by Midhun HP News | Mar 3, 2025 | Latest News, കേരളം
ആലപ്പുഴ: രണ്ട് പേര്‍ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍. സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ആലപ്പുഴ റെയില്‍വെ സ്റ്റേഷന് സമീപം പുലര്‍ച്ചെ 3:00 മണിയോടെയാണ് സംഭവം. അരൂക്കുറ്റി സ്വദേശി സലിംകുമാറിനെ തിരിച്ചറിഞ്ഞു. സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. ട്രാക്കിന് സമീപത്തുനിന്ന് ഇവര്‍ എത്തിയ ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. മാവേലി എക്‌സ്പ്രസിലാണ് തട്ടിയത്. മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
by Midhun HP News | Mar 3, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 63,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7940 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും വേറെയും.
റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ ആയിരം രൂപയുടെ ഇടിവാണ് ഉണ്ടായത്. ഫെബ്രുവരി 25ന് പവന് 64,600 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ച ശേഷമാണ് സ്വര്‍ണവില താഴേക്ക് പോയത്. അടുത്ത ദിവസം തന്നെ 65,000 എന്ന സൈക്കോളജിക്കല്‍ ലെവലും കടന്ന് സ്വര്‍ണവില കുതിക്കുമെന്ന സൂചനയ്ക്കിടെയാണ് വില ഇടിഞ്ഞത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. കൂടാതെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
by Midhun HP News | Mar 3, 2025 | Latest News, കേരളം
കൊച്ചി: പ്രശസ്ത യൂറോളജിസ്റ്റും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ വിദഗ്ദനുമായ ഡോ. ജോർജ് പി എബ്രഹാം മരിച്ച നിലയിൽ. 70 വയസ്സായിരുന്നു. ആലുവയ്ക്കടുത്ത് നെടുമ്പാശ്ശേരിയിലെ ഫാം ഹൗസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊച്ചിയിലെ ഇളംകുളം സ്വദേശിയാണ്. എറണാകുളം ലേക് ഷോര്‍ ആശുപത്രിയിലെ സീനിയര്‍ സര്‍ജനാണ്.
കൊച്ചിയിൽ ഏറ്റവും കൂടുതൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയതിന് പേരുകേട്ടയാളാണ് ഡോ. ജോർജ് പി എബ്രഹാം. ഞായറാഴ്ച വൈകുന്നേരം ജോർജും സഹോദരൻ പോളും നെടുമ്പാശ്ശേരിക്ക് സമീപമുള്ള തുരുത്തിശ്ശേരിയിലെ ജിപി ഫാംഹൗസിലെത്തി. തുടർന്ന് ജോർജ് സഹോദരനോട് കുറച്ചു സമയം തനിച്ചായിരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. ഇതേത്തുടർന്ന് പോൾ സ്ഥലം വിട്ടു.
പിന്നീട് ജോർജിന്റെ പ്രതികരണമൊന്നും ലഭിക്കാത്തതിനാൽ, ബന്ധുക്കൾ ഫാം ഹൗസിലെത്തിയപ്പോൾ പടിക്കെട്ടിന്റെ കൈവരികളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അസുഖത്തെത്തുടർന്ന് ഡോ. ജോർജ് കുറച്ചുനാളായി വിഷാദത്തിലായിരുന്നുവെന്നാണ് നെടുമ്പാശ്ശേരി പൊലീസ് വ്യക്തമാക്കുന്നത്. രാത്രി 7.30 നും രാത്രി 10.30 നും ഇടയിലാണ് മരണം സംഭവിച്ചത്. ഡോ. ജോർജ് പി എബ്രഹാമിന്റെ മൃതദേഹം ആലുവയിലെ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ നെടുമ്പാശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
by Midhun HP News | Mar 3, 2025 | Latest News, കേരളം
പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരില്‍ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി. കലഞ്ഞൂര്‍ പാടത്താണ് നാടിനെ നടുക്കിയ സംഭവം. വൈഷ്ണവി (27), അയല്‍വാസി വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്.
അയല്‍വാസിയായ വിഷ്ണുവിന്റെ വീട്ടില്‍ വെച്ചായിരുന്നു അക്രമം. കൊലപാതകത്തില്‍ വൈഷ്ണവിയുടെ ഭര്‍ത്താവ് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈഷണവിയും വിഷ്ണുവും തമ്മില്‍ അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് എഫ്‌ഐആറില്‍ പറയുന്നു.
