by Midhun HP News | Sep 3, 2026 | Latest News, കേരളം
ഓപ്പറേഷന്‍ ത്രാളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് അണിയറ പ്രവര്‍ത്തകര്‍. ഓപ്പറേഷന്‍ ത്രാള്‍ ആര്‍എസ്എസ് അനുഭവമുള്ള സിനിമായണെന്നുള്ള സൗണ്ട് ഡിസൈനര്‍ അജയന്‍ അടാട്ടിന്റെ കമന്റ് വിവാദമായിരുന്നു. അജയന് മറുപടിയുമായി സംവിധായകന്‍ രതീഷ് വേഗയും നേരത്തെ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് പത്രക്കുറിപ്പിലൂടെ അണിയറ പ്രവര്‍ത്തുകരുടെ ഔദ്യോഗിക പ്രതികരണം.

‘ഓപ്പറേഷന്‍ ത്രാള്‍’ ഒരു രാഷ്ട്രീയ പ്രചാരണ സിനിമയല്ല. രാജ്യത്തെ സംരക്ഷിക്കുന്നതില്‍ അടങ്ങിയിരിക്കുന്ന ധീരതയെയും പ്രതിബദ്ധതയെയും ത്യാഗങ്ങളെയും ആദരിക്കുക എന്ന ലക്ഷ്യത്തോടെ, യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിര്‍മ്മിച്ച ഒരു കഥയാണിതെന്നാണ് പത്രക്കുറിപ്പില്‍ പറയുന്നത്. ചലച്ചിത്ര രംഗത്ത് നിന്ന് അവാര്‍ഡ് നേടിയിട്ടുള്ള ഒരു വ്യക്തിയില്‍ നിന്ന് ഇത്തരമൊരു കമന്റ് വന്നത് ഏറെ ദൗര്‍ഭാഗ്യകരമായി തോന്നുന്നുവെന്നും അവര്‍ പറയുന്നു.

