അനുവാദമില്ലാതെ യുവതിയുടെ ചിത്രം സിനിമയില്‍ ഉപയോഗിച്ചു; ആന്റണി പെരുമ്പാവൂരിന് 1,68,000 പിഴ

അനുവാദമില്ലാതെ യുവതിയുടെ ചിത്രം സിനിമയില്‍ ഉപയോഗിച്ചു; ആന്റണി പെരുമ്പാവൂരിന് 1,68,000 പിഴ

അനുവാദമില്ലാതെ അപകീര്‍ത്തി വരും വിധം യുവതിയുടെ ചിത്രം സിനിമയില്‍ ഉപയോഗിച്ചതിന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന് പിഴ. 1,68,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ചാലക്കുടി മുന്‍സിഫ് കോടതിയുടെ വിധി. സിനിമയില്‍ ഫോട്ടോ ഉപയോഗിച്ചെന്ന ചൂണ്ടിക്കാട്ടി ചാലക്കുടി കാടുകുറ്റി സ്വദേശിയായ പ്രിന്‍സി ഫ്രാന്‍സിസ് ആണ് പരാതി നല്‍കിയത്.

2016ല്‍ ആണ് ഒപ്പം പുറത്തിറങ്ങിയത്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് മോഹന്‍ലാല്‍ നായകനായ ചിത്രത്തിലെ 29ാം മിനിറ്റില്‍ പൊലീസ് ക്രൈം ഫയല്‍ മറിക്കുമ്പോള്‍ ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ എന്നനിലയിലാണ് പ്രിന്‍സി ഫ്രാന്‍സിസിന്റെ ചിത്രമുള്ളത്. അനുമതിയില്ലാതെ ചിത്രം ഉപയോഗിച്ചത് മാനസിക വിഷമത്തിന് കാരണമായെന്ന് കാണിച്ച് കൊരട്ടി പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തിരുന്നില്ല.
തുടര്‍ന്ന് 2017ല്‍ ചാലക്കുടി കോടതിയില്‍ പരാതി നല്‍കി. ആന്റണി പെരുമ്പാവൂര്‍, പ്രിയദര്‍ശന്‍, അസി. ഡയറക്ടര്‍ മോഹന്‍ദാസ് എന്നിവരെ കക്ഷിചേര്‍ത്തിരുന്നു. ഫോട്ടോ അധ്യാപികയുടേതല്ലെന്നാണ് എതിര്‍കക്ഷികള്‍ വാദിച്ചത്. സിനിമയില്‍നിന്ന് ഈ ഭാഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സിനിമ പ്രവര്‍ത്തകര്‍ നിഷേധിച്ചു. ഇപ്പോഴും ഫോട്ടോ ഒഴിവാക്കിയിട്ടില്ല. എട്ടു വര്‍ഷമായി നിയമപോരാട്ടം നടത്തിയാണ് നീതി ലഭിച്ചതെന്നും സാധാരണക്കാരായ സ്ത്രീകള്‍ക്കായാണ് നിയമനടപടിക്ക് മുന്നിട്ടിറങ്ങിയതെന്നും പ്രിന്‍സി ഫ്രാന്‍സിസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആശമാര്‍ക്ക് പിന്നാലെ നിരാഹാര സമരത്തിനൊരുങ്ങി വനിതാ കോണ്‍സ്റ്റബിള്‍ റാങ്ക് ഹോള്‍ഡര്‍മാര്‍

ആശമാര്‍ക്ക് പിന്നാലെ സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാര സമരം നടത്താനൊരുങ്ങി വനിതാ കോണ്‍സ്റ്റബിള്‍ റാങ്ക് ഹോള്‍ഡര്‍മാരും. റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ 30 ശതമാനത്തില്‍ താഴെ ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഉദ്യോഗാര്‍ഥികള്‍ സമരത്തിലേക്ക് കടക്കുന്നത്.

