വീണ്ടും ജീവനെടുത്ത് കാട്ടാന; തൃശൂരില്‍ 60 കാരനെ ചവിട്ടിക്കൊന്നു

വീണ്ടും ജീവനെടുത്ത് കാട്ടാന; തൃശൂരില്‍ 60 കാരനെ ചവിട്ടിക്കൊന്നു

തൃശൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ തൃശൂര്‍ താമരവെള്ളച്ചാലില്‍ ഒരാള്‍ മരിച്ചു. ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്രഭാകരന്‍ എന്നയാളാണ് മരിച്ചത്. 60 വയസ്സായിരുന്നു.

വനവിഭവങ്ങള്‍ ശേഖരിക്കാനായി പോയ പ്രഭാകരനെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു. പീച്ചി പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ താമരവെള്ളച്ചാലില്‍ വനത്തിനുള്ളില്‍ വെച്ചാണ് സംഭവമുണ്ടായത്. മകനും മരുമകനുമൊപ്പമാണ് പ്രഭാകരൻ വനത്തിൽ പോയത്. മക്കൾ നാട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നുവെന്നാണ് വിവരം. വിവരം അറിഞ്ഞ് പീച്ചി പൊലിസും വനംവകുപ്പ് ഉദ്യോഗസ്ഥരും കാടിന് അകത്തേക്ക് പോയിട്ടുണ്ട്.

ഷൂട്ടിങ് കാണാനെത്തിയ ചെറുമകളെ ബലാത്സംഗം ചെയ്തു; നടന് 136 വര്‍ഷം കഠിനതടവ്

ഷൂട്ടിങ് കാണാനെത്തിയ ചെറുമകളെ ബലാത്സംഗം ചെയ്തു; നടന് 136 വര്‍ഷം കഠിനതടവ്

കോട്ടയം: സീരിയല്‍ നടിക്കൊപ്പം സിനിമ ഷൂട്ടിങ് കാണാനെത്തിയ ചെറുമകളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത സിനിമ-സീരിയല്‍ നടന് 136 വര്‍ഷം കഠിന തടവും 1,97,500 രൂപ പിഴയും ശിക്ഷ വിധിച്ചു. കങ്ങഴ കടയിനിക്കാട് കോണേക്കടവ് ഭാഗത്ത് മടുക്കക്കുഴി വീട്ടില്‍ എം കെ റെജിയെയാണ്(52) ഈരാറ്റുപേട്ട ഫാസ്റ്റ്ട്രാക്ക് പ്രത്യേക കോടതി ശിക്ഷിച്ചത്.

ഈരാറ്റുപേട്ട ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് റോഷന്‍ തോമസാണ് വിധി പറഞ്ഞത്. പ്രതി പിഴ അടച്ചാല്‍ 1,75000 രൂപ അതിജീവിതയ്ക്ക് നല്‍കുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലേയും പോക്‌സോ ആക്ടിലേയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്.

2023 മെയിലായിരുന്നു സംഭവം. സിനിമയിലും സീരിയലിലും ജൂനിയര്‍ ആര്‍ടിസ്റ്റുകളെ എത്തിച്ച് നല്‍കുന്നയാളുമാണ് പ്രതി. സിനിമ ചിത്രീകരണത്തിനെത്തിയ മുത്തശ്ശിയുടെ കൂടെ ഷൂട്ടിങ് കാണാനെത്തിയതായിരുന്നു പെണ്‍കുട്ടി. ചിത്രീകരണത്തിനിടെ മഴ പെയ്ത സമയം ലൊക്കേഷനില്‍ നിന്ന് കുട്ടിയെ മുത്തശ്ശിയുടെ അടുത്തെത്തിക്കാമെന്ന് പറഞ്ഞ് വാനില്‍ കയറ്റിക്കൊണ്ടു പോയി. യാത്രയ്ക്കിടയില്‍ ശാരീരികമായി ഉപദ്രവിച്ച ശേഷം ഈരാറ്റുപേട്ട തിടനാട്ടുള്ള ആളില്ലാത്ത വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. അവശയായ പെണ്‍കുട്ടിയെ ചങ്ങനാശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്തായത്.

