മക്കളെ പൊതുവിദ്യാലയത്തിൽ ചേർക്കാത്ത അധ്യാപകരുടെ പട്ടിക തയ്യാറാക്കും; മന്ത്രി വി ശിവൻകുട്ടി

മക്കളെ പൊതുവിദ്യാലയത്തിൽ ചേർക്കാത്ത അധ്യാപകരുടെ പട്ടിക തയ്യാറാക്കും; മന്ത്രി വി ശിവൻകുട്ടി

കാസർകോട്: സ്വന്തം കുട്ടികളെ പൊതുവിദ്യാലയത്തിൽ ചേർക്കാത്ത സർക്കാർ സ്കൂളുകളിലെ അധ്യാപകരുടെ പട്ടിക തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഓൾ കേരള ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാ​ഗമായി നടത്തിയ വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധ്യാപകർ തങ്ങളുടെ കുട്ടികളെ അൺഎയ്ഡഡ് സ്കൂളുകളിൽ പഠിപ്പിക്കുന്നത് സമൂഹത്തിന് പൊതു വിദ്യാലയങ്ങളിലുള്ള വിശ്വാസം ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 120 അധ്യാപകരുടെ പട്ടിക കിട്ടിയിട്ടുണ്ട്. ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കും.

പൊതുവിദ്യാഭ്യാസ മേഖലയിൽ സമ്പൂർണമാറ്റങ്ങൾ ശുപാർശ ചെയ്യുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് ആറു മാസത്തിനുള്ളിൽ നടപ്പാകും. അവധിക്കാലത്ത് മുഴുവൻ അധ്യാപകർക്കും പരിശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു വര്‍ഷം വരെ സൂക്ഷിക്കാം; വരുന്നു ബിയര്‍ മാതൃകയില്‍ കുപ്പി കള്ള്, സാങ്കേതികവിദ്യ ഇങ്ങനെ

ഒരു വര്‍ഷം വരെ സൂക്ഷിക്കാം; വരുന്നു ബിയര്‍ മാതൃകയില്‍ കുപ്പി കള്ള്, സാങ്കേതികവിദ്യ ഇങ്ങനെ

കൊല്ലം: ഒരു വര്‍ഷം വരെ കേടു കൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ ‘കുപ്പി കള്ള്’ അവതരിപ്പിക്കാന്‍ ഒരുങ്ങി കേരള ടോഡി ബോര്‍ഡ്. നിലവില്‍, കള്ള് മൂന്ന് ദിവസം മാത്രമേ സൂക്ഷിക്കാന്‍ സാധിക്കൂ. പുളിക്കുന്നതു മൂലം മൂന്ന് ദിവസം കഴിഞ്ഞാല്‍ ഇതിന് അമ്ലഗുണം ലഭിക്കുന്നതിനാല്‍ പിന്നീട് ഉപയോഗിക്കാന്‍ സാധിക്കാറില്ല.

പുളിക്കുന്നത് നീട്ടിവെച്ച് കൂടുതല്‍ കാലത്തേയ്ക്ക് കേടുകൂടാതെ കള്ള് സൂക്ഷിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് കേരള ടോഡി ബോര്‍ഡ് പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുന്നത്. ആല്‍ക്കഹോള്‍ അളവില്‍ മാറ്റം വരുത്താതെയും അതിന്റെ തനതായ രുചിയില്‍ വിട്ടുവീഴ്ച ചെയ്യാതെയും 12 മാസം വരെ പുളിക്കല്‍ നീട്ടിവെയ്ക്കുന്ന ബയോടെക് രീതി നടപ്പിലാക്കാനാണ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നു. ബിയര്‍ ആകൃതിയിലുള്ള കുപ്പികളിലാണ് ഉല്‍പ്പന്നം വില്‍ക്കാന്‍ പ്ലാന്‍ ഇടുന്നത്. വിപണി വിപുലീകരിക്കാനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഈ സംരംഭം വഴി സാധിക്കുമെന്നാണ് വിലയിരുത്തല്‍.

