by Midhun HP News | Mar 4, 2025 | Latest News, കേരളം
കൊച്ചി: റാഗിങ് കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് ഹൈക്കോടതി. റാഗിങ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി (കെല്‍സ)യാണ് പ്രശ്‌നം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംസ്ഥാന, ജില്ലാ തല മോണിറ്ററിങ്ങ് കമ്മിറ്റികളും പരാതി പരിഹാര സെല്ലുകളും സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് കെല്‍സ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിങ്ങ് കേസുകള്‍ വര്‍ധിക്കുകയാണ്. സംസ്ഥാന, ജില്ലാ തലങ്ങളില്‍ ശക്തമായതും ഘടനാപരവുമായ നിരീക്ഷണ സംവിധാനത്തിലൂടെ നിലവിലുള്ള റാഗിങ്ങ് വിരുദ്ധ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.
നാളെ വേറൊരു ബെഞ്ച് ഹര്‍ജി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. റാഗിങ് കേസുകള്‍ കേള്‍ക്കാനായി പ്രത്യേക ബെഞ്ച് രൂപീകരിക്കും. പ്രത്യേക ബെഞ്ചിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. റാഗിങ് കേസുകളില്‍ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന ഹര്‍ജിയിലെ ആക്ഷേപത്തില്‍, സര്‍ക്കാരിനോട് മറുപടി നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
by Midhun HP News | Mar 4, 2025 | Latest News, കേരളം
ലഹരി ഉപയോഗം തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിലും ബോട്ട് ലാൻഡിംഗ് ഏരിയ കളിലും പൊലീസിന്റെ വ്യാപക റെയ്ഡ്. സെന്റ് ആഡ്റൂസ് മുതൽ കാപ്പിൽ വരെയുള്ള തീരപ്രദേശത്തെ പുതുക്കുറിച്ചി, മരിയനാട്, അഞ്ചുതെങ്, മാമ്പള്ളി,അരിവാളം, റാത്തിക്കൽ,വെറ്റകട തുടങ്ങിയ ഫിഷ് ലാൻഡിംഗ് സെന്റർ കളും പെരുമാതുറ, താഴംപ്പള്ളി ഹാർബർകളും പരിശോധിച്ചു.
പരിശോധനയിൽ പെരുമാതുറ സ്വദേശിയായ അസറുദ്ധീൻ (26)നിന്നും ലഹരി മരുന്ന് പിടികൂടി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡോഗ്സ്കോഡിന്റെ സഹായത്തോടുകൂടിയായിരുന്നു തിരച്ചിൽ തുടങ്ങിയത്.
വെളുപ്പിന് തുടങ്ങിയ മിന്നൽ പരിശോധനയിൽ റൂറൽ നർകോട്ടിക്ക് സെൽ ഡിവൈഎസ്പി പ്രദീപ് കുമാർ, വർക്കല ഡിവൈഎസ്പി ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ അഞ്ചുതെങ് കോസ്റ്റൽ , അഞ്ചുതെങ്, കഠിനംകുളം, വർക്കല, അയിരൂർ സ്റ്റേഷനുകളിലെ എസ് എച്ച് ഒ മാർ, എസ്ഐ മാർ, ആറ്റിങ്ങൽ, വർക്കല സബ്ഡിവിഷനിലെ പൊലീസ് ഉദ്യോഗസ്ഥർ ഡാൻസാഫ് ഉദ്യോഗസ്ഥർ, ഡോഗ് സ്‌ക്വാഡ്, മറൈൻ എൻഫോസ്‌മെന്റ് എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്. തീരദേശങ്ങളിൽ ലഹരി ഉപയോഗം വർദ്ധിച്ചതിനെ തുടർന്നായിരുന്നു പരിശോധന.
by Midhun HP News | Mar 4, 2025 | Latest News, കേരളം
കൊച്ചിയിൽ ഒമ്പതാം ക്ലാസുകാരനായ സഹോദരൻ സഹോദരിയെ പീഡിപ്പിച്ചു. പെൺകുട്ടി സഹപാഠികളോട് ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. ഒമ്പതാം ക്ലാസുകാരൻ ലഹരിക്ക് അടിമയെന്നും വിദ്യാർഥികൾക്കിടയിൽ ലഹരി വിതരണം ചെയ്യുന്ന ആളെന്നും പൊലീസ് പറയുന്നു.
