മണലിലും പനയോലയിലും എഴുതി ‘മലയാളത്തിന്റെ മധുരം’ നുണയാം; ഈ സ്കൂളിലുണ്ട് ‘നിലത്തെഴുത്തു കളരി’

മണലിലും പനയോലയിലും എഴുതി ‘മലയാളത്തിന്റെ മധുരം’ നുണയാം; ഈ സ്കൂളിലുണ്ട് ‘നിലത്തെഴുത്തു കളരി’

തൊടുപുഴ: കഴിഞ്ഞ ആറ് വർഷമായി, കുട്ടികൾക്ക് മലയാള ഭാഷയിൽ അടിത്തറയുണ്ടാക്കാൻ പഴയ കാലത്തെ നിലത്തെഴുത്തു കളരി വിജയകരമായി നടത്തുന്ന ഒരു സ്കൂൾ. അടിമാലിയിലെ വിവേകാനന്ദ വിദ്യാസദൻ സ്കൂളിലാണ് മണലിലും പനയോലയിലും എഴുതി മലയാളം ഭാഷ പഠിപ്പിക്കുന്നത്. അടിമാലി വിദ്യാഭ്യാസ ഉപജില്ലയ്ക്കു കീഴിലുള്ള അൺ എയ്ഡഡ് ഹൈസ്കൂളാണ് വിവേകാനന്ദ വിദ്യാസദൻ. 1979ലാണ് സ്കൂൾ സ്ഥാപിതമായത്.

2019ലാണ് നിലത്തെഴുത്ത് കളരി ആരംഭിക്കുന്നത്. അന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാടാണ് കളരി ഉദ്ഘാടനം ചെയ്തത്. അതേ വർഷം തന്നെയാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മലയാള പഠനത്തിന്റെ ​ഗുണനിലവാരമില്ലായ്മ ചൂണ്ടിക്കാട്ടി അദ്ദേഹം തന്റെ കവിതകൾ സ്കൂൾ പാഠ്യപദ്ധയിൽ നിന്നു പിൻവലിക്കണമെന്നു അധികാരികളോടു അഭ്യർഥിച്ചതെന്നു സ്കൂൾ മാനേജർ ശ്രീകാന്ത് പി പറഞ്ഞു.

‘ചുള്ളിക്കാട് ഇക്കാര്യം ചൂണ്ടിക്കാട്ടും മുൻപു തന്നെ ഞങ്ങൾക്ക് അതു മനസിലായിരുന്നു. മലയാളം അധ്യാപക തസ്തികയിലേക്ക് അഭിമുഖത്തിനു ക്ഷണിച്ച ഉദ്യോ​ഗാർഥികളുടെ ഭാഷയെക്കുറിച്ചുള്ള അടിസ്ഥാന അറിവില്ലായ്മ പ്രകടമായി തന്നെ ഞങ്ങൾക്കു മനസിലാക്കാൻ സാധിച്ചു. ഇതേ തുടർന്നു എന്റെ പിതാവാണ് കുട്ടികൾക്കു ചെറുപ്പത്തിൽ തന്നെ ഭാഷാ അടിത്തറ നൽകുന്നതിനായി നിലത്തെഴുത്തു കളരി ആരംഭിക്കുക എന്ന ആശയം മുന്നോട്ടു വച്ചത്.’

‘നിലത്തെഴുത്തു പഠിപ്പിക്കുന്നവർ പരമ്പരാ​ഗതമായി ‘ആശാൻ’, ‘ആശാട്ടി’ എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. എന്നാൽ അത്തരം അധ്യാപകർ ഇന്നില്ല. ഇപ്പോൾ മലയാള ഭാഷയിൽ നല്ല പ്രാവീണ്യമുള്ള ബിരുദാന്തര ബിരുദമുള്ള അധ്യാപകനെയാണ് കളരിയിൽ ഞങ്ങൾ നിയമിച്ചിരിക്കുന്നത്.’

