by Midhun HP News | Feb 22, 2025 | Latest News, കേരളം
കൊച്ചി: സര്‍വകാല റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് ഒരടി പിന്നാക്കം പോയ സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,360 രൂപയായി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 8045 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
വ്യാഴാഴ്ച 280 രൂപ വര്‍ധിച്ചതോടെയാണ് 11ന് രേഖപ്പെടുത്തിയ 64,480 എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്ക് മറികടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 64,560 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില റെക്കോര്‍ഡ് ഇട്ടത്. അടുത്ത ദിവസം തന്നെ 65,000 എന്ന സൈക്കോളജിക്കല്‍ ലെവലും കടന്ന് സ്വര്‍ണവില കുതിക്കുമെന്ന സൂചനകള്‍ക്കിടെയാണ് ഇന്നലെ വിലയില്‍ 360 രൂപ കുറഞ്ഞത്.
കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്. കൂടാതെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
by Midhun HP News | Feb 22, 2025 | Latest News, കേരളം
കൊച്ചി: ബേബി ഓഫ് രഞ്ജിത ഇനി കേരളത്തിന്റെ മകള്‍. ജാര്‍ഖണ്ഡ് ദമ്പതികള്‍ കൊച്ചിയിലെ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച കുഞ്ഞിന് സംസ്ഥാന സര്‍ക്കാര്‍ സംരക്ഷണമൊരുക്കും. അച്ഛനമ്മമാര്‍ തനിച്ചാക്കിയ 23 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക.
ശിശുവിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കുഞ്ഞിന്റെ തുടര്‍ ചികിത്സ ഉറപ്പാക്കാന്‍ എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ടിനോടും നിര്‍ദേശിച്ചു. മാതാപിതാക്കള്‍ തിരിച്ചു വരികയാണെങ്കില്‍ കുഞ്ഞിനെ അവര്‍ക്കു കൈമാറും. ഇല്ലെങ്കില്‍ നിയമപരമായ നടപടികളിലൂടെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുമെന്ന് മന്ത്രി പറഞ്ഞു. കുഞ്ഞിനെ ലൂര്‍ദ് ആശുപത്രിയില്‍ നിന്ന് ഇന്ന് രാവിലെ ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റും.
കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്യുകയായിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ മംഗളേശ്വറിന്റേയും രഞ്ജിതയുടേയും മകളാണ് ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. പ്രസവത്തിനായി ട്രെയിനില്‍ നാട്ടിലേയ്ക്ക് പോകുന്ന സമയത്ത് അസ്വസ്ഥതയുണ്ടായതിനെത്തുടര്‍ന്ന് ജനുവരി 29ന് രഞ്ജിത ജനറല്‍ ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നല്‍കി.
പിന്നീട് കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി ലൂര്‍ദ് ആശുപത്രിയിലേയ്ക്ക് മാറ്റി. 31ന് ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്തതോടെ ദമ്പതികള്‍ കുഞ്ഞ് ചിക്തിസയിലുള്ള ആശുപത്രിയിലേയ്ക്ക് വരാതെ ജാര്‍ഖണ്ഡിലേയ്ക്ക് മടങ്ങി. പിന്നീട് ഇവരെ ബന്ധപ്പെട്ാനായിട്ടില്ല. കുഞ്ഞിന്റെ ചികിത്സയ്ക്കായി ഇതിനകം രണ്ട് ലക്ഷം രൂപയോളം ബില്ലായി. അഭ്യുദയകാംക്ഷികള്‍ നല്‍കിയ 50,000 രൂപ മാത്രമാണ് ഇതുവരെ അടച്ചത്. ശിശുക്ഷേമ സമിതി അധികൃതര്‍ ആശുപത്രിയിലെത്തി കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തി.
by Midhun HP News | Feb 22, 2025 | Latest News, കേരളം
കൊച്ചി: സെന്‍ട്രല്‍ ജിഎസ്ടി അഡീ.കമ്മിഷണര്‍ ഝാര്‍ഖണ്ഡ് സ്വദേശി മനീഷ് വിജയിയുടെയും സഹോദരിയുടെയും അമ്മയുടെയും അസ്വാഭാവിക മരണത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മനീഷ് വിജയിയുടെ സഹോദരി ശാലിനി വിജയ് (49) ഝാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മിഷന്റെ സംസ്ഥാന സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് ജേതാവായിരുന്നു. ജെപിഎസ്സി റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഇവര്‍ ഏറെ അസ്വസ്ഥയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയുന്നതിനായി കേരള പൊലീസ് അടുത്തദിവസങ്ങളില്‍ ഝാര്‍ഖണ്ഡിലെത്തും.
