by Midhun HP News | Mar 26, 2025 | Latest News, കേരളം
തിരുവനന്തപുരം: ‘നിള’ ബഹിരാകാശത്ത് കേരളത്തിന്റെ കയ്യൊപ്പ്. കേരളത്തില്‍ നിര്‍മിച്ച ഉപഗ്രഹം ബഹിരാകാശത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ജര്‍മന്‍ പഠനോപകരണവുമായി സ്‌പേസ് എക്‌സിന്റെ ട്രാന്‍സ്‌പോര്‍ട്ടര്‍ 13 ദൗത്യത്തില്‍ മാര്‍ച്ച് 15 നാണ് ആണ് ടെക്‌നോപാര്‍ക്കിലെ ചെറുകിട ഉപഗ്രഹ നിര്‍മാണ കമ്പനിയായ ഹെക്‌സ് 20യുടെ ‘നിള’ എന്ന ഉപഗ്രഹം ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായത്.
ജര്‍മന്‍ കമ്പനിയായ ഡിക്യൂബ്ഡിന്റെ ആക്‌ച്വേറ്റര്‍ എന്ന പേലോഡ് വഹിച്ച ‘നിള’ ചരിത്രം കുറിച്ചുകഴിഞ്ഞു. മറ്റു കമ്പനികളുടെ പേലോഡ് വഹിക്കുന്നതും ഇന്ത്യയില്‍ സ്വകാര്യമേഖലയില്‍ നിര്‍മിച്ചതുമായ ആദ്യ ഉപഗ്രഹം കൂടിയാണ് നിള. വിക്ഷേപണത്തിന് പിന്നാലെ മാര്‍ച്ച് 16 ന് തിരുവനന്തപുരത്തെ മരിയന്‍ എഞ്ചിനീയറിങ്ങ് കോളേജിലെ ഹെക്‌സ് 20 നിയന്ത്രണ കേന്ദ്രത്തിലേക്ക് പേടകം അതിന്റെ ആദ്യ സിഗ്നല്‍ നല്‍കുകയും ചെയ്തു.
ബഹിരാകാശ ഗവേഷണ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയായ ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്റര്‍ (ഇന്‍-സെപെയ്‌സ്) പിന്തുണയോടെയാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. ബഹിരാകാശത്ത് കേരളത്തിന്റെ പേര് ഉറപ്പിക്കുന്ന നിള ദൗത്യം വിജയം കൈവരിക്കുമ്പോള്‍ ഒരു സൗഹൃദകൂട്ടായ്മയുടെ സ്വപ്‌നം കൂടിയാണ് യാഥാര്‍ഥ്യമാകുന്നത്. ലിയോഡ് ജേക്കബ് ലോപ്പസ്, അനുരാഗ് രഘു, അമല്‍ ചന്ദ്രന്‍, അശ്വിന്‍ ചന്ദ്രന്‍, അരവിന്ദ് എം ബി എന്നീ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ഹെക്‌സ് 20 എന്ന സംരംഭത്തിന് തുടക്കമിടുന്നത്. 2020 ല്‍ ആരംഭിച്ച കമ്പനി 2023 ലാണ് തിരുവനന്തപുരം ടെക്‌നോ പാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങിയത്. കമ്പനിയുടെ ആദ്യ പ്രധാന ദൗത്യമായ നിള പുര്‍ണമായും സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് പൂര്‍ത്തിയാക്കിയത്.
ഐഎസ്ആര്‍ഒയുടെ പൂര്‍ണ പിന്തുണയും പദ്ധതിക്ക് ലഭിച്ചിരുന്നു. മരിയന്‍ കോളേജില്‍ ഉപഗ്രഹ നിയന്ത്രണ സംവിധാനം ഉള്‍പ്പടെ സജ്ജമാക്കാന്‍ ഐഎസ്ആര്‍ഒ സാങ്കേതിക സഹായം ഉള്‍പ്പെടെ നല്‍കിയിരുന്നു. ”ദേശീയ താത്പര്യങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ പിന്തുണയ്ക്കുന്ന ദൗത്യങ്ങളാണ് ഐഎസ്ആര്‍ഒ മുന്‍ഗണന നല്‍കുന്നത്. എന്നിരുന്നാലും പരീക്ഷണ സൗകര്യങ്ങള്‍ ഉള്‍പ്പെടെ സജ്ജമാക്കുന്നതിന് ഹെക്‌സ് 20 ക്ക് ഐഎസ്ആര്‍ഒ വലിയ പിന്തുണയാണ് നല്‍കിയത്” ഹെക്‌സ് 20 ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ലോയ്ഡ് ജേക്കബ് ലോപ്പസ് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.
