ജില്ലാ,സംസ്ഥാന തല ചാമ്പ്യന്‍ഷിപ്പുകളില്‍ വിജയി; ബോഡി ബില്‍ഡര്‍ തൂങ്ങി മരിച്ച നിലയില്‍

ജില്ലാ,സംസ്ഥാന തല ചാമ്പ്യന്‍ഷിപ്പുകളില്‍ വിജയി; ബോഡി ബില്‍ഡര്‍ തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം: കൊണ്ടോട്ടി കൊട്ടപ്പുറത്ത് ബോഡി ബില്‍ഡറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളാരത്തൊടി മുഹമ്മദ് കുട്ടിയുടെ മകന്‍ യാസിര്‍ അറഫാത്ത് (35) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജില്ലാ, സംസ്ഥാന തലങ്ങളിലെ വിവിധ ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പുകളില്‍ വിജയിയാണ് യാസിര്‍. ആത്മഹത്യയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക.

ചാലക്കുടിയെ ഭീതിയിലാഴ്ത്തിയ പുലിയെ മയക്കുവെടിവെയ്ക്കും

ചാലക്കുടിയെ ഭീതിയിലാഴ്ത്തിയ പുലിയെ മയക്കുവെടിവെയ്ക്കും

തൃശൂര്‍: കഴിഞ്ഞ കുറെ ദിവസങ്ങളായി ചാലക്കുടിയെ വിറപ്പിക്കുന്ന പുലിയെ മയക്കുവെടി വെക്കാന്‍ തീരുമാനം. ജില്ലാ കലക്ടര്‍ അടിയന്തരമായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം എടുത്തത്.

ആദ്യം പുലിയുടെ സാന്നിധ്യം എവിടെയാണെന്നുള്ളത് നിരീക്ഷിച്ച് കണ്ടെത്താന്‍ ശ്രമം. ഇതുവരെ 69 കാമറകള്‍ സ്ഥാപിച്ചു കഴിഞ്ഞു. നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി 100 കാമറകള്‍ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.

മയക്കുവെടി വയ്ക്കാനുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ സജ്ജമാണ്. തിരച്ചിലിനുള്ള പ്രത്യേക സംഘം വിപുലീകരിക്കും. പുലി ഉണ്ട് എന്നുള്ളത് തന്നെയാണ് ഇതുവരെയുള്ള നിരീക്ഷണത്തിലും പരിശോധനയിലും വ്യക്തമായത്. കൂടുതല്‍ നിരീക്ഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. പരിശോധന കൂടുതല്‍ വ്യാപകമാക്കും. തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

പുലിയെ കണ്ടെത്തി കഴിഞ്ഞാല്‍ അതിനെ മയക്കുവെടിവെയ്ക്കാന്‍ തീരുമാനിച്ചതായി തൃശൂര്‍ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മാധ്യമങ്ങളോട് പറഞ്ഞു. ദൗത്യത്തിനായി മൂന്ന് ഡോക്ടര്‍മാര്‍ സജ്ജമാണ്. എപ്പോഴാണ് തിരച്ചിലിലൂടെ പുലിയെ കണ്ടെത്തുന്നത് അപ്പോള്‍ തന്നെ മയക്കുവെടിവെയ്ക്കാനുള്ള തീരുമാനവും എടുത്തിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

മുനമ്പത്തെ മുന്‍നിര്‍ത്തി ബില്ലിലെ ചില വ്യവസ്ഥകളെ അംഗീകരിക്കുന്നു: ജോസ് കെ മാണി

മുനമ്പത്തെ മുന്‍നിര്‍ത്തി ബില്ലിലെ ചില വ്യവസ്ഥകളെ അംഗീകരിക്കുന്നു: ജോസ് കെ മാണി

കോട്ടയം: വഖഫ് ബില്ലിലൂടെ മുനമ്പം പ്രശ്‌നം പരിഹരിക്കാന്‍ സാഹചര്യം ഒരുങ്ങുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. ബില്ലിലെ ചില വ്യവസ്ഥകളോട് യോജിപ്പാണ്. മുനമ്പത്തെ മുന്‍നിര്‍ത്തിയാണ് വഖഫ് ബില്ലിലെ ചില വ്യവസ്ഥകളെ അംഗീകരിക്കുന്നത്. അതേസമയം ബില്ലിനെ പൊതുവില്‍ എതിര്‍ക്കുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.