‘നിലവില്‍, കുപ്പിയില്‍ മൂന്ന് ദിവസം കഴിയുമ്പോള്‍ കള്ള് അമ്ലമായി മാറുന്നു. മദ്യത്തിന്റെ അളവ്, രുചി എന്നിവയെ ബാധിക്കാതെ കൂടുതല്‍ കാലം സൂക്ഷിക്കുന്നതിനുള്ള ഒരു രീതി അവലംബിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇത് വാണിജ്യ വിപണിയില്‍ കുപ്പി കള്ള് അവതരിപ്പിക്കാനും കള്ള് ഷാപ്പുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും വ്യവസായത്തെ ശക്തിപ്പെടുത്താനും ഞങ്ങളെ അനുവദിക്കും, ‘- ബോര്‍ഡ് ചെയര്‍മാന്‍ യു പി ജോസഫ് പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി, ജോസഫും ബോര്‍ഡ് ഉദ്യോഗസ്ഥരും കളമശ്ശേരിയിലെ കിന്‍ഫ്ര ബയോടെക്‌നോളജി ഇന്‍കുബേഷന്‍ സെന്ററിലെ സ്‌കോപ്പ്ഫുള്‍ ബയോ റിസര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡ് സന്ദര്‍ശിച്ചു. അവിടെ അവര്‍ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത കുപ്പി കള്ള് പരിശോധിക്കുകയും രുചിക്കുകയും ചെയ്തു.

‘വളരെക്കാലമായി കള്ള് കുപ്പിയിലാക്കുന്നത് ഒരു പ്രധാന വെല്ലുവിളിയായിരുന്നു. നിരവധി സര്‍വകലാശാലകള്‍ ഇതിനെക്കുറിച്ച് ഗവേഷണം നടത്തുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ കിന്‍ഫ്ര പാര്‍ക്കില്‍ ഒരു പ്രതീക്ഷ നല്‍കുന്ന സാങ്കേതികവിദ്യ ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുമായുള്ള കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം, ഈ രീതി സ്വീകരിക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു. എല്ലാം ശരിയാണെങ്കില്‍, കുപ്പി കള്ള് ഉത്പാദിപ്പിക്കുന്നതിനും ഞങ്ങളുടെ വിതരണ ചാനലുകള്‍ വഴി വിപണിയില്‍ അവതരിപ്പിക്കുന്നതിനും സ്വകാര്യ ഏജന്‍സികളില്‍ നിന്ന് താല്‍പ്പര്യപ്പത്രം ക്ഷണിക്കും,’- യു പി ജോസഫ് കൂട്ടിച്ചേര്‍ത്തു.

‘പിഎച്ച് ലെവല്‍ മാറ്റുന്നതിലൂടെ, കള്ളിന്റെ സുഗന്ധവും രണ്ടു ശതമാനം വരെ സ്ഥിരമായ ആല്‍ക്കഹോള്‍ അളവും നിലനിര്‍ത്തിക്കൊണ്ട് പുളിപ്പിക്കല്‍ പ്രക്രിയയെ നമുക്ക് നീട്ടാന്‍ കഴിയും. ഈ പ്രക്രിയ വഴി കള്ള് കുപ്പിയിലാക്കി ഒരു വര്‍ഷം വരെ സൂക്ഷിക്കാനും അതിന്റെ സ്വാഭാവിക മധുരം നിലനിര്‍ത്താനും കഴിയും,’- സ്‌കോപ്പ്ഫുള്‍ ബയോ റിസര്‍ച്ചിന്റെ മാനേജിങ് ഡയറക്ടര്‍ സി മോഹന്‍ കുമാര്‍ പറഞ്ഞു.

മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കാട്ടാന കുത്തിമറിച്ചിട്ടു

മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കാട്ടാന കുത്തിമറിച്ചിട്ടു

തൊടുപുഴ: ഇടുക്കി ദേവികുളത്ത് വീണ്ടു കാട്ടാന ആക്രമണം. ഓടിക്കൊണ്ടിരുന്ന കാര്‍ കാട്ടാന കുത്തിമറിച്ചിട്ടു. തലനാരിഴയ്ക്കാണ് മൂന്നാര്‍ കാണാനെത്തിയ വിദേശസഞ്ചാരികള്‍ രക്ഷപ്പെട്ടത്. സമീപത്ത് മേഞ്ഞിരുന്ന പശുവിനെ ആന ആക്രമിച്ചു കൊന്നു.

ലണ്ടനില്‍ നിന്നും മൂന്നാര്‍ കാണാനെത്തിയവര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് അപകടത്തില്‍പ്പെട്ട കാര്‍ ഡ്രൈവര്‍ പറഞ്ഞു. അപ്രതീക്ഷിതമായി പാഞ്ഞെടുത്ത കാട്ടാനെയെ കണ്ട് വാഹനം വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ആന വാഹനം കുത്തിമറിച്ചിടുകയായിരുന്നു. മറിച്ചിട്ട ശേഷം വാഹനത്തില്‍ ചവിട്ടുകയും ചെയ്തു. ഫോറസ്്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് കാറിനകത്തുണ്ടായിരുന്ന തങ്ങളെ പുറത്തെടുത്തതെന്നും ഡ്രൈവര്‍ പറഞ്ഞു.

വിദേശ സഞ്ചാരികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കുന്നിന്‍ മുകളില്‍ നിന്ന് താഴോട്ട് പാഞ്ഞടുക്കുന്ന കാട്ടാനയെ കണ്ട് വാഹനം റിവേഴ്‌സ് അടിക്കാന്‍ ശ്രമിച്ചെങ്കിലും ആപ്പോഴെക്കും ആന വാഹനം കുത്തിമറിച്ചിട്ടു. വിചാരിക്കാത്ത ഒരാക്രമണമാതിനാല്‍ സഞ്ചാരികള്‍ ഭയപ്പെട്ടുപോയെന്നും ഡ്രൈവര്‍ പറഞ്ഞു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ആര്‍ടിടി സംഘം ആനയെ കാടുകയറ്റി.

റാഗിങ്: പ്രതികളായ അഞ്ച് വിദ്യാര്‍ഥികളുടെയും തുടര്‍പഠനം തടയും, നഴ്‌സിങ് കൗണ്‍സില്‍ തീരുമാനം

റാഗിങ്: പ്രതികളായ അഞ്ച് വിദ്യാര്‍ഥികളുടെയും തുടര്‍പഠനം തടയും, നഴ്‌സിങ് കൗണ്‍സില്‍ തീരുമാനം

കോട്ടയം: കോട്ടയത്തെ നഴ്‌സിങ് കോളജിലെ റാഗിങ്ങില്‍ പ്രതികളായ അഞ്ചു വിദ്യാര്‍ഥികളുടേയും തുടര്‍ പഠനം തടയാന്‍ നഴ്‌സിങ് കൗണ്‍സില്‍ അടിയന്തര യോഗത്തില്‍ തീരുമാനം. കോളജ് അധികൃതരെയും സര്‍ക്കാരിനേയും തീരുമാനം അറിയിക്കും.

ബര്‍ത്ത് ഡേ ആഘോഷത്തിന് പണം നല്‍കാത്തിന്റെ പേരിലായിരുന്നു ക്രൂരതയെന്നാണ് പ്രതികളുടെ മൊഴി. മദ്യം വാങ്ങാന്‍ പണം ചോദിച്ചിട്ട് നല്‍കാത്തതും പ്രതികളെ പ്രകോപിപ്പിച്ചു. ഇതിനുള്ള വൈരാഗ്യം തീര്‍ക്കാനാണ് വിദ്യാര്‍ത്ഥിയെ കട്ടിലില്‍ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തിപ്പലിക്കേല്‍പ്പിച്ചതും ക്രൂരമായി മര്‍ദ്ദിച്ചതുമെന്നാണ് പ്രതികള്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്.

