by Midhun HP News | Mar 15, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് 65,000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന്‍ വില 80 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 65,760 രൂപ. ഗ്രാമിന് 10 രൂപയാണ് കുഞ്ഞത്, ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8220 രൂപ.
ഈ മാസത്തിന്റെ തുടക്കത്തില്‍ 63,520 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്. നിലവില്‍ 66,000ന് തൊട്ടരികില്‍ എത്തിനില്‍ക്കുകയാണ് സ്വര്‍ണവില. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. ഇപ്പോള്‍ സര്‍വകാല റെക്കോര്‍ഡായ 65,000 കടന്നിരിക്കുകയാണ് വില.
by Midhun HP News | Mar 14, 2025 | Latest News, കേരളം
കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ കഞ്ചാവ് സൂക്ഷിച്ചത് വില്‍പ്പനയ്‌ക്കെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. കേസില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥി ആകാശ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നയാളാണ്. കേസില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കിയ ആകാശിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.
വില്‍പ്പനയ്ക്കും സ്വന്തം ഉപയോഗത്തിനുമായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചതെന്ന് ആകാശ് പൊലീസിനോട് സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഹോളി ആഘോഷത്തിനായിട്ടാണ് കഞ്ചാവ് എത്തിച്ചതെന്നും ആകാശ് പറഞ്ഞു. പോളിടെക്‌നിക് ഹോസ്റ്റലില്‍ നിന്നും രണ്ടു കിലോ കഞ്ചാവാണ് പിടികൂടിയത്. ഇതില്‍ 1.909 കിലോ കഞ്ചാവ് കൊല്ലം കുളത്തൂപ്പുഴ സ്വദേശി ആകാശിന്റെ മുറിയില്‍ നിന്നുമാണ് കണ്ടെടുത്തത്.
സംഭവത്തില്‍ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരു കേസില്‍ ആകാശാണ് പ്രതി. എസ്എഫ്‌ഐ നേതാവും കോളജ് യൂണയന്‍ സെക്രട്ടറിയുമായ അഭിരാജ്, ആദിത്യന്‍ എന്നിവരുടെ മുറിയില്‍ നിന്നും 9.70 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. കഞ്ചാവ് വലിക്കാനുപയോഗിക്കുന്ന കുപ്പി അടക്കമുള്ള ഉപകരണങ്ങളും, ചെറിയ പായ്ക്കറ്റുകളിലാക്കിയ കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. കേസില്‍ അറസ്റ്റ് ചെയ്ത അഭിരാജിനെയും ആദിത്യനെയും പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
അതേസമയം പോളിടെക്നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയില്‍ സമഗ്ര അന്വേഷണത്തിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഉത്തരവിട്ടു. സിറ്റര്‍ ജോയന്റ് ഡയറക്ടര്‍ ആനി എബ്രഹാമിനെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. കേസിലുള്‍പ്പെട്ട വിദ്യാര്‍ത്ഥികളായ അഭിരാജ്, ആകാശ്, ആദിത്യന്‍ എന്നിവരെ പോളിടെക്‌നിക്കില്‍ നിന്നും അധികൃതര്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
by Midhun HP News | Mar 14, 2025 | Latest News, കേരളം
കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്‌സോ കേസില്‍ യുവതി അറസ്റ്റില്‍. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലാണ് സംഭവം. പുളിപ്പറമ്പ് സ്വദേശി സ്‌നേഹ മെര്‍ലിന്‍ എന്ന 23 കാരിയാണ് പിടിയിലായത്.
12 വയസ്സുള്ള പെണ്‍കുട്ടിയെ പലതവണ യുവതി പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപകര്‍ രക്ഷിതാക്കളെ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിക്ക് കൗണ്‍സിലിങ് നല്‍കി.
കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് വിവരം പൊലീസിന് കൈമാറുകയും യുവതിക്കെതിരെ കേസെടുക്കുകയുമായിരുന്നു. സമാനമായ കേസില്‍ യുവതി മുമ്പും പ്രതിയായിരുന്നതായിട്ടാണ് സൂചന.
by Midhun HP News | Mar 14, 2025 | Latest News, കേരളം
സംസ്ഥാനത്തെ ചില സിനിമാ ചിത്രീകരണ ലൊക്കേഷനുകൾ പൊലീസിന്റെ നിരീക്ഷണത്തിൽ. ഇവിടം കേന്ദ്രീകരിച്ചു ലഹരി ഇടപാടു നടക്കുന്നതായി ഇന്റലിജൻസ് മുന്നറിയിപ്പു നൽകിയ പശ്ചാത്തലത്തിലാണു ലോക്കൽ പൊലീസ് മഫ്തിയിലും അല്ലാതെയും ലൊക്കേഷനിലും താമസസ്ഥലത്തും നിരീക്ഷണം . ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നേരിട്ടുതന്നെ ചലച്ചിത്രരംഗത്തെ വിവിധ സംഘടനകളുടെ യോഗം ഉടൻ വിളിച്ചുചേർക്കും.