കാക്കനാട് സെന്‍ട്രല്‍ എക്‌സൈസ് ക്വാര്‍ട്ടേഴ്‌സിലാണ് മൂവരെയും കഴിഞ്ഞ ദിവസം മരിച്ചനിലയില്‍ കണ്ടെത്തിയത്. മനീഷിന്റെ ഇളയസഹോദരി പ്രിയ അജയ് അബുദാബിയില്‍ നിന്ന് എത്തിയശേഷം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും. രോഗപീഡകളുണ്ടായിരുന്ന മനീഷ് വിജയിയുടെ മാതാവ് ശകുന്തളയുടെ മൃതദേഹം കട്ടിലില്‍ വെള്ള പുതപ്പിച്ചു കിടത്തിയ നിലയിലായിരുന്നു. ചുറ്റും പൂക്കള്‍ വിതറിയിട്ടുണ്ട്. ഇവര്‍ സ്ഥിരമായി പൂക്കള്‍ വാങ്ങിയിരുന്നതിന്റെ ബില്ലുകള്‍ വീട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. ബില്ലിലെ തീയതി 14 ആണ്. വീട്ടില്‍ സ്ഥിരമായി പൂജകള്‍ നടത്തിയിരുന്നു. പുറം ലോകവുമായി ബന്ധമുണ്ടായിരുന്നില്ല.
കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ജോയിന്റ് കമ്മിഷണറായി ജോലി ചെയ്യുമ്പോള്‍ ബീച്ചിലുള്ള സ്റ്റാഫ് വില്ലയിലാണു താമസിച്ചിരുന്നത്. ഒന്നര മാസം മുന്‍പു കൊച്ചിയില്‍ മനീഷിനു സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് അനുവദിച്ചപ്പോള്‍ കോഴിക്കോട്ടെ വില്ല ഒഴിയേണ്ടിവന്നപ്പോഴാണ് ശാലിനിയും ശകുന്തളയും മനീഷും 114-ാം നമ്പര്‍ സെന്‍ട്രല്‍ എക്‌സൈസ് ക്വാര്‍ട്ടേഴ്‌സില്‍ താമസം തുടങ്ങിയത്. ഇവര്‍ക്കു സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നില്ല. മനീഷിന്റെ ചെറുപ്പത്തില്‍ തന്നെ പിതാവ് മരിച്ചിരുന്നു.
ഡപ്യൂട്ടി കലക്ടറായിരുന്ന ശാലിനിക്കു ജോലിയുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ 15നു ഝാര്‍ഖണ്ഡ് സിബിഐ പ്രത്യേക കോടതിയില്‍ ഹാജരാവാനുള്ള സമന്‍സ് ലഭിച്ചിരുന്നു. ഈ ദിവസങ്ങളിലാണ് മനീഷ് അവധിയെടുത്തത്. സഹോദരിയുടെ ആവശ്യത്തിനു നാട്ടിലേക്കു പോകുമെന്നു സഹപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു. എന്നാല്‍ ലീവ് കഴിഞ്ഞിട്ടും മനീഷ് ജോലിക്ക് എത്താതിരുന്നപ്പോഴാണ് അന്വേഷണം തുടങ്ങിയത്. കടുത്ത പ്രമേഹത്തെ തുടര്‍ന്ന് ശകുന്തള ഇന്‍സുലിന്‍ ഉപയോഗിച്ചിരുന്നു. അമ്മയെ ഡോക്ടറെ കാണിക്കാനായി 20-ാം തീയതി വരാന്‍ ഡ്രൈവറോടു പറഞ്ഞിരുന്നു. ഡ്രൈവര്‍ വിളിച്ചിട്ടും മനീഷിനെ ഫോണില്‍ കിട്ടാതിരുന്നതോടെ നേരിട്ടു വന്നു നോക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. അടുക്കളയില്‍ സ്റ്റൗവിനു സമീപം കത്തി ചാരമായ നിലയില്‍ കണ്ടെത്തിയ കടലാസുകള്‍ എന്താണെന്നു വ്യക്തമല്ല.
രാഷ്ട്രീയ നേതാക്കളും ഉന്നത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും അവരുടെ അടുത്ത ബന്ധുക്കള്‍ക്കു നിയമനം നല്‍കാന്‍ ജെപിഎസ്സി പരീക്ഷയിലും അഭിമുഖത്തിലും കൃത്രിമം കാട്ടിയെന്നായിരുന്നു ആരോപണം. ഝാര്‍ഖണ്ഡ് പൊലീസ് നടത്തിയ അന്വേഷണം പിന്നീട് സിബിഐ ഏറ്റെടുത്തു. 12 വര്‍ഷത്തിനു ശേഷം കഴിഞ്ഞ നവംബറില്‍ സിബിഐ ജെപിഎസ്സി ചെയര്‍മാന്‍ ഉള്‍പ്പെടെ 60 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. 2 വര്‍ഷം മുന്‍പ് അവധിയില്‍ പ്രവേശിച്ച ശാലിനി പിന്നീടു മടങ്ങിയെത്തിയില്ലെന്നാണു ഝാര്‍ഖണ്ഡിലെ സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. കോച്ചിങ് ക്ലാസുകളെ ആശ്രയിക്കാതെയായിരുന്നു ശാലിനിയുടെ പഠനം. റാങ്ക് പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ 2024 സെപ്റ്റംബറില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതില്‍ വിചാരണനടപടികള്‍ ആരംഭിക്കാനിരിക്കെയാണു അസ്വാഭാവിക മരണം.
