സംസ്ഥാനത്തെ ആദ്യ ‘ഹൈഡ്രജൻ ബസ്’ നിരത്തിലേക്ക്…

സംസ്ഥാനത്തെ ആദ്യ ‘ഹൈഡ്രജൻ ബസ്’ നിരത്തിലേക്ക്…

കൊച്ചി: സംസ്ഥാനത്തെ ആദ്യ ഹൈഡ്രജൻ ഇന്ധനത്തിൽ ഓടുന്ന ബസ് ഉടൻ നിരത്തിലിറങ്ങും. സുസ്ഥിര ​ഗതാ​ഗതത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായുള്ള സുപ്രധാന ചുവടു വയ്പ്പാണിത്. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റേയും (ബിപിസിഎൽ), കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റേയും (സിയാൽ) സഹകരണത്തോടെയാണ് ബസ് പുറത്തിറങ്ങുന്നത്. ​ഗ്രീൻ ഹൈഡ്രജൻ ഉപയോ​ഗിക്കുന്ന ബസിന്റെ മാതൃക മാർച്ച് 12, 13 തീയതികളിൽ കൊച്ചിയിൽ നടന്ന ​ഗ്ലോബൽ ഹൈഡ‍്രജൻ, റിന്യൂവബിൾ എനർജി ഉച്ചക്കോടിയിൽ പ്രദർശിപ്പിച്ചിരുന്നു.

സംസ്ഥാനത്തെ ആദ്യ ​ഗ്രീൻ ഹൈഡ്രജൻ പ്ലാന്റും ഇന്ധന സ്റ്റേഷനും നെടുമ്പാശ്ശേരി വിമാനത്താവളത്തിനു സമീപം നിർമാണത്തിലാണ്. 25 കോടി രൂപയാണ് പ്ലാന്റ് നിർമാണത്തിന്റെ ചെലവ് കണക്കാക്കുന്നത്. ഇന്ധന പ്ലാന്റിന്റെ 70 ശതമാനം ജോലികളും പൂർത്തിയായിട്ടുണ്ട്. ഹൈഡ്രജൻ ബസിനുള്ള ഇന്ധനത്തിനു പുറമേ വിമാനത്താവളത്തിലെ വാഹനങ്ങൾക്കു വൈദ്യുതി നൽകാനും ഇവ ഉപയോ​ഗപ്പെടുത്തും. സംയോജിത പ്ലാന്റ്, ഇന്ധന സ്റ്റേഷനുകൾ സ്ഥാപിക്കൽ, സാങ്കേതികവിദ്യ നൽകൽ എന്നിവയെല്ലാം ബിപിസിഎൽ മേൽനോട്ടത്തിലാണ്.

പ്ലാന്റിന്റെ കമ്മീഷൻ കഴിഞ്ഞാൽ ബസ് നിരത്തിലിറക്കാനാണ് സിയാൽ ലക്ഷ്യമിടുന്നത്. പുനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെപിഐടി ലിമിറ്റഡ് വികസിപ്പിച്ചെടുത്ത ഹൈഡ്രജൻ ഇന്ധന സെല്ലുകൾ ഉപയോ​ഗിച്ചാണ് ബസിന്റെ പ്രവർത്തനം. വിമാനത്താവളത്തിലേക്കുള്ള കണക്ടിവിറ്റിയായിട്ടായിരിക്കും ബസ് ഓടുക. രജിസ്ട്രേഷൻ നടപടികൾ പുരോ​ഗമിക്കുന്നു.

പുനരുപയോ​ഗിക്കാവുന്ന ഊർജ സ്രോതസുകൾ ഉപയോ​ഗിച്ചു വെള്ളത്തിൽ നിന്നു ഉത്പാദിപ്പിക്കുന്ന ​ഗ്രീൻ ഹൈഡ്രജൻ ഭാവിയിലെ ഇന്ധനമായാണ് വിലയിരുത്തപ്പെടുന്നത്. ​ഗ്രീൻ ഹൈഡ്രജൻ ഇന്ധനം ഉപയോ​ഗിച്ചുള്ള വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നിലവിൽ 5 പൈലറ്റ് പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. ഇത്തരം ഇന്ധനം ഉപയോ​ഗിച്ചുള്ള ബസുകൾ, ട്രക്കുകൾ, ഇന്ധനം നിറയ്ക്കാനുള്ള സ്റ്റേഷനുകൾ എന്നിവ പദ്ധതിയുടെ ഭാ​ഗമാണ്.