‘പ്ലേ സ്കൂൾ, കിന്റർ‌​ഗാർടൻ പോലെ കളരിയിലെ ക്ലാസുകൾ ജൂണിൽ ആരംഭിച്ച് ഒരു വർഷം വരെ നീണ്ടു നിൽക്കും. രണ്ടര വയസ് മുതൽ കുട്ടികളെ കളരിയിൽ പ്രവേശിപ്പിക്കും. പരമ്പരാഗത പഠന രീതികൾക്കു പുറമേ കിന്റർഗാർട്ടനിൽ പോകുന്ന വിദ്യാർഥികൾക്ക് പെൻസിൽ ഉപയോഗിച്ച് സ്ലേറ്റുകളിലും പുസ്തകങ്ങളിലും എഴുതാനും പരിശീലനം നൽകുന്നു.’

‘മണലിൽ അക്ഷരങ്ങൾ എഴുതി തുടങ്ങുന്നതു മുതലാണ് പഠന പ്രക്രിയ. ‘ചിന്തം വര’യിലാണ് പഠനം അവസാനിക്കുന്നത്. നാരായം ഉപയോ​ഗിച്ചു കുട്ടികൾ താളിയോല എഴുതുന്നതും പഠനത്തിന്റെ തുടർ പ്രക്രിയയിലുണ്ട്. ‘ചിന്തം വര’ എന്നത് ബിരുദദാന ചടങ്ങ് പോലെയാണ്. ആ ദിവസം അവർക്ക് താളിയോലയിൽ തയ്യാറാക്കിയ കോഴ്സിന്റെ സർട്ടിഫിക്കറ്റ് സമ്മാനിക്കും. കുട്ടിയുടെ കഴിവുകളനുസരിച്ച് മൂന്ന് മുതൽ ആറ് മാസത്തിനുള്ളിൽ തന്നെ ചിന്തം വര പൂർത്തിയാക്കാൻ സാധിക്കും.’

‘ഇംഗ്ലീഷ് ഭാഷാ പഠനത്തിന് മുൻഗണന നൽകുന്ന സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാഭ്യാസത്തിന് പിന്നാലെയാണ് മിക്ക രക്ഷിതാക്കളും ഇപ്പോൾ പോകുന്നത്. അടിസ്ഥാന വിദ്യാഭ്യാസ കാലത്ത് കുട്ടികൾക്ക് നല്ല മലയാള ഭാഷ കിട്ടണമെന്നു ആഗ്രഹിക്കുന്നവരെ നിലത്തെഴുത്ത് കളരിയിൽ പ്രവേശിപ്പിക്കും. കളരിയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് പ്രായപരിധിയില്ല. അവധിക്കാലത്ത് ഹൈസ്കൂൾ വിദ്യാർഥികളടക്കം പഠിക്കാനെത്തുന്നുണ്ട്. എല്ലാ വർഷവും കുറഞ്ഞത് 10 മുതൽ 15 വരെ കുട്ടികൾ കളരിയിൽ പ്രവേശനം നേടുന്നു. രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയാണ് ക്ലാസുകൾ നടക്കുന്നത്’- ശ്രീകാന്ത് വ്യക്തമാക്കി.

പൊലീസിനെ കണ്ടപ്പോള്‍ വിഴുങ്ങി; യുവാവിന്റെ വയറ്റില്‍ നിന്നും എംഡിഎംഎ കണ്ടെത്തി

പൊലീസിനെ കണ്ടപ്പോള്‍ വിഴുങ്ങി; യുവാവിന്റെ വയറ്റില്‍ നിന്നും എംഡിഎംഎ കണ്ടെത്തി

താമരശ്ശേരി: എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ വയറ്റില്‍ നിന്നും എംഡിഎംഎ കണ്ടെത്തി. താമരശ്ശേരി ചുടലമുക്കില്‍ താമസിക്കുന്ന അരേറ്റുംചാലില്‍ മുഹമ്മദ് ഫായിസ് അഹദി(27)ന്റെ വയറ്റില്‍ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്.