ഉദ്യോഗാര്‍ഥികളായ മൂന്ന് പേരാണ് ഇന്നുമുതല്‍ നിരാഹാരമിരിക്കുന്നത്. മറ്റുള്ളവര്‍ വാമൂടിക്കെട്ടി സമരം ചെയ്യും. 967 ഉദ്യോഗാര്‍ത്ഥികളില്‍ 259 പേര്‍ക്ക് മാത്രമാണ് ഇതുവരെ നിയമന ശിപാര്‍ശകള്‍ ലഭിച്ചത്. ഉയര്‍ന്ന കട്ടോഫും ശാരീരിക ക്ഷമത പരീക്ഷയും അടക്കം പൂര്‍ത്തിയാക്കി ലിസ്റ്റില്‍ പ്രവേശിച്ച ഇവരുടെ റാങ്ക് ലിസ്റ്റ് കാലാവധി ഏപ്രില്‍ 19 നാണ് അവസാനിക്കുക.

ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ മാറ്റണം കെ.എസ്.ഇ.ബി.

ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ മാറ്റണം കെ.എസ്.ഇ.ബി.

വൈദ്യുതി പോസ്റ്റുകളില്‍‍ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ സ്ഥാപിക്കുന്നത് നിരോധിച്ച് ബഹു. ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. ഊര്‍ജ്ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍‍ ചേര്‍ന്ന യോഗത്തില്‍ വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍‍ അടിയന്തിരമായി നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം അവരില്‍ നിന്നും പിഴ ഈടാക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്.

ഏപ്രില്‍ മാസം 15-ന് മുമ്പായി വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍തന്നെ മാറ്റേണ്ടതാണെന്നും അല്ലാത്തപക്ഷം കെ.എസ്.ഇ.ബി.എല്‍‍ ഇവ മാറ്റുകയും ആയതിന് വേണ്ടി വരുന്ന ചെലവ് പരസ്യ ബോര്‍ഡ് സ്ഥാപിച്ചവരില്‍ നിന്നും ഈടാക്കുന്നതുമാണെന്നും അറിയിക്കുന്നു. ഇത്തരത്തില്‍ പരസ്യ ബോര്‍ഡുകള്‍ മാറ്റുന്നതിന് ചെലവായ തുക ഈടാക്കുന്നതിനായി അറിയിപ്പ് നല്‍കി 15 ദിവസത്തിനു മുമ്പായി തുക അടച്ചില്ലെങ്കില്‍‍ 12 ശതമാനം പലിശ കൂടി നല്‍കേണ്ടി വരുമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.

കോൺക്രീറ്റ് പാലം തകർന്ന് പിക്കപ്പ് വാൻ തോട്ടിൽ വീണു; ഡ്രൈവർ രക്ഷപ്പെട്ടു

കോൺക്രീറ്റ് പാലം തകർന്ന് പിക്കപ്പ് വാൻ തോട്ടിൽ വീണു; ഡ്രൈവർ രക്ഷപ്പെട്ടു

കോൺക്രീറ്റ് പാലം തകർന്ന് പിക്കപ് വാൻ തോട്ടിൽ വീണു.ഡ്രൈവർ ശ്രീലാൽ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. മുക്കോല മണലി നാഗരാജ ക്ഷേത്രം റോഡിൽ തോടിനു കുറുകെ നിർമിച്ച പാലമാണ് പകുതി തകർന്നു സിമന്റും മണലുമായി വന്ന വാഹനം താഴേക്കു പതിച്ചത്.ഡ്രൈവർ‌ മാത്രമാണുണ്ടായിരുന്നത്. കാലപ്പഴക്കത്താലാണ് പാലം തകരാൻ കാരണമെന്നു നാട്ടുകാർ പറഞ്ഞു. പാലം തകർന്നതോടെ ഇതു വഴിയുള്ള യാത്ര ബുദ്ധിമുട്ടായി. മണലിയിൽ നിന്നും വെങ്ങാനൂരിലേക്ക് എളുപ്പം എത്താനുള്ള ഏക വഴിയായിരുന്നു ഇത്. ഉടൻ പാലം പുതുക്കി പണിയണമെന്ന് ആവശ്യമുയർന്നു.

