അന്തിമഹാകാളന്‍ കാവ് വേലയ്‌ക്കെതിരെ വിദ്വേഷ പരാമര്‍ശം; ബിജെപി മുന്‍ മണ്ഡലം പ്രസിഡന്റ് അറസ്റ്റില്‍

അന്തിമഹാകാളന്‍ കാവ് വേലയ്‌ക്കെതിരെ വിദ്വേഷ പരാമര്‍ശം; ബിജെപി മുന്‍ മണ്ഡലം പ്രസിഡന്റ് അറസ്റ്റില്‍

തൃശൂര്‍: അന്തിമഹാകാളന്‍ കാവ് വേലയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന കേസില്‍ ബിജെപി പുലാക്കോട് മുന്‍ മണ്ഡലം പ്രസിഡന്റ് മംഗലംകുന്ന് പങ്ങാരപ്പിള്ളി വെളുത്തേടത്ത് വി ഗിരീഷിനെ ചേലക്കര പൊലീസ് അറസ്റ്റ് ചെയ്തു. പങ്ങാരപ്പിള്ളി ദേശക്കാരന്‍ എന്ന വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അനൂപ് മങ്ങാട് എന്ന പേരില്‍ വേലയ്ക്കും വെടിക്കെട്ടിനുമെതിരെയും ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനുമായി പ്രകോപന പരാമര്‍ശം നടത്തിയെന്നാണ് പരാതി.

പങ്ങാരപ്പിള്ളി സ്വദേശി സുനില്‍, വേല കോഓര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവരാണ് ഇതു സംബന്ധിച്ച് ചേലക്കര പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സൈബര്‍ സെല്‍ വിഭാഗം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് അറസ്റ്റ്.അന്വേഷണത്തില്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഫേക്ക് അക്കൗണ്ട് ആയി അനൂപ് എന്ന പേരില്‍ സന്ദേശങ്ങള്‍ അയച്ചിരുന്നത് ഗിരീഷ് ആണെന്ന് കണ്ടെത്തുകയായിരുന്നു.

ഇന്‍സ്റ്റയിലൂടെ പെണ്‍കുട്ടിക്ക് ‘ഹായ്’; യുവാവിന് ക്രൂര മര്‍ദനം

ഇന്‍സ്റ്റയിലൂടെ പെണ്‍കുട്ടിക്ക് ‘ഹായ്’; യുവാവിന് ക്രൂര മര്‍ദനം

ആലപ്പുഴ: വിവിധ കേസുകളില്‍ പ്രതിയായ ആളുടെ സുഹൃത്തായ പെണ്‍കുട്ടിക്ക് ഇന്‍സ്റ്റഗ്രാമിലൂടെ ‘ഹായ്’ മെസേജ് അയച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടില്‍വെച്ച് ആറുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. അരൂക്കുറ്റി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ വടുതലജെട്ടി തെക്കേകണിച്ചുകാട്ടില്‍ വീട്ടില്‍ ജിബിന്‍ ജോര്‍ജിനാണ് (29) മര്‍ദനമേറ്റത്.

ജിബിനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ അരൂക്കുറ്റി സ്വദേശിയായ പ്രഭജിത്ത്, സിന്തല്‍, കണ്ടാലറിയാവുന്ന നാലുപേര്‍ എന്നിവര്‍ക്കെതിരേ പൂച്ചാക്കല്‍ പൊലീസ് കേസെടുത്തു. പ്രതികള്‍ ഒളിവിലാണ്.

21 ന് രാവിലെ 11 മണിയോടെയാണ് സംഭവം. അരൂക്കുറ്റി- അരൂര്‍ പാലത്തിന്റെ ഇറക്കത്തില്‍ സ്‌കൂട്ടറിലിരുന്ന് ജിബിന്‍ മൊബൈല്‍ ഫോണ്‍ നോക്കുന്ന സമയത്ത് പ്രഭജിത്തും സിന്തലും വന്നിറങ്ങി. പ്രഭജിത്തിന്റെ സുഹൃത്തായ പെണ്‍കുട്ടിക്ക് ജിബിന്‍ മെസേജ് അയച്ചതറിഞ്ഞാണ് ഇരുവരും എത്തിയത്. അതിലൊരാള്‍ ജിബിന്റെ കരണത്തടിക്കുകയും സ്‌കൂട്ടറിന്റെ താക്കോല്‍ ഊരിയെടുക്കുകയും ചെയ്തു. തുടര്‍ന്ന് അതേ സ്‌കൂട്ടറില്‍ ജിബിനെ ബലമായി പിടിച്ചു നടുവിലിരുത്തി ഇരുവരും സ്‌കൂട്ടര്‍ ഓടിച്ചുപോയി.

പോയവഴി വണ്ടി നിര്‍ത്തി മര്‍ദനം തുടങ്ങി. അരൂക്കുറ്റി കളരിക്കല്‍ ഭാഗത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് മര്‍ദനം തുടര്‍ന്നു. നാല് പേര്‍ കൂടി അവിടേയ്ക്ക് എത്തിയിരുന്നു. എല്ലാവരും ചേര്‍ന്നായിരുന്നു മര്‍ദനം. ജിബിന്റെ കൈകള്‍ പിന്നോട്ട് വലിച്ച് പിടിച്ച് അടിച്ചു. കൂടാതെ കഴുത്തില്‍ കയര്‍ കുരുക്കി മുറുക്കി. പൊലീസില്‍ അറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പോയത്.

പിറ്റേദിവസമാണ് ജിബിന്‍ അവിടെ നിന്ന് രക്ഷപ്പെട്ടത്. വടി, മരക്കഷ്ണം, പത്തല്‍ എന്നിവ ഉപയോഗിച്ച് മര്‍ദിച്ചുവെന്നാണ് ജിബിന്റെ മൊഴി. പ്രതികള്‍ ജിബിന്റെ മൊബൈല്‍ ഫോണ്‍ കൊണ്ടുപോയിട്ടുണ്ട്. തിങ്കളാഴ്ചയാണ് മര്‍ദന വിവരം പുറത്തു വന്നത്. പെണ്‍കുട്ടിയെ ജിബിന് നേരത്തെ പരിചയമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസിലെ ഒന്നാം പ്രതിയായ പ്രഭജിത്ത് മറ്റുപല കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതക ശ്രമം, തടങ്കലില്‍ പാര്‍പ്പിച്ചുള്ള മര്‍ദനം, കൂട്ടംചേര്‍ന്നുള്ള ആക്രമണം, തുടങ്ങിയവയ്ക്കാണ് കേസ്.

‘ഇനി ഞാന്‍ നാട്ടിലേയ്ക്ക് വരണമെങ്കില്‍ നീയും മക്കളും ചാകണം’; നോബി ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു, പൊലീസ് കോടതിയില്‍

‘ഇനി ഞാന്‍ നാട്ടിലേയ്ക്ക് വരണമെങ്കില്‍ നീയും മക്കളും ചാകണം’; നോബി ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു, പൊലീസ് കോടതിയില്‍

കോട്ടയം: ഏറ്റുമാനൂരിലെ ഷൈനിയുടേയും പെണ്‍ മക്കളുടേയും ആത്മഹത്യ നോബിയുടെ മാനസിക പീഡനം കാരണമെന്ന് പൊലീസ് കോടതിയില്‍. ഷൈനി മരിക്കുന്നതിന് തലേന്ന് നോബി ഫോണില്‍ വിളിച്ച് സമ്മര്‍ദത്തിലാക്കിയെന്നും ഇതാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. നോബിക്കെതിരെ 2024 ല്‍ ഷൈനി തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ ഗാര്‍ഹിക പീഡന പരാതി നല്‍കിയിട്ടുണ്ട്. ഈ കേസില്‍ നോബിയുടെ അമ്മയും പ്രതിയാണ്.

ആത്മഹത്യ ചെയ്യുന്നതിനു തലേദിവസം രാത്രി പത്തരയ്ക്കാണ് നോബി വാട്‌സാപ്പില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ജോലി കിട്ടാത്തതിലും വിവാഹമോചന കേസ് നീണ്ടുപോകുന്നതിലും ഷൈനി അതീവ ദുഃഖിതയായിരുന്നുവെന്ന് വ്യക്തമാകുന്ന ശബ്ദസന്ദേശം നേരത്തെ പുറത്തുവന്നിരുന്നു. വിവാഹ മോചനത്തിന് ഭര്‍ത്താവ് സഹകരിക്കുന്നില്ലെന്നും സുഹൃത്തിനോട് ഷൈനി പറഞ്ഞിരുന്നു.

