വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് അഞ്ചു രൂപയാക്കണം; ബസുടമകള്‍ സമരത്തിലേക്ക്

വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് അഞ്ചു രൂപയാക്കണം; ബസുടമകള്‍ സമരത്തിലേക്ക്

പാലക്കാട്: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ ബസുടമകള്‍ സമരത്തിലേക്ക്. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. വിദ്യാര്‍ത്ഥികളുടെ മിനിമം കണ്‍സെഷന്‍ നിരക്ക് ഒരു രൂപയില്‍ നിന്നും അഞ്ചു രൂപയായി ഉയര്‍ത്തണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ടു.

കോവിഡിന് ശേഷം ബസ് യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ തോതില്‍ കുറവുണ്ടായിട്ടുണ്ട്. 13 വര്‍ഷമായി വിദ്യാര്‍ത്ഥികളുടെ മിനിമം ബസ് നിരക്ക് ഒരു രൂപയാണ്. പുതിയ അധ്യയന വര്‍ഷത്തില്‍ പുതിയ നിരക്ക് നടപ്പാക്കണം. ഇതു നടപ്പായില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രഖ്യാപിച്ചു.

സ്വകാര്യ ബസുകളില്‍ കയറുന്നതില്‍ ബഹുഭൂരിപക്ഷവും വിദ്യാര്‍ത്ഥികളാണ്. ഇവരില്‍ നിന്നും മിനിമം നിരക്കായ ഒരു രൂപ വാങ്ങി സര്‍വീസ് മുന്നോട്ടു കൊണ്ടുപോകാനാകില്ല. ബസ് നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ക്ക് മേല്‍ സര്‍ക്കാര്‍ അടയിരിക്കുകയാണ് ചെയ്യുന്നത്.

ജൂണ്‍ മാസത്തില്‍ നിരക്ക് വര്‍ധന ഉണ്ടാകണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. ഇതിനുള്ള തീരുമാനമുണ്ടായില്ലെങ്കില്‍ സമരവുമായി മുന്നോട്ടു പോകും. സമരത്തിന്റെ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താനായി, കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ബസ് സംരക്ഷണ ജാഥ നടത്തുമെന്നും ബസുടമകളുടെ സംഘടന അറിയിച്ചു.

‘വേനലവധി തുടങ്ങി, ഒപ്പം വേവലാതികളും’, കുഞ്ഞുമക്കളെ രക്ഷിക്കാം!; മാര്‍ഗനിര്‍ദേശവുമായി കേരള പൊലീസ്-

‘വേനലവധി തുടങ്ങി, ഒപ്പം വേവലാതികളും’, കുഞ്ഞുമക്കളെ രക്ഷിക്കാം!; മാര്‍ഗനിര്‍ദേശവുമായി കേരള പൊലീസ്-

കൊച്ചി: എല്ലാവര്‍ഷവും വേനലവധി ആഘോഷിക്കുന്നതിനിടെ ജലാശയങ്ങളില്‍ മനുഷ്യജീവന്‍ പൊലിഞ്ഞ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവധിക്കാലം ആഘോഷിക്കാനായി കുളങ്ങളിലും പുഴകളിലും ഇറങ്ങുന്നവരും അപകടത്തില്‍ പെടുന്നവരെ രക്ഷിക്കാനായി യാതൊരു മുന്‍കരുതല്‍ സംവിധാനങ്ങളോ അവബോധമോ ഇല്ലാതെ എടുത്തുചാടുന്നവരുമാണ് പലപ്പോഴും മുങ്ങിത്താഴുന്നത്. വെള്ളത്തില്‍ ഇറങ്ങുന്ന കുഞ്ഞുമക്കളുടെയും കൂട്ടുകാരുടെയും സുരക്ഷയ്ക്കായി കേരള പൊലീസ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

