ലൈംഗിക പീഡനക്കേസില്‍ ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം

ലൈംഗിക പീഡനക്കേസില്‍ ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ ഒമര്‍ ലുലുവിന് മുന്‍ കൂര്‍ ജാമ്യം. ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി. ഈ പരാതിയില്‍ നെടുമ്പാശേരി പൊലീസാണ് ഒമര്‍ ലുലുവിനെതിരെ കേസെടുത്തത്. എന്നാല്‍ പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നാണ് ഒമര്‍ ലുലുവിന്റെ വാദം.

കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഒമര്‍ ലുലു സിനിമയില്‍ അവസരം നല്‍കാമെന്ന് ധരിപ്പിച്ച് സൗഹൃദം നടിച്ച് വിവിധ സ്ഥലങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതിയില്‍ പറയുന്നത്. യുവതിയുടെ പരാതിയില്‍ എറണാകുളം റൂറല്‍ പൊലീസാണ് ഒമര്‍ ലുലുവിനെതിരെ കേസെടുത്തത്.

കളമശേരിയിലെ മഞ്ഞപ്പിത്ത വ്യാപനം; പ്രഭവ കേന്ദ്രം കിണർവെള്ളം, മന്ത്രി പി രാജീവ്

കളമശേരിയിലെ മഞ്ഞപ്പിത്ത വ്യാപനം; പ്രഭവ കേന്ദ്രം കിണർവെള്ളം, മന്ത്രി പി രാജീവ്

കൊച്ചി: കളമശ്ശേരിയില്‍ മഞ്ഞപ്പിത്ത വ്യാപനം ഉണ്ടായത് ഗൃഹപ്രവേശന ചടങ്ങിനായി ഒത്തുകൂടിയ സ്ഥലത്തു നിന്നെന്ന് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി പി രാജീവ്. ഗൃഹപ്രവേശനം നടന്ന വീട്ടില്‍ ഉപയോഗിച്ച കിണര്‍ വെള്ളമാണ് മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണമായതെന്നും പി രാജീവ് പറഞ്ഞു.

ഗൃഹപ്രവേശന ചടങ്ങിനായി ഒത്തുകൂടിയ സ്ഥലത്തു നിന്നാണ് രോഗവ്യാപനം എന്നാണ് പ്രാഥമിക കണ്ടെത്തല്‍. കളമശ്ശേരിയിലെ 10,12,13 വാര്‍ഡുകളിലാണ് രോഗവ്യാപനം. ഈ വാര്‍ഡുകളില്‍ ക്യാമ്പ് നടത്തുമെന്നും ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

മൂന്ന് വാര്‍ഡുകളില്‍ നിന്നുമായി 13 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഇതില്‍ ചിലരുടെ നില ഗുരുതമാണ്. പത്താം വാര്‍ഡായ പെരിങ്ങഴയിലും പന്ത്രണ്ടാം വാര്‍ഡായ എച്ച്എംടി കോളനി എസ്റ്റേറ്റിലും പതിമൂന്നാം വാര്‍ഡായ കുറുപ്രയിലും നിരവധിപേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ട്. വ്യാപനം തടയാനാവശ്യമായ നടപടികള്‍ തുടരുകയാണെന്ന് നഗരസഭാ ചെയര്‍പേര്‍സണ്‍ അറിയിച്ചു. വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാല്‍ ഐസും ശീതളപാനീയങ്ങളും വില്‍ക്കുന്ന കടകളില്‍ നഗരസഭാ ആരോഗ്യവിഭാഗത്തിനൊപ്പം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും പരിശോധനകളും നടക്കുന്നുണ്ട്.

കൈ കഴുകുന്നതും പാത്രം കഴുകുന്നതും ശുദ്ധജലത്തിലാക്കാന്‍ ശീലിക്കണമെന്നും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ എന്നും ആരോഗ്യ വിദഗ്ധര്‍ ആവര്‍ത്തിച്ചു. ശുചിമുറി മാലിന്യം കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകളും രോഗവ്യാപനത്തിന് കാരണമായേക്കാം.

