by Midhun HP News | Feb 20, 2025 | Latest News, കേരളം
കൊച്ചി: കാണാതായ 12കാരിയായ സ്കൂൾ വിദ്യാർഥിനിയെ അർധ രാത്രി കണ്ടെത്തുന്നതിൽ നിർണായകമായത് നായരമ്പലം സ്വദേശി ജോർജ് ജോയ് എന്ന യുവാവിന്റെ ഇടപെടൽ. സ്കൂൾ അധികൃതർ മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയതിനെ തുടർന്നു കുട്ടി മാനസിക സംഘർഷത്തിലായിരുന്നു. സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിലെത്തിയില്ല. ഇതോടെ വീട്ടുകാർ പരിഭ്രാന്തരായി പൊലീസിൽ പരാതി നൽകുകയായിരുന്നു. 7 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രി വല്ലാർപാടം ഗോശ്രീ പാലത്തിനു മുകളിൽ വച്ചാണ് ജോർജ് കുട്ടിയെ കണ്ടത്. സംഭവത്തെ കുറിച്ച് ജോർജ് ജോയ് പറയുന്നത് ഇങ്ങനെ-
‘രാത്രി 11 മണിയോടെ ഞാനും എന്റെ സുഹൃത്തും ബൈക്കിൽ റോഡിലൂടെ പോകുമ്പോഴാണ് കുട്ടിയെ കണ്ടത്. അർധ രാത്രി റോഡിലൂടെ ഒരു കൊച്ചു പെൺകുട്ടി ഒറ്റയ്ക്ക് സൈക്കിൾ ചവിട്ടി പോകുന്നത് വിചിത്രമായി തോന്നി. അതും സ്കൂൾ യൂണഫോമിൽ. എന്റെ അമ്മ വൈകീട്ട് വിളിച്ചപ്പോൾ കൊച്ചിയിൽ ഒരു പെൺകുട്ടിയെ കാണാതായെന്ന വാർത്ത പറഞ്ഞിരുന്നു. ഇക്കാര്യം ഓർത്തതോടെ ഞാനും സുഹൃത്തും ബൈക്ക് തിരിച്ച് കുട്ടിയുടെ സമീപം എത്തി.’
‘സ്കൂൾ സമയം കഴിഞ്ഞിട്ടും വീട്ടിൽ പോകാത്തത് എന്തുകൊണ്ടാണെന്ന് ഞാൻ അവളോട് ചോദിച്ചു. ഏതാണ്ട് 15 മിനിറ്റോളം അവൾ കരഞ്ഞു. അവൾ ആകെ പേടിച്ച അവസ്ഥയിലായിരുന്നു. ഞാൻ അവളെ സമാധാനിപ്പിച്ചു. സ്കൂളിൽ നടന്ന ചില സംഭവങ്ങളെക്കുറിച്ചു അവൾ പറഞ്ഞു. ടീച്ചർ അവളെ എന്തോ കാര്യത്തിന് ശാസിച്ചിരുന്നു. വീട്ടിലേക്ക് പോകാൻ അവൾക്ക് ഭയമായിരുന്നു. അവളുടെ മാതാപിതാക്കളും വഴക്കു പറയുമെന്നു അവൾ ഭയപ്പെട്ടു.’
‘പിന്നീട് ഞങ്ങൾ പൊലീസിൽ വിളിച്ച് വിവരം പറഞ്ഞു. മണിക്കൂറുകൾക്കു മുൻപ് കാണാതായ കുട്ടിയുടെ പേര് പൊലീസുകാർ പറഞ്ഞു. അത് ഈ പെൺകുട്ടി തന്നെയെന്നു ഉറപ്പാക്കി’- ജോർജ് വ്യക്തമാക്കി.
