by Midhun HP News | Mar 11, 2025 | Latest News, കേരളം
തൊടുപുഴ: ഇടുക്കിയിലെ ഓരോ ഗ്രാമവും മനോഹരമായ കാഴ്ചകളാണ് ഒളിച്ചുവെച്ചിട്ടുള്ളത്. അതിവിശാലമായ ജലപരപ്പും മുളംകാടുകളും പച്ച തുരുത്തുകളും മനോഹാരിത പകരുന്ന കള്ളിമാലി ആരുടേയും മനംകവരുന്നതാണ്. രാജാക്കാടിന് സമീപം, പൊന്‍മുടി ജലാശയത്തിന്റെ കാഴ്ചകള്‍ സമ്മാനിയ്ക്കുന്ന കള്ളിമാലിയുടെ ഗ്രാമീണ ഭംഗി അനുഭവിച്ചറിയേണ്ടതു തന്നെയാണ്.
മലനിരകളാല്‍ ചുറ്റപ്പെട്ട പൊന്‍മുടി ജലാശയം… പച്ച തുരുത്തുകള്‍… ജലപരപ്പിലൂടെ വള്ളം തുഴഞ്ഞ് മത്സ്യ ബന്ധനം നടത്തുന്ന ഗ്രാമീണര്‍… അസ്തമയ സൂര്യന്റെ അഭൗമ ഭംഗി ഇങ്ങനെ ഒട്ടനവധി കാഴ്ചകളുണ്ട് കള്ളിമാലിയില്‍. മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് വേഗത്തില്‍ എത്താവുന്ന പ്രദേശമായിട്ടും അധികം സഞ്ചാരികള്‍ ഇവിടേയ്ക്ക് എത്തി തുടങ്ങിയിട്ടില്ല. മൂന്നാറില്‍ നിന്നും ആനച്ചാല്‍ വഴി 28 കിലോമീറ്ററാണ് കള്ളിമാലിയിലേയ്ക്കുള്ള ദൂരം.
എന്നാല്‍ സഞ്ചാരികള്‍ക്ക് കുറെക്കൂടി സൗകര്യങ്ങള്‍ ഒരുക്കിയാല്‍ കൂടുതല്‍ പ്രയോജനം ലഭിക്കുമെന്ന് പ്രദേശവാസികളും പറയുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും സഞ്ചാരികളെ ആകര്‍ഷിയ്ക്കുന്നതിനുള്ള പദ്ധതികള്‍ ഒരുക്കുകയും ചെയ്താല്‍, ജില്ലയിലെ പ്രധാന ഗ്രാമീണ ടൂറിസം മേഖലകളില്‍ ഒന്നായി കള്ളിമാലി മാറും. ഇവിടെയെത്തിയാല്‍ മനോഹര കാഴ്ചകള്‍ക്കൊപ്പം, ഇടുക്കിയുടെ തനത് കാര്‍ഷിക പെരുമയും ആസ്വദിക്കാം
by Midhun HP News | Mar 11, 2025 | Latest News, കേരളം
ഡല്‍ഹി: ആശ വര്‍ക്കര്‍മാരുടെ ധനസഹായം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. കേരളത്തിലെ ആശാ വര്‍ക്കര്‍മാരുടെ എല്ലാ കുടിശ്ശികയും കൊടുത്തു തീര്‍ത്തതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ രാജ്യസഭയില്‍ പറഞ്ഞു. കേന്ദ്രം നല്‍കാനുള്ള വിഹിതം നല്‍കിയിട്ടുണ്ട്. എന്നാല്‍ പണം വിനിയോഗിച്ചതിനുള്ള വിശദാംശങ്ങള്‍ കേരളം നല്‍കിയിട്ടില്ലെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
ഒരു രൂപ പോലും കേരള സംസ്ഥാനത്തിന് നല്‍കാനില്ല. എന്നാല്‍ യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് സംസ്ഥാനം നല്‍കിയിട്ടില്ല. ആശാ വര്‍ക്കര്‍മാരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നുവെന്നും ജെ പി നഡ്ഡ അഭിപ്രായപ്പെട്ടു. രാജ്യസഭയില്‍ പി സന്തോഷ് കുമാര്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന.
