പാതിവില തട്ടിപ്പില്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ പ്രതി ചേര്‍ത്തതില്‍ ഹൈക്കോടതി

പാതിവില തട്ടിപ്പില്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ പ്രതി ചേര്‍ത്തതില്‍ ഹൈക്കോടതി

കൊച്ചി: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ പ്രതി ചേര്‍ത്തതിനെ വിമര്‍ശിച്ച് ഹൈക്കോടതി. വാര്‍ത്താഹൈപ്പിന്റെ അടിസ്ഥാനത്തില്‍ പ്രതിയാക്കരുത്. ഭരണഘടനാ പദവിയില്‍ ഇരുന്നയാളുകളെ വിശദപരിശോധനയില്ലാതെ പ്രതി ചേര്‍ക്കരുത്. അത് നിയമസംവിധാനത്തോടുള്ള ജനങ്ങളുടെ വിശ്വാസ്യത തകരാന്‍ ഇടയാക്കുമെന്ന് കോടതി നിരീക്ഷിച്ചു. പാതിവില തട്ടിപ്പില്‍ പെരിന്തല്‍മണ്ണയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ്, എന്‍ജിഒ സംഘടനയുടെ അഡ്വൈസറി ചെയർമാനായിരുന്ന ജസ്റ്റിസ് രാമചന്ദ്രന്‍ നായരെ മൂന്നാം പ്രതിയാക്കി കേസെടുത്തത്.

ജസ്റ്റിസ് രാമചന്ദ്രന്‍ നായരെ പ്രതിയാക്കി പെരിന്തല്‍മണ്ണ പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം അഭിഭാഷകരാണ് കോടതിയെ സമീപിച്ചത്. സാമ്പത്തിക തട്ടിപ്പുമായി ജസ്റ്റിസ് രാമചന്ദ്രന്‍ നായരെ ബന്ധിപ്പിക്കാന്‍ തെളിവുകളില്ല. പ്രാഥമികാന്വേഷണം പോലും നടത്താതെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അതിനാല്‍ കേസ് റദ്ദാക്കണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.

ഹര്‍ജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച്, മനസ്സര്‍പ്പിച്ചു തന്നെയാണോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് പൊലീസിനോട് ചോദിച്ചു. ഭരണഘടനാ പദവിയില്‍ ഇരുന്നയാളാണ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍. ഇത്തരത്തിലുള്ള ഒരാള്‍ക്കെതിരെ എന്തു തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് കോടതി ചോദിച്ചു. തെളിവുകള്‍ കോടതിയെ അറിയിക്കണം. വ്യക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ പൊലീസിന് മുന്നോട്ടു പോകാവുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു.

കേസെടുത്തതിനെതിരെ നല്‍കിയിട്ടുള്ള ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഏതൊരാള്‍ക്കെതിരെ കേസെടുത്താലും മനസ്സര്‍പ്പിച്ചു തന്നെയാണ് പൊലീസ് ചെയ്യാറുള്ളതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേസെടുക്കും മുമ്പ് വസ്തുതയും സാഹചര്യവും പരിശോധിക്കേണ്ടതല്ലേയെന്ന് കോടതി ആരാഞ്ഞു. കേസില്‍ സംസ്ഥാന സര്‍ക്കാരിനോട് ഒരാഴ്ചയ്ക്കകം വിശദീകരണം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, പി കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

‘ഇതു റിജോയല്ലേ?’, സ്ത്രീയുടെ സംശയം തുമ്പായി; ബാങ്ക് കവര്‍ച്ചാ പ്ലാനിങ് ഭാര്യ നാട്ടിലെത്തുന്ന വിവരം അറിഞ്ഞതോടെ

‘ഇതു റിജോയല്ലേ?’, സ്ത്രീയുടെ സംശയം തുമ്പായി; ബാങ്ക് കവര്‍ച്ചാ പ്ലാനിങ് ഭാര്യ നാട്ടിലെത്തുന്ന വിവരം അറിഞ്ഞതോടെ