by Midhun HP News | Feb 22, 2025 | Latest News, കേരളം
കൊച്ചി: കൈക്കൂലിക്കേസില്‍ വിജിലന്‍സ് പിടിയിലായ എറണാകുളം മുന്‍ ആര്‍ടിഒ ടി എം ജേഴ്‌സണെതിരെ പരാതി പ്രളയം. വസ്ത്ര വ്യാപാരത്തിന്റെ മറവില്‍ 75 ലക്ഷം തട്ടിയെന്ന പരാതിയുമായി ഇടപ്പള്ളി സ്വദേശി രംഗത്തുവന്നു.
ആര്‍ടിഒ ജേഴ്‌സണും ഭാര്യയും ചേര്‍ന്ന് കൊച്ചിയില്‍ തുടങ്ങിയ തുണിക്കടയുടെ മറവില്‍ 75 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. പണം തിരികെ ചോദിച്ചപ്പോള്‍ ‘പണി തരുമെന്ന്’ ഭീഷണിപ്പെടുത്തി. ആര്‍ടിഒ പിടിയിലായതോടെ ധൈര്യം സംഭരിച്ച് പരാതിയുമായി പൊലീസിനെയും വിജിലന്‍സിനെയും സമീപിച്ചിരിക്കുകയാണ് യുവാവ് അല്‍ അമീന്‍.
വിറ്റഴിച്ച തുണിത്തരങ്ങള്‍ക്ക് പണം ചോദിച്ചു ചെന്ന തന്നെ ആര്‍ടിഒ ആട്ടിപ്പായിച്ചെന്ന് അല്‍ അമീന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മയ്‌ക്കൊപ്പം കൊച്ചിയില്‍ ഡ്രീംസ് ഫാഷനെന്ന പേരില്‍ തുണിക്കട നടത്തുകയാണ് അല്‍ അമീന്‍. കടയിലെ നിത്യസന്ദര്‍ശകനായിരുന്നു ആര്‍ടിഒയും ഭാര്യയും. പതിയെ തുണികച്ചവടത്തില്‍ കണ്ണുടക്കിയ ജേഴ്‌സണ്‍, 2022ല്‍ ഭാര്യയുടെ പേരില്‍ മാര്‍ക്കറ്റ് റോഡില്‍ സ്വന്തമായി തുണിക്കട തുറന്നു. അല്‍ അമീനെ തെറ്റിധരിപ്പിച്ച് ഡ്രീംസ് ഫാഷനില്‍ നിന്ന് സ്വന്തം കടയിലേക്ക് പലതവണയായി 75 ലക്ഷം രൂപയുടെ തുണിത്തരങ്ങള്‍ ആര്‍ടിഒ വാങ്ങിയെന്നും പരാതിയില്‍ പറയുന്നു.
കടയുടെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്ന മുറയ്ക്ക് പണം തിരികെ നല്‍കാമെന്ന് കരാര്‍ ഒപ്പിട്ടു. പിന്നീട് ആര്‍ടിഒ, ഭാര്യയുടെയും അല്‍ അമീന്റെയും പേരില്‍ ജിഎസ്ടി രജിസ്‌ട്രേഷനും ജോയിന്റ് അക്കൗണ്ടുമടക്കം തുടങ്ങി. എന്നാല്‍ കച്ചവടം മെച്ചപ്പെട്ടിട്ടും അല്‍ അമീന് പണം തിരികെ നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. വിറ്റ് വരവ് കണക്കുകള്‍ മൂടിവച്ചുവെന്നാണ് ആരോപണം. സഹികെട്ട് പണം തിരികെ ചോദിച്ചു ചെന്ന തന്നെ പണി തരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. പണം ചോദിച്ച് വീട്ടിലേക്ക് ചെന്നാല്‍ പട്ടിയെ തുറന്ന് വിടുമെന്നും ആര്‍ടിഒ ജഴ്സണ്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. നിയമനടപടിക്ക് മുതിര്‍ന്നെങ്കിലും ഭയം കാരണം മുന്നോട്ട് പോയില്ല. ഒടുവില്‍ കൈക്കൂലി കേസില്‍ ആര്‍ടിഒ അറസ്റ്റിലായെന്ന് അറിഞ്ഞതോടെയാണ് ധൈര്യം സംഭരിച്ച് പൊലീസിനെ സമീപിച്ചതെന്നും യുവാവ് പറയുന്നു.