ഓപ്പറേഷന്‍ ത്രാള്‍’ ടീമില്‍ നിന്നുള്ള ഔദ്യോഗിക പത്രക്കുറിപ്പ്
‘ഓപ്പറേഷന്‍ ത്രാള്‍’ എന്നത് ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ദേശീയ സുരക്ഷ, ധീരത, അതുപോലെ രാജ്യത്തിനു വേണ്ടി സ്വന്തം ജീവന്‍ പോലും മാറ്റിവെക്കുന്ന മനുഷ്യരുടെ കഥ പറയുന്നതുമായ ഒരു സിനിമയാണ്. നമ്മുടെ ദേശീയ അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നാണ് ‘ഓപ്പറേഷന്‍ ത്രാള്‍’ ആശയം ഉള്‍ക്കൊണ്ടിട്ടുള്ളത്. എല്ലാറ്റിനും ഉപരിയായി ഇന്ത്യയെക്കുറിച്ചും, ഇവിടുത്തെ ജനങ്ങളെക്കുറിച്ചും, രാജ്യത്തെ സേവിക്കുന്നവരുടെ ആത്മവീര്യത്തെക്കുറിച്ചുമുള്ള ഒരു കഥ പറയാനാണ് ഈ സിനിമ ശ്രമിക്കുന്നത്.
അതുകൊണ്ടുതന്നെ, ഈ സിനിമയുമായി ബന്ധപ്പെട്ട ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെ, ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കുന്ന തരത്തില്‍ അധിക്ഷേപകരവും രാഷ്ട്രീയമായി വിദ്വേഷം നിറഞ്ഞതുമായ കമന്റുകള്‍ വന്നത് തികച്ചും നിരാശാജനകമാണ്. ഓരോരുത്തര്‍ക്കും അവരവരുടെ രാഷ്ട്രീയ അഭിപ്രായങ്ങള്‍ക്കും ആശയപരമായ വിശ്വാസങ്ങളും അഭിപ്രായവ്യത്യാസങ്ങളും പ്രകടിപ്പിക്കാന്‍ അവകാശമുണ്ട്. വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ക്ക് എന്നും നിലനില്‍ക്കാന്‍ കഴിയുന്ന ഒരു ഇടമാണ് സിനിമ. എന്നാല്‍ വിയോജിപ്പുകള്‍ എന്നത് ഒരിക്കലും അധിക്ഷേപകരമോ മോശമോ ആയ ഭാഷ ഉപയോഗിക്കാനുള്ള കാരണമാകരുത്; പ്രത്യേകിച്ച് ഒരു സിനിമയെയും, അതിനുവേണ്ടി സ്വന്തം സമയവും അധ്വാനവും ആത്മാര്‍ത്ഥതയും നല്‍കിയ ആളുകളെയും ലക്ഷ്യമിടുമ്പോള്‍.
ചലച്ചിത്ര രംഗത്ത് നിന്ന് അവാര്‍ഡ് നേടിയിട്ടുള്ള ഒരു വ്യക്തിയില്‍ നിന്ന് ഇത്തരമൊരു കമന്റ് വന്നത് ഏറെ ദൗര്‍ഭാഗ്യകരമായി തോന്നുന്നു. സ്വന്തം കഴിവിനും പ്രവര്‍ത്തനങ്ങള്‍ക്കും അംഗീകാരം ലഭിച്ച ഒരാളില്‍ നിന്നുള്ള പദവിയും അനുഭവസമ്പത്തും, മറ്റുള്ളവരുടെ ജോലിയോടും തെരഞ്ഞെടുപ്പുകളോടും ബഹുമാനം പുലര്‍ത്തുന്നതിലൂടെയാണ് പ്രതിഫലിക്കേണ്ടത്. ‘ഓപ്പറേഷന്‍ ത്രാള്‍’ ഒരു രാഷ്ട്രീയ പ്രചാരണ സിനിമയല്ല. രാജ്യത്തെ സംരക്ഷിക്കുന്നതില്‍ അടങ്ങിയിരിക്കുന്ന ധീരതയെയും പ്രതിബദ്ധതയെയും ത്യാഗങ്ങളെയും ആദരിക്കുക എന്ന ലക്ഷ്യത്തോടെ, യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിര്‍മ്മിച്ച ഒരു കഥയാണിത്.
വ്യത്യസ്തമായ അഭിപ്രായങ്ങളെ ഞങ്ങള്‍ എപ്പോഴും ബഹുമാനിക്കുകയും ഞങ്ങളുടെ സിനിമയെക്കുറിച്ചുള്ള ആരോഗ്യപരമായ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ അധിക്ഷേപങ്ങളെയും വ്യക്തിപരമായ അധിക്ഷേപങ്ങളെയും, ഒരു സിനിമയ്ക്കു പിന്നിലെ ആത്മാര്‍ത്ഥമായ ശ്രമത്തെ വെറുമൊരു രാഷ്ട്രീയ അധിക്ഷേപമായി മാറ്റുന്നതിനെയും ഞങ്ങള്‍ക്ക് പിന്തുണയ്ക്കാന്‍ കഴിയില്ല. ഞങ്ങള്‍ ഞങ്ങളുടെ സിനിമയ്‌ക്കൊപ്പവും, അതിന്റെ ലക്ഷ്യത്തിനൊപ്പവും, ഞങ്ങള്‍ പറയാന്‍ തിരഞ്ഞെടുത്ത കഥയ്‌ക്കൊപ്പവും ഉറച്ചുനില്‍ക്കുന്നു. ഇന്ത്യയ്ക്ക് പ്രഥമസ്ഥാനം. കഥയ്ക്ക് പ്രഥമസ്ഥാനം. ഉറച്ച ബോധ്യത്തോടെയുള്ള സിനിമയ്ക്കും.


by Midhun HP News | Sep 3, 2026 | Latest News, കേരളം
തിരുവനന്തപുരം: ശബരിമലയിൽ തിരുവോണ നാളിൽ അയ്യപ്പഭക്തർക്ക് ഓണസദ്യ നൽകിയതുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറും ദേവസ്വം മന്ത്രി കെ. മുരളീധരനും തമ്മിൽ പരസ്യ വാക്പോര്. ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പിയപ്പോൾ സാധാരണ ഭക്തർക്ക് പുലാവ് മാത്രമാണ് നൽകിയതെന്ന് മന്ത്രി ആരോപിച്ചപ്പോൾ, ശബരിമലയിൽ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും മന്ത്രിക്കു ലഭിച്ചത് തെറ്റായ വിവരമാണെന്നും ബോർഡ് പ്രസിഡന്റ് തിരിച്ചടിച്ചു.

