by Midhun HP News | Feb 16, 2025 | Latest News, കേരളം
തൃശൂര്‍: ചാലക്കുടി പോട്ടയില്‍ പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച നടത്തിയയാള്‍ പിടിയില്‍. ചാലക്കുടി ആശേരിപ്പാറ സ്വദേശി റിജോ ആന്റണിയെയാണ് പൊലീസ് പിടികൂടിയത്. 10 ലക്ഷം രൂപ ഇയാളുടെ പക്കലില്‍ നിന്ന് കണ്ടെടുത്തു. കടം വീട്ടാനായിരുന്നു ബാങ്ക് കൊള്ളയെന്ന് പ്രതി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസം പോട്ടയിലെ ഫെഡറല്‍ ബാങ്കിലാണ് കവര്‍ച്ച നടന്നത്. 15ലക്ഷം രൂപയുമായി കടന്നുകളഞ്ഞ പ്രതിയെയാണ് പിടികൂടിയത്. ഒറ്റയ്ക്കു സ്‌കൂട്ടറോടിച്ചെത്തി ബാങ്ക് ശാഖയിലെ ജീവനക്കാരെ കത്തിമുനയില്‍ ബന്ദിയാക്കി നിര്‍ത്തിയാണ് പ്രതി കവര്‍ച്ച നടത്തിയത്. 4 സംഘമായി തിരിഞ്ഞു പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഹെല്‍മറ്റും മുഖംമൂടിയും ജാക്കറ്റും ധരിച്ചെത്തി കാഷ് കൗണ്ടര്‍ തകര്‍ത്താണ് പ്രതി 15 ലക്ഷം രൂപ തട്ടിയെടുത്തത്. 3 മിനിറ്റില്‍ കവര്‍ച്ച നടത്തിയ പ്രതി സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.
by Midhun HP News | Feb 16, 2025 | Latest News, കേരളം
തൃശൂർ: മസ്തകത്തിന് മുറിവേറ്റ കാട്ടാനയെ പിടികൂടുന്നതിനുള്ള കുങ്കിയാനയെ അതിരപ്പിള്ളിയില്‍ എത്തിച്ചു. വയനാട്ടില്‍ നിന്ന് ഭരത് എന്ന കുങ്കിയാനയെയാണ് എത്തിച്ചത്. കാട്ടാനയെ ബുധനാഴ്ച മയക്കുവെടിവയ്ക്കുമെന്നാണ് വനംവകുപ്പ് അറിയിച്ചു. വനംവകുപ്പ് കാട്ടാനയെ നിരീക്ഷിച്ച് വരികയാണ്. കാട്ടാന തീറ്റയും വെള്ളവും എടുക്കുന്നുണ്ടെങ്കിലും ക്ഷീണം ഉള്ളതായാണ് കാണുന്നത്.
ശനിയാഴ്ച രാവിലെ കാലടി പ്ലാന്റേഷന്‍ വെറ്റിലപ്പാറ ഏഴാറ്റുമുഖം റോഡില്‍ നിലയുറപ്പിച്ച കാട്ടാന ഗതാഗതം തടസപ്പെടുത്തിയിരുന്നു. മയക്കുവെടിവച്ച് പിടിച്ചശേഷം ആനയെ കോടനാട് ആനക്കൊട്ടിലിലേക്ക് മാറ്റും. കോടനാട് അഭയാരണ്യ കേന്ദ്രത്തില്‍ കൂടിന്റെ നിര്‍മാണത്തിനു വേണ്ടി ദേവികുളം ഫോറസ്റ്റ് ഡിവിഷനില്‍ നിന്ന് യൂക്കാലിമരങ്ങള്‍ മുറിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ആന ജനവാസമേഖലയിലേക്ക് നീങ്ങുന്നതും ആശങ്കയാണ്. പതിനെട്ടാം ബ്ലോക്കിലെ ക്വാര്‍ട്ടേഴ്സുകള്‍ക്ക് പിറകിലുള്ള തോട്ടില്‍ ചെളിവാരി ശരീരത്തേക്ക് എറിഞ്ഞ് മണിക്കൂറുകളോളം നിന്നു. തൊഴിലാളികള്‍ ബഹളംവെച്ചതിനെത്തുടര്‍ന്ന് പ്ലാന്റേഷന്‍ എണ്ണപ്പനത്തോട്ടത്തിലേക്ക് കയറിപ്പോയി. ആനയെ മയക്കുവെടിവച്ച് ചികിത്സിക്കുക റിസ്‌കാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എങ്കിലും ചികിത്സ നല്‍കാന്‍ തന്നെയാണ് വനം വകുപ്പിന്റെ തീരുമാനം. നേരത്തേ മയക്കിയശേഷം മുറിവില്‍ മരുന്നു വച്ചിരുന്നെങ്കിലും മുറിവ് പഴുത്ത് പുഴുവരിച്ചനിലയില്‍ ആനയെ കണ്ടെത്തുകയായിരുന്നു.
by Midhun HP News | Feb 16, 2025 | Latest News, കേരളം
കേരളത്തെ കൃത്യതയോടെയും ശാസ്ത്രീയമായും ഭൂമി അളക്കുന്നതിനും ഭാവി സർവെ – ഭൂരേഖ പരിപാലന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച ഡിജിറ്റൽ റീ സർവെ പ്രവർത്തനങ്ങൾ മൂന്നാംഘട്ടത്തിലേക്ക്.
