കൊല്ലത്ത് പള്ളി വളപ്പില്‍ സ്യൂട്ട്‌കേസില്‍ അസ്ഥികൂടം; പൊലീസ് പരിശോധന

കൊല്ലത്ത് പള്ളി വളപ്പില്‍ സ്യൂട്ട്‌കേസില്‍ അസ്ഥികൂടം; പൊലീസ് പരിശോധന

കൊല്ലം: കൊല്ലത്ത് പള്ളി വളപ്പില്‍ സ്യൂട്ട്‌കേസില്‍ അസ്ഥികൂടം കണ്ടെത്തി. സിഎസ്‌ഐ ശാരദമഠം പള്ളി സെമിത്തേരിയോട് ചേര്‍ന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. മനുഷ്യന്റെ അസ്ഥികൂടമെന്ന് പൊലീസ് പറഞ്ഞു. ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലാണ് അസ്ഥികൂടമെന്നും, ആരെങ്കിലും പെട്ടിയിലാക്കി ഉപേക്ഷിച്ചതാണോയെന്ന് പരിശോധിക്കുന്നതായി സിറ്റി പൊലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍ വ്യക്തമാക്കി.

മതിലിനോട് ചേര്‍ന്നാണ് സ്യൂട്ട്‌കേസ് ഉപേക്ഷിക്കപ്പെട്ടിരുന്നത്. പള്ളിയിലെ പൈപ്പ്‌ലൈനിലെ തകരാര്‍ പരിഹരിക്കുന്നതിനായി പണിക്കാര്‍ എത്തിയപ്പോഴാണ് സ്യൂട്ട്‌കേസ് കണ്ടെത്തുന്നത്. തുടര്‍ന്ന് തുറന്നുനോക്കിയപ്പോഴാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തുന്നത്. റോഡില്‍ നിന്നും ആരെങ്കിലും സ്യൂട്ട്‌കേസ് പറമ്പിലേക്ക് വലിച്ചെറിഞ്ഞതാണോയെന്നാണ് പൊലീസ് സംശയിക്കുന്നത്.

സ്യൂട്ട് കേസ് കണ്ടതിനെത്തുടര്‍ന്ന് കമ്പുകൊണ്ട് തുറന്നുനോക്കിയപ്പോള്‍ തലയോട്ടി കണ്ടുവെന്നും, ഉടന്‍ തന്നെ അച്ഛനെയും പള്ളിയിലെ മറ്റുള്ളവരെയും പൊലീസിനെയും വിവരം അറിയിച്ചുവെന്ന് പള്ളി ജീവനക്കാരന്‍ പറയുന്നു. പെട്ടിയുടെ കാലപ്പഴക്കവും അടുത്ത കാലത്താണോ ഇവിടെ ഉപേക്ഷിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചു വരികയാണ്.

തിരുവനന്തപുരം മൃ​ഗശാലയിൽ ചത്ത മ്ലാവിന് പേവിഷബാധ; ജീവനക്കാർക്ക് വാക്സിൻ നൽകും

തിരുവനന്തപുരം മൃ​ഗശാലയിൽ ചത്ത മ്ലാവിന് പേവിഷബാധ; ജീവനക്കാർക്ക് വാക്സിൻ നൽകും

തിരുവനന്തപുരം: തിരുവനന്തപുരം മൃ​ഗശാലയിൽ കഴിഞ്ഞ ദിവസം ചത്ത മ്ലാവിനു പേവിഷബാധ സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് മ്ലാവ് വർ​ഗത്തിൽപ്പെട്ട സാമ്പാർ ‍ഡിയർ ചത്തത്. തിങ്കളാഴ്ച മൃ​ഗശാലയിൽ വച്ച് നടത്തിയ പോസ്റ്റുമോർട്ടം പരിശോധനയ്ക്കു ശേഷം പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസിൽ നടത്തിയ വിശദ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

മ്ലാവുമായി അടുത്തു ഇടപഴകിയ ജീവനക്കാർക്കെല്ലാം പോസ്റ്റ് ഏസ്പോഷർ ആന്റി റാബീസ് വാക്സിൻ നൽകും. മ്ലാവിനെ പാർപ്പിച്ചിരുന്ന കൂടിനുള്ളിലെ മുഴുവൻ മൃ​ഗങ്ങൾക്കും അടിയന്തരമായി ആന്റി റാബീസ് വാക്സിൻ നൽകാനും തീരുമാനിച്ചു. ഇതിനായി വെറ്ററിനറി സർജൻ ‍ഡോ. നികേഷ് കിരണിന്റെ നേതൃത്വത്തിൽ ടീമിനേയും രൂപീകരിച്ചു. മൃ​ഗങ്ങൾക്കുള്ള വാക്സിനേഷൻ ഇന്നാരംഭിക്കും.