വർഷങ്ങളായി ഉത്രാടം, തിരുവോണം, അവിട്ടം നാളുകളിൽ സന്നദ്ധ സംഘടനകളും മറ്റും ചേർന്ന് ശബരിമലയിലെത്തുന്ന ഭക്തർക്ക് പരമ്പരാഗത രീതിയിൽ ഓണസദ്യ നൽകിവരുന്ന പതിവുണ്ട്. എന്നാൽ ഇത്തവണ സദ്യ വിതരണത്തിൽ വിവേചനവും അനാസ്ഥയും ഉണ്ടായെന്ന വാർത്തകൾ പുറത്തുവന്നതോടെയാണ് വിവാദം പുകഞ്ഞത്.
ശബരിമലയിൽ ഓണസദ്യ വിതരണത്തിൽ വീഴ്ചയുണ്ടായെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സത്യവിരുദ്ധമാണെന്ന് ടിഡിബി പ്രസിഡന്റ് കെ ജയകുമാർ വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. പൂർണ്ണ ഉത്തരവാദിത്തത്തോടെയാണ് താനിത് വ്യക്തമാക്കുന്നത്. തിരുവോണ ദിനത്തിൽ 3,000-ത്തോളം പേർക്ക് പരമ്പരാഗത സദ്യ നൽകിയിട്ടുണ്ട്. പലരും പലരെയും തെറ്റിദ്ധരിപ്പിച്ചതിന്റെ ഭാഗമായാണ് മന്ത്രിക്കും തെറ്റായ റിപ്പോർട്ട് ലഭിച്ചത്. സംഭവത്തിൽ യാതൊരു തരത്തിലുള്ള ഭരണപരമായ വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും എന്താണ് സംഭവിച്ചതെന്ന് സർക്കാരിനോട് വിശദീകരിക്കാൻ ബോർഡിന് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻകാലങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ സന്നദ്ധത പ്രകടിപ്പിച്ചാണ് സദ്യ നടത്തിപ്പിൽ പങ്കാളികളായിരുന്നത്. എന്നാൽ ഇത്തവണ അവരെ നിർബന്ധിക്കാൻ സാധിക്കില്ലായിരുന്നു. മേൽശാന്തിയും താല്പര്യം കാണിക്കാതിരുന്ന സാഹചര്യത്തിലാണ് ദേവസ്വം ബോർഡ് നേരിട്ട് സദ്യയൊരുക്കാനുള്ള ചുമതല ഏറ്റെടുത്തതെന്നും ജയകുമാർ കൂട്ടിച്ചേർത്തു.

എന്നാൽ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ വിശദീകരണത്തെ പൂർണ്ണമായും തള്ളിക്കളയുന്ന നിലപാടാണ് മന്ത്രി കെ. മുരളീധരൻ സ്വീകരിച്ചത്. ശബരിമലയിൽ രണ്ട് തരം ഭക്ഷണമാണ് വിളമ്പിയതെന്ന് തെളിയിക്കുന്ന ഫോട്ടോകൾ ഉൾപ്പെടെ നിരവധി ഭക്തർ തനിക്ക് അയച്ചുതന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ബോർഡിന് എന്തും അവകാശപ്പെടാമെങ്കിലും കാര്യങ്ങൾ നടന്നത് അങ്ങനെയല്ല.

ചോറിലേക്ക് മഞ്ഞക്കറി ഒഴിച്ച് നൽകിയതിനെയാണ് അവർ ‘പുലാവ്’ എന്ന് വിശേഷിപ്പിച്ചത്. ഭക്തർക്ക് വിളമ്പുന്ന ഓണസദ്യ ഇങ്ങനെയല്ല ഉണ്ടാക്കേണ്ടത്. ഉത്രാടം, തിരുവോണം, അവിട്ടം നാളുകളിൽ പതിവായി നടന്നുപോന്നിരുന്ന ആചാരപരമായ സദ്യ തിരുവോണ ദിനത്തിലേക്ക് മാത്രമായി വെട്ടിച്ചുരുക്കിയെന്നും മന്ത്രി കുറ്റപ്പെടുത്തി. പരമ്പരാഗതമായി തുടർന്നുപോരുന്ന രീതികൾ അട്ടിമറിച്ചതുകൊണ്ട് എന്ത് നേട്ടമാണുണ്ടായത്? ദേവസ്വം ബോർഡ് ഈ അബദ്ധം തിരുത്താൻ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും തമ്മിലുള്ള ബന്ധം പുതിയ തർക്കത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.

