by Midhun HP News | Mar 21, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാന സര്‍ക്കാരിനെയും ആരോഗ്യമന്ത്രിയെയും ക്രൂശിക്കുന്ന തരത്തിലാണ് ചില മാധ്യമങ്ങളുടെ ഇടപെടലെന്ന് മന്ത്രി വീണാ ജോര്‍ജ്. ആശാ വർക്കർമാരുടെ സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഢയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയെന്നതും അദ്ദേഹത്തെ കാണണമെന്ന് പറഞ്ഞ സാഹചര്യവും സത്യമാണ്. എന്നാല്‍ അനുമതി തേടിയത് കുറ്റകരമാണെന്നും അതില്‍ പ്രശ്‌നമുണ്ടെന്നും വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത് വളരെ മോശമാണെന്ന് മന്ത്രി പറഞ്ഞു. ക്ഷോഭത്തോടെയായിരുന്നു മാധ്യമങ്ങളോട് മന്ത്രിയുടെ പ്രതികരണം.
രണ്ട് ലക്ഷ്യങ്ങളോടെയാണ് ഡല്‍ഹിയില്‍ പോയത്. ക്യൂബൻ സംഘവുമായുള്ള ചര്‍ച്ചയും കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയെന്നതും. ആശ വര്‍ക്കര്‍മാരുടെ സമരം അവസാനിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. തലേന്നാണ് അവര്‍ നിരാഹാര സമരത്തിലേക്ക് കടന്നത്. അതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ എത്തുമ്പോള്‍ കേന്ദ്ര ആരോഗ്യ മന്ത്രിയെയും കാണണമെന്ന് തീരുമാനിച്ചത്.
അതിനെ തുടര്‍ന്നാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത്. എന്നാല്‍ അദ്ദേഹം പാര്‍ലമെന്‍റില്‍ തിരക്കായതിനാല്‍ കാണാന്‍ സാധിച്ചില്ല. അദ്ദേഹം സമയം അനുവദിക്കുമ്പോള്‍ വീണ്ടും ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തുമെന്നും വീണ ജോര്‍ജ് വ്യക്തമാക്കി. എന്നാല്‍ ഇതിന്‍റെ പേരില്‍ ചില മാധ്യമങ്ങള്‍ തങ്ങളെ മോശമാക്കുന്നുവെന്നും നുണ പ്രചാരണങ്ങള്‍ നടത്തുന്നുവെന്നും മന്ത്രി പറഞ്ഞു.
ആശമാരുടെ വിഷയത്തിൽ ആദ്യമായല്ല താൻ കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണുന്നത്. ആറ് മാസം മുമ്പ് കേന്ദ്ര മന്ത്രിയെ കണ്ടപ്പോൾ ആശമാരുടെ വിഷയങ്ങൾ ചർച്ച ചെയ്തതിനെ കുറിച്ച് പറയുന്നത് യൂട്യൂബിൽ ഉണെന്നും മന്ത്രി പറഞ്ഞു.
by Midhun HP News | Mar 21, 2025 | Latest News, കേരളം
കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില ഇന്ന് താഴ്ന്നു. 320 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 66,160 രൂപയായി. ഗ്രാമിനും ആനുപാതികമായി വില കുറഞ്ഞു. 40 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8270 രൂപയായി.
സംസ്ഥാനത്ത് ഇന്നലെ 66,480 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ചൊവ്വാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 65,000 കടന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.
by Midhun HP News | Mar 20, 2025 | Latest News, കേരളം
അക്ഷരതെറ്റുകൾ കൊണ്ട് നിറഞ്ഞ് പ്ലസ് ടു മലയാളം ചോദ്യപേപ്പർ.14 അക്ഷരതെറ്റുകളാണ് ചോദ്യപേപ്പറിൽ കണ്ടെത്തിയത്. ഒഎൻവിയുടെ ഒരു കവിതയിൽ മാത്രം മൂന്ന് അക്ഷരത്തെറ്റുകളാണുള്ളത്.
