നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫ് വധക്കേസ്: ഒന്നാം പ്രതി ഷൈബിന് 11 വര്‍ഷവും ഒന്‍പത് മാസവും തടവ്

നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫ് വധക്കേസ്: ഒന്നാം പ്രതി ഷൈബിന് 11 വര്‍ഷവും ഒന്‍പത് മാസവും തടവ്

മലപ്പുറം: പാരമ്പര്യവൈദ്യന്‍ ഷാബാ ഷെരീഫ് വധക്കേസില്‍ ഒന്നാം പ്രതി ഷൈബിന്‍ അഷ്റഫിന് 11 വര്‍ഷവും ഒന്‍പത് മാസവും തടവ് ശിക്ഷ. രണ്ടാം പ്രതി ശിഹാബുദ്ദീന് ആറ് വര്‍ഷം, ഒന്‍പത് മാസം തടവ്, ആറാം പ്രതി നിഷാദിന് മൂന്ന് വര്‍ഷവും ഒന്‍പത് മാസവും തടവ് എന്നിങ്ങനെ മഞ്ചേരി അഡീഷണല്‍ സെക്ഷന്‍സ് കോടതി ശിക്ഷാ വിധി പ്രസ്താവിച്ചു. പ്രതികള്‍ പിഴയും ഒടുക്കണം. ഇവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ കോടതി കണ്ടെത്തിയിരുന്നു. ഒന്‍പത് പ്രതികളെ വെറുതെവിട്ടിരുന്നു.

2020 ഒക്ടോബര്‍ എട്ടിനാണ് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടത്. മൈസൂര്‍ സ്വദേശിയായ ഷാബാ ഷെരീഫിനെ ഒരു കൊല്ലത്തോളം മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചു കൊന്നുവെന്നാണ് കേസ്. മൃതദേഹാവശിഷ്ടങ്ങള്‍ ലഭിക്കാതെ വിചാരണ പൂര്‍ത്തിയാക്കിയ കേരളത്തിലെ അപൂര്‍വം കൊലക്കേസുകളില്‍ ഒന്നാണ് ഷാബ ഷെരീഫ് കേസ്.

2019 ആഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ കൃത്യം തുടങ്ങുന്നത്. പാരമ്പര്യ വൈദ്യനായ മൈസൂരു സ്വദേശി ഷാബാ ഷെരീഫിനെ ചികിത്സയ്‌ക്കെന്ന് പറഞ്ഞ് ഒന്നാം പ്രതി ഷൈബിന്‍ അഷ്റഫും കൂട്ടാളിയും വീട്ടില്‍ നിന്ന് വിളിച്ചിറക്കുന്നു. മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം ചോര്‍ത്താനായിരുന്നു ലക്ഷ്യം. ഇതിനായി ഒരു വര്‍ഷത്തില്‍ അധികം ഷൈബിന്റെ നിലമ്പൂര്‍ മുക്കട്ടയിലെ വീട്ടില്‍ ഷാബാ ഷെരീഫിനെ തടവില്‍ പാര്‍പ്പിക്കുന്നു. രഹസ്യം വെളിപ്പെടുത്താതിരുന്നതോടെ ക്രൂരമര്‍ദനം തുടര്‍ന്നു. മര്‍ദനത്തിനിടെ 2020 ഒക്ടോബര്‍ എട്ടിന് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടു. മൃതദേഹം കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കി. മൃതശരീരം പുഴയില്‍ തള്ളിയതിനാല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പൊലീസിനായില്ല.

മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിക്കാതെ ശിക്ഷ വിധിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസാണിതെന്ന് പൊലീസ് പറഞ്ഞു. ഷാബാ ഷെരീഫിന്റെ മൃതദേഹം വെട്ടിനുറുക്കി പുഴയില്‍ ഒഴുക്കുകയായിരുന്നു. തലമുടിയുടെ ഡിഎന്‍എ സാംപിള്‍ പരിശോധനയിലൂടെയാണ് അന്വേഷണ സംഘം കേസില്‍ നിര്‍ണായക മുന്നേറ്റം നടത്തിയത്. 2024 ഫെബ്രുവരിയിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. 80 സാക്ഷികളെ വിസ്തരിച്ചിരുന്നു.

