by Midhun HP News | Mar 5, 2025 | Latest News, കേരളം
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലം ഒരുങ്ങി. സമ്മേളനത്തിന്റെ പതാക ഇന്ന് ഉയരും. പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്ത് ( സീതാറാം യെച്ചൂരി നഗർ) വൈകീട്ട് അഞ്ചുമണിക്ക് സ്വാഗതസംഘം ചെയർമാൻ കെ എൻ ബാലഗോപാൽ പതാക ഉയർത്തും. പ്രതിനിധി സമ്മേളനം നടക്കുന്ന കോടിയേരി ബാലകൃഷ്ണൻ നഗറിൽ ( സി കേശവൻ സ്മാരക ടൗൺഹാൾ) നാളെ രാവിലെ ഒമ്പതിന് പതാക ഉയർത്തും. തുടർന്ന് പാർട്ടി കോർഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായിട്ടുള്ള പതാക, കൊടിമര, ദീപശിഖ ജാഥകൾ ഇന്ന് വൈകീട്ട് കൊല്ലത്തെ പൊതു സമ്മേളന നഗറിൽ സംഗമിക്കും. പതാക ജാഥ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എം സ്വരാജാണ് നയിക്കുന്നത്. ഈ ജാഥ പകൽ 12 മണിയോടെ കൊല്ലം ജില്ലയിൽ പ്രവേശിക്കും. സമ്മേളന നഗറിൽ തെളിക്കാനുള്ള ദീപശിഖ ജാഥ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജുവാണ് നയിക്കുന്നത്. കൊടിമര ജാഥ സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം സി എസ് സുജാത നയിക്കുന്നു.
നാളെ ആരംഭിക്കുന്ന സംസ്ഥാന സമ്മേളനത്തിൽ 530 പ്രതിനിധികള്‍ പങ്കെടുക്കും. 486 പ്രതിനിധികളും അതിഥികളും നിരീക്ഷകരുമായി 44 പേരുമാണ് പങ്കെടുക്കുന്നത്. ആകെയുള്ള പ്രതിനിധികളില്‍ 75 പേര്‍ വനിതകളാണ്. പിബി അംഗങ്ങളായ പിണറായി വിജയന്‍, എം എ ബേബി, ബി വി രാഘവലു, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, അശോക് ധാവ്ലെ, എ വിജയരാഘവന്‍, എം വി ഗോവിന്ദന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഞായരാഴ്ച സമ്മേളനം സമാപിക്കും. സമാപനം കുറിച്ച് ഞായറാഴ്ച വൈകിട്ട് ആശ്രാമം മൈതാനത്ത് റെഡ് വളണ്ടിയർ പരേഡും ബഹുജനറാലിയും നടക്കും.
by Midhun HP News | Mar 4, 2025 | Latest News, കേരളം
മലപ്പുറം: കിണറ്റിൽ വീണ് രണ്ടര വയസുകാരി മരിച്ചു. വെള്ളിയാഴ്ച അമ്മിനിക്കാട് കിണറ്റിൽ വീണ കുട്ടി ചികിത്സയിലിരിക്കെയാണ് മരിച്ചത്. സയ്യിദ് ഹാരിഹ് തങ്ങളുടേയും ഫാതിമത്ത് തസ്രിയയുടേയും മകൾ ഫാതിമത് ഇസ്റയാണ് മരിച്ചത്. മേലെ പീപ്പലത്തെ മാതാവിന്‍റെ വീട്ടിൽ വച്ചായിരുന്നു അപകടം. സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
by Midhun HP News | Mar 4, 2025 | Latest News, കേരളം
കോട്ടയത്ത് നാല് വയസ്സുകാരന്‍ കഴിച്ച ചോക്ലേറ്റില്‍ ലഹരിയുടെ അംശമെന്ന പരാതിയില്‍ വഴിത്തിരിവ്. ലഹരി ചോക്ലേറ്റില്‍ നിന്നല്ലെന്ന് കണ്ടെത്തി. ദുവസങ്ങള്‍ക്ക് മുമ്പ് വയറുവേദനയെ തുടര്‍ന്ന് കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ MRI സ്‌കാനിങ്ങിന് വിധേയനാക്കിയിരുന്നു. അപ്പോള്‍ നല്‍കിയ മരുന്നിന്റെ പാര്‍ശ്വഫലമായാണ് ലഹരിയുടെ അംശം ശരീരത്തില്‍ എത്തിയതെന്നാണ് കണ്ടെത്തല്‍.
