by Midhun HP News | Mar 3, 2025 | Latest News, കേരളം
തിരുവനന്തപുരം: നിയമസഭയില്‍ പ്രസംഗത്തിനിടെ രമേശ് ചെന്നിത്തല ‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ എന്ന് ആവര്‍ത്തിച്ചതില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ അതിക്രമങ്ങളെക്കുറിച്ചും ലഹരിവ്യാപനത്തെക്കുറിച്ചുമുള്ള ചര്‍ച്ചയ്ക്കിടെ പലവട്ടം മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നു പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഓരോ തവണയും മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ മറുപടി പറയണമെന്ന് പറയുന്നത് ശരിയായ രീതിയാണോയെന്ന് മുഖ്യമന്ത്രി എഴുന്നേറ്റു ചോദിച്ചു. എന്തു സന്ദേശമാണ് ചെന്നിത്തല സമൂഹത്തിനു നല്‍കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
‘ഇടയ്ക്കിടെ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നു പറഞ്ഞ് ഓരോ ചോദ്യം ചോദിച്ചാല്‍ പോരാ, നാട് നേരിടുന്ന പ്രശ്നമെന്താണെന്ന് മനസിലാക്കണം’ മുഖ്യമന്ത്രി ക്ഷുഭിതനായി പറഞ്ഞു. ‘യൂത്തിന് ചെന്നിത്തല പറയുന്നതാണോ സന്ദേശമായി നല്‍കേണ്ടത്. സമൂഹം ഒന്നായി നേരിടേണ്ട ഒരുവിഷയത്തെക്കുറിച്ച് ഇങ്ങനെയാണോ സംസാരിക്കേണ്ടത്. യാഥാര്‍ഥ്യം മനസിലാക്കാന്‍ കഴിയണം. ഇന്ന് നാട് നേരിടുന്ന പ്രശ്‌നം എന്തെന്ന് മനസിലാക്കണം. ഇടയ്ക്ക് ഇടയ്ക്ക് മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നു സംസാരിച്ചാല്‍ പോരാ. യാഥാര്‍ഥ്യം മനസിലാക്കണം’- പിണറായി പറഞ്ഞു. വിഷയത്തെക്കുറിച്ചാണ് സംസാരിക്കേണ്ടതെന്നും അതിനുള്ള അവസരം ഉപയോഗിച്ച് അനാവശ്യമായ കാര്യങ്ങള്‍ അല്ല പറയേണ്ടതെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.
താന്‍ എന്തു പ്രസംഗിക്കണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കേണ്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി. നാട്ടില്‍ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളെക്കുറിച്ച് പറയാന്‍ മുഖ്യമന്ത്രിയുടെ ചീട്ട് ആവശ്യമില്ല. അതു പറയും. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നു വിളിക്കുന്നത് അണ്‍പാര്‍ലമെന്ററി അല്ലെന്നും തനിക്ക് അതുപറയാന്‍ അവകാശമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനെക്കുറിച്ചും ലഹരിവ്യാപനം രൂക്ഷമാകുന്നതിനെക്കുറിച്ചും നിയമസഭയില്‍ രമേശ് ചെന്നിത്തലയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ഒന്‍പതു വര്‍ഷം ഭരിച്ചിട്ടും ഒരുതരത്തിലുള്ള ലഹരിവിരുദ്ധ പ്രവര്‍ത്തനവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടുവെന്നും സര്‍ക്കാരാണ് ഉത്തരവാദിയെന്നും ചെന്നിത്തല പറഞ്ഞു. കുട്ടികള്‍ ലഹരിക്ക് അടിമകളാകുകയാണ്. വെഞ്ഞാറമ്മൂട് കൂട്ടക്കൊലയും കോഴിക്കോട്ടെ ഷഹബാസിന്റെ കൊലപാതകവും ഞെട്ടിപ്പിക്കുന്നതാണ്. കേരളം ഒരു കൊളംബിയ ആയി മാറുകയാണോ?. പണ്ട് പഞ്ചാബിനെക്കുറിച്ചാണ് ലഹരിയുടെ കേന്ദ്രമായി പറഞ്ഞിരുന്നത്. ഇപ്പോള്‍ കേരളത്തില്‍ യുവാക്കളുടെ ജീവിതത്തെ രാസലഹരി നശിപ്പിക്കുകയാണ്. യുവത്വം പുകഞ്ഞ് ഇല്ലാതാകുകയാണ്. സംസ്ഥാനത്ത് മദ്യമൊഴുക്കുന്ന പുതിയ എക്സൈസ് നയം പുതുതലമുറയോടുള്ള ചതിയാണ്. മദ്യത്തിന്റെ ലഭ്യത വര്‍ധിപ്പിക്കാനാണ് പുതിയ ബ്രൂവറി അനുവദിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കലാലയങ്ങളില്‍ എസ്എഫ്ഐയാണ് റാഗിങ്ങിനു നേതൃത്വം നല്‍കുന്നത്. എന്നാല്‍ അവരെ തിരുത്താന്‍ മുഖ്യമന്ത്രി തയാറാകുന്നില്ല. ഇതുപോലെ തന്നെ തുടര്‍ന്നാല്‍ മതിയെന്നാണ് അവരുടെ യോഗത്തില്‍ പോയി മുഖ്യമന്ത്രി പറഞ്ഞത്. അതു ശരിയായ നിലപാട് അല്ലെന്നും ചെന്നിത്തല പറഞ്ഞു. ടിപി ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികള്‍ക്ക് മൂന്നു വര്‍ഷത്തോളം പരോള്‍ നല്‍കിയ സര്‍ക്കാര്‍ എന്തു സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന് ചെന്നിത്തല ചോദിച്ചു.
മുഖ്യമന്ത്രി ക്ഷുഭിതനായതിന് പിന്നാലെ ചെന്നിത്തലയ്ക്കു പിന്തുണയുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ‘നിങ്ങളാണ് കേരളത്തിന്റെ മുഖ്യമന്ത്രി, നിങ്ങളാണ് ആഭ്യന്തരമന്ത്രി. നിങ്ങളെ കുറ്റപ്പെടുത്തും. അതിനെന്തിനാണ് അങ്ങിത്ര അസഹിഷ്ണുത കാണിക്കുന്നത്. സര്‍ക്കാരും മുഖ്യമന്ത്രിയും എഴുതിത്തരുന്നതു പോലെ പ്രസംഗിക്കാനല്ല ഞങ്ങള്‍ ഇവിടെ ഇരിക്കുന്നത്. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നാണു വിളിച്ചത്. അല്ലാതെ മോശം പേരൊന്നും അല്ല വിളിച്ചത്.’ – സതീശന്‍ പറഞ്ഞു.
by Midhun HP News | Mar 3, 2025 | Latest News, കേരളം
താമരശ്ശേരി മുഹമ്മദ് ഷഹബാസ് കൊലക്കേസ് പ്രതികളായ വിദ്യാർത്ഥികളുടെ ഇന്നത്തെ പരീക്ഷ പൂർത്തിയായി. പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളെയും വെള്ളിമാട്കുന്നിലെ ജുവനൈല്‍ ഹോമില്‍ വെച്ചാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിപ്പിച്ചത്. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഉത്തര കടലാസുകളുമായി മടങ്ങിയതിന് ശേഷം പ്രതികളെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി.