by Midhun HP News | Sep 3, 2026 | Latest News, കേരളം
ആലപ്പുഴ: മോഷ്ടിച്ച ബൈക്കുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തെറ്റായ ദിശയിൽ അമിതവേഗത്തിലെത്തിയ ബൈക്ക് അപകടത്തിൽപ്പെട്ട് രണ്ട് യുവാക്കൾ മരിച്ചു. ബൈക്കിലുണ്ടായിരുന്ന മൂന്നാമനായ സുഹൃത്ത് അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ സബീൻ, റിൻഷാദ് എന്നിവരാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെ ആലപ്പുഴ കൈചൂണ്ടിമുക്കിലായിരുന്നു സംഭവം. മണ്ണഞ്ചേരി സ്വദേശിയായ പ്രമോദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ബൈക്കാണ് യുവാക്കൾ മോഷ്ടിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

മൂന്ന് യുവാക്കളുമായി ഹെൽമെറ്റ് പോലും ധരിക്കാതെ അമിതവേഗത്തിലാണ് ബൈക്ക് പാഞ്ഞെത്തിയത്. തെറ്റായ ദിശയിലൂടെ വന്ന വാഹനം റോഡിൽ നിന്ന തെരുവുനായയെ ഇടിച്ചതോടെ നിയന്ത്രണം പൂർണ്ണമായി നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് എതിരെ വന്ന മറ്റൊരു ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ സബീനും റിൻഷാദും തൽക്ഷണം രക്തംവാർന്ന് മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഇവരുടെ സുഹൃത്തിനെ ഉടൻ തന്നെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലച്ചോറിലും ആന്തരികാവയവങ്ങളിലും ഗുരുതരമായ രക്തസ്രാവമുള്ളതിനാൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇയാളുടെ ജീവൻ നിലനിർത്തുന്നത്. അപകടത്തിൽപ്പെട്ട രണ്ടാമത്തെ ബൈക്കിലുണ്ടായിരുന്ന രണ്ട് യാത്രക്കാർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരും ആശുപത്രിയിൽ ചികിത്സയിലാണ്.

അപകടസ്ഥലത്ത് നടത്തിയ പരിശോധനയിൽ റോഡിൽ ചിതറിവീണ നിലയിൽ നിരവധി സിഗരറ്റ് പാക്കറ്റുകൾ പൊലീസ് കണ്ടെടുത്തു. വാഹനാപകടത്തിന് തൊട്ടുമുൻപായി പ്രദേശത്തെ ഒരു പെട്ടിക്കട കുത്തിത്തുറന്ന് യുവാക്കൾ സിഗരറ്റ് മോഷ്ടിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനുപിന്നാലെയാണ് ബൈക്കിൽ അതിവേഗം കടന്നുകളയാൻ ശ്രമിച്ചതും ദുരന്തം സംഭവിച്ചതും. അപകടത്തിൽ ആലപ്പുഴ നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു.


by Midhun HP News | Sep 3, 2026 | Latest News, കേരളം
കെഎസ്എഫ്ഇ ചിട്ടി എന്ന് കേള്‍ക്കാത്ത മലയാളികള്‍ കുറവായിരിക്കും. കെഎസ്എഫ്ഇയുടെ ഏറ്റവും ആകര്‍ഷകമായ സ്‌കീം ചിട്ടി തന്നെയാണ്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നടക്കുന്ന ഒരേയൊരു ചിട്ടി സ്ഥാപനമാണ് കെഎസ്എഫ്ഇ. എന്നാല്‍ വിളിച്ചെടുക്കാനുള്ള ബുദ്ധിമുട്ടും കനത്ത ജാമ്യ വ്യവസ്ഥയും കാരണം പലരും കെഎസ്എഫ്ഇ ചിട്ടികളില്‍ നിന്ന് അകന്നു നില്‍ക്കാറുണ്ട്.

