ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ; സ്വര്‍ണവിലയില്‍ നാലുദിവസത്തിനിടെ 1360 രൂപയുടെ ഇടിവ്

ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ; സ്വര്‍ണവിലയില്‍ നാലുദിവസത്തിനിടെ 1360 രൂപയുടെ ഇടിവ്

കൊച്ചി: വീണ്ടും റെക്കോര്‍ഡ് ഉയരത്തിലേക്ക് മുന്നേറുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവിലയില്‍ ഇന്ന് വലിയ ഇടിവ്. സംസ്ഥാനത്ത് ഇന്ന് 800 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 63,120 രൂപയായി. ആനുപാതികമായി ഗ്രാമിന്റെ വിലയും കുറഞ്ഞു. 100 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 7890 രൂപയായി. നാലുദിവസത്തിനിടെ 1360 രൂപയാണ് കുറഞ്ഞത്.

കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്.

അതിക്രൂര റാ​ഗിങിൽ 4 വിദ്യാർഥികൾ കൂടി പരാതി നൽകി; ഹോസ്റ്റൽ മുറിയിൽ മാരകായുധങ്ങൾ

അതിക്രൂര റാ​ഗിങിൽ 4 വിദ്യാർഥികൾ കൂടി പരാതി നൽകി; ഹോസ്റ്റൽ മുറിയിൽ മാരകായുധങ്ങൾ

കോട്ടയം: സർക്കാർ നഴ്സിങ് കോളജിലെ റാ​ഗിങിൽ തെളിവ് ശേഖരണം പൂർത്തിയായി. കോളജിലും ഹോസ്റ്റലിലും പൊലീസ് പരിശോധന നടത്തി. പ്രതികളുടെ ഹോസ്റ്റൽ മുറികളിൽ നിന്നു മാരകായുധങ്ങൾ പൊലീസ് കണ്ടെത്തി. കത്തിയും കരിങ്കൽ കഷ്ണങ്ങളും വിദ്യാർഥികളെ ഉപദ്രവിക്കാൻ ഉപയോ​ഗിച്ച കോമ്പസും ഡമ്പലുകളും കണ്ടെത്തിയവയിൽ ഉണ്ട്.

അതിനിടെ റാ​ഗിങിന് ഇരയായ നാല് വിദ്യാർഥികൾ കൂടി പരാതി നൽകി. ഇരയാക്കപ്പെട്ട ആറ് വിദ്യാർഥികളിൽ ഒരാൾ മാത്രമായിരുന്നു നേരത്തെ പരാതി നൽകിയത്.

സംഭവത്തിൽ പരാതിക്കാരായ മുഴുവൻ വിദ്യാർഥികളുടെയും മൊഴിയെടുത്തിട്ടുണ്ട്. പിറന്നാൾ ആഘോഷത്തിന് പണം നൽകാത്തതാണ് റാഗിങ്ങിന് കാരമായതെന്ന് ജൂനിയർ വിദ്യാർഥികൾ മൊഴി നൽകി. സംഭവത്തിന് പിന്നാലെ പുറത്ത് വന്ന ദൃശ്യങ്ങൾ ഡിസംബർ 13ന് ചിത്രീകരിച്ചതാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. പരാതിക്കാരായ മുഴുവൻ വിദ്യാർഥികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.‌

മൂന്നാം വർഷ വിദ്യാർഥികളായ സാമുവൽ ജോൺ, രാഹുൽ രാജ്, റിജിൽ, വിവേക്, ജീവ എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ഒന്നാം വർഷ വിദ്യാർഥിയെ മൂന്നാം വർഷ വിദ്യാർഥികൾ ചേർന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കോമ്പസ് വെച്ച് ശരീരത്തിൽ കുത്തി മുറിവേൽപ്പിക്കുന്നതും അതിന് ശേഷം മുറിവിൽ ലോഷനൊഴിച്ച് വീണ്ടും വേദനിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിന് പുറമെ വിദ്യാർഥിയുടെ സ്വകാര്യ ഭാഗത്ത് ഡമ്പൽ വെയ്ക്കുന്നതും വീഡിയോയിൽ കാണാം. വിദ്യാർഥി കരഞ്ഞ് അപേക്ഷിച്ചിട്ടും ഇവർ പ്രവർത്തികൾ തുടരുന്നതായാണ് വിഡിയോ സൂചിപ്പിക്കുന്നത്.