തൃശൂര്‍: വിദേശത്ത് നഴ്‌സായി ജോലി ചെയ്യുന്ന ഭാര്യ ഏപ്രില്‍ മാസത്തില്‍ മകളുടെ ആദ്യ കുര്‍ബാന സ്വീകരണത്തിനായി നാട്ടിലെത്തുമെന്ന അറിയിപ്പിനെത്തുടര്‍ന്നാണ് ബാങ്ക് കവര്‍ച്ചയ്ക്ക് ആസൂത്രണം ആരംഭിച്ചതെന്ന് പോട്ട ഫെഡറല്‍ ബാങ്ക് മോഷണക്കേസിലെ പ്രതി റിജോ ആന്റണി. ഭാര്യ നാട്ടിലേക്ക് അയക്കുന്ന പണം ആര്‍ഭാട ജീവിതവും ധൂര്‍ത്തും കൊണ്ട് നശിപ്പിച്ചിരുന്നു. 10 ലക്ഷത്തോളം രൂപ കടമുണ്ടെന്നാണ് പ്രതി റിജോ ആന്റണി (49) പൊലീസിനോട് പറഞ്ഞത്.

ഭാര്യയുടെ സ്വര്‍ണാഭരണങ്ങളും ഇയാള്‍ പണയം വച്ചിരുന്നു. തിരിച്ചെത്തുന്ന ഭാര്യ സ്വര്‍ണാഭരണങ്ങള്‍ ചോദിക്കും മുമ്പേ അവ തിരിച്ചെടുക്കാനും, കടങ്ങള്‍ വീട്ടാനുമാണ് കവര്‍ച്ച നടത്തിയത്. മോഷ്ടിച്ചു കിട്ടിയ പണത്തില്‍ 10,000 രൂപ മൂന്നു ദിവസം കൊണ്ടു തീര്‍ത്തു. മദ്യവും ഇറച്ചിയും മറ്റു ഭക്ഷണ സാധനങ്ങളും വാങ്ങി. കവര്‍ച്ച ചെയ്ത പണത്തില്‍ നിന്നും അന്നനാട് സ്വദേശിയില്‍ നിന്നു കടം വാങ്ങിയ 2 ലക്ഷം രൂപയും പലിശയായ 90,000 രൂപയും കൊടുത്തു തീര്‍ത്തു.

മേലൂരിലെ തറവാട്ടില്‍ താമസിച്ചിരുന്ന റിജോ രണ്ടര വര്‍ഷം മുമ്പാണ് ആശാരിപ്പാറയില്‍ വീടു വാങ്ങിയത്. പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ നിന്നും കവര്‍ച്ച ചെയ്ത 15 ലക്ഷം രൂപയില്‍ 14,90,000 രൂപ ഇതിനോടകം കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ 12 ലക്ഷം രൂപ റിജോയുടെ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയില്‍ തുണിയില്‍ പൊതിഞ്ഞാണ് സൂക്ഷിച്ചിരുന്നത്. 500 രൂപയുടെ മൂന്നു കെട്ടുകള്‍ വീതമുള്ള 15 ലക്ഷം രൂപയില്‍ രണ്ടു കെട്ടുകള്‍ പൊട്ടിച്ചിരുന്നില്ല. പണം കടത്തിയ ബാഗ് കിടപ്പുമുറിക്കുള്ളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

സിസിടിവി കാമറകളെ കബളിപ്പിക്കാന്‍ കവര്‍ച്ചാ സമയത്ത് മൂന്നു ജോഡി വസ്ത്രങ്ങളും ഇയാള്‍ കരുതിയിരുന്നു. കവര്‍ച്ചയ്ക്ക് മുമ്പും ശേഷവുമായി വസ്ത്രങ്ങള്‍ മാറുകയും ചെയ്തിരുന്നു. പ്രതിയെ കണ്ടെത്താനായി 500 ഓളം നിരീക്ഷണ കാമറകളാണ് പൊലീസ് പരിശോധിച്ചത്. കാമറകള്‍ ഒഴിവാക്കിയായിരുന്നു റിജോയുടെ യാത്രയെങ്കിലും ചില കാമറകളില്‍ സ്‌കൂട്ടറിന്റെ ദൃശ്യം പതിഞ്ഞിരുന്നു. നടുകുന്നില്‍ സ്‌കൂട്ടറിലെത്തിയയാള്‍ വസ്ത്രം മാറുന്നതിന്റെ വിദൂര ദൃശ്യവും പൊലീസിന് ലഭിച്ചു.