by Midhun HP News | Feb 22, 2025 | Latest News, കേരളം
കോട്ടയം: അന്തരിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിന്റെ സംസ്‌കാരം ഞായറാഴ്ച. മൃതദേഹം ഇന്ന്( ശനിയാഴ്ച) ഉച്ചയ്ക്ക് 12ന് പാര്‍ടി കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിക്കും. രണ്ട് മണിക്കൂര്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ചങ്ങനാശേരി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. ഇവിടെ പൊതുദര്‍ശനം കഴിഞ്ഞ് ചങ്ങനാശേരി തെങ്ങണയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഞായറാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
എ വി റസല്‍ അര്‍ബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലിരിക്കെ ഹൃദയാഘാതം മൂലമാണ് അപ്രതീക്ഷിത വിയോഗം. ആറ് വര്‍ഷമായി കോട്ടയം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റിയംഗവും ഏഴുവര്‍ഷം ജില്ലാ സെക്രട്ടറിയുമായിരുന്നു. സിഐടിയു അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗമാണ്. 1981 മുതല്‍ സിപിഎം അംഗം. 28 വര്‍ഷമായി ജില്ലാ കമ്മിറ്റി അംഗമാണ്. ഒന്നര ദശാബ്ദത്തിലേറെയായി സെക്രട്ടറിയറ്റിലുമുണ്ട്. 13 വര്‍ഷം ചങ്ങനാശേരി ഏരിയ സെക്രട്ടറിയായിരുന്നു.
സിഐടിയു ജില്ലാ സെക്രട്ടറിയായും നേതൃരംഗത്തുണ്ടായിരുന്നു. ചങ്ങനാശേരി അര്‍ബന്‍ ബാങ്ക് പ്രസിഡന്റായി മികച്ച സഹകാരിയെന്ന പേരും സ്വന്തമാക്കി. 2006ല്‍ ചങ്ങനാശേരിയില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. ചങ്ങനാശേരി തെങ്ങണ ആഞ്ഞിലിമൂട്ടില്‍ അഡ്വ. എ കെ വാസപ്പന്റെയും പി ശ്യാമയുടെയും മകനാണ്.
by Midhun HP News | Feb 22, 2025 | Latest News, കേരളം
പാലക്കാട്: പ്രശസ്ത ചെണ്ട കലാകാരനും കലാമണ്ഡലം ചെണ്ടവിഭാഗം മുന്‍ മേധാവിയുമായ വെള്ളിനേഴി തിരുവാഴിയാട് തേനേഴിത്തൊടി വീട്ടില്‍ കലാമണ്ഡലം ബാലസുന്ദരന്‍ (57) അന്തരിച്ചു. മൃതദേഹം ഇന്നു രാവിലെ 10.30 വരെ തിരുവാഴിയോട് തേനേഴിത്തൊടി വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.
സംസ്‌കാരം 11നു പാമ്പാടി ഐവര്‍മഠത്തില്‍ നടക്കും. 1983ല്‍ കേരള കലാമണ്ഡലത്തില്‍ കഥകളിച്ചെണ്ട വിദ്യാര്‍ഥിയായി ചേര്‍ന്ന ബാലസുന്ദരന്‍ കലാനിലയം കുഞ്ചുണ്ണി, കലാമണ്ഡലം അച്ചുണ്ണി പൊതുവാള്‍, കലാമണ്ഡലം ഉണ്ണിക്കൃഷ്ണന്‍, കലാമണ്ഡലം ബലരാമന്‍ എന്നിവരുടെ കീഴില്‍ ചെണ്ട പഠിച്ച് നാലു വര്‍ഷത്തെ ഡിപ്ലോമയും ഒരു വര്‍ഷത്തെ പോസ്റ്റ് ഡിപ്ലോമയും നേടി.കേന്ദ്ര സര്‍ക്കാരിന്റെ രണ്ടു വര്‍ഷത്തെ സ്‌കോളര്‍ഷിപ്പും ലഭിച്ചു. 2004ല്‍ കലാമണ്ഡലത്തില്‍ കഥകളിച്ചെണ്ട അധ്യാപകനായി. 2023 മാര്‍ച്ചിലാണു വിരമിച്ചത്. തേനേഴിത്തൊടി അപ്പുക്കുട്ടതരകന്റെയും ശാന്തകുമാരിയുടെയും മകനാണ്.
Recent Comments