രണ്ട് മലയാളികൾ ഉൾപ്പെടെ 7 ഇന്ത്യക്കാർ; ആഫ്രിക്കയിൽ കടൽക്കൊള്ളക്കാർ ചരക്കു കപ്പൽ റാഞ്ചി

രണ്ട് മലയാളികൾ ഉൾപ്പെടെ 7 ഇന്ത്യക്കാർ; ആഫ്രിക്കയിൽ കടൽക്കൊള്ളക്കാർ ചരക്കു കപ്പൽ റാഞ്ചി

കാസർക്കോട്: രണ്ട് മലയാളികൾ ഉൾപ്പെടെ 10 കപ്പൽ ജീവനക്കാരെ ആഫ്രിക്കയിൽ വച്ച് കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടു പോയതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. കാസർക്കോട് കോട്ടിക്കുളം ​ഗോപാൽപേട്ടയിലെ രജീന്ദ്രൻ ഭാർ​ഗവനും (35) മറ്റൊരു മലയാളിയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ച് പേരും 3 വിദേശികളുമടക്കം 10 കപ്പൽ ജീവനക്കാരെയാണ് തട്ടിക്കൊണ്ടു പോയത്.

ആഫ്രിക്കയിലെ ലോമോ തുറമുഖത്തു നിന്നു കാമറൂണിലേക്ക് പോയ ചരക്കു കപ്പലാണ് കടൽക്കൊള്ളക്കാർ പിടിച്ചെടുത്ത് ജീവനക്കാരെ തടവിലാക്കിയത്. 18 ജീവനക്കാരിൽ 10 പേരെ തട്ടിക്കൊണ്ടു പോയ ശേഷം കപ്പൽ ഒഴിവാക്കിയെന്നാണ് വിവരം. മാർച്ച് 17നു രാത്രി 11.30നു ശേഷം രജീന്ദ്രനെ ബന്ധപ്പെടാൻ വീട്ടുകാർക്കു കഴിഞ്ഞിട്ടില്ല.

പാനമ രജിസ്ട്രേഷനുള്ള ബിറ്റു റിവർ കമ്പനിയുടേതാണ് കപ്പൽ. മുംബൈ ആസ്ഥാനമായ മെരി ടെക് ടാങ്കർ മാനേജ്മെന്റാണ് ചരക്ക് കടത്തലിനു ഉപയോ​ഗിക്കുന്നത്. ബിറ്റു റിവർ കമ്പനി 18നു രജീന്ദ്രൻ ഭാര്യയെ വിളിച്ചു വിവരം പറഞ്ഞിരുന്നു. ജീവനക്കാർ സുരക്ഷിതരാണെന്നു കമ്പനി അറിയിച്ചതായി ബന്ധുക്കൾ പറയുന്നു.

കപ്പലിലെ അവശേഷിക്കുന്ന ജീവനക്കാരുമായി കമ്പനി അധികൃതർ സംസാരിക്കുന്നുണ്ടെങ്കിലും തട്ടിക്കൊണ്ടു പോയവരെ ബന്ധപ്പെടാൻ കഴിയാത്തത് വീട്ടുകാരെ ആശങ്കപ്പെടുത്തുന്നുണ്ട്. തട്ടിക്കൊണ്ടു പോയവരെക്കുറിച്ചോ മോചനദ്രവ്യത്തെക്കുറിച്ചോ കപ്പൽ കമ്പനി വീട്ടുകാർക്കു വിവരം കൈമാറിയിട്ടില്ല.

റിലീസിന് മുന്നേ 100 കോടി ക്ലബിലേക്കോ? ‘എംപുരാൻ’ അഡ്വാൻസ് ബുക്കിങ് 63 കോടി കടന്നു

റിലീസിന് മുന്നേ 100 കോടി ക്ലബിലേക്കോ? ‘എംപുരാൻ’ അഡ്വാൻസ് ബുക്കിങ് 63 കോടി കടന്നു

സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാന്‍. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകൾ തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ് ഇപ്പോൾ. എംപുരാന്റെ അഡ്വാൻസ് ബുക്കിങ് 63 കോടി കടന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായാണ് സിനിമ ഇറങ്ങും മുൻപ് ഇത്രയും ടിക്കറ്റുകൾ വിറ്റു പോകുന്നത്.