പിന്നീട് സ്‌കൂട്ടര്‍ കാമറയ്ക്ക് അടുത്തെത്തിയിട്ടുള്ള ദൃശ്യം ലഭിച്ചപ്പോള്‍, സ്‌കൂട്ടറില്‍ കണ്ണാടി ഉണ്ടായിരുന്നത് പൊലീസിനെ കുഴക്കി. കവര്‍ച്ചയ്ക്ക് മുമ്പേ ഊരിമാറ്റിയ കണ്ണാടി, പിന്നീട് സ്‌കൂട്ടറില്‍ ഘടിപ്പിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ ഷൂവിന്റെ ദൃശ്യം റിജോയെ പൊലീസിന്റെ സംശയനിഴലിലാക്കി. പ്രതി സ്‌കൂട്ടറില്‍ പോകുന്ന ചിത്രം നാട്ടുകാരെ കാണിച്ച് പൊലീസ് വിവരം തിരക്കി. ഇതിനിടെ ഒരു സ്ത്രീ ഇതു റിജോയല്ലേ എന്ന് സംശയം പ്രകടിപ്പിച്ചു. ഇതോടെ വിവരം അന്വേഷണസംഘത്തിലെ മറ്റുള്ളവര്‍ക്ക് കൈമാറി.

പിന്നാലെ ഡിവൈഎസ്പി കെ സുമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റിജോയുടെ വീട്ടിലെത്തി നിരീക്ഷിച്ചതോടെ സ്‌കൂട്ടര്‍ കണ്ടെത്തി. അതിന്റെ നമ്പര്‍ പ്ലേറ്റ് ഇളകിയ നിലയിലായിരുന്നു. തുടക്കത്തില്‍ കുറ്റം നിഷേധിച്ചെങ്കിലും, പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. 2011 മുതല്‍ 2020 വരെ കുവൈത്തില്‍ കമ്പനിയില്‍ സ്റ്റോര്‍ കീപ്പറായിരുന്ന റിജോ, കോവിഡ് കാലത്താണ് ജോലി നഷ്ടമായി നാട്ടിലെത്തുന്നത്. ബാങ്ക് കവര്‍ച്ചയ്ക്ക് രണ്ടു ദിവസം മുമ്പ് ചാലക്കുടി ടൗണില്‍ പ്രവാസി അമ്പ് ആഘോഷത്തില്‍ പങ്കെടുത്ത് റിജോ ബാന്‍ഡ് വാദ്യത്തിനൊപ്പം നൃത്തം ചെയ്തിരുന്നു.

43 കാരന്റെ മൂക്കിന്റെ പാലം ഇടിച്ചു പൊട്ടിച്ച കേസ്‌;  കൊലക്കേസിൽ പ്രതിയായിട്ടുള്ളയാൾ വീണ്ടും ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിൽ

43 കാരന്റെ മൂക്കിന്റെ പാലം ഇടിച്ചു പൊട്ടിച്ച കേസ്‌; കൊലക്കേസിൽ പ്രതിയായിട്ടുള്ളയാൾ വീണ്ടും ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിൽ

കൊല്ലം ചടയമംഗലത്ത് കാത്തിരിപ്പ് കേന്ദ്രത്തിലിരുന്ന 43 കാരന്റെ മൂക്കിന്റെ പാലം ഇടിവള കൊണ്ട് ഇടിച്ചു പൊട്ടിച്ച കേസിൽ കൊലക്കേസിൽ പ്രതിയായിട്ടുള്ളയാൾ വീണ്ടും ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിൽ.
പോരേടം കിണറ്റുംമുക്ക് ചരുവിള പുത്തൻ വീട്ടിൽ 48 വയസ്സുള്ള നവാസ് ആണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ 2024 ഡിസംബർ മാസം ഇരുപത്തിനാലാം തീയതി പകൽ 11മണിയോടെ പോരേടം കിണറ്റുമുക്കിലുള്ള കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരിക്കുകയായിരുന്ന ദീപുവിനെ ഓട്ടോയിൽ എത്തിയ നവാസ് അസഭ്യം വിളിക്കുകയും ഇരുവരും തമ്മിൽ വാക്കറ്റം ഉണ്ടാവുകയും ചെയ്തതിനുശേഷം പോയ നവാസ് കയ്യിൽ ഇടിവളയുമായി എത്തുകയും കാത്തിരിപ്പു കേന്ദ്രത്തിൽ ഇരിക്കുകയായിരുന്നു ദീപുവിന്റെ മൂക്കിന് ഇടിവള കൊണ്ട് ഇടിച്ചുമുറിവേൽപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ ദീപുവിന്റെ മൂക്കിന്റെ പാലത്തിനു പൊട്ടലേറ്റു.