ബിരുദ പഠനത്തിനൊപ്പം സമ്പാദ്യവും; സംരംഭകരായി മഹാരാജാസ് വിദ്യാർഥികൾ

ബിരുദ പഠനത്തിനൊപ്പം സമ്പാദ്യവും; സംരംഭകരായി മഹാരാജാസ് വിദ്യാർഥികൾ

കൊച്ചി: പഠനത്തോടൊപ്പം സംരംഭകത്വത്തിലേക്കും കടന്നു എറണാകുളം മഹാരാജാസിലെ ഒന്നും രണ്ടും വർഷ ബിരുദ വിദ്യാർഥികൾ. പഠനത്തോടൊപ്പം സമ്പാദ്യം പദ്ധതിക്കു കീഴിൽ ഹോം ക്ലീനിങ് ലിക്വിഡ്, തുണി സഞ്ചികൾ തുടങ്ങിയ ഉത്പന്നങ്ങൾ നിർമിക്കുന്നതിനും അലങ്കാര മത്സ്യകൃഷിയിലും 150 വിദ്യാർഥികളെ കോളജ് പരിശീലിപ്പിക്കുകയാണ്. ഈ ഉത്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും കോളജ് സംഘടിപ്പിക്കുന്നു.

ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നു 2024-25 വർഷത്തേക്കു ലഭിച്ച 6 ലക്ഷം രൂപയുടെ ധന സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. സാമ്പത്തിക ശാസ്ത്ര വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസറും (ഇഡബ്ല്യുവൈഎൽ) കോർഡിനേറ്ററുമായ ഷിജി കെ പറഞ്ഞു. ‘മജസ്റ്റിക്’ എന്ന് ബ്രാൻഡ് ചെയ്തിരിക്കുന്ന മൂന്ന് ഉത്പന്നങ്ങൾ സംബന്ധിച്ചു കോളജ് സമർപ്പിച്ച നിർദ്ദേശം ഉന്നത വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചാണ് പണം അനുവദിച്ചത്.

‘പഠനത്തിനിടെ സമ്പാദിക്കുക, സാമ്പത്തിക സ്വയം പര്യാപ്തത കൈവരിക്കുക എന്നീ ആശയമാണ് പദ്ധതിക്കു പിന്നിൽ. അറിവിൽ അധിഷ്ഠിതമായ സമൂഹത്തെ അഭിവൃദ്ധിയുള്ള വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കു മാറ്റുക. അതുവഴി സാമൂഹിക ഐക്യവും സുസ്ഥിര വളർച്ചയും ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം. വിദ്യാർഥികളിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകൾ കണ്ടെത്തുക, തങ്ങളുടെ കഴിവുകളുമായി പൊരുത്തപ്പെടുന്ന മേഖലകളിലേക്ക് അവരെ നയിക്കുക, സുരക്ഷിതമായ ഒരു ഭാവിയിലേക്ക് വഴിയൊരുക്കുക എന്നിവയിലും പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു’- ഷിജി കെ ​ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോടു വ്യക്തമാക്കി.

‘സുസ്ഥിര പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾ നിർമിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഈ ഉത്പന്നങ്ങൾക്കെല്ലാം പ്രത്യേകിച്ച് തുണി ബാഗിന് ഇന്ന് വലിയ പ്രസക്തിയുണ്ട്. പരിസ്ഥിതിയെ പ്ലാസ്റ്റിക്കിൽ നിന്ന് മോചിപ്പിക്കേണ്ടതിന്റെ ആവശ്യകത നാം ഊന്നിപ്പറയുന്ന ഒരു കാലഘട്ടത്തിൽ തുണി ബാഗുകളുടെ ഉപയോഗത്തിന് പ്രാധാന്യം കൂടിയിട്ടുണ്ട്. 50 വിദ്യാർഥികൾക്ക് ബാഗ് നിർമാണത്തിൽ പരിശീലനം നൽകിയിട്ടുണ്ട്. ലഭിച്ച ഫണ്ട് ഉപയോഗിച്ചാണ് ഉത്പന്നങ്ങൾ നിർമിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കൾ കോളജ് വാങ്ങി വിദ്യാർഥികൾക്കു നൽകിയത്.’

