by Midhun HP News | Feb 22, 2025 | Latest News, കേരളം
കോട്ടയം: അന്തരിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിന്റെ സംസ്‌കാരം ഞായറാഴ്ച. മൃതദേഹം ഇന്ന്( ശനിയാഴ്ച) ഉച്ചയ്ക്ക് 12ന് പാര്‍ടി കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിക്കും. രണ്ട് മണിക്കൂര്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ചങ്ങനാശേരി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. ഇവിടെ പൊതുദര്‍ശനം കഴിഞ്ഞ് ചങ്ങനാശേരി തെങ്ങണയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഞായറാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
എ വി റസല്‍ അര്‍ബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലിരിക്കെ ഹൃദയാഘാതം മൂലമാണ് അപ്രതീക്ഷിത വിയോഗം. ആറ് വര്‍ഷമായി കോട്ടയം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റിയംഗവും ഏഴുവര്‍ഷം ജില്ലാ സെക്രട്ടറിയുമായിരുന്നു. സിഐടിയു അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗമാണ്. 1981 മുതല്‍ സിപിഎം അംഗം. 28 വര്‍ഷമായി ജില്ലാ കമ്മിറ്റി അംഗമാണ്. ഒന്നര ദശാബ്ദത്തിലേറെയായി സെക്രട്ടറിയറ്റിലുമുണ്ട്. 13 വര്‍ഷം ചങ്ങനാശേരി ഏരിയ സെക്രട്ടറിയായിരുന്നു.
സിഐടിയു ജില്ലാ സെക്രട്ടറിയായും നേതൃരംഗത്തുണ്ടായിരുന്നു. ചങ്ങനാശേരി അര്‍ബന്‍ ബാങ്ക് പ്രസിഡന്റായി മികച്ച സഹകാരിയെന്ന പേരും സ്വന്തമാക്കി. 2006ല്‍ ചങ്ങനാശേരിയില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. ചങ്ങനാശേരി തെങ്ങണ ആഞ്ഞിലിമൂട്ടില്‍ അഡ്വ. എ കെ വാസപ്പന്റെയും പി ശ്യാമയുടെയും മകനാണ്.
by Midhun HP News | Feb 22, 2025 | Latest News, കേരളം
പാലക്കാട്: പ്രശസ്ത ചെണ്ട കലാകാരനും കലാമണ്ഡലം ചെണ്ടവിഭാഗം മുന്‍ മേധാവിയുമായ വെള്ളിനേഴി തിരുവാഴിയാട് തേനേഴിത്തൊടി വീട്ടില്‍ കലാമണ്ഡലം ബാലസുന്ദരന്‍ (57) അന്തരിച്ചു. മൃതദേഹം ഇന്നു രാവിലെ 10.30 വരെ തിരുവാഴിയോട് തേനേഴിത്തൊടി വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.
സംസ്‌കാരം 11നു പാമ്പാടി ഐവര്‍മഠത്തില്‍ നടക്കും. 1983ല്‍ കേരള കലാമണ്ഡലത്തില്‍ കഥകളിച്ചെണ്ട വിദ്യാര്‍ഥിയായി ചേര്‍ന്ന ബാലസുന്ദരന്‍ കലാനിലയം കുഞ്ചുണ്ണി, കലാമണ്ഡലം അച്ചുണ്ണി പൊതുവാള്‍, കലാമണ്ഡലം ഉണ്ണിക്കൃഷ്ണന്‍, കലാമണ്ഡലം ബലരാമന്‍ എന്നിവരുടെ കീഴില്‍ ചെണ്ട പഠിച്ച് നാലു വര്‍ഷത്തെ ഡിപ്ലോമയും ഒരു വര്‍ഷത്തെ പോസ്റ്റ് ഡിപ്ലോമയും നേടി.കേന്ദ്ര സര്‍ക്കാരിന്റെ രണ്ടു വര്‍ഷത്തെ സ്‌കോളര്‍ഷിപ്പും ലഭിച്ചു. 2004ല്‍ കലാമണ്ഡലത്തില്‍ കഥകളിച്ചെണ്ട അധ്യാപകനായി. 2023 മാര്‍ച്ചിലാണു വിരമിച്ചത്. തേനേഴിത്തൊടി അപ്പുക്കുട്ടതരകന്റെയും ശാന്തകുമാരിയുടെയും മകനാണ്.
by Midhun HP News | Feb 22, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ടു ഡിഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
ജാഗ്രതാനിർദേശങ്ങൾ
പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്‌ളാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകൾ 11 am മുതൽ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക.
പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതൽ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യിൽ വെള്ളം കരുതുക.
നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.
കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കുടിവെള്ളം കയ്യിൽ കരുതുക.
അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
കാലാവസ്ഥാ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
by Midhun HP News | Feb 21, 2025 | Latest News, കേരളം
കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എവി റസല്‍ അന്തരിച്ചു. 60 വയസ്സായിരുന്നു. കാന്‍സര്‍ രോഗബാധിതനായ റസല്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ജനുവരിയില്‍ പാമ്പാടിയില്‍ നടന്ന ജില്ലാ സമ്മേളനം റസലിനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. വിഎന്‍ വാസവന്റെ പിന്‍മുറക്കാരാനായാണ് റസല്‍ സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തെത്തുന്നത്. ചങ്ങനാശേരി സ്വദേശിയായ റസല്‍ വിദ്യാര്‍ഥി – യുവജന പ്രസ്ഥാനത്തിലൂടെയാണ് സിപിഎം നേതൃരംഗത്തേക്കുള്ള കടന്നുവരവ്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലും സജീവമായിരുന്നു എവി റസല്‍.
by Midhun HP News | Feb 21, 2025 | Latest News, കേരളം
തിരുവനന്തപുരം: എസ്എഫ്‌ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി പിഎസ് സഞ്ജീവിനെയും പ്രസിഡന്റായി എം ശിവപ്രസാദിനെയും തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പിഎസ് സഞ്ജീവ് സംഘടനയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും എം ശിവപ്രസാദ് ആലപ്പുഴ ജില്ലാ സെക്രട്ടറിയുമാണ്. ഭാരവാഹികളായി ഇരുവരെയും സമ്മേളനം ഏകകണ്ഠമായാണ് തെരഞ്ഞെടുത്തത്.
സ്വകാര്യ സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ നിയന്ത്രണവും സാമൂഹിക നീതിയും മെറിറ്റും ജനാധിപത്യവും ഉറപ്പുവരുത്തണമെന്ന് എസ്എഫ്‌ഐ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ സ്വകാര്യ സര്‍വകലാശാലയില്ലാത്ത രണ്ട് സംസ്ഥാനങ്ങളിലൊന്നു കേരളമാണ്. പുതിയ വിദ്യാഭ്യാസ നയം നടപ്പില്‍വരുത്തുന്നതിന്റെ ഭാഗമായും യുജിസിയുടെ കടുത്ത നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ സംസ്ഥാനത്തു കൂടുതല്‍ ഡീംഡ് യൂണിവേഴ്സിറ്റികള്‍ക്കോ, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വകാര്യ സര്‍വകലാശാലകള്‍ക്കോ പ്രവര്‍ത്തനം നടത്താവുന്നതാണെന്നും പ്രമേയത്തില്‍ പറയുന്നു.
യാതൊരു തരത്തിലും സര്‍ക്കാര്‍ നിയന്ത്രണമില്ലാതെ ഡീംഡ് യൂണിവേഴ്സിറ്റികള്‍ കേരളത്തില്‍ കൂടുതല്‍ ആരംഭിക്കുന്നത് കേരളത്തിലെ വിദ്യാഭ്യാസ മേഖല കച്ചവട ചരക്കാകുന്നതിനു കാരണമാകും. സ്വകാര്യ സര്‍വകലാശാലകളില്‍ സാമൂഹിക നീതിയും മെറിറ്റും ജനാധിപത്യവും ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വകാര്യ സര്‍വകലാശാലകളില്‍ സാമൂഹിക നീതിയും മെറിറ്റും പോലെ തന്നെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും സംഘടനാ സ്വാതന്ത്ര്യവും ഉറപ്പുവരുത്തണമെന്നും വിദ്യാര്‍ഥി യൂണിയന്‍ അടക്കമുള്ള ജനാധിപത്യവേദികള്‍ ഉറപ്പുവരുത്തണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.
by Midhun HP News | Feb 21, 2025 | Latest News, കേരളം
കൊച്ചി: കേരളത്തിന്റെ വ്യവസായ കുതിപ്പിന് കരുത്ത് പകരാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിക്ക് പൂര്‍ണ പിന്തുണ നല്‍കി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തില്‍ മൂന്ന് ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചു. ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിയില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
സംസ്ഥാനത്ത് 31 പ്രോജക്ടുകളാണ് വരാന്‍ പോകുന്നത്. 896 കിലോമീറ്റര്‍ ദൂരമാണ് വികസിപ്പിക്കാന്‍ പോകുന്നത്. ഇതില്‍ പാലക്കാടിനെ വടക്കന്‍ കേരളവുമായി ബന്ധിപ്പിക്കുന്ന അഞ്ചു പാക്കേജുകള്‍ ഉള്‍പ്പെടുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. പാലക്കാട്- മലപ്പുറം ദേശീയ പാത നാലുവരിയാക്കാന്‍ 10,840 കോടി രൂപ ചെലവഴിക്കും. 120 കിലോമീറ്ററാണ് ദൂരം. ഇതടക്കം അഞ്ചുപാക്കേജുകളും ബിഡിങ് സ്റ്റേജിലാണെന്നും മന്ത്രി പറഞ്ഞു.
അങ്കമാലി- കുണ്ടന്നൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തിന് 6500 കോടിയുടെ പദ്ധതി കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു. ഇതിന്റെ ഡിപിആര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ആറുമാസത്തിനുള്ളില്‍ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുമെന്നും കേന്ദ്രമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ് പദ്ധതിക്ക് 5000 കോടിയുടെ പാക്കേജും മന്ത്രി പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി 62.7 കിലോമീറ്റര്‍ ദൂരമാണ് വികസിപ്പിക്കുക. അഞ്ചുമാസത്തിനുള്ളില്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
അങ്കമാലി- കുണ്ടന്നൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തിന് 6500 കോടിയുടെ പദ്ധതി കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു. ഇതിന്റെ ഡിപിആര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ആറുമാസത്തിനുള്ളില്‍ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുമെന്നും കേന്ദ്രമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ് പദ്ധതിക്ക് 5000 കോടിയുടെ പാക്കേജും മന്ത്രി പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി 62.7 കിലോമീറ്റര്‍ ദൂരമാണ് വികസിപ്പിക്കുക. അഞ്ചുമാസത്തിനുള്ളില്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
Recent Comments