ഗുണ്ടാസംഘങ്ങൾക്കൊപ്പം സിനിമകളിലെ അക്രമസീനുകൾ മഹത്വവൽക്കരിക്കുന്നതും കുട്ടികളെ സ്വാധീനിക്കുന്നെന്നാണ് പൊലീസ് കണ്ടെത്തൽ. റീൽസ്, ക്ലിപ്സ്, പോസ്റ്റ് എന്നിവ സമൂഹമാധ്യമങ്ങൾ അക്രമവും സാമൂഹികവിരുദ്ധ പ്രവർത്തനവും പ്രോത്സാഹിപ്പിക്കുന്നു. ഇതു കുട്ടികളിൽ ക്രിമിനൽവാസന വളർത്തുന്നു. കൊലപാതകങ്ങൾ ചിത്രീകരിക്കുന്ന വയലന്റ് കംപ്യൂട്ടർ ഗെയിമുകൾ വിദ്യാർഥികളെ അക്രമത്തിനും കൊലയ്ക്കും പ്രേരിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് സിനിമാമേഖലയിലെ വിവിധ സംഘടനകളുമായി ചർച്ച നടത്തുന്നത്.
by Midhun HP News | Mar 14, 2025 | Latest News, കേരളം
മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയും ഭാര്യ മിഷേൽ ഒബാമയും സിനിമാ നിർമാണ രംഗത്തേക്ക്. ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്സിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് ഇരുവരും നിർമിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് ആമസോൺ എംജിഎമ്മുമായി ബറാക് ഒബാമയുടെ നിർമാണക്കമ്പനി ചർച്ചകൾ നടത്തുകയാണെന്നാണ് വിവരം. കെവിൻ കുക്കിന്റെ 2014 ൽ പുറത്തിറങ്ങിയ “ദ് ടൈഗർ സ്ലാം: ദ് ഇൻസൈഡ് സ്റ്റോറി ഓഫ് ദ് ഗ്രേറ്റസ്റ്റ് ഗോൾഫ് എവർ പ്ലെയ്ഡ്” എന്ന പുസ്തകത്തിന്റെ പകർപ്പവകാശം ആമസോൺ എംജിഎം സ്റ്റുഡിയോസ് അടുത്തിടെ വാങ്ങിയിരുന്നു.
ഈ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കുക. 2000- 2001വർഷത്തിലെ നാല് പ്രധാന ടൂർണമെന്റുകളിലും ഒരേസമയം ചാമ്പ്യനായ ആദ്യത്തെ ഗോൾഫ് കളിക്കാരനായി വുഡ്സ് എങ്ങനെ മാറി എന്നാണ് പുസ്തകം പറയുന്നത്. “ടൈഗർ സ്ലാം” എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നത്.
ടെന്നീസ് ഇതിഹാസങ്ങളായ വീനസ്, സെറീന വില്യംസ്, അവരുടെ പരിശീലകനും പിതാവുമായ റിച്ചാർഡ് എന്നിവരുടെ ബാല്യകാല കഥ പറഞ്ഞ “കിങ് റിച്ചാർഡ്” എന്ന സിനിമയുടെ സംവിധായകൻ റെയ്നാൾഡോ മാർക്കസ് ഗ്രീൻ ആയിരിക്കും ടൈഗർ വുഡ്സിന്റെ ബയോപിക് സംവിധാനം ചെയ്യുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അദ്ദേഹത്തിന്റെ മുൻ പ്രൊജക്ടുകളെല്ലാം ബയോപിക്കുകളായിരുന്നു.
ബോബ് മാർലിയുടെ ജീവിതത്തെ ആസ്പദമാക്കി 2024 ൽ പുറത്തിറങ്ങിയ വൺ ലവ് ആണ് റെയ്നാൾഡോ മാർക്കസ് ഗ്രീന്റേതായി ഒടുവിലെത്തിയ പ്രൊജക്ട്. ഹയർ ഗ്രൗണ്ട് പ്രൊഡക്ഷൻസ് എന്നാണ് ബറാക് ഒബാമയും മിഷേൽ ഒബാമയും നടത്തുന്ന നിർമാണക്കമ്പനിയുടെ പേര്.