‘ഓരോ ഉത്പന്ന നിരയും ഒരു ഫാക്കൽറ്റി അംഗത്തെ ചുമതലപ്പെടുത്തിയാണ് ചെയ്തത്. ടോയ്‌ലറ്ററീസ് ഉത്പന്നങ്ങളുടെ ടീമിനെ രസതന്ത്ര വിഭാഗത്തിൽ നിന്നുള്ള നീന ജോർജും തുണി ബാഗ് ടീമിനെ ഗണിത വിഭാഗത്തിൽ നിന്നുള്ള വരുൺ സോമനും നയിച്ചു. സുവോളജി വിഭാഗത്തിലെ ധന്യ ബാലകൃഷ്ണൻ വിദ്യാർഥികൾക്ക് അക്വേറിയം മത്സ്യങ്ങളെ പരിപാലിക്കുന്നതിൽ പരിശീലനം നൽകി.’

‘ഉത്പന്നങ്ങളുടെ നിർമാണത്തിനായി വിദ്യാർഥികൾ എല്ലാ ദിവസവും ഒരു മണിക്കൂർ ചെലവഴിക്കണം. ക്ലാസ് അവസാനിച്ച് ഉച്ചയ്ക്കു ശേഷം 3.30 മുതൽ 4.30 വരെയാണ് നിർമാണം. ഇപ്പോൾ വിദ്യാർഥികൾ ഉത്പന്നങ്ങൾ സ്വന്തമായി തന്നെ നിർമിക്കുന്നു. പഠന സമയത്ത് വിദ്യാർഥികൾക്കു സ്റ്റൈപ്പൻഡും നൽകുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കു പദ്ധതി വലിയ ഉപകരമാണ്. കോളജ് അത്തരം വിദ്യാർഥികളെയാണ് പദ്ധതിയിൽ കൂടുതലായി ഉൾപ്പെടുത്താൻ ശ്രമിച്ചത്. അവരിൽ പലരും ദൈനംദിന ആവശ്യങ്ങൾക്കായി പാർട്ട് ടൈം ജോലികൾ ചെയ്യുന്നവരാണ്.’

‘നൂതന സാങ്കേതിക വിദ്യ കൊണ്ടുവരുന്നതിൽ കുറഞ്ഞ ബജറ്റ് തടസമായിരുന്നു. അടുത്ത അധ്യായന വർഷത്തിൽ സാങ്കേതിക വിദ്യ ഉപയോ​ഗിച്ചു നൂതന ഉത്പന്നങ്ങൾ നിർമിക്കാനുള്ള പദ്ധതി ആലോചനയിലുണ്ട്. ഇപ്പോൾ വിൽക്കുന്ന ഉത്പന്നങ്ങളിൽ നിന്നു കിട്ടു വരുമാനം അടുത്ത വർഷത്തെ പദ്ധതിയുടെ വിപുലീകരണത്തിനായി വിനിയോ​ഗിക്കും’- ഷിജി വ്യക്തമാക്കി.

തുണിക്കടയില്‍ വസ്ത്രം മാറ്റിയെടുക്കാന്‍ എത്തി, പന്ത്രണ്ടുകാരന് നേരെ ആക്രമണം, ജീവനക്കാരനെതിരെ കേസ്

തുണിക്കടയില്‍ വസ്ത്രം മാറ്റിയെടുക്കാന്‍ എത്തി, പന്ത്രണ്ടുകാരന് നേരെ ആക്രമണം, ജീവനക്കാരനെതിരെ കേസ്

കോഴിക്കോട്: തുണിക്കടയില്‍ വസ്ത്രം മാറ്റിയെടുക്കാന്‍ എത്തിയ പന്ത്രണ്ടുകാരന് നേരെ ആക്രമണം. കോഴിക്കോട് തൊട്ടില്‍പ്പാലത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം. പരിക്കേറ്റ വിദ്യാര്‍ത്ഥി കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

