by Midhun HP News | Feb 19, 2025 | Latest News, കേരളം
സംസ്ഥാനതലത്തിൽ റാഗിങ്ങിന് അറുതി വരുത്താൻ കഴിയുന്ന വിധത്തിൽ ആന്റി റാഗിങ് സംവിധാനമൊരുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. കാര്യവട്ടം ക്യാംപസിൽ ഉണ്ടായ റാഗിങ് കേസിലും ആന്റി റാഗിങ് സെൽ ഉടനടി നടപടി സ്വീകരിച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.
‘ഉന്നതവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലെല്ലാം ആന്റി റാഗിങ് സെല്ലുകൾ പ്രവൃത്തിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിൽ ദുരനുഭവം ഉണ്ടായാൽ അത് ആന്റി റാഗിങ് സെല്ലിനോടോ അധ്യാപകരോടോ പ്രിൻസിപ്പലിനോടോ തുറന്നു പറയാൻ വിദ്യാർഥികൾ ധൈര്യമായി തയാറാകണം. അതു തക്കസമയത്ത് ഇടപെടാനും കൂടുതൽ ദൗഭാഗ്യകരമായ സംഭവങ്ങൾക്കു തടയിടാനും സഹായിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലാണ് ഇന്നലെ സംഭവിച്ചിട്ടുള്ള റാഗിങ്ങുമായി ബന്ധപ്പെട്ട വിഷയം വന്നിട്ടുള്ളത്.
by Midhun HP News | Feb 19, 2025 | Latest News, കേരളം
മൂന്നാര്‍: ഇടുക്കി മൂന്നാര്‍ എക്കോ പോയിന്റില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ നിന്നെത്തിയ വിനോദസഞ്ചാരികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. രണ്ടുപേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കോളജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അപകടകാരണം വ്യക്തമല്ല.
by Midhun HP News | Feb 19, 2025 | Latest News, കേരളം
കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കേരള ബജറ്റിലെ ജനദ്രോഹ നയങ്ങൾക്കെതിരെയും ഭൂനികുതി 50% വർധിപ്പിച്ചതിനെതിരെയുമാണ് പ്രതിഷേധ ധർണ നടത്തിയത്. ഡിസിസി ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.
മണ്ഡലം പ്രസിഡന്റ് ആർ.എസ്.പ്രശാന്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ പി ജയചന്ദ്രൻ നായർ, എസ് കെ പ്രിൻസ് രാജ്, എസ് രാജേഷ്, വിനയൻ മേലാറ്റിങ്ങൽ, രമാദേവി അമ്മ, എസ്. രഘുറാം, ഇല്യാസ്. എം.,അഷറഫ്., ഷാജി.എസ്, സി.എസ്.ആദർശ്, മണ്ഡലം ഭാരവാഹികളായ ജയകുമാർ.എസ്, ബാബു പരകുടി, പ്രമോദ്. എസ് തുടങ്ങിയവർ നേതൃത്വം നൽകി.
by Midhun HP News | Feb 19, 2025 | Latest News, കേരളം
ആശാ വർക്കർമാർക്ക് വേതനം അനുവദിച്ചു. രണ്ട് മാസത്തെ വേതനം അനുവദിച്ചു. 52.85 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ആശാ വർക്കർമാർക്ക് 13,200 രൂപ ലഭിക്കുന്നുണ്ടെന്ന് ധനവകുപ്പ് അറിയിച്ചു. ടെലഫോൺ അലവൻസ് ഉൾപ്പെടെയാണ് 13,200 രൂപ നൽകുന്നത്. 7000 എന്നത് തെറ്റിദ്ധരിപ്പിക്കുന്നതെന്നും ധനവകുപ്പ് അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് ആശാ വര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്നത് മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഉയര്‍ന്ന ഹോണറേറിയമാണെന്ന് ദേശീയ ആരോഗ്യ ദൗത്യം അറിയിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ആശാ പദ്ധതി പ്രകാരമാണ് ആശാവര്‍ക്കര്‍മാരെ 2007 മുതല്‍ നിയമിച്ചത്. അവരെ ഏതെങ്കിലും സ്ഥാപനത്തില്‍ സ്ഥിരം ജോലിയായല്ല നിയമിക്കുന്നത്.