കോഴിക്കോട് ഒരാഴ്ചത്തേക്ക് ആന എഴുന്നള്ളിപ്പ് പാടില്ല

കോഴിക്കോട് ഒരാഴ്ചത്തേക്ക് ആന എഴുന്നള്ളിപ്പ് പാടില്ല

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ആന എഴുന്നള്ളിപ്പുകള്‍ ഒരാഴ്ച്ചത്തേക്ക് നിര്‍ത്തിവെയ്ക്കാന്‍ ജില്ലാതല മോണിറ്ററിങ് കമ്മിറ്റി തീരുമാനം. കൊയിലാണ്ടിയിലെ ക്ഷേത്രോത്സവത്തിനിടെ ആനകള്‍ ഇടഞ്ഞുണ്ടായ അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് കോഴിക്കോട് എഡിഎമ്മിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട ജില്ലാ തല മോണിറ്ററിങ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിന്റെ തീരുമാനം.

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് നല്‍കുന്ന അനുമതി ഉത്തരവില്‍ പറയുന്ന നിബന്ധനകള്‍ പൂര്‍ണമായും പാലിക്കാതെ അശ്രദ്ധമായി എഴുന്നള്ളിപ്പ് നടത്തിയ മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിന്‍റെ ജില്ലാ തല മോണിറ്ററിങ് കമ്മിറ്റി രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാനും യോഗത്തിൽ തീരുമാനമായി. ജില്ലാ മോണിറ്ററിങ് കമ്മിറ്റി നല്‍കുന്ന അനുമതി ഉത്തരവില്‍ പറയുന്ന എല്ലാ നിബന്ധനകളും ബന്ധപ്പെട്ട ക്ഷേത്ര ഭാരവാഹികളും ഉത്സവ കമ്മിറ്റികളും നിര്‍ബന്ധമായും പാലിക്കേണ്ടതാണെന്നും യോഗം മുന്നറിയിപ്പ് നൽകി.

ഉത്തരവില്‍ സൂചിപ്പിക്കുന്നതു പോലെ ആനകള്‍ തമ്മിലും ആനകളും ജനങ്ങളും തമ്മിലും പാലിക്കേണ്ട അകലവും കൃത്യമായി പാലിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ കമ്മിറ്റികള്‍ ഉറപ്പുവരുത്തണം. ജില്ലാ മോണിറ്ററിങ് കമ്മിറ്റിയുടെ രജിസ്‌ട്രേഷനില്ലാത്ത ക്ഷേത്രങ്ങള്‍ യാതൊരു കാരണവശാലും ആനകളെ എഴുന്നള്ളിക്കാന്‍ പാടില്ല. അനുമതിയില്ലാതെ എഴുന്നള്ളിക്കുന്ന ആനകളെ ഉത്സവങ്ങളില്‍ നിന്ന് വിലക്കാനും യോഗം തീരുമാനിച്ചു.

വേനല്‍ക്കാലമായതിനാലും അന്തരീക്ഷ താപനില ക്രമാതീതമായി ഉയര്‍ന്നു വരുന്ന സാഹചര്യത്തിലും എഴുന്നള്ളിക്കുന്ന ആനകളുടെ ശരീരോഷ്മാവ് നിയന്ത്രിക്കുന്നതിന് ആവശ്യമായ ജല ലഭ്യതയും തണലും ഒരുക്കുന്നതിനുള്ള ക്രമീകരണങ്ങളും ഉത്സവ കമ്മിറ്റികള്‍ ഉറപ്പുവരുത്തേണ്ടതാണെന്നും യോഗം നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസമാണ് കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആനയിടഞ്ഞ് മൂന്നു പേർ മരിച്ചത്.