കടയില്‍ നിന്ന് എടുത്ത വസ്ത്രം മാറ്റിയെടുക്കുന്നതിനിടെ ജീനക്കാരന്‍ കുട്ടിയെ തളളിയിടുകയായിരുന്നു. സംഭവത്തില്‍ ജീവനക്കാരനായ അശ്വന്തിനെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വസ്ത്രം തിരയുന്നതിനിടെ കുട്ടിയെ കഴുത്തിന് പിടിച്ച് തള്ളുകയും ആക്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. കഴിഞ്ഞ ദിവസമാണ് രക്ഷിതാവിനൊത്ത് കുട്ടി കടയില്‍ നിന്ന് വസ്ത്രം വാങ്ങിയത്.

എന്നാല്‍ ഇത് പാകമല്ലാത്തത്തിനെ തുടര്‍ന്നാണ് കുട്ടി രക്ഷിതാവിനൊപ്പം വസ്ത്രം മാറ്റിയെടുക്കാന്‍ എത്തിയത്. സംഭവത്തിന് പിന്നാലെ രക്ഷിതാവും ജീവനക്കാരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായതായാണ് വിവരം. സംഭവത്തില്‍ തൊട്ടില്‍പാലം പൊലീസ് തുടര്‍നടപടികള്‍ സ്വീകരിക്കും.

കുറുപ്പംപടി പീഡനം: പെണ്‍കുട്ടികള്‍ക്ക് അമ്മയും ആണ്‍ സുഹൃത്തും ചേര്‍ന്ന് മദ്യം നല്‍കി

കുറുപ്പംപടി പീഡനം: പെണ്‍കുട്ടികള്‍ക്ക് അമ്മയും ആണ്‍ സുഹൃത്തും ചേര്‍ന്ന് മദ്യം നല്‍കി

കൊച്ചി: കുറുപ്പംപടിയില്‍ സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ അമ്മയ്ക്ക് എതിരെ ചുമത്തിയ പോക്‌സോ കേസില്‍ നിര്‍ബന്ധിപ്പിച്ചു മദ്യം നല്‍കിയെന്ന വകുപ്പ് കൂടി ഉള്‍പ്പെടുത്തി. പീഡനത്തില്‍ പത്തും പന്ത്രണ്ടും വയസുള്ള പെണ്‍കുട്ടികള്‍ക്ക് അമ്മയും ആണ്‍ സുഹൃത്തും ചേര്‍ന്ന് മദ്യം നല്‍കിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണിത്.

കേസില്‍ കുട്ടികളുടെ അമ്മയുടെ സുഹൃത്തായ ടാക്‌സി ഡ്രൈവര്‍ ധനേഷിനെ കഴിഞ്ഞ ദിവസമാണ് കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി ധനേഷ് വീട്ടില്‍ എത്തുമ്പോഴെല്ലാം നിര്‍ബന്ധിപ്പിച്ചു മദ്യം കുടിപ്പിച്ചിരുന്നതായും പെണ്‍കുട്ടികള്‍ പറഞ്ഞു. കൂട്ടുകാരിക്ക് എഴുതിയ കത്ത് കണ്ട ക്ലാസ് ടീച്ചറോട് പന്ത്രണ്ടു വയസുകാരി നടന്നതെല്ലാം പറഞ്ഞിരുന്നു. മദ്യം നല്‍കിയെന്ന് ടീച്ചര്‍ പറഞ്ഞ വിവരം രഹസ്യ മൊഴിയില്‍ ഇല്ലാത്തതിനാല്‍ പെണ്‍കുട്ടികളുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് പീഡന വിവരം മറച്ചു വച്ചതിന് അമ്മക്ക് എതിരെ ചുമത്തിയ പോക്‌സോ കേസില്‍ നിര്‍ബന്ധിപ്പിച്ചു മദ്യം നല്‍കിയെന്ന വകുപ്പ് കൂടി ഉള്‍പ്പെടുത്തി.