കേരളത്തിൽ മാത്രം 750 സ്ക്രീനുകളിലാണ് എംപുരാൻ പ്രദർശിപ്പിക്കുന്നത്. ചിത്രത്തിന്റെ മലയാളം പതിപ്പിനാണ് കൂടുതൽ അഡ്വാൻസ് ബുക്കിങ് നടന്നിട്ടുള്ളതെന്നാണ് സൂചന. നാല് അന്യഭാഷകളിൽ ഇന്നലെയാണ് സെൻസർ നടപടികൾ പൂർത്തിയായത്. ഇവയുടെ ബുക്കിങ് കണക്കുകൾ കൂടി ഇന്ന് മുതൽ കൃത്യമായി ലഭിക്കുമ്പോൾ പ്രീ റിലീസ് ബുക്കിങ് 100 കോടിയാകുമോയെന്നാണ് ചലച്ചിത്ര ലോകം ഉറ്റുനോക്കുന്നത്.

അതേസമയം എംപുരാന്റെ ബജറ്റിനേക്കുറിച്ചും സോഷ്യൽ മീഡിയയിൽ വൻ തോതിൽ ചർച്ചകൾ നടന്നിരുന്നു. അടുത്തിടെ ചിത്രത്തിന്റെ പ്രൊമോഷനിടെ പൃഥ്വിരാജ് ഇതിനുള്ള ഉത്തരവും നൽകിയിരുന്നു. “ഞങ്ങൾ ഒരിക്കലും ഈ സിനിമയുടെ ബജറ്റിനെക്കുറിച്ച് എവിടെയും പറഞ്ഞിട്ടില്ല. ഈ സിനിമയ്ക്ക് ഇത്ര ചെലവുണ്ടെന്ന് ഞങ്ങൾ എവിടെയും പറഞ്ഞിട്ടില്ല.

എന്റെ അഭിപ്രായത്തിൽ ഈ സിനിമ കാണുമ്പോൾ നിങ്ങൾക്ക് എന്ത് തോന്നുന്നുവോ അതാണ് ഈ സിനിമയുടെ ബജറ്റ്. അതിനൊപ്പം ഞാൻ ഒരു ചാലഞ്ചും വെക്കുകയാണ്. നിങ്ങൾ ഊഹിക്കുന്നത് എത്രയായാലും അത് ഈ സിനിമയുടെ യഥാർഥ ബജറ്റിനേക്കാൾ കൂടുതലായിരിക്കും. അതാണ് മലയാളം സിനിമ”- എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. മഞ്ജു വാര്യർ, ടൊവിനോ, ഇന്ദ്രജിത്ത് എന്നിവർക്കൊപ്പം നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 27 നാണ് ചിത്രം ലോകമെമ്പാടുമായി റിലീസ് ചെയ്യുക.

യാക്കോബായ സഭ അധ്യക്ഷനായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് ഇന്ന് ചുമതലയേല്‍ക്കും

യാക്കോബായ സഭ അധ്യക്ഷനായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് ഇന്ന് ചുമതലയേല്‍ക്കും

കൊച്ചി: യാക്കോബായ സഭയുടെ അധ്യക്ഷനായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ഇന്ന് ചുമതലയേല്‍ക്കും. ലബനന്‍ തലസ്ഥാനമായ ബേയ്‌റൂട്ടില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് ശുശ്രൂഷകള്‍ക്ക് തുടക്കമാവുക. രാത്രി 8.30നാണ് സ്ഥാനാരോഹണച്ചടങ്ങ്. ആകമാന സുറിയാനി സഭയുടെ തലവനായ പാത്രയര്‍ക്കീസ് ബാവ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

