by Midhun HP News | Mar 18, 2025 | Latest News, കേരളം
തൃശൂര്‍: ഒന്നര വയസ്സുള്ള മകളെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താതെ കേസെടുത്ത പൊലീസിനെതിരെ അന്വേഷണത്തിന് നിര്‍ദേശം. തൃശൂര്‍ ജില്ലാ പൊലീസ് മേധാവിയാണ് നിര്‍ദ്ദേശം നല്‍കിയത്.
കുടുംബ വഴക്കിനെ തുടര്‍ന്ന് പിരിഞ്ഞു കഴിയുന്ന ഭര്‍ത്താവ് ഭാര്യക്കെതിരെ നല്‍കിയ പരാതിയിലാണ് ആഴ്ചകള്‍ക്ക് മുമ്പ് കൊടുങ്ങല്ലൂര്‍ പൊലീസ് അമ്മയ്ക്ക് എതിരെ പോക്‌സോ ആക്ട് പ്രകാരം കേസ് എടുത്തത്. പ്രതിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവെ ഇത്തരം കേസ് വിശ്വസിക്കുവാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.
ഒന്നര വയസ്സുള്ള മകളെ സ്വന്തം അമ്മ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് കൊടുങ്ങല്ലൂര്‍ പൊലീസിന് ലഭിച്ച പരാതിയില്‍ പ്രാഥമിക പരിശോധന നടത്താതെ കേസ് എടുത്ത രീതി സമൂഹത്തിന് തെറ്റായ സന്ദേശമാണ് പൊലീസ് നല്‍കിയതെന്നും അതിനാല്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ അഡ്വ.കുളത്തൂര്‍ ജയ്‌സിങ് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തില്‍ അന്വേഷണം നടത്തുവാന്‍ തൃശൂര്‍ ജില്ലാ പൊലീസ് മേധാവി ഇപ്പോള്‍ കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയത്.
by Midhun HP News | Mar 18, 2025 | Latest News, കേരളം
കണ്ണൂര്‍: പാപ്പിനിശ്ശേരി പാറയ്ക്കലില്‍ നാലുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചതിന് ശേഷം വെള്ളത്തില്‍ ഇട്ടതാണോ, ജീവനോടെ വെള്ളത്തില്‍ വീണതാണോ എന്നതില്‍ അന്വേഷണം നടക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകുമെന്ന് വളപട്ടണം എസ്എച്ച്ഒ കാര്‍ത്തിക് പറഞ്ഞു.
കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ആക്രി പെറുക്കി ഉപജീവനം നടത്തുന്ന തമിഴ്‌നാട് സ്വദേശികളായ മുത്തു- അക്കലമ്മ ദമ്പതികളുടെ നാലു പ്രായം പ്രായമുള്ള പെണ്‍കുഞ്ഞ് യാസികയാണ് മരിച്ചത്. മുത്തുവിന്റെ സഹോദരന്റെ രണ്ടു പെണ്‍മക്കളും ഇവരോടൊപ്പം പാപ്പിനിശ്ശേരിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്നു.
രാത്രി 11 മണിക്ക് കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം കണ്ടിരുന്നതായി മുത്തുവിന്റെ സഹോദര പുത്രിയായ 12 കാരി പൊലീസിന് മൊഴി നല്‍കി. വീടിന് പുറത്തെ ശുചിമുറിയിലേക്ക് പോകുമ്പോള്‍ കുഞ്ഞിനെ കണ്ടിരുന്നു. എന്നാല്‍ തിരിച്ചു വന്നശേഷം കുട്ടിയെ കണ്ടില്ലെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.
കുട്ടി തങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്നുവെന്നാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞത്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളതെന്നും, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകമാണെന്നും വളപട്ടണം പൊലീസ് ഇന്‍സ്‌പെക്ടര്‍ കാര്‍ത്തിക് വ്യക്തമാക്കി.
by Midhun HP News | Mar 18, 2025 | Latest News, കേരളം
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൊഴി നല്‍കാന്‍ താല്‍പ്പര്യം ഇല്ലാത്തവരെ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി. അന്വേഷണത്തിന്റെ പേരില്‍ ആരെയും ബുദ്ധിമുട്ടിക്കരുത്. പ്രത്യേക അന്വേഷണ സംഘം ആരെയെങ്കിലും ബുദ്ധിമുട്ടിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നിര്‍ദേശം.