അതേസമയം കേരളത്തിലെ ആശ വര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംസ്ഥാനത്തു നിന്നുള്ള യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചു. ആശ വര്‍ക്കര്‍മാരുടെ ശമ്പളം 21,000 രൂപയായി വര്‍ധിപ്പിക്കുക, ആശ വര്‍ക്കര്‍മാര്‍ക്ക് റിട്ടയര്‍മെന്റ് ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
by Midhun HP News | Mar 11, 2025 | Latest News, കേരളം
തൊടുപുഴ: ഇടുക്കി പരുന്തുംപാറയിൽ സർക്കാർ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ഇന്ന് സർവേ വകുപ്പ് ഡിജിറ്റൽ സർവേ ആരംഭിക്കും. മഞ്ജുമല, പീരുമേട് വില്ലേജുകളിലാണ് സർവേ. മേഖലയിലെ സർക്കാർ ഭൂമി അളന്നു തിട്ടപ്പെടുത്തും. 15 ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് രേഖകൾ പരിശോധിക്കുക.
കയ്യേറ്റ ഭൂമിയെന്നു കണ്ടെത്തിയ മഞ്ജുമല വില്ലേജിലെ സർവേ നമ്പർ 441ലേയും പീരുമേട് വില്ലേജിലെ സർവേ നമ്പർ 534ലേയും രേഖകൾ വിശദമായി പരിശോധിക്കും. മേഖലയിൽ പട്ടയം കിട്ടിയ ഭൂമിയുടെ രേഖകളും റവന്യൂ വകുപ്പ് പരിശോധിക്കും. പരുന്തുംപാറയിൽ തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫ് കയ്യേറി സ്ഥാപിച്ച കുരിശ് ഇന്നലെ റവന്യൂ സംഘം പൊളിച്ചു മാറ്റിയിരുന്നു.
സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചിരുന്നു. പ്രദേശത്ത് രണ്ട് മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചതായും റവന്യൂ മന്ത്രി വ്യക്തമാക്കി.
ഈ മാസം രണ്ടാം തീയതിയാണ് പരുന്തുംപാറയിലെ കൈയേറ്റ ഭൂമിയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകാൻ ജില്ല കലക്ടർ പീരുമേട് എൽ ആർ തഹസിൽദാരെ ചുമതലപ്പെടുത്തിയത്. ഒപ്പം കയ്യേറ്റ ഭൂമിയിൽ പണികൾ നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്താൻ പരിശോധന നടത്താനും നിർദ്ദേശവും നൽകി. ഇത് പ്രകാരം പുരുന്തുംപാറയിൽ കൈയേറ്റ നടത്തി കെട്ടിടങ്ങൾ പണിത സജിത് ജോസഫിന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇത് മറികടന്നാണ് കയ്യേറ്റ ഭൂമിയിൽ ഇയാൾ കുരിശ് സ്ഥാപിച്ചത്.
സംഭവം വിവാദമായതോടെ, മറ്റൊരു സ്ഥലത്ത് നിർമിച്ച കുരിശ് ഇവിടെ കൊണ്ടുവന്ന് സ്ഥാപിക്കുകയായിരുന്നുവെന്നും, ഇത് ശ്രദ്ധയിൽപെട്ടിരുന്നില്ലെന്നുമാണ് ഉദ്യോഗസ്ഥർ വിശദീകരിച്ചത്. ധ്യാന കേന്ദ്രമാണ് പണിയുന്നതെന്നാണ് സജിത് ജോസഫ് പ്രദേശവാസികളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് കയ്യേറ്റ ഭൂമിയിലെ കുരിശ് നിർമാണവും. 2017 ൽ സൂര്യനെല്ലിയിലും ഇത്തരത്തിൽ കൈയേറ്റ ഭൂമിയിൽ കുരിശ് സ്ഥാപിച്ചിരുന്നു. ഇത് പിന്നീട് ജില്ല ഭരണകൂടം പൊളിച്ചു നീക്കുകയും ചെയ്തു.
by Midhun HP News | Mar 11, 2025 | Latest News, കേരളം
കൊല്ലം: കൊല്ലത്ത് പള്ളി വളപ്പില്‍ സ്യൂട്ട്‌കേസില്‍ അസ്ഥികൂടം കണ്ടെത്തി. സിഎസ്‌ഐ ശാരദമഠം പള്ളി സെമിത്തേരിയോട് ചേര്‍ന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. മനുഷ്യന്റെ അസ്ഥികൂടമെന്ന് പൊലീസ് പറഞ്ഞു. ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലാണ് അസ്ഥികൂടമെന്നും, ആരെങ്കിലും പെട്ടിയിലാക്കി ഉപേക്ഷിച്ചതാണോയെന്ന് പരിശോധിക്കുന്നതായി സിറ്റി പൊലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍ വ്യക്തമാക്കി.