വഖഫ് ബോര്‍ഡിലും ട്രൈബ്യൂണലിലും നീതി കിട്ടിയില്ലെങ്കില്‍ കോടതിയില്‍ പോകാമെന്ന ബില്ലിലെ വ്യവസ്ഥയെ സ്വാഗതം ചെയ്യുന്നു. ആ വ്യവസ്ഥ മുനമ്പത്തിന് പ്രതീക്ഷ നല്‍കുന്നതാണ് എന്നും ജോസ് കെ മാണി പറഞ്ഞു. അതേസമയം വഖഫ് ബില്ലിലെ പല വ്യവസ്ഥകളും ജനാധിപത്യ വിരുദ്ധമാണ്. അതിനെ എതിര്‍ക്കുന്നു. വഖഫ് ബോര്‍ഡില്‍ അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തിയതിനെ അംഗീകരിക്കാനാവില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

വളര്‍ത്തുനായയെ കാണാനില്ല,സിസിടിവി പരിശോധിച്ചപ്പോള്‍ ഞെട്ടി; വീട്ടുമുറ്റത്ത് പുലി, കാസര്‍കോട് വീണ്ടും പരിഭ്രാന്തി

വളര്‍ത്തുനായയെ കാണാനില്ല,സിസിടിവി പരിശോധിച്ചപ്പോള്‍ ഞെട്ടി; വീട്ടുമുറ്റത്ത് പുലി, കാസര്‍കോട് വീണ്ടും പരിഭ്രാന്തി

കാസര്‍കോട്: കാഞ്ഞങ്ങാട് അമ്പലത്തറയില്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ നാട്ടുകാര്‍ ഭീതിയില്‍. കാഞ്ഞങ്ങാട് അമ്പലത്തറയില്‍ വീട്ടിലെ സിസിടിവിയിലാണ് പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. പറക്കളായി കല്ലടംചിറ്റയിലെ വികാസിന്റെ വീട്ടുമുറ്റത്താണ് പുലി എത്തിയത്.

ഡല്‍ഹിയില്‍ താമസിക്കുന്ന വികാസ്, തന്റെ വളര്‍ത്തുനായയെ കഴിഞ്ഞ ദിവസം രാത്രി മുതല്‍ കാണാതായതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണിലൂടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പുലിയെ കണ്ടത്. ദൃശ്യങ്ങള്‍ നോക്കുന്നതിനിടയില്‍, വീടിന്റെ പരിസരത്ത് പുലിയെ കണ്ട് താന്‍ ഞെട്ടിപ്പോയെന്ന് വികാസ് പറഞ്ഞു. അദ്ദേഹം ഉടന്‍ തന്നെ വീടിന്റെ കെയര്‍ടേക്കറെ വിളിച്ച് അറിയിച്ചു. കെയര്‍ ടേക്കര്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിവരം കൈമാറി.

വിവരം ലഭിച്ചയുടനെ, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ (ആര്‍ആര്‍ടി) പരിശോധനയ്ക്കായി സ്ഥലത്തേക്ക് അയച്ചു. പുള്ളിപ്പുലി വികാസിന്റെ വീട്ടുവളപ്പില്‍ എത്തിയ കാര്യം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി 8.5 നും 8.10 നുമിടയിലാണ് വീട്ടിലെ സിസിടിവിയില്‍ പുലിയുടെ ദൃശ്യം പതിഞ്ഞത്. വളര്‍ത്തു നായയുടെ അവശിഷ്ടങ്ങള്‍ വീടിനോട് ചേര്‍ന്ന പുരയിടത്തില്‍ കണ്ടെത്തിയിരുന്നു. നേരത്തെ പറക്കളായി, മണ്ടെങ്ങാനം, ചക്കിട്ടടുക്കം, കാട്ടുമാടം എന്നിവിടങ്ങളില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നു.

ഇവിടെ വനം വകുപ്പ് കൂട് വെക്കണം എന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. 2024 മെയ് മുതലാണ് ജില്ലയില്‍ പുലിയെ കണ്ടുതുടങ്ങിയത്. ഒക്ടോബര്‍ മുതല്‍ പുലിയുടെ സാന്നിധ്യം വ്യാപകമായി. വനാതിര്‍ത്തിയുള്ള പഞ്ചായത്തുകളിലാണ് പുലിയെ കൂടുതലായി കണ്ടത്. രാത്രിയില്‍ മാത്രമല്ല ജില്ലയില്‍ പകല്‍ സമയങ്ങളില്‍ പോലും പുലികളെ കാണാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്.