ഭൂവിവരങ്ങൾ ഉപയോഗപ്പെടുത്താൻ ആരംഭിച്ച ഡിജിറ്റൽ റീ സർവെ പ്രവർത്തനങ്ങളിൽ ഗണ്യമായ പുരോഗതിയുണ്ടായി. രണ്ടു ഘട്ടങ്ങളിലായി നടന്നുവരുന്ന ഡിജിറ്റൽ റീ സർവെയിൽ ഇതുവരെ 6.02 ലക്ഷം ഹെക്ടർ ഭൂമിയലധികം അളന്നുകഴിഞ്ഞു.
ഒന്നാംഘട്ടത്തിൽ സർവെ ആരംഭിച്ച 200 വില്ലേജുകളിലെയും രണ്ടാം ഘട്ടത്തിൽ സർവെ ആരംഭിച്ച 203 വില്ലേജുകളിലെ 47 വില്ലേജുകളിലെയും സർവെ പൂർത്തീകരിച്ച് സർവെ അതിരടയാള നിയമത്തിലെ 9 (2) പ്രഖ്യാപനം പ്രസിദ്ധീകരിച്ചു. ഒന്നും രണ്ടും ഘട്ടങ്ങളിലായി 44.73 ലക്ഷം ലാൻഡ് പാർസലുകളാണ് അളവ് പൂർത്തിയാക്കിയത്. മൂന്നാംഘട്ടത്തിലെ 200 വില്ലേജുകളിലാണ് ഇപ്പോൾ ഡിജിറ്റൽ സർവേ തുടക്കമാകുന്നത്.
by Midhun HP News | Feb 16, 2025 | Latest News, കേരളം
കണ്ണൂര്‍: കണ്ണൂര്‍ കോളയാട് കാട്ടുതേനീച്ചയുടെ കുത്തേറ്റ് വയോധികന്‍ മരിച്ചു. ആലച്ചേരി സ്വദേശി ഗംഗാധരന്‍ (68) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പച്ചക്കറി തോട്ടത്തില്‍ വെച്ച് കാട്ടുതേനീച്ചയുടെ ആക്രമണത്തിന് ഇരയായത്.
വീടിനടുത്തുള്ള പച്ചക്കരി തോട്ടത്തില്‍ കൃഷിജോലിയില്‍ ഏര്‍പ്പെടുന്നതിനിടെ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു കാട്ടു തേനീച്ചയുടെ കുത്തേറ്റത്. തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകീട്ടോടെ മരണം സംഭവിച്ചു.
by Midhun HP News | Feb 16, 2025 | Latest News, കേരളം
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്കാണ് ആശുപത്രിയിൽ തീപിടിത്തമുണ്ടായത്. ആശുപത്രിയിലെ നഴ്സുമാരുടെ ഡ്രസ് ചെയ്ഞ്ചിങ് മുറിയിലും മരുന്ന് സൂക്ഷിക്കുന്ന മുറിയിലുമാണ് തീപിടിത്തമുണ്ടായത്. തീപടര്‍ന്നതിനെ തുടര്‍ന്ന് സമീപത്തെ വനിത വാര്‍ഡുകളിലുണ്ടായിരുന്ന രോഗികളെ ഉള്‍പ്പെടെ മാറ്റി.
അരമണിക്കൂറിനുള്ളിൽ തീ പൂര്‍ണമായും അണയ്ക്കാനായതിനാൽ മറ്റു അപകടങ്ങളുണ്ടായില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീപടര്‍ന്ന ഉടനെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. മൂന്നരയോടെ തീ പൂര്‍ണമായും അണച്ചതായി അധികൃതര്‍ അറിയിച്ചു.
മുറിയിൽ നിന്ന് തീ ആളിപ്പടര്‍ന്നത് പരിഭ്രാന്തി പരത്തി. ആശുപത്രിയിലെ ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുക്കാരും ഉള്‍പ്പെടെ ചേര്‍ന്നാണ് രോഗികളെ മാറ്റിയത്. തീപിടിത്തമുണ്ടായ മുറികളിലെ വസ്തുക്കളെല്ലാം കത്തിനശിച്ചു.
by Midhun HP News | Feb 16, 2025 | Latest News, കേരളം
തൃശൂര്‍: ചാലക്കുടി പോട്ട നാടുകുന്നിൽ വാഹനാപകടത്തിൽ സഹോദരങ്ങൾ മരിച്ചു. എറണാകുളം പട്ടിമറ്റം ഓലിക്കൽ വീട്ടിൽ സുരേഷിന്റെ മക്കളായ സുരാജ് (32), സജീഷ് (25) എന്നിവരാണു മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. ഇവർ ഓടിച്ചിരുന്ന ബൈക്ക് ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു.
മുരിങ്ങൂരിൽ ബന്ധുവീട്ടിൽ നിന്ന് കൊടകര ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. മറ്റേതെങ്കിലും വാഹനം ബൈക്കിൽ തട്ടിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കും. മൃതദേഹങ്ങൾ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രി മോർച്ചറിയിൽ.
Recent Comments