പ്രയോഗങ്ങളിലും വ്യാകരണത്തിലും പിശകുകൾ ഉണ്ടെന്ന് പരാതിയുണ്ട്. നാലാമത്തെ ചോദ്യത്തിൽ ‘താമസം’ എന്ന വാക്കിന് പകരം ‘താസമം’ എന്നാണ് അച്ചടിച്ചു വന്നിരിക്കുന്നത്. ഇതിന് പുറമെ ‘സച്ചിനെക്കുറിച്ച്’ എന്നതിന് പകരം ‘സച്ചിനെക്കറിച്ച്’ എന്നതടക്കം നിരവധി തെറ്റുകളും ചോദ്യപേപ്പറിൽ കാണാം. ഇതുപോലെ പല ചോദ്യങ്ങളിലും നിരവധി അക്ഷരത്തെറ്റുകള്‍ കടന്നുകൂടിയെന്ന് അധ്യാപകര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. അക്ഷരത്തെറ്റിന് പുറമെ പല ചോദ്യങ്ങളിലും വ്യാകരണ പിശകും ഉണ്ടെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
by Midhun HP News | Mar 20, 2025 | Latest News, കേരളം
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം എംപുരാന്റെ ട്രെയ്‌ലര്‍ പുറത്ത്. ആരാധകര്‍ക്ക് സര്‍പ്രൈസായി രാത്രി 12 മണിക്കാണ് ചിത്രത്തിന്റെ മലയാളം ട്രെയ്‌ലര്‍ യൂട്യൂബില്‍ റിലീസ് ആയത്. റിലീസായി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ മില്യണ്‍ വ്യൂസ് മലയാളം ട്രെയ്‌ലര്‍ നേടിക്കഴിഞ്ഞു. തുടര്‍ന്ന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേയും ട്രെയ്‌ലര്‍ പുറത്തുവന്നു. ട്രെയ്‌ലര്‍ ലോഞ്ച് ഇവന്റ് മുംബൈയില്‍ നടക്കുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചത്. ചിത്രത്തിന്റെ ടീസര്‍ ജനുവരി 26-ന് പുറത്തുവന്നിരുന്നു.
മുരളി ഗോപി തിരക്കഥ രചിച്ച ചിത്രം മാര്‍ച്ച് 27-ന് രാവിലെ ആറുമണിക്കാണ് ഇന്ത്യയിലും ആഗോളതലത്തിലും പ്രദര്‍ശനം ആരംഭിക്കുന്നത്. തമിഴ്നാടിന് പുറമേ പാന്‍ ഇന്ത്യന്‍ തലത്തിലും വമ്പന്‍ കമ്പനികളാണ് ചിത്രം റിലീസ് ചെയ്യുക. ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്രാ- തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍, അനില്‍ തഡാനി നേതൃത്വം നല്‍കുന്ന എഎ ഫിലിംസ് ആണ് ചിത്രം ഉത്തരേന്ത്യയില്‍ എത്തിക്കുന്നത്. കര്‍ണാടകയിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ കന്നഡയിലെ വമ്പന്‍ സിനിമാ നിര്‍മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്.
2019ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എംപുരാന്‍ നിര്‍മ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എംപുരാന്‍.
ഖുറേഷി-അബ്രാം / സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു , സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.
by Midhun HP News | Mar 20, 2025 | Latest News, കേരളം
മലപ്പുറം: മൈസൂരിലെ പാരമ്പര്യ വൈദ്യന്‍ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. വ്യവസായിയായ മുഖ്യപ്രതി ഷൈബിന്‍ അഷ്റഫ്, രണ്ടാം പ്രതി ഷിഹാബുദ്ദീന്‍, ആറാം പ്രതി നിഷാദ് എന്നിവരാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. കേസിലെ ശേഷിക്കുന്ന പ്രതികളെ വെറുതെ വിട്ടു.
മഞ്ചേരി അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പ്രസ്താവിച്ചത്. കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവിധി മറ്റന്നാള്‍ പ്രസ്താവിക്കും. മനപൂര്‍വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. മുഖ്യപ്രതി ഷൈബിന്‍ അഷ്റഫ് ഉള്‍പ്പെടെ 15 പ്രതികളാണ് കേസിലുണ്ടായിരുന്നത്.
മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിക്കാതെ ശിക്ഷ വിധിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസാണിതെന്ന് പൊലീസ് പറഞ്ഞു. ഷാബാ ഷെരീഫിന്റെ മൃതദേഹം വെട്ടിനുറുക്കി പുഴയില്‍ ഒഴുക്കുകയായിരുന്നു. തലമുടിയുടെ ഡിഎന്‍എ സാംപിള്‍ പരിശോധനയിലൂടെയാണ് അന്വേഷണ സംഘം കേസില്‍ നിര്‍ണായക മുന്നേറ്റം നടത്തിയത്. 2024 ഫെബ്രുവരിയിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. 80 സാക്ഷികളെ വിസ്തരിച്ചിരുന്നു.