റാഗിങ്ങുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത ലഭിക്കാന്‍ കോളജ് ഹോസ്റ്റല്‍ അധികൃതരെ വീണ്ടും ചോദ്യം ചെയ്യും. കോളേജിലെ അധ്യാപകരില്‍ നിന്നും മറ്റു വിദ്യാര്‍ഥികളില്‍ നിന്നും പൊലീസ് വിവരങ്ങള്‍ തേടും. അസിസ്റ്റന്റ് വാര്‍ഡന്റെയും ഹൗസ് കീപ്പറുടെയും അഭാവത്തില്‍ ഹോസ്റ്റലിന്റെ പൂര്‍ണ നിയന്ത്രണം പ്രതികടക്കമുള്ള സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു എന്നാണ് ആരോപണം. കോളജിലെത്തി അന്വേഷണം നടത്തിയ നഴ്‌സിങ് എജുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് കൈമാറും.

അതിനിടെ കോളജിലും ഹോസ്റ്റലിലും പൊലീസ് പരിശോധന നടത്തി. പ്രതികളുടെ ഹോസ്റ്റല്‍ മുറികളില്‍ നിന്നു മാരകായുധങ്ങള്‍ പൊലീസ് കണ്ടെത്തി. കത്തിയും കരിങ്കല്‍ കഷ്ണങ്ങളും വിദ്യാര്‍ഥികളെ ഉപദ്രവിക്കാന്‍ ഉപയോഗിച്ച കോമ്പസും ഡമ്പലുകളും കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു.

അതിനിടെ റാഗിങിന് ഇരയായ നാല് വിദ്യാര്‍ഥികള്‍ കൂടി പരാതി നല്‍കി. ഇരയാക്കപ്പെട്ട ആറ് വിദ്യാര്‍ഥികളില്‍ ഒരാള്‍ മാത്രമായിരുന്നു നേരത്തെ പരാതി നല്‍കിയത്. സംഭവത്തില്‍ പരാതിക്കാരായ മുഴുവന്‍ വിദ്യാര്‍ഥികളുടെയും മൊഴിയെടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പുറത്ത് വന്ന ദൃശ്യങ്ങള്‍ ഡിസംബര്‍ 13ന് ചിത്രീകരിച്ചതാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. പരാതിക്കാരായ മുഴുവന്‍ വിദ്യാര്‍ഥികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.

മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ പ്രതികള്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കോമ്പസ് വെച്ച് ശരീരത്തില്‍ കുത്തി മുറിവേല്‍പ്പിക്കുന്നതും അതിന് ശേഷം മുറിവില്‍ ലോഷനൊഴിച്ച് വീണ്ടും വേദനിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിന് പുറമെ വിദ്യാര്‍ഥിയുടെ സ്വകാര്യ ഭാഗത്ത് ഡമ്പല്‍ വെയ്ക്കുന്നതും വീഡിയോയില്‍ കാണാം. വിദ്യാര്‍ഥി കരഞ്ഞ് അപേക്ഷിച്ചിട്ടും ഇവര്‍ പ്രവൃത്തികള്‍ തുടരുന്നതായാണ് വിഡിയോ സൂചിപ്പിക്കുന്നത്.