”നീ നിന്റെ രണ്ട് മക്കളേയും വച്ച് കൊണ്ട് അവിടെത്തന്നെ ഇരുന്നോ. ഇനി ഞാന്‍ നാട്ടിലേക്ക് വരണമെങ്കില്‍ നീയും രണ്ടു മക്കളും ചാകണം. എന്നെ ദ്രോഹിക്കാതെ നിനക്കും മക്കള്‍ക്കും പോയി ചത്തുകൂടെ” എന്നാണ് നോബി ഫോണില്‍ ചോദിച്ചത്. പ്രതി ആത്മഹത്യ പ്രേരണ നടത്തിയെന്നും പൊലീസ് കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ പറയുന്നു.

13 ഇന സബ്‌സിഡി സാധനങ്ങള്‍,വിലക്കുറവും പ്രത്യേകം ഓഫറും; റംസാന്‍-വിഷു-ഈസ്റ്റര്‍ ഫെയര്‍ മാര്‍ച്ച് 31 വരെ

13 ഇന സബ്‌സിഡി സാധനങ്ങള്‍,വിലക്കുറവും പ്രത്യേകം ഓഫറും; റംസാന്‍-വിഷു-ഈസ്റ്റര്‍ ഫെയര്‍ മാര്‍ച്ച് 31 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സപ്ലൈകോ റംസാന്‍ ഫെയറുകള്‍ മാര്‍ച്ച് 31 വരെ സംഘടിപ്പിക്കും. മാര്‍ച്ച് 25 മുതല്‍ 31 വരെ ഓരോ ജില്ലയിലും പ്രധാനപ്പെട്ട ഔട്ട്ലെറ്റുകള്‍ കേന്ദ്രമാക്കിയാണ് റംസാന്‍ ഫെയറുകള്‍ പ്രവര്‍ത്തിക്കുക. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പ്രത്യേക ഫെയറുകള്‍ സംഘടിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. സബ്‌സിഡി നോണ്‍ സബ്‌സിഡി സാധനങ്ങള്‍ക്കു പുറമേ ബിരിയാണി അരി, മസാലകള്‍ എന്നിവ പ്രത്യേക വിലക്കുറവില്‍ ലഭ്യമാകും.

തിരുവനന്തപുരത്ത് 25നും മറ്റു ജില്ലകളില്‍ 26നുമാണ് റംസാന്‍ ഫെയറിന് തുടക്കമാവുക. വിഷു- ഈസ്റ്റര്‍ ഫെയര്‍ ഏപ്രില്‍ 10 മുതല്‍ 19 വരെയാണ് സംഘടിപ്പിക്കുക. ഈ വര്‍ഷത്തെ റംസാന്‍- വിഷു- ഈസ്റ്റര്‍ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ തിരുവനന്തപുരം ഫോര്‍ട്ട് പീപ്പിള്‍സ് ബസാറില്‍ നാളെ രാവിലെ പത്തരയ്ക്ക് നിര്‍വഹിക്കും. ആന്റണി രാജു എംഎല്‍എ അധ്യക്ഷന്‍ ആയിരിക്കും. തിരുവനന്തപുരം ഡെപ്യൂട്ടി മേയര്‍ പി കെ രാജു, നഗരസഭ കൗണ്‍സിലര്‍ എസ് ജാനകി അമ്മാള്‍ തുടങ്ങിയവര്‍ സംസാരിക്കും. സപ്ലൈകോ തിരുവനന്തപുരം റീജണല്‍ മാനേജര്‍ എ സജാദ്, ഡിപ്പോ മാനേജര്‍ പി വി ബിജു തുടങ്ങിയവര്‍ പങ്കെടുക്കും.