കുട്ടി സ്കൂളിലെ കൂട്ടുകാരിയോടാണ് വിവരം പറഞ്ഞത്. 2024 ഡിസംബറിൽ ആയിരുന്നു സംഭവം. ഭയന്ന പെൺകുട്ടി വിവരം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. ഇതുവഴിയാണ് അധ്യാപകർ വിവരമറിഞ്ഞത്. സ്വകാര്യഭാഗത്ത് വേദന ഉണ്ടായതോടെയാണ് കുട്ടി വിവരം പുറത്ത് പറഞ്ഞത്. കുട്ടിക്ക് കൗൺസിലിങ് നൽകി. ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.
ഒമ്പതാം ക്ലാസുകാരനെ കുറിച്ച് പോലീസ് വിവരം സ്വീകരിക്കുന്നതിനിടയാണ് പുതിയ പരാതി പോലീസിന് ലഭിച്ചത്. പാലാരിവട്ടം പോലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിക്ക് തുടർച്ചയായി കൗൺസിലിങ് നൽകാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. പ്രതിസ്ഥാനത്ത് പ്രായപൂർത്തിയാകാത്തയാൾ ആയതിനാൽ കേസുമായി ബന്ധപ്പെട്ട് സിഡബ്ല്യൂസിക്ക് പൊലീസ് റിപ്പോർട്ട് നൽകും.
by Midhun HP News | Mar 4, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 64,000ന് മുകളില്‍. പവന് 560 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 64,000 കടന്നത്. 64,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് വര്‍ധിച്ചത്. 8010 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ദിവസങ്ങള്‍ക്കകം ആയിരം രൂപ ഇടിഞ്ഞ ശേഷമാണ് സ്വര്‍ണവിലയുടെ തിരിച്ചുവരവ്.
ഫെബ്രുവരി 25ന് പവന് 64,600 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ച ശേഷമാണ് ദിവസങ്ങളുടെ വ്യത്യാസത്തില്‍ ആയിരം രൂപ ഇടിഞ്ഞ് 64,000ലും താഴേക്ക് പോയത്. എന്നാല്‍ ഓഹരി വിപണിയിലെ ചലനങ്ങളെയും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളെയും തുടര്‍ന്ന് സ്വര്‍ണവില ഇന്ന് തിരിച്ചുകയറുകയായിരുന്നു.
ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. നിലവിലെ റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില 65,000 തൊടുമോ എന്ന ആകാംക്ഷയിലാണ് നിക്ഷേപകര്‍.
by Midhun HP News | Mar 4, 2025 | Latest News, കേരളം
കാസര്‍കോട്: മഞ്ചേശ്വരത്ത് കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറി അച്ഛനും മകനും അടക്കം മൂന്ന് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ബായിക്കട്ട സ്വദേശികളായ ജനാര്‍ഥന, മകന്‍ അരുണ്‍, ബന്ധു കൃഷ്ണകുമാര്‍ എന്നിവരാണ് മരിച്ചത്. കാറില്‍ ഉണ്ടായിരുന്ന കര്‍ണാടക സ്വദേശിയെ ഗുരുതര പരിക്കുകളോടെ മംഗലൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
കൃഷ്ണകുമാറിനെ മംഗലൂരുവിലേക്ക് കൊണ്ടാക്കാന്‍ പോകുമ്പോള്‍ വാമഞ്ചൂരില്‍വെച്ച് ഇന്നലെ രാത്രി 10.30ഓടെയായിരുന്നു അപകടം. ഉപ്പള ചെക്ക് പോസ്റ്റിന് സമീപത്തെ പാലത്തിലെ കൈവരിയിലേക്ക് കാറിടിച്ച് കയറുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
നാട്ടുകാര്‍ ഓടിക്കൂടി കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മൂന്നുപേരും മരിച്ചിരുന്നു. അമിത വേഗമാണ് അപകട കാരണമെന്നാണ് മഞ്ചേശ്വരം പൊലീസിന്റെ പ്രാഥമിക നിഗമനം. പൂര്‍ണമായി തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് കര്‍ണാടക സ്വദേശിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്.