രാജ്യത്തുടനീളമുള്ള 10 റൂട്ടുകളിലായി 15 ഹൈഡ്രജൻ ഇന്ധന സെൽ അധിഷ്ഠിത വാഹനങ്ങളും 22 ഇന്റേണൽ കംപാസ്റ്റൻ എൻജിൻ വാഹനങ്ങളും പരീക്ഷണാടിസ്ഥാനത്തിൽ ഓടിക്കാൻ തീരുമാനമുണ്ട്. ഇതിനായി കേരളത്തിലെ രണ്ട് റൂട്ടുകളും തിരഞ്ഞെടുത്തിട്ടുണ്ട്. തിരുവനന്തപുരം- കൊച്ചി, കൊച്ചി- ഇടപ്പള്ളി റൂട്ടുകളാണ് പരീക്ഷണ ഓട്ടത്തിനായി തിരഞ്ഞെടുത്തത്. രണ്ട് വർഷത്തിനുള്ളിൽ തന്നെ പദ്ധതികൾ കമ്മീഷൻ ചെയ്യാൻ സാധ്യതയുണ്ട്. അതോടെ ഇത്തരം സാങ്കേതിക വിദ്യകളുടെ വ്യാപനത്തിനും ഇവ വഴിയൊരുക്കും.

അരണക്കല്ലില്‍ ഭീതി പരത്തിയ കടുവയെ കണ്ടെത്തി; മയക്കുവെടി വെക്കാന്‍ നീക്കം

അരണക്കല്ലില്‍ ഭീതി പരത്തിയ കടുവയെ കണ്ടെത്തി; മയക്കുവെടി വെക്കാന്‍ നീക്കം

തൊടുപുഴ: ഇടുക്കി അരണക്കല്ലില്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങി ഭീതി പടര്‍ത്തിയ കടുവയെ കണ്ടെത്തി. തൊഴിലാളികളുടെ ലയത്തിന് സമീപമാണ് കടുവയെ കണ്ടെത്തിയത്. ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണത്തിലാണ് കടുവയെ ട്രാക്ക് ചെയ്തത്.

വളര്‍ത്തുമൃഗങ്ങളെ കൊലപ്പെടുത്തിയ ലയത്തിന്റെ വേലിക്ക് സമീപത്താണ് കടുവയെ കണ്ടെത്തിയത്. ഡ്രോണ്‍ ഉപയോഗിച്ച് കടുവയെ നിരീക്ഷിച്ചു വരികയാണ്. കടുവയെ മയക്കുവെടി വെക്കാനുള്ള ദൗത്യത്തിലേക്ക് വനംവകുപ്പ് കടന്നു. വെറ്ററിനറി ഡോക്ടര്‍ അനുരാജും സംഘവും കടുവയുടെ സമീപത്തേക്ക് പോയി.

ലയത്തിലുള്ള തോട്ടം തൊഴിലാളികളോട് ഇന്ന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വണ്ടിപ്പെരിയാർ സത്രം റോഡിൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കടുവയെ മയക്കുവെടി വെച്ച് പിടികൂടിയാല്‍ കൊണ്ടുപോകാനുള്ള വാഹനവും സ്ഥലത്തെത്തിച്ചിട്ടുണ്ട്. വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലില്‍ ഇറങ്ങിയ കടുവ തോട്ടം തൊഴിലാളികളുടെ പശുവിനെയും നായയെയും കൊന്നിരുന്നു. പ്രദേശവാസികളായ നാരായണന്‍ എന്നയാളുടെ പശുവിനെയും അയല്‍വാസിയായ ബാലമുരുകന്‍ എന്നയാളുടെ വളര്‍ത്തുനായയെയുമാണ് കൊന്നത്. കഴിഞ്ഞ ദിവസം സമീപത്തുള്ള ഗ്രാമ്പിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ പരിക്ക് പറ്റിയ കടുവ തന്നെയാണ് ഇതെന്നാണ് നിഗമനം. കടുവയെ കണ്ടെത്തിയാല്‍ മയക്കുവെടിവച്ച് പിടികൂടി തേക്കടിയിലെത്തിച്ച് ചികിത്സ നല്‍കാനാണ് തീരുമാനം.