ആദ്യഘട്ടത്തില്‍ സിടി സ്‌കാന്‍ എടുത്തു. അതില്‍ വയറ്റില്‍ തരി പോലെ എന്തോ ഒന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ എന്‍ഡോസ്‌കോപ്പി അടക്കമുള്ള തുടര്‍ പരിശോധനയിലാണ് എംഡിഎംഎയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. അതേസമയം, എത്ര അളവില്‍ എംഡിഎംഎ ശരീരത്തിലുണ്ടെന്ന് വ്യക്തമായിട്ടില്ല.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ലഹരി ഉപയോഗിച്ച ലക്ഷണങ്ങളോടെ വീടിനകത്ത് ബഹളംവെച്ച മുഹമ്മദ് ഫായിസിനെ നാട്ടുകാര്‍ വിവരമറിയിച്ചപ്രകാരം പൊലീസെത്തി കസ്റ്റഡിയിലെടുത്തു. അക്രമാസക്തനായ ഇയാളെ ഓടിച്ചിട്ടാണ് പിടികൂടിയത്. ഇതിനിടെ മുഹമ്മദ് ഫായിസ് കൈയിലുള്ള പാക്കറ്റ് വിഴുങ്ങിയതായി നാട്ടുകാരിലൊരാള്‍ പൊലീസിനോട് സംശയം പ്രകടിപ്പിച്ചു. യുവാവിന്റെ പക്കല്‍നിന്ന് എംഡിഎംഎയാണെന്ന് കരുതുന്ന പാക്കറ്റ് പൊലീസ് കണ്ടെടുത്തിരുന്നു.

ഫായിസിനെ പിടികൂടിയ പൊലീസ് ആദ്യം താമരശ്ശേരി ആശുപത്രിയില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. താന്‍ ലഹരിവസ്തുക്കളൊന്നും വിഴുങ്ങിയിട്ടില്ലെന്നാണ് മെഡിക്കല്‍ ഓഫീസറോടും യുവാവ് പറഞ്ഞത്. നേരത്തെ, മാര്‍ച്ച് എട്ടിന് ലഹരിമരുന്ന് കവര്‍ സഹിതം വിഴുങ്ങിയ മൈക്കാവ് കരിമ്പാലക്കുന്ന് സ്വദേശി ഷാനിദ് മരിച്ചിരുന്നു. ഷാനിദിന്റെ സുഹൃത്താണ് മുഹമ്മദ് ഫായിസെന്നാണ് പൊലീസ് പറയുന്നത്.

വയനാട് പുനരധിവാസം: ഫണ്ട് ചെലവഴിക്കാനുള്ള സമയപരിധി നീട്ടിയതായി കേന്ദ്രം; കലക്കവെള്ളത്തില്‍ മീന്‍ പിടിക്കരുതെന്ന് ഹൈക്കോടതി

വയനാട് പുനരധിവാസം: ഫണ്ട് ചെലവഴിക്കാനുള്ള സമയപരിധി നീട്ടിയതായി കേന്ദ്രം; കലക്കവെള്ളത്തില്‍ മീന്‍ പിടിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: വയനാട് പുനരധിവാസത്തില്‍ കേന്ദ്രഫണ്ട് ചെലവഴിക്കാനുള്ള സമയപരിധി നീട്ടിയതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഫണ്ട് ചെലവഴിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടിയതായാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചത്. കേന്ദ്രം അനുവദിച്ച പണം മാര്‍ച്ച് 31-നകം ചെലവഴിക്കണം എന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന വ്യവസ്ഥ.

ഫണ്ട് വിനിയോഗിക്കാന്‍ മാര്‍ച്ച് 31 എന്ന തീയതി നിശ്ചയിച്ചത് അപ്രായോഗികമാണെന്ന് കഴിഞ്ഞ സിറ്റിങ്ങില്‍ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു. ഇതിന് മറുപടിയായാണ് സമയം നീട്ടിയതായി കേന്ദ്രം അറിയിച്ചത്.

പുനരധിവാസവുമായി ബന്ധപ്പെട്ട് കടുത്ത സമ്മര്‍ദ്ദവും പ്രതിഷേധവും ഉണ്ടായപ്പോഴാണ് 520 കോടി രൂപയുടെ സഹായം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതുമായി ബന്ധപ്പെട്ട 16 പദ്ധതികള്‍ക്കാണ് പണം ചെലവഴിക്കാന്‍ നിശ്ചയിച്ചിട്ടുള്ളത്. സമയം നീട്ടി നല്‍കിയിട്ടുണ്ടെങ്കിലും ചില വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.ഈ തുക പുനരധിവാസം നടത്തുന്ന ഏജന്‍സികളുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയാല്‍ മതിയോയെന്ന് കോടതി ചോദിച്ചു. എന്നാല്‍ വായ്പ വിനിയോഗം സംബന്ധിച്ച് വ്യക്തത വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് കോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തി. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണോ എന്നു ചോദിച്ച കോടതി, നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും അജണ്ടയുണ്ടോയെന്നും കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു.

