‘ട്രെയിന്‍ വരുന്നത് കണ്ടപ്പോള്‍ ട്രാക്കിന് കുറുകെ തല വെച്ച് കിടന്നു’; ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ദുരൂഹത

‘ട്രെയിന്‍ വരുന്നത് കണ്ടപ്പോള്‍ ട്രാക്കിന് കുറുകെ തല വെച്ച് കിടന്നു’; ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ദുരൂഹത

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥയെ പേട്ടയ്ക്ക് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. പത്തനംതിട്ട അതിരുങ്കല്‍ കാരയ്ക്കാക്കുഴി പൂഴിക്കാട് വീട്ടില്‍ റിട്ട. ഗവ ഐ ടി ഐ പ്രിന്‍സിപ്പല്‍ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റ് ജീവനക്കാരി നിഷയുടെയും ഏക മകള്‍ മേഘയെ (25) ഇന്നലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെ വിമാനത്താവളത്തില്‍ നിന്നിറങ്ങിയതായിരുന്നു മേഘ. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്‌സ്പ്രസാണ് ഇടിച്ചത്. ഫോണില്‍ സംസാരിച്ച് ട്രാക്കിലൂടെ നടക്കുകയായിരുന്ന മേഘ ട്രെയിന്‍ വരുന്നത് കണ്ട് പെട്ടെന്ന് ട്രാക്കിനു കുറുകെ തലവച്ച് കിടക്കുകയായിരുന്നു എന്നാണ് ലോക്കോ പൈലറ്റ് നല്‍കിയ വിവരം. സംഭവ സമയം ആരോടാണ് ഫോണില്‍ സംസാരിച്ചതെന്നാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്.

ട്രെയിന്‍ തട്ടി ഫോണ്‍ പൂര്‍ണമായി തകര്‍ന്നതിനാല്‍ സൈബര്‍ പൊലീസിന്റെ സഹായത്തോടെ വിവരങ്ങള്‍ ശേഖരിക്കാനാണ് നീക്കം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. സംസ്‌കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പില്‍ നടക്കും. ഫൊറന്‍സിക് സയന്‍സ് കോഴ്‌സ് പൂര്‍ത്തിയാക്കിയ മേഘ ഒരു വര്‍ഷം മുന്‍പാണ് എമിഗ്രേഷന്‍ ഐബിയില്‍ ജോലിയില്‍ പ്രവേശിച്ചത്. കാരയ്ക്കാക്കുഴി ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ ഒരു മാസം മുമ്പാണ് അവസാനമായി മേഘ നാട്ടിലെത്തിയത്.

പേട്ടയ്ക്കും ചാക്കയ്ക്കും ഇടയിലെ ട്രാക്കില്‍ ഇന്നലെ രാവിലെ 9.15നാണ് മൃതദേഹം കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പേട്ട പൊലീസെത്തി നടത്തിയ പരിശോധനയില്‍ മൃതദേഹത്തിന് സമീപത്ത് നിന്ന് ബ്യുറോ ഓഫ് സിവില്‍ ഏവിയേഷന്റെ ഐ.ഡി കാര്‍ഡ് കണ്ടത്തിയതിനെ തുടര്‍ന്നാണ് ആളെ തിരിച്ചറിഞ്ഞത്.

ഫോണ്‍ ചോര്‍ത്തലില്‍ അന്‍വറിനെതിരെ കേസെടുക്കാന്‍ തെളിവില്ല; ഹൈക്കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട്

ഫോണ്‍ ചോര്‍ത്തലില്‍ അന്‍വറിനെതിരെ കേസെടുക്കാന്‍ തെളിവില്ല; ഹൈക്കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട്

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും അടക്കം ഫോണ്‍ ചോര്‍ത്തിയെന്ന വിഷയത്തില്‍ നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് പൊലീസ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. താന്‍ പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയുമടക്കം ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയെന്ന അന്‍വറിന്റെ വെളിപ്പെടുത്തലില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കേസ് ഇനി മേയ് 22ന് പരിഗണിക്കും.

