‘കൂട്ടുകാരിക്ക് നല്‍കിയ കുറിപ്പ് അധ്യാപികയ്ക്ക് കിട്ടി’; 10, 12 വയസ്സുള്ള കുട്ടികള്‍ പീഡനത്തിനിരയായി; അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

‘കൂട്ടുകാരിക്ക് നല്‍കിയ കുറിപ്പ് അധ്യാപികയ്ക്ക് കിട്ടി’; 10, 12 വയസ്സുള്ള കുട്ടികള്‍ പീഡനത്തിനിരയായി; അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

കൊച്ചി: എറണാകുളം കുറുപ്പംപടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍. അയ്യമ്പുഴ സ്വദേശിയായ യുവാവാണ് കുറുപ്പംപടി പൊലീസിന്റെ പിടിയിലായത്. പന്ത്രണ്ടും പത്തും വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെയാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഇയാള്‍ പീഡിപ്പിച്ചത്.

അമ്മയും രണ്ട് പെണ്‍കുട്ടികളും ഏറെ നാളായി കുറുപ്പംപടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വാടകയ്ക്ക് താമസിക്കുകയാണ്. അമ്മയുടെ സുഹൃത്താണ് പിടിയിലായ യുവാവ്. ലോറി ഡ്രൈവറായ ഇയാള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഈ വീട്ടില്‍ വരാറുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. 2023 മുതല്‍ കഴിഞ്ഞ ഫെബ്രുവരി വരെ ഇയാള്‍ ശാരീരിക ചൂഷണത്തിന് ഇരയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഉപദ്രവത്തെക്കുറിച്ച് പെണ്‍കുട്ടികളിലൊരാള്‍ കൂട്ടുകാരിക്ക് എഴുതിയ കുറിപ്പ് അധ്യാപികയ്ക്ക് കിട്ടി. തുടര്‍ന്ന് അധ്യാപികയാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. തുടര്‍ന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രണ്ടു വര്‍ഷമായി ഇയാള്‍ പീഡിപ്പിച്ച സംഭവത്തില്‍ അമ്മയ്ക്ക് അറിവുണ്ടായിരുന്നോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഫുള്‍ ടൈം എസി ഇട്ടാല്‍ ‘പണിയാകുമോ’? എങ്ങനെ വൈദ്യുതി ചെലവ് കുറയ്ക്കാം?

ഫുള്‍ ടൈം എസി ഇട്ടാല്‍ ‘പണിയാകുമോ’? എങ്ങനെ വൈദ്യുതി ചെലവ് കുറയ്ക്കാം?

ചൂട് കൂടുന്നതോടെ ഓഫീസുകളിലും വീടുകളിലും എയര്‍ കണ്ടീഷണറു(എസി)കളുടെ ഉപയോഗവും കൂടും. ഉപയോഗം കൂടുന്നതോടെ വൈദ്യുതി ബില്ലിലും വര്‍ധനവുണ്ടാകും. എന്നാല്‍ ദിവസം മുഴുവനും എസി പ്രവര്‍ത്തിപ്പിച്ചാലും വൈദ്യുതി ചെലവ് കൂടാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

എസി ആവശ്യത്തിനനുസരിച്ച് മാത്രം ഉപയോഗിക്കുക. എസി പ്രവര്‍ത്തിക്കുമ്പോള്‍ ഒരു നിശ്ചിത നിലയില്‍ താപനില ക്രമീകരിച്ചാല്‍ വലിയ വൈദ്യുതി ബില്ലുകള്‍ ഒഴിവാക്കാന്‍ സാധിക്കും. എസിയില്‍ താപനില കുറയ്ക്കുന്നതിനനുസരിച്ചാണ് വൈദ്യുതി ചെലവ് കൂടുന്നത്. ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി (ബിഇഇ) പറയുന്നതനുസരിച്ച് എസി 24 ഡിഗ്രി സെല്‍ഷ്യസില്‍ ക്രമീകരിക്കുന്നതാണ് നല്ലത്. ഇത് വൈദ്യുതി ബില്‍ വലിയ തോതില്‍ കൂട്ടില്ല. അതുകൊണ്ട് തന്നെ ഈ താപനിലയായിരിക്കും മിക്ക എസികളിലും ഡിഫോള്‍ട്ടായി കൊടുത്തിരിക്കുന്നത്. വൈദ്യുതി ചെലവ് നിയന്ത്രിക്കാന്‍ സഹായിക്കുക മാത്രമല്ല, ആരോഗ്യത്തിനും നല്ലതാണ്. എന്നാല്‍ ആവശ്യത്തിനുസരിച്ച് 24 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് കൂട്ടി 26, 27 താപനിലയില്‍ എസി സെറ്റ് ചെയ്യുന്നത് നല്ല രീതിയില്‍ വൈദ്യുതി ഉപഭോഗം കുറയ്ക്കും. എന്നാല്‍ താപനില കുറയ്ക്കുമ്പോള്‍ ഓരോ ഡിഗ്രിയിലും നിങ്ങളുടെ ബില്‍ ഏകദേശം 10 മുതല്‍ 12 ശതമാനം വരെ ഉയരും.