‘ജലാശയങ്ങളിലെ അപകടസാധ്യതകളെപ്പറ്റി കുട്ടികളെ പറഞ്ഞുമനസ്സിലാക്കുക. മുതിര്‍ന്നവരുടെ കൂടെയല്ലാതെ ഒരു കാരണവശാലും കുഞ്ഞുങ്ങള്‍ വെള്ളത്തില്‍ ഇറങ്ങുന്നില്ലെന്ന് ഉറപ്പു വരുത്തണം. കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കുന്നതിന് പ്രൊഫഷണലുകളായ പരിശീലകര്‍ ഉള്ള കേന്ദ്രങ്ങളില്‍ മാത്രമേ അയയ്ക്കാവൂ. നീന്തല്‍ സ്വയം പഠിക്കാതിരിക്കുക. കൂട്ടുകാര്‍ക്കൊപ്പം മാത്രമായി കുട്ടികള്‍ കളിക്കാനോ കുളിക്കാനോ മീന്‍ പിടിക്കാനോ വെള്ളത്തിലും മറ്റും പോകുന്നില്ലെന്ന് ഉറപ്പാക്കണം. അപകടത്തില്‍ പെട്ടയാളെ രക്ഷിക്കാനായി ഒരിക്കലും മുന്‍കരുതലുകള്‍ ഇല്ലാതെ എടുത്തുചാടരുത്. കയറോ കമ്പോ തുണിയോ അപകടത്തില്‍ പെട്ടയാള്‍ക്ക് എത്തിച്ചുനല്‍കണം. ലൈഫ് ബോയ് ഇല്ലാത്ത സാഹചര്യത്തില്‍ ടയറിന്റെ ട്യൂബില്‍ നീണ്ട കയറുകെട്ടി നല്‍കാവുന്നതാണ്.’- കേരള പൊലീസിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

വേനലവധി തുടങ്ങി; ഒപ്പം വേവലാതികളും.

എല്ലാവര്‍ഷവും അവധി ആഘോഷിക്കുന്നതിനിടെ ജലാശയങ്ങളില്‍ മനുഷ്യജീവന്‍ പൊലിയുന്നതോടെ കണ്ണീരിലാകുന്നത് നൂറുകണക്കിന് കുടുംബങ്ങളാണ്.

അവധിക്കാലം ആഘോഷിക്കാനായി കുളങ്ങളിലും പുഴകളിലും ഇറങ്ങുന്നവരും അപകടത്തില്‍ പെടുന്നവരെ രക്ഷിക്കാനായി യാതൊരു മുന്‍കരുതല്‍ സംവിധാനങ്ങളോ അവബോധമോ ഇല്ലാതെ എടുത്തുചാടുന്നവരുമാണ് പലപ്പോഴും മുങ്ങിത്താഴുന്നത്.

വെള്ളത്തില്‍ ഇറങ്ങുന്ന നമ്മുടെ കുഞ്ഞുമക്കളുടെയും കൂട്ടുകാരുടെയും സുരക്ഷയ്ക്കായി നമുക്കാവുന്നതു ചെയ്യാം.

ജലാശയങ്ങളിലെ അപകടസാധ്യതകളെപ്പറ്റി കുട്ടികളെ പറഞ്ഞുമനസ്സിലാക്കുക. മുതിര്‍ന്നവരുടെ കൂടെയല്ലാതെ ഒരു കാരണവശാലും കുഞ്ഞുങ്ങള്‍ വെള്ളത്തില്‍ ഇറങ്ങുന്നില്ലെന്ന് ഉറപ്പു വരുത്തണം. കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കുന്നതിന് പ്രൊഫഷണലുകളായ പരിശീലകര്‍ ഉള്ള കേന്ദ്രങ്ങളില്‍ മാത്രമേ അയയ്ക്കാവൂ. നീന്തല്‍ സ്വയം പഠിക്കാതിരിക്കുക. കൂട്ടുകാര്‍ക്കൊപ്പം മാത്രമായി കുട്ടികള്‍ കളിക്കാനോ കുളിക്കാനോ മീന്‍ പിടിക്കാനോ വെള്ളത്തിലും മറ്റും പോകുന്നില്ലെന്ന് ഉറപ്പാക്കണം. അപകടത്തില്‍ പെട്ടയാളെ രക്ഷിക്കാനായി ഒരിക്കലും മുന്‍കരുതലുകള്‍ ഇല്ലാതെ എടുത്തുചാടരുത്. കയറോ കമ്പോ തുണിയോ അപകടത്തില്‍ പെട്ടയാള്‍ക്ക് എത്തിച്ചുനല്‍കണം. ലൈഫ് ബോയ് ഇല്ലാത്ത സാഹചര്യത്തില്‍ ടയറിന്റെ ട്യൂബില്‍ നീണ്ട കയറുകെട്ടി നല്‍കാവുന്നതാണ്.