ബയോ സെക്യൂരിറ്റി മേഖലയായതിനാൽ മ്യൂസിയം പരിധിയിലെ തെരുവു നായ്ക്കളെ പിടികൂടി മാറ്റി പാർപ്പിക്കുന്നതിനു തിരുവനന്തപുരം ന​ഗരസഭയ്ക്ക് മൃ​ഗശാല കത്ത് നൽകും. പേവിഷബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല.

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 240 രൂപ കുറഞ്ഞു

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 240 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 64,160 രൂപയാണ്. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 8020 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

ഈ മാസത്തെ റെക്കോര്‍ഡ് വിലയായ 64,520 രൂപയും കടന്ന് വില റെക്കോര്‍ഡ് ഭേദിപ്പിക്കുമെന്ന പ്രതീക്ഷയുണ്ടയിരുന്നെങ്കിലും വില ഇടിയുന്ന ട്രെന്‍ഡാണ് കണ്ടത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. നിലവിലെ റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില 65,000 തൊടുമോ എന്ന ആകാംക്ഷയിലാണ് നിക്ഷേപകര്‍.

സുരക്ഷിതരല്ലെന്ന് തോന്നുന്നുണ്ടോ? പോല്‍ ആപ്പ് ഉപയോഗിക്കൂ

സുരക്ഷിതരല്ലെന്ന് തോന്നുന്നുണ്ടോ? പോല്‍ ആപ്പ് ഉപയോഗിക്കൂ

തിരുവനന്തപുരം: ജനങ്ങള്‍ സുരക്ഷക്കായി പോല്‍ ആപ്പ് സേവനം ഉപയോഗിക്കേണ്ട വിധം എങ്ങനെയെന്ന് വിശദീകരിക്കുന്ന കുറിപ്പുമായി കേരള പൊലീസ്. അപകടകരമായ സാഹചര്യത്തില്‍ പോല്‍ ആപ്പിലെ എസ്ഓഎസ് ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നത് വഴി നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുകയും ഉടന്‍ പൊലീസ് സഹായം ലഭിക്കുമെന്നും കുറിപ്പില്‍ പറയുന്നു.

പോല്‍ ആപ്പില്‍ മൂന്ന് എമര്‍ജന്‍സി നമ്പര്‍ ചേര്‍ക്കാനുള്ള ഓപ്ഷന്‍ ലഭ്യമാണ്. അങ്ങനെ നമ്പര്‍ സേവ് ചെയ്തിട്ടുണ്ടെങ്കില്‍ എസ്ഓഎസ് ബട്ടണില്‍ ക്ലിക്ക് ചെയ്യുന്ന അതേസമയം ആ മൂന്ന് നമ്പറിലേയ്ക്കും നിങ്ങള്‍ അപകടത്തിലാണെന്ന സന്ദേശം എത്തുന്നു.

വളരെയെളുപ്പം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഉപയോഗിക്കുന്ന വ്യക്തി നില്‍ക്കുന്ന സ്ഥലം മനസ്സിലാക്കി ഏറ്റവും അടുത്ത പോലീസ് സ്റ്റേഷന്‍ സൂചിപ്പിക്കാന്‍ ആപ്പിന് കഴിയും. കേരള പൊലീസിലെ എല്ലാ റാങ്കിലെ ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പരും ഇ മെയില്‍ വിലാസവും ആപ്പില്‍ ലഭ്യമാണ്.

പോല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് – https://play.google.com/store/apps/details…

കുട്ടിയുടെ ദേഹത്ത് സെല്ലോ ടേപ്പ് ഒട്ടിച്ച് എംഡിഎംഎ വില്‍പന; കേസില്‍ ട്വിസ്റ്റ്

കുട്ടിയുടെ ദേഹത്ത് സെല്ലോ ടേപ്പ് ഒട്ടിച്ച് എംഡിഎംഎ വില്‍പന; കേസില്‍ ട്വിസ്റ്റ്

പത്തനംതിട്ട: തിരുവല്ലയില്‍ മകനെ ഉപയോഗിച്ച് എംഡിഎംഎ വില്‍പന നടത്തിയെന്ന പിതാവിനെതിരെയുള്ള കേസില്‍ പൊലീസിനെതിരെ പ്രതിയുടെ ഭാര്യ. പൊലീസ് ഇത്തരത്തില്‍ പരാതി നിര്‍ബന്ധിച്ച് എഴുതി വാങ്ങിച്ചു. സിസിടിവി ദൃശ്യങ്ങള്‍ സഹിതം പൊലീസിനെതിരെ യുവതി ശിശുക്ഷേമ സമിതിക്ക് പരാതി നല്‍കി.