ഉയര്‍ന്ന വൈദ്യുതി ബില്ലുകള്‍ക്ക് കാരണമാകുന്ന മറ്റ് ഘടകങ്ങള്‍

ഉയര്‍ന്ന വൈദ്യുതി ബില്ലുകള്‍ക്കു കാരണം എസി കുറഞ്ഞ താപനിലയില്‍ പ്രവര്‍ത്തിക്കുന്നത് മാത്രമല്ല. കുറഞ്ഞ സ്റ്റാര്‍ റേറ്റിങ്ങുള്ള എസികള്‍ വൈദ്യുതി ഉപഭോഗം കൂട്ടും. ഉയര്‍ന്ന റേറ്റിങ്ങുള്ള എസികള്‍ കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്നു. എസി ഇട്ടിരിക്കുന്ന മുറിയില്‍ വാതിലുകള്‍ക്കിടയില്‍ വലിയ വിടവോ അല്ലെങ്കില്‍ തണുപ്പ് പുറത്തേക്ക് പോകാനുള്ള സാഹചര്യമോ ഉണ്ടെങ്കില്‍ എസിയുടെ പ്രവര്‍ത്തനം കൂടും. എസി വാങ്ങുമ്പോള്‍ മുറിയുടെ വലുപ്പം അനുസരിച്ച് എസി 1 ടണ്‍, 1.5 ടണ്‍ എന്നിങ്ങനെ എസികള്‍ വാങ്ങാനും ശ്രദ്ധിക്കാം.

അഴിമതിക്കാരുടെ പട്ടികയില്‍ നൂറിലേറെ സര്‍ക്കാര്‍ ജീവനക്കാര്‍; വിജിലന്‍സിന്റെ ‘ക്ലോസ് വാച്ച്’

അഴിമതിക്കാരുടെ പട്ടികയില്‍ നൂറിലേറെ സര്‍ക്കാര്‍ ജീവനക്കാര്‍; വിജിലന്‍സിന്റെ ‘ക്ലോസ് വാച്ച്’

കൊച്ചി: ജില്ലയിലെ അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന് സംശയിക്കുന്നവരുടെ പട്ടിക തയ്യാറാക്കി എറണാകുളം ജില്ലാ വിജിലന്‍സ് സ്‌ക്വാഡ്. സര്‍ക്കാര്‍ ഓഫീസിലെ അഴിമതിവീരന്‍മാരെ കണ്ടെത്തുന്നതിനായി സാമൂഹ്യപ്രവര്‍ത്തകരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായി വിജിലന്‍സ് എസ്പി എസ് ശശിധരന്‍ പറഞ്ഞു.

അഴിമതിക്കാരെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥരുടെ പട്ടികയില്‍ നൂറിലധികം പേരുണ്ടെന്ന് വിജിലന്‍സ് എസ്പി എസ് ശശിധരന്‍ പറഞ്ഞു. ‘ഈ ഉദ്യോഗസ്ഥര്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ളവരാണ്. ഭൂരിഭാഗവും തദ്ദേശ സ്വയംഭരണം, റവന്യൂ, മോട്ടോര്‍ വാഹന വകുപ്പ്, പൊലീസ്, എക്സൈസ് വകുപ്പുകളില്‍ നിന്നുള്ളവരാണ്. തിരുവനന്തപുരത്ത് കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരും കൊച്ചിയില്‍ പിടിക്കപ്പെട്ട റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറും ഞങ്ങളുടെ പട്ടികയില്‍ ഉണ്ടായിരുന്നു,’ ശശിധരന്‍ പറഞ്ഞു.