സ്ത്രീകളും കുട്ടികളും വെള്ളത്തിലിറങ്ങുമ്പോള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം. മുന്‍പരിചയമില്ലാത്ത തോടുകളിലും പുഴകളിലും കായലുകളിലും എടുത്തുചാടാതിരിക്കുക. ഒഴുക്ക്, ആഴം എന്നിവയും പാറയോ ചെളിയോ ഉണ്ടോ എന്നതും കൃത്യമായി മനസ്സിലാക്കിമാത്രമേ വെള്ളത്തില്‍ ഇറങ്ങാവൂ. നീന്തല്‍ അറിയുന്ന കുട്ടികള്‍ ആയാല്‍ പോലും കുളങ്ങളിലോ പുഴയിലോ സ്വിമ്മിംഗ് പൂളില്‍ തന്നെയാണെങ്കിലോ പോലും മുതിര്‍ന്നവരുടെ ശ്രദ്ധ ഉണ്ടാകേണ്ടതാണ്.

പകല്‍ സമയങ്ങളില്‍ മാത്രം നീന്താന്‍ പോകുക. രാത്രി സമയങ്ങളിലോ ജലാശയ പരിസരത്ത് ആളില്ലാത്ത സമയങ്ങളിലോ നീന്തരുത്. ഈ സമയങ്ങളില്‍ ബീച്ചില്‍ ഇറങ്ങുന്നതും ഒഴിവാക്കണം. ഹൃദ്രോഗം, അപസ്മാരം പോലുള്ള അസുഖങ്ങള്‍ ഉള്ളവര്‍ നീന്തരുത്.

അപ്പോള്‍ അറിവും കരുതലുമായി സുരക്ഷിതമായ ഒരു അവധിക്കാലം ആസ്വദിക്കൂ. അത്യാവശ്യഘട്ടങ്ങളില്‍ 112 എന്ന നമ്പറില്‍ പൊലീസിനെ വിളിക്കാം.

സംസ്ഥാനത്ത് റേഷന്‍ വാങ്ങുന്ന അതിഥി തൊഴിലാളികളുടെ കണക്ക് ഇങ്ങനെ

സംസ്ഥാനത്ത് റേഷന്‍ വാങ്ങുന്ന അതിഥി തൊഴിലാളികളുടെ കണക്ക് ഇങ്ങനെ

കൊച്ചി: ‘ഉഴുതുണ്ണുന്നവനെ തൊഴുതുണ്ണണമെന്നാണ് പഴമക്കാര്‍ പറയുന്നത്’. കേരളത്തിന്‍റെ തൊഴില്‍ മേഖലകളെ സജീവമാക്കി നിലനിര്‍ത്തുന്നതില്‍ വലിയ പങ്കാണ് ഇന്ന് അതിഥി തൊഴിലാളിള്‍ക്കുള്ളത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നായി ഇത്തരത്തില്‍ ലക്ഷക്കണക്കിന് പേരാണ് ജോലി തേടി സംസ്ഥാനത്ത് എത്തുന്നത്. ഇതില്‍ ഒരുവിഭാഗം ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നതിനായി റേഷന്‍ കടകളെയാണ് ആശ്രയിക്കുന്നത്.

ഒരുരാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന പദ്ധതിയുടെ ഗുണഭോക്താക്കള്‍ കൂടിയാവുകയാണ് ഇത്തരത്തില്‍ ഒരുവിഭാഗം അതിഥി തൊഴിലാളികള്‍. സംസ്ഥാനത്തെ മൂവായിരത്തോളം ഇതരസംസ്ഥാന തൊഴിലാളികളാണ് റേഷന്‍ കടയെ ആശ്രയിക്കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഈ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത് മലപ്പുറം ജില്ലയാണെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു.

571 പേരാണ് മലപ്പുറം ജില്ലയില്‍ റേഷന്‍ വാങ്ങുന്നത്. ഇതില്‍ 283 പേര്‍ ബിഹാറികളും 167 പേര്‍ തമിഴ്‌നാട്ടുകാരുമാണ്. രണ്ടാം സ്ഥാനത്ത് ഇടുക്കിയാണ്. ഇടുക്കിയില്‍ 562 പേരും, എറണാകുളത്ത് 329, കോഴിക്കോട് 300, കണ്ണൂര്‍ 215, പാലക്കാട് 137, തൃശൂര്‍ 127, തിരുവനന്തപുരം 70, ആലപ്പുഴ 93, കോട്ടയം 63, കൊല്ലം 38, പത്തനംതിട്ട 31, വയനാട് 62 എന്നിങ്ങനെയാണ്. അതേസമയം സംസ്ഥാനത്ത് മൂന്നരലക്ഷത്തിലധികം അതിഥി തൊഴിലാളികള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.