വനാതിര്‍ത്തി പഞ്ചായത്തുകളില്‍ മാത്രമല്ല തീരദേശ പഞ്ചായത്തുകള്‍ പോലും പുലിപ്പേടിയിലാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ദേലംപാടി, മുളിയാര്‍, പിലിക്കോട് കാറഡുക്ക, ബളാല്‍, കിനാനൂര്‍, കരിന്തളം, മടിക്കൈ, പടന്ന, ഈസ്റ്റ് എളേരി, മംഗല്‍പാടി, പെരിയ പഞ്ചായത്തുകളിലാണ് ഇതുവരെ പുലിയുടെ സാന്നിധ്യം കണ്ടതായി നാട്ടുകാര്‍ പറയുന്നത്.

ഹൈടെക് കഞ്ചാവ് വില്‍പ്പന; യുവതിയുടെ ഫോണില്‍ ചലച്ചിത്ര താരങ്ങളുടെ നമ്പറുകള്‍, അന്വേഷണം

ഹൈടെക് കഞ്ചാവ് വില്‍പ്പന; യുവതിയുടെ ഫോണില്‍ ചലച്ചിത്ര താരങ്ങളുടെ നമ്പറുകള്‍, അന്വേഷണം

ആലപ്പുഴ: ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതിക്ക് സിനിമാ രംഗത്തെ നിരവധി പേരുമായി ബന്ധം. പിടിയിലായ കണ്ണൂര്‍ സ്വദേശിനി ക്രിസ്റ്റീന എന്നറിയപ്പെടുന്ന തസ്ലിമ സുല്‍ത്താനയുടെ ഫോണ്‍ പരിശോധിച്ച അന്വേഷണ സംഘം ചലച്ചിത്ര താരങ്ങളുടെയും മറ്റും നമ്പറുകള്‍ കണ്ടെത്തി. ഇവരുമായി പരിചയമുണ്ടെന്നും ഇതില്‍ മൂന്നു പേര്‍ക്ക് ഹൈബ്രിഡ് കഞ്ചാവ് നല്‍കുന്നുണ്ടെന്നും ക്രിസ്റ്റീന പറഞ്ഞു.

തിരക്കഥാകൃത്തെന്ന പേരിലാണ് ക്രിസ്റ്റീന ഓമനപ്പുഴ കടപ്പുറത്തെ റിസോര്‍ട്ടില്‍ മുറിയെടുത്തത്. തസ്ലിമയ്ക്ക് എട്ട് ഭാഷകളില്‍ പ്രവീണ്യമുണ്ട്. വര്‍ഷങ്ങളായി സിനിമ മേഖലയുമായി തസ്ലിമ സുല്‍ത്താന അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. കണ്ണൂര്‍ സ്വദേശിനിയായ ക്രിസ്റ്റീന ചെന്നൈയിലാണ് താമസം. ലഹരിക്കടത്തിന് ഇവര്‍ കുടുംബത്തെ മറയായി ഉപയോഗിച്ചിരുന്നു. കൊച്ചിയില്‍നിന്ന് കഞ്ചാവുമായി ആലപ്പുഴയിലേക്കുള്ള കാര്‍ യാത്രയിലും ഭര്‍ത്താവും രണ്ടു കുട്ടികളും ഒപ്പമുണ്ടായിരുന്നു.

ഭര്‍ത്താവിനോ മക്കള്‍ക്കോ ലഹരിക്കടത്തിനെ സംബന്ധിച്ച് യാതൊരറിവുമില്ലെന്നാണ് എക്‌സൈസ് പറയുന്നത്. യുവതി മാരാരിക്കുളത്തെ റിസോര്‍ട്ടിലേക്ക് കയറുമ്പോള്‍ കുടുംബത്തെ പുറത്ത് നിര്‍ത്തിയിരിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്തപ്പോഴാണ് കുടുംബം ഇക്കാര്യം അറിയുന്നത്. ക്രിസ്റ്റീന ലഹരിയുമായി വരുന്നതറിഞ്ഞ് എക്സൈസ് റിസോർട്ടിന് പുറത്ത് തമ്പടിച്ചിരുന്നു. രാത്രി 10.30ന് എറണാകുളത്തുനിന്നു റിസോർട്ടിൽ എത്തിയ ക്രിസ്റ്റീനയെയും ഡ്രൈവർ മണ്ണഞ്ചേരി മല്ലംവെളി വീട്ടിൽ ഫിറോസിനെയും കസ്റ്റഡിയിലെടുത്തു. തുടർന്ന് കാറും തസ്‌‌ലിമയുടെ ബാഗും പരിശോധിച്ചപ്പോഴാണ് നാല് പാക്കറ്റുകളാക്കി വച്ചിരുന്ന ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. നാലു പൊതികളായി പ്രത്യേക നമ്പറുകളിട്ടാണു ക്രിസ്റ്റീന ബാഗിൽ കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