ഹൈക്കോടതിക്ക് മുകളിലാണോ ഡൽഹിയിലെ ഉദ്യോഗസ്ഥരെന്ന് കോടതി ചോദിച്ചു. കൃത്യമായ ഉത്തരം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെങ്കില്‍ അടുത്ത വിമാനത്തില്‍ അവരെ കൊച്ചിയില്‍ എത്തിക്കാന്‍ അറിയാമെന്നും ജസ്റ്റിസുമാരായ എ കെ ജയശങ്കർ നമ്പ്യാർ, എസ് ഈശ്വരൻ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. വെറുതേ കോടതിയുടെ സമയം കളയരുത്. തിങ്കളാഴ്ച തന്നെ കർശനമായും സത്യവാങ്മൂലം നൽകണമെന്ന് നിർദേശിച്ചു. കേസ് അടുത്ത ബുധനാഴ്ച പരി​ഗണിക്കാനായി മാറ്റുകയും ചെയ്തു.

സമരക്കാര്‍ക്ക് നിര്‍ബന്ധബുദ്ധി, പിടിവാശിയാണ് പ്രശ്‌നം നീണ്ടുപോകാന്‍ കാരണമെന്ന് മന്ത്രി എംബി രാജേഷ്

സമരക്കാര്‍ക്ക് നിര്‍ബന്ധബുദ്ധി, പിടിവാശിയാണ് പ്രശ്‌നം നീണ്ടുപോകാന്‍ കാരണമെന്ന് മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരോട് സര്‍ക്കാരിന് അനുഭാവപൂര്‍ണമായ നിലപാടാണ് ഉള്ളതെന്ന് മന്ത്രി എം ബി രാജേഷ്. സമരക്കാരുടെ പിടിവാശിയാണ് പ്രശ്‌നം നീണ്ടുപോകാന്‍ കാരണം. സമരക്കാര്‍ക്ക് നിര്‍ബന്ധബുദ്ധിയാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സമരം ആരു ശ്രമിച്ചാലും പരിഹരിക്കാനാവില്ലെന്നും മന്ത്രി രാജേഷ് പറഞ്ഞു. ആശ വര്‍ക്കര്‍മാരുടെ സമരത്തില്‍ പ്രതിപക്ഷം ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം 2023 ഡിസംബറില്‍ 7000 രൂപയായി വര്‍ധിപ്പിച്ചു. ആശ വര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്ന പതിനായിരം രൂപയില്‍ 8,200 രൂപയും സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത്. ബാക്കി തുകയില്‍ കേന്ദ്രം കുടിശ്ശിക വരുത്തുകയാണെന്ന് മന്ത്രി രാജേഷ് പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാര്‍ കൊടിയ വഞ്ചനയാണ് ആശ വര്‍ക്കര്‍മാരോട് കാണിക്കുന്നത്.

ആശ വര്‍ക്കര്‍മാരുടെ തൊഴില്‍ഘടന പരിഷ്‌കരിക്കണമെന്നത് അടക്കമുള്ള സിഐടിയു-ഐഎന്‍ടിയുസി-എസ്ടിയു- എഐടിയുസി തുടങ്ങിയ എല്ലാ തൊഴിലാളിയൂണിയനുകളും ഉന്നയിക്കുന്ന നിലപാടിനൊപ്പമാണ് കേരളസര്‍ക്കാരും നിലകൊള്ളുന്നത്. ആശമാരെ ഹെല്‍ത്ത് വര്‍ക്കേഴ്‌സായി അംഗീകരിക്കണം. 2013 ലെ ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് ഏകകണ്ഠമായി ആശ പ്രവര്‍ത്തകരെ ഹെല്‍ത്ത് വര്‍ക്കേഴ്‌സായി അംഗീകരിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നതാണ്. അങ്ങനെയെങ്കില്‍ വോളണ്ടിയേഴ്‌സ് എന്ന നിലയിലല്ലാതെ ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് ലഭിച്ചേനെ.