വിവിധ സ്‌കീമുകള്‍ പ്രകാരമുള്ള ആരോഗ്യ സേവനത്തിനായാണ് അവരെ നിയോഗിക്കുന്നത്. അതിനാല്‍ അവര്‍ക്ക് സ്ഥിരം ശമ്പളമല്ല നല്‍കുന്നത്. മറിച്ച് ആരോഗ്യ സേവനങ്ങള്‍ക്കുള്ള ഇന്‍സെന്റീവായിട്ടാണ് ഓരോ മാസവും നല്‍കുന്നത്. ആശാവര്‍ക്കര്‍മാര്‍ക്ക് 7,000 രൂപ മാത്രമാണ് കിട്ടുന്നതെന്ന തരത്തിലുള്ള പ്രചാരണമാണ് നടക്കുന്നത്. അത് തികച്ചും അടിസ്ഥാനരഹിതമാണ്. ടെലഫോണ്‍ അലവന്‍സ് ഉള്‍പ്പെടെ 13,200 രൂപ വരെ ആശാ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ മാത്രം മാസം തോറും 7000 രൂപയാണ് ഹോണറേറിയം നല്‍കുന്നത്. 2016ന് മുമ്പ് ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഹോണറേറിയം 1,000 രൂപ മാത്രം ആയിരുന്നു. അതിന് ശേഷം ഘട്ടംഘട്ടമായാണ് പ്രതിമാസ ഹോണറേറിയം 7,000 രൂപ വരെ വര്‍ധിപ്പിച്ചത്. ഏറ്റവും അവസാനമായി 2023 ഡിസംബറില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് 1,000 രൂപ വര്‍ധിപ്പിച്ചിരുന്നു. ഈ 7,000 രൂപ കൂടാതെ 60:40 എന്ന രീതിയില്‍ കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് 3000 രൂപ പ്രതിമാസ നിശ്ചിത ഇന്‍സെന്റീവും നല്‍കുന്നുണ്ട്.
ഇതുകൂടാതെ ഓരോ ആശാ പ്രവര്‍ത്തകയും ചെയ്യുന്ന സേവനങ്ങള്‍ക്കനുസരിച്ച് വിവിധ സ്‌കീമുകളിലൂടെ 3,000 രൂപ വരെ മറ്റ് ഇന്‍സെന്റീവുകളും ലഭിക്കും. ഇത് കൂടാതെ ആശമാര്‍ക്ക് പ്രതിമാസം 200 രൂപ ടെലിഫോണ്‍ അലവന്‍സും നല്‍കി വരുന്നുണ്ട്. എല്ലാം കൂടി നന്നായി സേവനം നടത്തുന്നവര്‍ക്ക് 13,200 രൂപവരെ പ്രതിമാസം ലഭിക്കുന്നു. ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവും ഹോണറേറിയവും കൃത്യമായി ലഭിക്കാന്‍ ആശ സോഫ്റ്റുവെയര്‍ വഴി അതത് ആശമാരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് തുക നല്‍കി വരുന്നത്.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ ആശമാര്‍ക്കുള്ള കേന്ദ്ര വിഹിതം ലഭിക്കാതെയിരുന്നിട്ട് കൂടി എല്ലാ മാസവും കൃത്യമായി ആശമാരുടെ ഇന്‍സെന്റീവുകള്‍ സംസ്ഥാന വിഹിതം ഉപയോഗിച്ച് വിതരണം ചെയ്തിരുന്നു. ആശമാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കാനായി ആരോഗ്യ വകുപ്പ് മന്ത്രി കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
അതില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ബാക്കിയുള്ള 2 മാസത്തെ ഹോണറേറിയം നല്‍കാനുള്ള ഉത്തരവിറങ്ങിയിട്ടുണ്ട്. അത് എത്രയും വേഗം നല്‍കാനുള്ള നടപടിയും സ്വീകരിച്ചു വരുന്നു. ഏറ്റവും കൂടുതല്‍ ഹോണറേറിയം നല്‍കുന്ന സംസ്ഥാനം കേരളമാണ്. അതേസമയം കര്‍ണാടകയും മഹാരാഷ്ട്രയും 5,000 രൂപയും, മധ്യപ്രദേശും പശ്ചിമ ബംഗാളും 6,000 രൂപയുമാണ് നല്‍കുന്നത്.
by Midhun HP News | Feb 19, 2025 | Latest News, കേരളം
കൊച്ചി: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മിഹിര്‍ തൃപ്പുണിത്തുറയിലെ ഫ്‌ളാറ്റിന്റെ 26ാം നിലയില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ ഒരു മാസമായിട്ടും അന്വേഷണം ഇഴഞ്ഞു തന്നെ. തിരുവാണിയൂരിലെ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ കടുത്ത റാഗിങും പീഡനവും ആരോപിച്ച് കുട്ടിയുടെ അമ്മ രജ്‌ന പി എം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇതുവരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല.
അന്വേഷണത്തെക്കുറിച്ച് പരാതിയില്ലെന്നും സാധ്യമായ എല്ലാ വശങ്ങളും പരിശോധിച്ച് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുട്ടിയുടെ അമ്മാവന്‍ ഷെരീഫ് പറഞ്ഞു. എന്നാല്‍ റാഗിങ് നടന്നുവെന്ന കാര്യം അംഗീകരിക്കുകയോ നടപടിയെടുക്കുകയോ സ്‌കൂള്‍ അധികൃതര്‍ ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. മിഹിറിന്റെ അമ്മ മാനസികമായി വളരെ തകര്‍ന്ന നിലയിലാണെന്നും അമ്മാവന്‍ പറഞ്ഞു.