ഓസ്‌കർ പുരസ്കാരം നേടിയ “അമേരിക്കൻ ഫാക്ടറി”(ഡോക്യുമെന്ററി), നെറ്റ്ഫ്ലിക്സിലെ ഹിറ്റ് ത്രില്ലർ “ലീവ് ദ് വേൾഡ് ബിഹൈൻഡ്” എന്നിവയടക്കം നിരവധി ടിവി ഷോകളും പോഡ്കാസ്റ്റുകളും ഹയർ ഗ്രൗണ്ട് പ്രൊഡക്ഷൻസ് നിർമിച്ചിട്ടുണ്ട്.
by Midhun HP News | Mar 14, 2025 | Latest News, കേരളം
കൊച്ചി: കളമശ്ശേരി പോളിടെക്‌നിക്ക് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ പിടിയിലായവരില്‍ എസ്എഫ്‌ഐ നേതാവായ കോളജ് യൂണിയന്‍ സെക്രട്ടറിയും. കോളജ് യൂണിയന്‍ സെക്രട്ടറി കൊല്ലം കരുനാഗപ്പള്ളി സ്വദേശി അഭിരാജ് (21), മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), വിദ്യാര്‍ത്ഥിയായ കൊല്ലം സ്വദേശി ആകാശ് എന്നിവരാണ് പിടിയിലായത്. ഹോസ്റ്റലില്‍ നിന്നും രണ്ടു കിലോയോളം കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്.
ആകാശിന്റെ മുറിയില്‍ നിന്നും 1.909 കിലോ ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. അഭിരാജ്, ആദിത്യന്‍ എന്നിവരുടെ മുറിയില്‍ നിന്നും കവര്‍ ഉള്‍പ്പെടെ 9.70 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കേസില്‍ തന്നെ കുടുക്കിയതാണെന്നാണ് എസ്എഫ്‌ഐ നേതാവും യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ അഭിരാജ് പറയുന്നത്.
ശനിയാഴ്ച ക്യാമ്പസില്‍ എസ്എഫ്‌ഐ യൂണിയന്‍ സമ്മേളനം നടക്കാനിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കൊടിതോരണങ്ങള്‍ കെട്ടുന്ന തിരക്കിലായിരുന്നു. ക്യാമ്പസില്‍ പുറത്തു നിന്നും ആളുകള്‍ പ്രവേശിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പുറത്തു നിന്നു വന്ന ആരോ ആണ്, തങ്ങളെ കരിവാരി തേക്കുക എന്ന ലക്ഷ്യത്തോടെ മുറിയില്‍ കഞ്ചാവ് വെച്ചതെന്നാണ് അഭിരാജ് പറയുന്നത്. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് യാതൊരു ബന്ധവും ഇല്ലെന്നും അഭിരാജ് പറയുന്നു. അഭിരാജിന് കഞ്ചാവോ മറ്റു ദുശ്ശീലങ്ങളോ ഒന്നും ഇല്ലെന്ന് എസ്എഫ്‌ഐ ഏരിയാ പ്രസിഡന്റ് ദേവരാജ് പറഞ്ഞു. കഞ്ചാവ് കൊണ്ടുവെച്ചതിന് പിന്നില്‍ കെഎസ് യുക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.
പോളിടെക്‌നിക് ക്യാമ്പസിനകത്തു നിന്നും കഞ്ചാവ് പിടികൂടിയത് ഒറ്റപ്പെട്ട സംഭവമായി കാണുന്നില്ലെന്ന് പ്രിന്‍സിപ്പല്‍ ഡോ. ഐജു തോമസ്. സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇന്ന് ഹോളി ആഘോഷം നടക്കാനിരിക്കെ, മുന്‍കരുതല്‍ എന്ന നിലയില്‍ നടന്ന റെയ്ഡാണ്. എല്ലാദിവസവും ഇത്രയധികം അളവില്‍ കഞ്ചാവ് ലഭിച്ചതായിട്ടൊന്നുമില്ല. ചെറിയ അളവില്‍ സാധാരണ ക്യാമ്പസില്‍ കാണുന്നതുപോലെ ഇവിടെ കാണാറുണ്ടെന്നും പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പറഞ്ഞു.