മതിലിനോട് ചേര്‍ന്നാണ് സ്യൂട്ട്‌കേസ് ഉപേക്ഷിക്കപ്പെട്ടിരുന്നത്. പള്ളിയിലെ പൈപ്പ്‌ലൈനിലെ തകരാര്‍ പരിഹരിക്കുന്നതിനായി പണിക്കാര്‍ എത്തിയപ്പോഴാണ് സ്യൂട്ട്‌കേസ് കണ്ടെത്തുന്നത്. തുടര്‍ന്ന് തുറന്നുനോക്കിയപ്പോഴാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തുന്നത്. റോഡില്‍ നിന്നും ആരെങ്കിലും സ്യൂട്ട്‌കേസ് പറമ്പിലേക്ക് വലിച്ചെറിഞ്ഞതാണോയെന്നാണ് പൊലീസ് സംശയിക്കുന്നത്.
സ്യൂട്ട് കേസ് കണ്ടതിനെത്തുടര്‍ന്ന് കമ്പുകൊണ്ട് തുറന്നുനോക്കിയപ്പോള്‍ തലയോട്ടി കണ്ടുവെന്നും, ഉടന്‍ തന്നെ അച്ഛനെയും പള്ളിയിലെ മറ്റുള്ളവരെയും പൊലീസിനെയും വിവരം അറിയിച്ചുവെന്ന് പള്ളി ജീവനക്കാരന്‍ പറയുന്നു. പെട്ടിയുടെ കാലപ്പഴക്കവും അടുത്ത കാലത്താണോ ഇവിടെ ഉപേക്ഷിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചു വരികയാണ്.
by Midhun HP News | Mar 11, 2025 | Latest News, കേരളം
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ കഴിഞ്ഞ ദിവസം ചത്ത മ്ലാവിനു പേവിഷബാധ സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് മ്ലാവ് വർഗത്തിൽപ്പെട്ട സാമ്പാർ ഡിയർ ചത്തത്. തിങ്കളാഴ്ച മൃഗശാലയിൽ വച്ച് നടത്തിയ പോസ്റ്റുമോർട്ടം പരിശോധനയ്ക്കു ശേഷം പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസിൽ നടത്തിയ വിശദ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
മ്ലാവുമായി അടുത്തു ഇടപഴകിയ ജീവനക്കാർക്കെല്ലാം പോസ്റ്റ് ഏസ്പോഷർ ആന്റി റാബീസ് വാക്സിൻ നൽകും. മ്ലാവിനെ പാർപ്പിച്ചിരുന്ന കൂടിനുള്ളിലെ മുഴുവൻ മൃഗങ്ങൾക്കും അടിയന്തരമായി ആന്റി റാബീസ് വാക്സിൻ നൽകാനും തീരുമാനിച്ചു. ഇതിനായി വെറ്ററിനറി സർജൻ ഡോ. നികേഷ് കിരണിന്റെ നേതൃത്വത്തിൽ ടീമിനേയും രൂപീകരിച്ചു. മൃഗങ്ങൾക്കുള്ള വാക്സിനേഷൻ ഇന്നാരംഭിക്കും.
ബയോ സെക്യൂരിറ്റി മേഖലയായതിനാൽ മ്യൂസിയം പരിധിയിലെ തെരുവു നായ്ക്കളെ പിടികൂടി മാറ്റി പാർപ്പിക്കുന്നതിനു തിരുവനന്തപുരം നഗരസഭയ്ക്ക് മൃഗശാല കത്ത് നൽകും. പേവിഷബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല.
by Midhun HP News | Mar 11, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 64,160 രൂപയാണ്. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 8020 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
ഈ മാസത്തെ റെക്കോര്‍ഡ് വിലയായ 64,520 രൂപയും കടന്ന് വില റെക്കോര്‍ഡ് ഭേദിപ്പിക്കുമെന്ന പ്രതീക്ഷയുണ്ടയിരുന്നെങ്കിലും വില ഇടിയുന്ന ട്രെന്‍ഡാണ് കണ്ടത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. നിലവിലെ റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില 65,000 തൊടുമോ എന്ന ആകാംക്ഷയിലാണ് നിക്ഷേപകര്‍.
Recent Comments