നിള ദൗത്യത്തിന് അപ്പുറം ബഹിരാകാശ ഗവേഷണങ്ങളില്‍ താത്പര്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് ഹെക്‌സ് 20 പ്രവര്‍ത്തിക്കുന്നത് എന്നും ലോയ്ഡ് പറയുന്നു. ”യുഎഇ സ്‌പേസ് ഏജന്‍സിയുമായി കമ്പനി നേരത്തെ സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐഎസ്ആര്‍ഒയ്ക്ക് മുന്നില്‍ ഹെക്‌സ് 20 തുടക്കകാര്‍ മാത്രമാണ്. എന്നാല്‍ ബഹിരാകാശ ഗവേഷണ രംഗത്തെ സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ച് ഇന്ത്യയില്‍ വലിയ സാധ്യതയുണ്ട്. ഭാവിയില്‍ ഐഎസ്ആര്‍ഒയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഹെക്‌സ് 20 ക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ലോയിഡ് പറയുന്നു.
ഐഎസ്ആര്‍ഒയുമായി സഹകരിച്ച് അടുത്തവര്‍ഷം തന്നെ ഒരു ഉപഗ്രഹം വിക്ഷേപിക്കാന്‍ പദ്ധതിയുണ്ടെന്നാണ് ഹെക്‌സ് 20 ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ അമല്‍ ചന്ദ്രന്‍ പറയുന്നത്. 50 കിലോ ഭാരം വരുന്ന ഉപഗ്രമാണ് ഈ ദൗത്യത്തിനായി തയ്യാറാക്കാന്‍ ശ്രമിക്കുന്നത്. നിള കമ്പനിയുടെ തുടക്കം മാത്രല്ല, ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങള്‍ക്കുള്ള അടിത്തറയാണ്. ഈ മേഖലയില്‍ അന്താരാഷ്ട്ര സഹകരണം, ഗവേഷണം, വ്യാവസായിക വത്കരണം എന്നിവയിലെ മുന്നേറ്റങ്ങളുടെ ഭാഗമാകാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഹെക്‌സ് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.
by Midhun HP News | Mar 25, 2025 | Latest News, കേരളം
തിരുവനന്തപുരം: കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ഥികളിലേയ്ക്ക്. പരിഷ്‌കരിച്ച പത്താം ക്ലാസ് പാഠപുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിയമസഭയിലെ ചേംബറില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് നല്‍കി നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി, ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സംസ്ഥാനത്തെ പ്രീ-പ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറിതലം വരെയുളള പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ എസ്‌സിഇആര്‍ടിയുടെ നേതൃത്വത്തില്‍ പുരോഗമിച്ചുവരികയാണ്. ആദ്യഘട്ടത്തില്‍ ഒന്നു മുതല്‍ പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളുടെ പരിഷ്‌കരണം പൂര്‍ത്തീകരിച്ചു. ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങളുടെ പരിഷ്‌കരണം അടുത്ത വര്‍ഷം നടക്കും.
ജനകീയ, വിദ്യാര്‍ഥി ചര്‍ച്ചകളുടെ ഭാഗമായി നാല് മേഖലയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം, പ്രീപ്രൈമറി വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ വികസിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പാഠപുസ്തകങ്ങള്‍ വികസിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം 1, 3, 5, 7, 9 ക്ലാസുകളില്‍ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളിലായി 238 ടൈറ്റില്‍ പാഠപുസ്തകങ്ങള്‍ തയ്യാറാക്കുകയും സമയബന്ധിതമായി വിതരണം പൂര്‍ത്തീകരിക്കുകയും ചെയ്തു. ഈ വര്‍ഷം 2, 4, 6, 8, 10 ക്ലാസുകളിലെ 205 ടൈറ്റില്‍ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചു. അതില്‍ പത്താം ക്ലാസിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് അച്ചടി വേഗത്തില്‍ പൂര്‍ത്തീകരിക്കുകയും വിതരണത്തിന് തയ്യാറാക്കുകയും ചെയ്തു.