ചേന്ദമം​ഗലം കൂട്ടക്കൊല: ഋതുവിന് മാനസിക വിഭ്രാന്തിയില്ല; കുറ്റപത്രം ഇന്ന് സമർപ്പിക്കും

ചേന്ദമം​ഗലം കൂട്ടക്കൊല: ഋതുവിന് മാനസിക വിഭ്രാന്തിയില്ല; കുറ്റപത്രം ഇന്ന് സമർപ്പിക്കും

കൊച്ചി: പറവൂർ ചേന്ദമം​ഗലം കൂട്ടക്കൊലക്കേസിൽ പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. ഋതുവിന് മാനസിക വിഭ്രാന്തിയില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. ആക്രമണം നടക്കുന്ന സമയത്ത് ഋതു ലഹരി ഉപയോഗിച്ചിട്ടില്ലെന്ന സൂചനയും കുറ്റപത്രത്തിലുണ്ട്. നൂറിലധികം സാക്ഷികളും അമ്പതോളം അനുബന്ധ തെളിവുകളും ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം ഒരു മാസത്തിനകം തയ്യാറാക്കിയിരിക്കുന്നത്.

കഴിഞ്ഞ മാസം പതിനഞ്ചിനായിരുന്നു ഋതു (27) എന്ന യുവാവ് അയല്‍വീട്ടില്‍ അതിക്രമിച്ചു കയറി മൂന്ന് പേരെ ക്രൂരമായി കൊലപ്പെടുത്തിയത്. കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനിഷ എന്നിവരെയാണ് പ്രതി തലയ്ക്കടിച്ച് കൊന്നത്. പരിക്കേറ്റ വിനിഷയുടെ ഭര്‍ത്താവ് ജിതിന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. ക്രൂരകൃത്യത്തിന് ശേഷം പ്രതി പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. സ്ഥിരം ക്രിമിനലും അഞ്ച് കേസുകളിൽ പ്രതിയുമാണ് ഋതു ജയൻ. 2021 മുതൽ ഇയാൾ പൊലീസ് നിരീക്ഷണത്തിലുമാണ്. തന്നെയും വീട്ടുകാരേയും കളിയാക്കിയതിനെ തുടർന്നാണ് താൻ ആക്രമണത്തിനു മുതിർന്നത് എന്നാണ് പ്രതി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്.

നെയ്യാറ്റിന്‍കര ഗോപന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

നെയ്യാറ്റിന്‍കര ഗോപന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: സമാധി വിവാദത്തില്‍പ്പെട്ട നെയ്യാറ്റിന്‍കര ഗോപന്റെ മരണത്തില്‍ അസ്വാഭാവികതയില്ലന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മൂക്ക്, തല, മുഖം എന്നിവിടങ്ങളില്‍ ചതവുകളുണ്ടെങ്കിലും അത് മരണകാരണമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുരുതര രോഗങ്ങള്‍ ബാധിച്ച് കരള്‍, വൃക്ക എന്നിവ തകരാറിലായിരുന്നു. രാസപരിശോധനാഫലം ലഭിച്ചശേഷം മാത്രം മരണകാരണം കണ്ടെത്താനകൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗോപന്റെ ഹൃദയ വാല്‍വില്‍ 2 ബ്ലോക്ക് ഉണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ചു കാലുകളില്‍ മുറിവുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്. വായിലും ശ്വാസകോശത്തിലും ഭസ്മത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും അത് മരണകാരണമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മക്കള്‍ സമാധിയിരുത്തി വിവാദമായതോടെയാണ് ആറാലുംമൂട് കാവുവിളാകം സിദ്ധന്‍ ഭവനില്‍ ഗോപന്റെ കല്ലറ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പൊലീസ് തുറന്നു മൃതദേഹം പുറത്തെടുത്തത്. തുടര്‍ന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം. അടുത്ത ദിവസം പുതിയ കല്ലറയില്‍ സന്യാസിമാരുടെ സാന്നിധ്യത്തില്‍ ഗോപനെ സംസ്‌കരിക്കുകയും ചെയ്തു. ഈമാസം 10ന് ഗോപന്‍ സമാധിയായെന്നു മക്കള്‍ പോസ്റ്ററുകള്‍ പതിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.