by Midhun HP News | Apr 3, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്തൊട്ടാകെ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സ്ഥാപിച്ച എഐ കാമറകള്‍ പിടിച്ചത് 98 ലക്ഷം നിയമലംഘകരെയെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ(എംവിഡി) കണക്കുകള്‍. 2023 ജൂണില്‍ എഐ കാമറകള്‍ സ്ഥാപിച്ചതിന് മുതല്‍ ഇതുവരെ 631 കോടി രൂപ പിഴ ചുമത്തിയെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍. എന്നാല്‍ സര്‍ക്കാരിന് ഇതുവരെ പിരിച്ചെടുക്കാനായത് 400 കോടി രൂപ മാത്രമാണ്. കാമറകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ വന്‍തുക ചിലവിട്ടത് വന്‍വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
2025 മാര്‍ച്ച് 31 ന് അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഇ-ചലാന്‍ വഴി എംവിഡി 273 കോടി രൂപ പിഴ ചുമത്തി. ഇതില്‍ ഇതുവരെ ഏകദേശം 150 കോടി രൂപയാണ് പിരിച്ചെടുത്തത്. കാമറകള്‍ സ്ഥാപിച്ചതിനുശേഷം വിവിധ കുറ്റകൃത്യങ്ങളില്‍ എംവിഡി 400 കോടിയിലധികം പിഴ ഈടാക്കിയതായി ഉദ്യോഗസ്ഥര്‍ ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
കാമറകള്‍ സ്ഥാപിച്ചതിന് ശേഷം ജനം നിയമങ്ങള്‍ പാലിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഗതാഗത നിയമലംഘനങ്ങളെ കുറിച്ച് കൂടുതല്‍ ബോധവാന്‍മാരാണെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു ചക്കിലം പറഞ്ഞു. കൂടുതല്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ സംസ്ഥാനത്ത് പത്ത് ശതമാനത്തിലധികം കാമറകള്‍ കൂടി സ്ഥാപിക്കണമെന്നും എന്‍എച്ച് 66ല്‍ ഉള്‍പ്പെടെ കൂടുതല്‍ സംസ്ഥാന പാതകളിലും കാമറകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിരത്തില്‍ ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിക്കുന്നതാണ് ഏറ്റവും കൂടുതല്‍ കണ്ടെത്തുന്ന നിയമലംഘനം. സീറ്റ് ബെല്‍റ്റ് ഇടാതെ വാഹനമോടിക്കുന്നതും ഇരുചക്ര വാഹനങ്ങളില്‍ മൂന്ന് പേരെ കയറ്റി വാഹനമോടിക്കുന്നതുമാണ് മറ്റ് നിയമലംഘനങ്ങള്‍. നഗരപ്രദേശങ്ങളിലാണ് കൂടുതല്‍ നിയമലംഘനങ്ങളും കണ്ടെത്തുന്നതെന്നും എംവിഡി കണക്കുകള്‍ പറയുന്നു.
by Midhun HP News | Apr 3, 2025 | Latest News, കേരളം
കണ്ണൂര്‍: വീടുകളില്‍ വായനാശീലം വളര്‍ത്തിയെടുക്കാന്‍ ആരംഭിച്ച മൊബൈല്‍ ലൈബ്രറി സേവനങ്ങള്‍ പുതിയ തലത്തിലേക്ക്. വീട്ടമ്മമാരെയും പ്രായമായവരെയും ഉദ്ദേശിച്ച് നടപ്പാക്കിയ വായനാവസന്തം പദ്ധതിക്ക് പിന്നാലെ ഹോം ഡെലിവറി സര്‍വീസും അവതരിപ്പിച്ചിരിക്കുകയാണ് കേരള ലൈബ്രറി കൗണ്‍സില്‍.
വായനവസന്തം പദ്ധതി, സംസ്ഥാനത്തെ 3,000 ലൈബ്രറികളിലേക്ക് വ്യാപിക്കുകയാണ്. ‘വീട്ടിലേക്കൊരു പുസ്തകം’ എന്ന പേരില്‍ കുടുംബങ്ങളില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനും അറിവില്‍ അധിഷ്ഠിതമായ ഒരു സമൂഹമെന്ന കേരളത്തിന്റെ പ്രശസ്തിയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. കുറഞ്ഞത് 3,000 പുസ്തക ശേഖരമുള്ള ലൈബ്രറികള്‍ വിതരണ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. 20 രൂപ പ്രതിമാസ നിരക്കില്‍ ഒരു കുടുംബത്തിന് ഈ സേവനം ഉപയോഗിക്കാം.