by Midhun HP News | Mar 4, 2025 | Latest News, കേരളം
കോഴിക്കോട്: താമരശ്ശേരിയിൽ സ്കൂൾ വിദ്യാർഥികളുടെ സംഘട്ടനത്തിൽ മുഹമ്മദ് ഷഹബാസിനെ മർദ്ദിച്ചത് മുൻപ് ഒരുമിച്ചു പഠിക്കുകയും ഉറ്റ സുഹൃത്തുമായിരുന്ന വിദ്യാർഥി. ഇരുവരും മുൻപ് മറ്റൊരു സ്കൂളിൽ പഠിച്ചിരുന്നുവെന്നും പ്രതിയായ വിദ്യാർഥി തന്റെ വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും ഷഹബാസിന്റെ പിതാവ് മുഹമ്മദ് ഇഖ്ബാൽ വെളിപ്പെടുത്തി. വിദ്യാർഥി സംഘർഷത്തെ തുടർന്നു മർദ്ദനമേറ്റാണ് മുഹമ്മദ് ഇഖ്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസ് (15) മരിച്ചത്.
‘എന്റെ മകൻ ആറടി മണ്ണിൽ കിടക്കുമ്പോൾ പ്രതികൾക്കു പരീക്ഷ എഴുതാൻ അവസരം നൽകിയത് എന്തു സന്ദേശമാണ് നൽകുന്നത്. ഇവരെ ഈ വർഷം തന്നെ പരീക്ഷണ എഴുതിക്കണമെന്നത് ആരുടെ നിർബന്ധമാണ്. ഇവർ നാളെ കോളജിലെത്തിയാൽ വെടി വയ്ക്കാനുള്ള സ്വാതന്ത്ര്യമാണ് ഇപ്പോൾ നൽകുന്നത്.’
‘പ്രതിഷേധം മറികടന്നും പരീക്ഷയെഴുതിപ്പിച്ച നടപടി അംഗീകരിക്കാനാവാത്ത നീതികേടും മനസിനേറ്റ മുറിവുമാണ്. കോപ്പിയടിച്ചവരെ പരീക്ഷയെഴുതിക്കാതെ മാറ്റി നിർത്താറുണ്ടെന്നിരിക്കെ കൊലപാതകം ചെയ്തവരെ പരീക്ഷയെഴുതിപ്പിച്ചത് അവർക്കും മറ്റുള്ള വിദ്യാർഥികൾക്കും അക്രമം ചെയ്യാനുള്ള പ്രചോദനമാണ്’- മുഹമ്മദ് ഇഖ്ബാൽ ആരോപിച്ചു.
അതേസമയം സംഭവത്തിൽ പ്രതികളായ 5 പേർക്കു പുറമേ കൂടുതൽ വിദ്യാർഥികൾക്കെതിരെ പൊലീസ് അന്വേഷണം തുടരുന്നുണ്ട്. ഗൂഢാലോചനയിലും മർദ്ദനത്തിലും പങ്കുണ്ടെങ്കിൽ അവരേയും പ്രതി ചേർക്കും. സിസിടിവി ദൃശ്യങ്ങൾ സംഭവ സ്ഥലത്തുണ്ടായിരുന്ന മറ്റു വിദ്യാർഥികളുടെ മൊഴിയും രേഖപ്പെടുത്തി തുടങ്ങി.
പ്രതികളിലൊരാളുടെ പിതാവിനു ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടികെ രജീഷുമായുള്ള ബന്ധം ജയിലിൽ നിന്നുള്ളതെന്നാണു പൊലീസിനു കിട്ടിയ വിവരം. രജീഷ് പരോളിൽ ഇറങ്ങിയപ്പോൾ ഇയാൾ കണ്ടിരുന്നു. ആ സമയത്ത് എടുത്ത ചിത്രങ്ങളാണു പ്രചരിക്കുന്നതെന്നാണു പൊലീസ് നിഗമനം.
കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയാണെന്നും കുട്ടികളുടെ വാട്സ്ആപ്പ് സന്ദേശങ്ങൾ ഇതിന്റെ തെളിവാണെന്നും കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി കെഇ ബൈജു പറഞ്ഞു. കുട്ടികൾ എന്ന നിലയിലായിരുന്നില്ല മർദ്ദിച്ചവരുടെ ആലോചനയെന്നും അദ്ദേഹം വ്യക്തമാക്കി.
Recent Comments