ചില മരുന്നുകളില്‍നിന്ന് ബെന്‍സൊഡയാസിപെന്‍സ് ശരീരത്തില്‍ രൂപപ്പെടുമെന്ന് ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചു. അതേസമയം, കേസില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ തുടരുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
കോട്ടയം മണര്‍കാട് അങ്ങാടിവയല്‍ സ്വദേശികളുടെ നാലു വയസ്സുകാരന്‍ മകനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചോക്ലേറ്റ് കഴിച്ചശേഷം മകന്‍ ക്ലാസില്‍ കിടന്ന് ഉറങ്ങിയിരുന്നു. തുടര്‍ന്ന് സ്‌കൂളില്‍നിന്ന് വന്നശേഷം കുട്ടി ബോധംകെട്ട രീതിയില്‍ ഉറക്കമായിരുന്നു. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയിലാണ് ശരീരത്തില്‍ ലഹരിയുടെ അംശം കണ്ടെത്തിയത്.
by Midhun HP News | Mar 4, 2025 | Latest News, കേരളം
കൊച്ചി: പരിശീലനം ലഭിച്ച തെങ്ങുകയറ്റക്കാരുടെ ക്ഷാമം സംസ്ഥാനത്തെ നാളികേര കര്‍ഷകര്‍ നേരിടുന്ന ഗുരുതരമായ പ്രശ്‌നമാണ്. നാളികേര വികസന ബോര്‍ഡിന്റെ ഡാറ്റാബേസ് അനുസരിച്ച്, 12 വര്‍ഷത്തിനിടെ ഏകദേശം 32,925 പേര്‍ക്കാണ് തെങ്ങുകയറ്റത്തില്‍ പരിശീലനം നല്‍കിയത്. ഇതില്‍ 673 പേര്‍ മാത്രമാണ് നിലവില്‍ ഫീല്‍ഡില്‍ ഉള്ളൂ. ഇത്തരം ആശങ്കകള്‍ വൈകാതെ തന്നെ പഴയ കാര്യമായി മാറാം. കോഴിക്കോട് നിന്നുള്ള യുവാക്കള്‍ വികസിപ്പിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത തേങ്ങയിടല്‍ യന്ത്രം മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.
നാല് യുവാക്കള്‍ വികസിപ്പിച്ചെടുത്ത കൊക്കോ-ബോട്ട് എന്ന തേങ്ങയിടല്‍ യന്ത്രം സംസ്ഥാനത്തെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത തേങ്ങയിടല്‍ യന്ത്രമാണ്. പുതിയ എഐ തേങ്ങയിടല്‍ യന്ത്രം, ഇതിനോടകം ജനപ്രിയ പാരച്യൂട്ട് ബ്രാന്‍ഡ് വെളിച്ചെണ്ണ ഉല്‍പ്പാദിപ്പിക്കുന്ന മാരിക്കോ ലിമിറ്റഡ് പോലുള്ള ചില പ്രധാന കമ്പനികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. കൊക്കോ-ബോട്ട് വിപണിയിലെ മറ്റ് തെങ്ങുകയറ്റ റോബോട്ടുകളില്‍ നിന്ന് വ്യത്യസ്തമാണ്. കാരണം ഇത് ഒതുക്കമുള്ളതും ഭാരം കുറഞ്ഞതുമാണ്.
‘എന്റെ കുളിമുറിയില്‍ വച്ചാണ് ആശയം ജനിച്ചത്’- ആള്‍ട്ടര്‍സേജ് ഇന്നൊവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും സിഇഒയുമായ ആഷിന്‍ പി കൃഷ്ണ പറയുന്നു. ‘2020 ല്‍ ഞാന്‍ കുളിക്കുന്നതിനിടെയാണ് ആ ആശയം ഉയര്‍ന്നുവന്നത്. അന്ന് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന്റെ ഭാഗമാകാന്‍ കഴിയാത്തതിനെക്കുറിച്ച് ഓര്‍മ്മിക്കുന്നതിനിടയിലായിരുന്നു അത്. അന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ ഒരു എയര്‍ കണ്ടീഷണറാണ് വികസിപ്പിച്ചത്, അത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ സമര്‍പ്പിച്ചു.