സംശയത്തിന്റെ അടിസ്ഥാനത്തില്‍ വൈഷ്ണവിയും ഭര്‍ത്താവും തമ്മില്‍ വീട്ടില്‍ വഴക്കുണ്ടായി. വഴക്കിനെത്തുടര്‍ന്ന് യുവതി വീട്ടില്‍ നിന്നും ഇറങ്ങിയോടി. പിന്നാലെയെത്തിയ ബൈജു വഴിയില്‍ വെച്ചും വഴക്കുണ്ടാക്കി. തുടര്‍ന്ന് വിഷ്ണുവിന്റെ വാടക വീട്ടിലേക്ക് ഓടിക്കയറിയ വൈഷ്ണവിയെ ബൈജു കൊടുവാള്‍ കൊണ്ട് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. തടയാന്‍ ചെന്ന വിഷ്ണുവിനും വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ വൈഷ്ണവി സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ആശുപത്രിയിലേക്കുള്ള വഴി മധ്യേ വിഷ്ണുവും മരിച്ചു. അക്രമിച്ച വിവരം ബൈജു സുഹൃത്തുക്കളെ അറിയിച്ചു. ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
by Midhun HP News | Mar 3, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമായി വേനല്‍മഴ തുടരുന്നു. കൊല്ലം ജില്ലയില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടത്തരം മഴയ്ക്കും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ട നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം ഉയര്‍ന്ന താപനില മുന്നറിയിപ്പും തുടരുന്നുണ്ട്. സാധാരണയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. വടക്കന്‍ ജില്ലകളിലും മധ്യകേരളത്തിലുമാണ് ഉയര്‍ന്ന താപനില തുടരുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 38 ഡിഗ്രി വരെ താപനില ഉയരാം. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ 37 ഡിഗ്രി വരെയും താപനില ഉയര്‍ന്നേക്കാമെന്നാണ് അറിയിപ്പ്.
ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പകല്‍ 11 മണി മുതല്‍ മൂന്നു മണി വരെ സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
by Midhun HP News | Mar 3, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, രണ്ടാ വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. 4,27,021 കുട്ടികളാണ് ഇത്തവണ എസ്എസ്എല്‍സി എഴുതുന്നത്. രാവിലെ എസ്എസ്എല്‍സി പരീക്ഷയും ഉച്ചയ്ക്ക് ശേഷം പരീക്ഷയും നടക്കും.
ആകെ 2,980 കേന്ദ്രങ്ങളിലായാണ് ഇന്ന് കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. കേരളത്തിന് പുറത്ത് ലക്ഷദ്വീപില്‍ 9 കേന്ദ്രങ്ങളും ഗള്‍ഫില്‍ ഏഴ് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. ഇത്തവണ ഗള്‍ഫ് മേഖലയില്‍ 682 കുട്ടികളും, ലക്ഷദ്വീപ് മേഖലയില്‍ 447 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത്- 28,358. ഏറ്റവും കുറവ് കുട്ടികള്‍ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്-1,893.
രാവിലെ 9.30ക്കാണ് എസ്എസ്എല്‍സി പരീക്ഷ. 1.30ക്കാണ് രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷ. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ 26ന് അവസാനിക്കും. 444693 വിദ്യാര്‍ത്ഥികള്‍ പ്ലസ്ടു പരീക്ഷയ്ക്കിരിക്കും. ആറാം തീയതി ഒന്നാം വര്‍ഷ പരീക്ഷകള്‍ തുടങ്ങും. 29ന് അവസാനിക്കും. ഏപ്രില്‍ മൂന്നിന് കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലായി എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി മൂല്യനിര്‍ണയം തുടങ്ങും. സുഗമമമായ പരീക്ഷ നടത്തിപ്പിനും, ചോദ്യപേപ്പറുകളും, ഉത്തരക്കടലാസുകളും സുരക്ഷിതമായി സൂക്ഷിക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. കൊടുംചൂടില്‍ തളരാതിരിക്കാന്‍ കുടിവെള്ളം എല്ലാ പരീക്ഷാഹാളിലുമുണ്ടാകും.
Recent Comments