അനന്തു കൃഷ്ണന് 21 ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്

അനന്തു കൃഷ്ണന് 21 ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: പാതിവില തട്ടിപ്പിലെ മുഖ്യ പ്രതി അനന്തു കൃഷ്ണന് 21 ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്. തട്ടിപ്പിന്റെ ഭാഗമായി 20,163 പേരില്‍ നിന്ന് 60,000 രൂപ വീതവും, 40,035 പേരില്‍ നിന്ന് 56,000 രൂപ വീതവും കൈപ്പറ്റിയിട്ടുണ്ട്. വിവിധ അക്കൗണ്ടുകള്‍ വഴി ഈ ഇനത്തില്‍ മാത്രം 143.5 കോടി രൂപ എത്തിയെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. അനന്തു കൃഷ്ണനെ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കിയപ്പോൾ അന്വേഷണ സംഘം നല്‍കിയ കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം അറിയിച്ചത്.

അനന്തു കൃഷ്ണനെ അഞ്ചു ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. മൂവാറ്റുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ പ്രതിയെ വിട്ടു. അനന്തു കൃഷ്ണന്റെ കടവന്ത്രയിലെ സോഷ്യല്‍ ബീ വെഞ്ച്വേഴ്‌സ് എന്ന സ്ഥാപനത്തിലെ 11 അക്കൗണ്ടുകള്‍ വഴി മാത്രം 548 കോടി രൂപ വിവിധ ഇടങ്ങളില്‍ നിന്നെത്തിയിട്ടുണ്ട്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.

പാതി വില തട്ടിപ്പില്‍ മാറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ?, ഏതെങ്കിലും വഴികളിലൂടെ മറ്റ് ഫണ്ടുകള്‍ വന്നിട്ടുണ്ടോ?, ലഭിച്ച ഫണ്ട് ഏതൊക്കെ മാര്‍ഗങ്ങളിലൂടെ ചെലവഴിച്ചു?, തുടങ്ങിയ കാര്യങ്ങള്‍ അറിയുന്നതിന് പ്രതിയെ വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും വേണമെന്ന് അന്വേഷണ സംഘം കോടതി അറിയിച്ചു. എന്നാല്‍ പൊലീസിന്റെ കസ്റ്റഡി അപേക്ഷയെ അനന്തു കൃഷ്ണന്റെ അഭിഭാഷകന്‍ എതിര്‍ത്തു. നേരത്തെ മൂവാറ്റുപുഴ പൊലീസ് അഞ്ചു ദിവസം കസ്റ്റഡിയില്‍ വെച്ച് അന്വേഷിച്ചതാണെന്നും, അതില്‍ കൂടുതലൊന്നും തനിക്ക് പറയാനില്ലെന്നും അനന്തു കോടതിയെ അറിയിച്ചു. തുടര്‍ന്ന് പ്രതിയെ കോടതി രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.

കത്തിക്കുത്തില്‍ സിഐടിയു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

കത്തിക്കുത്തില്‍ സിഐടിയു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

പത്തനംതിട്ട പെരുന്നാട് മഠത്തുംമൂഴിയില്‍ കത്തിക്കുത്തില്‍ യുവാവ് മരിച്ചു. സിഐടിയു പ്രവര്‍ത്തകനായ ജിതിനാണ് മരിച്ചത്. 36 വയസായിരുന്നു. രാത്രി 10 മണിയോടെയാണ് ശേഷമാണ് സംഭവമുണ്ടായത്. യുവാക്കള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രാഷ്ട്രീയ സംഘര്‍ഷമാണോ എന്ന സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.മൃതദേഹം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മറ്റൊരു യുവാവിനും കത്തിക്കുത്തില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

മൊബൈല്‍ ഫോണ്‍ വാങ്ങിയതിനെച്ചൊല്ലിയുള്ള തര്‍ക്കം, മക്കളുടെ കണ്‍മുന്നിലിട്ട് ഭര്‍ത്താവ് വെട്ടിയ ഭാര്യ മരിച്ചു