മൈസൂര്‍ സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധന്‍ ഷാബാ ഷരീഫിനെ 2019 ഓഗസ്റ്റിലാണ് നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവരുന്നത്. ഒറ്റമൂലി മരുന്നുകളുടെ രഹസ്യം ചോര്‍ത്തി മരുന്നു വ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. രഹസ്യ കൂട്ട് വെളിപ്പെടുത്താൻ ആവശ്യപ്പെട്ട് ചങ്ങലയ്ക്കിട്ടും ക്രൂരമായി പീഡിപ്പിച്ചും ഷാബ ഷെരീഫിനെ പ്രതികൾ കൊലപ്പെടുത്തുകയായിരുന്നു.
by Midhun HP News | Mar 20, 2025 | Latest News, കേരളം
കാസര്‍കോട്: വാങ്ങിയത് വെറും കവറുകള്‍, അതിനുള്ളില്‍ പണം. കാസര്‍കോടുള്ള ബുക്ക് സ്റ്റോറില്‍ നിന്നും 50 കവര്‍ (എന്‍വലപ്പ്) വാങ്ങിയ സ്ത്രീ അതിനുള്ളില്‍ കറന്‍സി കണ്ട് അമ്പരന്നു. അന്‍പത് കവറുകളില്‍ 24 എണ്ണത്തിലും പത്ത് രൂപയുടെ പുത്തന്‍ നോട്ടുകളായിരുന്നു ഉണ്ടായിരുന്നത്. അമ്പരപ്പ് മാറും മുന്‍പ് അവര്‍ കവര്‍ വാങ്ങിയ കടക്കാരനെ സമീപിച്ചു. കഥയറിഞ്ഞ് കടക്കാരനും അമ്പരന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് ആന്വേഷിച്ചു. ഇതോടെയാണ് കവറില്‍ പണം പ്രത്യക്ഷപ്പെട്ടതിന് പിന്നിലെ കഥ പുറത്തറിഞ്ഞത്.
ദിവസങ്ങള്‍ക്ക് മുന്‍പ് മറ്റൊരു വ്യക്തി ഇതേ ബുക്ക് സ്റ്റോറില്‍ നിന്നും 800 കവറുകള്‍ വാങ്ങിയിരുന്നു. അതില്‍ കുറച്ച് പിന്നീട് തിരികെ നല്‍കുകയും ചെയ്തു. ഇത്തരത്തില്‍ മടങ്ങിയത്തിയ കവറുകളായിരുന്നു പിന്നീട് വില്‍പന നടത്തിയത്. ഇത്തരത്തില്‍ മടങ്ങിയയെത്തിയ നൂറോളം കവറുകളിലായി 920 രൂപയോളം ഉണ്ടായിരുന്നു എന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തു. തിരികെ ലഭിച്ചപ്പോള്‍ ഉള്ളില്‍ എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിച്ചില്ലെന്നും ഉടമ പറയുന്നു.
പണം കണ്ടെത്തിയ വിഷയം മുന്‍പ് കവര്‍ വാങ്ങിയ വ്യക്തിയെ അറിയിച്ച് ബുക്ക് സ്റ്റോര്‍ ഉടമ ലഭിച്ച പണം കൈമാറുകയും ചെയ്തു. വിശ്വാസപരമായ ഏതോ ചടങ്ങിന്റെ ഭാഗമായാണ് ഇത്തരത്തില്‍ കവറുകളില്‍ പണം നിക്ഷേപിച്ചത് എന്നാണ് വിലയിരുത്തല്‍.
എന്നാല്‍, അനര്‍ഹമായത് സ്വന്തമാക്കാന്‍ മുതിരാതെ തങ്ങള്‍ക്ക് മുന്നിലെത്തിയ പണം തിരികെ നല്‍കി കടക്കാരനും സ്ത്രീയും മാതൃകയായപ്പോള്‍, കവര്‍ വാങ്ങി ഭാഗ്യം പരീക്ഷിക്കുകയാണ് മറ്റ് ചിലര്‍. കവര്‍ വാങ്ങിയവര്‍ക്ക് പണം ലഭിക്കുന്നു എന്ന വാര്‍ത്ത പടര്‍ന്നതോടെ കടയില്‍ കവറിന്റെ ഡിമാന്‍ഡ് വര്‍ധിച്ചതായും സ്റ്റോര്‍ ഉടമ പറയുന്നു.
Recent Comments