‘ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ ഇ-ബുക്കുകള്‍ വായിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍ തിരക്കേറിയ ജീവിതശൈലി കാരണം പലരും ലൈബ്രറിയില്‍ എത്തുന്നത് കുറവാണ്. ‘വായനവസന്ത’ത്തിലൂടെ വീടുകളിലേക്ക് നേരിട്ട് പുസ്തകങ്ങള്‍ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം’ കേരള ലൈബ്രറി കൗണ്‍സിലിന്റെ കണ്ണൂര്‍ ജില്ലാ ബ്രാഞ്ച് സെക്രട്ടറി പി കെ വിജയന്‍ പറഞ്ഞു. പദ്ധതി എ+, എ, ബി, സി ഗ്രേഡ് ലൈബ്രറികളുടെ സഹായത്തോടെയാണ് നടപ്പാക്കുക. ലൈബ്രേറിയന്മാര്‍ മാസത്തില്‍ ആറ് ദിവസം പുസ്തകങ്ങളുമായി വീടുകള്‍ സന്ദര്‍ശിക്കും, കൂടാതെ ഓരോ ലൈബ്രറിയിലും പരിപാടിയുടെ മേല്‍നോട്ടത്തിനായി ഒരു ഉപസമിതി രൂപീകരിക്കും അദ്ദേഹം പറഞ്ഞു.
കേരളത്തിന് ശക്തമായ ഒരു വായനാ ശൃംഖലയുണ്ട്, ഓരോ 3,000 പേര്‍ക്കും ശരാശരി ഒരു ലൈബ്രറി എന്ന നിലയിലാണ് ഇത്. ഈ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ആനുപാതികമായി വായനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. സാമൂഹിക മാറ്റത്തിനായി അറിവ് പ്രോത്സാഹിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. വായനക്കാര്‍ പുസ്തകങ്ങളിലേക്ക് വരുന്നതിനുപകരം പുസ്തകങ്ങള്‍ വായനക്കാരിലേക്ക് എത്തണം,’ പി കെ വിജയന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
നിലവില്‍, കേരളത്തിലെ 630 ലൈബ്രറികളില്‍ മൊബൈല്‍ ലൈബ്രറി സേവനങ്ങളുണ്ട്. വായനവസന്തം പദ്ധതിയുടെ കീഴില്‍, ലൈബ്രറി കൗണ്‍സില്‍ മാസത്തില്‍ ഒന്നോ രണ്ടോ തവണ കുറഞ്ഞത് 100 വീടുകളിലെങ്കിലും പുസ്തകങ്ങള്‍ എത്തിക്കും. ആദ്യ ഘട്ടത്തില്‍ പദ്ധതി 3,00,000 വീടുകളില്‍ എത്തിച്ചേരുകയെന്നതാണ് ലക്ഷ്യമിടുന്നത്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇത് 10 ലക്ഷം വീടുകളിലേക്ക് പദ്ധതി നീട്ടുകയാണ് ലക്ഷ്യം.
പദ്ധതിയുടെ നടത്തിപ്പിന്റെ ഭാഗമായി ലൈബ്രേറിയന്‍മാര്‍ക്ക് പ്രതിമാസം 600 രൂപ അധികമായി നല്‍കും. കണ്ണൂര്‍ ജില്ലയാണ് പദ്ധതിയുടെ നടത്തിപ്പില്‍ മുന്നില്‍, ജില്ലയില്‍ 363 ലൈബ്രറികളില്‍ വായനവസന്തം അവതരിപ്പിച്ചു. ജില്ലയിലുടനീളമുള്ള നിരവധി ലൈബ്രറികള്‍ ഇതിനകം വീടുകളിലേക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്.
by Midhun HP News | Apr 3, 2025 | Latest News, കേരളം
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആശ വർക്കർമാരുമായി സംസ്ഥാന സർക്കാർ ഇന്ന് വീണ്ടും ചർച്ച നടത്തും. ആരോഗ്യമന്ത്രിയുടെ ചേംബറില്‍ വൈകീട്ട് മൂന്നുമണിക്കാണ് ചര്‍ച്ച. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ആശ പ്രവര്‍ത്തകരെ ചര്‍ച്ചയ്ക്ക് വിളിക്കുന്നത്.