ബെയ്‌റൂട്ട് അറ്റ്ചാനെ കത്തീഡ്രലിലാണ് ചടങ്ങുകള്‍. സഭയിലെ മുഴുവന്‍ മെത്രാപ്പൊലീത്തമാരും സഹകാര്‍മികരാകും. വചനിപ്പ് തിരുനാള്‍ ദിവസമാണ് സ്ഥാനാരോഹണമെന്ന പ്രത്യേകതയുമുണ്ട്. രാവിലെ 9ന് വചനിപ്പ് തിരുനാളിന്റെ ഭാഗമായി നടക്കുന്ന വി.കുര്‍ബാനയ്ക്ക് പാത്രിയാര്‍ക്കീസ് ബാവ മുഖ്യകാര്‍മികനാകും.

പാത്രിയാര്‍ക്കീസ് ബാവയുടെ കീഴില്‍ പ്രാദേശിക ഭരണത്തിനായി ക്രമീകരിക്കപ്പെട്ട കാതോലിക്കേറ്റിലെ 81 ാമത്തെ കാതോലിക്കാ ബാവയാണ് മാര്‍ ഗ്രിഗോറിയോസ്. കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭ, സിറിയന്‍ കത്തോലിക്കാ സഭ, അര്‍മേനിയന്‍ കത്തോലിക്കാ സഭ, കല്‍ദായ സുറിയാനി സഭ തുടങ്ങി വിവിധ ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ ചടങ്ങില്‍ പങ്കെടുക്കും. മലങ്കര കത്തോലിക്കാ സഭയുടെ തലവനായ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയും മാര്‍ത്തോമ്മ സഭയെ പ്രതിനിധാനം ചെയ്ത് ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്തയും പങ്കെടുക്കും.

മുന്‍ കേന്ദ്രമന്ത്രിമാരായ വി മുരളീധരന്‍, അല്‍ഫോണ്‍സ് കണ്ണന്താനം, ബെന്നി ബഹനാന്‍ എംപി, ഷോണ്‍ ജോര്‍ജ് എന്നിവര്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളായി ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

മന്ത്രി പി രാജീവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി സംഘത്തില്‍ എംഎല്‍എമാരായ അനൂപ് ക്കേബ്, ഇ ടി ടൈസണ്‍, എല്‍ദോസ് കുന്നപ്പിള്ളി, ജോബ് മൈക്കിള്‍, പി വി ശ്രീനിജന്‍ എന്നിവരും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷുമുണ്ട്.

‘വരു, വാഴച്ചേട്ടന്റെ വാഴ​ഗ്രാമത്തിലേക്ക്!’ പൈതൃകം സംരക്ഷിക്കുന്ന ഫെയ്സ്ബുക്ക് കൂട്ടായ്മ

‘വരു, വാഴച്ചേട്ടന്റെ വാഴ​ഗ്രാമത്തിലേക്ക്!’ പൈതൃകം സംരക്ഷിക്കുന്ന ഫെയ്സ്ബുക്ക് കൂട്ടായ്മ

കൊച്ചി: കേരളത്തിൽ ഒരു വാഴ വിപ്ലവം തന്നെ നടന്നാലോ! വാഴ വൈവിധ്യങ്ങൾ പരീക്ഷിച്ചും പരിപോഷിപ്പിച്ചും സംരക്ഷിച്ചും നടക്കുന്നവരുടെ കൂട്ടായ്മ. ഫെയ്സ്ബുക്കിൽ വാഴ പ്രേമികളുടെ ഒരു കൂട്ടായ്മയുണ്ട്. വാഴ​ഗ്രാമം എന്നാണ് ആ പേജിന്റെ പേര്. തിരുവനന്തപുരം പാറശാല സ്വദേശിയായ വിനോദ് എസ് ആണ് ഈ ​ഗ്രൂപ്പ് തുടങ്ങിയത്. വാഴ ചേട്ടൻ എന്നാണ് വിനോദ് അറിയപ്പെടുന്നതു തന്നെ.