അന്‍വര്‍ ഫോണ്‍ ചോര്‍ത്തിയെന്ന പരാതിയില്‍ മലപ്പുറം ഡിവൈഎസ്പി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. എന്നാല്‍ കേസടുക്കാവുന്ന ഒന്നും കണ്ടെത്താത്തതിനാല്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്ന് ഈ മാസം 13ന് കേസ് പരിഗണിച്ച ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് ഈ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദേശിച്ചിരുന്നു.

നിയമവിരുദ്ധമായി താന്‍ ഫോണ്‍ ചോര്‍ത്തിയെന്ന് അന്‍വര്‍ പരസ്യമായി പ്രഖ്യാപിച്ചതാണെന്നും ഇക്കാര്യത്തില്‍ നിക്ഷ്പക്ഷമായി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശി മുരുകേഷ് നരേന്ദ്രനാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്വര്‍ണക്കടത്ത്, കൊലപാതകം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടുവരാനാണ് ഫോണ്‍ ചോര്‍ത്തിയതെന്നായിരുന്നു അന്‍വര്‍ പറഞ്ഞത്. എന്നാല്‍ ഇതു സ്വകാര്യതയ്ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമടക്കമുള്ള അവകാശങ്ങളുടെ ലംഘനമാണെന്നും തന്റെ ഫോണും അന്‍വര്‍ ചോര്‍ത്തിയെന്ന് സംശയമുണ്ടെന്ന് കാട്ടിയാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഉദ്ഘാടനത്തിന് ഒരുങ്ങി കേരളത്തിലെ ആദ്യത്തെ പാത്ത് വേ പാലം

ഉദ്ഘാടനത്തിന് ഒരുങ്ങി കേരളത്തിലെ ആദ്യത്തെ പാത്ത് വേ പാലം

ആലപ്പുഴ: വിനോദസഞ്ചാര മേഖലക്ക് മറ്റൊരു തിലകക്കുറി ചാര്‍ത്തി സംസ്ഥാനത്തെ ആദ്യത്തെ പാത്ത് വേ പാലം ഉദ്ഘടനത്തിനൊരുങ്ങുന്നു. തകഴി, നെടുമുടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പമ്പാ നദിക്ക് കുറുകെ നിര്‍മ്മിച്ച പടഹാരം പാലം ആലപ്പുഴയുടെ പാലപ്പെരുമക്ക് വീണ്ടും പകിട്ടേകും.

കുട്ടനാട്ടിലൂടെ കടന്നുപോകുന്ന പ്രധാന പാതകളായ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിനെയും (എ സി റോഡ്) അമ്പലപ്പുഴ- തിരുവല്ല റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാലം കൂടിയാണ് കരുവാറ്റ-കുപ്പപ്പുറം റോഡില്‍ സ്ഥിതിചെയ്യുന്ന പടഹാരം പാലം. 2016-17ലെ ബജറ്റില്‍ ഉള്‍പ്പെടുത്തി കിഫ്ബി ധനസഹായത്തോടെ കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണം. 63.35 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. വശങ്ങളിലെ അവസാനഘട്ട പണികളും പെയിന്റിങ് ഉള്‍പ്പെടെയുള്ള ജോലികളും മാത്രമാണ് ബാക്കിയുള്ളത്. 453 മീറ്ററാണ് പാലത്തിന്റെ ദൈര്‍ഘ്യം. 45 മീറ്റര്‍ നീളമുള്ള മൂന്ന് സെന്റര്‍ സ്പാനുകളും 35 മീറ്റര്‍ നീളമുള്ള ആറ് സ്പാനുകളും 12 മീറ്റര്‍ നീളമുള്ള ഒന്‍പത് സ്പാനുകളുമാണ് പാലത്തിനുള്ളത്.

കുട്ടനാടിന്റെ ജീവനാഡിയാകാന്‍ ഒരുങ്ങുന്ന പാലം രൂപകല്‍പ്പനയുടെ പ്രത്യേകതകള്‍ കൊണ്ടും ഏറെ ശ്രദ്ധേയമാണ്. സാധാരണ പാലങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമായി 7.5 മീറ്റര്‍ വീതിയിലുള്ള പാലത്തിന്റെ സ്പാനുകള്‍ക്ക് താഴെ 1.70 മീറ്റര്‍ വീതിയില്‍ ഇരുവശത്തുമായാണ് കാല്‍നടയാത്രക്കാര്‍ക്കുള്ള നടപ്പാത (പാത്ത് വേ) രൂപകല്പന ചെയ്തിരിക്കുന്നത്. മുകളിലെ നിലയില്‍ റോഡും താഴെ നിലയില്‍ പാത്ത് വേയും സജ്ജീകരിച്ച് രൂപകല്‍പ്പന ചെയ്ത കേരളത്തിലെ ആദ്യത്തെ പാലമാണിത്.