ഈ വര്‍ഷം പരിഷ്‌കരണത്തിന്റെ ഭാഗമായി തൊഴില്‍ ഉദ്ഗ്രഥിത വിദ്യാഭ്യാസത്തിനും, കലാവിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കുകയും ചെയ്തു. കൂടാതെ 1, 2 ക്ലാസുകളില്‍ കുട്ടികളുടെ അടിസ്ഥാനശേഷി വര്‍ദ്ധിപ്പിക്കാന്‍ എല്ലാ വിഷയങ്ങളിലും പ്രത്യേകം പ്രവര്‍ത്തന പുസ്തകങ്ങളും തയ്യാറാക്കി വിതരണം ചെയ്തു.
സംസ്ഥാനത്തെ ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ സൗജന്യമായാണ് വിതരണം ചെയ്യുന്നത്. 40 ലക്ഷത്തോളം വരുന്ന കുട്ടികള്‍ക്ക് 3.8 കോടി പാഠപുസ്തകങ്ങളാണ് കെ.ബി.പി.എസ്. ന്റെ നേതൃത്വത്തില്‍ അച്ചടിക്കുന്നത്. ഇത് കുടുംബശ്രീ മുഖേന വിദ്യാലയങ്ങളിലെത്തിക്കുന്നു.
by Midhun HP News | Mar 25, 2025 | Latest News, കേരളം
നടൻ മമ്മൂട്ടിയുടെ ആരോഗ്യാവസ്ഥയെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുകയാണ് മോഹൻലാൽ. മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും പേടിക്കേണ്ടതായ കാര്യങ്ങളൊന്നും തന്നെയില്ലെന്നും മോഹൻലാൽ വെളിപ്പെടുത്തി.
‘എംപുരാൻ’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ചെന്നൈയിൽ നടന്ന പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ. ‘‘അദ്ദേഹം സുഖമായിരിക്കുന്നു. അദ്ദേഹത്തിന് ചെറിയ പ്രശ്നമുണ്ടായിരുന്നു. എല്ലാവർക്കും ഉണ്ടാകും. അത്ര മാത്രമേ ഉള്ളൂ. പേടിക്കാൻ ഒന്നുമില്ല.’’–മോഹൻലാൽ പറഞ്ഞു.
ശബരിമല ദർശനത്തിനിടയിൽ മമ്മൂട്ടിയുടെ പേരിൽ വഴിപാട് നടത്തിയതറിഞ്ഞു. നിങ്ങളുടെ ആഴമേറിയ സ്നേഹ ബന്ധത്തെക്കുറിച്ച് രണ്ട് വാക്കുകൾ പറയാമോ എന്ന ചോദ്യത്തിനു തുടർച്ചയായാണ് മമ്മൂട്ടിയുടെ ആരോഗ്യത്തെക്കുറിച്ചും മാധ്യമ പ്രവർത്തകർ ആരാഞ്ഞത്. മമ്മൂട്ടിക്കു വഴിപാട് നടത്താനുണ്ടായ സാഹചര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ മോഹൻലാലിന്റെ മറുപടി ഇങ്ങനെ.
‘‘അത് എന്തിന് പ്രത്യേകം പറയണം. ശബരിമലയിൽ പോയി അദ്ദേഹത്തിന് വേണ്ടി ഒരു പൂജ ചെയ്തു. ആരോ ആ രസീത് ലീക്ക് ചെയ്തു. അത് തീർത്തും പേഴ്‌സനലായ കാര്യമാണ്. നിങ്ങൾ ഒരാൾക്ക് വേണ്ടി പ്രാർഥിക്കുന്നത് എന്തിന് പുറത്ത് പറയണം.