സമരക്കാരെ ഇതു മൂന്നാം തവണയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിക്കുന്നത്.സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം 53 ദിവസം പിന്നിടുമ്പോഴാണ് മൂന്നാം വട്ട മന്ത്രിതല ചർച്ച. സമരം ചെയ്യുന്ന ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന് പുറമേ, സിഐടിയു, ഐഎന്‍ടിയുസി തുടങ്ങിയ സംഘടനകളേയും ചര്‍ച്ചയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.ചര്‍ച്ചയില്‍ വലിയ പ്രതീക്ഷ ഉണ്ടെന്ന് ആശ പ്രവര്‍ത്തകര്‍ പറഞ്ഞു. ഓണറേറിയം വര്‍ധനയും പെന്‍ഷനും അടക്കം ചര്‍ച്ചയാകും. ഡിമാന്റുകള്‍ അംഗീകരിച്ച് ഉത്തരവ് ലഭിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന് സമരസമിതി നേതാവ് എസ് മിനി പറഞ്ഞു. ആശ വർക്കർമാരുടെ നിരാഹാര സമരം ഇന്ന് 15-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
by Midhun HP News | Apr 3, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം ആദ്യമായി 68000 കടന്ന സ്വര്‍ണവില ഇന്ന് വീണ്ടും മുന്നേറി. 400 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,480 രൂപയായി. ഗ്രാമിന് ആനുപാതികമായി 50 രൂപയാണ് വര്‍ധിച്ചത്. 8560 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഉയര്‍ന്നത്.
കഴിഞ്ഞ മാസം 20ന് 66,480 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡ് ഇട്ടതിന് പിന്നാലെ അടുത്ത ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്നതാണ് കണ്ടത്. പവന് ആയിരം കുറഞ്ഞ ശേഷം കഴിഞ്ഞ ആഴ്ച മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില മുന്നേറുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.
by Midhun HP News | Apr 2, 2025 | Latest News, കേരളം
തിരുവനന്തപുരം: അന്താരാഷ്ട്രാ വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ സഹപ്രവർത്തകൻ സുകാന്ത് സുരേഷിനെ പ്രതി ചേർക്കും. ആത്മഹത്യ പ്രേരണകുറ്റം ചുമത്താനാണ് നീക്കം. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലിസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ജോലി കഴിഞ്ഞ പുറത്തിറങ്ങിയ ഉദ്യോഗസ്ഥ പേട്ടയിൽ ട്രെയിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തിട്ട് ഒന്നര ആഴ്ച പിന്നിടുന്നു. സഹപ്രവർത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകർച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബത്തിൻെറ പരാതി. എന്നാൽ ബന്ധം തകരാറാനുള്ള കാരണമെന്തെന്ന് കണ്ടെത്താൻ ഇതുവരെ പൊലിസിന് കഴിഞ്ഞട്ടില്ല.
ഉദ്യോഗസ്ഥ മരിച്ചതിന് ശേഷം ഫോണ്‍ സ്വിച്ച് ഫോണ്‍ ചെയ്ത സുകാന്തും കുടുംബവും ഒളിവിൽ പോയെന്നാണ് പൊലിസ് പറയുന്നത്. ഇതിനിടെ ശാരീരികമായും സാമ്പത്തികമായും മകളെ സുകാന്ത് ചൂഷണം ചെയതതിനുള്ള തെളിവുകള്‍ അച്ഛൻ പൊലിസിന് കൈമാറിയിട്ടുണ്ട്. പൊലിസിന് മുന്നിൽ ബന്ധുക്കള്‍ തെളിവുകള്‍ നൽകി, സുകാന്ത് അന്വേഷണവുമായി സഹകരിക്കുന്നുമില്ല, ഈ സാഹചര്യത്തിലാണ് പ്രതി ചേർക്കാനുള്ള നീക്കം. പ്രതി ചേർത്താൽ സുകാന്ത് കോടതിയെ സമീപിക്കാനുള്ള സാധ്യതയുമുണ്ട്. സുകാന്തിനെതിരെ ഐബിയും ഇതേവരെ വകുപ്പ്തല നടപടിയും സ്വീകരിച്ചിട്ടില്ല. വിദേശത്തേക്ക് കടക്കാതിരിക്കാനാണ് സുകാന്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്
by Midhun HP News | Apr 2, 2025 | Latest News, കേരളം
തിരുവനന്തപുരം: സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ പത്തു കോടി രൂപയുടെ ഒന്നാം സമ്മാനം sg 513715 എന്ന നമ്പറിന്. പാലക്കാട് വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായത്. 250 രൂപയുടെ ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പ് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് നടന്നത്.36 ലക്ഷം ടിക്കറ്റുകളാണ് വിതരണത്തിനായി എത്തിച്ചത്.
50 ലക്ഷം രൂപ രണ്ടാം സമ്മാനമായുള്ള ബമ്പറിന് 500 രൂപയില്‍ വരെ അവസാനിക്കുന്ന ആകര്‍ഷകമായ സമ്മാന ഘടനയാണുള്ളത്. മൂന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷവും നല്‍കുന്നുണ്ട്. അവസാന അഞ്ചക്കത്തിന് നാലാം സമ്മാനമായി ഒരു ലക്ഷവും നല്‍കും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്.
Recent Comments