കേരളീയ വാസ്തുവിദ്യയില്‍ ഒരുക്കിയ എട്ട് വാച്ച് ടവറുകളും പാലത്തിലുണ്ട്. വാച്ച് ടവറുകളില്‍ നിന്നുകൊണ്ട് കുട്ടനാടന്‍ പാടശേഖരങ്ങള്‍ ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്ക് അവസരം ലഭിക്കും. പാലത്തിന്റെ ടൂറിസം സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാന്‍ വ്യത്യസ്തമായ ഈ നിര്‍മിതിയിലൂടെ സാധിക്കുമെന്ന് കരുതുന്നു. ഭാവിയില്‍ ചമ്പക്കുളവും നെടുമുടി – കരുവാറ്റ റോഡും കൂട്ടിയോജിപ്പിക്കുമ്പോള്‍ എ സി റോഡില്‍ നിന്ന് ചമ്പക്കുളം വഴി അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിലേക്കുള്ള ബൈപ്പാസ് ആയും പടഹാരം പാലം മാറും.

11 വര്‍ഷം മുമ്പ് കോയമ്പത്തൂരില്‍ നിന്ന് കാണാതായ ധരിണി എവിടെ?

11 വര്‍ഷം മുമ്പ് കോയമ്പത്തൂരില്‍ നിന്ന് കാണാതായ ധരിണി എവിടെ?

പത്തനംതിട്ട: 11 വര്‍ഷം മുമ്പ് കാണാതായ യുവതിയുടെ തിരോധാനത്തില്‍ അന്വേഷണവുമായി തമിഴ്‌നാട് പൊലീസ് സംഘം പത്തനംതിട്ടയില്‍. കോയമ്പത്തൂര്‍ ജില്ലയിലെ കുരുമത്തംപട്ടി സ്വദേശിനിയായ ധരിണി തിരോധാനക്കേസിലാണ് തുമ്പു തേടി തമിഴ്‌നാട് ക്രൈംബ്രാഞ്ച് സിഐഡി സംഘം പത്തനംതിട്ടയിലെത്തിയത്. 2014 സെപ്റ്റംബര്‍ 17 നാണ് ധരിണിയെ കാണാതാകുന്നത്.

കാണാതാകുമ്പോള്‍ 38 വയസ്സായിരുന്നു യുവതിക്ക്. കംപ്യൂട്ടര്‍ എഞ്ചിനീയറിങ്ങ് ബിരുദധാരിണിയാണ്. 2015 ഫെബ്രുവരി 27 ന് ചെങ്ങന്നൂരില്‍ നിന്നും പത്തനംതിട്ട ജില്ലാ സ്റ്റേഡിയം ഭാഗത്തേക്ക് വന്നുവെന്നാണ് അവസാനമായി പൊലീസിന് ലഭിച്ച റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് ക്രൈംബ്രാഞ്ച് പത്തനംതിട്ടയിലെത്തിയത്. ഒറ്റയ്ക്ക് പലപ്പോഴും യാത്ര ചെയ്തിരുന്ന ധാരിണിക്ക് ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രത്യേക താല്‍പ്പര്യമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

യുവതിയുടെ വലതു കവിള്‍ത്തടത്തിലുള്ള അരിമ്പാറയാണ് പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന ഒരു സവിശേഷത. 2005 ല്‍ സുരേഷ് കുമാര്‍ എന്നയാളെ വിവാഹം കഴിച്ച യുവതി ഭര്‍ത്താവിനൊപ്പം അമേരിക്കയിലെ കണക്റ്റിക്കട്ടിലേക്ക് താമസം മാറി. പിന്നീട് ഇവര്‍ക്ക് ബൈപോളാര്‍ ഡിസോര്‍ഡര്‍ ഉണ്ടെന്ന് കണ്ടെത്തി. വിദേശത്ത് താമസത്തിനിടെ രണ്ടു തവണ കാണാതായിരുന്നു. ഇതേത്തുടര്‍ന്ന്, 2014 ല്‍ വിവാഹമോചനം നേടി. 2014 ഓഗസ്റ്റില്‍ ധരിണി കോയമ്പത്തൂരിലേക്ക് മടങ്ങുകയും ചെയ്തു.