നിരവധി വാഴ വൈവിധ്യങ്ങൾ കൃഷി ചെയ്യുന്നവരടക്കമുള്ള 17,000ത്തിനു മുകളിൽ അം​ഗങ്ങളാണ് ഈ കൂട്ടായ്മയിലുള്ളത്. ലോകത്തിലെ വിവിധയിടങ്ങളിലുള്ളവർ ​ഗ്രൂപ്പിലുണ്ട്. വാഴ കൃഷി ഇന്ന് പലരും കൂടുതലായി പരീക്ഷിക്കുന്നുണ്ട്. അമൂല്യമായ ഔഷധ ​ഗുണങ്ങളടക്കമുള്ള പ്രാദേശിക വാഴപ്പഴങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കൂട്ടായ്മ ഓർമപ്പെടുത്തുന്നു.

12 വയസിൽ തുടങ്ങിയതാണ് താൻ വാഴ കൃ‍ഷിയെന്നു വിനോദ് പറയുന്നു. ‘തുടക്കത്തിൽ വാഴപ്പഴത്തെക്കുറിച്ച് കൂടുതൽ അറിയാനും അതു സംരക്ഷിക്കാനുള്ള ആ​ഗ്രഹ​വുമാണ് കൃഷിയിലേക്ക് നയിച്ചത്. ചിക്കൻപോക്സിനുള്ള പ്രതിവിധി എന്ന നിലയിൽ പേരെടുത്ത ചിങ്ങൻ പഴത്തിനായുള്ള തിരച്ചിൽ താത്പര്യം കൂട്ടി. കുറേക്കൂടി ആഴത്തിൽ പഠിക്കാൻ തുടങ്ങിയപ്പോൾ അനേകം വൈവിധ്യങ്ങൾ വാഴയിലുണ്ടെന്നു കണ്ടെത്തി. ഓരോന്നിനും അപാര ​ഗുണങ്ങളുമുണ്ട്.’ഇന്ന് നാലേക്കറുള്ള കൃഷിയിടത്തിൽ വിനോദ് 600ലധികം ഇനം വാഴകൾ കൃഷി ചെയ്യുന്നു. എല്ലായിടങ്ങളിലും വാഴകൃഷി പ്രോത്സാഹിപ്പിക്കുക എന്നതാണ് ​ഗ്രൂപ്പിനു പിന്നിലെ പ്രചോദനമെന്നു വിനോദ് വ്യക്തമാക്കി.

ഫെയ്സ്ബുക്ക് പേജ് ലോകമെങ്ങും വ്യാപിച്ചിട്ടുണ്ട്. പക്ഷേ കേരളത്തിലുള്ള ​ഗ്രൂപ്പ് അം​ഗങ്ങൾ തമ്മിൽ ആശയങ്ങളും അറിവുകളും കൂടുതലായി പങ്കിടുന്നു. വംശ നാശത്തിലേക്കു പോകുന്ന വാഴ ഇനങ്ങൾ തിരിച്ചറിയുന്നതിലും സംരക്ഷിക്കുന്നതിലും കൂട്ടായ്മ നിർണായക പ​ങ്കു വഹിച്ചിട്ടുണ്ട്.

‘തിരുവന്തപുരം, കന്യാകുമാരി ജില്ലകൾ ഒരുകാലത്ത് വാഴ കൃഷിയുടെ പ്രധാന മേഖലകളായിരുന്നു. വാഴഗ്രാമം വാഴപ്പഴത്തോട് അഭിനിവേശമുള്ളവരുടെ ഒരു സജീവ കൂട്ടായ്മയാണ്. കേരളത്തിൽ നമുക്ക് വിരലിലെണ്ണാവുന്ന ഇനങ്ങൾ മാത്രമേ പരിചയമുള്ളൂ. പക്ഷേ രുചികരവും പോഷകസമൃദ്ധവും ആരോഗ്യകരവുമായ നൂറുകണക്കിന് ഇനങ്ങൾ വേറെയുമുണ്ട്’- വയനാട്ടിൽ നിന്നുള്ള വാഴ കർഷകനായ നിശാന്ത് എംകെ പറയുന്നു.