‘സംസാരിക്കാനാവുന്നില്ല,’ഓര്‍മ്മ ഉണ്ട് ‘; എംടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് കാരശ്ശേരി

‘സംസാരിക്കാനാവുന്നില്ല,’ഓര്‍മ്മ ഉണ്ട് ‘; എംടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് കാരശ്ശേരി

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കഥാകൃത്തും നോവലിസ്റ്റുമായ എംടി വാസുദേവന്‍ നായരുടെ നില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഗുരുതരാവസ്ഥയില്‍ തന്നെയാണെന്ന് എഴുത്തുകാരന്‍ എം എന്‍ കാരശ്ശേരി. അദ്ദേഹം ഐസിയുവിലാണ്. അദ്ദേഹത്തിന് ഓര്‍മ്മയുണ്ട്. പക്ഷേ സംസാരിക്കാനോ ശരീരം ചലിപ്പിക്കാനോ ഉള്ള ശേഷി എംടിക്ക് ഇല്ലെന്നും എം എന്‍ കാരശ്ശേരി പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എംടിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു എം എന്‍ കാരശ്ശേരി.

‘എംടി ഐസിയുവിലാണ്. രണ്ടുദിവസം മുന്‍പ് അഡ്മിറ്റ് ചെയ്തത് ശ്വാസതടസ്സത്തെ തുടര്‍ന്നാണ്. ശ്വാസതടസ്സം മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും പറയാവുന്ന കാര്യം ഗുരുതരാവസ്ഥയിലാണ്. ഞാന്‍ കാണുമ്പോള്‍ അദ്ദേഹം ഓക്‌സിജന്‍ മാസ്‌ക് വച്ച് കണ്ണടച്ച് കിടക്കുകയാണ്.നഴ്‌സിനോട് ചോദിച്ചു ഉറങ്ങുകയാണോ എന്ന്. നഴ്‌സ് പറഞ്ഞു ഉറങ്ങുകയല്ല, വിളിച്ചോളൂ എന്ന് പറഞ്ഞു. തോളത്ത് തട്ടി ഞാന്‍ വിളിച്ചു. ഇന്ന ആളാണ് ഞാന്‍ എന്ന് പറഞ്ഞു.ഒരു പ്രതികരണവുമില്ല. നഴ്‌സ് വന്ന് വിളിച്ച് ഇന്ന ആള് കാണാന്‍ വന്നിട്ടുണ്ട് എന്ന് പറഞ്ഞു. അപ്പോഴും പ്രതികരണമില്ല. അദ്ദേഹത്തിന്റെ ശരീരത്തില്‍ പ്രാണവായു കുറവാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്’- എം എന്‍ കാരശ്ശേരി പറഞ്ഞു.

‘ഹൃദയസ്തംഭനം’; എംടി വാസുദേവന്‍ നായര്‍ അതീവഗുരുതരാവസ്ഥയില്‍

‘ഹൃദയസ്തംഭനം’; എംടി വാസുദേവന്‍ നായര്‍ അതീവഗുരുതരാവസ്ഥയില്‍

കോഴിക്കോട്: എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ദിവസങ്ങള്‍ക്ക് മുന്‍പ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംടിക്ക് ഹൃദയസ്തംഭനം ഉണ്ടായതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ അധികൃതര്‍ അറിയിച്ചു. ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന എംടിയുടെ ഓക്‌സിജന്‍ ലെവല്‍ താഴെയാണ്. ഓക്‌സിജന്‍ സപ്പോര്‍ട്ടിലാണ് എംടി ചികിത്സയില്‍ കഴിയുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എംടിയെ വിദഗ്ധ സംഘം നിരീക്ഷിച്ച് വരികയാണ്. എല്ലാവിധ ചികിത്സയും ഉറപ്പാക്കിയിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഈ മാസം 15നാണ് ശ്വാസതടസ്സത്തെ തുടര്‍ന്ന് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറെ നാളുകളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം വിശ്രമത്തിലാണ്. ഒരുമാസം മുന്‍പ് ശ്വാസതടസ്സവും ന്യൂമോണിയയും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്നും ആരോഗ്യനില വഷളായിരുന്നു. ദിവസങ്ങള്‍ നീണ്ട ചികിത്സയെ തുടര്‍ന്ന് ന്യൂമോണിയ മാറി ആശുപത്രി വിട്ട് ജീവിതത്തിലേക്ക് തിരിച്ചുവന്ന എംടി വീട്ടില്‍ വിശ്രമജീവിതം നയിച്ച് വരികയായിരുന്നു. അതിനിടെയാണ് വീണ്ടും ശ്വാസംതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അഞ്ചു വയസ്സുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: അച്ഛന്റെയും രണ്ടാനമ്മയുടേയും ശിക്ഷാവിധി ഇന്ന്

അഞ്ചു വയസ്സുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: അച്ഛന്റെയും രണ്ടാനമ്മയുടേയും ശിക്ഷാവിധി ഇന്ന്

തൊടുപുഴ: ഇടുക്കി കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. ഷെഫീക്കിന്റെ പിതാവ് ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവരാണ് പ്രതികള്‍. ഇടുക്കി ഒന്നാം ക്ലാസ് അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്.