ഹോസ്റ്റലില്‍ ഏഴു തവണ ലഹരി എത്തിച്ചു, ഗൂഗിള്‍പേ വഴി 16,000 രൂപ നല്‍കിയെന്ന് മൊഴി

ഹോസ്റ്റലില്‍ ഏഴു തവണ ലഹരി എത്തിച്ചു, ഗൂഗിള്‍പേ വഴി 16,000 രൂപ നല്‍കിയെന്ന് മൊഴി

കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് കോളജ് ഹോസ്റ്റലില്‍ ഏഴു തവണ കഞ്ചാവ് എത്തിച്ചിരുന്നതായി അറസ്റ്റിലായ മുഖ്യപ്രതി അനുരാജ്. ആറുമാസം മുമ്പാണ് കഞ്ചാവ് ഇടപാട് തുടങ്ങിയത്. ഹോസ്റ്റലില്‍ ലഹരി ഇടപാടുകള്‍ ഏകോപിപ്പിച്ചിരുന്നതും അനുരാജാണ്. ഇയാള്‍ പലരില്‍ നിന്നും പണം സമാഹരിച്ചിരുന്നു. ഹോസ്റ്റലില്‍ ഹോളി ആഘോഷത്തിനായി കഞ്ചാവ് എത്തിക്കുന്നതിനായി ഗൂഗിള്‍പേ വഴി 16,000 രൂപ പൂര്‍വ വിദ്യാര്‍ത്ഥികളായ ആഷിഖ്, ഷാലിക്ക് എന്നിവര്‍ക്ക് നല്‍കിയിരുന്നതായും അനുരാജ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കളമശ്ശേരി പോളി ടെക്‌നിക്കിലെ മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ് മുഖ്യപ്രതിയായ അനുരാജ്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ്. കഞ്ചാവിനായി ഗൂഗിള്‍പേ കൂടാതെ, നേരിട്ടും പണം നല്‍കിയിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. നാലു കവറുകളിലായി 3.5 കിലോ കഞ്ചാവാണ് ഹോസ്റ്റലില്‍ എത്തിച്ചത്. ഇതില്‍ രണ്ടുകിലോ ആണ് റെയ്ഡില്‍ പൊലീസ് പിടിച്ചെടുത്തത്. ശേഷിച്ച 1.5 കിലോ കഞ്ചാവ് എവിടെയെന്ന് കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്ന് തൃക്കാക്കര എസിപി പി വി ബേബി പറഞ്ഞു.

പുറയാര്‍ സ്വദേശികളായ പൂര്‍വ വിദ്യാര്‍ത്ഥികളായ ആഷിഖ്, ഷാലിക്ക് എന്നിവരാണ് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചിരുന്നത്. ഇവര്‍ കഴിഞ്ഞവര്‍ഷം ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്ങ് നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളായിരുന്നു. എന്നാല്‍ ആവശ്യമായ അറ്റന്‍ഡന്‍സ് ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് പരീക്ഷ എഴുതാനായിരുന്നില്ല. പശ്ചിമബംഗാള്‍, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നും ഇതരസംസ്ഥാനക്കാര്‍ വഴിയെത്തുന്ന കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കള്‍ ആഷിഖ്, ഷാലിക്ക് എന്നിവര്‍ മുഖേന അനുരാജ് ഹോസ്റ്റലിലേക്ക് എത്തിക്കുകയായിരുന്നു പതിവെന്ന് പൊലീസ് സൂചിപ്പിച്ചു.

ഇത് വിദ്യാര്‍ത്ഥികള്‍ക്കിടയിലും പുറത്തും വിപണനം ചെയ്തിരുന്നു. അനുരാജ് മുമ്പും പലതവണ വലിയ അളവിലും ചെറിയ അളവിലും കഞ്ചാവും മറ്റ് ലഹരിമരുന്നുകളും എത്തിച്ച് ആവശ്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്നതായി പൊലീസ് പറഞ്ഞു. കഞ്ചാവ് റാക്കറ്റിന്റെ മുഖ്യ ഇടനിലക്കാരനായും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇയാളുടെ സാമ്പത്തിക ഇടപാടുകളും, മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധവും പരിശോധിച്ചു വരികയാണെന്ന് എസിപി പി വി ബേബി പറഞ്ഞു. സുഹൈല്‍ഭായ് എന്നയാളില്‍ നിന്നാണ് ആഷിഖ്, ഷാലിക്ക് എന്നിവര്‍ക്ക് കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കള്‍ ലഭിച്ചതെന്നാണ് മൊഴി. ഇയാള്‍ക്കായും തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

മരുമകൻ അമ്മായിയമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു

മരുമകൻ അമ്മായിയമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊല്ലം: കൊല്ലം കല്ലുവാതുക്കലിൽ മരുമകൻ അമ്മായിയമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. കല്ലുവാതുക്കൽ പാമ്പ്രം സ്വദേശി മണിയപ്പനാണ് ഭാര്യാമാതാവായ രത്നമ്മയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്. ഇവരെ ആക്രമിച്ചശേഷം വീടിന് തീയിട്ടശേഷം പ്രതിയായ മണിയപ്പൻ ബാത്ത്റൂമിൽ കയറി
കഴുത്തറക്കുകയായിരുന്നു.