നേരത്തെ താമരശ്ശേരിയില്‍ ഇവര്‍ പഠിക്കുന്ന സ്‌കൂളില്‍ പരീക്ഷ എഴുതിക്കാന്‍ ഉള്ള തീരുമാനം പ്രതിഷേധ സാധ്യത കണക്കില്‍ എടുത്ത് മാറ്റിയിരുന്നു. പിന്നീട് കോഴിക്കോട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് സ്‌കൂളാണ് പരീക്ഷാ കേന്ദ്രമായി അനുവദിച്ചിരുന്നത്. എന്നാൽ പിന്നീട് ജുവനൈല്‍ ഹോമില്‍ തന്നെ പരീക്ഷ എഴുതുന്നതിനുള്ള സൗകര്യമൊരുക്കാന്‍ തീരുമാനിക്കുകയായിരുന്നു. തന്റെ മകൻ ആറടി മണ്ണിൽ കിടക്കുമ്പോൾ, പ്രതികൾക്ക് പരീക്ഷ എഴുതാൻ അസരം നൽകിയത് എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്ന് പിതാവ് മുഹമ്മദ് ഇഖ്ബാൽ ചോദിച്ചു. കൊന്നുതള്ളിയ വർ പരീക്ഷ എഴുതുമ്പോൾ മുഹമ്മദ് ഷഹബാസിന്റെ രക്ഷിതാക്കൾ വിങ്ങിപ്പൊട്ടുകയാണ്.
അതേസമയം, ഷഹബാസിന്റെ സുഹൃത്തുക്കളും നിറകണ്ണുകളോടെയാണ് താമരശ്ശേരി എളേറ്റിൽ എം ജെ ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതാനായി എത്തിയത്. 49-ാം നമ്പർ പരീക്ഷ ഹാളിൽ, ഏറ്റവും പുറകിലെ ഡെസ്കിൽ ഷഹബാസിന്റെ 628307 എന്ന രജിസ്റ്റർ നമ്പർ എഴുതിയ ഇരിപ്പിടം ശൂന്യമായിരുന്നു. 20 കുട്ടികൾക്ക് പരീക്ഷ എഴുതാനുള്ള ഹാളിലെ അവസാന വിദ്യാർത്ഥിയായിരുന്നു ഷഹബാസ്.
ഇന്നലെ പ്രതികളുടെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ ഷഹബാസിനെ മർദ്ദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് കണ്ടെത്തിയിരുന്നു. ഈ മാരകായുധം ഉപയോഗിച്ചുകൊണ്ടായിരുന്നു ഷഹബാസിന്റെ തലയ്ക്ക് പ്രതികൾ ശക്തമായി അടിച്ചത്. അടിയിൽ തലയോട്ടി തകർന്നതാണ് മരണകാരണം.
by Midhun HP News | Mar 3, 2025 | Latest News, കേരളം
ജോലിയിൽ നിന്നും പിരിച്ചുവിട്ടതിൻ്റെ പ്രതികാരത്തിൽ യുവാവ് ഓയില്‍ ഗോൗണിന് തീവെച്ചു.തൃശ്ശൂർ മുണ്ടൂരിലാണ് സംഭവം. വേളക്കോട് ഇൻഡസ്ട്രിയൽ ഏരിയയിലെ ഗൾഫ് പെട്രോ കെമിക്കൽസ് ഓയിൽ കമ്പനിക്കാണ് മുൻ ജീവനക്കാരൻ തീവെച്ചത്
സംഭവത്തിൽ കമ്പനിയിലെ മുൻ ജീവനക്കാരനായ ടിറ്റൊ പൊലീസിൽ കീഴടങ്ങി. ജോലിയിൽ നിന്നും പിരിച്ചുവിട്ട ദേഷ്യത്തിലാണ് തീവെച്ചതെന്ന് ടിറ്റോ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇന്ന് പുലർച്ചെ 3:30 ഓടെയാണ് തീപിടിത്തം സമീപവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.
by Midhun HP News | Mar 3, 2025 | Latest News, കേരളം
പാലക്കാട് വണ്ടാഴിയില്‍ 52 കാരനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വണ്ടാഴി ഏറാട്ടുകുളമ്പ് വീട്ടില്‍ കൃഷ്ണകുമാര്‍ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയതായാണ് നിഗമനം. കോയമ്പത്തൂരില്‍ നിന്ന് ഇന്ന് രാവിലെയാണ് കൃഷ്ണകുമാര്‍ വണ്ടാഴിയില്‍ എത്തിയത്. വണ്ടിയില്‍ ഉണ്ടായിരുന്ന പിസ്റ്റള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് നിഗമനം.