വകുപ്പുകളില്‍ നിന്ന് ശേഖരിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെയും സാമൂഹിക പ്രവര്‍ത്തകര്‍ ഉള്‍പ്പടെ നല്‍കിയ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ‘പട്ടികയില്‍പ്പെട്ട ഉദ്യോഗസ്ഥരെ ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നു, അവരുടെ സാമ്പത്തിക ഇടപാടുകള്‍ ട്രാക്ക് ചെയ്യുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് അഴിമതി ഇല്ലാതാക്കുക, പൗരന്മാര്‍ക്ക് സേവനങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് ഞങ്ങളുടെ ആത്യന്തിക ലക്ഷ്യം,’ എസ്പി പറഞ്ഞു.

2021 മുതല്‍, ജില്ലയിലെ 44 സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ വിജിലന്‍സ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായ മറ്റൊരു വിജിലന്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ എട്ടുപേരും ഉള്‍പ്പെടുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതിയുമായി ബന്ധപ്പെട്ട പതിനൊന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം പറഞ്ഞു. മൂന്ന് മാസത്തിനിടെ ഏഴ് ജീവനക്കാരാണ് അറസ്റ്റിലായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെതില്‍ നിന്നും വ്യത്യസ്തമായി അഴിമതി ചൂണ്ടിക്കാണിക്കുന്നവരുടെ എണ്ണത്തില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്. അഴിമതിക്കേസുകളില്‍ ഉദ്യോഗസ്ഥരെ കൈയോടെ പിടികൂടുന്നതും കുറ്റക്കാര്‍ക്കെതിരെ സ്വീകരിക്കുന്ന വിജിലന്‍സ് നടപടികളും ഇതിന് കാരണമായതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 98 പേരാണ് കൈകക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടത്.

മുതലപ്പൊഴി: റോഡ് ഉപരോധവും പണിമുടക്ക് സമരവും തുടരുന്നു

മുതലപ്പൊഴി: റോഡ് ഉപരോധവും പണിമുടക്ക് സമരവും തുടരുന്നു

അഞ്ചുതെങ്ങ്: മുതലപ്പൊഴി അഴിമുഖത്ത് അനിയന്ത്രിതമായി രൂപപ്പെട്ട മണൽത്തിട്ട മൂലം വള്ളങ്ങൾക്ക് കടലിലേക്കിറങ്ങാനാകാത്ത സാഹചര്യത്തിൽ പ്രതിഷേധിച്ച് സംഘടിപ്പിക്കുന്ന റോഡ് ഉപരോധവും പണിമുടക്ക് സമരവും തുടരുന്നു. ഹാർബറിന്റെ ഇരുകരയിലുമുള്ള തൊഴിലാളികൾ സംയുക്തമായാണ് ഇന്ന് രാവിലെ 6 മുതൽ ഉപരോധസമരം സംഘടിപ്പിക്കുന്നത്. റോഡ് ഉപരോധത്തിന്റെ ഭാഗമായി പെരുമാതുറ, മുതലപ്പൊഴി പാലം, പൂത്തുറ, അഴൂർ കടവ് ഭാഗങ്ങളിൽ വാഹനങ്ങൾ തടഞ്ഞിരുന്നു.

മാസങ്ങൾക്ക് മുമ്പു തന്നെ അഴിമുഖത്ത് മണലടിഞ്ഞ് കൂടുന്ന പ്രതിഭാസം ശക്തമാണ്. ഹാർബറിന്റെ വടക്കേ പുലിമുട്ടിനു സമീപം തോടിന് സമാനമായ ഭാഗത്തു കൂടിയാണ് കഴിഞ്ഞ ദിവസം വരെ വള്ളങ്ങൾ കടലിലേക്ക് പോയതും തിരികെ വന്നതും. എന്നാൽ ഇന്നലെ ഈ ഭാഗം കൂടി മണൽ മുടി ആഴം കുറഞ്ഞതോടെ വലിയ വള്ളങ്ങൾക്ക് കടലിലേക്ക് ഇറങ്ങുന്നതിന് തടസം നേരിടുന്ന അവസ്ഥയാണ്.

കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിനായി പുറപ്പെട്ട അജ്‌മീർ എന്ന വലിയവള്ളം അഴിമുഖത്ത് മണൽത്തിട്ടയിൽ കുടുങ്ങിയിരുന്നു. തുടർന്ന്, മറ്റൊരു വള്ളത്തിൽ കെട്ടിവലിച്ചാണ് അപകടത്തിൽപ്പെട്ട വള്ളത്തെ നീക്കിയത്.