പൊലീസ് വീട്ടിലെത്തി പരാതി നിര്‍ബന്ധിച്ച് എഴുതി വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും യുവതി പുറത്തുവിട്ടു. മകന്റെ ശരീരത്തില്‍ എംഡിഎംഎ പൊതികള്‍ ഒളിപ്പിച്ചു വില്‍പന നടത്തിയെന്നാണ് കുട്ടിയുടെ പിതാവിനെതിരെയുള്ള കേസ്. കുട്ടിയെ ലഹരിക്കടത്തിന് ഉപയോഗിച്ചുവെന്ന് പരാതി നല്‍കാന്‍ പൊലീസാണ് നിര്‍ദേശം നല്‍കിയതെന്ന് മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. ജ്യൂസ് കുടിക്കാനാണ് പിതാവിനൊപ്പം കുട്ടി പോയത്. കുട്ടിയെ ലഹരിക്കടത്തിന് ഉപയോഗിച്ചുവെന്ന് ഡിവൈഎസ്പി വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞശേഷമാണ് പൊലീസ് വീട്ടിലെത്തി പരാതി എഴുതി വാങ്ങിയതെന്നാണ് മാതാവിന്റെ ആരോപണം

പ്രതിയെ വെള്ളിയാഴ്ച രാവിലെയാണ് വീട്ടില്‍ നിന്ന് എംഡിഎംഎയുമായി തിരുവല്ല പൊലീസ് പിടികൂടിയത്. തുടര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മകനെ ഉപയോഗിച്ച് ലഹരിപ്പൊതികള്‍ വിതരണം നടത്തിയതായി തിരുവല്ല ഡിവൈഎസ്പി പറഞ്ഞത്. എന്നാല്‍ പിന്നീട് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ മകന്റെ ശരീരത്തില്‍ എംഡിഎംഎ ഒട്ടിച്ചുവച്ച് വില്‍പന നടത്തിയെന്ന ഭാഗം ഒഴിവാക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് പ്രതിയുടെ ഭാര്യ തന്നെ പൊലീസിനെതിരെ രംഗത്തെത്തിയത്. കേസില്‍ പൊലീസിന് മൈലേജ് കിട്ടാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ കെട്ടുകഥയുണ്ടാക്കിയതെന്നാണ് പ്രതിയുടെ ഭാര്യ പറയുന്നത്. എന്നാല്‍ കേസ് അട്ടിമറിക്കാന്‍ വേണ്ടി ഭാര്യയും ഭര്‍ത്താവ് ചേര്‍ന്ന് നടത്തുന്ന തന്ത്രമാണെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ പരാതിപ്രകാരം, പിതാവിനെതിരെ ബാലനീതി നിയമപ്രകാരം കേസ് എടുത്തിരുന്നു. പ്രതിയും കുട്ടിയുടെ അമ്മയും ദീര്‍ഘകാലമായി അകന്നുകഴിയുകയാണ്. നിലവില്‍ റിമാന്‍ഡിലായ പ്രതി ആറു മാസമായി ജില്ലാ ഡാന്‍സാഫ് ടീമിന്റെയും തിരുവല്ല പൊലീസിന്റെയും നിരീക്ഷണത്തിലായിരുന്നു. പ്രതിയുടെ ശരീരത്തില്‍ എംഡിഎംഎ പാക്കറ്റുകള്‍ ഒട്ടിച്ചു വച്ചശേഷം മകനൊപ്പം സഞ്ചരിച്ചാണ് വില്‍പന നടത്തിയിരുന്നതെന്നാണ് പൊലീസ് പറഞ്ഞത്.

കേരളം പൂര്‍ണമായും കെ-സ്മാര്‍ട്ട് ആകും; ഏപ്രില്‍ 10 മുതല്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സേവനം

കേരളം പൂര്‍ണമായും കെ-സ്മാര്‍ട്ട് ആകും; ഏപ്രില്‍ 10 മുതല്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സേവനം

കൊച്ചി: ഇ- ഗവേണന്‍സില്‍ കേരളത്തില്‍ വലിയ മുന്നേറ്റത്തിന് തുടക്കമിട്ട കെ-സ്മാര്‍ട്ട് എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. 2024 ജനുവരി ഒന്നിന് ആരംഭിച്ച് 94 നഗരസഭകളില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന കേരള സൊല്യൂഷന്‍സ് ഫോര്‍ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോര്‍മേഷന്‍ ആന്‍ഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ (കെ-സ്മാര്‍ട്ട്) പ്ലാറ്റ്ഫോം സംവിധാനമാണ് സംസ്ഥാനത്താകെ വ്യാപിപ്പിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തിലും 152 ബ്ലോക്ക് പഞ്ചായത്തുകളിലും 14 ജില്ലാ പഞ്ചായത്തുകളിലും കെ-സ്മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമാകും. ഏപ്രില്‍ പത്ത് മുതല്‍ സേവനങ്ങള്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കെ-സ്മാര്‍ട്ട് പദ്ധതി നിലവില്‍ വന്നതിന് ശേഷം 1,709 കോടി രൂപയാണ് സര്‍ക്കാരിന് ഇതിലൂടെ ലഭിച്ചിട്ടുള്ളത്. 2025 ഫെബ്രുവരി 13 വരെയുള്ള കണക്കുകള്‍ പ്രകാരം 23.12 ലക്ഷം ഫയലുകളും ഇതിലൂടെ തീര്‍പ്പാക്കി. ആകെ ലഭിച്ച അപേക്ഷകളുടെ 75.6 ശതമാനം വരുന്നതാണ് ഈ കണക്കുകള്‍.