കരുതിയിരിക്കുക, ചുട്ടുപൊള്ളും; ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്

കരുതിയിരിക്കുക, ചുട്ടുപൊള്ളും; ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡി​ഗ്രി സെൽഷ്യസ് മുതൽ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

ജാ​ഗ്രതാ നിർദ്ദേശങ്ങൾ

* പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

* ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്‌ളാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

* വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂൾ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകൾ 11 am മുതൽ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

* കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

* ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

* മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക.

* പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതൽ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.

* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യിൽ വെള്ളം കരുതുക.

* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.

* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കുടിവെള്ളം കയ്യിൽ കരുതുക.

* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

* കാലാവസ്ഥാ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

നഴ്സിങ് കോളജ് റാ​ഗിങ്; പ്രിൻസിപ്പലിനും അസി. പ്രൊഫസർക്കും സസ്പെൻഷൻ

നഴ്സിങ് കോളജ് റാ​ഗിങ്; പ്രിൻസിപ്പലിനും അസി. പ്രൊഫസർക്കും സസ്പെൻഷൻ

കോട്ടയം: സർക്കാർ നഴ്സിങ് കോളജ് ഹോസ്റ്റലിലെ റാ​ഗിങുമായി ബന്ധപ്പെട്ട് കോളജ് അധികൃതർക്കെതിരെ നടപടിയെടുത്ത് ആരോ​ഗ്യ വകുപ്പ്. പ്രിൻസിപ്പൽ പ്രൊഫ. സുലേഖ എടി, അസി. പ്രൊഫസർ അജീഷ് പി മാണി എന്നിവരെ സസ്പെൻഡ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ.

ഹോസ്റ്റൽ വാർഡന്റെ ചുമതല വഹിച്ചത് അജീഷ് പി മാണിയായിരുന്നു. റാ​ഗിങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റിയെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഹോസ്റ്റലിലെ ഹൗസ് കീപ്പർ കം സെക്യൂരിറ്റിയെ അടിയന്തരമായ നീക്കം ചെയ്യാനും നിർദ്ദേശമുണ്ട്. ആരോ​ഗ്യ മന്ത്രി വീണ ജോർജിന്റെ നിർദ്ദേശത്തെ തുടർന്നു മെഡിക്കൽ കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നടത്തിയ അന്വേഷണത്തിനു പിന്നാലെയാണ് നടപടി.

സംഭവത്തിൽ പരാതിക്കാരായ മുഴുവൻ വിദ്യാർഥികളുടെയും മൊഴിയെടുത്തിട്ടുണ്ട്. പിറന്നാൾ ആഘോഷത്തിന് പണം നൽകാത്തതാണ് റാഗിങ്ങിന് കാരമായതെന്ന് ജൂനിയർ വിദ്യാർഥികൾ മൊഴി നൽകി. സംഭവത്തിന് പിന്നാലെ പുറത്ത് വന്ന ദൃശ്യങ്ങൾ ഡിസംബർ 13ന് ചിത്രീകരിച്ചതാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. പരാതിക്കാരായ മുഴുവൻ വിദ്യാർഥികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.‌ കേസിൽ കൂടുതൽ പ്രതികൾ ഇല്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. റാഗിങ് സംബന്ധിച്ച് നേരത്തെ പരാതികൾ ഒന്നും ലഭിച്ചിരുന്നില്ല എന്ന കോളജിന്റെ വിശദീകരണം സാധൂകരിക്കുന്നതാണ് വിദ്യാർഥികളുടെ മൊഴി. മൂന്നാം വർഷ വിദ്യാർഥികളായ സാമുവൽ ജോൺ, രാഹുൽ രാജ്, റിജിൽ, വിവേക്, ജീവ എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ഒന്നാം വർഷ വിദ്യാർഥിയെ മൂന്നാം വർഷ വിദ്യാർഥികൾ ചേർന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കോമ്പസ് വെച്ച് ശരീരത്തിൽ കുത്തി മുറിവേൽപ്പിക്കുന്നതും അതിന് ശേഷം മുറിവിൽ ലോഷനൊഴിച്ച് വീണ്ടും വേദനിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിന് പുറമെ വിദ്യാർഥിയുടെ സ്വകാര്യ ഭാഗത്ത് ഡമ്പൽ വെയ്ക്കുന്നതും വീഡിയോയിൽ കാണാം. വിദ്യാർഥി കരഞ്ഞ് അപേക്ഷിച്ചിട്ടും ഇവർ പ്രവർത്തികൾ തുടരുന്നതായാണ് വിഡിയോ സൂചിപ്പിക്കുന്നത്.