എന്നാല്‍ ആ വര്‍ഷത്തെ വിഷയം കാര്‍ഷിക മേഖലയിലെ നവീകരണമായിരുന്നു. അതുകൊണ്ടാണ് പങ്കെടുക്കാന്‍ കഴിയാതിരുന്നത്. എന്നാല്‍ അതേ എയര്‍ കണ്ടീഷണര്‍ ചൈനയില്‍ നടന്ന ഒരു അന്താരാഷ്ട്ര മത്സരത്തിന്റെ സെമി ഫൈനലില്‍ എത്തി. പ്രോത്സാഹന സമ്മാനമായി ഞങ്ങള്‍ക്ക് ഒരു റോബോട്ടിക് ടാങ്കിന്റെ ചേസിസും ലഭിച്ചു. ഞാന്‍ ബാത്ത്‌റൂമില്‍ വെന്റിലേഷനില്‍ നിന്ന് പുറത്തേക്ക് നോക്കി അതിനെക്കുറിച്ച് ചിന്തിക്കുമ്പോഴാണ് കാര്‍ഷിക മേഖലയ്ക്കായി ഒരു നൂതന പദ്ധതി തയ്യാറാക്കുന്നതിനെ കുറിച്ച് ചിന്തിച്ചത്. അപ്പോഴാണ് എന്റെ കുളിമുറിക്ക് പുറത്തുള്ള തെങ്ങ് ശ്രദ്ധിച്ചത്. അപ്പോള്‍ തന്നെ എന്റെ മനസില്‍ ഒരു പുതിയ ആശയം ഉദിച്ചു. തെങ്ങില്‍ കയറി തേങ്ങയിടാന്‍ കഴിയുന്ന ഒരു ഭാവി റോബോട്ട് നിര്‍മ്മിക്കാന്‍ ഞാന്‍ തീരുമാനിച്ചു,’- 23 വയസ് മാത്രമുള്ള ആഷിന്‍ പറയുന്നു.
ആഷിന്‍ തന്റെ ടീമിനെ വിളിച്ചുകൂട്ടി ഒരു വര്‍ഷത്തോളം ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി. ‘2021 ല്‍ ഒരു പ്രോട്ടോടൈപ്പ് പുറത്തിറക്കി. 2023 ല്‍ കേരള സ്റ്റാര്‍ട്ട്അപ്പ് മിഷനില്‍ ആശയം അവതരിപ്പിച്ചതിന് പിന്നാലെ ഫണ്ട് ലഭിച്ചു. അതേ വര്‍ഷം, സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച 36 മണിക്കൂര്‍ ഹാക്കത്തണ്‍ വൈഗയില്‍ ഈ ആശയം കൂടുതല്‍ വികസിപ്പിക്കുകയും ചെയ്തു. ഞങ്ങള്‍ ഒന്നാം സമ്മാനം നേടി,’- ആഷിന്‍ പറയുന്നു.
by Midhun HP News | Mar 4, 2025 | Latest News, കേരളം
കോഴിക്കോട്: വയനാട് തുരങ്ക പാത നിര്‍മാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി അനുമതി നല്‍കി. 25 ഇന വ്യവസ്ഥകളോടെയാണ് അനുമതി. ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശത്തെ തുരങ്ക പാത നിര്‍മാണം അതീവ ശ്രദ്ധയോടെ വേണമെന്ന് സമിതി നിര്‍ദേശിച്ചു.