കോയമ്പത്തൂരില്‍ വെച്ച് ഭാര്യയെ ഇന്ന് രാവിലെ കൊലപ്പെടുത്തിയ ശേഷം വണ്ടാഴിയിലെ വീട്ടിലെത്തി കൃഷ്ണകുമാര്‍ ജീവനൊടുക്കുകയായിരുന്നു. ഭാര്യ സംഗീതയെയാണ് കൃഷ്ണകുമാര്‍ കൊലപ്പെടുത്തിയത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു കൊലപാതകം.
by Midhun HP News | Mar 3, 2025 | Latest News, കേരളം
കൊച്ചി: നിശബ്ദമായിരിക്കാനില്ല, വീട്ടിലോ, ജോലിസ്ഥലത്തോ, പൊതുസ്ഥലത്തോ തങ്ങള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും പോരാടുകയും ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തിരിച്ചറിയുന്നതിനും ഇരകള്‍ക്ക് മതിയായ സഹായം നല്‍കുന്നതിനുമായി കുടുംബശ്രീ സംസ്ഥാനത്ത് നടത്തുന്ന ക്രൈം മാപ്പിങ് സര്‍വേയിലാണ് സ്ത്രീ മുന്നേറ്റത്തിന്റെ കണക്കുകള്‍ പറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ ക്രൈം മാപ്പിങ് സര്‍വേകൂടിയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്.
എറണാകുളം ജില്ലയിലെ ആലങ്ങാട്, കഞ്ഞൂര്‍, കുഴുപ്പിള്ളി, ചേന്ദമംഗലം, മുടക്കുഴ, വാരപ്പെട്ടി എന്നീ ആറ് പഞ്ചായത്തുകളില്‍ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നടത്തിയ സര്‍വേയിലാണ് പ്രതീക്ഷ നല്‍കുന്ന കണക്കുകളുള്ളത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍, ശാരീരിക, ലൈംഗിക അതിക്രമങ്ങള്‍, എന്നിവയ്ക്ക് ഒപ്പം വാക്കാലുള്ളതും, മാനസികവും, വൈകാരികവും, സാമൂഹികവുമായ രീതികളില്‍ നേരിട്ട അധിക്ഷേപങ്ങളെ നേരിട്ടതെങ്ങനെ എന്നുള്ളതടക്കം വിവരങ്ങളാണ് തേടിയത്. ഇത്തരം സംഭവങ്ങളില്‍ പ്രതികരിക്കുന്നവരുടെയും നിയമ സഹായം തേടുന്നവരുടെയും എണ്ണം വര്‍ധിച്ചു എന്നും സര്‍വേ അടിവരയിടുന്നു. 18-48 വയസിനിടയിലെ 5,600 പേരാണ് സര്‍വേയോട് പ്രതികരിച്ചത്.
ജീവിത പങ്കാളികള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ഉദ്യോഗസ്ഥര്‍, സഹപ്രവര്‍ത്തകര്‍, അപരിചിതര്‍ തുടങ്ങിയവരില്‍ നിന്നും സാമ്പത്തിക ചൂഷണം നേരിട്ട സ്ത്രീകളില്‍ 1174 പേര്‍ ഇതിനെതിരെ പൊലീസിനെ സമീപിച്ചു. എന്നാല്‍ 1033 പേര്‍ ഇത്തരം സംഭവങ്ങളില്‍ നിശബ്ദത തുടര്‍ന്നു എന്നും സര്‍വേ പറയുന്നു. ശാരീരിക അതിക്രമങ്ങളുടെ കാര്യത്തില്‍ 912 സ്ത്രീകള്‍ നിയമ നടപടികള്‍ സ്വീകരിച്ചപ്പോള്‍ 780 പേര്‍ പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും സര്‍വേയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച കുടുംബശ്രീ അധികൃതര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.