രാജ്യത്തും പുറത്തും തരം​ഗമാകുന്നു… കേരളത്തിന്റെ സ്വന്തം ബോട്ടുകൾ

രാജ്യത്തും പുറത്തും തരം​ഗമാകുന്നു… കേരളത്തിന്റെ സ്വന്തം ബോട്ടുകൾ

കൊച്ചി: കേരളം ബോട്ട് നിർമാണ കേന്ദ്രങ്ങളുടെ ഹബ്ബായി മാറുന്നു. ചെറിയ ബോട്ടുകളുടെ നിർമാണത്തിനായി സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ബോട്ട് യാർഡുകളുടെ അതിനു തെളിവാണ്. കേരള മാരിടൈം ബോർഡിന്റെ (കെഎംബി) നിലവിലെ കണക്കനുസരിച്ചു സംസ്ഥാനത്ത് ഏതാണ്ട് 80 മുതൽ 85 വരെ ബോട്ട് യാർഡുകൾക്ക് അംഗീകാരമുണ്ട്. അതിൽ ഭൂരിഭാഗവും ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് പ്രവർത്തിക്കുന്നത്. ഈ ബോട്ട് യാർഡുകളിൽ പലതിനും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മാത്രമല്ല, കാനഡ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഓർഡറുകളും ലഭിക്കുന്നു.

കേരളത്തിലെ ബോട്ട് നിർമാണ വ്യവസായം ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നു നെട്ടൂരിൽ സ്ഥിതി ചെയ്യുന്ന മാതാ മറൈൻസിന്റെ സിഇഒ ജോയ് ജേക്കബ് പറയുന്നു. സ്വകാര്യ വ്യക്തികളിൽ നിന്നു സ്ഥിരമായി ഓർഡറുകൾ കിട്ടുന്നുണ്ട്. അവശ്യക്കാർക്ക് ബോട്ടുകൾ നിർമിച്ചു നൽകാനും കഴിയുന്നുണ്ടെന്നു ജേക്കബ് ടിഎൻഐഇയോട് പറഞ്ഞു. തങ്ങളുടെ ബോട്ടുകൾക്ക് രാജ്യത്തു മാത്രമല്ല ലോകത്തെ വിവിധയിടങ്ങളി‍ൽ നല്ല ഡിമാൻഡുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബോട്ടുകൾക്ക് ഇന്ത്യയ്ക്കുള്ളിൽ മാത്രമല്ല, ആഗോളതലത്തിലും ഉയർന്ന ഡിമാൻഡുണ്ട്. വിവിധ സംസ്ഥാനങ്ങളിലേക്ക് ബോട്ടുകൾ വിതരണം ചെയ്യുന്നുണ്ട്. അന്താരാഷ്ട്ര ക്ലയന്റുകളിൽ നിന്നും അന്വേഷണങ്ങൾ വരുന്നുണ്ട്. കയറ്റുമതി വിപുലീകരിക്കുന്നതിനും ആഗോള വിപണിയിൽ സാന്നിധ്യം അറിയിക്കാൻ കഴിയുന്നതിലും സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പോർച്ചുഗീസ് കാലഘട്ടത്തിന്റെ പാരമ്പര്യമുള്ള ഐസ്മർ ബോട്ട് ബിൽഡേഴ്‌സ് ഉടമ ഐസ്മർ ജോസഫും സമാന അഭിപ്രായം പങ്കിട്ടു. മറ്റ് സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള ഓർഡറുകൾ, പ്രത്യേകിച്ച് അവരുടെ ടൂറിസം വകുപ്പിൽ നിന്നും ജലഗതാഗത അതോറിറ്റികളിൽ നിന്നുമുള്ള ഓർഡറുകൾ നിരവധി ലഭിക്കുന്നു. സംസ്ഥത്തു നിന്നുള്ള അന്വേഷണങ്ങളേക്കാൾ കൂടുതൽ പുറത്തു നിന്നാണ് വരുന്നത്.

ഈ മേഖലയിലെ പുതിയ നിർമാണ കമ്പനികളുടെ കടന്നുവരവ് വിപണിയിൽ ആരോ​ഗ്യകരമായ മത്സരത്തിന്റെ സൂചന നൽകുന്നു. 2002-ൽ ഇന്ത്യയിൽ ആദ്യമായി ഫൈബർഗ്ലാസ് ഹൗസ്‌ബോട്ട് നിർമിച്ച ബോട്ട് യാർഡ് തങ്ങളുടേതാണെന്നും ഐസ്മർ പറയുന്നു.