അന്നത്തെ ചങ്ങനാശ്രേി സ്റ്റേഷന്‍ എസ്എച്ച്ഒയായിരുന്ന റിച്ചാര്‍ഡ് വര്‍ഗീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് തിടനാട് എസ്എച്ച്ഒ ആയിരുന്ന പി ജി രാജേഷ് തുടരന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

തിടനാട് എസ്എച്ച്ഒയായിരുന്ന കെ കെ പ്രശോകാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം തയ്യാറാക്കിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോസ് മാത്യു തയ്യില്‍ ഹാജരായി.

മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാം; ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാം; ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഇന്നും ( ബുധനാഴ്ച) കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

കുംഭമേളയില്‍ പങ്കെടുക്കാന്‍ ഒഴുകിയെത്തി മലയാളികള്‍; 25,000 മുതല്‍ 44,000 രൂപ വരെ

കുംഭമേളയില്‍ പങ്കെടുക്കാന്‍ ഒഴുകിയെത്തി മലയാളികള്‍; 25,000 മുതല്‍ 44,000 രൂപ വരെ

കൊച്ചി: മഹാകുംഭമേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിമാന ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടും കൊച്ചി- പ്രയാഗ് രാജ് റൂട്ടില്‍ ടിക്കറ്റ് നിരക്ക് റോക്കറ്റ് പോലെ കുതിക്കുന്നു. ഇളവ് പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുന്‍പ് ജനുവരിയുടെ അവസാനം കൊച്ചി- പ്രയാഗ് രാജ് റൂട്ടില്‍ ടിക്കറ്റ് നിരക്ക് 50,000 കടന്നിരുന്നു. എന്നാല്‍ നിലവില്‍ 25,000നും 44,000നും ഇടയിലാണ് ടിക്കറ്റ് നിരക്ക്. ഈ ദിവസങ്ങളില്‍ ശരാശരി ടിക്കറ്റ് നിരക്ക് 25000ന് മുകളിലാണെങ്കിലും ഇന്ന് കുറഞ്ഞ നിരക്ക് 43,414 രൂപയാണെന്ന് ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ മെയ്ക്ക്‌മൈട്രിപ്.കോം കണക്കുകള്‍ വ്യക്തമാക്കുന്നു. നിരക്ക് റോക്കറ്റ് പോലെ കുതിച്ചിട്ടും തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവില്ല. കുംഭമേളയുടെ അവസാന ഘട്ടത്തില്‍ പങ്കെടുക്കാന്‍ കൊച്ചി- പ്രയാഗ് രാജ് സെക്ടറില്‍ തീര്‍ഥാടകരുടെ വലിയ തോതിലുള്ള തിരക്കാണ് വിമാനത്താവളത്തില്‍ അനുഭവപ്പെടുന്നത്.

‘കഴിഞ്ഞ രണ്ടാഴ്ചയായി, പ്രത്യേകിച്ച് രണ്ട് മലയാളി താരങ്ങള്‍ കുംഭമേളയില്‍ പങ്കെടുത്തതിന് ശേഷം, പ്രയാഗ് രാജിലേക്കുള്ള ടിക്കറ്റിനായി വലിയ ആവശ്യകത അനുഭവപ്പെടുന്നുണ്ട്. ഫെബ്രുവരി 26 ന് ശിവരാത്രി ദിനത്തില്‍ അവസാനിക്കുന്ന കുംഭമേളയില്‍ പങ്കെടുക്കാന്‍ നിരവധി മലയാളികള്‍ ഇപ്പോള്‍ യാത്ര ചെയ്യുന്നുണ്ട്. മേളയുടെ അവസാന ദിവസം വരെ ഡിമാന്‍ഡ് തുടരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഡയറക്ട് ഫ്‌ലൈറ്റുകളിലെ വിമാന ടിക്കറ്റ് നിരക്ക് സാധാരണ വരാറുള്ള 8,000-10,000 രൂപയ്ക്ക് പകരം 25,000 രൂപയ്ക്ക് മുകളിലാണ്,’- അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെ സീനിയര്‍ ട്രാവല്‍ കണ്‍സള്‍ട്ടന്റ് പറഞ്ഞു.