മൊബൈല്‍ ഫോണ്‍ വാങ്ങിയതിനെച്ചൊല്ലിയുള്ള തര്‍ക്കം, മക്കളുടെ കണ്‍മുന്നിലിട്ട് ഭര്‍ത്താവ് വെട്ടിയ ഭാര്യ മരിച്ചു

തൃശൂര്‍: മാള അഷ്ടമിച്ചിറയില്‍ മക്കളുടെ കണ്‍മുന്നിലിട്ട് ഭര്‍ത്താവ് വെട്ടിപ്പരുക്കേല്‍പിച്ച ഭാര്യ മരിച്ചു. വി വി ശ്രീഷ്മ മോള്‍(39) ആണ് മരിച്ചത്. കുടുംബ വഴക്കിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം 29ന് രാത്രിയായിരുന്നു ആക്രമണം. ഗുരുതര പരുക്കുകളോടെ ചികിത്സയിലായിരുന്നു.

കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് വാസന്‍ അറസ്റ്റിലാണ്. ജനുവരി 29ന് രാത്രി 7.45നാണ് സംഭവമുണ്ടായത്. ഇവര്‍ക്ക് നാല് മക്കളാണുള്ളത്. ശ്രീഷ്മ സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ പാക്കിങ് ജോലിയായിരുന്നു. ഭര്‍ത്താവ് വാസന്‍ സ്ഥിരമായി ജോലിക്ക് പോകില്ല. ഭാര്യ വായ്പയെടുത്ത് സ്മാര്‍ട് ഫോണ്‍ വാങ്ങിയിരുന്നു. സ്മാര്‍ട് ഫോണ്‍ വാങ്ങിയത് പറയാത്തതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയായിരുന്നു. ഭാര്യയില്‍ സംശയമുണ്ടായതിനെത്തുടര്‍ന്നാണ് വെട്ടിക്കൊലപ്പെടുത്തിയത്.

കൈകാലുകള്‍ വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ ശ്രീഷ്മയെ മാളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നില വഷളായപ്പോഴാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് മരണം സംഭവിച്ചത്.

വീണ്ടും സ്വര്‍ണവില കൂടി; 63,500ന് മുകളില്‍

വീണ്ടും സ്വര്‍ണവില കൂടി; 63,500ന് മുകളില്‍

കൊച്ചി: കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 800 രൂപ കുറഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം. 400 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 63,520 രൂപയായി. ഗ്രാമിനും ആനുപാതികമായി വില കൂടി. 50 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7940 രൂപയായി.

വീണ്ടും റെക്കോര്‍ഡ് ഉയരത്തിലേക്ക് മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ 800 രൂപ ഇടിഞ്ഞത്. കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്.

‘അവൻ ഏതെങ്കിലും കാട്ടിൽ ഒളിച്ചിരിപ്പുണ്ടാകും’; റിജോയെ ആരും സംശയിച്ചില്ല

‘അവൻ ഏതെങ്കിലും കാട്ടിൽ ഒളിച്ചിരിപ്പുണ്ടാകും’; റിജോയെ ആരും സംശയിച്ചില്ല

തൃശൂർ: നാട്ടിൽ ആഡംബര ജീവിതം നയിച്ച ചാലക്കുടി ബാങ്ക് കവർച്ചാ കേസ് പ്രതി റിജോ ആന്റണിയിലേക്ക് ഒരിക്കലും ആരുടേയും സംശയം നീണ്ടിരുന്നില്ല. തമാശകൾ പറഞ്ഞും അയൽക്കാരുമായി കൂട്ടുകൂടിയും സമയം ചെലവഴിച്ചിരുന്നു. കവർച്ചയെക്കുറിച്ചു അയൽക്കാർ ചർച്ച ചെയ്യുമ്പോൾ അതിലും റിജോ സജീവമായി.