2014 സെപ്റ്റംബറില്‍ വീട്ടുകാര്‍ കോയമ്പത്തൂര്‍ നഗരത്തിലെ സിദ്ധ വൈദ്യനായ സെന്തില്‍ കുമാറിന്റെ അടുത്ത് ചികിത്സയ്ക്കായി എത്തിച്ചു. സെപ്റ്റംബര്‍ 4 മുതല്‍ 14 വരെ സെന്തില്‍കുമാറിന്റെ വീട്ടില്‍ താമസിച്ച് ചികിത്സ തേടി. തുടര്‍ന്ന് കരുമത്തംപെട്ടിയിലെ സ്വന്തം വീട്ടിലേക്ക് പോയി. 2014 സെപ്റ്റംബര്‍ 17 ന്, അവര്‍ കരുമത്തംപട്ടിയിലെ ചെന്നിയണ്ടവര്‍ ക്ഷേത്രത്തില്‍ പോയ ധരിണി പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല.

കാണാതാകുന്നതിന് മുമ്പ്, ധാരിണി തിരുപ്പൂര്‍, അവിനാശി, കോയമ്പത്തൂര്‍, കരുമത്തംപട്ടി എന്നിവിടങ്ങളില്‍ താമസിച്ചിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ യുവതി നേരത്തെ സജീവമായിരുന്നു. നിരവധി ഇമെയില്‍ അക്കൗണ്ടുകളുമുണ്ടായിരുന്നു. എന്നാല്‍ പത്തനംതിട്ടയില്‍ എത്തിയശേഷം ഈ അക്കൗണ്ടുകളെല്ലാം ഡിലീറ്റ് ചെയ്യുകയും, ഓണ്‍ലൈന്‍ ഇടപെടലുകള്‍ നിര്‍ത്തുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. യുവതിയെക്കുറിച്ച് വിശ്വസനീയ വിവരങ്ങള്‍ അറിയിക്കുന്നവര്‍ക്ക് ഉചിതമായ പാരിതോഷികം നല്‍കുമെന്ന് ക്രൈംബ്രാഞ്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

സൂരജ് വധക്കേസ്: എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം, ഒരാള്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവ്

സൂരജ് വധക്കേസ്: എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം, ഒരാള്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവ്

കണ്ണൂര്‍: സിപിഎം വിട്ടു ബിജെപിയില്‍ ചേര്‍ന്ന മുഴപ്പിലങ്ങാട് എളമ്പിലായി സൂരജിനെ കൊലപ്പെടുത്തിയ കേസില്‍ എട്ടു പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും അന്‍പതിനായിരം രൂപ പിഴയും. പ്രതികളെ ഒളിപ്പിച്ചുവെന്ന കുറ്റത്തിന് പതിനൊന്നാം പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവും പിഴയുമാണ് തലശ്ശേരി സെഷന്‍സ് കോടതി വിധിച്ചത്. നഷ്ടപരിഹാര തുക സൂരജിന്റെ അമ്മയ്ക്ക് നല്‍കണമെന്ന് തലശ്ശേരി സെഷന്‍സ് ജഡ്ജി നിസാര്‍ അഹമ്മദിന്റെ വിധി ന്യായത്തില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഒന്‍പത് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി ശിക്ഷാവിധി പറയാന്‍ ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. സൂരജിന്റെ അമ്മയ്ക്ക് നഷ്ടപരിഹാര തുക നല്‍കിയില്ലായെങ്കില്‍ കൂടുതല്‍ ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിയില്‍ പറയുന്നു. സ്പെഷല്‍ പ്രോസിക്യൂട്ടറായി അഡ്വ. പി പ്രേമരാജനാണ് ഹാജരായത്.