ദീപുവിന്റെ മൊഴി രേഖപെടുത്തിയ ചടയമംഗലം പോലീസ് നവാസിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. ഒളിവിൽ കഴിഞ്ഞു വന്ന നവാസിനെ ചടയമംഗലം പോലീസ് ഇന്നലെ രാത്രി പോരേടത്തു നിന്നും പിടികൂടി. 2019ൽ കടയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഭർത്താവ് ഭാര്യയെ കൊലപെടുത്താൻ ഉപയോഗിച്ച കൊട്ടേഷൻ സംഘത്തിലെ പ്രതിയാണ് പിടിയിലായ നവാസ്. അറസ്റ്റ്‌ രേഖപെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കെ കെ ശൈലജയ്‌ക്കെതിരെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; മുസ്ലീം ലീഗ് നേതാവിന് ശിക്ഷ

കെ കെ ശൈലജയ്‌ക്കെതിരെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; മുസ്ലീം ലീഗ് നേതാവിന് ശിക്ഷ

കണ്ണൂര്‍: കെ കെ ശൈലജയ്‌ക്കെതിരായ വ്യാജ വിഡിയോ കേസില്‍ മുസ്ലീം ലീഗ് നേതാവിന് 15,000 രൂപ പിഴ. ന്യൂ മാഹി കമ്മിറ്റി ചെയര്‍മാന്‍ ടി എച്ച് അസ്ലമിനാണ് പിഴ ശിക്ഷ. തലശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പിഴ വിധിച്ചത്.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് വടകരയില്‍ എല്‍ഡിഎഫ് സഥാനാര്‍ഥിയായിരുന്ന കെ കെ ശൈലജയ്‌ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.മുസ്ലീങ്ങള്‍ വര്‍ഗീയവാദികളാണെന്ന തരത്തില്‍ കെകെ ശൈലജ പറഞ്ഞുവെന്ന തരത്തിലാണ് വിഡിയോ പ്രചരിച്ചത്. ഈ വിഡിയോ പ്രചരിപ്പിച്ചു എന്ന കുറ്റത്തിനാണ് മുസ്ലീം ലീഗ് നേതാവിനെതിരെ കേസെടുത്തത്. 2024 ഏപ്രില്‍ 8 നാണ് ഈ വിഡിയോ പ്രചരിച്ചത്. സംഭവത്തില്‍ എല്‍ഡിഎഫ് പരാതി നല്‍കിയിരുന്നു. ചാനല്‍ അഭിമുഖം എഡിറ്റ് ചെയ്തത് യുഡിഎഫ് ആണെന്നും എല്‍ഡിഎഫ് പരാതി നല്‍കിയിരുന്നു.

സിദ്ധാര്‍ഥന്റെ മരണത്തിന് ഒരാണ്ട്; റാഗിങ് ക്രൂരത

സിദ്ധാര്‍ഥന്റെ മരണത്തിന് ഒരാണ്ട്; റാഗിങ് ക്രൂരത

വയനാട്: ക്രൂരമായ റാഗിങിനിരയായ വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്‍ മരിച്ചിട്ട് ഇന്ന് ഒരു വര്‍ഷം. എസ്എഫ്‌ഐ പ്രവര്‍ത്തകരടക്കം 18 പേര്‍ പ്രതികളായ കേസ് അട്ടിമറിക്കാന്‍ തുടക്കം മുതല്‍ പലതവണയും ശ്രമം നടന്നിരുന്നു. പ്രതികള്‍ക്ക് പഠനം തുടരാനുള്ള ഇടപെടല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞതാണ് കേസില്‍ ഒടുവില്‍ നടന്നത്.