ഇന്ത്യയിലെ ആദ്യത്തെ ഐആർഎസ് പാസഞ്ചർ ഫൈബർഗ്ലാസ് റെസ്റ്റോറന്റ് ബോട്ട് നിർമിച്ച് വിതരണം ചെയ്യാൻ കമ്പനിക്കു സാധിച്ചു. മാത്രമല്ല, കേരളത്തിലെ ആദ്യത്തെ ഇന്ത്യൻ രജിസ്റ്റർ ഓഫ് ഷിപ്പിങ് (ഐആർഎസ്) അംഗീകൃത കടൽ യാത്രാ ഫൈബർഗ്ലാസ് കാറ്റമരനും തങ്ങളാണ് നിർമിച്ചത്. ദുബായിലെ ഒരു സ്വകാര്യ പാർട്ടിക്ക് വേണ്ടിയാണ് ഇത് നിർമിച്ചതെന്നും ഐസ്മർ ജോസഫ് അവകാശപ്പെട്ടു.

3.5 കോടി രൂപയ്ക്കാണ് കാറ്റമരൻ നിർമിച്ചത്. ഇന്ത്യൻ നാവിക സേനയ്‌ക്കായി ഐസ്മാർ ബോട്ടുകളും നിർമിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, അസം, കേരളം എന്നിവയുൾപ്പെടെ സംസ്ഥാന ടൂറിസം വകുപ്പുകൾക്കായി നിരവധി ബോട്ടുകൾ നിർമിച്ചിട്ടുണ്ട്. 50 ലക്ഷം മുതൽ ഒരു കോടി വരെ പ്രതിവർഷം വരുമാനം നേടാൻ കഴിയുമെന്നും യുവ ബോട്ട് നിർമാതാവായ ഐശ്വര്യ വ്യക്തമാക്കുന്നു.

വിപണിയിൽ നിലവിൽ കുഞ്ഞൻ ബോട്ടുകൾക്കാണ് ഡിമാൻഡെന്നു നാവൽറ്റ് ഗ്രൂപ്പിന്റെ സ്ഥാപകനും സിഇഒയുമായ സന്ദിത് തണ്ടാശേരി പറയുന്നു. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ബോട്ട് മേഖല അതിവേഗം വളർന്നുവരികയാണ്. അടുത്തിടെ തങ്ങൾക്ക് അഞ്ച് അന്താരാഷ്ട്ര ഓർഡറുകൾ ലഭിച്ചു. ഒരു ബോട്ട് ഇതിനകം കാനഡയിൽ എത്തിച്ചു കഴിഞ്ഞു. തങ്ങളുടെ കമ്പനി നിർമിച്ച 44ൽ അധികം ബോട്ടുകൾ 8 ഇന്ത്യൻ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്. 60 സീറ്റുള്ള രണ്ട് സോളാർ ബോട്ടുകൾക്കായി നാവൽറ്റിനു ഇസ്രായേലിൽ നിന്ന് ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. കേരളത്തിൽ നിർമിക്കുന്ന ഉരുവിനു മിഡിൽ ഈസ്റ്റിൽ വലിയ വിപണിയുണ്ടെന്നും സന്ദിത് വ്യക്തമാക്കി.

വളർച്ചയ്ക്കിടയിലും മേഖല പ്രതിസന്ധികളും നേരിടുന്നുണ്ടെന്നു നിർമാതാക്കൾ പറയുന്നു. ബാങ്കുകളിൽ നിന്ന് മതിയായ സാമ്പത്തിക സഹായം കിട്ടുന്നതിനു വെല്ലുവിളികളുണ്ട്. വ്യവസായ സാധ്യത വർധിപ്പിക്കുന്നതിനു സർക്കാർ പിന്തുണ ആവശ്യമുണ്ട്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകാനും നിർമാതാക്കളെ സർക്കാർ പിന്തുണ പ്രാപ്തരാക്കും.

വിനോദ സഞ്ചാരത്തിന്, പ്രത്യേകിച്ച് നമ്മുടെ ഉൾനാടൻ ജലപാതകളെ ഉപയോഗപ്പെടുത്തുന്ന ടൂറിസത്തിന് വലിയ പ്രോത്സാഹനം നൽകേണ്ടതുണ്ട്. ഇക്കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങൾക്കു പിന്നിലാണ് കേരളം. അതിൽ മാറ്റം വന്നാൽ ആഭ്യന്തര വിപണിക്കു അതു പ്രോത്സാഹനമായി മാറുമെന്നും നിർമാതാക്കൾ ഒറ്റ ശബ്ദത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഇന്ന് മുതല്‍ ശനിയാഴ്ച വരെ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് മുതല്‍ ശനിയാഴ്ച വരെ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. ഇന്ന് മുതല്‍ ശനിയാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഇന്ന് എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.