2005 ഓഗസ്റ്റ് ഏഴിന് രാവിലെ എട്ടര മണിയോടെ മുഴപ്പിലങ്ങാട് ടെലിഫോണ്‍ ഭവന് സമീപത്തു വെച്ചാണ് കൊലപാതകം. കേസിലെ രണ്ടു മുതല്‍ ഒന്‍പതു വരെയുള്ള പ്രതികള്‍ക്കാണ് ജീവപര്യന്തം. കേസിലെ ഒന്നാം പ്രതി ഷംസുദ്ദീന്‍, പന്ത്രണ്ടാം പ്രതി പെരളശേരി കിലാലൂരിലെ ടി പി രവീന്ദ്രന്‍ എന്നിവര്‍ വിചാരണ വേളയില്‍ മരിച്ചിരുന്നു. പത്താം പ്രതി നാഗത്താന്‍കോട്ടയിലെ പ്രകാശനെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടിരുന്നു.

കേസിലെ രണ്ടാം പ്രതി പത്തായക്കുന്ന് സ്വദേശിയായ ടി കെ രജീഷ് (55), കൊളശ്ശേരി കാവുംഭാഗം കോമത്തുപാറ പുതിയേടത്ത് എന്‍ വി യോഗേഷ് (47), എരഞ്ഞോളി അരങ്ങേറ്റുപറമ്പ് കണ്ട്യന്‍ ഷംജിത്ത് എന്ന ജിത്തു (48), കൂത്തുപറമ്പ് നരവൂര്‍ പഴയ റോഡില്‍ പുത്തലത്ത് മമ്മാലി വീട്ടില്‍ പി എം മനോരാജ് എന്ന നാരായണന്‍കുട്ടി (53), മുഴപ്പിലങ്ങാട് വാണിയന്റെ വളപ്പില്‍ നെയ്യോത്ത് സജീവന്‍ (57), മുഴപ്പിലങ്ങാട് പന്നിക്കാന്റവിട പ്രഭാകരന്‍ മാസ്റ്റര്‍ (60), മുഴുപ്പിലങ്ങാട് ബീച്ച് റോഡില്‍ പുതുശ്ശേരി വീട്ടില്‍ പി വി പത്മനാഭന്‍ എന്ന ചോയി പപ്പന്‍ (68), മുഴപ്പിലങ്ങാട് കരിയില വളപ്പില്‍ മന്ദമ്പേത്ത് രാധാകൃഷ്ണന്‍ എന്ന ബാങ്ക് രാധാകൃഷ്ണന്‍ (61), സോപാനത്തില്‍ പുതിയപുരയില്‍ പ്രദീപന്‍ (59)എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 147, 148, 302,120 (ബി) വകുപ്പു പ്രകാരം ഇവര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷാ വിധി.

എടക്കാട് കണ്ടത്തില്‍ മൂല നാഗത്താന്‍ കോട്ട പ്രകാശനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു. പതിനൊന്നാം പ്രതി പ്രദീപനെയാണ് കൊലപാതക കേസിലെ പ്രതികളെന്ന് അറിഞ്ഞിട്ടും സംരക്ഷിച്ചതിന് കോടതി മൂന്ന് വര്‍ഷം കഠിന തടവിനും 20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. കോടതി വിധിയില്‍ സംതൃപ്തിയുണ്ടെന്നും പത്താം പ്രതി നാഗത്താന്‍കോട്ടയില്‍ പ്രകാശനെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കുമെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പി പ്രേമരാജന്‍ മാധ്യമങ്ങളോട് അറിയിച്ചു.

രണ്ടു മുതല്‍ ഒന്‍പതു വരെയുള്ള പ്രതികള്‍ക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. ഇതില്‍ ഗൂഡാലോചന കുറ്റം ചുമത്തിയ മൂന്ന് നേതാക്കള്‍ക്കും ജീവപര്യന്തം ശിക്ഷ ലഭിച്ചു. മുഴപ്പിലങ്ങാട് ലക്ഷംവീട് കോളനിയില്‍ പള്ളിക്കല്‍ ഹൗസില്‍ പി കെ ഷംസുദ്ദീന്‍ (57), മുഴപ്പിലങ്ങാട് ബീച്ച് റോഡില്‍ നടക്കേത്തറയില്‍ മക്രേരി മുണ്ടല്ലൂര്‍ കിലാലൂര്‍ തെക്കുമ്പാടംപൊയില്‍ ടി പി രവീന്ദ്രന്‍ (73) എന്നിവരാണ് വിചാരണക്കിടെ മരിച്ചത്.