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐകെഎം) ആണ് കെ-സ്മാര്‍ട്ട് പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സി. ‘ജനന – മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് കുറഞ്ഞത് ഏഴ് ദിവസമാണ് നിലവില്‍ വേണ്ടത്. കെ-സ്മാര്‍ട്ടിലൂടെ അതേ സേവനം വെറും 25 മിനിറ്റിനുള്ളില്‍ ലഭ്യമാക്കാനാകും’ എന്ന് ഐകെഎം ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സന്തോഷ് ബാബു പറയുന്നു.

ഡിജിറ്റല്‍ ഫയല്‍ മാനേജ്‌മെന്റ്, വസ്തു നികുതി, കെട്ടിട നിര്‍മാണ അനുമതി, പൊതുജന പരാതി സ്വീകരിക്കല്‍, കൗണ്‍സില്‍, പഞ്ചായത്ത് യോഗ നടപടികള്‍, വ്യാപാര ലൈസന്‍സ്, വാടക, പാട്ടം, തൊഴില്‍ നികുതി, പാരാമെഡിക്കല്‍, ട്യൂട്ടോറിയല്‍ രജിസ്‌ട്രേഷന്‍, പെറ്റ് ലൈസന്‍സ്, ഭൂമി സംബന്ധിച്ച വിവരങ്ങള്‍, മൊബൈല്‍ ആപ്പ്, കോണ്‍ഫിഗറേഷന്‍ മൊഡ്യൂള്‍, സിവില്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയവയാണ് കെ-സ്മാര്‍ട്ട് ലഭ്യമാക്കുന്ന സേവനങ്ങള്‍.

അപേക്ഷകളുടെ പുരോഗതിയും സ്ഥിതിവിവരവും പൊതുജനങ്ങള്‍ക്ക് അറിയാനാകും. ക്ഷേമപെന്‍ഷനുള്ള നടപടിയുള്‍പ്പെടെ ഓണ്‍ലൈനാകും. ജൂണില്‍ പരിഷ്‌കരിച്ച സുലേഖ സോഫ്റ്റ്വെയറും കെ സ്മാര്‍ട്ടുമായി സംയോജിപ്പിക്കുന്നതോടെ സേവനം കൂടുതല്‍ വിപുലീകരിക്കും. വോട്ടവകാശമുള്ളവര്‍ക്ക് ലോകത്ത് എവിടെ നിന്നും ലോഗിന്‍ ചെയ്ത് വീഡിയോ കോണ്‍ഫറന്‍സ് വഴി ഗ്രാമസഭകളില്‍ പങ്കെടുക്കാനാകുമെന്നതും കെ-സ്മാര്‍ട്ട് പദ്ധതിയുടെ മികവാണ്.

ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അഞ്ച് രൂപ വീതവും സ്വത്ത് നികുതി അടയ്ക്കല്‍, കെട്ടിട പ്രായ സര്‍ട്ടിഫിക്കറ്റുകള്‍, താമസ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്ക് 10 രൂപ വീതവും സര്‍വീസ് ചാര്‍ജ് മാത്രമാണ് കെ-സ്മാര്‍ട്ട് സേവനത്തിലൂടെ നല്‍കേണ്ടിവരിക. ഇതേ സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തേണ്ട ചെലവിനേക്കാള്‍ വളരെ കുറവാണ് ഈ നിരക്ക് എന്ന് ഐകെഎം എംഡി വ്യക്തമാക്കുന്നു.

ഐകെഎം പങ്കുവച്ച കണക്കുകള്‍ പ്രകാരം അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ കെ-സ്മാര്‍ട്ട് 1.50 ലക്ഷം ഫയലുകള്‍ നീക്കുകളും പതിവ് ഓഫീസ് സമയത്തിന് പുറത്ത് മാത്രം 7.25 ലക്ഷം ഫയലുകള്‍ ക്ലിയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ സേവന വിതരണത്തില്‍ അഭൂതപൂര്‍വമായ പുരോഗതിയാണ് ഇതിലൂടെ വെളിപ്പെടുന്നത് എന്നും ഐകെഎം പറയുന്നു.