ്, തലനാടൻ ഗ്രാമ്പൂ ഉൽപ്പാദക സംസ്കരണ വ്യാവസായിക സഹകരണ സംഘം, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്, തലനാട് പഞ്ചായത്ത് എന്നിവയുടെ കൂട്ടായ ശ്രമഫലമാണ് തലനാടൻ ഗ്രാമ്പൂവിന്‌ പദവി ലഭിച്ചത്‌.

തലനാട് പ്രദേശത്തെ പ്രത്യേക കാലാവസ്ഥയും മണ്ണും കൃഷി രീതികളുമാണ്‌ തലനാടൻ ഗ്രാമ്പൂവിനെ വ്യത്യസ്തമാക്കുന്നത്. മൊട്ടിന്റെ ആകർഷക നിറം, വലുപ്പം, സു​ഗന്ധം, ഔഷധ​ഗുണം എന്നിവകൊണ്ട് വിപണിയിൽ മുൻപ് തന്നെ ശ്രദ്ധ നേടിയതാണ് ഈ ​ഗ്രാമ്പൂ. ഭൗമസൂചികാ പദവി ലഭിച്ചതോടെ ദേശീയ, അന്തർദേശീയ വിപണികളിൽ ഇതിന് പ്രിയമേറുമെന്ന് കൃഷി വകുപ്പ് അധികൃതർ വ്യക്തമാക്കി.

മീനച്ചിൽ താലൂക്കിലെ മലമ്പ്രദേശമായ തലനാട് ​ഗ്രാമപ്പഞ്ചായത്താണ് ഇതിന്റെ ജന്മദേശം. സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിൽ ​ഗ്രാമ്പൂ കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണ്. ഡിസംബർ- ജനുവരിയാണ് വിളവെടുപ്പ് കാലം. ഈരാറ്റുപേട്ട ബ്ലോക്കിലെ തലനാട്, തീക്കോയി, മേലുകാവ്, പൂഞ്ഞാർ, തെക്കേക്കര, തലപ്പലം, തിടനാട്, മൂന്നിലവ് എന്നീ പഞ്ചായത്തുകളിലും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലും തലനാടൻ‌ ​ഗ്രാമ്പൂ കൃഷി ചെയ്യുന്നു. കേരളത്തിൽ നിന്ന് ഭൗമസൂചികാ പദവി ലഭിച്ച 36 ഉത്പ്പന്നങ്ങളിൽ 23 എണ്ണവും കാർഷികോത്പന്നങ്ങളാണ്.

മുനമ്പത്ത് ആഹ്ലാദ പ്രകടനം; പടക്കം പൊട്ടിച്ചും ജയ് വിളിച്ചും സമരസമിതി

മുനമ്പത്ത് ആഹ്ലാദ പ്രകടനം; പടക്കം പൊട്ടിച്ചും ജയ് വിളിച്ചും സമരസമിതി

കൊച്ചി: വഖഫ് ഭേദഗതി ബില്‍ രാജ്യസഭയും പാസ്സാക്കിയതിന് പിന്നാലെ മുനമ്പത്ത് ആഹ്ലാദ പ്രകടനം. പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളികളോടെയും ആഹ്ലാദപ്രകടനം നടത്തിയ സമരക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും ജയ് വിളിച്ചു.

നിയമഭേദഗതിയെ എതിര്‍ത്ത കേരളത്തിലെ എംപിമാരെ സമരക്കാര്‍ വിമര്‍ശിച്ചപ്പോള്‍ സുരേഷ് ഗോപിക്ക് നന്ദി അറിയിച്ചു. റവന്യു അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നത് വരെ സമരം തുടരുമെന്നും മുനമ്പം സമര സമിതി അറിയിച്ചു.

വഖഫ് ബില്ലില്‍ 12 മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ ഇന്നു പുലര്‍ച്ചെ 1.10ഓടെ ആണ് രാജ്യസഭയില്‍ വോട്ടെടുപ്പ് ആരംഭിച്ചത്. 128 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തു. 95 എംപിമാര്‍ എതിര്‍ത്തു. ബില്‍ ഇന്നലെ ലോക്‌സഭയും അംഗീകരിച്ചിരുന്നു. പാര്‍ലമെന്റിന്റെ ഇരു സഭകളും പാസ്സാക്കിയ ബില്‍ അംഗീകാരത്തിനായി ഇന്ന് രാഷ്ട്രപതി ഭവന് കൈമാറും. പുതിയ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ നിയമമാകും. 1995 ലെ വഖഫ് നിയമത്തില്‍ ഭേദഗതി വരുത്തിയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ബില്‍ അവതരിപ്പിച്ചത്.