അതിഥി പോര്‍ട്ടലില്‍ ഈ വര്‍ഷം മാര്‍ച്ച് 14വരെ 3,72,088 പേരാണ് രജിസ്ട്രര്‍ ചെയ്തത്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ളവരാണ്. 1,23,755 പേരാണ് വിവിധ ജോലികള്‍ക്കായി കേരളത്തില്‍ എത്തിയത്. അസമില്‍ നിന്ന് 65,313 പേരും ബിഹാറില്‍ നിന്ന് 51,063 പേരും ഒഡീഷയില്‍ നിന്നും 45,212, ഝാര്‍ഖണ്ഡില്‍ നിന്നും 30,392 പേരുമാണ് ഉള്ളത്

ഉത്തര്‍പ്രദേശ് 18,354, തമിഴ്‌നാട് 15,763, ആന്‍ഡമാന്‍ 48, ആന്ധ്രാപ്രദേശ് 980, അരുണാചല്‍ പ്രദേശ് 765. ചണ്ഡിഗഡ് 54, ഛത്തീസ്ഗഡ് 2576, ഡാമന്‍ ഡ്യൂ 22, ദാദ്രനഗര്‍ ഹവേലി 21, ഡല്‍ഹി 540, ഗോവ 35, ഗുജറാത്ത് 164, ഹരിയാന 261, ഹിമാചല്‍ പ്രദേശ് 100, ജമ്മു കശ്മീര്‍ 146, കര്‍ണാടക 2183, ലക്ഷദ്വീപ് 8, മധ്യപ്രദേശ് 6,286, മഹാരാഷ്ട്ര 748, മണിപ്പൂര്‍ 927, മേഘാലയ 574, മിസോറാം 77, നാഗാലന്റ് 907, പുതുച്ചേരി 51, പഞ്ചാബ് 267, രാജസ്ഥാന്‍ 1589, സിക്കിം 72, തെലങ്കാന 187, ത്രിപുര 1,010, ഉത്തരാഖണ്ഡ് 1638 എന്നിങ്ങനെയാണ് അതിഥി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരുടെ കണക്ക്.

മുണ്ടൂരില്‍ യുവാവിനെ തലയ്ക്കടിച്ചു കൊന്നു; അയല്‍വാസി കസ്റ്റഡിയില്‍

മുണ്ടൂരില്‍ യുവാവിനെ തലയ്ക്കടിച്ചു കൊന്നു; അയല്‍വാസി കസ്റ്റഡിയില്‍

പാലക്കാട്: പാലക്കാട് മുണ്ടൂരില്‍ യുവാവിനെ തലയ്ക്കടിച്ചു കൊന്നു. മുണ്ടൂര്‍ സ്വദേശി മണികണ്ഠന്‍ ആണ് മരിച്ചത്. അയല്‍വാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു മണികണ്ഠന്‍. അയല്‍വാസിയായ വിനോദും സഹോദരനും ഇടയ്‌ക്കൊക്കെ മദ്യപിക്കാനായി മണികണ്ഠനെ വീട്ടിലേക്ക് വിളിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ രാത്രിയിലും സമാനമായ നിലയില്‍ മദ്യപിച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നു.

ഇതിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നാട്ടുകാര്‍ ചേര്‍ന്നാണ് അയല്‍വാസിയായ വിനോദിനെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്. വിനോദിന്റെ സഹോദരന്‍ ഒളിവിലാണ്. വിനോദിന്റെ അമ്മയെയും കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകത്തിലേക്ക് നയിച്ചതില്‍ വ്യക്തത തേടി കോങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

നഴ്‌സും അച്ഛനും മരിച്ച വാഹനാപകടക്കേസ്; ആറര കോടി രൂപ നഷ്‌ടപരിഹാരം വിധിച്ച് കേരള ഹൈക്കോടതി

നഴ്‌സും അച്ഛനും മരിച്ച വാഹനാപകടക്കേസ്; ആറര കോടി രൂപ നഷ്‌ടപരിഹാരം വിധിച്ച് കേരള ഹൈക്കോടതി