ഞാൻ നിനക്കു വേണ്ടി പ്രാർഥിക്കാം എന്ന് പലരും പറയും, എന്നിട്ട് അത് ചെയ്യില്ല. നിങ്ങൾ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ചെയ്യണം. അദ്ദേഹം എന്റെ സുഹൃത്തും സഹോദരനുമാണ്. അദ്ദേഹത്തിന് വേണ്ടി ഞാൻ പ്രാർഥിച്ചു.’’- മോഹൻലാൽ പറഞ്ഞു.
by Midhun HP News | Mar 25, 2025 | Latest News, കേരളം
പാലക്കാട്: വാളയാറില്‍ എംഡിഎംഎയുമായി അമ്മയും മകനും പിടിയിലായ സംഭവത്തില്‍, ഭര്‍ത്താവ് ഉപേക്ഷിച്ചതിന് ശേഷമാണ് അമ്മ അശ്വതി ലഹരി കച്ചവടത്തിലേക്ക് കടന്നത്. സുഹൃത്ത് മൃദുലിന്റെ പ്രേരണയിലാണ് അശ്വതി ലഹരി ഉപയോഗിച്ചു തുടങ്ങുന്നത്. തുടര്‍ന്ന് ലഹരിക്കടത്തിലേക്കും അശ്വതിയെ മൃദുല്‍ കൂടെ കൂട്ടുകയായിരുന്നുവെന്ന് അശ്വതി എക്‌സൈസിനോട് പറഞ്ഞു.
ഇരുപതുകാരനായ മകന്‍ ഷോണ്‍ സണ്ണിയേയും അശ്വതി ലഹരി കച്ചവടത്തിന് കൂടെക്കൂട്ടി. ബംഗളൂരുവില്‍നിന്ന് ലഹരി എറണാകുളത്തെത്തിച്ച് ചില്ലറ വില്‍പന നടത്തുകയാണ് ചെയ്തിരുന്നത്. അശ്വതിയും കൂട്ടുപ്രതിയായ സുഹൃത്ത് മൃദുലുമാണ് ലഹരിക്കടത്തു സംഘത്തിലെ പ്രധാനികള്‍.
കഴിഞ്ഞ ദിവസമാണ് തൃശൂര്‍ സ്വദേശി അശ്വതി (39), മകന്‍ ഷോണ്‍ സണ്ണി (20), കോഴിക്കോട് എലത്തൂര്‍ സ്വദേശികളായ പി മൃദുല്‍ (29), അശ്വിന്‍ ലാല്‍ (26) എന്നിവര്‍ വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ നിന്ന് പിടിയിലായത്. വില്‍പനയ്ക്കായി ബംഗളൂരുവില്‍ നിന്ന് കാറില്‍ കൊണ്ടുവന്ന 10.12 ഗ്രാം എംഡിഎംഎയാണ് ഇവരുടെ പക്കല്‍ നിന്നും പിടികൂടിയത്.
by Midhun HP News | Mar 25, 2025 | Latest News, കേരളം
കൊച്ചി: വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സമന്‍സ് അയച്ച് സിബിഐ കോടതി. അടുത്ത മാസം 25ന് ഹാജരാകാനാണ് മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ ഇരുവരേയും സിബിഐ പ്രതി ചേര്‍ത്തിരുന്നു. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐയുടെ നീക്കം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായെന്നറിഞ്ഞിട്ടും മറച്ചുവെച്ചതിനാണ് മാതാപിതാക്കളെ പ്രതി ചേര്‍ത്തത്. ലൈംഗിക പീഡനത്തെത്തുടര്‍ന്നുണ്ടായ മാനസിക പീഡനമാണ് വാളയാര്‍ പെണ്‍കുട്ടികളുടെ ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു സിബിഐ കണ്ടെത്തല്‍.
മക്കളുടെ മുന്നില്‍ വെച്ചാണ് ഒന്നാം പ്രതി അമ്മയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയന്നും കുറ്റപത്രത്തില്‍ അന്വേഷണ സംഘം പറയുന്നു. കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയില്‍ അന്വേഷണം ഏറ്റെടുത്ത സിബിഐ അമ്മയെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കി കുറ്റപത്രം നല്‍കുകയായിരുന്നു.
13ഉം, 9ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ 52 ദിവസത്തിന്റെ ഇടവേളയില്‍ വീട്ടിലെ ഒറ്റമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസിലായിരുന്നു സിബിഐ അന്വേഷണം. അമ്മയും അച്ഛനും അറിഞ്ഞ് കൊണ്ട് തന്നെ രണ്ട് മക്കളെയും പ്രതികള്‍ക്ക് പീഡനത്തിന് ഇട്ട് കൊടുത്തെന്നാണ് സിബിഐ കണ്ടെത്തല്‍.