നടന്‍ ജയസൂര്യയും കുടുംബവും നടി സംയുക്ത മേനോനും കുംഭമേളയില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. പ്രമുഖ വിമാന കമ്പനികളായ ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും മാത്രമാണ് കൊച്ചിയില്‍ നിന്ന് പ്രയാഗ്രാജിലേക്ക് കുറഞ്ഞത് ഒരു സ്റ്റോപ്പ് ഓവറുള്ള വിമാന സര്‍വീസുകള്‍ നടത്തുന്നത്. ടിക്കറ്റ് ബുക്കിംഗ് സൈറ്റായ MakeMyTrip.com അനുസരിച്ച്, ഫെബ്രുവരി 18ന് കൊച്ചി- പ്രയാഗ് രാജ് സെക്ടറിലെ ഏറ്റവും കുറഞ്ഞ നിരക്ക് 43,414 രൂപയാണ്. അടുത്ത ദിവസം ഇത് 27,592 രൂപയായി കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഫെബ്രുവരി 25 വരെ ടിക്കറ്റ് നിരക്കുകള്‍ 25,000 രൂപയ്ക്ക് മുകളിലാണ്. ഫെബ്രുവരി 26 മുതല്‍ അവ 10,000 രൂപയില്‍ താഴെയാണ്. ഉദാഹരണത്തിന്, ഫെബ്രുവരി 28ന് കൊച്ചിയില്‍ നിന്ന് രാവിലെ 7.20 ന് പുറപ്പെട്ട് വൈകുന്നേരം 3.55 ന് പ്രയാഗ്രാജില്‍ എത്തുന്ന ഇന്‍ഡിഗോ വിമാനത്തിന് ടിക്കറ്റ് നിരക്ക് 8,090 രൂപ മാത്രമാണ്. ബംഗളൂരുവില്‍ സ്റ്റോപ്പ് ഉണ്ട്.

ഫെബ്രുവരി 1 മുതല്‍ കുംഭമേളയ്ക്ക് പോകുന്ന യാത്രക്കാര്‍ക്ക് വിമാന ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് നല്‍കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ റാം മോഹന്‍ നായിഡു പ്രഖ്യാപിച്ചിട്ടും നിരക്ക് ഉയര്‍ന്നുനില്‍ക്കുകയാണ്. കഴിഞ്ഞ മാസം അവസാനം കൊച്ചി-പ്രയാഗ്രാജ് സെക്ടറില്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ 50,000 രൂപയിലധികമായി ഉയര്‍ന്നിരുന്നു.

വടക്കാഞ്ചേരി മച്ചാടിന്റെ തട്ടകദേശങ്ങള്‍ മാമാങ്കത്തിന്റെ ആവേശത്തിമിര്‍പ്പില്‍

വടക്കാഞ്ചേരി മച്ചാടിന്റെ തട്ടകദേശങ്ങള്‍ മാമാങ്കത്തിന്റെ ആവേശത്തിമിര്‍പ്പില്‍

തൃശൂര്‍: വടക്കാഞ്ചേരി മച്ചാടിന്റെ തട്ടകദേശങ്ങള്‍ മാമാങ്കത്തിന്റെ ആവേശത്തിമിര്‍പ്പില്‍. മംഗലം, പാര്‍ളിക്കാട്, കരുമത്ര, വിരുപ്പാക്ക, മണലിത്തറ ദേശങ്ങള്‍ പൊയ്ക്കുതിരകളെ തോളിലേറ്റി മാമാങ്കസന്നിധിയായ മച്ചാട് തിരുവാണിക്കാവിലേക്ക് നീങ്ങുന്ന കാഴ്ച ദേശക്കാര്‍ക്ക് ആവേശക്കാഴ്ചയായി.