2024 ഫെബ്രുവരി 18 നാണ് തിരുവനന്തപുരം സ്വദേശിയായ സിദ്ധാര്‍ത്ഥനെ പൂക്കോട് വെറ്റിനറി കോളജിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആദ്യം മുതല്‍ തന്നെ ദുരൂഹതയായിരുന്നു. മരിച്ച സിദ്ധാര്‍ത്ഥന്റെ ദേഹത്ത് കണ്ട മുറിവുകളും കോളജ് അധികൃതരുടെ അസ്വാഭാവികമായ പെരുമാറ്റവും മരണത്തില്‍ അന്വേഷണം വേണമെന്ന് വീട്ടുകാരെ പരാതി നല്‍കുന്നതില്‍ എത്തിച്ചു. കോളജില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം വീട്ടിലേക്ക് കൊണ്ട് വരുമ്പോള്‍ കോളജില്‍ വച്ച് ആംബുലന്‍സിലേക്ക് ഒരാള്‍ എറിഞ്ഞ കടലാസും അതിലൂടെ പുറത്തുവന്ന വിവരങ്ങളുമാണ് അതിക്രൂരമായ റാഗിങിന് സിദ്ധാര്‍ത്ഥന്‍ ഇരയായെന്ന വിവരം വീട്ടുകാര്‍ അറിയാന്‍ ഇടയാക്കിയത്.

പതിനാറാം തീയ്യതി മുതല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരടക്കമുള്ളവരില്‍ നിന്ന് പാറപ്പുറത്തും മുറിയിലും വച്ച് സിദ്ധാര്‍ത്ഥന്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു. അടിവസ്ത്രം മാത്രം ധരിക്കാന്‍ അനുവദിച്ച് പരസ്യവിചാരണ ചെയ്തു. ബെല്‍റ്റും മൊബൈല്‍ഫോണ്‍ ചാര്‍ജറുകളും വച്ച് അടിക്കുകയും ശരീരത്തില്‍ പലതവണ ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. പിന്നാലെയാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിയനിലയില്‍ മൃതദേഹം കണ്ടെത്തിയത്. സമ്മര്‍ദ്ദം ശക്തമായതോടെയാണ് കേസില്‍ നടപടികള്‍ ഉണ്ടായത്.

തുടര്‍ന്ന് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ഇതോടെ മരണത്തിന് ഉത്തരവാദികളായ 19 വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി. കേസിലെ പ്രതികള്‍ക്ക് മണ്ണുത്തി ക്യാമ്പസില്‍ തുടര്‍ പഠനം നടത്താന്‍ അടുത്തിടെ ഹൈക്കോടതി അനുമതി നല്‍കി. എന്നാല്‍ ഇത് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച് സ്‌റ്റേ വാങ്ങിയിരിക്കുകയാണ് കുടുംബം.

വയനാട് പുനരധിവാസം: ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി

വയനാട് പുനരധിവാസം: ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി

തിരുവനന്തപുരം: വയനാട് പുനരധിവാസത്തോടനുബന്ധിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിക്ക് കൈമാറി സര്‍ക്കാര്‍. ഇതിനായി 16 അംഗ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി. ടൗണ്‍ഷിപ്പ് നിര്‍മാണത്തിനുള്ള സ്‌പോണ്‍സര്‍ഷിപ്പും ചെലവും കമ്മിറ്റി പുനഃപരിശോധിക്കും.

സഹായവാഗ്ദാനം നല്‍കിയവര്‍, നിര്‍മാണ കമ്പനി, ഗുണഭോക്താക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്താനും കോഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടൗണ്‍ഷിപ്പിനുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി മാര്‍ച്ചില്‍ തന്നെ നിര്‍മാണം തുടങ്ങാനാണ് ധാരണ. കേന്ദ്ര വായ്പ വിനിയോഗിക്കുന്ന പദ്ധതികളുടെ നടത്തിപ്പിന് മുന്‍ഗണനാ ക്രമവും നിശ്ചയിക്കും. പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ശേഷം വായ്പാ തുക ചെലവഴിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് സാവകാശം തേടാനും തീരുമാനിച്ചിട്ടുണ്ട്.