അന്വേഷണം ശരിയായ രീതിയിലല്ല പോകുന്നതെന്ന് മിഹിറിന്റെ പിതാവ് ഷഫീഖ് മാടമ്പാട്ട് പ്രതികരിച്ചു. മിഹിറിന്റെ ലാപ്‌ടോപുകള്‍, ടാബ്‌ലറ്റുകള്‍, മൊബൈല്‍ ഫോണ്‍ എന്നിവ പിടിച്ചെടുക്കുകയും ചാറ്റുകള്‍ വീണ്ടെടുക്കുകയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിക്കുകയും ചെയ്യണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിട്ടും പൊലീസ് അതില്‍ വിമുഖത കാണിക്കുന്നുവെന്നാണ് പിതാവ് പറയുന്നത്. പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ടെങ്കിലും റാഗിങ് ആരോപണത്തെക്കുറിച്ച് ഇതുവരെ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആരോപണ വിധേയരായ വിദ്യാര്‍ഥികളുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ റാഗിങ് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ലെന്നും പൊലീസ് പറയുന്നു.
പുത്തന്‍കുരിശ് പൊലീസ് ആണ് അമ്മയുടെ പരാതിയില്‍ അന്വേഷണം നടത്തുന്നത്. ഹില്‍ പാലസ് പൊലീസാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരിക്കുന്നത്. കേസ് രണ്ടും രണ്ട് സ്റ്റേഷനില്‍ നടക്കുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പിതാവ് പറയുന്നു.
അതേസമയം നടപടിയെടുക്കാന്‍ പരാജയപ്പെട്ടുവെന്ന മിഹിറിന്റെ രക്ഷിതാക്കളുടെ ആരോപണം ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ നിഷേധിച്ചു. ഇതിലുള്‍പ്പെട്ട കുട്ടികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. അസ്വാഭാവിക മരണത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു.
by Midhun HP News | Feb 19, 2025 | Latest News, കേരളം
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മൂന്ന് വയസുകാരി മരിച്ചു. കട്ടപ്പന കളിയിക്കല്‍ ആഷ അനിരുദ്ധന്‍-വിഷ്ണു സോമന്‍ ദമ്പതികളുടെ മകള്‍ അപര്‍ണിക ആണു മരിച്ചത്. ചികിത്സാപ്പിഴവ് മൂലമാണ് കുട്ടി മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ഒരാഴ്ച മുന്‍പ് കഠിനമായ വയറുവേദനയെ തുടര്‍ന്നാണു കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ ആദ്യം കൊണ്ടുവന്നത്. പ്രാഥമിക ചികിത്സ നടത്തിയ ശേഷം അധികൃതര്‍ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തതായി മാതാപിതാക്കള്‍ പറയുന്നു. വീട്ടിലെത്തി മരുന്നു കഴിച്ചിട്ടും അസുഖത്തിനു കുറവുണ്ടായില്ല. തുടര്‍ന്നു ഞായറാഴ്ചയും തിങ്കളാഴ്ചയും വീടിനു സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. സ്ഥിതി ഗുരുതരമായതോടെ തിങ്കളാഴ്ച വൈകീട്ടോടെ കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയിലേക്കു വീണ്ടുമെത്തിച്ചു.
പരിശോധന നടത്തിയെങ്കിലും മതിയായ ചികിത്സ നല്‍കിയില്ലെന്നു കുട്ടിയുടെ അമ്മ ആരോപിച്ചു. രാത്രി ഒന്നിനു കുട്ടിക്കു ഡ്രിപ്പ് ഇട്ടെങ്കിലും രാവിലെ ഏഴായിട്ടും പാതി പോലും ശരീരത്തില്‍ കയറിയില്ല. ഇന്നലെ രാവിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പക്ഷേ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കുട്ടിക്കു ഹൃദയാഘാതം സംഭവിച്ചെന്നാണ് ആശുപത്രി അധികൃതരുടെ വാദം. എന്നാല്‍, ഭക്ഷ്യവിഷബാധയേറ്റതായി തങ്ങളോട് ആശുപത്രി അധികൃതര്‍ അനൗദ്യോഗികമായി പറഞ്ഞതായും മാതാപിതാക്കള്‍ പറയുന്നു. ഹൃദയാഘാതം മൂലമാണു കുട്ടി മരിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് കുട്ടികളുടെ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. കെ പി ജയപ്രകാശ് പറഞ്ഞു.
Recent Comments