മോദി സര്‍ക്കാര്‍ വന്ന ശേഷം ഒരു തവണ മാത്രമാണ് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് നടന്നത്. 2015 ല്‍ നടന്ന കോണ്‍ഫറന്‍സും ഏകകണ്ഠമായി ഈ ശുപാര്‍ശ മുന്നോട്ടുവെച്ചിരുന്നു. ബിജെപിയും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളും ഇവരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ കൂട്ടിയില്ലെന്ന് മാത്രമല്ല, കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ കഴിഞ്ഞ ദിവസവും ഇന്‍സെന്റീവ് കൂട്ടുന്നതിനെക്കുറിച്ച് ഒരു ഉറപ്പും നല്‍കാന്‍ കൂട്ടാക്കിയിട്ടില്ല. ആദ്യം കൂട്ടുമെന്ന പറഞ്ഞ അദ്ദേഹം, പിന്നീട് ഇപ്പോള്‍ വര്‍ധിപ്പിക്കേണ്ട കാര്യമില്ലെന്നും ഭാവിയില്‍ ആലോചിക്കാമെന്നുമാണ് പറഞ്ഞത്.

കേന്ദ്രസര്‍ക്കാര്‍ കൊടുക്കുന്നത് 1800 രൂപ മാത്രമാണ്. ആ 1800 രൂപയില്‍ ഒരു പൈസ വര്‍ധിപ്പിക്കാന്‍ തയ്യാറല്ലാത്ത കേന്ദ്രത്തിനെതിരെ ഒരു പ്രതിഷേധവും ഈ സമരത്തില്‍ ഇല്ല എന്നത് ആലോചിക്കേണ്ടതാണ്. അതുകൊണ്ടാണ് എല്ലാ യൂണിയനുകളും സമരത്തിന് ഒപ്പം നില്‍ക്കാത്തത്. നേരത്തെ ഓണറേറിയം ലഭിക്കണമെങ്കില്‍ 10 മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിക്കണമായിരുന്നു. അതില്‍ മാറ്റം വരുത്തി ഈ മാസം 12 നാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയതെന്നും മന്ത്രി രാജേഷ് നിയമസഭയില്‍ അറിയിച്ചു. ആശ വര്‍ക്കര്‍മാരുടെ ആവശ്യം ന്യായമാണെന്നും, സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. ഇതേച്ചൊല്ലി പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചു.

മണപ്പുറം ഫിനാന്‍സിന്റെ ഭൂരിഭാഗം ഓഹരികള്‍ അമേരിക്കന്‍ കമ്പനിയിലേക്ക്; 4,385 കോടി രൂപയുടെ ഇടപാട്

മണപ്പുറം ഫിനാന്‍സിന്റെ ഭൂരിഭാഗം ഓഹരികള്‍ അമേരിക്കന്‍ കമ്പനിയിലേക്ക്; 4,385 കോടി രൂപയുടെ ഇടപാട്

തൃശൂര്‍: തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും രാജ്യത്തെ രണ്ടാമത്തെ വലിയ സ്വര്‍ണ്ണപ്പണയ കമ്പനിയുമായ മണപ്പുറം ഫിനാന്‍സില്‍ ഓഹരി നിക്ഷേപത്തിന് ഒരുങ്ങി അമേരിക്കന്‍ കമ്പനി. ഇതുമായി ബന്ധപ്പെട്ട് മണപ്പുറം ഫിനാന്‍സുമായി അമേരിക്കന്‍ പ്രൈവറ്റ് ഇക്വിറ്റി കമ്പനിയായ ബെയിന്‍ ക്യാപിറ്റല്‍ കരാര്‍ ഒപ്പിട്ടു. കരാര്‍ അനുസരിച്ച് മണപ്പുറം ഫിനാന്‍സിന്റെ 18 ശതമാനം ഓഹരികളാണ് ബെയിന്‍ ക്യാപിറ്റലിന് കൈമാറുക. ഇതുവഴി 4,385 കോടി രൂപയുടെ ഇടപാടാണ് നടക്കുക.