വല്ലാർപാടത്തെ ഡിപി വേൾഡിൽ ഫയർമാനായി ജോലി ചെയ്യുകയാണ് ജോർജ്. യുവാവിന്റെ സമയോചിതവും ഔചിത്യ ബോധത്തോടെയുള്ള ഇടപെടലുമാണ് കുട്ടിയെ സുരക്ഷിതമായി മാതാപിതാക്കൾക്ക് തിരികെ ലഭിക്കാൻ ഇടയാക്കിയത്.
by Midhun HP News | Feb 20, 2025 | Latest News, കേരളം
കൊച്ചി: രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ എത്തുന്ന പ്രദേശങ്ങളുടെ പട്ടികയില്‍ കേരളത്തിന് നേട്ടം. ‘മോസ്റ്റ് വെല്‍കമിങ് റീജിയന്‍സ്’ പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി കേരളം രണ്ടാമതായി. ആഗോള ഡിജിറ്റല്‍ ട്രാവല്‍ കമ്പനിയായ Booking.com 36 കോടി ഉപഭോക്തക്കളുടെ റിവ്യൂ അടിസ്ഥാനമാക്കിയാണ് റാങ്കിങ് പുറത്തുവിട്ടത്.
കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്ക തക്ക വിധം വിനോദ മേഖലയില്‍ പുതിയ സംരഭങ്ങള്‍ ആരംഭിച്ചത് ടൂറിസം മേഖലയ്ക്ക് ഉണര്‍വ് നല്‍കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സന്ദള്‍ശകരെത്തുന്ന പ്രദേശങ്ങളില്‍ മാരാരിക്കുളം, തേക്കടി, ആലപ്പുഴ എന്നിവ ആദ്യ 10 സ്ഥാനങ്ങളില്‍ ഇടം നേടി. പട്ടികയില്‍ മൂന്നാറും വര്‍ക്കലയും ഇടം പിടിച്ചിട്ടുണ്ട്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന വ്യത്യസ്തമായ പ്രദേശങ്ങള്‍ സംസ്ഥാനത്തുണ്ടെന്ന് വെബ്‌സൈറ്റ് പറയുന്നു.
പട്ടികയില്‍ കേരളം സ്ഥിരമായി ഇടം പിടിക്കുന്നത് ഏറെ സന്തോഷം നിറഞ്ഞ കാര്യമാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്തിന്റെ പരീക്ഷണാത്മക ടൂറിസം മോഡലിന്റെ വര്‍ധിച്ച സ്വീകാര്യതയാണ് ഇത് സൂചിപ്പിക്കുന്നതെന്നും മന്ത്രി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ലോകമെമ്പാടുമുള്ള യാത്രികരുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. വെബ്സൈറ്റ് അനുസരിച്ച്, സംസ്ഥാനത്തെ ശാന്തമായ കായലുകള്‍, സമൃദ്ധമായ പ്രകൃതിഭംഗി, സമ്പന്നമായ സാംസ്‌കാരിക പൈതൃകം എന്നിവ എല്ലാ പ്രായത്തിലുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
അസാധാരണമായ ആതിഥ്യമര്യാദയുടെ മാതൃകയാണ് കേരളമെന്ന് ബുക്കിങ് ഡോട്‌കോമിലെ ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ്, ഇന്തോനേഷ്യ എന്നിവയുടെ ചുമതലയുള്ള മാനേജര്‍ സന്തോഷ് കുമാര്‍ പറഞ്ഞു.
by Midhun HP News | Feb 20, 2025 | Latest News, കേരളം
പാലക്കാട്: നെല്ലിയാമ്പതിയിൽ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു. മയക്കു വെടി വയ്ക്കാതെ തന്നെ പുലിയ കൂട്ടിൽക്കയറ്റി പുറത്തെത്തിച്ചു. ആറര മണിക്കൂർ നീണ്ട ദൗത്യത്തിനു പിന്നാലെയാണ് പുലിയെ പുറത്തെത്തിച്ചത്. പുലിയുടെ ആരോഗ്യ നില പരിശോധിച്ച ശേഷം കാടിനുള്ളിൽ വിടാനാണ് വനം വകുപ്പിന്റെ തീരുമാനം.