പത്തും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു പീഡനം. പെണ്‍കുട്ടികളുടെ സുഹൃത്തുക്കളെയും ദുരുപയോഗം ചെയ്യാനുള്ള പ്രതിയുടെ ശ്രമമാണ് പീഡന വിവരം പുറത്തറിയാന്‍ കാരണമായത്. പെണ്‍കുട്ടികളുടെ പിതാവ് മരിച്ചതിന് ശേഷമാണ് കുട്ടികളുടെ അമ്മയുമായി പ്രതി ധനേഷ് ബന്ധമുണ്ടാക്കിയത്.

പിതാവിന്റെ മരണശേഷം ധനേഷ് കുടുംബവുമായി കൂടുതല്‍ അടുത്തു. പിന്നീട് ശനി, ഞായര്‍ ദിവസങ്ങളില്‍ സ്ഥിരമായി വീട്ടിലെത്താനും തുടങ്ങി. ധനേഷ് ലൈംഗികമായി ഉപദ്രവിക്കുന്ന വിവരം പെണ്‍കുട്ടികളിലൊരാള്‍ സുഹൃത്തിനോട് വെളിപ്പെടുത്തി. സുഹൃത്ത് വിവരം സ്‌കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നു. കേസില്‍ മജിസ്ട്രേറ്റ് കോടതി പെണ്‍കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. പെണ്‍കുട്ടികളുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുത്തിട്ടുണ്ട്.

ദിനോസർ മുട്ട ഓംലെറ്റ് കിട്ടും! പാലക്കാട്ടെ ‘ദിനോമുക്കിൽ’

ദിനോസർ മുട്ട ഓംലെറ്റ് കിട്ടും! പാലക്കാട്ടെ ‘ദിനോമുക്കിൽ’

പാലക്കാട്: പച്ച വിരിച്ച നെൽപ്പാടങ്ങൾ നിറഞ്ഞ ഒരു ​ഗ്രാമം. പാലക്കാട് എന്നു കേൾക്കുമ്പോൾ ഈയൊരു ചിത്രമായിരിക്കും മനസിൽ വരിക. ആ പച്ചപ്പു നിറഞ്ഞ പാലക്കാട്ടെ ഒരു ​ഗ്രാമത്തിൽ ദിനോസറുകളെ വളർത്തുന്ന നാട്ടുകാർ! അങ്ങനെയൊന്നു ഉണ്ടായാൽ എന്തു സംഭവിക്കും. പശുക്കളെ വളർത്തുന്നതു പോലെ ദിനോസറുകളെ വളർത്തുന്ന ​ഗ്രാമം. പാലക്കാട്ടെ ദിനോമുക്ക് എന്ന സാങ്കൽപ്പിക നാട്ടിൻപ്പുറത്തെക്കുറിച്ചുള്ള ഒന്നേകാൽ മിനിറ്റ് മാത്രം ദൈർഘ്യമുള്ള വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരം​ഗമാകുന്നത്.

ഏതാണ്ട് 1.18 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ പച്ചപ്പു നിറഞ്ഞ പാടങ്ങളുടെ ഷോട്ടോടെയാണ് തുടങ്ങുന്നത്. ​ദിനോമുക്കിലെ പ്രധാന കൃഷിയാണ് ദിനോസറുകൾ. മനുഷ്യൻ ആദ്യമായി മെരുക്കിയെടുത്ത ജീവികൾ ദിനോസറുകളാണെന്നു വിഡിയോയിൽ പറയുന്നു. ദിനോസറുകൾ സൗമ്യരായിരുന്നു. മുട്ടയ്ക്കും മാംസത്തിനു വേണ്ടിയാണ് ഇവയെ വളർത്തുന്നത് എന്നും വിഡിയോയിൽ വ്യക്തമാക്കുന്നു.