2016 ഏപ്രിലില്‍ മൂത്തകുട്ടിയെ പ്രതി ബലാത്സംഗം ചെയ്യുന്നത് അമ്മയുടെ കണ്‍മുന്നില്‍ വെച്ചാണ്. രണ്ടാഴ്ച കഴിഞ്ഞ് അച്ഛനും ഈ ഹീനകൃത്യം കണ്ട് നിന്നു. പതിനൊന്നുകാരിയായ മൂത്ത കുട്ടി 2017 ജനുവരി 13നും, ഒമ്പത് വയസുകാരിയായ ഇളയ കുഞ്ഞിനെ അതേ വര്‍ഷം മാര്‍ച്ച് നാലിനും ആണ് സ്വന്തം വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം വീഴ്ചയെന്ന് ആരോപിച്ച വാളയാറിലെ അമ്മയുടെ നേതൃത്വത്തില്‍ വലിയ സമരപരമ്പരകളാണ് നടന്നിരുന്നത്.
by Midhun HP News | Mar 25, 2025 | Latest News, കേരളം
കോഴിക്കോട്: അമ്മയ്ക്ക് പിന്നാലെ അച്ഛനും കൊലക്കത്തിക്ക് ഇരയായതിന്റെ ഞെട്ടലില്‍ ഞെട്ടിലിലാണ് ബാലുശ്ശേരിക്കാര്‍. പനായി ചാണോറ അശോകനാണു മൂത്ത മകന്‍ സുധീഷിന്റെ വെട്ടേറ്റ് ഇന്നലെ മരിച്ചത്. 2012ല്‍ അശോകന്റെ ഭാര്യ ശോഭനയെ വെട്ടിക്കൊലപ്പെടുത്തിയ ഇളയ മകന്‍ സുമേഷ് വിഷം കഴിച്ച് മരിക്കുകയായിരുന്നു.
രാവിലെ അച്ഛനുമായി തര്‍ക്കം ഉണ്ടാക്കിയ ശേഷം മകന്‍ സുധീഷ് അങ്ങാടിയില്‍ എത്തിയിരുന്നു. അതിനു ശേഷം ഇന്നലെ രാത്രി വീടിനു പുറത്ത് വച്ച് സുധീഷിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെ കൊലപാതകം നടന്നതായാണു പൊലീസിന്റെ നിഗമനം.
ഇതേ വീട്ടില്‍ വച്ച് മുന്‍പും അശോകനു നേരെ സുധീഷ് ആക്രമണം നടത്തിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. അന്നു വലത് കൈയ്ക്ക് കുത്തേറ്റിരുന്നു. അയല്‍വാസി കണ്ടതു കൊണ്ടാണ് അശോകന്‍ രക്ഷപ്പെട്ടത്. പിന്നീട് മരണ ഭയത്താല്‍ മകനെ മുറിയിലാക്കി പൂട്ടിയ ശേഷമായിരുന്നു അശോകന്‍ ഉറങ്ങിയിരുന്നത്. 2 മാസം മുമ്പ് സുധീഷിനെ ചികിത്സയ്ക്ക് കൊണ്ടുപോയതായി പൊതുപ്രവര്‍ത്തകന്‍ മുഹ്‌സിന്‍ കീഴമ്പത്ത് പറഞ്ഞു. തുടര്‍ ചികിത്സ മുടങ്ങി.
ഇതേ വീട്ടില്‍ വച്ച് മുമ്പും അശോകനെ സുധീഷ് ആക്രമിച്ചിരുന്നു. അന്ന് വലതു കൈയ്ക്ക് കുത്തേറ്റിരുന്നു. അയല്‍വാസി കണ്ടതുകൊണ്ടാണ് അശോകന്‍ രക്ഷപ്പെട്ടത്. പിന്നീട് മരണ ഭയത്താല്‍ മകനെ മുറിയിലാക്കി പൂട്ടിയ ശേഷമായിരുന്നു അശോകന്‍ ഉറങ്ങിയിരുന്നത്. രണ്ട് മാസം മുമ്പ് സുധീഷിനെ ചികിത്സയ്ക്ക് കൊണ്ടുപോയതായി നാട്ടുകാര്‍ പറയുന്നു. പിന്നീട് ചികിത്സ മുടങ്ങി. സുധീഷിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
Recent Comments