കൊച്ചി: അച്ഛനും നേഴ്‌സായ മകളും മരിച്ച വാഹനാപകടക്കേസിൽ റെക്കോര്‍ഡ് നഷ്ടപരിഹാരത്തുക വിധിച്ച് കേരള ഹൈക്കോടതി. ആറര കോടി രൂപ ഇൻഷുറൻസ് കമ്പനി മരണപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി നൽകാനാണ് കോടതി ഉത്തരവ്. 2013ല്‍ പത്തനംതിട്ടയിലായിരുന്നു അപകടം. ഓസ്ട്രേലിയയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ നഴ്സായി ജോലി ചെയ്തിരുന്ന കുളത്തുപ്പുഴ സ്വദേശിനി ഷിബി എബ്രഹാം 2013ല്‍ എംബിഎ പരീക്ഷ എഴുതാന്‍ നാട്ടിലെത്തിയതായിരുന്നു. മെയ് 9ന് പരീക്ഷ കേന്ദ്രത്തിലേക്ക് അച്ഛന്‍ എബ്രഹാമിനൊപ്പം ബൈക്കില്‍ യാത്രചെയ്യവേയാണ് എതിരെവന്ന ലോറി ഇടിച്ചു തെറിപ്പിച്ചത്. ഷിബി തൽക്ഷണം മരിച്ചു. എബ്രഹാം ചികിത്സയിലിരിക്കെ മരിച്ചു.

ബന്ധുക്കള്‍ നല്‍കിയ കേസില്‍ നഷ്ടപരിഹാരമായി 2.92 കോടി രൂപയും 7 ശതമാനം പരിശയും കോടതി ചെലവായി 7.14 ലക്ഷം രൂപയും അച്ഛന്‍ മരിച്ചതില്‍ 4.92 ലക്ഷം രൂപയും 9 ശതമാനം പലിശയും കോടതി ചെലവായി 26,897 രൂപയും നല്‍കാന്‍ പത്തനംതിട്ട മോട്ടോര്‍ ആക്സിഡന്‍റ് ക്ലെയിം ട്രിബ്യൂണല്‍ വിധിച്ചു. വിധിക്കെതിരെ നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. നഷ്ട പരിഹാരത്തുക വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഷിബിയുടെ കുടുംബവും ഹൈക്കോടതിയെ സമീപിച്ചു. ഇന്‍ഷൂറന്‍സ് കമ്പനി നല്‍കിയ അപ്പീല്‍ ഹർജി തള്ളിക്കൊണ്ടാണ് കേരളാ ഹൈക്കോടതിയുടെ വിധി.

ഷിബിയുടെ വിദ്യാഭ്യാസ യോഗ്യതയും പ്രവര്‍ത്തി പരിചയവും അപകടം നടന്ന സമയത്തെ 7 ഉം 12 ഉം വയസുള്ള കുട്ടികളുടെ സംരക്ഷണവും കണക്കിലെടുത്താണ് നഷ്ടപരിഹാരമെന്നും ഹൈക്കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. പതിനാറ് വര്‍ഷത്തെ ഓസ്ട്രേലിയന്‍ ശമ്പളം നഷ്ടപരിഹാരമായി കണക്കാക്കി 73.68 ലക്ഷം രൂപയും 7 ശതമാനം പലിശയും അധികമായി നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഹര്‍ജി നല്‍കിയ കക്ഷികളുടെ ചെലവും ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്ന് ഈടാക്കാന്‍ ഉത്തരവിട്ടു. ഇതോടെയാണ് നഷ്ടപരിഹാരത്തുക 6.5 കോടിയായി ഉയര്‍ന്നത്.

അബാക്കസ് അന്താരാഷ്ട്ര മൽസരത്തിൽ സ്വർണ്ണ മെഡൽ

അബാക്കസ് അന്താരാഷ്ട്ര മൽസരത്തിൽ സ്വർണ്ണ മെഡൽ

പതിമൂന്നാമത് ബ്രെയിൻ ഒ ബ്രെയിൻ അബാക്കസ് ഓൺലൈൻ അന്താരാഷ്ട്ര മൽസരത്തിൽ പരവൂരിൽ നിന്നുള്ള നാലാം ക്ലാസുകാരന് സുവണ്ണ നേട്ടം. പരവൂർ കൊൻങ്ങൽ ശ്രുതി വിലാസത്തിൽ അദിത്യ. ആർ .നായരാണ് സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്. വടക്കേവിള എസ്.എൻ പബ്ലിക് സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ്.