ഈ കരാറിന്റെ തുടര്‍ച്ചയായി പ്രമോട്ടര്‍മാരായ വിപി നന്ദകുമാറിന്റെയും കുടുംബത്തിന്റെയും ഓഹരി പങ്കാളിത്തം 30 ശതമാനത്തില്‍ താഴെയായി നിലനിര്‍ത്തി 26 ശതമാനം ഓഹരികള്‍ കൂടി അധികമായി വാങ്ങാനും ബെയിന്‍ ക്യാപിറ്റലിന് പദ്ധതിയുണ്ട്. ബെയിന്‍ ക്യാപിറ്റല്‍ മുന്നോട്ടുവെച്ച വാഗ്ദാനം ഓപ്പണ്‍ ഓഫറിലേക്ക് നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

4,385 കോടി രൂപയുടെ ഇടപാട് പൂര്‍ത്തിയാകുന്നതോടെ, കമ്പനിയുടെ 18 ശതമാനം മൂല്യമുള്ള ഓഹരികളും വാറണ്ടുകളും ബെയിന്‍ ക്യാപിറ്റല്‍ ഏറ്റെടുക്കും.അമേരിക്കന്‍ കമ്പനിയെ ബോര്‍ഡ് പ്രാതിനിധ്യമുള്ള സംയുക്ത പ്രൊമോട്ടറായി കണക്കാക്കുമെന്ന് എക്‌സ്‌ചേഞ്ച് ഫയലിങ്ങില്‍ മണപ്പുറം ഫിനാന്‍സ് വ്യക്തമാക്കി.

44,210 കോടി രൂപയുടെ വായ്പ ബിസിനസ് ആണ് മണപ്പുറം കൈകാര്യം ചെയ്യുന്നത്. അനുബന്ധ സ്ഥാപനമായ ബിസി ഏഷ്യ ഇന്‍വെസ്റ്റ്മെന്റ്സ് XXV, ബിസി ഏഷ്യ ഇന്‍വെസ്റ്റ്മെന്റ്സ് XXIV എന്നിവ വഴിയാണ് ബെയിന്‍ ക്യാപിറ്റല്‍ ഏഷ്യ ഓഹരികള്‍ വാങ്ങുക. മുന്‍ഗണന ഓഹരികള്‍ അനുവദിക്കുന്നതോടെ, ബോര്‍ഡില്‍ ഒരു അംഗത്തെ നിയമിക്കാനുള്ള അവകാശം ബെയിനിന് ലഭിക്കും.

ഓഹരി ഒന്നിന് 236 രൂപ എന്ന നിലയിലാണ് ഓഹരി കൈമാറ്റം നടക്കുക. ആറ് മാസത്തെ ശരാശരി ട്രേഡിങ് വിലയേക്കാള്‍ 30 ശതമാനം പ്രീമിയത്തില്‍ ഓഹരികള്‍ കൈമാറാനാണ് ധാരണയായത്. ഇതിന് പുറമേയാണ് മൂലധന അടിത്തറ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് 26 ശതമാനം അധിക ഓഹരികള്‍ വാങ്ങാമെന്ന വാഗ്ദാനം ബെയിന്‍ ക്യാപിറ്റല്‍ മുന്നോട്ടുവെച്ചത്. ഇത് ഓപ്പണ്‍ ഓഫറിലേക്ക് നയിക്കും.ഓപ്പണ്‍ ഓഫര്‍ വില ഒരു ഓഹരിക്ക് 236 രൂപയായി നിശ്ചയിച്ചിട്ടുണ്ടെന്ന് കമ്പനികളുടെ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ഓപ്പണ്‍ ഓഫര്‍ സബ്സ്‌ക്രിപ്ഷന്‍ കൂടി നടപ്പിലാകുന്നതോടെ, ബെയിനിന്റെ ഓഹരി പങ്കാളിത്തം 18 ശതമാനം മുതല്‍ 41.7% എന്ന തലത്തില്‍ വ്യത്യാസപ്പെടും. നിക്ഷേപത്തിനുശേഷം നിലവിലുള്ള പ്രൊമോട്ടര്‍മാര്‍ക്ക് കമ്പനിയില്‍ 28.9 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കും.