നിശാന്ത് തന്റെ കൃഷിയിടത്തിൽ 300ലധികം ഇനങ്ങൾ കൃഷി ചെയ്യുന്നു. വംശനാശത്തിന്റെ വക്കിലെത്തിയ ‘ഗ്രാന്ത പച്ച’, പത്തനംതിട്ട മേഖലയിൽ കാണപ്പെടുന്ന കുട്ടികൾക്ക് ഗുണകരമായ ഔഷധ ഗുണങ്ങൾ ഉള്ളതായി വിശ്വസിക്കപ്പെടുന്ന ‘കരിങ്കടലി’ തുടങ്ങിയ അപൂർവ ഇനങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം നിശാന്ത് എടുത്തു പറഞ്ഞു.

സമ​ഗ്രമായ ഡാറ്റബേസ് സൃഷ്ടിച്ച് വിവിധ വാഴ ഇനങ്ങൾ രേഖപ്പെടുത്തുന്നതു ഉൾപ്പെടെയുള്ള ഭാവി ശ്രമങ്ങളുടെ ആവശ്യകത നിഷാന്ത് എടുത്തു പറഞ്ഞു. സാമൂഹിക കൂട്ടായ്മയാണിത്. എന്നാൽ ശാസ്ത്രീയ ​ഗവേഷണങ്ങൾ നടന്നിട്ടില്ല. ഇക്കാര്യങ്ങളിൽ മുന്നേറ്റം വേണമെന്നാണ് നിഷാന്ത് പറയുന്നത്. കൂട്ടായ്മ വിത്തുത്സവങ്ങൾ നടത്താറുണ്ടെന്നും നിഷാന്ത് വ്യക്തമാക്കി.

ചെറിയ ജീവിതചക്രമാണ് വാഴപ്പഴത്തിനു. പോഷക സമൃദ്ധവും സാമ്പത്തിക അഭിവൃദ്ധിക്കു ഉതകുന്നതുമായ വാഴ സുസ്ഥിര വികസനത്തിനും അനുയോജ്യമായ വിളയാണെന്നും നിശാന്ത് കൂട്ടിച്ചേർത്തു.

തെക്കു കിഴക്കൻ ഏഷ്യയിലെ ഈർപ്പമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് വാഴപ്പഴം ഉത്ഭവിച്ചത്. ഇന്ത്യ അതിന്റെ പ്രാഥമിക ഉത്ഭവ കേന്ദ്രങ്ങളിലൊന്നാണ്. തെക്കു കിഴക്കൻ ഏഷ്യയിലെ മഴക്കാടുകളിൽ ആദ്യമായി കണ്ടെത്തിയ മുസ അക്യുമിനേറ്റ, മുസ ബാൽബിസിയാന എന്നീ രണ്ട് ഇനങ്ങളിൽ നിന്നു അവയുടെ സ്വാഭാവിക സങ്കരയിനങ്ങളിൽ നിന്നുമാണ് ആധുനിക ഭക്ഷ്യയോഗ്യമായ ഇനങ്ങൾ പരിണമിച്ചത്. ആ​ഗോളതലത്തിൽ പ്രതിവർഷം വാഴപ്പഴ ഉത്പാദനം ഏകദേശം 86 ദശലക്ഷം ടൺ ആണെന്ന് കണക്കാക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ വാഴപ്പഴം ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ഏകദേശം 14.2 ദശലക്ഷം ടൺ വാർഷിക ഉത്പാദനം ഇന്ത്യയിലുണ്ട്.

ഒന്നും രണ്ടുമല്ല, കൊച്ചിയിൽ കൊതുകിനെ കൊല്ലാൻ 12 കോടി രൂപ!

ഒന്നും രണ്ടുമല്ല, കൊച്ചിയിൽ കൊതുകിനെ കൊല്ലാൻ 12 കോടി രൂപ!