ആനക്കാംപൊയില്‍- കള്ളാടി-മേപ്പാടി തുരങ്ക പാത സംസ്ഥാന സര്‍ക്കാരിന്റെ ഫ്‌ളാഗ് ഷിപ്പ് പദ്ധതിയാണ്. ഇതിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട അനുമതിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇതിന് മുന്‍പ് പലവട്ടം പരിസ്ഥിതി ആഘാത സമിതിയുടെ യോഗത്തില്‍ ഈ വിഷയം ഉയര്‍ന്നുവന്നിരുന്നു. അന്നെല്ലാം വിശദീകരണം ചോദിച്ച് അനുമതി നീട്ടിവെയ്ക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഉരുള്‍ പൊട്ടല്‍ ഉണ്ടായ ചൂരല്‍മല, മുണ്ടക്കൈ എന്നിവ ഉള്‍പ്പെടുന്നതാണ് കള്ളാടിയോട് ചേര്‍ന്നുള്ള പരിസര പ്രദേശങ്ങള്‍. വയനാട്ടില്‍ തുരങ്കപാത എത്തുന്നത് ഇതിനോട് ചേര്‍ന്നുള്ള പ്രദേശത്താണ്. അതായത് വയനാട് തുരങ്കപാതയുടെ ഭാഗമായി വരുന്ന പ്രദേശമാണ് ചൂരല്‍മലയുടെ ഭാഗങ്ങള്‍. അതിനാല്‍ ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശത്തെ തുരങ്ക പാത നിര്‍മാണം അതീവ ശ്രദ്ധയോടെ വേണമെന്ന് നിര്‍ദേശിച്ച് കൊണ്ടാണ് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി പദ്ധതിക്ക് അനുമതി നല്‍കിയത്. ഈ പദ്ധതി വരുന്ന പ്രദേശങ്ങളായ കോഴിക്കോട്ടെ തിരുവമ്പാടിയും വയനാട്ടിലെ വെള്ളരിമലയും പരിസ്ഥിതി ദുര്‍ബല പ്രദേശമാണ്.
പൊതുമരാമത്ത് വകുപ്പ് ആണ് വയനാട് തുരങ്ക പാത നിര്‍മാണത്തിന് അനുമതി തേടി സംസ്ഥാന പരിസ്ഥിതി ആഘാത സമിതിക്ക് അപേക്ഷ നല്‍കിയത്. കൊങ്കണ്‍ റെയില്‍വേയാണ് ഇതിന്റെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയി പ്രവര്‍ത്തിക്കുന്നത്. പാറ തുരക്കുന്നതിന് ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണമെന്നും പരിസ്ഥിതി നാശം ഒഴിവാക്കണമെന്നും സംസ്ഥാന പരിസ്ഥിതി ആഘാത സമിതി നിര്‍ദേശിച്ചിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് പലവട്ടം വിശദീകരണം തേടിയ ശേഷമാണ് അനുമതി നല്‍കിയത്. വന്യജീവികളുടെയും ആദിവാസികള്‍ അടക്കമുളള മനുഷ്യരുടെയും പ്രശ്‌നങ്ങള്‍ പരിഗണിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
നിര്‍ദ്ദിഷ്ട തുരങ്കം പശ്ചിമഘട്ടത്തിലെ കുന്നുകള്‍ക്കും വനങ്ങള്‍ക്കും ഇടയിലൂടെയാണ് കടന്നുപോകുക. ഈ തുരങ്കപാത ആനക്കാംപൊയിലിനും മേപ്പാടിക്കും ഇടയിലുള്ള ദൂരം 42 കിലോമീറ്ററില്‍ നിന്ന് 20 കിലോമീറ്ററില്‍ താഴെയായി കുറയ്ക്കുകയും ചെയ്യും. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കൊച്ചിയും ബംഗളൂരുവും തമ്മിലുള്ള ദൂരം കുറയുകയും താമരശ്ശേരി ചുരത്തിലൂടെ സഞ്ചരിക്കാതെ വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുകയും ചെയ്യും.
by Midhun HP News | Mar 4, 2025 | Latest News, കേരളം
കോഴിക്കോട്: എസ്ഡിപിഐ ദേശിയ പ്രസിഡന്റ് മൊയ്തീന്‍ കുട്ടി ഫൈസിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. തിങ്കളാഴ്ച അര്‍ധരാത്രിയോടെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് ഫൈസിയെ അറസ്റ്റ് ചെയ്തതെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു.
നേരത്തെ എംകെ ഫൈസിക്ക് ഇഡി സമന്‍സ് അയച്ചിരുന്നു. ഹാജരാകാത്ത സാഹചര്യത്തിലാണ് അറസ്റ്റ്. ഫൈസിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇഡിയുടെ ഡല്‍ഹി യൂണിറ്റാണ് ഫൈസിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
2012ലാണ് എസ്ഡിപിയുടെ ദേശീയ പ്രസിന്റായി എംകെ ഫൈസിയെ തെരഞ്ഞെടുത്തത്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് എംകെ ഫൈസിയെന്നും ആരോപണമുണ്ട്.
Recent Comments