കടലിലേക്ക് വെള്ളം ഇറക്കാനാവാതെ വന്ന തോടെ ഹാർബറിലെത്തിയ തൊഴിലാളികൾക്ക് ജോലിക്ക്പോകാനായില്ല. ഇത് പ്രതിഷേധത്തിന് വഴിതെളിച്ചു. പ്രതിഷേധം ശക്തമായതിനു പിന്നാലെ ഉച്ചയോടെ എസ്കവേറ്റർ മുതലപ്പൊഴിയിലെത്തിച്ചെങ്കിലും, 5മീറ്റർ താഴ്ചയിലും 400മീറ്റർ വീതിയിലും മണൽ നീക്കം ചെയ്യണമെന്നിരിക്കെ എസ്കവേറ്റർ ഉപയോഗിച്ചുള്ള മണൽ നീക്കം പ്രഹസനമാണെന്നാരോ പിച്ച് മത്സ്യത്തൊഴിലാളികൾ തടയുകയായിരുന്നു. മണൽ ഡ്രഡ്ജ് ചെയ്ത് നീക്കം ചെയ്യാനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചെങ്കിലും മറ്റ് നടപടി കളിൽ മെല്ലെപ്പോക്ക് തുടരുകയാണ്.

ഡ്രഡ്ലിംഗ് ആവശ്യമായ തുക അദാനി കമ്പനിയാണ് ഹാർബർ വകുപ്പിന് നൽകേണ്ടത്. തുക ലഭി ക്കുന്നതിനുള്ളകാലതാമസമാണ് ഡ്രഡ്ജിംഗിനും തടസമായത്. മണൽനീക്കം ചെയ്യുന്ന പ്രവൃത്തികൾ തുടങ്ങുംവരെ പ്രതിഷേധം ശക്ത മാക്കാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം. പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുവാനായി ഇരുകരകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള മുതലപ്പൊഴി സംരക്ഷണ സമരസമിതിക്കും മത്സ്യത്തൊഴിലാളികൾ രൂപം നൽകിയിട്ടുണ്ട്.

നാട്ടുവൈദ്യൻ ഷാബ ഷെരീഫ് വധക്കേസില്‍ ഇന്ന് വിധി

നാട്ടുവൈദ്യൻ ഷാബ ഷെരീഫ് വധക്കേസില്‍ ഇന്ന് വിധി

മലപ്പുറം: മൈസൂരിലെ പാരമ്പര്യ വൈദ്യന്‍ ഷാബ ഷെരീഫിന്റെ കൊലപാതകത്തില്‍ ഇന്ന് വിധി. മഞ്ചേരി അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പ്രസ്താവിക്കുക. മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫ് ഉള്‍പ്പെടെ 15 പ്രതികളാണ് കേസിലുള്ളത്.

2024 ഫെബ്രുവരിയിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിക്കാതെ വിചാരണ പൂര്‍ത്തിയാക്കിയ കേരളത്തിലെ അപൂര്‍വം കൊലക്കേസില്‍പ്പെട്ടതാണ് ഷാബ ഷെരീഫ് കേസ്. മൃതദേഹമോ മൃതദേഹ ഭാഗങ്ങളോ കണ്ടെത്താന്‍ കഴിയാത്ത കേസില്‍ ശാസ്ത്രീയ പരിശോധന ഫലം നിര്‍ണായകമാകും. കേസില്‍ 80 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. മൈസൂര്‍ സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധന്‍ ഷാബാ ഷരീഫിനെ 2019 ഓഗസ്റ്റിലാണ് നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവരുന്നത്. ഒറ്റമൂലി മരുന്നുകളുടെ രഹസ്യം ചോര്‍ത്തി മരുന്നു വ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ചങ്ങലയ്ക്കിട്ടും ക്രൂരമായി പീഡിപ്പിച്ചും ഷാബ ഷെരീഫിനെ കൊലപ്പെടുത്തുകയായിരുന്നു.

പിടിവിട്ട് സ്വര്‍ണ വില, ഇന്നും കുതിപ്പ്, പവന് 160 രൂപ കൂടി

പിടിവിട്ട് സ്വര്‍ണ വില, ഇന്നും കുതിപ്പ്, പവന് 160 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍. ചരിത്രത്തിലാദ്യമായി 66,000 തൊട്ട സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ഇന്ന് 160 രൂപ വര്‍ധനയോടെ പവന്‍ വില 66,480ലേക്ക് എത്തി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 8310 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ചൊവ്വാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. വെള്ളിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 65,000 കടന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.