കൊല്ലം ചിന്നക്കട സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിലും, കോട്ടയം ഹൈപ്പര്‍ മാര്‍ക്കറ്റിലും, ഇടുക്കി നെടുങ്കണ്ടം സൂപ്പര്‍മാര്‍ക്കറ്റിലും, പത്തനംതിട്ട പീപ്പിള്‍സ് ബസാറിലും, എറണാകുളത്ത് തൃപ്പൂണിത്തുറ ലാഭം സൂപ്പര്‍മാര്‍ക്കറ്റിലും, ആലപ്പുഴ പീപ്പിള്‍സ് ബസാറിലും, പാലക്കാട് പീപ്പിള്‍സ് ബസാറിലും തൃശ്ശൂര്‍ പീപ്പിള്‍സ് ബസാറിലും റംസാന്‍ ഫെയറുകള്‍ സംഘടിപ്പിക്കും. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള പീപ്പിള്‍സ് ബസാര്‍, കണ്ണൂര്‍ പീപ്പിള്‍സ് ബസാര്‍, വയനാട് കല്‍പ്പറ്റ സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവയും റംസാന്‍ ഫെയറുകളായി മാറും.

പതിമൂന്നിന് സബ്‌സിഡി സാധനങ്ങള്‍ ലഭ്യമാക്കുന്നതിനു പുറമേ, 40 ലധികം ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലക്കുറവും പ്രത്യേകം ഓഫറുകളും റംസാന്‍ ഫെയറില്‍ ലഭ്യമായിരിക്കും. സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡായ ശബരി ഉത്പന്നങ്ങള്‍ക്കും വിലക്കുറവ് മാര്‍ച്ച് 30 വരെ നല്‍കും.

വേനലവധി; ലോകമാന്യതിലക് പ്രത്യേക ട്രെയിൻ സർവീസുകൾ

തിരുവനന്തപുരം: ലോകമാന്യതിലകിലേക്ക് തിരുവനന്തപുരം നോർത്തിൽ നിന്നു വേനൽക്കാല പ്രതിവാര ട്രെയിൻ സർവീസ് നടത്തും. ലോകമാന്യതിലകിൽ നിന്നു ഏപ്രിൽ 3, 10, 17, 24, മെയ് 1, 8, 15, 22, 29 തീയതികളിൽ വൈകീട്ട് 4നു പുറപ്പെടുന്ന ട്രെയിൻ (നമ്പർ 01063) പിറ്റേന്ന് രാത്രി 10.45നു തിരുവനന്തപുരം നോർത്തിലെത്തും.

മടക്ക യാത്ര ഏപ്രിൽ 5, 12, 19, 26, മെയ് 3, 10, 17, 24, 31 തീയതികളിൽ തിരുവനന്തപുരം നോർത്തിൽ നിന്നു വൈകീട്ട് 4.20നു പുറപ്പെടുന്ന ട്രെയിൻ (നമ്പർ 01064) മൂന്നാം നാൾ പുലർച്ചെ 12.45നു ലോകമാന്യതിലകിലെത്തും.

ടൂര്‍ ഡയറിയുമായി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍

ടൂര്‍ ഡയറിയുമായി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍

പാലക്കാട്: വേനലവധി ആഘോഷിക്കാന്‍ ടൂര്‍ ഡയറിയൊരുക്കി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍. വാഗമണ്‍, കുമരകം, മലയാറ്റൂര്‍ എന്നിവിടങ്ങളിലേക്കും ഏപ്രിലിലെ ടൂര്‍ ഡയറിയില്‍ യാത്രകളുണ്ട്.

പാലക്കാട് ഡിപ്പോയില്‍ നിന്നു മാത്രമാണ് ഏപ്രിലില്‍ വാഗമണ്ണിലേക്ക് യാത്രയുള്ളത്. ആദ്യ ദിവസം വാഗമണ്ണും രണ്ടാംദിവസം കുമരകം ഹൗസ് ബോട്ട് യാത്രയുമാണ്. വാഗമണ്‍- കുമരകം പാക്കേജ് ആദ്യമായാണ് കെഎസ്ആര്‍ടിസി ബിടിഎസില്‍ ഉള്‍പ്പെടുത്തിയത്.

ഭക്ഷണമടക്കം ഉള്‍പ്പെടുന്നതാണ് പാക്കേജ്. മലയാറ്റൂരിലേക്ക് ചിറ്റൂര്‍, വടക്കഞ്ചേരി, മണ്ണാര്‍ക്കാട് ഡിപ്പോകളില്‍നിന്നാണ് യാത്രയുള്ളത്.