ഇന്നലെ രാത്രിയാണ് പുലയമ്പാറ സ്വദേശി ജോസിന്റെ വീട്ടിലെ കിണറ്റിൽ പുലി വീണത്. പിന്നാലെ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയെ കിണറ്റിൽ നിന്നു പുറത്തെത്തിക്കാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. കിണറ്റിലേക്കിറക്കുന്നതിനായി കൂടും സ്ഥലത്തെത്തിച്ചിരുന്നു. പുലിയെ കൂട്ടിൽക്കയറ്റി പുറത്തെത്തിക്കാനുള്ള സാധ്യത അടഞ്ഞാൽ മയക്കു വെടി വച്ച് പുറത്തെത്തിക്കാനും തീരുമാനിച്ചിരുന്നു. ഇതിനായി വെറ്ററിനറി ഡോക്ടർ ഡേവിഡ് എബ്രഹാം സ്ഥലത്തേക്ക് പുറപ്പെടുകയും ചെയ്തു. എന്നാൽ അർധ രാത്രി 12.20 ഓടെ പുലിയ കൂട്ടിൽ കയറ്റി പുറത്തെത്തിക്കുകയായിരുന്നു. ആറര മണിക്കൂർ നീണ്ട രക്ഷാ ദൗത്യത്തിനൊടുവിലാണ് പുലിയെ പുറത്തെത്തിച്ചത്.
by Midhun HP News | Feb 20, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പി എസ് സി) ചെയര്‍മാന്റെയും അംഗങ്ങളുടേയും ശമ്പളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വരുത്തിയത് 1.3 ലക്ഷം രൂപയുടെ വര്‍ധന. നിലവില്‍ പി എസ് സി ചെയര്‍മാന്റെ ആകെ ശമ്പളം 2.26 ലക്ഷം രൂപയാണ്. ഇത് 3.50 ലക്ഷമായി ഉയരും.
നിലവില്‍ പി എസ് സി കമ്മീഷന്‍ അംഗങ്ങളുടെ ശമ്പളം 2.23 ലക്ഷമാണ്. ഇത് 3.25 ലക്ഷമായിട്ടാണ് വര്‍ധിക്കുന്നത്. ചെയര്‍മാന്‍ അടക്കം 20 അംഗങ്ങളാണ് നിലവില്‍ പിഎസ് സിയിലുള്ളത്. ഒരു സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. ആറു വര്‍ഷം അല്ലെങ്കില്‍, 62 വയസ്സ് ആണ് പി എസ് സി അംഗങ്ങളുടെ കാലാവധി.
ചെയര്‍മാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പര്‍ടൈം സ്‌കെയിലിലെ പരമാവധി തുകയ്ക്ക് തുല്യവും അംഗങ്ങള്‍ക്ക് ജില്ലാ ജഡ്ജിമാരുടെ സെലക്ഷന്‍ ഗ്രേഡ് സ്‌കെയിലിലെ പരമാവധി തുകയ്ക്ക് തുല്യവുമായിരിക്കും പുതുക്കിയ ശമ്പളമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടുള്ളത്.
ശമ്പളം, പെന്‍ഷന്‍, ഒന്നാം ക്ലാസ് യാത്രപ്പടി, പിഎ, ഡഫേദാര്‍, ഡ്രൈവര്‍, ആശ്രിതര്‍ക്ക് അടക്കം ചികിത്സയ്ക്കു പണം, ചെയര്‍മാന് കാറും വീടും തുടങ്ങിയ ആനുകൂല്യങ്ങളും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ശമ്പള വര്‍ധനവിന് 2016 മുതല്‍ മുന്‍കാല പ്രാബല്യം വേണമെന്ന ആവശ്യം സര്‍ക്കാരിന് മുന്നില്‍ പി എസ് സി ഉന്നയിച്ചിട്ടുണ്ട്. ഇത് അംഗീകരിച്ചാല്‍ 35 കോടി രൂപയിലേറെ സര്‍ക്കാര്‍ കുടിശ്ശികയും നല്‍കേണ്ടി വരും.