എന്നാല്‍ ചിട്ടി വിളിച്ചെടുക്കുന്നവര്‍ക്ക് ജാമ്യ വ്യവസ്ഥയില്‍ വന്‍ ഇളവ് നല്‍കുന്ന ഒരു ആകര്‍ഷകമായ സ്‌കീം കെഎസ്എഫ്ഇയ്ക്ക് ഉണ്ട്. കെഎസ്എഫ്ഇയുടെ ‘ ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇന്‍ ട്രസ്റ്റ് ‘ സ്‌കീം വഴി ആകര്‍ഷകമായ 8.5 ശതമാനം പലിശ ലഭിക്കും. സാധാരണനിലയില്‍ ഒരു കെഎസ്എഫ്ഇ ചിട്ടി വിളിച്ചെടുക്കുക എന്നത് സാധാണക്കാര്‍ക്ക് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതിനു കാരണം കടുത്ത ജാമ്യ വ്യവസ്ഥകള്‍ തന്നെയാണ്.

ചിട്ടി വിളിച്ചെടുത്താല്‍ ബാക്കിയുള്ള മാസങ്ങളിലെ പ്രതിമാസ തവണകള്‍ വിളിച്ചെടുക്കുന്നവര്‍ കൃത്യമായി അടയ്ക്കുമെന്ന് കെഎസ്എഫ്ഇക്ക് ഉറപ്പ് നല്‍കേണ്ടതുണ്ട്. ഇത് ഉറപ്പിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ ജാമ്യം നില്‍ക്കുന്നത് അടക്കമുള്ള ജാമ്യവ്യവസ്ഥകളില്‍ ഏതെങ്കിലും ഒന്ന് പാലിക്കേണ്ടതായി വരും. ജാമ്യ വ്യവസ്ഥകളുടെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ ശമ്പള സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കേണ്ടി വരിക. ജാമ്യ വ്യവസ്ഥകളുടെ ഭാഗമായി വില്ലേജ് ഓഫീസില്‍ നിന്നുള്ള നികുതി രസീത്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, പ്രമാണങ്ങള്‍, ബാങ്കിലോ, കെഎസ്എഫ്ഇയിലോ ഉള്ള സ്ഥിര നിക്ഷേപ രേഖകള്‍, എല്‍ഐസി പോളിസികള്‍, സ്വര്‍ണം, നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചും ചിട്ടി വിളിച്ചെടുക്കാവുന്നതാണ്. ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇന്‍ ട്രസ്റ്റ് സ്‌കീമാണ് പ്രയോജനപ്പെടുത്തുന്നതെങ്കില്‍ ഇതെല്ലാം ഒഴിവാക്കാന്‍ സാധിക്കും.
ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇന്‍ ട്രസ്റ്റ്
മുകളില്‍ പറഞ്ഞ പല നിബന്ധകളും സാധാരണക്കാരെ കൊണ്ട് ഉറപ്പാക്കാന്‍ സാധിച്ചെന്നു വരില്ല. ശമ്പള സര്‍ട്ടിഫിക്കറ്റോ, വസ്തു ജാമ്യമോ പോലുള്ള പരമ്പരാഗത ജാമ്യങ്ങള്‍ നല്‍കാന്‍ സാധിക്കാത്തവര്‍ക്ക്, മറ്റ് പുറത്തുനിന്നുള്ള ജാമ്യങ്ങള്‍ ഒഴിവാക്കാന്‍ ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇന്‍ ട്രസ്റ്റ് സ്‌കീം പ്രയോജനപ്പെടുത്താവുന്നതാണ്. ഈ സ്‌കീം പ്രയോജനപ്പെടുത്തുമ്പോള്‍ ചിട്ടിപ്പണം മുഴുവനായി കൈയിലേക്ക് ഉടന്‍ കിട്ടിയില്ലെന്നു വരാം. പക്ഷെ ജാമ്യം നല്‍കാന്‍ കഴിയാത്തതിന്റെ പേരില്‍ ചിട്ടിപ്പണം കെഎസ്എഫ്ഇയില്‍ കുടുങ്ങില്ലെന്ന് ഉറപ്പിക്കാം.
ഇവിടെ ബാക്കി തുകയ്ക്ക് തുല്യമായ പണം കെഎസ്എഫ്ഇയില്‍ തന്നെ ഒരു പ്രത്യേക നിക്ഷേപമായി നിക്ഷേപിക്കണം. ഉദാഹരണത്തിന് 5 ലക്ഷം രൂപയുടെ ഒരു ചിട്ടി വിളിച്ചെടുത്തെന്ന് കരുതുക. ഭാവി ബാധ്യത (ബാക്കി അടയ്ക്കാനുള്ള തുക) 3 ലക്ഷം രൂപയാണെന്ന് കരുതുക. ഈ 3 ലക്ഷം രൂപ കെഎസ്എഫ്ഇ ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇന്‍ ട്രസ്റ്റ് അക്കൗണ്ടിലേക്ക് മാറ്റണം. അതായത് 2 ലക്ഷം രൂപയാകും ഉടനടി കൈയ്യില്‍ കിട്ടുക.
മൂന്ന് ലക്ഷം രൂപ കുടുങ്ങിയെന്ന് കരുതി വിഷമിക്കേണ്ട ആവശ്യമില്ല. ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇന്‍ ട്രസ്റ്റ് സ്‌കീമില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് 8.5% പലിശ കിട്ടും. ഈ പലിശ ഉപയോഗിച്ച് ചിട്ടിയുടെ പ്രതിമാസ തവണകള്‍ വലിയ ബുദ്ധിമുട്ടില്ലാതെ അടച്ചുപോകാന്‍ സാധിക്കും. ചിട്ടി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അസ്സല്‍ തുക പൂര്‍ണ്ണമായും തിരികെ ലഭിക്കുകയും ചെയ്യും. ജാമ്യം കണ്ടെത്താനുള്ള ബുദ്ധിമുട്ട് ഒഴിവാകുന്നുവെന്നതാണ് ഏറ്റവും പ്രധാനം. സാധാരണക്കാര്‍ക്കും, പ്രവാസികള്‍ക്കും ഇത് വലിയൊരു ആശ്വാസമാണ്.