ദിനോസറിനു തീറ്റ കൊടുക്കുന്ന സ്ത്രീ, തലയിൽ കൂറ്റൻ ദിനോസർ മുട്ടയുമായി പോകുന്ന ഒരാൾ, ദിനോസറിന്റെ ഇറച്ചിയും ഓംലെറ്റും വിൽക്കുന്ന കടകൾ എന്നിയവയൊക്കെ വിഡിയോയിലുണ്ട്. കുട്ടികൾക്കൊപ്പം ദിനോസർ ഫുട്ബോൾ കളിക്കുന്നതും ആളുകൾക്കൊപ്പം നടക്കുന്നതും കുട്ടികൾ ദിനോസറിനെ ചുംബിക്കുന്നതുമൊക്കെ വിഡിയോയിൽ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.

സിനിമ മേഖലയിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ ആ​ഗ്രഹിക്കുന്ന ആറ് പേരുടെ കൂട്ടായ്മയായ ദി സ്റ്റോറിടെല്ലേഴ്സ് യൂണിയന്റെ ആശയമാണ് കൈയടി നേടുന്നത്. ഷോർട്ട് ഫിലിമുകളിൽ ആരംഭിച്ച അവരുടെ യാത്ര പിന്നീട് പരസ്യങ്ങൾ, മ്യൂസിക് വീഡിയോകൾ എന്നിവയിലേക്ക് വ്യാപിച്ചു. അവരുടെ ഏറ്റവും പുതിയ സൃഷ്ടിയാണ് വൈറലായി മാറിയ ഈ വിഡിയോ. ദൂരദർശന്റെ ക്ലാസിക്ക് ഷോകളിൽ ഒന്നായ കൃഷി ദർശന്റെ മാതൃകയിലാണ് വിഡിയോ ചിത്രീകരിച്ചത്. എഐ സാങ്കേതിക വിദ്യ ഉപയോ​ഗിച്ചാണ് കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്.

കൃഷി എന്നതിനപ്പുറം ദിനോസറുകളും മനുഷ്യരും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ കൂടിയാണിത്. മനുഷ്യ- മൃ​ഗ സഹവാസത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പാലക്കാട്ടെ ഈ ദിനോമുക്ക്- വിഡിയോയിൽ പറയുന്നു.

വിഡിയോയിൽ മനോഹരൻ എന്നൊരു വ്യക്തി സംസാരിക്കുന്നുണ്ട്. ദിനോസർ കൃഷി എളുപ്പവും ലാഭകരവുമാണെന്ന തന്റെ അനുഭവമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഒരു വർഷം 300 ദിനോസർ മുട്ടകൾ വരെ ഉത്പാദിപ്പിക്കുന്നതായി മനോഹരൻ എന്ന സാങ്കൽപ്പിക കഥാപാത്രം പറയുന്നു. എഐ സൃഷ്ടിച്ച മാധവൻ എന്ന മറ്റൊരു കഥാപാത്രം വന്നു പറയുന്നത് രസകരമാണ്. ദിനോസറുകൾക്കു സ്ഥിരമായി പച്ചപ്പുലും വെള്ളവും കൊടുക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ പ്രശ്നമാണ്. ഇടയ്ക്കിടെ അമറുന്നതും കേൾക്കാമെന്നാണ് ഈ കഥാപാത്രം പറയുന്നത്.

കൊച്ചിയില്‍ ഒരു വിദ്യാര്‍ഥിക്ക് കൂടി മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കൊച്ചിയില്‍ ഒരു വിദ്യാര്‍ഥിക്ക് കൂടി മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കൊച്ചി: കൊച്ചിയില്‍ ഒരു വിദ്യാര്‍ഥിക്ക് കൂടി മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കാക്കനാട് സ്‌കൂള്‍ വിദ്യാര്‍ഥിയായ ആറു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.

കാക്കനാട് തൃക്കാക്കര എം.എ അബൂബക്കര്‍ മെമ്മോറിയല്‍ ഗവ.എല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. വിദ്യാര്‍ഥി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ബുധനാഴ്ച ഉച്ചയോടെ ശക്തമായ തലവേദനയേ തുടര്‍ന്ന് വിദ്യാര്‍ഥിയെ കാക്കനാട് സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയിരുന്നു. നിലവില്‍ ചികിത്സിയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. കളമശ്ശേരിയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ ദിവസം മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചിരുന്നു.