പി എസ് സി അംഗങ്ങളുടെ പെന്‍ഷനിലും വര്‍ധനയുണ്ടാകും. ഒരു വര്‍ഷം പി എസ് സി അംഗമായിരുന്നാല്‍ ശമ്പളത്തിന്റെ 7.5 ശതമാനമാണ് അടിസ്ഥാന പെന്‍ഷന്‍. തുടര്‍ന്ന് ഓരോ വര്‍ഷവും 7.5 ശതമാനം വീതം പെന്‍ഷന്‍ വര്‍ധിക്കും. ആറുവര്‍ഷം കാലാവധി തികയ്ക്കുന്ന ആള്‍ക്ക് ശമ്പളത്തിന്റെ 45 ശതമാനം തുക അടിസ്ഥാന പെന്‍ഷനായി ലഭിക്കും. കൂടാതെ ഡിഎയും ഉണ്ടാകും.
പുതുക്കിയ വര്‍ധന പ്രകാരം, പി എസ് സി ചെയര്‍മാന്റെ പെന്‍ഷന്‍ 1.25 ലക്ഷത്തില്‍ നിന്ന് 2.5 ലക്ഷമായി ഉയരും. പി എസ് സി അംഗങ്ങളുടേത് 1.20 ലക്ഷത്തില്‍ നിന്ന് 2.25 ലക്ഷമായും വര്‍ധിക്കുകയും ചെയ്യും. സാമ്പത്തിക പ്രതിസന്ധി കാരണം പല തവണ മാറ്റിയ ശമ്പള വര്‍ധനയാണ് ബുധനാഴ്ചത്തെ മന്ത്രിസഭായോഗം അംഗീകരിച്ചത്.
by Midhun HP News | Feb 20, 2025 | Latest News, കേരളം
കോഴിക്കോട്: കൊടുവള്ളി ഓമശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതായി പരാതി. ഓമശ്ശേരി പുത്തൂര്‍ പുറായില്‍ വീട്ടില്‍ ഷബീര്‍ അലിയെ (34)യാണ് ആറംഗ സംഘം തട്ടിക്കൊണ്ടുപോയി പലയിടങ്ങളില്‍ വച്ച് മര്‍ദിച്ചത്. കൊടുവള്ളി ഓമശ്ശേരി അമ്പലക്കണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിങ് സ്ഥാപനത്തിലെ ജോലിക്കാരനാണ് ഷബീര്‍.
ബിസിനസ് സ്ഥാപനത്തിലെ തര്‍ക്കമാണ് തട്ടികൊണ്ടുപോകലിന് ഇടയാക്കിയതെന്നാണ് യുവാവിന്റെ ആരോപണം. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ എംഡിയാണ് പിന്നിലെന്നുമാണ് ഷബീറലി പറയുന്നത്. മാര്‍ക്കറ്റിങ് ഏജന്‍സി ഉടമയായ ഫിറോസ് ഖാനെതിരെ ഷബീറലി കൊടുവള്ളി പൊലീസില്‍ പരാതി നല്‍കി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. കോടഞ്ചേരിയിലെ റിസോര്‍ട്ടില്‍ എത്തിച്ചും താമരശ്ശേരിയിലെ ആളൊഴിഞ്ഞ വീട്ടില്‍ വച്ചും പൂര്‍ണ നഗ്നനാക്കിയ ശേഷം തന്നെ ഭീകരമായി ആക്രമിക്കുകയും തുടര്‍ന്ന് ശരീരത്തില്‍ മുളകുപൊടി തേച്ചതായും യുവാവ് പരാതിയില്‍ പറയുന്നു. അവശാനായ തന്നെ ഫിറോസ് ഖാന്‍ കഴിഞ്ഞ ദിവസം രാവിലെ താമരശ്ശേരി ടൗണില്‍ ഉപേക്ഷിച്ചതാണെന്നും ഷബീര്‍ പറയുന്നു.
പരിക്കേറ്റ ഷബീര്‍ ആദ്യം താമരശ്ശേരിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. ആന്തരികമായ പരിക്കുകളൊന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല.
by Midhun HP News | Feb 20, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയേക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്.
സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.
നിർദ്ദേശങ്ങൾ
* പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക.
* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
* ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്‌ളാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
* വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകൾ 11 am മുതൽ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
* കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
* ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
* മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക.
* പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതൽ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യിൽ വെള്ളം കരുതുക.
* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.
* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കുടിവെള്ളം കയ്യിൽ കരുതുക.
* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
* കാലാവസ്ഥാ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
Recent Comments