കൊച്ചി: കൊതുകിനെ കൊല്ലാൻ കൊച്ചി കോർപറേഷൻ ഇത്തവണ നീക്കിവച്ച തുക ഒന്നും രണ്ടുമല്ല 12 കോടി രൂപ! കഴിഞ്ഞ രണ്ട് ബജറ്റുകളിലും 20 കോടി രൂപയാണ് കൊതുകു നിയന്ത്രണത്തിനു നീക്കിവച്ചത്. ഇത്തവണയും കൊതുകു നിയന്ത്രണവുമായി ബന്ധപ്പെട്ട് മറ്റൊന്നും കോർപറേഷൻ പറയുന്നില്ല.

കൊതുകു പ്രജനനത്തിനും വ്യാപനത്തിനും അനുകൂലമായ ഒട്ടേറെ സാഹചര്യങ്ങൾ ന​ഗരത്തിൽ നിലനിൽക്കുന്നുണ്ട്. ഒഴുകി പോകാതെ കെട്ടിക്കിടക്കുന്ന ജല സ്രോതസ്സുകളും കൊതുകു പെരുകുന്നതിനു ആക്കം കൂട്ടുന്നുവെന്നു ബജറ്റിൽ കോർപറേഷൻ തുറന്നു സമ്മതിക്കുന്നു. കൊതുകു പ്രജനനം കണ്ടെത്താൻ ജിഐഎസ് സാങ്കേതിക വിദ്യ, ലാബ്, പുതുച്ചേരിയിലെ വെക്ടർ കൺട്രോൾ റിസർച്ചിന്റെ സേവനം തുടങ്ങി കൊതുകിനെ തുരത്താനുള്ള സ്ഥിരം ആവകാശ വാദങ്ങൾ ഇത്തവണത്തെ ബജറ്റിലും ആവർത്തിക്കുന്നു.

വീട്ടിലേക്കുള്ള യാത്രക്കിടെ അപകടം, വനിതാ ഡോക്ടർക്കു ദാരുണാന്ത്യം

വീട്ടിലേക്കുള്ള യാത്രക്കിടെ അപകടം, വനിതാ ഡോക്ടർക്കു ദാരുണാന്ത്യം

കൊല്ലം: വിദേശത്തു നിന്നെത്തി വീട്ടിലേക്കു പോകവേ വനിതാ ഡോക്ടർ വാഹനാപകടത്തിൽ മരിച്ചു. ചന്ദനപ്പള്ളി വടക്കേക്കര വീട്ടിൽ ഡോ. ബിന്ദു ഫിലിപ്പ് (48) ആണ് മരിച്ചത്. കൊട്ടാരക്കര എംസി റോഡിൽ വയയ്ക്കൽ കമ്പംകോടിനു സമീപം തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയാണ് അപകടം. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കാർ ഡ്രൈവർ ബൈജു ജോർജ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

10 വർഷമായി ദുബായിൽ ​ഗൈനക്കോളജിസ്റ്റായ ബിന്ദു ഫിലിപ്പ് തിങ്കളാഴ്ച പുലർച്ചെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഇവിടെ നിന്നു വീട്ടിലേക്കുള്ള യാത്രയിലായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായി കരുതുന്നതെന്നു പൊലീസ് വ്യക്തമാക്കി.

മെയ് നാലിനു കൂ​ദാശ നടത്താൻ നിശ്ചയിച്ചിരുന്ന പുതിയ വീടിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ആവശ്യങ്ങൾക്കായി നാല് ദിവസത്തെ അവധിക്കാണ് അവർ നാട്ടിലേക്ക് വന്നത്. ഭർത്താവ് അജി പി വർ​ഗീസ് രണ്ട് വർഷം മുൻപ മരിച്ചു.

മക്കൾ: എയ്ഞ്ചലീന (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ അവസാന വർഷ വിദ്യാർഥിനി, ദുബായ്), വീനസ് അജി (ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥി, എസ്‍യുടി മെഡിക്കൽ കോളജ്, തിരുവന്തപുരം). സംസ്കാരം നാളെ 11നു ചന്ദനപ്പള്ളി സെയ്ന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.