ചലച്ചിത്ര പ്രവർത്തകർക്കും വിനോദസഞ്ചാരികൾക്കും പുറമെ ചില പെൺവാണിഭ സംഘങ്ങൾക്കും ഇവർ ഹൈബ്രിഡ് കഞ്ചാവ് നൽകുന്നുണ്ടെന്ന് എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഡ്രൈവറായി മാത്രമല്ല, ഓൺലൈൻ ഇടപാട് നടത്തി ഉറപ്പിക്കുന്നവർക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കാനും വേണ്ടിയാണ് ഫിറോസിനെ ഒപ്പം കൂട്ടിയിരുന്നത്. പ്രമുഖരുമായി മാത്രമേ ഇടപാടുകൾ നടത്താറുള്ളൂവെന്ന് ഫിറോസ് ചോദ്യം ചെയ്യലിൽ പറഞ്ഞു. വാട്സ്ആപ്പ് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വഴിയാണ് പ്രതികൾ ഇടപാട് നടത്തിയിരുന്നത്. നിലവില്‍ വാട്സ്ആപ് ചാറ്റുകൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. പ്രതികളുടെ മൊബൈൽ ഫോൺ വിശദാംശങ്ങൾ ശേഖരിക്കും. ചാറ്റുകൾ വീണ്ടെടുക്കാൻ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് എക്സൈസ് അറിയിച്ചു.

കാർ വാടകയ്ക്ക് എടുത്താണ് പ്രതികള്‍ ആവശ്യക്കാർക്ക് ലഹരി എത്തിച്ചിരുന്നത്. കാര്‍ വാടകയ്ക്ക് എടുത്ത ഏജൻസിയിൽ നിന്ന് വിവരങ്ങൾ തേടും. വാഹനത്തിന്റെ ജിപിഎസ് ട്രാക്കർ വിവരങ്ങളും ശേഖരിക്കുമെന്നും എക്സൈസ് കൂട്ടിച്ചേര്‍ത്തു. കൊറിയർ വഴിയാണ് കഞ്ചാവ് ലഭിച്ചതെന്നാണ് പ്രതികൾ എക്സൈസിന് മൊഴി നൽകിയത്. ലഹരിക്കടത്തിൽ കൂടുതൽ പേർ പങ്കാളികളാണെന്നാണ് എക്സൈസിന്റെ നി​ഗമനം. പ്രതികൾ മൊഴി നൽകിയ ചലച്ചിത്ര താരങ്ങളുമായി ഇവർക്കുള്ള ബന്ധത്തെക്കുറിച്ച് എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ താരങ്ങളെ നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നും എക്സൈസ് ഉദ്യോ​ഗസ്ഥർ സൂചിപ്പിച്ചു. ഇന്ത്യൻ വിപണിയിൽ 2 കോടിയിലേറെ രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്.

ചൂട് കൂടി; കേരളത്തിൽ ചത്തത് 106 പശുക്കളും 12 എരുമകളും

ചൂട് കൂടി; കേരളത്തിൽ ചത്തത് 106 പശുക്കളും 12 എരുമകളും

​തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യതാപം മൂലം 106 പശുക്കളും 12 എരുമകളും എട്ട് ആടുകളും ചത്തെന്ന് മൃ​ഗസംരക്ഷണ വകുപ്പ്. കർഷകർ ജാ​ഗ്രത പാലിക്കണമെന്നും മൃ​​ഗസംരക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്. കർഷകർ തൊഴുത്തിൽ ചൂട് കുറയ്ക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തണം, തൊഴുത്തിൽ വായു സഞ്ചാരം ഉറപ്പാക്കണമെന്നും അറിയിപ്പിൽ പറയുന്നു.

ഫാൻ സജ്ജീകരിക്കുന്നത് തൊഴുത്തിലെ ചൂട് കുറയ്ക്കാൻ സഹായകരമാകുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. കന്നുകാലികളുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുള്ള സാഹചര്യത്തിൽ തുടർനടപടികൾ വേ​ഗത്തിലാക്കി കർഷകർക്ക് നഷ്ടപരിഹാ​രം ഉടൻ തന്നെ വിതരണം ചെയ്യണമെന്ന് മന്ത്രി ജെ ചിഞ്ചുറാണി നിർദേശിച്ചു. മൃ​ഗസംരക്ഷണ വകുപ്പ് മുഖേന ക്ഷീര കർഷകർക്ക് അവരുടെ പ്രദേശങ്ങളിലെ താപനില സംബന്ധിച്ച മുന്നറിയിപ്പുകൾ എസ്എംഎസിലൂടെ അറിയിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി.