by Midhun HP News | Mar 12, 2025 | Latest News, കേരളം
തൃശൂര്‍: യാത്രാ തിരക്ക് കൂടിയ സാഹചര്യത്തില്‍ ആറ് ട്രെയിനുകളില്‍ പുതിയ കോച്ചുകള്‍ താല്‍ക്കാലികമായി അനുവദിച്ചതായി പാലക്കാട് റെയില്‍വേ ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിലും കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിലും ഇന്നുമുതല്‍ 17 വരെ ഓരോ ചെയര്‍കാര്‍ കോച്ചുകള്‍ അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരം- മംഗളൂരു മലബാര്‍ എക്സ്പ്രസിലും, മംഗളൂരു- തിരുവനന്തപുരം മലബാര്‍ എക്സ്പ്രസിലും നാളെ മുതല്‍ 17 വരെ ഓരോ സ്ലീപ്പര്‍ കോച്ചുകള്‍ കൂടി അനുവദിച്ചു. തിരുവനന്തപുരം- മംഗളൂരു മാവേലി എക്സ്പ്രസില്‍ ഇന്ന് ഒരു സ്ലീപ്പര്‍ കോച്ച് അനുവദിച്ചിട്ടുണ്ട്.
by Midhun HP News | Mar 12, 2025 | Latest News, കേരളം
കൊച്ചി: ചോറ്റാനിക്കര ക്ഷേത്രത്തിൽ മകം തൊഴൽ ഇന്ന്. ഉച്ചയ്ക്ക് രണ്ട് മുതൽ 9.30 വരെയാണ് മകം തൊഴൽ. ദർശനത്തിനായി സ്ത്രീകൾക്കും പുരുഷൻമാർക്കും 70 കൂടുതൽ പ്രായമുള്ളവർക്കും പ്രത്യേകം ക്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളെ പടിഞ്ഞാറേ നടയിലൂടെയും പുരുഷൻമാരെയും കുടുംബമായി എത്തുന്നവരെയും വടക്കേ പൂരപറമ്പിലൂടെയും ബാരിക്കേഡ് വഴി ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കും. ഒന്നര ലക്ഷം ഭക്തർ ദർശനത്തിന് എത്തുമെന്നാണ് കരുതുന്നത്.
ഭക്തരുടെ സുരക്ഷയ്ക്കായി ക്ഷേത്രത്തിലും പരിസരത്തും റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ക്ഷേത്രത്തിലും പരിസരത്തും കുറ്റകൃത്യങ്ങൾ തടയുന്നതിനായി മഫ്തിയിലും പൊലീസ് ഉണ്ടാകും. 80 ഓളം നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്.
മകം തൊഴലിനോടനുബന്ധിച്ച് ഗതാഗത ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിന് മുൻവശത്തെ റോഡിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. മുളന്തുരുത്തി, തിരുവാങ്കുളം, കുരീക്കോട് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ ബൈപാസ് റോഡിലൂടെയും വെണ്ണിക്കുളം, മുരിയമംഗലം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ അടിയാക്കൽ പാലം വഴി എംഎൽഎ റോഡ് വഴി പ്രധാന റോഡിൽ പ്രവേശിച്ച് ബൈപാസ് റോഡിലൂടെയും പോകണം. ദേവി ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിൽ വാഹന ഗതാഗതം അനുവദിക്കില്ല.
by Midhun HP News | Mar 11, 2025 | Latest News, കേരളം
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളികാമറ വച്ച നഴ്‌സിങ് ട്രെയിനിയായ യുവാവ് അറസ്റ്റില്‍. നഴ്സിങ് ട്രെയിനി മാഞ്ഞൂര്‍ സ്വദേശി ആന്‍സണ്‍ ജോസഫാണ് ഗാന്ധി നഗര്‍ പൊലീസന്റെ പിടിയിലായത്.
കോട്ടയം മെഡിക്കല്‍ കോളജ് ബിഎസ്സി നഴ്‌സിങ് പൂര്‍ത്തിയാക്കിയ ആന്‍സണ്‍ ഒരു മാസം മുന്‍പാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശീലനത്തിലായി എത്തിയത്. ആന്‍സണിന് ശേഷം വസ്ത്രം മാറാന്‍ മുറിയില്‍ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓണ്‍ ആക്കിയ നിലയില്‍ ഫോണ്‍ കണ്ടെത്തിയത്. ഉടന്‍ വിവരം അധികൃതരെ അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
ഡ്രസിങ് റൂമില്‍ നിന്നും കണ്ടെടുത്ത ഫോണ്‍ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും ഗാന്ധി നഗര്‍ പൊലീസ് അറിയിച്ചു.
by Midhun HP News | Mar 11, 2025 | Latest News, കേരളം
തൊടുപുഴ: ഇടുക്കിയിലെ ഓരോ ഗ്രാമവും മനോഹരമായ കാഴ്ചകളാണ് ഒളിച്ചുവെച്ചിട്ടുള്ളത്. അതിവിശാലമായ ജലപരപ്പും മുളംകാടുകളും പച്ച തുരുത്തുകളും മനോഹാരിത പകരുന്ന കള്ളിമാലി ആരുടേയും മനംകവരുന്നതാണ്. രാജാക്കാടിന് സമീപം, പൊന്‍മുടി ജലാശയത്തിന്റെ കാഴ്ചകള്‍ സമ്മാനിയ്ക്കുന്ന കള്ളിമാലിയുടെ ഗ്രാമീണ ഭംഗി അനുഭവിച്ചറിയേണ്ടതു തന്നെയാണ്.
മലനിരകളാല്‍ ചുറ്റപ്പെട്ട പൊന്‍മുടി ജലാശയം… പച്ച തുരുത്തുകള്‍… ജലപരപ്പിലൂടെ വള്ളം തുഴഞ്ഞ് മത്സ്യ ബന്ധനം നടത്തുന്ന ഗ്രാമീണര്‍… അസ്തമയ സൂര്യന്റെ അഭൗമ ഭംഗി ഇങ്ങനെ ഒട്ടനവധി കാഴ്ചകളുണ്ട് കള്ളിമാലിയില്‍. മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് വേഗത്തില്‍ എത്താവുന്ന പ്രദേശമായിട്ടും അധികം സഞ്ചാരികള്‍ ഇവിടേയ്ക്ക് എത്തി തുടങ്ങിയിട്ടില്ല. മൂന്നാറില്‍ നിന്നും ആനച്ചാല്‍ വഴി 28 കിലോമീറ്ററാണ് കള്ളിമാലിയിലേയ്ക്കുള്ള ദൂരം.
എന്നാല്‍ സഞ്ചാരികള്‍ക്ക് കുറെക്കൂടി സൗകര്യങ്ങള്‍ ഒരുക്കിയാല്‍ കൂടുതല്‍ പ്രയോജനം ലഭിക്കുമെന്ന് പ്രദേശവാസികളും പറയുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും സഞ്ചാരികളെ ആകര്‍ഷിയ്ക്കുന്നതിനുള്ള പദ്ധതികള്‍ ഒരുക്കുകയും ചെയ്താല്‍, ജില്ലയിലെ പ്രധാന ഗ്രാമീണ ടൂറിസം മേഖലകളില്‍ ഒന്നായി കള്ളിമാലി മാറും. ഇവിടെയെത്തിയാല്‍ മനോഹര കാഴ്ചകള്‍ക്കൊപ്പം, ഇടുക്കിയുടെ തനത് കാര്‍ഷിക പെരുമയും ആസ്വദിക്കാം
by Midhun HP News | Mar 11, 2025 | Latest News, കേരളം
ഡല്‍ഹി: ആശ വര്‍ക്കര്‍മാരുടെ ധനസഹായം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. കേരളത്തിലെ ആശാ വര്‍ക്കര്‍മാരുടെ എല്ലാ കുടിശ്ശികയും കൊടുത്തു തീര്‍ത്തതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ രാജ്യസഭയില്‍ പറഞ്ഞു. കേന്ദ്രം നല്‍കാനുള്ള വിഹിതം നല്‍കിയിട്ടുണ്ട്. എന്നാല്‍ പണം വിനിയോഗിച്ചതിനുള്ള വിശദാംശങ്ങള്‍ കേരളം നല്‍കിയിട്ടില്ലെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
ഒരു രൂപ പോലും കേരള സംസ്ഥാനത്തിന് നല്‍കാനില്ല. എന്നാല്‍ യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് സംസ്ഥാനം നല്‍കിയിട്ടില്ല. ആശാ വര്‍ക്കര്‍മാരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നുവെന്നും ജെ പി നഡ്ഡ അഭിപ്രായപ്പെട്ടു. രാജ്യസഭയില്‍ പി സന്തോഷ് കുമാര്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന.
അതേസമയം കേരളത്തിലെ ആശ വര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംസ്ഥാനത്തു നിന്നുള്ള യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചു. ആശ വര്‍ക്കര്‍മാരുടെ ശമ്പളം 21,000 രൂപയായി വര്‍ധിപ്പിക്കുക, ആശ വര്‍ക്കര്‍മാര്‍ക്ക് റിട്ടയര്‍മെന്റ് ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
by Midhun HP News | Mar 11, 2025 | Latest News, കേരളം
തൊടുപുഴ: ഇടുക്കി പരുന്തുംപാറയിൽ സർക്കാർ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ഇന്ന് സർവേ വകുപ്പ് ഡിജിറ്റൽ സർവേ ആരംഭിക്കും. മഞ്ജുമല, പീരുമേട് വില്ലേജുകളിലാണ് സർവേ. മേഖലയിലെ സർക്കാർ ഭൂമി അളന്നു തിട്ടപ്പെടുത്തും. 15 ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് രേഖകൾ പരിശോധിക്കുക.
കയ്യേറ്റ ഭൂമിയെന്നു കണ്ടെത്തിയ മഞ്ജുമല വില്ലേജിലെ സർവേ നമ്പർ 441ലേയും പീരുമേട് വില്ലേജിലെ സർവേ നമ്പർ 534ലേയും രേഖകൾ വിശദമായി പരിശോധിക്കും. മേഖലയിൽ പട്ടയം കിട്ടിയ ഭൂമിയുടെ രേഖകളും റവന്യൂ വകുപ്പ് പരിശോധിക്കും. പരുന്തുംപാറയിൽ തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫ് കയ്യേറി സ്ഥാപിച്ച കുരിശ് ഇന്നലെ റവന്യൂ സംഘം പൊളിച്ചു മാറ്റിയിരുന്നു.
സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചിരുന്നു. പ്രദേശത്ത് രണ്ട് മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചതായും റവന്യൂ മന്ത്രി വ്യക്തമാക്കി.
ഈ മാസം രണ്ടാം തീയതിയാണ് പരുന്തുംപാറയിലെ കൈയേറ്റ ഭൂമിയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകാൻ ജില്ല കലക്ടർ പീരുമേട് എൽ ആർ തഹസിൽദാരെ ചുമതലപ്പെടുത്തിയത്. ഒപ്പം കയ്യേറ്റ ഭൂമിയിൽ പണികൾ നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്താൻ പരിശോധന നടത്താനും നിർദ്ദേശവും നൽകി. ഇത് പ്രകാരം പുരുന്തുംപാറയിൽ കൈയേറ്റ നടത്തി കെട്ടിടങ്ങൾ പണിത സജിത് ജോസഫിന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇത് മറികടന്നാണ് കയ്യേറ്റ ഭൂമിയിൽ ഇയാൾ കുരിശ് സ്ഥാപിച്ചത്.
സംഭവം വിവാദമായതോടെ, മറ്റൊരു സ്ഥലത്ത് നിർമിച്ച കുരിശ് ഇവിടെ കൊണ്ടുവന്ന് സ്ഥാപിക്കുകയായിരുന്നുവെന്നും, ഇത് ശ്രദ്ധയിൽപെട്ടിരുന്നില്ലെന്നുമാണ് ഉദ്യോഗസ്ഥർ വിശദീകരിച്ചത്. ധ്യാന കേന്ദ്രമാണ് പണിയുന്നതെന്നാണ് സജിത് ജോസഫ് പ്രദേശവാസികളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് കയ്യേറ്റ ഭൂമിയിലെ കുരിശ് നിർമാണവും. 2017 ൽ സൂര്യനെല്ലിയിലും ഇത്തരത്തിൽ കൈയേറ്റ ഭൂമിയിൽ കുരിശ് സ്ഥാപിച്ചിരുന്നു. ഇത് പിന്നീട് ജില്ല ഭരണകൂടം പൊളിച്ചു നീക്കുകയും ചെയ്തു.
Recent Comments