ആരെയാണ് കുറ്റപ്പെടുത്തേണ്ടത്?; ആന ഇടഞ്ഞ സംഭവത്തില്‍ ഗുരുവായൂര്‍ ദേവസ്വത്തിനോട് വിശദീകരണം തേടി ഹൈക്കോടതി

ആരെയാണ് കുറ്റപ്പെടുത്തേണ്ടത്?; ആന ഇടഞ്ഞ സംഭവത്തില്‍ ഗുരുവായൂര്‍ ദേവസ്വത്തിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി. വിഷയത്തില്‍ ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റി, വനംവകുപ്പ് എന്നിവരോട് കോടതി വിശദീകരണം തേടി. ഗുരുവായൂര്‍ ദേവസ്വം ലൈവ് സ്റ്റോക് ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ തിങ്കളാഴ്ച നേരിട്ടു ഹാജരായി വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീ കൃഷ്ണ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു.

മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കോടതി ഇടപെടല്‍. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇടഞ്ഞ ആനകള്‍. രണ്ട് ആനകളുടെ ഉള്‍പ്പെടെ ഫീഡിങ് റജിസ്റ്റര്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ റജിസ്റ്റര്‍, മറ്റു റജിസ്റ്ററുകള്‍ തുടങ്ങിയവ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. ദൂരസ്ഥലങ്ങളിലേക്ക് ആനകളെ കൊണ്ടുപോകാന്‍ അനുമതി നല്‍കുന്നത് എന്തുകൊണ്ടാണെന്ന് വാദത്തിനിടെ കോടതി ആരാഞ്ഞു. ആരെയാണ് കുറ്റപ്പെടുത്തേണ്ടത്?, ആര്‍ക്കെതിരെയാണ് കേസെടുക്കേണ്ടതെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

അതേസമയം, ആനയെ എഴുന്നള്ളിച്ചതില്‍ നാട്ടാന പരിപാലന ചട്ടങ്ങളുടെ ലംഘനമുണ്ടായെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ട് വനംമന്ത്രിക്ക് കൈമാറിയതായും അവര്‍ അറിയിച്ചു. ക്ഷേത്രത്തിന് എഴുന്നള്ളത്ത് നടത്താനുള്ള അനുമതി റദ്ദാക്കണമെന്ന് നിര്‍ദേശിച്ചതായും കീര്‍ത്തി വ്യക്തമാക്കി.

ആനകള്‍ ഇടഞ്ഞുണ്ടായ അപകടത്തില്‍ കുറുവങ്ങാട് വെട്ടാംകണ്ടി താഴെക്കുനി ലീല, വടക്കയില്‍ അമ്മുക്കുട്ടി അമ്മ, വടക്കയില്‍ രാജന്‍ എന്നിവരാണു മരിച്ചത്. 32 പേര്‍ക്കു പരിക്കേറ്റു; 8 പേരുടെ നില ഗുരുതരമാണ്. ഉത്സവത്തിനിടെ ഇന്നലെ വൈകിട്ട് ആറിനാണ് പീതാംബരന്‍, ഗോകുല്‍ എന്നീ ആനകള്‍ ഇടഞ്ഞത്.