75 വര്‍ഷം പഴക്കമുള്ള മണപ്പുറത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയ്ക്ക് ഇത് കരുത്തുപകരുമെന്നാണ് കമ്പനി വിലയിരുത്തുന്നത്. പ്രവര്‍ത്തന മികവ് വര്‍ദ്ധിപ്പിക്കുക, നേതൃത്വം ശക്തിപ്പെടുത്തുക, പ്രധാന വിഭാഗങ്ങളിലുടനീളം സാന്നിധ്യം വികസിപ്പിക്കുക എന്നിവയിലൂടെ മാറ്റം കൊണ്ടുവരാനാണ് നിക്ഷേപത്തിന്റെ ലക്ഷ്യമെന്ന് ബെയിന്‍ പ്രസ്താവനയില്‍ പറഞ്ഞു.

1949-ല്‍ സ്ഥാപിതമായ മണപ്പുറം ഫിനാന്‍സ്, 28 സംസ്ഥാനങ്ങളിലായി 5,357 ശാഖകളിലൂടെ 66 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്ന സ്വര്‍ണ്ണ വായ്പ വിഭാഗത്തിലെ രണ്ടാമത്തെ വലിയ ധനകാര്യ സ്ഥാപനമാണ്. 50,800 പേര്‍ ഇതില്‍ ജോലി ചെയ്യുന്നുണ്ടെന്ന് മണപ്പുറം മാനേജിങ് ഡയറക്ടര്‍ വി പി നന്ദകുമാര്‍ പറഞ്ഞു.

‘താടി വടിച്ചില്ല, ഷര്‍ട്ടിന്‍റെ ബട്ടനിട്ടില്ല’; പരീക്ഷയെഴുതാൻ എത്തിയ പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച് സീനിയേഴ്സ്, നാല് പേർക്കെതിരെ കേസ്

‘താടി വടിച്ചില്ല, ഷര്‍ട്ടിന്‍റെ ബട്ടനിട്ടില്ല’; പരീക്ഷയെഴുതാൻ എത്തിയ പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച് സീനിയേഴ്സ്, നാല് പേർക്കെതിരെ കേസ്

കോഴിക്കോട്: നാദാപുരം പേരോട് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ നാല് സീനിയർ വിദ്യാർഥികള്‍ക്കെതിരെ കേസെടുത്തു. തിങ്കളാഴ്ചയോടെയാണ് സംഭവം. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. താടി വടിച്ചില്ല, ഷർട്ടിന്റെ ബട്ടൻ ഇട്ടില്ല തുടങ്ങിയ നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മര്‍ദനം.

മർദനത്തിൽ ജൂനിയര്‍ വിദ്യാർഥിയുടെ ചെവിയുടെ കർണപുടത്തിനടക്കം ​ഗുരുതര പരിക്കേറ്റിട്ടുണ്ട്. സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ മര്‍ദനത്തിനും തടഞ്ഞു വെച്ചതിനുമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് നാദാപുരം പൊലീസ് കേസെടുത്തിരിക്കുന്നത്. സ്കൂള്‍ അധികൃതരുടെ റിപ്പോര്‍ട്ട കൂടി ലഭിച്ച ശേഷം റാഗിങ് വകുപ്പുകളും ചുമത്തും.

പരീക്ഷയെഴുതാൻ വേണ്ടി സ്കൂളിലെത്തിയതായിരുന്നു പ്ലസ് വൺ വിദ്യാർഥി. താടിവടിച്ചില്ലെന്നും ഷർട്ടിന്റെ ബട്ടണിട്ടില്ലെന്നും ചൂണ്ടിക്കാട്ടി സീനിയർ വിദ്യാർഥികൾ പ്ലസ് വൺ വിദ്യാർഥിയെ ചോദ്യം ചെയ്തു. പിന്നീട് ഇത് വാക്കുതർക്കത്തിലെത്തുന്നു. കൈകൾ പിന്നിലേക്ക് പിടിച്ചുവെച്ച് ജൂനിയർ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ മർദിച്ചു. ശേഷം തലപിടിച്ച് ചുമരിലിടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.