നോട്ടീസ് കിട്ടിയവര്‍ക്ക് മജിസ്‌ട്രേറ്റിന് മൊഴി നല്‍കാമെന്നും അല്ലെങ്കില്‍ ഹാജരായി താല്‍പ്പര്യമില്ലെന്ന് അറിയിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, സി എസ് സുധ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിച്ചത്. മലയാള സിനിമാമേഖലയിലെ ലൈംഗിക ചൂഷണം അടക്കം അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.
ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. നാല് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഭൂരിഭാഗം കേസുകളിലും ഇരകള്‍ മൊഴി നല്‍കാന്‍ തയ്യാറാകുന്നില്ല. ഇതേത്തുടര്‍ന്ന് ഏതാണ്ട് മുപ്പതോളം കേസുകള്‍ അവസാനിപ്പിക്കേണ്ട സ്ഥിതിയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് മൊഴി നല്‍കാന്‍ ആരെയും നിര്‍ബന്ധിക്കരുതെന്ന് കോടതി വ്യക്തമാക്കിയത്.
by Midhun HP News | Mar 18, 2025 | Latest News, കേരളം
തൃശ്ശൂര്‍: 500 കോടിയുടെ ഇറീഡിയം തട്ടിപ്പ് നടന്നെന്ന് പരാതി. തൃശൂര്‍ ജില്ലാ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്ന് കാണിച്ച് ഇരിങ്ങാലക്കുടയിലെ മുനിസിപ്പല്‍ കൗണ്‍സിലറാണ് പൊലീസില്‍ പരാതി നല്‍കിയത്. മാടായിക്കോണം തച്ചപ്പിള്ളി വീട്ടിലെ ടി കെ ഷാജൂട്ടനാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. എന്നാല്‍ തട്ടിപ്പിന് ഇരയായവര്‍ പരാതിപ്പെട്ടാലേ കേസെടുത്ത് മുന്നോട്ടു പോകാനാകൂവെന്ന് പൊലീസ് പറയുന്നു.
ഇന്ത്യയില്‍ ഇറീഡിയം കണ്ടെത്തിയെന്നും വലിയ വിലയുള്ള ഈ ലോഹത്തില്‍ നിക്ഷേപം നടത്തിയാല്‍ കോടിക്കണക്കിന് രൂപ ലാഭമുണ്ടാക്കാമെന്നും പറഞ്ഞ് 500 കോടിയോളം രൂപ സമാഹരിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പെരിഞ്ഞനത്തുള്ള ഒരു വ്യക്തിയാണ് തട്ടിപ്പിന് പിന്നിലെന്നാണ് ആരോപണം.
ഒരുലക്ഷംമുതല്‍ 25 ലക്ഷംവരെ ആയിരക്കണക്കിനാളുകളില്‍നിന്ന് സ്വീകരിച്ചതായാണ് പരാതി. പണം കൈപ്പറ്റിയതിന് തെളിവായി വെള്ളക്കടലാസില്‍ ഇന്ത്യന്‍ കറന്‍സിയൊട്ടിച്ച് താഴെ ഒപ്പിട്ടുനല്‍കും. 10 രൂപയുടെ നോട്ടാണ് ഒട്ടിക്കുന്നതെങ്കില്‍ 10 കോടി തിരികെ കിട്ടുമെന്നാണ് വാഗ്ദാനം.
റിസര്‍വ് ബാങ്കുമായാണ് ഇടപാടെന്നും നിക്ഷേപത്തിനുള്ള പ്രതിഫലം എന്നു കിട്ടുമെന്നും കാണിച്ചുള്ള റിസര്‍വ് ബാങ്കിന്റെ വ്യാജ രേഖയും നല്‍കാറുണ്ട്. ഏജന്റുമാരുടെ ശൃംഖലയുണ്ടാക്കി അവര്‍ക്ക് കമ്മീഷന്‍ നല്‍കിയാണ് വലിയതുക സമാഹരിക്കുന്നത്. തട്ടിപ്പ് നടത്താനായി വലിയ ഹോട്ടലുകളില്‍ യോഗം ചേര്‍ന്നതിന്റെയും വ്യജ രേഖയുണ്ടാക്കിയതിന്റെയും തെളിവുകള്‍ സഹിതമാണ് പരാതി നല്‍കിയത്.