സ്‌കീമില്‍ നിക്ഷേപിച്ച തുകയില്‍ നിന്നുള്ള പലിശ നേരിട്ട് ചിട്ടി അടവിലേയ്ക്ക് പോകും. അതിനാല്‍ തന്നെ അടവ് തുകയ്ക്കായി അധികം ടെന്‍ഷന്‍ അടിക്കേണ്ട ആവശ്യമില്ല. ചിട്ടി കാലാവധി തീരുമ്പോള്‍ നിക്ഷേപിച്ച തുക മുഴുവനായി കൈയില്‍ കിട്ടും.
സ്‌കീം ഉപയോഗിക്കുന്ന പക്ഷം ചിട്ടി വിളിച്ചെടുക്കുമ്പോള്‍ മുഴുവന്‍ പണവും പെട്ടെന്ന് കയ്യില്‍ കിട്ടില്ല. അതിനാല്‍ മുഴുവന്‍ പണവും ആവശ്യമുള്ളവര്‍ക്ക് ഈ സ്‌കീം നേട്ടമാകില്ല. ചിട്ടി കാലാവധി തീരുന്നതിന് മുമ്പ് ഈ നിക്ഷേപം പിന്‍വലിക്കണമെങ്കില്‍, അതിന് പകരമായി മറ്റ് ജാമ്യങ്ങള്‍ (ശമ്പള സര്‍ട്ടിഫിക്കറ്റോ വസ്തുവോ) ഹാജരാക്കേണ്ടി വരും. ഈ നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന പലിശ തുക ആദായ നികുതി പരിധിക്ക് മുകളിലാണെങ്കില്‍ നികുതി ബാധ്യതകള്‍ ഉണ്ടായേക്കാം.