ഇന്നലെ ഇയാളുടെ വീട്ടിൽ നടത്തിയ കുടുംബ യോ​ഗത്തിലും പ്രതി ഇതേക്കുറിച്ചു ചർച്ച നടത്തി. ‘അവൻ ഏതെങ്കിലും കാട്ടിൽ ഒളിച്ചിരിപ്പുണ്ടാകും’- എന്നായിരുന്നു ചിരിച്ചു കൊണ്ടുള്ള പ്രതികരണം. പ്രതിക്കായി പൊലീസ് നാടാകെ പരക്കം പായുമ്പോൾ അതിന്റെ വാർത്തകൾ വീട്ടിലിരുന്നു മൊബൈൽ ഫോണിൽ കാണുകയായിരുന്നു റിജോ.

ചെറിയ തെളിവുകൾ പോലും ശേഷിപ്പിക്കാതെ നടത്തിയ കവർച്ചയിൽ താൻ ഒരിക്കലും പിടിക്കപ്പെടില്ലെന്ന അത്ര ആത്മവിശ്വാസത്തിലായിരുന്നു റിജോ. മങ്കി ക്യാപും അതിനു മുകളിലെ ഹെൽമറ്റും തന്റെ മുഖം കൃത്യമായി മറയ്ക്കുമെന്നു കരുതി. ഇടയ്ക്ക് വഴിയിൽ വച്ച് വസ്ത്രം മാറുമ്പോൾ പോലും ഹെൽമറ്റ് മാറ്റിയില്ല.

ബാങ്കിൽ നിന്നു ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള വീട്ടിലേക്ക് പല ഇട റോഡുകൾ മാറി മാറിയാണ് സഞ്ചരിച്ചത്. ​ഗ്ലൗസ് ധരിച്ചതിനാൽ വിരലടയാളം ലഭിക്കില്ലെന്നും വിശ്വസിച്ചു. യാത്രയ്ക്ക് മുൻപ് നീക്കം ചെയ്ത സ്കൂട്ടറിന്റെ കണ്ണാടി തിരികെ പിടിപ്പിച്ചും ആശയക്കുഴപ്പമുണ്ടാക്കാനും നോക്കി.

കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നടുവൊടിച്ചുവിടണം: സുരേഷ് ഗോപി

കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നടുവൊടിച്ചുവിടണം: സുരേഷ് ഗോപി

തൃശൂര്‍: കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നടുവൊടിച്ചുവിടേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൈക്കൂലി നല്‍കാതെ ജനങ്ങള്‍ക്ക് സേവനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ജനപ്രതിനിധികള്‍ ജാഗ്രത പുലര്‍ത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റൊറന്റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര ബജറ്റില്‍ ആദായനികുതിയില്‍ നല്‍കിയ ഇളവ് കേരളത്തിലുള്ളവര്‍ക്കും ബാധകമാണ്. എന്നാല്‍ കേരളത്തിന് ഒന്നുമില്ലെന്ന് ചിലര്‍ പറയുന്നു. ഇന്ത്യയിലെ ആദ്യത്തെ സിറ്റിസണ്‍സ് ബജറ്റാണിത്. എല്ലാ ജില്ല ആശുപത്രികളിലും വികസനം എത്തിക്കുന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആശുപത്രിയിലെത്തുന്ന എല്ലാ രോഗികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. 50 വിനോദസഞ്ചാരകേന്ദ്രങ്ങള്‍ വികസിപ്പിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അഷ്ടമുടിക്കായല്‍ വിനോദസഞ്ചാര പദ്ധതി അടക്കം രണ്ടു പദ്ധതികള്‍ കേരളത്തിനുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

സംഘടനയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും എക്സലന്‍സി അവാര്‍ഡ് സമര്‍പ്പണവും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിച്ചു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി. ജയപാല്‍ അധ്യക്ഷത വഹിച്ചു.