മൂന്ന്, 17, 27 തീയതികളില്‍ സൈലന്റ് വാലിയിലേക്കും ആറ്, 12, 13, 17, 18, 20, 27 തീയതികളില്‍ നെല്ലിയാമ്പതിയിലേക്കും 12, 27 തീയതികളില്‍ മലക്കപ്പാറയിലേക്കും 13-ന് ആലപ്പുഴയിലേക്കും 17, 30 തീയതികളില്‍ നെഫര്‍റ്റിറ്റി ആഡംബരക്കപ്പന്‍ യാത്രയും 20-ന് നിലമ്പൂര്‍ യാത്രയുമാണുള്ളത്.

ഈ യാത്രകളെല്ലാം ഒരു ദിവസത്തെ യാത്രകളാണ്. 11, 20, 26 തീയതികളില്‍ ഗവിയിലേക്കും 16-ന് വയനാട്ടിലേക്കും 21-ന് വാഗമണ്ണിലേക്കും 26-ന് മൂന്നാറിലേക്കുമാണ് യാത്ര. ഒരു പകലും രണ്ട് രാത്രിയും അടങ്ങിയതാണ് ഗവിയാത്ര. വയനാട്, വാഗമണ്‍, മൂന്നാര്‍ യാത്രകള്‍ രണ്ടുപകലും രണ്ടുരാത്രിയുമാണ്. ഫോണ്‍: 9447837985, 8304859018.

ചിറ്റൂരില്‍നിന്ന് 12 യാത്രകള്‍

ചിറ്റൂരില്‍നിന്ന് ആറ്, 13, 20, 27 തീയതികളിലാണ് നെല്ലിയാമ്പതി യാത്ര. മൂന്നിന് സൈലന്റ്വാലിയിലേക്കും ആറിന് ഗവിയിലേക്കും മലക്കപ്പാറയിലേക്കും യാത്രയുണ്ട്. ഗവി രണ്ടുദിവസത്തെ യാത്രയാണ്. എട്ടിന് നെഫര്‍റ്റിറ്റി ആഡംബരക്കപ്പല്‍ യാത്രയുണ്ട്.

11, 27 തീയതികളില്‍ മലയാറ്റൂരിലേക്കും 17-ന് മൂന്നാറിലേക്കും 13-ന് നിലമ്പൂരിലേക്കും 27-ന് ആലപ്പുഴയിലേക്കും യാത്രയുണ്ട്. മൂന്നാറിലേക്ക് രണ്ടുദിവസത്തെ യാത്രയാണ്. ഫോണ്‍ : 9495390046.

വടക്കഞ്ചേരിയില്‍നിന്ന് എട്ട് യാത്രകള്‍

വടക്കഞ്ചേരിയില്‍നിന്ന് ഏഴിന് സൈലന്റ്വാലി, ആറ്-17 തീയതികളില്‍ മലക്കപ്പാറ, ആറിന് ഗവി, 11, 27 തീയതികളില്‍ മലയാറ്റൂര്‍, 17-ന് മൂന്നാര്‍, 27-ന് നിലമ്പൂര്‍ യാത്രകളാണുള്ളത്.

ഗവിയും മൂന്നാറും രണ്ടുദിവസത്തെ യാത്രകളാണ്. ഫോണ്‍: 9495390046

മണ്ണാര്‍ക്കാട്ടുനിന്ന് 11 യാത്രകള്‍

മൂന്ന്, 12 തീയതികളില്‍ മാമലക്കണ്ടം-മൂന്നാര്‍, ആറിന് നിലമ്പൂര്‍, 10-ന് സൈലന്റ്വാലി, 13-ന് നെല്ലിയാമ്പതി, 16-ന് ഗവി, 18-ന് വയനാട്, 20-ന് കുട്ടനാട്, 23-ന് നെഫര്‍റ്റിറ്റി ആഡംബരക്കപ്പല്‍ യാത്ര, 27-ന് മലയാറ്റൂര്‍, മലക്കപ്പാറ എന്നിവിടങ്ങളിലേക്കാണ് യാത്രകളുള്ളത്. മാമലക്കണ്ടം-മൂന്നാര്‍, ഗവി, വയനാട് എന്നിവ രണ്ടുദിവസത്തെ യാത്രകളാണ്. ഫോണ്‍: 9446353081.