പൊലീസ് എടുത്തത് ക്രിയാത്മകമായ നടപടിയാണ്. ഹോസ്റ്റലില്‍ രണ്ട് റസിഡന്റ് ട്യൂട്ടര്‍മാരുണ്ട്. അവര്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ കാര്യക്ഷമമായി ഇടപെടുന്നുണ്ട്. ഹോസ്റ്റലില്‍ പുറത്തു നിന്ന് ആരെങ്കിലും താമസിക്കുന്നതായി കോളജ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഒരു വിദ്യാര്‍ത്ഥിയുടെ കയ്യില്‍ നിന്നും കഞ്ചാവ് പിടിച്ചു എന്നതുകൊണ്ട് യൂണിയനോ, ഏതെങ്കിലും സംഘടനയ്‌ക്കോ അതില്‍ പങ്കുണ്ടെന്ന് കരുതാനാവില്ല എന്നും പോളിടെക്‌നിക് പ്രിന്‍സിപ്പല്‍ ഡോ. ഐജു തോമസ് പറഞ്ഞു.
പോളിടെക്‌നികിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കഞ്ചാവ് ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാത്രി പൊലീസും ഡാന്‍സാഫും റെയ്ഡ് നടത്തിയത്. റെയ്ഡില്‍ 2 കിലോ കഞ്ചാവ്, മദ്യക്കുപ്പികള്‍, ഗര്‍ഭനിരോധന ഉറകള്‍, കഞ്ചാവ് തൂക്കാനുള്ള ത്രാസ്, വില്‍പ്പനയ്ക്കായുള്ള ചെറിയ പ്ലാസ്റ്റിക് പായ്ക്കറ്റുകള്‍ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. രാത്രി ഒന്‍പത് മണിയോടെ ആരംഭിച്ച റെയ്ഡ് പുലര്‍ച്ചെ നാല് മണിയോടെയാണ് അവസാനിച്ചത്. തങ്ങളെത്തുമ്പോള്‍ ചില്ലറ വില്‍പ്പനയ്ക്കായി കഞ്ചാവ് തൂക്കി ചെറിയ പായ്ക്കറ്റുകളിലാക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു.
റെയ്ഡിനെത്തിയ പൊലീസിനെ കണ്ട് ഓടിപ്പോയത് കെഎസ് യു പ്രവര്‍ത്തകരാണെന്നും, അവരാണ് കഞ്ചാവ് കൊണ്ടു വെച്ചതെന്ന് സംശയമുണ്ടെന്നുമാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്. സംഭവം നടക്കുമ്പോള്‍ തങ്ങള്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നില്ലെന്ന്, ഓടിപ്പോയിയെന്ന് ആരോപണം നേരിടുന്ന കെഎസ് യു പ്രവര്‍ത്തകരായ അനന്ദുവും ആദിലും പറഞ്ഞു. വേറൊരു സുഹൃത്തിനൊപ്പമായിരുന്നു താനെന്ന് ആദില്‍ പറഞ്ഞു.
രണ്ടുകിലോയോളം കഞ്ചാവ് പിടിച്ചെടുത്ത കേസിലെ പ്രതിയായ ആകാശ് നിരപരാധിയാണ്. കേസ് കെഎസ് യു വിന്റെ തലയിലിടാനാണ് എസ്എഫ്‌ഐ ശ്രമിക്കുന്നതെന്നും ഇരുവരും കുറ്റപ്പെടുത്തി. ആദില്‍ കഴിഞ്ഞവര്‍ഷം യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ് യുവിനു വേണ്ടി ആര്‍ട്സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു.
ആകാശ് കഞ്ചാവ് ഉപയോഗിക്കുന്ന ശീലമുള്ളയാളല്ലെന്ന് എസ്എഫ്‌ഐ നേതാവ് അഭിരാജും അഭിപ്രായപ്പെട്ടിരുന്നു. പൊലീസ് പിടിയിലായ അഭിരാജ് ആദിത്യന്‍ എന്നീവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. 9 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയില്‍ നിന്നു കണ്ടെടുത്തത്. 10 ഗ്രാമില്‍ താഴെ കഞ്ചാവ് പിടികൂടിയാല്‍ സ്റ്റേഷന്‍ ജാമ്യം അനുവദിക്കാമെന്ന നിയമപ്രകാരമാണ് ഇയര്‍ക്ക് ജാമ്യം നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്.
Recent Comments