കൊലപാതകം നടന്ന് 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകനായ മുഴപ്പിലങ്ങാട് എളമ്പിലായി ചന്ദ്രന്റെ മകന്‍ സൂരജിനെ രാഷ്ട്രീയ വിരോധം വെച്ച് കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടി 2005 ഓഗസ്റ്റ് അഞ്ചിന് സിപിഎം നേതാക്കന്മാരായ പ്രഭാകരന്‍ മാസ്റ്റര്‍, കെ വി പത്മനാഭന്‍, മന്ദംമ്പേത്ത് രാധാകൃഷ്ണന്‍ തെക്കുമ്പാടന്‍ പൊയില്‍ രവീന്ദ്രന്‍ എന്നിവര്‍ മുഴപ്പിലങ്ങാട് കുളം ബസാറിലുള്ള ലോട്ടറി സ്റ്റാളിനടുത്തുവെച്ചും കൂടക്കടവ് കൃഷ്ണപിള്ള സ്മാരക മന്ദിരത്തിനകത്തു വച്ചും ഗൂഢാലോചന നടത്തി എന്നാണ് പ്രോസിക്യൂഷന്‍ വാദം. സൂരജിനെ കൊല ചെയ്യാന്‍ പി കെ ഷംസുദ്ദീനെ ചുമതലപ്പെടുത്തി. കുറ്റകൃത്യം ഏറ്റെടുത്ത ഷംസുദ്ദീന്‍ എന്‍ വി യോഗേഷിനെയും ഷംജിത്തിനെയും പി എം മനോരാജിനെയും ഏര്‍പ്പാടാക്കി. ആയുധങ്ങളുമായി പ്രതികളെ കണ്ട് വീട്ടിലേക്ക് ഓടി രക്ഷപ്പെടുന്നതിനിടയില്‍ സൂരജ് ബിഎസ്എന്‍എല്‍ ടെലിഫോണ്‍ എക്സ്ചേഞ്ചിനടുത്തുള്ള മൈല്‍ക്കുറ്റിയില്‍ തട്ടി വീണു. ഇതിന് പിന്നാലെ പ്രതികള്‍ ചേര്‍ന്ന് സൂരജിനെ വെട്ടിക്കൊലപ്പെടുത്തി എന്നതാണ് പ്രോസിക്യൂഷന്‍ കേസ്.

2012 ല്‍ ടി കെ രജീഷിനെ ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റ് ചെയ്ത സമയത്താണ് സൂരജ് വധക്കേസില്‍ താനും നാരായണ്‍ എന്ന മനോരാജും ഉള്‍പ്പെട്ടിട്ടുണ്ട് എന്ന കുറ്റസമ്മത മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കെ ദാമോദരന്‍, ടി കെ രത്‌നകുമാര്‍ എന്നിവര്‍ കേസ് പുനരന്വേഷിക്കുകയും ഇവരെ പ്രതിസ്ഥാനത്ത് ഉള്‍പ്പെടുത്തുകയും ചെയ്തു. ശിക്ഷിക്കപ്പെട്ട അഞ്ചാം പ്രതി പി എം മനോരാജ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്സ് സെക്രട്ടറി പി എം മനോജിന്റെ സഹോദരനാണ്. ടി പി ചന്ദ്രശേഖരന്‍ കേസ് ജയിലില്‍ കിടക്കുന്ന ടി കെ രജീഷ്, പാനൂര്‍ വിനയന്‍ വധ കേസിലെ പ്രതിയും ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജിനെയും പിണറായിയിലെ പ്രേംജിത്തിനെയും വധിക്കാന്‍ ശ്രമിച്ച കേസിലെയും പ്രതിയാണ്.

കേസ്സില്‍ 42 സാക്ഷികളില്‍ 28 സാക്ഷികളെ വിസ്തരിക്കുകയും 51 രേഖകള്‍ പരിശോധിക്കുകയും ചെയ്തു. കണ്ണൂര്‍ സിറ്റി പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന കെ ദാമോദരനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയത്. ടി കെ രത്‌നകുമാര്‍ തുടരന്വേഷണം നടത്തി രണ്ടു പേരെ കൂടി പ്രതി ചേര്‍ത്തു. കോടതി വിധിയറിയാന്‍ സിപിഎം, ബിജെപി പ്രവര്‍ത്തകരും നേതാക്കളും കോടതിയിലെത്തിയിരുന്നു.