കൊയ്ത്തുകഴിഞ്ഞ് പരന്നുകിടക്കുന്ന പാടങ്ങളിലൂടെ ദേശക്കാര്‍ പൊയ്ക്കുതിരകളുമായാണ് ദേവീ സന്നിധി ലക്ഷ്യമാക്കി ഓടിയെത്തിയത്. ഊഴമനുസരിച്ച് ഇത്തവണ മാമാങ്കത്തിന്റെ നേതൃത്വം പുന്നംപറമ്പ് ദേശത്തിനാണ്. ക്ഷേത്രം വക കുതിരകളുമായി കാവുകയറുന്ന സ്ഥലത്തെത്തി ദേശക്കുതിരകളെ അവര്‍ കാവിലേയ്ക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു.

പെരുവനം കുട്ടന്‍ മാരാരുടെ പ്രാമാണ്യത്തില്‍ നൂറിലധികം കലാകാരന്മാര്‍ അണിനിരന്ന പാണ്ടിമേളം കൊട്ടിക്കലാശിച്ചതോടെ മാമാങ്കത്തിന്റെ ആകര്‍ഷണമായ കുതിരകളി അരങ്ങേറി. പൊയ്ക്കുതിരകളെ മുകളിലേക്കെറിഞ്ഞ് പന്തലില്‍ തൊടുവിക്കുന്ന ചടങ്ങ് ദേശക്കാര്‍ക്ക് ആവേശമായി.

ബുധനാഴ്ച പുലര്‍ച്ചെ രണ്ടിന് എഴുന്നള്ളിപ്പ്, ചോറ്റാനിക്കര വിജയന്‍മാരാരുടെ പ്രാമാണ്യത്തില്‍ പഞ്ചവാദ്യം, രാവിലെ ഏഴിന് കിഴക്കൂട്ട് അനിയന്‍ മാരാരുടെ പ്രാമാണ്യത്തില്‍ പാണ്ടിമേളം, തുടര്‍ന്ന് കുതിരകളി എന്നിവയാണ് മറ്റു ചടങ്ങുകള്‍.

മരുന്ന് വാങ്ങാന്‍ പോയ വയോധികയെ കാണാതായി; കാടുകയറിയ കെട്ടിടത്തിന് സമീപം മൃതദേഹം കണ്ടെത്തി

മരുന്ന് വാങ്ങാന്‍ പോയ വയോധികയെ കാണാതായി; കാടുകയറിയ കെട്ടിടത്തിന് സമീപം മൃതദേഹം കണ്ടെത്തി

മലപ്പുറം: മലപ്പുറം ചുങ്കത്തറയില്‍ കാണാതായ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുത്ത് സ്വദേശി തങ്കമ്മ (71) യാണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മരുന്ന് വാങ്ങാനായി പോയ വയോധികയെ പിന്നീട് കാണാതാകുകയായിരുന്നു.

തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് വ്യാപകമായ തിരിച്ചില്‍ നടത്തിയിരുന്നു. വയോധികയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ കൂത്തുകല്‍ പൊലീസിലും പരാതി നല്‍കി. ഇതിനിടെ ചുങ്കത്തറ പാല്‍ സൊസൈറ്റിക്ക് സമീപം വൈകീട്ട് തങ്കമ്മയെ കണ്ടതായി ചിലര്‍ പറഞ്ഞു.

ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സമീപപ്രദേശത്തായി വയോധികയുടെ മൃതദേഹം കണ്ടെത്തിയത്. പാല്‍ സൊസൈറ്റിക്ക് സമീപത്ത് കാടുകയറിയ സ്ഥലത്തുള്ള കെട്ടിടത്തിന് മുന്നിലായിട്ടായിരുന്നു മൃതദേഹം. പ്രാഥമിക പരിശോധനയില്‍ ശരീരത്തില്‍ മുറിവുകളോ അസ്വാഭാവികതയോ കണ്ടെത്തിയിട്ടില്ല. എങ്കിലും വിശദമായ പരിശോധനകളും അന്വേഷണവും തുടരുകയാണെന്ന് പൊലീസ് സൂചിപ്പിച്ചു.