തങ്ങള്‍ നേരിട്ട അതിക്രമങ്ങളോട് പ്രതികരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുമ്പോഴും മറുവശത്ത് മറ്റ് വഴികള്‍ തേടുന്നവരും നിരവധിയുണ്ടെന്നും സര്‍വേ ഫലങ്ങള്‍ പറയുന്നു. പലരും അതിക്രമങ്ങള്‍ നേരിട്ട സാഹചര്യങ്ങളോട് അകലം പാലിക്കുകയാണ് ചെയ്യുന്നത്. ചിലര്‍ തങ്ങള്‍ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് അടുപ്പമുള്ളവരോട് തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. വിവിധ സംഘടനകളുടെ സഹായം തേടിയവരും ജോലി പോലും വേണ്ടെന്ന് വച്ചരും ഈ കൂട്ടത്തില്‍പ്പെടുന്നു. തങ്ങളുടെ പ്രശ്‌നം മൂലമാണ് തനിക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായതെന്ന് കരുതുന്നവരും വലിയൊരു വിഭാഗം സ്ത്രീകള്‍ക്കിടയിലുണ്ട്.
പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ നിന്നും 50 പേര്‍ എന്ന നിലയിലാണ് സര്‍വേയ്ക്ക് ആവശ്യമായ സാംപിളുകള്‍ കണ്ടെത്തിയത്. ഗൂഗിള്‍ ഫോം വഴിയും നേരിട്ടും വിവരങ്ങള്‍ ശേഖരിച്ചു. പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ വിദ്യാഭ്യാസ യോഗ്യതയുള്ളവരും പ്രതികരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇതില്‍ 2962 പേര്‍ തൊഴില്‍ രഹിതരാണ്. 44 പേര്‍ വിദ്യാര്‍ത്ഥികളും 575 പേര്‍ സ്വകാര്യ മേഖലയിലും, 1150 പേര്‍ പൊതുമേഖല സ്ഥാപനങ്ങളിലും ജോലിനോക്കുന്നവരാണ്. 930 പേര്‍ സ്വയം തൊഴില്‍ ചെയ്യുന്നവരുമാണ്. സര്‍വേ റിപ്പോര്‍ട്ടിലെ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട ഇടപെടലുകള്‍ സജീവമാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് എന്നു കുടുംബശ്രീ അധികൃതര്‍ പറയുന്നു.
by Midhun HP News | Mar 3, 2025 | Latest News, കേരളം
കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ബാബുവിന്റെ കുടുംബമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയതിനെത്തുടര്‍ന്നാണ് നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. നവീന്‍ബാബുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും, സത്യസന്ധമായ അന്വേഷണം ഉറപ്പാക്കാന്‍ കേന്ദ്ര ഏജന്‍സി വേണമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
നവീന്‍ ബാബുവിന്റേത് കൊലപാതകം ആണോയെന്ന് സംശയമുണ്ട്. കേസിലെ പ്രതി പി പി ദിവ്യ ഭരണകക്ഷിയായ സിപിഎമ്മിന്റെ നേതാവാണ്. ഈ സാഹചര്യത്തില്‍ തങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്നും കുടുംബം ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കേസില്‍ കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. യാത്രയയപ്പ് യോഗത്തില്‍ പി പി ദിവ്യ അധിക്ഷേപിച്ചതിലുള്ള മനോവിഷമത്തില്‍ നവീന്‍ബാബു ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ കണ്ടെത്തലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഇതേത്തുടര്‍ന്നാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍, ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റിയന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് സിബിഐ അന്വേഷണ ആവശ്യം തള്ളിയത്. സിബിഐ അന്വേഷണം അനുവദിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും, ഹൈക്കോടതി വിധിയില്‍ വിഷമമുണ്ടെന്നും മഞ്ജുഷ പ്രതികരിച്ചു. മറ്റുള്ളവരുമായി കൂടിയാലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും നവീന്‍ ബാബുവിന്റെ കുടുംബം വ്യക്തമാക്കി.
Recent Comments