‘എല്ലാ ക്ഷേത്രങ്ങളിലും അനുമതി വേണം’, ദേവസ്വംബോര്‍ഡ് ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ച് പ്രവേശിച്ച് എസ്എന്‍ഡിപി സംയുക്ത സമിതി

‘എല്ലാ ക്ഷേത്രങ്ങളിലും അനുമതി വേണം’, ദേവസ്വംബോര്‍ഡ് ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ച് പ്രവേശിച്ച് എസ്എന്‍ഡിപി സംയുക്ത സമിതി

പത്തനംതിട്ട: എസ്എന്‍ഡിപി സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ച് പ്രവേശിച്ചു. റാന്നി പെരുനാട് കക്കാട്ട് കോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലാണ് എസ്എന്‍ഡിപി സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ഷര്‍ട്ട് ധരിച്ച് കയറിയത്. എല്ലാ ക്ഷേത്രങ്ങളിലും ഷര്‍ട്ട് ധരിച്ച് കയറാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. സ്ഥലത്ത് പൊലീസ് സുരക്ഷ ഉണ്ടായിരുന്നുവെങ്കിലും ആരും തടഞ്ഞിരുന്നില്ല.

സ്ത്രീകള്‍ മുടി അഴിച്ചിട്ടും പുരുഷന്മാര്‍ ഷര്‍ട്ട്, ബനിയന്‍, കൈലി എന്നിവ ധരിച്ചും ക്ഷേത്രത്തില്‍ പ്രവേശിക്കരുത് എന്ന ബോര്‍ഡ് ക്ഷേത്രത്തില്‍ തൂക്കിയിട്ടുണ്ട്. ക്ഷേത്രം നിലനില്‍ക്കുന്ന പഞ്ചായത്തായ പെരുനാട്, നാറാണംമൂഴി ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള എസ്എന്‍ഡിപി ശാഖകളിലെ ഭക്തരാണ് ഷര്‍ട്ടിടാതെ ക്ഷേത്രത്തില്‍ പ്രവേശിച്ചത്. ശബരിമലയില്‍ തിരുവാഭരണം ചാര്‍ത്തി തിരുവാഭരണ ഘോഷയാത്ര മടങ്ങി വരുമ്പോള്‍ തിരുവാഭരണം വിഗ്രഹത്തില്‍ ചാര്‍ത്തുന്ന ക്ഷേത്രങ്ങളില്‍ ഒന്നു കൂടിയാണ് കക്കാട്ട് കോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ നടന്ന സംഭവത്തിനെതിരായ പ്രതിഷേധമാണ് ഈ പ്രവര്‍ത്തിയെന്ന് സംയുക്ത സമര സമിതി അംഗങ്ങള്‍ പറഞ്ഞു. എല്ലാ ക്ഷേത്രങ്ങളിലും ഷര്‍ട്ട് ധരിച്ചു കയറാന്‍ അനുവദിക്കണമെന്ന് എസ്എന്‍ഡിപിയും ശിവഗിരി മഠവും മുമ്പ് ആവശ്യപ്പെട്ടിരുന്നു. നേരത്തെ കുമ്പളം ലക്ഷമിനാരായണ ക്ഷേത്രത്തില്‍ പുരുഷന്‍മാര്‍ക്ക് ഷര്‍ട്ട് ധരിച്ചു കയറാന്‍ അനുമതി നല്‍കിയിരുന്നു. ശ്രീജ്ഞാന പ്രഭാകര യോഗത്തിന്റെ വാര്‍ഷിക പൊതുയോഗമാണ് തീരുമാനം എടുത്തത്. ഈഴവ സമുദായാംഗങ്ങള്‍ നേതൃത്വം നല്‍കുന്ന ഭരണസമിതി വാര്‍ഷിക പൊതുയോഗത്തിലെ ധാരണ പ്രകാരമാണ് ഷര്‍ട്ടിട്ട് പുരുഷന്മാരെ ക്ഷേത്രത്തില്‍ കയറ്റാന്‍ തീരുമാനിച്ചത്.