by Midhun HP News | Sep 3, 2026 | Latest News, കേരളം
കൊച്ചി: പെരുമ്പാവൂരില്‍ 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാലിടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. പാലക്കാട് രണ്ടിടത്തും കോഴിക്കോട് രണ്ടിടത്തുമാണ് റെയ്ഡ്. ഹൈബ്രിഡ് കഞ്ചാവ് കടത്തിന്റെ മറവിലുള്ള കള്ളപ്പണ ഇടപാടിലാണ് ഇഡി പരിശോധന നടത്തുന്നത്.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കഴിഞ്ഞമാസമാണ് ദമ്പതികള്‍ എന്നവകാശപ്പെടുന്ന രണ്ടുപേരെ 18 കിലോ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇതിനു പിന്നില്‍ ബാങ്കോക്ക് കേന്ദ്രീകരിച്ചുള്ള വലിയ ശൃംഖലയുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ആലുവ പൊലീസ് ഈ മാഫിയയുമായി ബന്ധമുള്ള 10 പേരെ അറസ്റ്റ് ചെയ്തിരുന്നു.

ഇവരില്‍ മൂന്നുപേരുടെ അടക്കം നാലു വീടുകളിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. പാലക്കാട് സ്വദേശികളായ അബു താഹിര്‍, ഹരികൃഷ്ണന്‍, കോഴിക്കോട് സ്വദേശികളായ ജയ്‌സല്‍, ജഗത് എന്നിവരുടെ വീടുകളിലാണ് പരിശോധന. ഇതില്‍ ജയ്‌സല്‍ ഇതുവരെ പിടിയിലായിട്ടില്ല. ഇയാളാണ് ബാങ്കോക്കിലിരുന്ന് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
കോടികളുടെ ഇടപാടാണ് ഇവര്‍ വിമാനത്താവളം വഴി നടത്തിയിട്ടുള്ളതെന്ന് അന്വേഷണ സംഘം സൂചിപ്പിച്ചു. ആളുകളെ റിക്രൂട്ട് ചെയ്ത് ഇവര്‍ക്ക് ടിക്കറ്റ് എടുത്തു നല്‍കി വിദേശത്തെത്തിച്ച്, മയക്കുമരുന്ന് വിമാനത്താവളം വഴി കടത്തുകയാണ് സംഘത്തിന്റെ പ്രവര്‍ത്തനരീതി. ഇതുമായി ബന്ധപ്പെട്ട പണമിടപാടുകളാണ് ഇഡി പരിശോധിക്കുന്നത്.

തായ്ലന്‍ഡില്‍ ഹൈഡ്രോപോണിക് രീതികള്‍ ഉപയോഗിച്ച് കൃഷി ചെയ്യുന്ന ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലേക്ക് കടത്തുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള ലഹരിക്കടത്തിലൂടെ വലിയ തോതില്‍ പണം മയക്കുമരുന്ന് സംഘം സമ്പാദിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊലീസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (പിഎംഎല്‍എ) കേസ് രജിസ്റ്റര്‍ ചെയ്താണ് ഇഡി റെയ്ഡ് നടത്തുന്നത്.

by Midhun HP News | Sep 3, 2026 | Latest News, കേരളം
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനെ തടഞ്ഞുവെച്ച് മർദ്ദിച്ചെന്ന പരാതിയിൽ പ്രിസൺ ഓഫീസർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. ജയിലിലെ തടവുകാരനായ ജലാലുദ്ദീൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രിസൺ ഓഫീസർ ജിഷ്ണുവിനെതിരെയാണ് വ്യാഴാഴ്ച പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് ടൗൺ പൊലീസ് നടപടികളിലേക്ക് കടന്നത്.

കഴിഞ്ഞ ജൂൺ 30-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തനിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്നും ആശുപത്രിയിൽ എത്തിച്ച് ആവശ്യമായ വൈദ്യസഹായം നൽകണമെന്നും ജലാലുദ്ദീൻ ജയിൽ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതനായ പ്രിസൺ ഓഫീസർ ജിഷ്ണു, ജലാലുദ്ദീനെയും ഒപ്പമുണ്ടായിരുന്ന സഹതടവുകാരെയും അകാരണമായി തടഞ്ഞുവെച്ച് ദേഹോപദ്രവം ഏൽപ്പിച്ചെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം ജയിലിൽ കാപ്പ തടവുകാർ ഏറ്റുമുട്ടിയിരുന്നു.



Recent Comments