ഫയർഫോഴ്സ് എത്തി തീയണച്ച ശേഷമാണ് മണിയപ്പനെ അവശനിലയിൽ ബാത്ത്റൂമിൽ കണ്ടെത്തിയത് കിടപ്പു മുറിയിൽ ഗ്യാസ് സിലിണ്ടർ കൊണ്ടുവെച്ചായിരുന്നു മണിയപ്പൻ വീടിന് തീയിട്ടത്. ഫയര്‍ഫോഴ്സെത്തി തീയണിച്ചശേഷം ഇരുവരെയും ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടിലെ മുറികളെല്ലാം തകര്‍ന്നു. ഹാളും കിടപ്പുമുറിയുമടക്കം കത്തി നശിച്ചു. കുടുംബ പ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത പാരിപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി

കടുവയെ ഇതുവരെ കണ്ടെത്തിയില്ല, മണം പിടിച്ച് സ്നിപ്പർ ഡോഗ് 500 മീറ്റർ അകലെയ്ക്ക് ഓടി

കടുവയെ ഇതുവരെ കണ്ടെത്തിയില്ല, മണം പിടിച്ച് സ്നിപ്പർ ഡോഗ് 500 മീറ്റർ അകലെയ്ക്ക് ഓടി

തൊടുപുഴ: ഇടുക്കി വണ്ടിപെരിയാറ്‍ ​ഗ്രാമ്പിയിൽ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാനുള്ള ശ്രമം അനിശ്ചിതാവസ്ഥയിൽ. കടുവയെ കണ്ടെത്താൻ ഇതുവരെ ഉദ്യോ​ഗസ്ഥർക്ക് സാധിച്ചിട്ടില്ല. കാലിന് പരിക്കുള്ളതിനാൽ അധികം ദൂരം പോകാനിടയില്ലെന്നാണ് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ പറയുന്നത്. പ്രദേശത്ത് വൈകിട്ട് ആറു വരെ നിരോധനാജ്ഞ തുടരുകയാണ്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി വണ്ടിപെരിയാർ മേഖലയിൽ ഭീതി പരത്തിയ കടുവയെ പിടികൂടാൻ കൂടു സ്ഥാപിച്ചിട്ടും ഫലമില്ലാതായതോടെ ഇന്നലെ വൈകിട്ട് മയക്കു വെടിവെച്ച് പിടികൂടാൻ തീരുമാനിയ്ക്കുകയായിരുന്നു. എന്നാൽ സമയം വൈകിയതോടെ ദൗത്യം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഇന്ന് രാവിലെ തന്നെ തിരച്ചിൽ ആരംഭിച്ചെങ്കിലും കടുവയെ കണ്ടെത്താൻ ഉദ്യോ​ഗസ്ഥർക്കായില്ല. റോഡ് മുറിച്ചു എതിർവശത്തേക്ക് കടന്നതായാണ് കരുതുന്നത്. ഇന്നലെ കടുവയെ കണ്ട മേഖലയിൽ നിന്നും സ്നിപ്പർ ഡോഗ് 500 മീറ്റർ അകലെയ്ക്കു ഓടിയിരുന്നു.

കടുവയെ മയക്കു വെടിവെച്ച് പിടികൂടിയ ശേഷം കടുവയെ തേക്കടിയിൽ എത്തിച്ചു ചികിത്സ നൽകാനാണ് വനം വകുപ്പിന്റെ തീരുമാനം. അതേ സമയം ഇന്നലെ ദൗത്യം പൂർത്തിയാക്കാമായിരുന്നെന്നും വനം വകുപ്പ് അതിനു തയ്യാറായില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം. കൃത്യമായി നിരീക്ഷണം നടത്തതിനാലാണ് കടുവ എങ്ങോട്ട് നീങ്ങിയെന്ന് മനസിലാക്കാൻ സാധിയ്ക്കാത്തതിന് കാരണമെന്നും നാട്ടുകാർ പറയുന്നു.

ഇരിട്ടിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു; മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് ഉളിയിൽ മരിച്ചു

ഇരിട്ടിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു; മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് ഉളിയിൽ മരിച്ചു

കണ്ണൂർ: ഇരിട്ടിയിലെ പുന്നാട് വാഹനാപകടത്തിൽ മാപ്പിളപ്പാട്ട് ഗായകൻ മരിച്ചു. ഉളിയിൽ സ്വദേശിയും മാപ്പിളപ്പാട്ട് ഗായകനുമായ ഫൈജാസ് ഉളിയിൽ (38) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി 12 മണിയോടെ പുന്നാട് ടൗണിന് സമീപം കാറുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽപ്പെട്ട വാഹനങ്ങളിലെ മറ്റ് യാത്രക്കാർക്കും പരിക്കേറ്റു.കാറിൽ കുടുങ്ങിപ്പോയ ഫൈജാസിനെ അഗ്നിശമനസേന എത്തിയാണ് പുറത്തെടുത്തത്. മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.