by Midhun HP News | Mar 18, 2025 | Latest News, കേരളം
ആലപ്പുഴ: കളഞ്ഞുകിട്ടിയ എടിഎം കാര്‍ഡില്‍ നിന്നും പണം തട്ടിയ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അറസ്റ്റില്‍. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ബിജെപി അംഗം സുജന്യ ഗോപി (42) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ചെങ്ങന്നൂര്‍ വാഴാര്‍മംഗലം സ്വദേശി വിനോദ് ഏബ്രഹാമിന്റെ എടിഎം കാര്‍ഡാണ് കളഞ്ഞുപോയത്. കാര്‍ഡിനു പിന്നില്‍ എഴുതിവെച്ച പിന്‍ നമ്പര്‍ ഉപയോഗിച്ചാണ് പണം പിന്‍വലിച്ചത്. വിവിധ എടിഎം കൗണ്ടറുകളില്‍ നിന്നായി 25,000 രൂപയാണ് തട്ടിയത്. സജന്യയുടെ കൂട്ടാളി സലിഷ് മോനെയും ചെങ്ങന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
by Midhun HP News | Mar 18, 2025 | Latest News, കേരളം
കൊല്ലം: കൊല്ലം നഗരത്തിലെ മോഷണ പരമ്പരയില്‍ പ്രതികള്‍ പോലീസ് പിടിയിലായി. മയ്യനാട് ധവളക്കുഴി സുനാമി ഫ്‌ലാറ്റ് നമ്പര്‍-18ല്‍ ലാലു (30), കൊല്ലം വെസ്റ്റ് പള്ളിത്തോട്ടം ചേരിയില്‍ സെഞ്ചുറി നഗര്‍-55ല്‍ സനില്‍ (26) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 9-ാം തീയതി രാത്രിയിലായിരുന്നു കൊല്ലം ആണ്ടാമുക്കം റോഡിലുള്ള ഹാര്‍ഡ്വെയര്‍ കടയില്‍ മോഷണം നടന്നത്. പുലര്‍ച്ചയോടുകൂടി പ്രതികള്‍ കടയിലെത്തി കടയില്‍ പൈസ സൂക്ഷിക്കുന്നതിനായി ഉപയോഗിച്ചിരുന്ന അലമാരയും മേശയും കുത്തിതുറന്ന് ഉദ്ദേശം മൂന്ന് ലക്ഷം രൂപയോളം മോഷണം ചെയ്തുകൊണ്ട് പോകുകയായിരുന്നു.
8-ാം തീയതി രാത്രിയിലായിരുന്നു കുമാര്‍ ജംഗ്ഷനിലുള്ള ഫാന്‍സി കടയില്‍ മോഷണം നടന്നത്. മേശയിലും മറ്റും സൂക്ഷിച്ചിരുന്ന ഉദ്ദേശം എട്ടു ലക്ഷത്തോളം രൂപ അവിടെ നിന്നും മോഷണം പോയിരുന്നു. തുടര്‍ന്ന് ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. കൊല്ലം ഈസ്റ്റ് സിഐ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി നിരവധി സിസിടിവി ദൃശ്യങ്ങളും ഫോണ്‍ കോളുകളും പരിശോധിച്ചു.
നഗരത്തിനുളില്‍ നടന്ന മോഷണത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യാപക പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇതിനിടയിലാണ് പ്രതികള്‍ അറസ്റ്റിലായത്. പ്രതികള്‍ കടകളും അതില്‍ കയറാനുള്ള വഴികളും നേരത്തെ കണ്ട് വച്ച ശേഷം കവര്‍ച്ച നടത്തുകയായിരുന്നു. ഈസ്റ്റ് സിഐയെ കൂടാതെ എസ്‌ഐ സുമേഷ്, സിപിഒമാരായ അജയന്‍, ജയകൃഷ്ണന്‍, ഷൈജു, അനു എന്നിവരും അന്വേഷണ സംഘത്തില്‍ ഉള്‍പെട്ടിരുന്നു.
Recent Comments