സംഭവം നടന്ന് 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുറ്റകൃത്യത്തില്‍ വിധി പ്രസ്താവിക്കുന്നത്. പട്ടിണിക്കിട്ടും ക്രൂരമായി മര്‍ദ്ദിച്ചും കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കേസ്. 2013 ജൂലൈ 15 നാണ് ക്രൂരമര്‍ദ്ദനമേറ്റ കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ മെഡിക്കല്‍ തെളിവുകളുടേയും സാഹചര്യ തെളിവുകളുടേയും സഹായത്തോടെയാണ് പൊലീസ് വാദം പൂര്‍ത്തിയാക്കിയത്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് കുട്ടി ജീവിതത്തിലേക്ക് തിരികെയെത്തിയത്. എന്നാല്‍ തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്.

വിട്ടുമാറാത്ത കൈമുട്ടുവേദന; ശസ്ത്രക്രിയയിൽ പുറത്തെടുത്തത് 25 വർഷം മുൻപ് കടിച്ച പട്ടിയുടെ പല്ല്

വിട്ടുമാറാത്ത കൈമുട്ടുവേദന; ശസ്ത്രക്രിയയിൽ പുറത്തെടുത്തത് 25 വർഷം മുൻപ് കടിച്ച പട്ടിയുടെ പല്ല്

ആലപ്പുഴ: വിട്ടുമാറാത്ത കൈമുട്ടു വേദനയുമായി എത്തിയ ആളുടെ കയ്യിൽ നിന്ന് പട്ടിയുടെ പല്ല് പുറത്തെടുത്തു. തണ്ണീര്‍മുക്കം കുട്ടിക്കല്‍ വൈശാഖിന്റെ കയ്യിൽ നിന്നാണ് ഓപ്പറേഷനിലൂടെ പല്ല് പുറത്തെടുത്തത്. 25 വർഷം മുൻപ് കടിച്ച പട്ടിയുടെ പല്ല് വൈശാഖിന്റെ കയ്യിൽ തറഞ്ഞിരിക്കുകയായിരുന്നു.

കൈമുട്ടുവേദനയുമായാണ് വൈശാഖ് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിയത്. മുട്ടിന്റെ ഭാഗത്ത് തൊലിക്കടിയില്‍ ചെറിയ മുഴ രൂപപ്പെട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇത് നീക്കം ചെയ്യാനായി നടത്തിയ ഓപ്പറേഷനിലാണ് സര്‍ജന്‍ ഡോ മുഹമ്മദ് മുനീറിന്റെ കണ്ണിൽ പല്ല് തെളിഞ്ഞത്. മുട്ടില്‍ തൊലിയോടു ചേര്‍ന്നാണ് കൂര്‍ത്തപല്ലിന്റെ ഭാഗം കണ്ടെത്തിയത്. ഓപ്പറേഷന് ശേഷമാണ് 25 വർഷം മുൻപ് പട്ടി കടിയേറ്റ വിവരം വൈശാഖ് ഡോക്ടർമാരോട് പങ്കുവെക്കുന്നത്.

36കാരനായ വൈശാഖിനെ 11 -ാം വയസ്സിലാണ് പട്ടികടിക്കുന്നത്. പട്ടികടിയേറ്റസമയത്ത് മുറിവിന് പ്രാഥമിക ചികിത്സമാത്രമേ ചെയ്തിരുന്നുള്ളൂ. മുറിവുണങ്ങിയതിനാല്‍ തുടര്‍ചികിത്സ നടത്തിയില്ല. പ്രധാന ഞരമ്പുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു പല്ലിന്റെ ഭാഗം. വൈശാഖ് ബുധനാഴ്ചതന്നെ ആശുപത്രിവിട്ടു. നഴ്സിങ് ഓഫീസര്‍മാരായ വി. ശ്രീകല, സാന്ദ്രാ സലിം, റിയ എന്നിവര്‍ ശസ്ത്രക്രിയയില്‍ സഹായികളായി.